ഞാൻ ആ തോളിൽ നിന്ന് മുഖമുയർത്താതെ സിബിച്ചനെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചു.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഷീന ആമി

പ്രണയത്തിലേക്ക് ഒരു കടൽ ദൂരം….

അപ്രതീക്ഷിതമായി സിബിച്ചനെ 13bയിലെ ബെഡിൽ കണ്ടപ്പോൾ ഹൃദയമിടിപ്പ് ഇരട്ടിയായത് പോലെ തോന്നി….

തൊട്ടപ്പുറത്തെ റൂമിലെ കോട്ടയംകാരൻ അപ്പാപ്പനോടല്പം കുശലം പറഞ്ഞ് ബിപിയും ചെക്ക് ചെയ്ത് ഇങ്ങോട്ടേക്ക് കയറിയതാണ്…..

റൂമിലേക്ക് കയറണോ വേണ്ടയോ എന്നറിയാതെ ഒരു നിമിഷം വാതിൽക്കൽ കാലുകൾ നിശ്ചലമായി.

വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിക്കാഴ്ച്ച സിബിച്ചനും തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി…..

അമ്പരപ്പ് വിട്ട് മാറാതെയുള്ള ഒരു മന്ദഹാസം അയാളുടെ മുഖത്ത് ഏതാനും നിമിഷം തങ്ങി നിന്നു…..

സിബിച്ചൻ….. എന്റെ ആദ്യ പ്രണയം….. അങ്ങനെ പറയാൻ പിന്നീടിതുവരേയ്ക്കും ഞാൻ ഒരു പ്രണയത്തേയും സ്വീകരിച്ചിട്ടില്ല. അപ്പോഴെന്റെ പ്രണയം സിബിച്ചനിൽ തുടങ്ങി സിബിച്ചനിൽതന്നെ ഒടുങ്ങുന്നതാണോ??? തീർത്ത് പറയാനാവില്ല…..

ജീവിതത്തിൽ മറ്റാരെയെങ്കിലും സ്നേഹിക്കാനും അയാളാൽ സ്നേഹിക്കപ്പെടാനും നിർബന്ധിതരാക്കപ്പെട്ടവരാണ് ചിലരെങ്കിലും….

സിബിച്ചനെ കുറിച്ചുള്ള എന്റെ ഓർമകൾക്ക് ആദ്യമോ അവസാനമോ ഇല്ല…..

ഞാൻ ഓർക്കാനിഷ്ടപ്പെടുന്ന എന്റെ ഓർമകളെല്ലാം എന്നോ അയാൾ സ്വന്തമാക്കിവെച്ചിരുന്നു.

ഞാനെത്ര തന്നെ മായ്ക്കാൻ ശ്രമിച്ചാലും എന്റെ കണ്ണുകൾക്ക് മുന്നിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു കണ്ടേക്കാവുന്ന ഒരു മുഖം…..

ചാച്ചന്റെ അടുത്ത സുഹൃത്തിന്റെ മകൻ എന്നതിലുപരി ചാച്ചനും അമ്മച്ചിക്കും മൂത്ത മകനായിരുന്നു സിബിച്ചൻ…. അത്രയ്ക്ക് അടുപ്പവും ബന്ധവുമായിരുന്നു.

രാവിലെ സ്കൂളിൽ കൊണ്ട് വിടാനും വൈകീട്ട് കൂട്ടിക്കൊണ്ട് വരാനും അവധി ദിവസങ്ങളിൽ പുറത്ത് കൊണ്ട് പോവാനും എല്ലാം സിബിച്ചനായിരുന്നു….

സിബിച്ചന്റെ വയറിൽ കൈചുറ്റി ബൈക്കിന്റെ പിറകിലിരുന്ന് എത്രയോ യാത്രകൾ….

ഒരു മുതിർന്ന ചേട്ടന് കുഞ്ഞനിയത്തിയോടുണ്ടായിരുന്ന പരിഗണനകൾ പക്വതയില്ലാത്ത മനസ്സ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നോ അറിയില്ല…..

ഒരു പത്താം ക്ലാസ്സുകാരിയുടെ ദിനങ്ങൾക്ക് അവിടന്നങ്ങോട്ട് നിറം വെച്ച് തുടങ്ങുകയായിരുന്നു…..

സിബിച്ചനായിരുന്നു പിയാനോ വായിക്കാൻ പഠിപ്പിച്ച് തന്നത്….. എന്റെ വിരലുകളിൽ ഇക്കിളി കൂട്ടുമായിരുന്ന ആ വിരലുകളെ ഞാൻ പ്രണയിക്കുകയായിരുന്നു….

സ്കൂട്ടിയോടിക്കാൻ സിബിച്ചൻ പരിശീലിപ്പിക്കുമ്പോൾ എന്റെ ശ്രദ്ധയത്രയും എന്റെ കവിളിണകളെ താലോലിക്കുന്ന സിബിച്ചന്റെ കുറ്റിത്താടിയിലായിരുന്നു….. ഒന്നുകൂടി സിബിച്ചനിലേക്ക് ചേർന്നിരിക്കാൻ തോന്നിക്കുമായിരുന്ന എന്തോ ഒന്ന്….. അതെന്നെ എല്ലായിപ്പോഴും ആനന്ദിപ്പിച്ചു.

സിബിച്ചനായിരുന്നു പൗലോ കൊയ്ലോയെക്കുറിച്ച് പറഞ്ഞ് തന്നത്…… ദി ആൽക്കമിസ്റ്റും, വിങ്‌സ് ഓഫ് ഫയറും, നാലുകെട്ടും നഷ്ടപ്പെട്ട നീലാംബരിയും വായിക്കാൻ തന്നത്…..

നമ്മളൊരു കാര്യം ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചാൽ അത് നേടാൻ ലോകം മുഴുവൻ നമുക്കൊപ്പം നിൽക്കുമെന്ന് കൂടെ കൂടെ ഓർമിപ്പിച്ചത്…..

സ്വപ്‌നങ്ങൾ കാണാനും കാണുന്ന സ്വപ്നങ്ങളെ താലോലിക്കാനും പറഞ്ഞ് തന്നത്…. ക്ലാസിലിരുന്ന് ഞാൻ സിബിച്ചൻ പറഞ്ഞത് പോലെ തന്നെ ധാരാളം സ്വപ്‌നങ്ങൾ കണ്ടു. കണ്ട സ്വപ്നങ്ങളിലെല്ലാം സിബിച്ചനായിരുന്നു….

സിബിച്ചനായിരുന്നു എന്റെ ലോകം….. എന്റെ ദിനങ്ങൾ വിടരുന്നതും കൊഴിയുന്നതും അയാളെ ചുറ്റിപ്പറ്റിയായിരുന്നു…. സിബിച്ചനില്ലെങ്കിൽ പിന്നെ പകലുകൾ വിടരുകയില്ലെന്നും ദിനങ്ങൾ കൊഴിയുകയില്ലെന്നും ഈ ലോകം തന്നെയില്ലാതായിത്തീരുമെന്നും ഞാൻ വിശ്വസിച്ചു….

സിബിച്ചനെന്നത് പെയ്തൊഴിയാത്ത ഒരു മഴയാണെന്നും അതിൽ കുടയില്ലാതെ നനയുന്നവളാണ് ഞാനെന്നും എനിക്ക് പലപ്പോഴും തോന്നി…..

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് സിബിച്ചൻ ബാംഗ്ലൂരിലേക്ക് പോയപ്പോൾ വല്ലാതെ ഒറ്റപെട്ട ഒരു മനസിനെ മുറുകെ പിടിച്ച് അയാളുടെ ഓരോ വരവിനായി കാത്തിരുന്ന്…..

മാസാവസാനം കൈനിറയെ മധുരപലഹാരങ്ങളുമായി ആനിമോളെ കാണാനോടിയെത്തുമായിരുന്ന സിബിച്ചന്റെയുള്ളിൽ ഇത്തിരി പോലും സ്നേഹമുണ്ടായിരുന്നില്ലേ ആനിമോളോട്…..? ഉണ്ടെന്ന് വിശ്വസിക്കാനായിരുന്നു എന്നും ഇഷ്ടം…..

ബെന്നിചേട്ടായിയുടെ മകൾ ടീനചേച്ചിയും സിബിച്ചനും തമ്മിലുള്ള ദിവ്യാനുരാഗത്തിന്റെ കഥ കൂടെ പഠിക്കുന്ന സോനയിൽനിന്നറിഞ്ഞപ്പോഴേക്കും പിന്നോട്ട് നടക്കാനാവാത്തത്ര ദൂരം ഞാൻ നടന്ന് തീർത്തിരുന്നു. ഒരിക്കലും പറിച്ചെറിയാനാവാത്ത വിധം ആ മുഖം എന്റെ മനസ്സിൽ ആഴ്ന്നിറങ്ങിയിരുന്നു.

“സിബിച്ചാ ഞാൻ സുന്ദരിയാണോ…. ” സിബിച്ചന്റെ ചുമലിലേക്ക് തലചായ്ച്ചിരുന്നുകൊണ്ട് ഞാൻ ആകാശത്തിലെ നക്ഷത്രങ്ങൾക്ക് നേരേ മിഴി തുറന്ന് വെച്ചു….

“എന്താ സംശയം…. എന്റെ ആനിമോള് സുന്ദരിക്കുട്ടിയല്ലേ….. ”

“എങ്കി പറ….. ഞാനാണോ ടീനചേച്ചിയാണോ സുന്ദരി….? ”

“എന്താപ്പോ ഇങ്ങനൊരു സംശയം…. ” സിബിച്ചൻ എന്നെ സൂക്ഷിച്ച് നോക്കി….. “പറ സിബിച്ചാ…. “ഞാനാ കയ്യിൽ പിടിച്ച് വലിച്ചു.

“എന്റെ ആനിമോളെന്നാ സുന്ദരിയാ…. ഞാൻ കണ്ടതിൽ വെച്ചേറ്റവും സുന്ദരി എന്റെ ആനിമോളാന്നേ….. ” സിബിച്ചൻ എന്റെ മൂക്കിൻതുമ്പിൽ തൊട്ടു. എന്റെ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ മിന്നി….. ഉള്ളിൽ പൂത്തിരി കത്തി….. സിബിച്ചന് ആനിമോളേക്കാൾ കൂടുതലായി മറ്റാരേയും സ്നേഹിക്കാനാവില്ലെന്ന വിശ്വസം വീണ്ടും ശക്തമായിത്തന്നെ നിലകൊണ്ടു.

എന്നെ നോക്കുന്ന സിബിച്ചന്റെ കണ്ണുകളിൽ ഞാൻ കാണാനാഗ്രഹിക്കുന്ന ആ തിളക്കം ടീനചേച്ചിയെ നോക്കുന്ന സിബിച്ചന്റെ കണ്ണുകളിൽ കണ്ടെത്തിയത് മുതലാണ് ഞാനസ്വസ്ഥയാവാൻ തുടങ്ങിയത്…..

അതെന്റെ താളം തെറ്റിച്ചു. അങ്ങേയറ്റത്തെ സ്നേഹത്തോടെ മാത്രം എന്നോട് പെരുമാറാറുണ്ടായിരുന്ന ടീനചേച്ചിയെ ഞാൻ വെറുത്തു. എന്നോട് അടുപ്പം കാണിച്ചപ്പോഴെല്ലാം ഞാൻ അകന്ന് മാറി. എനിക്ക് ട്യൂഷനെടുക്കാൻ ഇനി വരേണ്ടതില്ലെന്ന് വിലക്കി.

സാമ്പത്തിക പരാധീനതകളിൽ ഞെരുങ്ങി ഒരു കുടുംബത്തെ മുന്നോട്ട് കൊണ്ട് പോവാൻ ശ്രമിക്കുന്ന ടീനചേച്ചി എല്ലാവർക്കും ഏറെ പ്രിയങ്കരിയായിരുന്നു.

“സിബിച്ചൻ എന്റെയാ…. എന്റെത് മാത്രം…. ”

ഒരിക്കൽ അവസരമൊത്ത് വന്നപ്പോൾ ടീന ചേച്ചിയുടെ നേർക്ക് പൊട്ടിത്തെറിച്ചിട്ടുണ്ട്.

“ആനിമോളെ….. ”

ടീനചേച്ചി അവിശ്വസനീയതോടെ എന്നെ നോക്കി…. അത്ര മാത്രം വെറുപ്പായിരുന്നു അവർ അന്ന് എന്റെ കണ്ണുകളിൽ നിറഞ്ഞു കണ്ടത്. എന്നെ നോക്കി നിൽക്കെ ആ കണ്ണുകൾ നിറഞ്ഞു വന്നു…..

“ഇതെന്നാ പറ്റി കൊച്ചേ നിനക്ക്….. ” അന്ന് വൈകീട്ട് സിബിച്ചൻ വീട്ടിൽ വന്നെന്നെ വിളിച്ച് മാറ്റി നിർത്തിയിട്ട് ചോദിച്ചു.

“എനിക്ക് സിബിച്ചനെ ഇഷ്ടാ….. സിബിച്ചനെന്താ എന്നെ ഇഷ്ടല്ലാത്തെ….?? ”

എന്റെ കണ്ണുകൾ നിറഞ്ഞു….

“ആര് പറഞ്ഞു??എനിക്ക് ആനിമോളെ ഒരുപാടിഷ്ടമാണ്…. പക്ഷെ…. അത് ആനിമോള് കരുതുന്ന പോലെയല്ലാന്ന് മാത്രം. ”

സിബിച്ചൻ സ്നേഹത്തോടെ എന്റെ കവിളിൽ തൊട്ടു. ഞാനാ കൈ തട്ടി മാറ്റി….

“അതെന്നാ…. അതെന്നാ സിബിച്ചാ…. എന്നെ സ്നേഹിക്കാൻ കൊള്ളത്തില്ലേ…??? ” എന്റെ ശബ്ദമിടറി…..

“ഞാനും ടീന ചേച്ചിയും തമ്മിൽ സ്നേഹമാണെന്ന് മോൾക്കറിയത്തില്ലേ…. ”

ഞാൻ അറിയാമെന്ന് തലയാട്ടി.

“പിന്നെന്താ…. മോളെന്നോടിങ്ങനെ….?? ”

“ഞാൻ… ഞാൻ കരുതി എനിക്ക് സിബിച്ചനെ ഇഷ്ടാണെന്നറിയുമ്പോ സിബിച്ചൻ ടീനചേച്ചിയെ വേണ്ടെന്ന് വെക്കുമെന്ന്…. ആനിമോളെ മതിയെന്ന് പറയുമെന്ന്…. ” ഞാൻ തലയുയർത്താതെ വിതുമ്പി….

സിബിച്ചൻ പെട്ടെന്ന് ചിരിച്ചു… അതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലായില്ല.

ബുദ്ദൂസേയെന്ന് എന്റെ തലയ്ക്ക് കിഴുക്കിയിട്ട് നടന്ന് മറയുന്ന സിബിച്ചനെ ഞാൻ കണ്ണീരോടെ നോക്കി നിന്നു….

അവിടം കൊണ്ടെല്ലാമവസാനിച്ചെന്ന് സിബിച്ചൻ കരുതിയിട്ടുണ്ടാവണം. പക്ഷെ വിട്ട് കളയാൻ തയാറല്ലായിരുന്നു അന്ന്… വാശിയായിരുന്നു….. ആഗ്രഹിച്ചതെന്തും സ്വന്തമാകണമെന്ന വാശി…. കിട്ടില്ലെന്നറിയുമ്പോൾ അത് തട്ടിപ്പറിക്കാനുള്ള വാശി….

അപ്പോഴും സിബിച്ചനും ടീനചേച്ചിയും തടസമില്ലാതെ പ്രണയിച്ചുകൊണ്ടേയിരുന്നു…

പ്രതികരിച്ചു. ടീനചേച്ചിയുടെ ജീവനായിരുന്ന കിളിക്കുഞ്ഞിന്റെ ജീവനെടുത്ത് കൊണ്ട് ക്രൂരമായിത്തന്നെ….

അന്ന് ജീവിതത്തിലാദ്യമായി എന്നെ നോക്കുന്ന സിബിച്ചന്റെ കണ്ണുകളിൽ വെറുപ്പ് ഞാൻ കണ്ടു. എനിക്കെന്നെ നിയന്ത്രിക്കാനായില്ല.

“ഈ ദരിദ്രവാസിയെയല്ലാതെ വേറെ ആരേം കിട്ടിയില്ലേ സിബിച്ചന്….??? ”

ടീനചേച്ചിയുടെ ദയനീയ മായ നോട്ടം ഞാൻ അവഗണിച്ചു.

“ഇവൾക്ക് പ്രിയപ്പെട്ടതോരോന്നും ഇത്പോലെ ഇല്ലാതെയാക്കും ഞാൻ….” പറഞ്ഞു തീരുന്നതിന് മുൻപ് സിബിച്ചന്റെ കൈ എന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു…..

“ഇല്ല സിബിച്ചാ….. നിങ്ങള് സന്തോഷത്തോടെ ജീവിക്കത്തില്ല….. ജീവിക്കാൻ പറ്റത്തില്ല….. ആനിയാ പറയുന്നേ….. ” കണ്ണീരോടെ തിരികെ നടന്നു…..

ഞാനയാളെ ഒരുപാടൊരുപാട് സ്നേഹിച്ചിരന്നു….. അത് ബാലിശമായിരുന്നില്ല. ബാലിശമായതിനെ കാണുന്ന കണ്ണുകളാണ് തെറ്റ് ചെയ്യുന്നതെന്ന് ഞാൻ വിശ്വസിച്ചു….

സിബിച്ചന്റെയും ടീനചേച്ചിയുടേയും കല്യാണത്തിന് മുറിയടച്ചിരുന്നു കരഞ്ഞു…..

അതൊരു ഡിപ്രഷൻ സ്റ്റേജിലൂടെ കൊണ്ട് പോയി. എല്ലാവരോടും പകയായിരുന്നു…. ലോകത്തിനോട് മുഴുവൻ ദേഷ്യം…..

സ്വയം വേദനിപ്പിച്ച് ഇഞ്ചിഞ്ചായി ഇല്ലാതായിത്തീരണമെന്ന് തോന്നി….

സിബിച്ചനില്ലാത്ത ഈ ജീവിതം ഇനിയെന്തിനെന്ന് ഉള്ളിലിരുന്ന് നിരന്തരം ആരോ ചോദിക്കുന്നത് പോലെ…..

ഒരു വർഷത്തോളം വേണ്ടി വന്നു അതിൽ നിന്ന് കരകയറാൻ…..

പിന്നെ പിന്നെ ആരോടും അധികം മിണ്ടാതായി. ഞാൻ എന്റേതായ ഒരു ലോകം സൃഷ്ടിച്ച് അതിനുള്ളിൽ ഒതുങ്ങിക്കൂടി.

പ്ലസ് ടു കഴിഞ്ഞപ്പം അമ്മച്ചീടെ വകയിലുള്ള ഒരു അമ്മാച്ചനാണ് ബാംഗ്ലൂർ നഴ്സിങ് കോളേജിൽ അഡ്മിഷൻ തരപ്പെടുത്തിയത്.

പിന്നീട് ഏതാനും വർഷങ്ങൾ ജീവിതം അങ്ങോട്ടേക്ക് പറിച്ച് നട്ടു. അവിടുത്തെ സൗഹൃദങ്ങൾ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചു എന്ന് വേണം പറയാൻ… ക്യാമ്പസ്‌ പ്ലേസ് മെന്റിൽ അവിടുത്തെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ ജോലി ലഭിച്ചു. ഏതാണ്ട് രണ്ട് വർഷത്തോളം അവിടെ….

അപ്പോഴേക്കും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.

എല്ലായിപ്പോഴും പുഞ്ചിരിക്കുന്ന, സഹജീവികളോട് കരുണയുള്ള, ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് പ്രകാശം ചൊരിയുന്ന ആനി പുനർജനിച്ചിരുന്നു…..

അപ്പോഴും മനസിന്റെ ഒരു കോണിൽ സിബിച്ചൻ തെളിമയോടെ നിന്നു…. എനിക്കും അയാൾക്കുമിടയിൽ പ്രണയത്തിലേക്ക് ഒരു കടലോളം ദൂരമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒപ്പം ചെയ്ത് പോയ തെറ്റുകൾ പലപ്പോഴും കണ്ണുകളിൽ പശ്ചാത്താപത്തിന്റെ നീർ പൊടിയിച്ചു.

ചാച്ചന്റെ പെങ്ങള് സിസിലിയാന്റിയാണ് ഇങ്ങോട്ടേക്ക് കൊണ്ട് വന്നത്. പത്തിരുപത് വർഷമായി വിദേശത്തു നേഴ്സ് ആയി സേവനമനുഷ്ഠിക്കുന്ന ആന്റിക്ക് അത് തീർത്തും എളുപ്പമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ആജീവനാന്തത്തേക്കുള്ള ഒരു രക്ഷപെടലും..

ഇപ്പോൾ തീർത്തും അപ്രതീക്ഷിതമായി ഇങ്ങനെ സിബിച്ചന്റെ മുന്നിലും.

മടിയോ, ജാള്യതയോ, ചമ്മലോ, കുറ്റബോധമോ, അതോ കണ്ണുനനയിക്കുന്ന മറ്റേതെല്ലാമോ വികാരവിചാരങ്ങളോ എന്നെ അയാളെ അഭിമുകീകരിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.

അതിൽ നിന്ന് മോചനം നേടാൻ ഏതാനും നിമിഷം വേണ്ടി വന്നു.

“ആനി മോള്…..!!!!” സിബിച്ചൻ പതിഞ്ഞ ശബ്‌ദത്തിൽ എന്റെ പേരുച്ചരിച്ചപ്പോൾ ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു….

എനിക്ക് എന്താണ് ചോദിക്കേണ്ടതെന്നോ പറയേണ്ടതെന്നോ നിശ്ചയമില്ലാതായത് പോലെ തോന്നി….. എന്റെ കർത്തവ്യമെന്താണെന്ന് തന്നെ ഞാൻ മറന്ന് പോയിരുന്നു….

ഞാനെന്തോ ചോദിക്കാനാഞ്ഞെങ്കിലും എനിക്ക് വാക്കുകൾ അന്യമായി…..

അയാളെന്റെ മുഖത്തേക്ക് ദൃഷ്ടിയുറപ്പിച്ചപ്പോൾ ഞാൻ മിഴികൾ താഴ്ത്തി…..

“ഇതെന്നാ പറ്റിയതാ സിബിച്ചാ….. ” ഒരു തുടക്കം കിട്ടയത് പോലെ പെട്ടന്ന് ഞാൻ ചോദിച്ചു….

“ഓ എന്നാ പറയാനാ…ഒരു ചെറിയ ആക്‌സിഡന്റ്…. നെറ്റിയൊന്ന് പൊട്ടി…. ”

“ആനിമോള്….. ഇവിടെ…. കുറേ നാളെയോ??? ”

“ഒരു വർഷം….. ”

“ഇൻജെക്ഷനെടുത്തിട്ടുണ്ട് വേദന കുറഞ്ഞോളും….. ” സിബിച്ചന്റെ കൈത്തണ്ടയിലേക്ക് ആഴ്ന്നിറങ്ങിയ നീഡിൽ സൂക്ഷ്മതയോടെ തിരിച്ചെടുത്ത് മുഖമുയർത്തിയപ്പോൾ സിബിച്ചന്റെ നോട്ടം വീണ്ടുമെന്റെ മുഖത്ത് തട്ടി നിന്നു. മനസ് വീണ്ടും ശൂന്യമാവുന്നത് ഞാനറിഞ്ഞു….

ഇനിയെന്ത് ചോദിക്കണമെന്നോ പറയണമെന്നോ അറിയാതെ കുഴങ്ങി….

“ടീന ചേച്ചി….. ഒന്ന് കാണണമെന്നുണ്ടായിരുന്നു…. ” മടിച്ച് മടിച്ചു കൊണ്ടാണന്വേഷിച്ചത്.

“എന്തിനാ….. ” സിബിച്ചന്റെ നോട്ടത്തിന് മുന്നിൽ തെല്ല് പതറി….

“പക്വതയില്ലാത്ത പ്രായത്തിൽ പറ്റിപ്പോയതാ.. ക്ഷമിച്ചേക്കണേ എന്നൊര് വാക്ക് പറയാനാ…” എന്റെ ശബ്ദം ചിലമ്പി….. കണ്ണുകൾ നീറി….

“ഇനിയിപ്പോ അതിന്റെ ആവശ്യമൊന്നുമില്ല..” ഒട്ടും മയമില്ലാത്ത പരുക്കൻ ശബ്‌ദത്തോടെയത് പറഞ്ഞപ്പോൾ ഉള്ളിലെവിടെയോ ഒരു പിടച്ചിൽ പോലെ….

“അതെന്നാ സിബിച്ചാ…..? ടീന ചേച്ചി ക്ഷമിക്കത്തില്ലേ എന്നോട്….?? ” പൊടുന്നനെ എന്റെ കണ്ണ് നിറഞ്ഞു.

“എനിക്കൊന്ന് കണ്ടാ മതി. എനിക്കറിയാ ടീനചേച്ചിക്കെന്നോട് ക്ഷമിക്കാതിരിക്കാൻ പറ്റത്തില്ല…. അത്രക്ക് പാവമല്ലാരുന്നോ ടീന ചേച്ചി…..? ”

സിബിച്ചൻ ഒന്നും മിണ്ടാതെ ഏറെ നേരം എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ടിരുന്നു….

പിന്നെ കൂടുതലൊന്നും സംസാരിക്കാൻ താല്പര്യപ്പെടാത്ത പോലെ ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് എനിക്ക് നേരേ നീട്ടി….

തെളിഞ്ഞ സുന്ദരമായ ഒരു പ്രഭാതമായിരുന്നു അത്….. ശൈത്യകാലത്തിന് മുന്നോടിയായുള്ള നേർത്ത തണുപ്പ് മാത്രമുള്ള സുന്ദരമായൊരു കാലാവസ്ഥ….

ഹാംബർഗിലെ ആ അപ്പാർട്മെന്റിലെത്താൻ ഏറെ ബുധിമുട്ടുന്നുമുണ്ടായിരുന്നില്ല. വാതിൽ തുറന്നത് സിബിച്ചനായിരുന്നു.

“അപ്പോ കാര്യായിട്ട് പറഞ്ഞതായിരുന്നല്ലേ….. ഞാൻ കരുതി താനിനി വരാനൊന്നും പോവുന്നില്ലെന്ന്….” അകത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചിട്ട് സിബിച്ചൻ മുഖവുരയില്ലാതെ പറഞ്ഞു.

എന്റെ കണ്ണുകൾ ടീനചേച്ചിക്കായി പരതി…. “ടീനയെ ആണെങ്കി നോക്കണ്ട. അവൾ പോയി. ” “ഇനി…. വരത്തില്ല കൊച്ചേ…..” അത് മനസിലാക്കിയിട്ടെന്നവണ്ണം സിബിച്ചൻ പറഞ്ഞു.

എന്റെ ഉള്ള് കിടുകിടുത്തു….

“എങ്ങോട്ട്…?”പതറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു…

അയാളെന്നെ നോക്കി അർത്ഥമില്ലാത്തൊരു ചിരി ചിരിച്ചു…. ആ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസിലായില്ല. എന്റയുള്ള് പ്രക്ഷുബ്ദ്ധമായ സമുദ്രം കണക്കെ കുത്തിമറിഞ്ഞു. കൂടുതലൊന്നും പറയാതെ അയാൾ എഴുനേറ്റ് നടന്നു… ഞാനയാളെ അനുഗമിച്ചു.

ടീന ചേച്ചിയുടെ പുഞ്ചിരിതൂകുന്ന ഒരു ചിത്രത്തിനായി എന്റെ കണ്ണുകൾ എവിടെയൊക്കെയോ പരതി…. ഒന്നും കണ്ടില്ല.

“ആനികൊച്ചിന് ചായയോ അതോ കാപ്പിയോ… “ഇലക്ട്രിക് കെറ്റിലിലേക്ക് വെള്ളമെടുക്കുന്നതിനിടെ സിബിച്ചൻ അന്വേഷിച്ചു. ഞാനൊന്നും പറഞ്ഞില്ല…..

“സന്തോഷമുള്ളൊരു ജീവിതമായിരുന്നു കൊച്ചേ….. പക്ഷെ…. ഇവിടെത്തിയപ്പോ അവളാകെ മാറിപ്പോയി…. ആ മാറ്റത്തെ ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഞാനവളെ സ്നേഹിച്ചിരുന്നു….. ”

സിബിച്ചൻ അൽപനേരം എന്തോ ഓർത്തത് പോലെ തോന്നി….

“പിന്നെ… ഒര് കൊച്ചിനെ തരാൻ കഴിയാത്ത കെട്ടിയോനെ വേണ്ടെന്ന് അവൾക്ക് തോന്നിക്കാണും….. ”

കേട്ടതൊന്നും വിശ്വസിക്കാനാവാതെ…. എന്ത് പറയണമെന്നറിയാതെ ഞാൻ നിന്നു…. “ഒള്ളത് പറയാലോ… തനിക്ക് നല്ല കരിനാക്കാട്ടോ…. ” ഞാൻ വല്ലാതായി…..

അയാൾ ചിരിച്ചപ്പോൾ ഉള്ളിലെവിടെയോ നോവുന്നത് പോലെ തോന്നി….

“ഇനിയും തനിക്കവളെ കണ്ട് മാപ്പ് പറഞ്ഞേ തീരു എന്നുണ്ടെങ്കി ഞാൻ അഡ്രെസ്സ് തരാം. ഇവിടന്ന് ഒത്തിരി ദൂരം ഇല്ല…. എന്റെ മാനേജരായിരുന്ന ഒര് ജോയ്… അവന്റെ കൂടെയാ ഇപ്പം… ഒര് കൊച്ചും ഒണ്ട്…. ” “ഇവിടെ ഇതൊക്കെ സാധാരണമല്ലേ…. ” എന്റെ നേർക്ക് കാപ്പിക്കപ്പ് നീട്ടിയിട്ട് അയാൾ തുടർന്നു…..

തിരികെ വന്ന് ടീപ്പോയിമേലിരുന്ന കാർഡെടുത്ത് മാറ്റാൻ എനിക്ക് സമയം കിട്ടിയില്ല. അപ്പോഴേക്കും സിബിച്ചൻ അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. പിന്നെ നോട്ടം എന്റെ മുഖത്തേക്കായി.

“ക്ഷണിക്കാനാണോ….? ”

എനിക്ക് വാക്കുകൾ കിട്ടിയില്ല. ആണെന്നോ അല്ലെന്നോ പറയാനാവാത്ത ഒരു നിസഹായത….

എൻഗേജ്മെന്റ് ദിവസം സിബിച്ചനെ അലന് എങ്ങനെ പരിചയപ്പെടുത്തണമെന്നറിയാതെ ഞാൻ പതറി.

എന്റെ എല്ലാവിധ ആശംസകളും എന്ന് സിബിച്ചൻ എന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഞാൻ അപരാധം ചെയ്തവളേ പോലെ മുഖം കുനിച്ചു.

പിന്നീട് ഒന്ന് രണ്ട് തവണ സിബിച്ചനെ ഞാനാ അപ്പാർട്മെന്റിൽ പോയി കണ്ടു. കുറ്റബോധമാണ് എന്നെക്കൊണ്ടത് ചെയ്യിക്കുന്നതെന്ന് ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു….

പിന്നെ പിന്നെ സിബിച്ചനെ കാണാൻ വേണ്ടി കാരണങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത് മുതൽ ഞാൻ ജാഗരൂകയായി….

ഓരോ തവണ സിബിച്ചനെ കാണുമ്പോഴും ഉള്ളിലെന്തോ കൊളുത്തി വലിക്കുന്നത് പോലെ….. വാക്കുകൾ എനിക്കന്യമാവുന്നത് പോലെ…. സിബിച്ചൻ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാനെന്തോ തെറ്റ് ചെയ്യുകയാണെന്ന് ഓർമപ്പെടുത്തുന്നത് പോലെ….

“എന്റെ വിവാഹത്തിന് വരണ്ട കേട്ടോ…. ” ഒരിക്കെ ഞാൻ പറഞ്ഞപ്പോൾ സിബിച്ചൻ ഒന്നും മിണ്ടാതെ എന്റെ മുഖത്തേക്ക് നോക്കി നിമിഷങ്ങളോളം നിന്നു. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. ഞാൻ മറ്റെവിടേക്കോ ദൃഷ്ടിയുറപ്പിച്ച് ആ നിമിഷത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു….

വിവാഹദിവസം അടുത്ത് വരുന്തോറും ഞാൻ വലിയ ഏതോ തെറ്റിലേക്ക് നടന്നടുക്കുകയാണെന്ന തോന്നൽ കൂടി വന്നു…. ഞാൻ എന്നോടും മറ്റ്‌ പലരോടും തിരുത്താനാവാത്ത വലിയൊര് തെറ്റ് ചെയ്യാൻ പോവുകയാണെന്ന് ഉള്ളിലിരുന്ന് ആരോ ഓർമപ്പെടുത്തി…..

പക്ഷെ ഞാൻ നിസ്സഹായയായിരുന്നു….. ഒരു പുൽക്കൊടിയുടെ അത്ര പോലും ശക്തിയില്ലാത്തവളാണ് ഞാനെന്ന് എനിക്ക് തോന്നി….

മുറിയടച്ചിരുന്ന് മണിക്കൂറുകളോളം കരഞ്ഞു….. ഹൃദയമുരുകിയിട്ടാണ് കണ്ണുനീരുണ്ടാവുന്നതെന്ന് ആരോ പറഞ്ഞതോർത്തു…..

എല്ലാത്തിന്റേയും ഒടുവിൽ, ഞാൻ ഫോണെടുത്ത് അലന്റെ നമ്പർ ഡയൽ ചെയ്തു…..

മഞ്ഞുകാലമായതിനാൽ എന്നെ വിറയ്ക്കുന്നുണ്ടായിരുന്നു…. എനിക്ക് ചുറ്റിലും മഞ്ഞ് അതിന്റെ എല്ലാവിധ മനോഹാരിതയോടും കൂടി വിസ്മയം തീർത്തു. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ചെടികളും മരങ്ങളും കെട്ടിടങ്ങളും…. ഏതോ ചുമർചിത്രത്തിനെ അനുസ്മരിപ്പിച്ചു.

കാളിങ് ബെല്ലിൽ വിരലമർത്തി ഞാൻ സിബിച്ചന്റെ അപ്പാർട്മെന്റിന് മുന്നിൽ അക്ഷമയോടെ കാത്ത് നിന്നു….

വാതിൽ തുറന്ന സിബിച്ചന് നേർക്ക് ഞാൻ കാറ്റിനേക്കാൾ വേഗത്തിൽ പാഞ്ഞടുത്തു.

“ടീനചേച്ചിക്ക് വേണ്ടേൽ വേണ്ട….. എനിക്ക് വേണം…. എനിക്ക് വേണം സിബിച്ചനെ…..” ആ തോളിൽ മുഖമർപ്പിച്ച് കൊണ്ട് ഞാൻ കരച്ചിലടക്കാൻ ശ്രമിച്ചു.

എന്റെ പ്രണയത്തിലേക്കുള്ള കടൽദൂരത്തെ ഒരു ഞൊടികൊണ്ട് ഞാൻ മറികടന്ന നിമിഷമായിരുന്നു അത്…..

അൽപനേരം അമ്പരന്ന് നിന്നിട്ട് സിബിച്ചൻ എന്റെ അരയിലൂടെ കൈ ചുറ്റി എന്നെ ഒന്നുകൂടെ ചേർത്ത് പിടിച്ച് ഏതാനും നിമിഷം നിന്നു…. ഈ നിമിഷം…. ഇത് സത്യമാണെന്ന് സ്വയം വിശ്വസിപ്പിക്കാനെന്നപോലെ…..

പിന്നെ ഓരോര്മപ്പെടുത്തലെന്ന പോലെ കാതിൽ ഇങ്ങനെ മന്ത്രിച്ചു. “എനിക്ക് കുട്ടികളുണ്ടാവത്തില്ല കൊച്ചേ….. ”

“നമ്മക്ക് ദത്തെടുക്കാം…… ” ഞാൻ ആ തോളിൽ നിന്ന് മുഖമുയർത്താതെ സിബിച്ചനെ ഒന്നുകൂടെ മുറുകെ കെട്ടിപ്പിടിച്ചു…. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ഷീന ആമി

Leave a Reply

Your email address will not be published. Required fields are marked *