ഈ ജന്മത്തിൽ എന്റെ ഏറ്റവുമടുത്ത ബന്ധം ഗീതേച്ചി തന്നെയാണ്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Arathy Paru

ഗീതേച്ചി

****

എവിടെപ്പോയാലും തിരയുന്നൊരു മുഖമുണ്ടായിരുന്നു മനസ്സിൽ.. ഗീതേച്ചി.. എന്റെ ചേച്ചിയമ്മ.. തനിനാട്ടിൻപുറത്തു ജനിച്ചുവളർന്ന എനിക്ക് ഈ നഗരത്തിന്റെ തിരക്കുകളുമായി പൊരുത്തപ്പെടാൻ ഇഷ്ടമുണ്ടായിട്ടല്ല.. ശരത്തേട്ടന്റെ ആലോചന വന്നപ്പോൾ ഒന്നേ ആലോചിച്ചുള്ളൂ.. ഇവിടെവിടെയോ ആണല്ലോ എന്റെ ഗീതേച്ചിയുള്ളത്.. അതുകൊണ്ടു മാത്രമാണ് ശരത്തേട്ടനോടൊപ്പം ഇവിടേക്കുപോരാൻ ഞാൻ വാശിപിടിച്ചതും..

ഗീതേച്ചി എന്റെ ആരാണെന്ന് ചോദിച്ചാൽ എനിക്കതിനുത്തരമില്ല.. ജന്മം കൊണ്ടാരുമല്ല.. പക്ഷേ.. ഈ ജന്മത്തിൽ എന്റെ ഏറ്റവുമടുത്ത ബന്ധം ഗീതേച്ചി തന്നെയാണ്.. അടുത്തടുത്ത വീടുകളായിരുന്നു ഞങ്ങളുടേത്.. ഗീതേച്ചിക്ക് പത്തോ പന്ത്രണ്ടോ വയസ്സുണ്ടാവും ഞാൻ ജനിക്കുമ്പോൾ.. കൂടെപ്പിറപ്പുകളില്ലാതിരുന്ന ചേച്ചിക്ക് എന്റെയമ്മ ഗർഭിണിയായതുമുതൽക്കെ കുഞ്ഞുവാവയെ കാണാൻ തിടുക്കമായിരുന്നത്രെ.. ഇതെന്റെ അനിയത്തി വാവയാണെന്ന് അമ്മയുടെ വയറിൽ തൊട്ടു പറയുമായിരുന്നു.. അന്ന് മുതൽ കേട്ടു തുടങ്ങിയ സ്വരമായിരുന്നത് കൊണ്ടാവും ഇന്നും അതെനിക്ക് മറക്കാൻ കഴിയാത്തത്.. ഞാൻ ജനിച്ചപ്പോൾ അമ്മയേക്കാളധികം സന്തോഷിച്ചത് ഗീതേച്ചിയാവുമെന്ന് അവരെല്ലാം കളിയാക്കിയതും അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്…

എനിക്കോർമ്മ വെച്ച കാലം മുതൽ എന്റെ ചുറ്റിനും എപ്പോഴും ചേച്ചിയുണ്ടാവും.. തോളിലെടുത്തു നടക്കുന്നതും പാട്ടുപാടിയുറക്കുന്നതുമെല്ലാം നേരിയ ഓർമകളായി ഇന്നും മനസിലുണ്ട്.. എല്ലാവരെയും പോലെ ചിന്നുമോളെന്നു ഗീതേച്ചിയെന്നെ വിളിച്ചിട്ടില്ല.. ചേച്ചീടെ കുഞ്ഞിപ്പെണ്ണാണെന്ന് എപ്പോഴും പറയും.. കുഞ്ഞീ… എന്ന് നീട്ടിവിളിക്കും.. ആ വിളി ഓർമ്മവരുമ്പോഴേല്ലാം അറിയാതെ മനസൊന്നു വിങ്ങും..

ചെറുപ്പത്തിൽ കുറച്ചധികം കുസൃതിയായിരുന്നു ഞാൻ.. ഓടിക്കളിക്കുമ്പോൾ വീണാലും മറ്റു കുട്ടികളുമായി തല്ലുകൂടിയാലും അമ്മയേക്കാൾ മുൻപേ ഗീതേച്ചി ഓടിവരും.. അപ്പു ഉണ്ടായതിൽപിന്നെ വീട്ടിലെല്ലാവർക്കും അവനിലായി ശ്രദ്ധ.. എന്നെ മുതിർന്ന കുട്ടിയായി മുദ്രകുത്തി അമ്മയുൾപ്പെടെ എല്ലാവരും.. പക്ഷേ ഗീതേച്ചിക്ക് മാത്രം ഒരിക്കലും മാറ്റമുണ്ടായില്ല.. പുഴവക്കത്തുകൊണ്ടുപോയി കുളിപ്പിക്കാനും കണ്ണെഴുതി പൊട്ടുതൊടുവിച്ചു ഒരുക്കാനുമെല്ലാം ചേച്ചിക്ക് വലിയ ഉത്സാഹമായിരുന്നു.. മറ്റാർക്കും കൊടുക്കാതെ സൂക്ഷിക്കുന്ന ക്യൂട്ടക്സും ചാന്തും കണ്മഷിയുമെല്ലാം എനിക്ക് സന്തോഷത്തോടെ ഇടുവിച്ചു തരും.. എന്നെപോലെ മറ്റാരും ചേച്ചിക്ക് പ്രിയപ്പെട്ടവരായില്ലായിരുന്നു.. തിരിച്ചെനിക്കും.. ഇന്നുവരേയ്ക്കും..

ചേച്ചി സ്കൂളിൽ പോവുമ്പോൾ എനിക്ക് വല്ല്യ സങ്കടമായിരുന്നു.. പിന്നെ വൈകിട്ട് വരുന്നതുവരെ കുഞ്ഞിക്കണ്ണുകളുമായി ഇരുവശവും ചെമ്പരത്തി നിറയെ പൂത്ത ഇടവഴിയിലേക്ക് നോക്കി നിൽക്കും.. കൂട്ടുകാർ ആരൊക്കെയുണ്ടായാലും ചേച്ചിയിലായിരുന്നു എന്റെ മുഴുവൻ സന്തോഷവും.. ആ ആത്മബന്ധത്തിന്റെ കാരണം മാത്രം എനിക്കറിയില്ല.. അന്നുമിന്നും..

കല്ലുപെൻസിലും സ്ലേറ്റുമായി അംഗൻവാടിയിൽ പോകുമ്പോൾ മഷിത്തണ്ടും പറിച്ചു കൂടെ വരുന്നതും.. അമ്പലത്തിൽ പോകുമ്പോഴെല്ലാം കുളിപ്പിച്ചൊരുക്കി കൂടെ കൊണ്ടുനടക്കുന്നതും കല്പടവുകൾ കയറുമ്പോൾ കരുതലായി കൈപിടിക്കുന്നതുമെല്ലാം മനസിന്റെ ഏടുകളിൽ മായാത്ത ഓർമകളാണ്.. ചേച്ചിയില്ലാത്ത ഒരു ദിവസം പോലും അന്നൊന്നും ജീവിതത്തിൽ ഉണ്ടായിരുന്നതായി തോന്നുന്നില്ല.. സ്കൂൾ അവധിക്ക് ചേച്ചിയുടെ അമ്മവീട്ടിൽ നിൽക്കാൻ പോകുമ്പോഴും കൂടെ എന്നെയും കൊണ്ടുപോകും.. ചേച്ചിയെപോലെതന്നെ അവിടെല്ലാവരും സ്നേഹിക്കാൻ മാത്രം അറിയുന്നവരായിരുന്നു.. അവിടെ ചേച്ചിയുടെ അമ്മമ്മയോടൊപ്പം പശുവിന് പുല്ലരിയാൻ പാടത്തും വരമ്പിലുമെല്ലാം പോകുന്നതും പറമ്പിലെ തേന്മാവിൽ ഉയരത്തിൽ കെട്ടിയ ഊഞ്ഞാലാടുന്നതും വൈകിട്ട് കാവിൽ വിളക്കിടാൻ പോകുന്നതും എല്ലാമെല്ലാം.. അങ്ങനെ കുട്ടിക്കാലത്തെ സുന്ദരമായ നിമിഷങ്ങളൊക്കെയും ചേച്ചിയോടൊപ്പം മാത്രമായിരുന്നു.. ഒരിക്കലും ഇനി തിരിച്ചുകിട്ടാത്ത നഷ്ടങ്ങൾ..

ചേച്ചിയെനിക്കെത്ര വലുതായിരുന്നുവെന്നു ഞാൻ തിരിച്ചറിഞ്ഞത് അന്നായിരുന്നു.. ഗീതേച്ചീയെന്ന് നീട്ടിവിളിച്ചു ചേച്ചിയുടെ വീടിന്റ പടിക്കെട്ടുകൾ ഓടിക്കയറുമ്പോൾ അവിടുത്തെ അമ്മ മുന്നിൽ വന്നു തടസ്സം നിന്നു.. “ഗീതേച്ചി വല്യ കുട്ടിയായി.. ഇനിയവൾ കളിക്കാനൊന്നും വരില്ല.. ചിന്നുമോൾ പോയി കൊച്ചുകുട്ടികളുടെ കൂടെ കളിച്ചോട്ടോ..” അതെന്താപ്പോ അങ്ങനെ.. ഒറ്റദിവസം കൊണ്ട് എന്റെ ഗീതേച്ചി എന്നിൽ നിന്നകന്നു പോവാൻ മാത്രം.. എന്റെ കുഞ്ഞുമനസ്സിന് അത് സഹിക്കാൻ കഴിഞ്ഞില്ല.. വലിയ വായിൽ കരഞ്ഞോണ്ട് അമ്മേടെ അടുത്തേക്കോടി.. എന്തൊക്കെയോ പറഞ്ഞു ആരൊക്കെയോ സമാധാനിപ്പിച്ചുകാണും.. അതൊന്നും നല്ല ഓർമയില്ല.. അല്ലെങ്കിലും ഗീതേച്ചിയോളം തെളിച്ചമുള്ള ഒരോർമയും മനസിലില്ല..

അതിസുന്ദരിയായിരുന്നു ഗീതേച്ചി.. ഞാൻ സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ ട്യൂഷനെന്നും പറഞ്ഞു ചേച്ചീടെ കൂടെ കൂടി വീണ്ടും.. ചേച്ചി ഓരോന്ന് പഠിപ്പിച്ചുതരുംപോലെ മറ്റാരു പറഞ്ഞുതന്നാലും എനിക്ക് മനസിലായിരുന്നില്ല.. കുറച്ചൂടെ മുതിർന്നപ്പോൾ ചേച്ചീടെ കയ്യും പിടിച്ചു അമ്പലത്തിലും അങ്ങാടിയിലും പോകുന്ന ഇടവഴിയിലൊക്കെ പതിവില്ലാതൊരാളെ കാണാൻ തുടങ്ങി.. ചേച്ചി അയാളോട് മിണ്ടുന്നതു പോലും എനിക്കിഷ്ടല്ലാരുന്നു.. അന്നതിന്റെ അർത്ഥമറിയില്ലെങ്കിൽ പോലും..

പിന്നെയൊരു ദിവസം ചേച്ചിയെന്നെ കെട്ടിപിടിച്ചു കരഞ്ഞിട്ട് ഒരുപാടുമ്മ വെച്ചു.. ചേച്ചിയെ ഒരിക്കലും മറക്കല്ലേ കുഞ്ഞീ എന്ന് പറഞ്ഞു.. ഒന്നും മനസിലാവാതെ ഞാനും കരഞ്ഞു.. പിറ്റേന്ന് കേട്ടു.. ഗീതേച്ചി ആരുടെയോ കൂടെ ഓടിപ്പോയെന്നു.. ചേച്ചിടെ വീട്ടിൽ കരച്ചിലും ബഹളവും.. ചേച്ചി ഈ നാടും വീടും ചേച്ചീടെ കുഞ്ഞിയേം കളഞ്ഞിട്ട് പോയെന്നു വിശ്വസിക്കാൻ അന്നത്തെ പത്തുവയസ്സുകാരി തയ്യാറായില്ല.. കുറെ നാൾ കരഞ്ഞു.. പിന്നെ പതുക്കെ മറന്നു.. എല്ലാരേയും പോലെ..

ഏറെ മുതിർന്നപ്പോൾ അമ്മ പറഞ്ഞറിഞ്ഞു.. ചേച്ചി ഭർത്താവിനോപ്പം കൽക്കട്ടയിൽ ആണെന്ന്.. ചേച്ചിക്കൊരു കുഞ്ഞുണ്ടായെന്ന്.. വേറൊന്നും ആർക്കുമറിയില്ല ആരും അന്വേഷിച്ചില്ല..

ഡിഗ്രി കഴിഞ്ഞു ജോലിക്ക് ശ്രമിക്കുമ്പോഴാണ് ശരത്തേട്ടന്റ ആലോചന വന്നത്.. പയ്യന് കൽക്കട്ടേലാ ജോലി.. അതുകേട്ടതും വീണ്ടും ഗീതേച്ചി മനസിലേക്കോടിയെത്തി.. കല്യാണം കഴിഞ്ഞു ശരത്തേട്ടനൊപ്പം ഈ നഗരത്തിലെത്തി.. എന്റെ ഗീതേച്ചിയുള്ള നാട്… ആദ്യമൊക്കെ ശരത്തേട്ടന്റ സഹായത്തോടെ ഒരുപാട് അന്വേഷിച്ചു.. ഒരു തുമ്പും കിട്ടാതെ ഒരുപാട് നിരാശയോടെ ഒടുവിൽ ഞാനും എന്റെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഒതുങ്ങി..

വർഷങ്ങൾ കുറച്ചേറെ കടന്നുപോയി.. ഒരു കുഞ്ഞില്ലാത്ത ദുഃഖം കൂടെയുണ്ടെങ്കിലും ശരത്തേട്ടന്റ സ്നേഹത്തിൽ ഞാനത് മറന്നു സന്തോഷിക്കാൻ പഠിച്ചു.. ശരത്തേട്ടൻ ശരിയാക്കിത്തന്നതാണ് ഇവിടെയൊരു സ്കൂളിൽ ക്ലാർക്ക് ആയി ജോലി.. ദൂരം കുറച്ചധികം ഉണ്ടായെങ്കിലും വീട്ടിലിരിക്കുമ്പോൾ പലതും മനസിലേക്കോടി വന്നു കുത്തിനോവിക്കും.. അതുകൊണ്ട് ഈ ജോലി വലിയ ആശ്വാസമായി.. ഇന്നിവിടെ പഠിക്കുന്നൊരു മലയാളി കുട്ടിയുടെ അമ്മ മരിച്ചതറിഞ്ഞു അനുശോചനം അറിയിക്കാൻ പോയ കൂട്ടത്തിൽ മലയാളി ആയതുകൊണ്ട് എന്നെയും ഉൾപ്പെടുത്തി.. റീത്തുമായി ചെല്ലുമ്പോൾ ഞാൻ കണ്ടു… നിറചിരിയുമായി എന്റെ ഗീതേച്ചി.. മാലയിട്ടുവെച്ച ചിത്രത്തിലിരുന്ന് എന്നെ നോക്കുന്നു.. കുഞ്ഞീ.. ഒരു വിളി കാതിൽ മുഴങ്ങി.. തലചുറ്റി ഞാൻ വീണുപോയി..

മയക്കം ഉണരുമ്പോൾ ഹോസ്പിറ്റലിലാണ്.. ശരത്തേട്ടൻ എത്തിയിട്ടുണ്ട്..

“ശരത്തേട്ടാ.. അതെന്റെ..”

“എനിക്ക് മനസിലായി.. വിഷമിക്കാതെ..”

“എന്നാലും അവസാനമായി എന്നെയൊന്നു കണ്ടിട്ട് പോകാമായിരുന്നില്ലേ ഗീതേച്ചിക്ക്.. എന്നെ മറന്നുപോയിക്കാണുമോ ശരത്തേട്ടാ..” ശരത്തേട്ടൻ ഒന്നും മിണ്ടാതെ എന്റെ നെറുകിൽ തലോടിക്കൊണ്ടിരുന്നു..

കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് പിന്നെ ഞാനാ വീട്ടിൽ പോയത്.. ഗീതേച്ചിയുടെ ഭർത്താവും മോളും മാത്രമേയുള്ളു അവിടെ.. ഇത്ര നാളും ഞാൻ ജോലിചെയ്ത സ്കൂളിലെ സ്റ്റുഡന്റ് ആയിരുന്നിട്ടും എന്റെ ഗീതേച്ചിയുടെ മോളെ ഞാൻ കണ്ടില്ലല്ലോ.. ഗീതേച്ചിയെ പകർത്തിവെച്ചത് പോലെ നല്ല മുഖശ്രീയുള്ള കുട്ടി..

“എന്താ മോൾടെ പേര് ”

“ശ്രീദേവി” അപ്പോൾ ഗീതേച്ചി തന്നെ മറന്നിരുന്നു.. അല്ലെങ്കിൽ ഒരോർമയ്ക്കായി മോൾക്കെന്റെ പേരെങ്കിലും വെച്ചില്ലല്ലോ..

“നല്ല പേര്..ആരാ ഈ പേരുവെച്ചത് മോൾക്ക് ” പ്രതീക്ഷ കൈവിടാതെ ഞാൻ വീണ്ടും ചോദിച്ചു..

“അച്ഛൻ.. അമ്മയെന്നെ വിളിച്ചിരുന്നത് കുഞ്ഞിയെന്നാ..”

“കുഞ്ഞിയോ.. എന്താ അങ്ങനൊരു പേര്..” മനസ്സിൽ അലതല്ലിയ സന്തോഷം മറച്ചുവെച്ചു ഞാൻ ചോദിച്ചു..

“അത് അമ്മയ്ക്ക് പണ്ട് എന്നെപോലൊരു കുഞ്ഞിയുണ്ടായിരുന്നെന്ന് എപ്പോഴും പറയും.. അമ്മേടെ നാട്ടിൽ..”

“അത്.. അതാരാ അമ്മയുടെ..”

“ആരാന്നു ചോദിച്ചാൽ ഒന്നും പറയില്ല.. കണ്ണ് നിറയും..”

ഞാൻ അതിശയത്തോടെ ഗീതേച്ചിയുടെ മാലയിട്ട് വെച്ച മനോഹരമായ ചിത്രം നോക്കി.. എന്നെ നോക്കി ചിരിക്കുംപോലെ.. ആ പഴയ ചിരി.. എന്റെ കണ്ണും മനസും നിറഞ്ഞു….ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Arathy Paru

Leave a Reply

Your email address will not be published. Required fields are marked *