സ്വന്തം വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹവും പരിഗണനയും തന്ന എന്റെ സേതുവേട്ടൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Saban banu

പ്രാണസേതു

അടുക്കളയിലെ ജോലിക്കിടയിലാണ് വീണയുടെ ഫോൺ റിങ് ചെയ്യുന്നത്… അമ്മ കാളിങ്…. വീണ തെല്ലതിശയത്തോടെ ഫോൺ എടുത്തു. “മോളേ വീണേ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ? നിനക്കിപ്പോ അമ്മയെ വേണ്ടാതായോ? ഒന്ന് വിളിക്കാൻ കൂടി തോന്നുന്നില്ലല്ലോ നിനക്ക്”.. !

അപ്പുറത്തു നിന്നും ശബ്ദം ഇല്ല എന്ന് തോന്നിയപ്പോൾ അവർ ഒന്നു കൂടെ വീണയെ വിളിച്ചു നോക്കി. പിന്നെ ഫോൺ കട്ട് ചെയ്തു..

അപ്പുറത്തു ഒന്നും മിണ്ടാനാകാതെ നിശ്ചലയായിരിക്കുകയായിരുന്നു വീണ..

അല്ലെങ്കിലും എന്ത് പറയാനാണ്.. പെൺമകളെ കല്യാണം കഴിപ്പിക്കുന്നതോടെ ബാധ്യത തീർന്നുവെന്ന് വിചാരിക്കുന്ന അമ്മ.. താൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവർ തന്റെ അമ്മ തന്നെയാണോന്ന്..

അല്ലെങ്കിലും ചെറുപ്പത്തിൽ അച്ഛൻ മരിച്ചപ്പോൾ തുടങ്ങിയ വെറുപ്പാണെത്രെ അമ്മക്ക് എന്നോട്.. അച്ഛനെ കൊന്നവളാണത്രെ..

അമ്മക്ക് അനിയനെയും ഭാര്യയെയും മാത്രം ആണ് ജീവനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഡിഗ്രീ രണ്ടാം വർഷം കഴിഞ്ഞപ്പോളാണ് സേതുവേട്ടന്റെ ആലോചന വരുന്നത്.അച്ഛൻ മരിച്ച തന്റെ കാര്യത്തിലൊക്കെയും തീരുമാനം എടുത്തിരുന്നത് അമ്മയായിരുന്നു. എനിക്ക് പഠിച്ച് ജോലി കിട്ടിയിട്ട് മതി വിവാഹം എന്ന് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘ പഠിച്ചതൊക്കെ മതി,നീ പെണ്ണാണെന്ന്’,

കൂടെ പ്രാരാബ്ധങ്ങളുടെ കെട്ടും..

ഒരു പെണ്ണിനെ തളർത്താൻ പ്രാരാബ്ധങ്ങൾ മാത്രം മതിയല്ലോ..

അങ്ങനെ സേതുവേട്ടനുമായുള്ള വിവാഹം ഉറപ്പിച്ചു.ആൾ ഓട്ടോ ഡ്രൈവറാണ്. പ്രായമായ അമ്മ മാത്രമേയുള്ളൂ വീട്ടിൽ.

സേതുവേട്ടനെക്കാളും തനിക്ക് പെട്ടെന്ന് അടുപ്പം തോന്നിയത് അമ്മയോടാണ്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാവം അമ്മ.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു സേതുവേട്ടൻ ഒരു കവറുമായി എന്റെ അടുത്ത് വന്നു. ഞാനത് തുറന്നു നോക്കി, അവിശ്വസനീയമായി സേതുവേട്ടനെ നോക്കി..

“ഏട്ടാ.. ഇത്.. എന്റെ പുസ്തകങ്ങളാണല്ലോ”

“അതേലോ.. എന്റെ പെണ്ണിന് പഠിക്കണം എന്നുണ്ടെങ്കിൽ അത്‌ നടക്കട്ടെന്നേ”!! നിന്റെ ആഗ്രഹങ്ങൾ എന്റേയും കൂടെയല്ലേ വീണൂട്ടീ…

സേതുവേട്ടനെ കണ്ണിമ വെട്ടാതെ ഒരു നിമിഷം നോക്കി നിന്ന് പോയി.അങ്ങനെ താനറിയാതെ തന്നെ സേതുവേട്ടൻ തന്റെ പ്രാണനാവുകയായിരുന്നു. സ്നേഹിക്കാൻ മാത്രം അറിയാവുന്ന സേതുവേട്ടൻ എനിക്ക് അത്ഭുതമായിരുന്നു.

ദിവസങ്ങൾ മണിക്കൂറുകളായി ചുരുങ്ങിക്കൊണ്ടിരുന്നു….

ഡിഗ്രീ കഴിഞ്ഞു സേതുവേട്ടൻ തന്റെ ആഗ്രഹത്തിനനുസരിച്ചു ബി.എഡ് ന് ചേർത്തു.

ഒരുപാട് ക്യാഷ് ആകില്ലേ എന്ന് ചോദിച്ചപ്പോൾ “നീ അതൊന്നും ആലോചിക്കേണ്ട, എല്ലാം ശരിയാകും” എന്ന് പറഞ്ഞപ്പോൾ ആ മാറിലേക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുരുളുകയായിരുന്നു ഞാൻ..

അതിന്റെയിടക്ക് ഒരു ദിവസം വീട്ടിലേക്ക് നിൽക്കാൻ പോയപ്പോളാണ് അമ്മ പറയുന്നത്, അനിയൻ അവന്റെ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി ഇഷ്ട്ടത്തിലാണെന്നും, അവരുടെ വിവാഹം ഉണ്ടെന്നുമൊക്കെ..

“അമ്മേ.. സേതുവേട്ടനോടൊന്ന് വിവരം പറഞ്ഞേക്കൂ”… ഞാൻ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മയുടെ മറുപടി കേട്ട് ഞാൻ അതീവ സങ്കടത്തിലായി..

“ആ കുട്ടിയുടെ വീട്ടുകാരൊക്കെ വലിയ കാശുള്ള കൂട്ടത്തിലാ മോളേ.. നമ്മളെ പോലെയൊന്നും ആകില്ല, അവർക്ക് ഓട്ടോക്കാരനായ ഏട്ടൻ കുറച്ചിലാകണ്ട.. നീ അവനോട് ചുമ്മാ വിവരം പറഞ്ഞേക്ക്”…

ഉള്ളിൽ അണകെട്ടിയ സങ്കടം മുഖത്തു വരുത്താതെ വേഗം അവിടെ നിന്ന് പോന്നപ്പോളാണ് സേതുവേട്ടനെ കാണുന്നത്. എല്ലാം കേട്ടെന്ന് ആ കണ്ണുകളിൽ നിന്ന് എനിക്ക് മനസ്സിലായി..

“സേതുവേട്ടാ.. അത്‌..അമ്മ.. ഞാൻ..

“ഹേയ്.. അതൊന്നും സാരമില്ല വീണേ.. നീ വേഗം ഇറങ്ങാൻ നോക്ക് “… ഒന്നും മിണ്ടാതെ അന്നാ വീടിറങ്ങി ഞങ്ങൾ..

അതിനിടയിൽ അനിയന്റെ വിവാഹം കഴിഞ്ഞു.ഞാനും സേതുവേട്ടനും പേരിനൊന്ന് പോയി വന്നു..

ദിവസങ്ങൾ കഴിഞ്ഞു കൊണ്ടിരുന്നു. ബി.എഡ് കഴിഞ്ഞു ഞാൻ psc കോച്ചിങ്ങിന് പോയിത്തുടങ്ങി.. വളരെ സന്തോഷത്തോടെയുള്ള ദിവസങ്ങൾ…

പിന്നെ എന്നാണ് എല്ലാം തല തിരിഞ്ഞത്?? ആ ദിവസം.. ഓർക്കുവാനേ വയ്യ…..

അന്നത്തെ ഓട്ടം കഴിഞ്ഞു തിരിച്ചു വരുമ്പോൾ എതിരെ വന്ന ലോറി സേതുവേട്ടന്റെ ഓട്ടോക്ക് മുകളിലേക്ക് കയറിയത്രെ.. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടെത്തിച്ചു.. തല്സമയം എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാനായി.. പക്ഷേ….. ഇനിയുള്ള ജീവിതത്തിൽ എഴുനേറ്റു നടക്കാൻ കഴിയില്ലത്രേ…

തകർന്നു പോയിരുന്നു ഞാൻ…. ഒന്ന് ആശ്വസിപ്പിക്കാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് പലതവണ ആഗ്രഹിച്ചതാണ്.. സേതുവേട്ടന്റെ മുഖം കാണുമ്പോൾ.. പക്ഷേ ആരുമുണ്ടായില്ല..

.മകന്റെ അവസ്ഥ കണ്ടു നിൽക്കുവാൻ കഴിയാഞ്ഞിട്ടാകും.. ഏക ആശ്രയമായ അമ്മയും പോയി..

പിന്നീടങ്ങോട്ട് ഒരു യുദ്ധമായിരുന്നു.. ജീവിക്കാനുള്ള യുദ്ധം.. സേതുവേട്ടന്റെ പുഞ്ചിരിയിൽ നിന്ന് കിട്ടിയ ധൈര്യത്തിൽ കീഴടക്കിയ സ്വപ്‌നങ്ങൾ.. തളരുമ്പോൾ ആ കൈകൾ മാത്രം മതിയായിരുന്നു.. ലോകം കീഴടക്കാൻ… അതിനിടയിൽ വീട്ടിൽ നിന്നും അമ്മയും അനിയനും ഒരു വട്ടം വന്നു പോയെന്നല്ലാതെ പിന്നീട് അവരും തിരിഞ്ഞു നോക്കിയില്ല..

അങ്ങനെ രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് നേടിയെടുക്കുകയായിരുന്നു ഈ സർക്കാർ ജോലി. ഹൈ സ്കൂൾ അധ്യാപികയായി..

“വീണേ..നീ എവിടെ”….

അകത്തു നിന്നും സേതുവേട്ടന്റെ ശബ്ദം കേട്ടപ്പോളാണ് വീണ തന്റെ സ്വപ്ന ലോകത്തു നിന്നും ഉണർന്നത്.. എന്നാലും എന്തിനായിരിക്കും അമ്മ വിളിച്ചതെന്ന് ഓർക്കുകയായിരുന്നു അവൾ.. അതും രണ്ട് വർഷങ്ങൾക്ക് ശേഷം…

“എന്താ.. നീ ആലോചിക്കുന്നത്?കുറച്ചു നേരമായല്ലോ എന്റെ ഭാര്യ ആലോചനയിലായിട്ട്??

“ഒന്നുമില്ല സേതുവേട്ടാ.. അമ്മ ഇന്ന് വിളിച്ചിരുന്നു,എന്തിനാണെന്നറിയില്ല.. വർഷം രണ്ടായില്ലേ എനിക്ക് വിളിച്ചിട്ട്… അത്‌ കൊണ്ടാകും ഞാൻ പെട്ടെന്ന് സ്റ്റക്ക് ആയിപ്പോയി.. ഒന്നും പറയാൻ കഴിഞ്ഞില്ല”..

“ഹാ.. അതാണിപ്പോ നന്നായേ.. നീ തിരിച്ചു വിളിച്ചു നോക്കൂ.. എന്തായാലും പെറ്റമ്മയല്ലേ”…

ഹമ്….

വീണയൊന്ന് മൂളിക്കൊണ്ട് ഫോൺ കയ്യിലെടുത്തു.

ഹലോ… ആ മോളേ.. നിനക്ക് അമ്മയോടിപ്പോളും ദേഷ്യമാണോ..

ഇല്ല,അമ്മ പറഞ്ഞോളൂ…

ആ.. മോളേ.. അമ്മയിപ്പോ വിളിച്ചതേയ്.. സേതു അടുത്ത് ഉണ്ടെങ്കിൽ നീയൊന്ന് മാറി നിന്നേക്ക്.. എനിക്ക് മോളോടായിട്ട് ഒരു കാര്യം പറയാനുണ്ട്..

അത്‌ കുഴപ്പമില്ല,അമ്മ പറഞ്ഞോളൂ…

ആ.. മോളേ.. നീ ഇനി എത്ര കാലമെന്ന് വെച്ചിട്ടാണ്.. വീൽ ചെയറിലായ ഒരുത്തനൊപ്പം ജീവിക്കുന്നത്.. നിനക്കിപ്പോ ഗവണ്മെന്റ് ജോലിയില്ലേ..നമുക്ക് നല്ലൊരു ആലോചന വേറെ കിട്ടുമെന്നേ.. നീയൊന്ന് ശരിക്കുമൊന്ന് ആലോചിച്ചു നോക്ക്…

അമ്മേ… വർഷങ്ങൾക്ക് ശേഷം വിളിച്ചപ്പോ ഞാൻ വിചാരിച്ചു പോയി മകളോടുള്ള സ്നേഹം കൊണ്ട് വിളിക്കുകയാണെന്ന്.. അമ്മയിപ്പോ പറഞ്ഞ ആ വീൽ ചെയർകാരൻ തന്നെയാണ് എനിക്കീ ജോലി കിട്ടാൻ കാരണം.. സ്വന്തം വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹവും പരിഗണനയും തന്ന എന്റെ സേതുവേട്ടൻ.. എന്റെ മരണം വരെ ഏട്ടനോടൊപ്പം ഞാൻ കാണും.. ഇനി ഇതും പറഞ്ഞു അമ്മ വിളിക്കരുത്..

ഒരു വലിയ ശ്വാസത്തോടെ വീണ ഫോൺ കട്ടാക്കി.. ഇത്രയൊക്കെ പറഞ്ഞിട്ടും തന്റെ കണ്ണുകൾ നിറയാഞ്ഞത് അവളെ തന്നെ അത്ഭുതപ്പെടുത്തി.. അതേ.. താനും ജീവിക്കാൻ പഠിച്ചിരിക്കുന്നു..

ഇതൊക്കെ കേട്ട് സേതു ചോദിച്ചു.. “എന്നാലും വീണേ.. നീ ഇങ്ങനെയൊക്കെ മാറിയോ..മിണ്ടാ പൂച്ച ആയിരുന്നവൾ “..

“ഹാ..ചിലർ എന്തായാലും മാറുകയില്ല.. അപ്പോ പിന്നെ നമ്മൾ എന്തായാലും മാറേണ്ടേ സേതുവേട്ടാ”…..

വീണ ചിരിച്ചു കൊണ്ട് സേതുവിൻറെ മാറിൽ ചാഞ്ഞു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Saban banu

Leave a Reply

Your email address will not be published. Required fields are marked *