രാവണത്രേയ, തുടർക്കഥ ഭാഗം 47 ആദ്യഭാഗം വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഏറെ നേരം കഴിഞ്ഞതും ചെറിയ അഴികൾക്കിടയിൽ നിന്നും ശന്തനുവിന്റെ രൂപം അവന് വ്യക്തമായി തുടങ്ങി…. കാലിനേറ്റ മുറിവ് കാരണം ഏന്തി വലിഞ്ഞാണ് അവൻ രാവണിന് മുന്നിലേക്ക് നടന്നടുത്തത്.. ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നും ശന്തനുവിന്റെ മുഖം കൂടുതൽ കൂടുതൽ വ്യക്തമായതും രാവൺ അഴികളിലേക്ക് പിടി മുറുക്കി നിന്നു.. മുറിവുകളും ചതവുകളും നിറഞ്ഞ മുഖവും,നെറ്റിയിലേക്ക് അലങ്കോലമായി വീണു കിടന്ന തലമുടിയിഴകളും ജയിൽ നമ്പർ അടയാളം വെച്ചിരുന്ന വെളുത്ത വസ്ത്രവും ശന്തനുവിനെ മറ്റൊരു വ്യക്തിയാക്കി മാറ്റി… എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന അവനെ അങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വന്നതോർത്ത് രാവണിന്റെ ഉള്ളൊന്ന് പിടഞ്ഞു….

രാവണിന് മുന്നിൽ വന്നു നില്ക്കുമ്പോഴും അവന് ചെറിയൊരു നോട്ടം നല്കാൻ പോലും ശന്തനു മുതിർന്നില്ല..

ശന്തനു….!!!

ഏറെ നേരത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് രാവൺ തന്നെ ആദ്യം സംസാരിച്ചു തുടങ്ങി…. അവന്റെ ആ വിളി കേട്ടിട്ട് ശന്തനു ഒരു മൂളൽ പോലും നല്കാൻ കൂട്ടാക്കിയില്ല…..

ശന്തനു… സുഖ വിവരം അന്വേഷിക്കാൻ പറ്റിയ ഒരവസ്ഥയിലല്ല നീ എന്നെനിക്കറിയാം…. എങ്കിലും ചോദിക്ക്യാ… നിനക്ക്…. നിനക്ക് സുഖമല്ലേ….!!!!

ന്മ്മ്മ്….!!!!

രാവണിന് നേരെ നോട്ടം നല്കാതെ ശന്തനു തലയാട്ടി മറുപടി നല്കി..

ഇത്രയും നാളിനിടയിൽ നീ കാര്യമായി ഒന്നും കഴിയ്ക്കാൻ കൂട്ടാക്കിയില്ല എന്ന് സൂപ്രണ്ട് പറഞ്ഞു…!! നിന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി വച്ച് ശരീരത്തിലെ മുറിവുകൾ ഉണങ്ങി വരുന്നല്ലേയുള്ളൂ…

ന്മ്മ്മ്….!!! ശരീരത്തിലെ മുറിവുകൾ ഉണങ്ങി വരുന്നതേയുള്ളൂ… അപ്പോഴും മനസ്സിനേറ്റ മുറിവുകൾ ഉണങ്ങിയിട്ടില്ല രാവൺ… ആ വേദനകൾക്ക് നേരിയ ഒരു ശമനം പോലും വന്നിട്ടില്ല… ആ വേദന എനിക്ക് പകരുന്ന ഊർജ്ജത്തിന് മുന്നിൽ ജലപാനത്തിന്റെ പോലും ആവശ്യമില്ല…

ശന്തനു നീ വീണ്ടും തെറ്റിലേക്ക് തന്നെ നടന്നു കയറരുത്… നിനക്ക് മുന്നിൽ വിശാലമായൊരു ലോകമുണ്ട്… നല്ലൊരു ജീവിതമുണ്ട്… (രാവൺ)

എന്റെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെയൊക്കെ പറയാൻ നിനക്ക് എങ്ങനെ തോന്നുന്നു രാവൺ…. വിശാലമായ ലോകം പോലും.. ഈ അഴികൾക്കിടയിൽ ഞാനേറ്റു വാങ്ങിയ ബന്ധനമാണോ വിശാലമായ ലോകം… കുറ്റവാളി,ഒറ്റുകാരൻ, കൊലയാളി എന്നീ വിളിപ്പേരുകളാണോ എന്നെ കാത്തിരിക്കുന്ന മനോഹരമായ ജീവിതം…

ശന്തനുവിന്റെ ശബ്ദം നേരിയ തോതിൽ ഉയർന്നു…

ഇതെല്ലാം ഞാൻ നിനക്ക് സമ്മാനിച്ചതല്ല ശന്തനു.. നീ സ്വയം ഏറ്റു വാങ്ങിയതാണ്… നിന്നെ ഞാൻ അന്നും ഇന്നും ഒരു നല്ല ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളൂ…. ദേ ഇപ്പോഴും ഈ നിമിഷവും എനിക്ക് അങ്ങനെ കാണാൻ തന്നെയാണ് ഇഷ്ടം…

സബാഷ്….!!! വളരെ മനോഹരമായ presentation… ഇത് പൂവള്ളി മനയിലെ ഹേമന്ത് രാവണിന് തലമുറകളായി കൈമാറി കിട്ടിയ കുടില തന്ത്രമാണോ… അതോ നിന്റെ പോലീസ് ബുദ്ധിയോ..???

ശന്തനു…!!!

അതേടാ… നിന്റെ ഈ വാക്കുകൾക്ക് മുന്നിൽ ഇങ്ങനെ ചിന്തിക്കാനേ എനിക്ക് കഴിയൂ… എന്നെ അതിസമർത്ഥമായി നീ ഈ അഴിയ്ക്കുള്ളിൽ അടച്ചു… ആ വീറും വാശിയും നീ എന്താ വൈദ്യനാഥന്റെ കാര്യത്തിൽ കാട്ടാതിരുന്നത്… ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് എനിക്കായിരുന്നില്ലേ… അയാൾ കളിച്ചു തുടങ്ങിയ കുരുതി കളത്തിൽ അതേ നാണയത്തിൽ തിരിച്ചടിയ്ക്കുക മാത്രമാണ് ഞാൻ ചെയ്തത്… പക്ഷേ നീ ഒരുക്കി വെച്ച climax ൽ കൊലയാളിയായത് ഈ ശന്തനു മാത്രം… നിയമത്തിന്റെ പൂർണ ആനുകൂല്യത്തിൽ അവൻ.. ആ ##@@മോൻ ഇപ്പോഴും പുറത്ത് വിലസി നടക്കുന്നു… ഇതാണോ രാവൺ നീ ഉദ്ദേശിച്ച ഫ്രണ്ട്ഷിപ്പ്… ആണെങ്കിൽ അത്തരമൊരു ഫ്രണ്ട്ഷിപ്പ് ഞാൻ ആഗ്രഹിക്കുന്നില്ല…

ശന്തനു പറഞ്ഞതെല്ലാം രാവൺ രണ്ട് കൈയ്യും കെട്ടി നിന്ന് കേട്ടു… ശന്തനുവിന്റെ ഭാഗം മുഴുവനും പറഞ്ഞു തീർത്തതും രാവൺ അവനെ തന്നെ ഉറ്റുനോക്കി നിന്നു….

നിനക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ കൂടി നീ കേൾക്കാൻ തയ്യാറാകണം….

രാവൺ പറഞ്ഞത് കേട്ട് ശന്തനു അല്പം ക്ഷമയോടെ അവന് നേർക്ക് നോട്ടം കൊടുത്തു…

വൈദി കളിച്ച കുരുതി കളത്തിൽ അതിന്റെ പിന്തുടർച്ചയാണ് നീ നടത്തിയതെന്ന് പറഞ്ഞല്ലോ…!! അത് നിനക്ക് മാത്രം തോന്നുന്ന ഒരു ന്യായമാണ് ശന്തനു.. കാരണം യഥാർത്ഥ സത്യങ്ങൾക്ക് മുന്നിൽ നീ ഇന്നും ഒരു തെറ്റുകാരൻ തന്നെയാണ്… നിന്റെ പകവീട്ടലുകൾക്കിടയിൽ ഇല്ലാതാക്കിയത് ഒരു നിരപരാധിയുടെ ജീവനാണ്…

രാവണിന്റെ വാക്കുകൾ കേട്ട് ശന്തനു അവനെ തുറിച്ചു നോക്കി…

ഞാൻ പറഞ്ഞത് സത്യമാണ് ശന്തനു… നീ ചെയ്ത കൊലപാതകങ്ങളിൽ രണ്ടിലും നിരപരാധികളാണ് ഇല്ലാതായത്… വൈദിയോടുള്ള അടങ്ങാത്ത പകയാണ് നിത്യയുടെ കൊലപാതകത്തിലേക്ക് നിന്നെ നയിച്ചത്.. നിന്റെ കുടുംബത്തെ ഇല്ലാതാക്കിയ വൈദിയെ മാനസികമായി തളർത്തുക… അതായിരുന്നില്ലേ നിന്റെ ഉദ്ദേശം…!!!

എന്നിട്ട് വർഷം ഇത്രയും കടന്നപ്പോ എന്താ ഉണ്ടായത്… ജന്മനാ ഊമയായിരുന്ന അവളുടെ മരണം അയാളുടെ മനസ്സിന്റെ ചെറിയൊരു അംശത്തെ പോലും തളർത്തിയില്ല…. പകരം അയാളതൊരു അനുഗ്രഹമായി കണ്ടു… അന്നും ഇന്നും അയാൾ സ്നേഹിച്ചിരുന്നത് വേദ്യയെ മാത്രമാണ്… അത് നിനക്കും അറിവുള്ളതല്ലേ..

പിന്നെ നീ ചെയ്ത ഏറ്റവും വലിയ തെറ്റ്… അതൊരു പക്ഷേ നിന്റെ തെറ്റിദ്ധാരണയിൽ നിന്നും ഉണ്ടായതാവാം…

രാവൺ അത്രയും പറഞ്ഞ് പ്രഭയുടെ വാക്കുകൾ ശന്തനുവിന് നേർക്ക് ഓൺ ചെയ്തു വച്ചു… പ്രഭയുടെ തുറന്നു പറച്ചിലുകൾ കേട്ട് ശന്തനു പതർച്ചയോടെ മുഖം തിരിച്ചു… അവന്റെ കൈ അഴിയിലേക്ക് അമർന്നു….

സ്വയം നിയന്ത്രിക്കാൻ ആകാത്ത വിധം കുറ്റബോധം അവന്റെ മനസ്സിനെ ഇളക്കി മറിച്ചു കൊണ്ടിരുന്നു…. പ്രഭ എല്ലാം പറഞ്ഞു നിർത്തിയതും രാവൺ ആ ശബ്ദശകലം ഓഫ് ചെയ്തു….

അച്ഛന്റെ അവസ്ഥ വളരെ മോശമാണ്… നീ ഉതിർത്ത വെടിയുണ്ട തറഞ്ഞ് കയറിയത് spinal cord ലാണ്.. ഗുരുതരമായ പരിക്കായിരുന്നു.. മരിച്ചിട്ടില്ല…. എങ്കിലും ശരീരം പൂർണമായും മരണത്തെ പ്രാപിച്ചു കഴിഞ്ഞു… കിടക്കുന്ന കിടപ്പിൽ നിന്നും ഒന്നനങ്ങാൻ കൂടി പറ്റില്ല….

അങ്ങനെ ചലനമറ്റ് കിടക്കുന്ന ഒരവസ്ഥയിൽ ആയിട്ടാവാം ചെയ്തു പോയ തെറ്റുകളോർത്ത് ഇപ്പോ നല്ല മാനസാന്തരമുണ്ട്…. അതുകൊണ്ട് എനിക്ക് മുന്നിൽ നടത്തിയ കുമ്പസാരമാണിത്…. ഇനി നീയൊന്ന് ചിന്തിച്ചു നോക്കിയേ ശന്തനു… അന്ന് നീ ഇല്ലാതാക്കിയ വേണുമാമ നിന്നോട് ചെയ്ത തെറ്റ് എന്തായിരുന്നു….

രാവണിന്റെ ആ ചോദ്യം കേട്ടതും ശന്തനു തീച്ചൂളയിൽ അകപ്പെട്ട പോലെ വെന്തുരുകി.. രാവണിനോട് ഒന്നും പ്രതികരിക്കാനാവാതെ അവൻ മുഖം തിരിച്ചു നിന്നു…

അച്ഛന്റെ ഈ ഏറ്റുപറച്ചിൽ ത്രേയയെ ഞാൻ ഇതുവരെയും അറിയിച്ചിട്ടില്ല… കാരണം നീ ചെയ്തു കൂട്ടിയ പ്രതികാരങ്ങളിൽ ഏറ്റവും വലിയ നഷ്ടങ്ങൾ സംഭവിച്ചത് അവൾക്കായിരുന്നല്ലോ… ഇതും കൂടി അറിഞ്ഞാൽ ഒരുപക്ഷെ അവള് തകർന്നു പോകുംന്ന് തോന്നി……

രാവണിന്റെ വാക്കുകൾ കേട്ട് ശന്തനുവിന്റെ മനസ്സ് കലങ്ങിമറിഞ്ഞു…

ഇനി ഞാനിത് അവളോട് പറയാൻ ഉദ്ദേശിക്കുന്നില്ല ശന്തനു… കാരണം നിന്റെ സൗഹൃദം ഞങ്ങളെല്ലാവരും ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.. ഞാൻ നേരത്തെ പറഞ്ഞത് മനസ്സിൽ തൊട്ട് തന്നെയാണ്… നിനക്ക് മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്… ഇവിടെ നിന്നും പെട്ടെന്ന് തന്നെ നിന്നെ ഞാൻ പുറത്തിറക്കും… കോടതിയിൽ അപ്പീലിന് പോകാനാ ഞാൻ ഉദ്ദേശിക്കുന്നത്… അതുണ്ടായാൽ ശിക്ഷാ കാലാവധിയിൽ ഇളവ് വരാൻ സാധ്യതയുണ്ട്… പതിനഞ്ച് വർഷം എന്ന നീണ്ട കാലയളവിൽ മാറ്റം വന്നേക്കാം… അങ്ങനെയെങ്കിൽ ഇനിയുള്ള ജീവിതം വേദ്യയ്ക്കും നിങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനുമൊപ്പം…..

മതി രാവൺ…. ഇനിയും നിന്റെ സംസാരം ആ വഴിയ്ക്ക് തുടരേണ്ട….

ശന്തനു രാവണിനോട് കയർത്തതും രാവൺ അല്പം ഞെട്ടലോടെ അവന്റെ മുഖത്തേയ്ക്ക് നോട്ടമിട്ടു…

ശന്തനു ഇത്രയും അറിഞ്ഞിട്ടും നീ ആ പക മനസ്സിൽ വച്ച് നടക്ക്വാ…

അതേ രാവൺ… നിന്റെ മനസ്സിൽ എനിക്കൊരു ചെകുത്താന്റെ സ്ഥാനമാവും… സാരല്യ… എങ്കിലും അവളെ…ആ വേദ്യയെ എനിക്കെന്റെ ഭാര്യയായി ഈ ജന്മം കണക്കാക്കാൻ കഴിയില്ല…

അവളുടെ സ്വഭാവത്തെ കൃത്യമായി അളന്നവനാ ഈ ഞാൻ… എനിക്കറിയാം രാവൺ അവളെ… വ്യക്തമായി അറിയാം… വൈദിയുടെ സ്വഭാവത്തിൽ നിന്നും വ്യത്യസ്തമായി ഒന്നും അവളിൽ ശേഷിക്കുന്നില്ല.. അയാളിൽ നിന്നും അണുവിട വ്യത്യാസമില്ലാത്ത മകളാണ് അവൾ…

എന്റെ ഭാഗം മനസ്സിലാക്കി കഴിഞ്ഞപ്പോ അവൾക് എന്നോടിപ്പോ പകയായിരിക്കും… അവളുടെ ഭർത്താവിന്റെ സ്ഥാനത്തോ,വയറ്റിൽ ജന്മമെടുത്ത കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്തോ അവളെന്നെ ഇനി സങ്കല്പിക്കില്ല… പകരം അവള് നിന്നെ തേടി വന്നിട്ടുണ്ടാവും… അതെനിക്ക് നിശ്ചയമാണ്…!!! കാരണം അന്നും ഇന്നും നീയും ത്രേയയും തമ്മിലുള്ള ഇഷ്ടത്തെ അസൂയയോടെ നോക്കി കാണാനായിരുന്നു അവൾക്കിഷ്ടം.. അന്ന് നീ നിത്യയുടെ കൊലയാളി ആയിരുന്നു… എന്നാൽ ഇന്ന് സ്ഥിതി അതല്ല.. നിന്റെ നേർക്ക് ഒരു സഹതാപ തരംഗം തന്നെ ആഞ്ഞു വീശുന്നുണ്ട് രാവൺ… അതവളും അവളെ അനുസരിക്കുന്ന അവളുടെ സ്നേഹനിധിയായ അച്ഛനും മുതലെടുക്കും… നിന്നെയും ത്രേയയേയും അകറ്റാനുള്ള സകല അടവുകളും അവര് പയറ്റും….

നീ പറഞ്ഞതൊക്കെ ശരിയാണ് ശന്തനു… പക്ഷേ അവള് വയറ്റിൽ പേറുന്നത് നിന്റെ കുഞ്ഞിനെയാണ്… ആ കുഞ്ഞിന് നീ കാരണം പിതൃത്വം ഇല്ലാതായി തീരരുത്…

നീ ഈ പറയുന്ന കാര്യങ്ങളൊന്നും ഒരിക്കലും എന്റെ ഈ മനസ്സിൽ ഏൽക്കില്ല രാവൺ… എല്ലാം മറന്ന് ഞാനവളെ സ്വീകരിച്ചാൽ എന്റെ അച്ഛന്റേയും അമ്മയുടേയും ആത്മാവിനോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും അത്…. ഞാൻ ശത്രു സ്ഥാനത്ത് കാണുന്ന അവന്റെ…ആ വൈദീടെ മകൾക്ക് ഒരു ജീവിതം നല്കുന്നതിലും നല്ലത് ഞാൻ തന്നെ സ്വയമങ്ങ് ഇല്ലാതാവുന്നതാ… അത്രയ്ക്ക് അറപ്പാണ് എനിക്ക് അവളോട്…

പിന്നെ നീ എന്തിനാ ശന്തനു അവളെ നിന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്…. (രാവൺ)

അതെ.. അവളെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചു… പക്ഷേ അതിലൊരിക്കലും എന്റെ പ്രണയമോ,കാമമോ ഇല്ലായിരുന്നു രാവൺ… പക…പക മാത്രമായിരുന്നു….. അവളെ ഇല്ലാതാക്കാൻ ശ്രമിച്ചതാണ് ഞാൻ… പക്ഷേ അവള് വൈദീടെ ദൗർബല്യം ആയിപ്പോയില്ലേ… അവളെ കൊല്ലുന്നതിലും നല്ലത് കൊല്ലാതെ കൊല്ലുന്നതാണെന്ന് ഞാൻ മനസ്സിലുറപ്പിച്ചു… അത് തന്നെ നടപ്പിലാക്കി…

ഇന്നവൾ ഒരു കുഞ്ഞിനെ ഉദരത്തിൽ പേറുന്നു… വളർന്നു വരുമ്പോ അതിനൊരച്ഛനെ വേണം.. അവൾക് ആരെയും ചൂണ്ടിക്കാണിക്കാം… ഞാൻ ആ പിതൃത്വം നിഷേധിക്കുന്നിടത്തോളം കാലം ലോകർക്ക് മുന്നിൽ അവള് ചുമക്കുന്നത് തന്ത ആരെന്നറിയാത്ത ഒരു കുഞ്ഞിനെയാണ് രാവൺ…. പൂവള്ളി മനയിൽ വൈദ്യനാഥന്റെ മകൾ അങ്ങനെ ഒരു മേൽവിലാസം പേറുന്നുണ്ടെങ്കിൽ അതിലീ ശന്തനു അത്യന്തം ആനന്ദം കൊള്ളും….

ശന്തനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ശന്തനു നീ ഒന്നുകൂടി ചിന്തിച്ചിട്ട്..!!!

ഇല്ല രാവൺ… ഇനിയൊരു പുനർചിന്തനമില്ല…. എനിക്ക് അവളെ വേണ്ട… അവളുടെ വയറ്റിൽ എന്റെ ജീവനെ ചുമക്കണമെന്ന് ഞാൻ വാശി പിടിക്ക്യേം ഇല്ല.. ഒരു പെണ്ണിന്റെ മാനത്തിന്റെ വില ഒരു നിമിഷമെങ്കിൽ ഒരു നിമിഷം വൈദി അറിയണംന്നൊരു വാശിയുണ്ടായിരുന്നു… അത് സാധിച്ചു..

ഒരു ലക്ഷ്യം കൂടി മനസ്സിൽ കണക്ക് കൂട്ടി ഉറപ്പിച്ചിരുന്നു ഞാൻ… നീ കാരണം അതില്ലാണ്ടായി…

രാവണത് കേട്ട് ശന്തനൂനെ ഉറ്റുനോക്കി നിന്നു….

മറ്റൊന്നുമല്ല വൈദ്യനാഥന്റെ മരണം..!! മനസ്സിൽ കണക്ക് കൂട്ടി ഉറപ്പിച്ച എന്റെ ആ ലക്ഷ്യത്തെ നീ ഇല്ലാതാക്കി രാവൺ… നേരത്തെ നീ പറഞ്ഞത് പോലെ ശിക്ഷയിൽ നീ ഒരിളവ് വാങ്ങി തന്നാൽ ഞാൻ വരും നിങ്ങളുടെ പൂവള്ളി മനയിലേക്ക്…. അവന് മുന്നിൽ ഒരു നരസിംഹമായി അവതരിച്ച് വൈദ്യനാഥന്റെ നെഞ്ച് പിളർന്ന് ചോരയൊഴുക്കും ഞാൻ…. ഈ ജന്മം സഫലമാകാൻ വേണ്ടി എന്റെ മുന്നിൽ ഇനി ആ ഒരു ലക്ഷ്യം മാത്രമേയുള്ളൂ…. അത് ഞാൻ നടപ്പാക്കിയിരിക്കും രാവൺ….

ശന്തനു നീ ഇനിയും തെറ്റിന്റെ പാതയിൽ സഞ്ചരിക്കരുത്… വൈദിയെ രക്ഷിക്കാനോ,പൂവള്ളിയുടെ അഭിമാനം കാക്കാനോ ഒന്നുമല്ല.. നിന്നെ ഈ അഴിയ്ക്കുള്ളിൽ ഇങ്ങനെ കാണാൻ കഴിയാത്തത് കൊണ്ട് തന്നെയാടാ…

നിന്നെ കണ്ടു മുട്ടിയ അന്നുമുതൽ ഒരു ഫ്രണ്ടായി അല്ല… സ്വന്തം കൂടപ്പിറപ്പായി കണ്ട് തന്നെയാ കൂടെ കൂട്ടിയത്…. അതുകൊണ്ട് തന്നെയാ പൂവള്ളിയിൽ നിനക്ക് സർവ്വസ്വാതന്ത്ര്യവും നല്കിയത്… നീ പക വീട്ടിയതിന് നിന്നെ കുറ്റപ്പെടുത്താൻ വേണ്ടി വന്നതല്ല ഞാൻ… അങ്ങനെ കുറ്റപ്പെടുത്തുകേം ഇല്ല…

വർഷങ്ങൾക്ക് മുമ്പ് നീ ചെയ്ത പ്രതികാരത്തിന് ഏറ്റവും കൂടുതൽ ശിക്ഷ ഏറ്റുവാങ്ങിയവരാണ് ഞാനും ത്രേയയും… പരസ്പരം അകന്നു കഴിഞ്ഞു,തെറ്റിദ്ധരിക്കപ്പെട്ടു, പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടു… എന്നിട്ട് പോലും…. എന്നിട്ട് പോലും ഈ നിമിഷം വരെ നിന്നെ അകറ്റി നിർത്താനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല…

നിന്റെ സ്ഥാനത്ത് മറ്റാരാണെങ്കിൽ പോലും ഇങ്ങനെയൊക്കെ തന്നെയെ ചിന്തിക്കൂ… സ്വന്തം കുടുംബത്തെ ഇല്ലാതാക്കിയവരെ കൊല്ലാൻ തന്നെ ലക്ഷ്യം വയ്ക്കും… അതുകൊണ്ട് ആ ലക്ഷ്യത്തെ ഞാൻ കുറ്റം പറയുന്നില്ല… പക്ഷേ അതിന് തിരഞ്ഞെടുത്ത മാർഗം… അതാണ് ഞങ്ങടെ ശന്തനുവിനെ ഞങ്ങളിൽ നിന്നും അകറ്റിയത്…

ഇപ്പോഴും പറയ്വാ ശന്തനു നിന്റെ തിരിച്ചു വരവിന് വേണ്ടി ഞങ്ങളെല്ലാവരും കാത്തിരിക്ക്യാണ്.. നിന്റെ മനസ് പറയും പോലെയാണ് നീ ജീവിക്കുന്നത് എന്നറിയാം.. അതുകൊണ്ടല്ലേ ഇത്രയും ഭംഗിയായി നിനക്ക് ഞങ്ങളെ പറ്റിക്കാൻ കഴിഞ്ഞത്.. ആയിരം കാരണങ്ങൾ നിരത്തി നിന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുമ്പോഴും ഒരുകാര്യം നീ ഓർക്കണം ശന്തനു…. പകയുടെ കണക്കുകൾ കൂട്ടി കിഴിച്ചു നോക്കി മനസ്സിൽ സംതൃപ്തി കണ്ടെത്തിയപ്പോ നീ നിഷ്കരുണം ചതിച്ചു കളഞ്ഞത് നിന്നെ ജീവനായി കണ്ട ഞങ്ങൾ മൂന്നുപേരെയാ…. ഒരിക്കലും തകരില്ല എന്നുറപ്പിച്ച നല്ലൊരു കൂട്ടുകെട്ടാണ്… അതുകൊണ്ട് നീ തിരികെ ആ സൗഹൃദ വലയത്തിലേക്ക് വരും എന്ന പ്രതീക്ഷയോടെ ഞാൻ പോക്വാണ് ശന്തനു…

രാവൺ അത്രയും പറഞ്ഞ് നടന്നകന്നതും ശന്തനു നിറകണ്ണുകളോടെ രാവണിന് നേരെ തിരിഞ്ഞു… ഉള്ളിൽ നുരഞ്ഞു പൊന്തി വന്ന സങ്കടങ്ങളൊന്നാകെ അവന്റെ നെഞ്ചിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു… ചെയ്തു പോയ തെറ്റുകളോർത്ത് ഉഴലുമ്പോഴും വേദ്യയേയും, വൈദിയേയുമോർത്ത് അവൻ പല്ലുകൾ ഞെരിച്ചു… സമനില തെറ്റിയ പോലെ നെറ്റിയിലെ മുടിയിഴകളെ കൈകൊണ്ട് മുകളിലേക്ക് കോരിയെടുത്ത് വിങ്ങലോടെ അവൻ അഴികളിലേക്ക് തലചായ്ച്ചു….

അവരുടെ മാത്രമായ സൗഹൃദ നിമിഷങ്ങളെ മനസ്സിൽ ഓർത്തെടുത്തു കൊണ്ട് അവനങ്ങനെ നിന്നു…. അഴികളിൽ തട്ടി വിളിച്ചു കൊണ്ടുള്ള വാർഡന്റെ പരുഷമായ സ്വരം കേട്ട് അവൻ സ്ഥലകാല ബോധം വീണ്ടെടുത്തു…

ത്രേയ എവിടേക്കാ ഊർമ്മിളേ…!! അതും ഈ സമയത്ത്…!!!

വൈദിയുടെ ചോദ്യം കേട്ട് ഊർമ്മിള അയാൾക്ക് നേരെ തിരിഞ്ഞു…

അറിയില്ല വൈദിയേട്ടാ…!!! രാവൺ ഏതോ ഫയൽ മറന്നു വച്ചൂന്നോ. അത് ഓഫീസിൽ എത്തിക്കണംന്ന് നിർദ്ദേശം വന്നൂന്നോ ഒക്കെ ചില ന്യൂസ് കേട്ടു.. അച്ചൂനെ തിരക്കി ഇവിടെയൊക്കെ നടക്കുന്നത് കണ്ടു… അവൻ ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയതാ… ഇവിടുത്തെ പുതുമണവാളനും വേലക്കാരിയും കൂടി ഷോപ്പിംഗിന് ഇറങ്ങിയിരിക്ക്യല്ലേ… അതുകൊണ്ട് ആ വഴിയും അടഞ്ഞു…

ഊർമ്മിള അത്രയും പറഞ്ഞ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയതും വൈദി മനസ്സിൽ എന്തൊക്കെയോ കണക്ക് കൂട്ടി ബെഡിൽ നിന്നും എഴുന്നേറ്റു… പെട്ടെന്ന് തന്നെ റെഡിയായി കൈയ്യിലൊരു സ്യൂട്ട് കേസും കരുതി അയാൾ റൂം വിട്ടിറങ്ങിയതും ഊർമ്മിള വീണ്ടും അയാൾക്ക് മുന്നിലേക്ക് വന്നു നിന്നു….

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *