“നന്ദു… പെട്ടന്നൊന്നിങ് വായോ ” അമ്മയുടെ അലർച്ച കേട്ടായിരുന്നു താഴെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നന്ദൻ ഫോണിൽ നിന്ന് തലയുയർത്തി മുകളിലേക്ക് ഓടിയത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഉമാ മഹേശ്വരൻ

“നന്ദു… പെട്ടന്നൊന്നിങ് വായോ ” അമ്മയുടെ അലർച്ച കേട്ടായിരുന്നു താഴെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നന്ദൻ ഫോണിൽ നിന്ന് തലയുയർത്തി മുകളിലേക്ക് ഓടിയത്…

അവിടെ ചെന്ന് നോക്കുമ്പോഴായിരുന്നു മായ അമ്മയുടെ കൈകളെ മുറുക്കി പിടിച്ചു വേദനകൊണ്ട് വലിഞ്ഞുമുറുകുന്ന കാഴ്ച്ച അവൻ കണ്ടത്…

അവളുടെ പിരിമുറുക്കം കണ്ടപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ഒരുനിമിഷം കുഴങ്ങി നിന്ന് പോയി നന്ദൻ…

“നന്ദു നീയെന്താ ആലോചിച്ചു നിൽക്കുന്നെ… പെട്ടന്ന് നമുക്ക് ആശുപത്രിയിൽ എത്തണം… ”

ആകെ ഒരു വെപ്രാളത്തിൽ ആയിരുന്നു നന്ദൻ… ഉള്ളൂ പിടയുന്നുണ്ടായിരുന്നു… എങ്ങനെയോ മായയെ താഴെ എത്തിച്ചു കാർഷെഡിലേക്ക് പാഞ്ഞു…

കാറെടുത്ത് ആ തിരക്കേറിയ പാതയിലൂടെ മായയെയും കൊണ്ട് പോകുമ്പോഴും നന്ദൻ വല്ലാതെ അസ്വസ്ഥൻ ആയിരുന്നു…

ആശുപത്രിയിൽ എത്തുംവരെയും നന്ദൻ ആകെ പരിഭ്രാന്തിയിൽ ആയിരുന്നു… ഒരു സ്‌ട്രെച്ചറിൽ വേദന കടിച്ചമർത്തി ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോഴും നന്ദൻ അവളെ കൈകൾ ചേർത്ത് പിടിച്ചൊരു പ്രത്യാശ നൽകാൻ മറന്നില്ല…

ആശുപത്രി വരാന്തയിൽ അസ്വസ്ഥനായി നിൽക്കുമ്പോഴായിരുന്നു നിത്യ വരുന്നത് കണ്ടത്… നന്ദന്റെ ഒരേയൊരു സഹോദരി ആണ് നിത്യ… നിത്യയെ അമ്മയ്ക്ക് കൂട്ടായി നിർത്തി അവൻ ഒരു സിഗരറ്റ് വലിക്കാൻ പുറത്തേക്ക് പോയി…

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് മായയ്ക്ക് ഒരു അമ്മയാവാൻ ഭാഗ്യമുണ്ടായത്…

കല്യാണം കഴിഞ്ഞു 4 വർഷങ്ങൾക്കിപ്പുറവും ഒരമ്മയാവാൻ കഴിയാതെ നന്ദനടക്കമുള്ള എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും കേട്ടിട്ടും ഒരിക്കൽ പോലും മറുത്തൊന്നും പറയാതെ പ്രാർത്ഥനയോടെ അവളാ വീട്ടിൽ കഴിഞ്ഞുപോയത് തന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണെന്നു മനസിലാക്കാൻ നന്ദനും വൈകിപ്പോയിരുന്നു…

പിന്നീടൊരു സന്ധ്യാനേരം നന്ദനെ കാത്ത് ഉമ്മറപ്പടിമേൽ ഒരു പ്രത്യേക പുഞ്ചിരിയോടെ കാത്തിരുന്ന മായയെ നന്ദനിപ്പോഴും ഓർക്കുന്നു… ഒരു പ്രത്യേക തിളക്കമായിരുന്നു അവളുടെ മുഖത്ത്… ഒരമ്മയാവാൻ ഉള്ള തയാറെടുപ്പായിരുന്നു അതെന്ന് മനസിലാക്കാൻ അത്രയും നാൾ കാർമേഘം മൂടിയിരുന്ന അമ്മയുടെ മുഖത്തെ തെളിച്ചം തന്നെ ധാരാളമായിരുന്നു…

ഒരു കുട്ടിയെ താങ്ങാനുള്ള ശേഷി അവളുടെ ഗർഭപാത്രത്തിനില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെ പൂർണ വിശ്രമത്തിലായിരുന്നു അവൾ… ഓടി ചാടി നടന്നിരുന്ന അവൾ ഇ മാസങ്ങളിൽ ഒരുപാട് ശാന്തയായിരുന്നു.. ഓട്ടവും ചാട്ടവും ഒന്നുമില്ലാതെ..

അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ ഓരോ നിമിഷവും നന്ദൻ അവളുടെ അടുത്ത് തന്നെ ഉണ്ടായിരുന്നു… ഒരു കൊച്ചുകുഞ്ഞിനെ പോലെ അവളെ പരിപാലിച്ചു പോന്നു നന്ദൻ…

ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു എന്നറിഞ്ഞിട്ടും ജീവൻ പോലും ചിലപ്പോൾ നഷ്ടമായേക്കാം എന്നറിഞ്ഞിട്ടും മായ പൂർണ സന്തോഷവതി ആയിരുന്നു… ആ കുഞ്ഞിനെ ഒരു വിധിക്കും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല അവൾ…

‘നന്ദേട്ടാ ഞാനിപ്പോഴും ഒരു കുഞ്ഞിന് ജന്മം നൽകാൻ പ്രാപ്തയായില്ലായിരുന്നെങ്കിൽ നന്ദേട്ടൻ എന്നെ കൂടുതൽ വെറുക്കുമായിരുന്നോ? ‘

ഒരു വെള്ളിടി വെട്ടിയ പോലെയായിരുന്നു അന്നവളുടെ ആ ചോദ്യം കേട്ടു നിന്നത്.. ശെരിയായിരുന്നു കല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ ഞാനും കാര്യമാക്കിയിരുന്നില്ല, പക്ഷെ പിന്നീട് ആ സത്യം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു… ഒരിക്കലും ഒരച്ഛനാവാൻ കഴിയില്ലേ എന്ന ഭയം…

അന്ന് ആ ഉത്തരം മുൻകൂട്ടി കണ്ടിട്ടോ അതോ എന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയിട്ടോ എന്തോ ഉത്തരം കേൾക്കാൻ അവൾ കാത്തുനിന്നില്ല… ഒരു രക്ഷപ്പെടലായിരുന്നു അത്… ഒരു നിശ്ചയവും ഇല്ലായിരുന്നു ഞാനെന്ത് ഉത്തരം പറഞ്ഞേനെ എന്ന്…
ഓർത്തുനിൽക്കേ കൺകോണിലൊരു നീർക്കണം പൊടിയുന്നത് നന്ദനറിഞ്ഞു… എറിഞ്ഞുകൊണ്ടിരുന്ന സിഗരറ്റുകുറ്റി ചവുട്ടിക്കെടുത്തിക്കൊണ്ട് നന്ദൻ ലേബർ റൂമിനടുത്തേക്ക് നടന്നു…

“അമ്മേ എന്തെങ്കിലും വിവരം പറഞ്ഞോ അവര്? ”

“ഇല്ല… ”

അപ്പോഴായിരുന്നു ഒരു നേഴ്സ് വാതിൽതുറന്നത്. “നന്ദൻ… പെൺകുഞ്ഞാണ് കേട്ടോ.” നന്ദൻ വല്ലാത്തൊരു സന്തോഷത്തിലായിരുന്നു… അപ്പോഴാണ് മായയെ കുറിച്ച് ഓർത്തത് “മായ? ”

“ഇപ്പോ പേടിക്കാനൊന്നുമില്ല. റൂമിലേക്ക് മാറ്റുമ്പോൾ കാണാം. “അതും നേഴ്സ് അകത്തേക്ക് കടന്നപ്പോൾ മായയെ ഒരുനോക്ക് കാണാൻ നന്ദൻ വാതിലിന്റെ വിടവിലൂടെ നോക്കി… അവൾ സുഖമായിരിക്കുന്നു…

ഒരു കുഞ്ഞുമാലാഖ… മായയുടെയും നന്ദന്റെയും ജീവിതത്തിന്റെ മാലാഖ പെണ്ണായി ആ കുഞ്ഞും…

രചന: ഉമാ മഹേശ്വരൻ

Leave a Reply

Your email address will not be published. Required fields are marked *