രാവണത്രേയ, തുടർക്കഥ ഭാഗം 50 ആദ്യഭാഗം വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഊർമ്മിള പൊട്ടിക്കരയുന്നത് കണ്ട് രാവൺ അവന്റെ ഷർട്ടിൽ അമർന്നിരുന്ന ഊർമ്മിളയുടെ കൈയ്യ് പതിയെ അടർത്തി മാറ്റി… ഉള്ളിലെ സങ്കടങ്ങളെ കടിച്ചമർത്തി കൊണ്ട് രാവൺ അവരുടെ ഇരുകൈയ്യിനേയും പൊതിഞ്ഞു പിടിച്ചു…

ഊർമ്മിളാന്റി ഞാൻ പറയുന്ന കാര്യം ഉൾക്കൊണ്ടേ മതിയാകു…!! വേദ്യ…വേദ്യ നമ്മളെ വിട്ട്…

രാവണിന്റെ വാക്കുകൾ മുഴുവിക്കും മുമ്പേ ഊർമ്മിള ഒരേങ്ങലോടെ നിലത്തേക്ക് ഊർന്നു വീഴാൻ തുടങ്ങി… ഞൊടിയിടയിൽ തന്നെ രാവണും, അഗ്നിയും ചേർന്ന് അവരെ പിടിച്ചുയർത്തി അടുത്തുള്ള ചെയറിലേക്കിരുത്തി…. ഊർമ്മിള അതിനോടകം തന്നെ തളർന്നു തുടങ്ങിയിരുന്നു…

ഹോസ്പിറ്റലിലെ നീണ്ട കാത്തിരിപ്പിനൊടുവിൽ എല്ലാ formalities ഉം അവസാനിപ്പിച്ച് വേദ്യയുടെ ശവശരീരം പൂവള്ളിക്കാർക്ക് വിട്ടു നല്കി…

നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് ശവശരീരം വഹിച്ചു കൊണ്ടുള്ള ആംബുലൻസ് പൂവള്ളിയ്ക്ക് മുന്നിലേക്ക് വന്നു നിന്നത്…. രാവണും,അഗ്നിയും അതിനോടകം സംഭവങ്ങളെല്ലാം പൂവള്ളിയിലെ മറ്റംഗങ്ങളേയും അറിയിച്ചിരുന്നു… ഒരു വിതുമ്പലോടെ എല്ലാവരും ശവശരീരത്തിന് മുന്നിലേക്ക് ആർത്തലച്ചു വന്നു….

ത്രേയയുടെ മനസ്സിൽ മാത്രം ഒരു തരം നടുക്കമവശേഷിച്ചു… ഉള്ളിൽ കൂടുകൂട്ടിയ ഭയത്തോടെ അവള് ഹാളിന്റെ ഒരു കോണിലേക്ക് ഒഴിഞ്ഞു മാറി നിന്നു…. നിമ്മിയും ഹരിണിയും വാവിട്ടു നിലവളിയ്ക്കുന്നത് കണ്ടതും ത്രേയയുടെ കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകി….

ത്രേയയുടെ ആരോഗ്യ സ്ഥിതി ഓർത്തെടുത്തു കൊണ്ട് അവളെ റൂമിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി രാവൺ കൺമണിയ്ക്ക് നിർദേശം നല്കിയതും കൺമണി അവളെ ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു…..

സുഗതും,ഹരിയും മരണാനന്തര ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കി… പൂവള്ളിയിലെ ഒരു മരണത്തിന്റെ നോവ് കെട്ടടങ്ങും മുൻപേ അതിനെ പിന്തുടർന്നെന്ന പോലെ എത്തിയ മരണമായിരുന്നു വേദ്യയുടേത്…. അതുകൊണ്ട് തന്നെ മുറ്റത്തും പരിസരത്തും ബന്ധുക്കളും, നാട്ടുകാരും കൊണ്ട് നിറഞ്ഞു….. അധിക സമയം സന്ദർശനം അനുവദിക്കാതെ തന്നെ ഉമ്മറത്ത് കിടത്തിയിരുന്ന ശവശരീരം ചിതയിലേക്കെടുത്തു….

വൈദിയെ അടക്കം ചെയ്തിരുന്നതിന് തൊട്ടടുത്തായാണ് വേദ്യയ്ക്ക് ചിതയൊരുക്കിയിരുന്നത്… ചടങ്ങുകൾ പൂർത്തിയാക്കാൻ വേണ്ടി എല്ലാവരുടേയും നിർബന്ധ പ്രകാരം ഹരിയാണ് തയ്യാറായത്… ഈറനോടെ ചിതയ്ക്ക് വലം വെച്ച ശേഷം ഹരി ചന്ദനമുട്ടിയിലേക്ക് തീ പകർന്നതും ആ കാഴ്ച ഉള്ളിലടക്കി പിടിച്ച സങ്കടത്തോടെ എല്ലാവരും നോക്കി നിന്നു….

നിമ്മിയുടെ അലർച്ച നാല് പാടും മുഴങ്ങി കേട്ടതും അച്ചു തിടുക്കപ്പെട്ട് അവൾക്കരികിലേക്ക് ഓടിയടുത്തു…. ഉമ്മറത്തെ നീണ്ട ചാവടിയിൽ തൂണിനോട് ചേർന്ന് തളർന്നിരിക്ക്യായിരുന്നു അവൾ…

കണ്ണീര് തളം കെട്ടി കിടന്ന കണ്ണുകളും അഴിഞ്ഞുലഞ്ഞ തലമുടിയും അവളിലെ തളർച്ച എടുത്ത് കാട്ടി… വിതുമ്പിയ ചുണ്ടുകളോടെ അവളുടെ നോട്ടം അച്ചുവിലേക്ക് നീണ്ടതും അവൻ അവൾക്കരികിലേക്ക് ചെന്നിരുന്ന് അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു….

അച്ചുവേട്ടാ വേദ്യേച്ചീ…!!! അവളെ എന്നും ദേഷ്യത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു….!!! എങ്കിലും…. എങ്കിലും… എനിക്ക് ഇഷ്ടായിരുന്നു അച്ചുവേട്ടാ….

നിമ്മി വിങ്ങിപ്പൊട്ടി കരയുന്നത് കണ്ട് അച്ചുവിന്റെ കണ്ണുകളും ഈറനണിഞ്ഞു…. അവനവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു… ചടങ്ങുകൾ അവസാനിച്ചു കൊണ്ട് അഗ്നിയും,രാവണും, ഹരിയുമെല്ലാം തറവാട്ടിലേക്ക് തിരികെ എത്തിയതും നിമ്മിയുടെ ഏങ്ങൽ കണ്ട് എല്ലാ മുഖങ്ങളിലും വീണ്ടും വിഷമം നിറഞ്ഞു…

അച്ചുവിനൊപ്പം അവര് മൂവരും ചേർന്ന് അവളെ ഒരുവിധം സമാധാനിപ്പിച്ച ശേഷം എല്ലാവരും ഊർമ്മിളയുടെ റൂമിലേക്ക് നടന്നു….

ബെഡിൽ തളർന്നു കിടക്ക്വായിരുന്നു അവർ… എല്ലാവരേയും കണ്ടതും ഊർമ്മിള മെല്ലെ ബെഡിന്റെ ഹെഡ്ബോർഡിലേക്ക് തലചായ്ച്ചു കൊണ്ട് അല്പം ഉയർന്നിരുന്നു….

എനിക്ക്… എനിക്കിനി ആരുമില്ല മക്കളേ… ആരും..ആരുമില്ല… എന്റെ വൈദിയേട്ടൻ പോയി.. ഇപ്പോ ദേ എന്റെ മോളേം കൊണ്ട് പോയി…

ഊർമ്മിള നെറ്റിയിലേക്ക് കൈതാങ്ങി പറഞ്ഞത് കേട്ട് നിമ്മി വിങ്ങിക്കരഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ചേർന്നിരുന്നു…. അവളെ കെട്ടിപ്പിടിച്ചു കൊണ്ട് ഊർമ്മിള പൊട്ടിക്കരഞ്ഞതും ആ കാഴ്ച കണ്ടു നില്ക്കാനാവാതെ എല്ലാവരും റൂം വിട്ട് പുറത്തേക്കിറങ്ങി… _____________

ആ സമയം പ്രിയയുടെ കൈയ്യിലിരിക്ക്യായിരുന്നു വേദ്യയുടെ കുഞ്ഞ്… അവിടെ നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ കണ്ണുകൾ കൂമ്പിയടച്ചു കൊണ്ട് നല്ല ഉറക്കത്തിലായിരുന്നു ആ കുഞ്ഞ്…. വേദ്യയുടെ മരണം ഏൽപ്പിച്ച കനത്ത ദുഃഖത്തിൽ എല്ലാവരും ഒരുപോലെ ആ കുഞ്ഞ് ജീവന്റെ വരവിനെ മറന്നു തുടങ്ങി എന്നുവേണം പറയാൻ…..

പ്രിയ കുഞ്ഞിനേം കൈയ്യിലേന്തി റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴാണ് ത്രേയ അവിടേക്ക് കടന്നു വന്നത്…

ത്രേയേ… നീയെന്തിനാ മോളേ ഈ വയറും വച്ച് ഇവിടേക്ക് വന്നത്… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഏട്ടത്തി റൂമിലേക്ക് വരുമായിരുന്നല്ലോ..!!! (പ്രിയ)

എനിക്ക്… എനിക്ക് കുഞ്ഞിനെ ഒന്ന് കാണണംന്നൊരു തോന്നലുണ്ടായി ഏട്ടത്തി… അതാ ഞാൻ…

ത്രേയയുടെ മുഖത്ത് പതിവിലും കൂടുതലായ ടെൻഷനും തളർച്ചയും സങ്കടവുമെല്ലാം നിഴലിച്ചിരുന്നു…. അവള് ഒരാകാംക്ഷയോടെ പ്രിയയുടെ കൈയ്യിലിരുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…

ഒരേ സമയം ആ കുഞ്ഞിനോടുള്ള സ്നേഹവും വാത്സല്യവുമെല്ലാം അവളുടെ മുഖത്ത് തെളിഞ്ഞു വന്നു…. ഉള്ളിലുരുണ്ട് കൂടിയ സങ്കടം അപ്പോഴും കവിളിലൂടെ പെരുമഴയായി പെയ്തിറങ്ങുകയായിരുന്നു…..

മോളേ..ത്രേയേ… എന്താ ഇത്..?? ഈ സമയത്താണോ ഇങ്ങനെ കരയണേ…!! മോൾടെ ആരോഗ്യത്തിന് അതൊട്ടും നല്ലതല്ല… (പ്രിയ)

എനിക്ക് എന്തോ ഒരു പേടി തോന്നുന്നു പ്രിയേടത്തീ…

ത്രേയയുടെ മുഖത്ത് പരിഭ്രമം വന്നു നിറഞ്ഞു…

പേടിയോ…!!! എന്തിന്…?? (പ്രിയ)

വേദ്യയെ പോലെ delivery യോടെ ഞാനും… ഞാനും മരിച്ചു പോയാലോ…!!! എനിക്ക് എന്റെ രാവണിനൊപ്പം ജീവിച്ച് കൊതി തീർന്നിട്ടില്ല പ്രിയേടത്തീ…!!! പേടി തോന്നുന്നു…!!! എന്റെ കുഞ്ഞിന്റെ മുഖം പോലും കാണാതെ എന്റെ അമ്മയെപ്പോലെ എനിക്കും പോകേണ്ടി വന്നാലോ…

ത്രേയേ…!!! എന്തൊക്കെയാ മോളീ പറയുന്നത്…!!! ഈ സമയത്താണോ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്…. അങ്ങനെയൊന്നും സംഭവിക്കില്ല… ഞങ്ങടെ ത്രേയക്കുട്ടിയ്ക്കും ഈ വയറ്റിലുള്ള കുഞ്ഞി രാവണിനും ഒരപകടവും വരില്ല…

പ്രിയ ഒരു കൈ കൊണ്ട് കുഞ്ഞിനെ എടുത്ത് മറുകൈയ്യാൽ ത്രേയയുടെ വയറിൽ ചെറുതായൊന്ന് തഴുകി… ആ കാഴ്ച കണ്ടു കൊണ്ടാണ് ഹരിയും രാവണും കൂടി റൂമിലേക്ക് വന്നത്…. വേദ്യയുടെ മരണാനന്തര ചടങ്ങുകളൊക്കെ അവസാനിപ്പിച്ചു കൊണ്ടായിരുന്നു അവരുടെ വരവ്….

ത്രേയ ആ സമയം പ്രിയയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ താലോലിച്ചു കൊണ്ടിരുന്നു…

ദേ രാവൺ… ഇവൾക്ക് നല്ല ടെൻഷനുണ്ട് ട്ടോ… നീ തന്നെ എല്ലാം പറഞ്ഞൊന്ന് ശരിയാക്ക്… അല്ലെങ്കിൽ ഓരോന്നും ചിന്തിച്ച് കൂട്ടി ഇനിയും അപകടങ്ങൾ വിളിച്ചു വരുത്തും ഈ പെണ്ണ്…!!

പ്രിയ കുഞ്ഞിനെ ചെറുതായി ഉലച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു… അവളുടെ വാക്കുകൾ കേട്ടതും ഹരിയും രാവണും കൂടി ത്രേയയിലേക്ക് നോട്ടമിട്ടു…

എന്താടീ പ്രീയേ… ത്രേയ മോള് എന്താ പറഞ്ഞേ നിന്നോട്….!!

എന്നോട് പറയ്വാ ഹരിയേട്ടാ… വേദ്യയ്ക്ക് പറ്റിയത് പോലെ എനിക്കും സംഭവിച്ചാലോന്ന്…!!! ചിത്രാന്റിയെ പോലെ ഒരു വിധിയാണെങ്കിലോന്ന്….

അത് കേട്ടതും രാവണും ഹരിയും ഒരുപോലെ ത്രേയയെ ഉറ്റുനോക്കി നിന്നു…

ഇങ്ങനെയുള്ള സംസാരം ഒഴിവാക്കണമെന്ന് ഞാൻ നിന്നോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടില്ലേ ത്രേയ… പിന്നെയും എന്തിനാ ഇങ്ങനെയൊക്കെ….!!!

രാവൺ അവൾക്കരികിലേക്ക് നടന്നടുത്തു… അവന് മുന്നിൽ നിശബ്ദയായി നില്ക്കാനേ ത്രേയയ്ക്ക് കഴിഞ്ഞുള്ളൂ…..

നീയിങ്ങനെ ദേഷ്യപ്പെട്ട് പറയാതെ രാവൺ… ത്രേയ മോള് ഒരബദ്ധത്തിൽ പറഞ്ഞു പോയതാവും… അതുടനെ രാവണിനെ അറിയിക്കാനായി ഒരു പൊട്ടിയും…

ഹരി നടുവിന് കൈതാങ്ങി പ്രിയയെ ഒന്ന് നോക്കി….

ഞാൻ ഓർത്തില്ല ഹരിയേട്ടാ… സോറീ…

എന്നോടെന്തിനാ സോറി പറയുന്നേ…!!

ഹരി ചെറുതായൊന്ന് കലിപ്പിച്ചു…

ഇനി ഇതിന്റെ പേരിൽ നിങ്ങള് തമ്മിൽ ഒരു വഴക്ക് വേണ്ട… എനിക്ക് ദേഷ്യമൊന്നുമില്ല… ഇവള് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല… ഞാൻ ഫുഡുമായി റൂമില് ചെന്നപ്പോ അവിടെ കണ്ടില്ല… അപ്പൊഴേ തോന്നി ഇവിടെ ഉണ്ടാകുമെന്ന്… അതുകൊണ്ട് വന്നതാ…

രാവൺ ത്രേയയെ ഫുഡ് കഴിയ്ക്കാനായി വിളിച്ചതും അവളുടെ നോട്ടം പ്രിയയുടെ കൈയ്യിലിരുന്ന കുഞ്ഞിലേക്ക് നീണ്ടു… ത്രേയയുടെ മനസ് വായിച്ചെടുത്ത പോലെ രാവൺ പ്രിയയിൽ നിന്നും കുഞ്ഞിനെ കൈയ്യിൽ വാങ്ങി ത്രേയയെ കൂട്ടി റൂമിൽ നിന്നും പുറത്തേക്ക് നടന്നു…

ത്രേയയുടെ നോട്ടം കുഞ്ഞിന്റെ മുഖത്തേക്ക് മാത്രമായിരുന്നു…. അപ്പോഴാണ് തനുവും തനുഷ്കും അവിടേക്ക് വന്നത്… രാവണിനെ കണ്ടതും ഇരുവരും അവനടുത്തേക്ക് നടന്നു ചെന്നു….

രാവൺ…!! ഇതെങ്ങനെ സംഭവിച്ചു… എപ്പോഴായിരുന്നു…????

തനുഷ്കിന്റെ മുഖത്ത് ഒരുതരം പരിഭ്രമമുണ്ടായിരുന്നു…. തനുവിന്റെ നോട്ടം രാവണിന്റെ കൈയ്യിലിരുന്ന കുഞ്ഞിലേക്ക് നീണ്ടു…. അവളൊരു തരം വാത്സല്യത്തോടെ ആ കുഞ്ഞിനെ രാവണിൽ നിന്നും ഏറ്റുവാങ്ങി….

തനുഷ്ക് ഞാനെല്ലാം വിശദമായി പറയാടാ.. ഒരു 5 മിനിട്ട്… ഞാനിപ്പോ വരാം… നീ ഇവിടെ wait ചെയ്യണേ…

രാവൺ തനുഷ്കിനെ ഹാളിലെ സോഫയിലേക്ക് ക്ഷണിച്ചിരുത്തി ത്രേയയെ കൂട്ടി റൂമിലേക്ക് നടന്നു…. ത്രേയയ്ക്ക് വേണ്ടിയുള്ള ഫുഡുമായി വൈദേഹി റൂമിൽ തന്നെയുണ്ടായിരുന്നു…. വേദ്യയ്ക്കുണ്ടായ അപകടം ത്രേയയിലും ആവർത്തിക്കാതിരിക്കാൻ വേണ്ടി പൂവള്ളി ഒന്നാകെ പരിശ്രമിച്ചു കൊണ്ടിരുന്നു… ഒരു കൊച്ചു കുട്ടിയോടെന്ന പോലെ രാവൺ അവളെ ഫുഡ് കഴിപ്പിച്ചു… ശേഷം ത്രേയയേ വൈദേഹിയെ ഏൽപ്പിച്ച് രാവൺ ഹാളിലേക്ക് നടന്നു….

ഹാളിൽ അഗ്നിയും തനുഷ്കും തമ്മിൽ സംസാരിച്ചിരിക്കുന്ന രംഗം കണ്ടു കൊണ്ടാണ് രാവൺ അവിടേക്ക് നടന്നു ചെന്നത്… രാവണിനെ കണ്ടതും ഇരുവരും രാവണിന് വേണ്ടിയുള്ള ഇരുപ്പിടം ഒരുക്കി നല്കി…

അവർ മൂവരും ഇരിക്കുന്ന സോഫയ്ക്ക് പിറകിലായി കുഞ്ഞിനേം കൈയ്യിലേന്തി അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു തനു…. എങ്കിലും മൂവരുടെയും സംസാരത്തിന് അവൾ കാര്യമായി ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നു…. തറവാട്ടിലും മുറ്റത്തും കൂടിയിരുന്ന തിരക്കും ബഹളവും കുറഞ്ഞ് തുടങ്ങിയ സമയമായിരുന്നു അത്…. ചിതയിലെ തീ അപ്പോഴേക്കും കെട്ടടങ്ങി തുടങ്ങിയിരുന്നു….

രാവണിന്റേയും അഗ്നിയുടേയും സംസാരത്തിലുട നീളം വേദ്യയുടെ പകയുടേയും ചതിയുടേയും കഥകൾ നിറഞ്ഞു നിന്നു… അവസാന നിമിഷം പോലും അവൾക് ത്രേയയോട് തോന്നിയ ദേഷ്യം അവർക്ക് മൂവർക്കും വ്യക്തമുള്ളതായിരുന്നു….

ആ സംസാരങ്ങളുടെ അവസാനം ശന്തനുവിലാണ് എത്തി നിന്നത്… ശന്തനുവിന്റെ പേര് കേട്ടതും തനു അവരുടെ സംസാരത്തിന് കൂടുതൽ ശ്രദ്ധ കൊടുത്തു….

തനുഷ്കിൽ നിന്നും ലഭിച്ച വിവരമറിഞ്ഞ് തനുവിന് ശന്തനുവിന്റെ ഭാഗത്ത് ഏറെക്കുറെ ന്യായം കണ്ടെത്താൻ കഴിഞ്ഞിരുന്നു… പലപ്പോഴും അവളവനെ ജയിലിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും അവനവളെ കാണാൻ കൂട്ടാക്കാതിരുന്ന സന്ദർഭം തനു മനസ്സിൽ ഓർത്തെടുത്തു…

രാവണിൽ നിന്നും അഗ്നിയിൽ നിന്നും വീണ്ടും വീണ്ടും ശന്തനുവിനെ കുറിച്ച് കേട്ടറിയും തോറും തനുവിന് അവനോട് കൂടുതൽ കൂടുതൽ അനുകമ്പയും സഹതാപവും തോന്നി തുടങ്ങി… തന്റെ കൈയ്യിലിരുന്ന നിഷ്കളങ്കമായ മുഖത്ത് അവള് ഇമ ചിമ്മാതെ കുറേ നേരം നോക്കി നിന്നു…

പിന്നീടുള്ള ദിനങ്ങൾ അതിവേഗം കടന്നു പോയി.. മരണാനന്തര ചടങ്ങുകളും മറ്റുമായി പൂവള്ളിയിൽ പൂജകൾ നടന്നു… എല്ലാം അവസാനിച്ച ദിവസം ത്രേയയോട് യാത്ര പറഞ്ഞ് രാവൺ ശന്തനുവിനെ കാണാനായി പുറപ്പെട്ടു….

രാവണിന്റെ വണ്ടി ജയിലിന് മുന്നിലേക്ക് നിർത്തി formalities എല്ലാം അവസാനിപ്പിച്ച് രാവൺ വിസിറ്റിംഗ് റൂം ലക്ഷ്യമാക്കി നടന്നു…. രാവൺ ഏറെ നേരം കാത്ത് നിന്നതും അഴിയ്ക്കുള്ളിൽ നിന്നും ശന്തനുവിന്റെ മുഖം പതിയെ തെളിഞ്ഞു വന്നു….

ആ നാളുകൾക്കിടയിൽ തന്നെ അവൻ രൂപം കൊണ്ടും ഭാവം കൊണ്ടും ഒരുപാട് മാറി തുടങ്ങിയിരുന്നു…. രാവണിനെ കണ്ടതും അവൻ നിർവ്വികാരതയോടെ ഒന്ന് പുഞ്ചിരിച്ചു…

എങ്ങനെയുണ്ട് നിനക്കിപ്പോ….??? (രാവൺ)

സുഖം….!!!

ശന്തനു അവന്റെ സംസാരത്തിൽ ഒരു പുഞ്ചിരി കലർത്തി…. അത് കേട്ടതും രാവൺ ജയിലഴിയിൽ പിടിച്ചു കൊണ്ട് അവന് മുഖം നല്കാതെ തിരിഞ്ഞു…

ഞാൻ… ഞാൻ വന്നത്… (രാവൺ)

അറിയാം രാവൺ… വേദ്യയ്ക്ക് വേണ്ടി സംസാരിക്കാനാവുംന്ന്… നിനക്ക് എന്നോട് പറയാനിപ്പോ അത് മാത്രമല്ലേയുള്ളൂ…. നീ എത്ര തന്നെ ശ്രമിച്ചാലും എന്റെ തീരുമാനത്തിൽ യാതൊരു മാറ്റവുമില്ല…. അവളെ സ്വീകരിക്കാൻ കഴിയില്ല എനിക്ക്….

ശന്തനു ദേഷ്യത്തോടെ പല്ല് ഞെരിച്ച് ജയിലഴിയിലേക്ക് പിടി മുറുക്കി…..

ഇത്രയും നാളും എന്റെ ആവശ്യം അതായിരുന്നു ശന്തനു… പക്ഷേ ഇനിയൊരിക്കലും ആ ആവശ്യവുമായി ഞാൻ നിന്റെ മുന്നിലേക്ക് വരില്ല… കാരണം വേദ്യ ഇന്ന് ഈ ഭൂമിയിൽ ജീവനോടെ ഇല്ല…. അവള് നമ്മളെ എല്ലാവരെയും വിട്ടു പോയിട്ട് ഇന്നേക്ക് ഒരാഴ്ച തികയ്വാണ്….

രാവണിന്റെ വാക്കുകൾ കേട്ടതും ശന്തനു ഞെട്ടിത്തരിച്ചു കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി….

അവള് എല്ലാവരേയും ഉപേക്ഷിച്ചു പോയെങ്കിലും പുതിയൊരു അതിഥിയെ പൂവള്ളിയ്ക്ക് നല്കിയിട്ടാണ് അവള് യാത്രയായത്…

രാവണിന്റെ ആ പറച്ചില് കേട്ട് ശന്തനു സംശയഭാവത്തോടെ അവന്റെ മുഖത്തേയ്ക്ക് നോട്ടം കൊടുത്തു….

നിനക്ക് ഒരു മോൻ ജനിച്ചു ശന്തനു… നിന്നെപ്പോലെ തന്നെയാണ്…!!! ഒരുപാട് തവണ വേദ്യയ്ക്ക് വേണ്ടി നിനക്ക് മുന്നിൽ വന്നിട്ടുണ്ട്… ഇപ്പോ ഞാൻ വന്നത് ആ കുഞ്ഞിന് വേണ്ടീട്ടാ…

വേദ്യ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്… അതിന്റെ ശിക്ഷ അവളേറ്റു വാങ്ങി കഴിഞ്ഞു… അതിന്റെ പേരിൽ ഒന്നുമറിയാത്ത ആ കുഞ്ഞിനെ അനാഥത്വത്തിലേക്ക് തള്ളി വിടരുത് നീ… അമ്മയുടെ സ്നേഹം നഷ്ടപ്പെട്ട അവന് ഒരച്ഛന്റെ സ്നേഹം നല്കാനുള്ള മനസുണ്ടാവണം… ഇതെന്റെ റിക്വസ്റ്റാണ് ശന്തനു….

രാവണിന്റെ ശബ്ദത്തിൽ സങ്കടം നിറഞ്ഞതും ശന്തനു ഒരു നടുക്കത്തോടെ അങ്ങനെ നിന്നു….

രാവൺ തന്റെ സംസാരത്തിന് അന്ത്യം കുറിച്ചു കൊണ്ട് ജയിലഴിയ്ക്ക് മുന്നിൽ നിന്നും നടന്നകലാൻ ശ്രമിച്ചു… പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ അവൻ വീണ്ടും ശന്തനുവിനരികിലേക്ക് തന്നെ വന്നു…

ശന്തനു.. നിന്റെയുള്ളിൽ ഇതുവരെയും കനലണയാത്ത ഒരു പകയുണ്ടായിരുന്നില്ലേ… ആരെയോ കൊല്ലണമെന്ന് നീ അതിയായി ആഗ്രഹിച്ചില്ലേ… അയാളെ……അയാളെ ഞാൻ കൊന്നു…

രാവണിന്റെ വാക്കുകൾ കേട്ട് ശന്തനു അടിമുടി ഞെട്ടിത്തരിച്ചു കൊണ്ട് തിടുക്കപ്പെട്ട് അവന്റെ മുഖത്തേയ്ക്ക് നോട്ടം പായിച്ചു….

ദയയുടെ ഒരു കണിക പോലും ബാക്കി വയ്ക്കാതെ അയാളുടെ നെഞ്ചിലേക്ക് മൂർച്ചയേറിയ വാൾ കുത്തിയിറക്കിയത് എന്റെ ഈ കൈകൾ കൊണ്ടാണ്….

രാവൺ ഇരു കൈത്തലവും ശന്തനുവിന് നേരെ നിവർത്തി കാണിച്ചു….

അയാളുടെ നെഞ്ചിൽ നിന്നും ഉതിർന്ന രക്തം വീണത് നിന്റെ അച്ഛന്റേയും അമ്മയുടേയും അനുജത്തിയുടേയും രക്തം വീണ ആ മണ്ണിൽ തന്നെയാണ് ശന്തനു… സാക്ഷാൽ പൂവള്ളി മനയുടെ മണ്ണിൽ…

ശന്തനു ഇമ ചിമ്മാതെ രാവണിനെ തന്നെ നോക്കി നിന്നു….

നിന്റെ പകയ്ക്ക് അന്ത്യം കുറിയ്ക്കുക എന്നത് എന്റെയും കൂടി ആവശ്യമായിരുന്നു…. അതുകൊണ്ട് ആ കർമ്മം ഞാൻ ഭംഗിയായി നിർവഹിച്ചു.. ഇനിയും നിന്റെ മനസ്സിൽ ഞങ്ങളോട് ആ പക ശേഷിക്കുന്നുണ്ടെങ്കിൽ അതാവാം… ഞങ്ങൾ പൂവള്ളി മനയിലുണ്ടാവും… പൂവള്ളിയെ ഒന്നടങ്കം ചുട്ടരെയ്ക്കാനാണ് ഉദ്ദേശ്യമെങ്കിൽ അതുമാവാം…. നിന്റെ ശത്രുക്കൾ എന്റച്ഛനും അമ്മാവനും ആയിരുന്നു… ഒരാളിന്ന് ഈ ഭൂമിയിൽ ജീവനോടെയില്ല… മറ്റേയാൾ മരിച്ചതിന് തുല്യവും…. നിന്റെ കുടുംബത്തിന്റെ വേരറുത്തവർ ഇതിനോടകം ഇല്ലാതായി കഴിഞ്ഞു… ഇനി അവരുടെ തലമുറകളെ ഇല്ലാതാക്കാനുള്ള ലക്ഷ്യം ഇപ്പോഴും ബാക്കി നില്ക്കുന്നുണ്ടെങ്കിൽ നിനക്ക് ആ പക വീട്ടി ആത്മനിർവൃതിയടയാം…. ആരും തടയാൻ ശ്രമിക്കില്ല…

അതല്ല ഞങ്ങളുടെ പഴയ ശന്തനു ആകാനാണ് ഉദ്ദേശ്യമെങ്കിൽ നിന്നെ കാത്ത് ഒരു ഫാമിലി തന്നെ അവിടെയുണ്ടാവും…. നിനക്ക് നഷ്ടപ്പെട്ടു പോയ അച്ഛനേയും അമ്മയേയും അനിയത്തിയേയും ജീവനോടെ തിരികെ തരാൻ കഴിയില്ലെങ്കിലും നെഞ്ചിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഒരു കുടുംബത്തെ പകരമായി നല്കാൻ തയ്യാറാണ്….. നിന്റെ വരവിന് വേണ്ടി കാത്തിരിക്ക്യാണ് ശന്തനു…. നീ തിരിച്ചു വരും എന്ന പ്രതീക്ഷയോടെ….

എപ്പോഴും അഗ്നിയ്ക്കും,അച്ചുവിനുമൊപ്പം നീ കൂടി ചേരുമ്പോ ഉണ്ടാകുന്ന ഒരു കൂട്ടുകെട്ടില്ലേ… അച്ചൂട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ത്രിമൂർത്തികൾ…. പൂവള്ളി മനയിൽ എന്നെന്നും ആ ത്രിമൂർത്തികൾ ഉണ്ടാവണം… നിന്റെ ഈ നിസ്സഹായത നിറഞ്ഞ പുഞ്ചിരി ഇനിയും കാണാൻ കഴിയില്ല ശന്തനു… കാരണം ഞങ്ങളുടെയൊക്കെ മനസ്സിൽ നിനക്കുള്ള സ്ഥാനം……..

അത്രയും പറഞ്ഞതും രാവണിന്റെ ശബ്ദമൊന്നിടറി… ശന്തനുവിന്റെ മനസ്സ് സങ്കടം കൊണ്ട് വരിഞ്ഞു മുറുകി… ഹൃദയം നുറുങ്ങുന്ന വേദനയോടെ അവൻ തലകുനിച്ച് കണ്ണുകൾ ഇറുകെയടച്ചു….

ഞങ്ങളുടെയൊക്കെ മനസ്സിൽ നിനക്കുള്ള സ്ഥാനം അത്രയും വലുതായിരുന്നു ശന്തനു…..

രാവൺ അത്രയും പറഞ്ഞ് പെട്ടെന്ന് തന്നെ ജയിലഴിയിൽ നിന്നും കൈ പിന്വലിച്ച് തിരിഞ്ഞു നടന്നു…… തനിക്ക് മുന്നിൽ നിന്നും നടന്നകന്ന രാവണിനെ തന്നെ ഉറ്റുനോക്കി നിൽക്കാനേ ശന്തനുവിന് കഴിഞ്ഞുള്ളൂ…. കണ്ണീര് മൂടപ്പെട്ട് അവന്റെ കാഴ്ച അവ്യക്തമായിരുന്നു…. ഒരു നിമിഷം ചുറ്റുപാടും മറന്നു കൊണ്ട് ശന്തനു ജയിലഴിയിൽ തലചേർത്ത് പൊട്ടിക്കരഞ്ഞു….

വൈദിയ്ക്കും പ്രഭയ്ക്കും തന്റെ കൈപ്പടയിൽ എഴുതി അയച്ച കത്ത് മുതൽ രാവൺ തീർത്ത പത്മവ്യൂഹത്തിൽ അകപ്പെട്ട നിമിഷം വരെയുള്ള സംഭവങ്ങൾ ഓരോന്നായും അവനോർത്തെടുത്തു…. തന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ച രാവണിനും,അഗ്നിയ്ക്കും,അച്ചുവിനും ഒപ്പമുള്ള മനോഹര നിമിഷങ്ങളെ ഓർമ്മിച്ചു കൊണ്ട് അവൻ അലറിക്കരഞ്ഞു….. തനിക്ക് ചുറ്റുമുള്ള ലോകം അവന് മുന്നിൽ ഇരുളായി തീർന്നു… ചെയ്തു പോയത് തെറ്റുകളാണോ ശരികളാണോ എന്ന ചോദ്യത്തിന് മുന്നിൽ അവനുഴറി….

കുറ്റബോധം കൊണ്ട് നീറിപ്പുകയുന്ന മനസ്സിൽ ഒരു നിമിഷം തെളിഞ്ഞു വന്നത് രാവൺ പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു….

തെല്ലൊരു ആശ്വാസമെന്നോണം തന്റെ രക്തത്തിൽ പിറന്ന കുഞ്ഞിനെ അവൻ മനസ്സിൽ താലോലിച്ചു…. അവന്റെയുള്ളിലെ പകയ്ക്കും വെറുപ്പിനും തിരശ്ശീല വീണ നിമിഷമായിരുന്നു അത്…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *