രാവണത്രേയ, തുടർക്കഥ ഭാഗം 43 തുടർച്ച വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ബന്ധമുണ്ടോ ഇല്ലയോ എന്ന് പറയേണ്ട.. പകരം മറ്റൊരു ചോദ്യത്തിന് ഉത്തരം നല്കിയാൽ മതി…

രാവണിന്റെ ആ പറച്ചില് കേട്ട് അഗ്നി രാവണിന് നേരെ നോട്ടം കൊടുത്തു..

വേറൊന്നുമല്ല അഗ്നീ… കുറച്ചു നാളുകൾക്കു മുമ്പ് ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് കൺമണി ഒരാളുമായി നിയമപരമായി രജിസ്റ്റർ മാര്യേജ് നടത്തി…. അതിന് സാക്ഷ്യം വഹിച്ചത് നിന്റെ ഫ്രണ്ട്സായ നിതിനും,സ്മിത്തും ആയിരുന്നു…!! ഞാനൊരന്വേഷണം നടത്തിയപ്പോ നീയും ആ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്… എന്റെ ചോദ്യം മറ്റൊന്നുമല്ല.. നിനക്ക് വളരെ പെട്ടെന്ന് തന്നെ answer നല്കാൻ കഴിയുന്ന ഒരു ചോദ്യമാണിത്… എന്താണെന്നല്ലേ…

അന്നത്തെ ദിവസം അവിടെ നിനക്കുള്ള റോൾ എന്തായിരുന്നു…?? എന്തിന് വേണ്ടീട്ടാ നീയവിടെ എത്തിയത് എന്ന് ഈ കൂടി നില്ക്കുന്ന എല്ലാവരോടും ഒന്ന് പറഞ്ഞേ അഗ്നീ…

അത്…രാവൺ…!!!

അഗ്നി അല്പമൊന്ന് പതറിയതും വസുന്ധര ദേഷ്യത്തോടെ അവർക്കരികിലേക്ക് നടന്നു ചെന്നു…

എന്താ രാവൺ നിന്റെ ഉദ്ദേശം…??? ഓരോന്നും പറഞ്ഞ് എന്റെ മോന്റെ മനസ്സിനെ വിഷമിപ്പിക്കാൻ വേണ്ടീട്ടാണോ ഈ ചോദ്യം…!!! അല്ലെങ്കിൽ തന്നെ ഇവിടുത്തെ വേലക്കാരിയുമായി ഇവന് എന്ത് ബന്ധമുണ്ടാകാനാ…

വസുന്ധര കൺമണിയെ രൂക്ഷമായി നോക്കി… അവള് കണ്ണീര് കടിച്ചു പിടിച്ചു കൊണ്ട് തലകുനിച്ച് നിൽക്ക്വായിരുന്നു… വസുന്ധരയുടെ മുഖത്തെ ദേഷ്യം കണ്ടതും രാവൺ അവരിലേക്ക് നോട്ടം കൊടുത്തു…

അങ്ങനെ തീർത്തും പറയല്ലേ ചെറിയമ്മേ…!!! കൺമണി ഈ തറവാട്ടിലെ ഒരു വേലക്കാരി ആണെങ്കിൽ കൂടി അഗ്നിയുമായി ഒരു ബന്ധവും പാടില്ലാന്നുണ്ടോ…

അങ്ങനെ പറയാൻ മാത്രം എന്ത് ബന്ധമാ രാവൺ ഇവൾക്ക് എന്റെ മോനോടുള്ളത്…. അതെന്താണെന്ന് ഇവള് പറയട്ടേ… പറയെടീ…എന്ത് ബന്ധമാ നിനക്ക് എന്റെ അഗ്നിയുമായുള്ളത്…

വസുന്ധര ചീറിയടുത്തിട്ടും കൺമണി ഒന്നും പ്രതികരിക്കാൻ മുതിരാതെ പരിഭ്രമത്തോടെ തലകുനിച്ചു നിന്നു…

നേരായ ഭാഷയിൽ ചോദിച്ചാൽ നിനക്ക് പറയാൻ കഴിയില്ല ല്ലേ…!!!

വസുന്ധര ദേഷ്യത്തോടെ മുഖം ചുളിച്ചു കൊണ്ട് കൺമണിയുടെ കരണത്തേക്ക് കൈത്തലം ആഞ്ഞ് വീശി.. പക്ഷേ അതവളുടെ കരണത്ത് പതിയും മുമ്പേ അഗ്നി ശക്തിയോടെ അവരുടെ കൈത്തണ്ട തടുത്തു നിർത്തി…. ദേഷ്യത്തോടെ വിറകൊണ്ടിരുന്ന അഗ്നിയുടെ മുഖവും അമ്പരപ്പോടെ നിന്ന വസുന്ധരയേയും കണ്ടുകൊണ്ടാണ് കൺമണി മെല്ലെ മുഖമുയർത്തിയത്….!!! ആ കാഴ്ച കണ്ടതും കൺമണി ഞെട്ടലോടെ അവരെ തന്നെ മാറിമാറി നോക്കി നിന്നു…

അമ്മയുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ നല്കിയാൽ പോരെ… അതിന് ഇവളെ തല്ലേണ്ട ആവശ്യമില്ല…!! അതും എന്റെ മുന്നിൽ വച്ച് അനുവദിച്ചു തരില്ല ഞാൻ..

അഗ്നീ…!!!

വസുന്ധര ഉച്ചത്തിൽ അലറി…

അമ്മ ഇത്രയും രോഷം കാണിക്കേണ്ട ആവശ്യമില്ല…!! കൺമണി ഞാൻ താലികെട്ടിയ എന്റെ ഭാര്യയാണ്….

പൂവള്ളി മനയിൽ അഗ്നിഹോത്രിയുടെ ഭാര്യ…!!! അവളെ എനിക്ക് വളരെക്കാലം മുമ്പേ തന്നെ ഇഷ്ടമായിരുന്നു… പക്ഷേ ആ ഇഷ്ടം പ്രകടമായത് ഇപ്പോഴാണെന്ന് മാത്രം… അതുകൊണ്ട് തന്നെ അവൾ തീർത്തും നിരാലംബയായി നിന്ന നിമിഷം അവളെ എന്റെ ജീവിത പങ്കാളിയായി സ്വീകരിക്കാൻ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല…

മായമ്മ മരിച്ച ദിവസം മുതലുള്ള ഓരോ സംഭവങ്ങളും അഗ്നി എല്ലാവരോടുമായി തുറന്നു പറയാൻ തുടങ്ങി…. അവന്റെയും കൺമണിയുടേയും മനസ്സ് ഒരുപോലെ കുറേനാളുകൾ പിന്നിലേക്ക് സഞ്ചരിച്ചു…. ____________

മായമ്മയുടെ ശവശരീരം കത്തെയിരിഞ്ഞ ചിതയ്ക്കരികെ ഈറനോടേ നിൽക്ക്വായിരുന്നു അഗ്നി… അവനരികെ പൊട്ടിക്കരഞ്ഞു നിന്ന കൺമണിയെ നിസ്സഹായനായി നോക്കി നിൽക്കാനേ അഗ്നിയ്ക്ക് കഴിഞ്ഞുള്ളൂ…. ഒടുവിൽ ഒരു കടുത്ത തീരുമാനം മനസ്സിലുറപ്പിച്ചു കൊണ്ട് അഗ്നി ഡ്രസ് ചേഞ്ച് ചെയ്ത് പുറത്തേക്കിറങ്ങി…. അധികം വൈകാതെ തന്നെ അവൻ കൺമണിയുടെ വീട്ടിലേക്ക് തന്നെ തിരികെ എത്തി…

അപ്പോഴേക്കും മരണവീട്ടിലെ ആളും ബഹളവുമെല്ലാം ഒഴിഞ്ഞിരുന്നു… ആ ചെറിയ വീടിനുള്ളിൽ ഒരിരുണ്ട മുറിയിലായി ചടഞ്ഞു കൂടിയിരുന്ന കൺമണിയെ കണ്ടതും അഗ്നിയുടെ മുഖത്ത് ഒരു തരം ദയനീയത നിറഞ്ഞു…

രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ അവനവളുടെ കൈത്തണ്ടയിൽ പിടി മുറുക്കി കൺമണിയെ നിലത്ത് നിന്നും എഴുന്നേൽപ്പിച്ച് പുറത്തെ ചിതയ്ക്കരികിലേക്ക് കൊണ്ടുപോയി.. എന്താണ് നടക്കുന്നതെന്ന് ലക്ഷ്യമില്ലാതെ ഒരുതരം അമ്പരപ്പോടെ കൺമണി അഗ്നിയ്ക്ക് പിറകെ നടന്നു…

ആളിയെരിയുന്ന ചിതയ്ക്കരികിലേക്ക് അവളെ കൊണ്ട് നിർത്തി അഗ്നി കുറേനേരം നിശബ്ദനായി അങ്ങനെ നിന്നു….

മിഴീ…

അഗ്നിയുടെ ശബ്ദം കേട്ട് അവളവന് നേരെ നോട്ടം നല്കി…

എന്റെ മനസ്സിൽ ചില തീരുമാനങ്ങളുണ്ട്…. എല്ലാവർക്കും മുന്നിൽ അത് തെറ്റാണോ ശരിയാണോ എന്നറിയില്ല… പക്ഷേ എന്റെ മനസ്സിനത് നൂറ് ശതമാനം ശരിയാണ്…

അത്രയും പറഞ്ഞു കൊണ്ട് മഞ്ഞച്ചരടിൽ കോർത്തെടുത്ത ഒരു താലി അവൻ പോക്കറ്റിൽ നിന്നും മുകളിലേക്ക് ഉയർത്തി എടുത്തു… ആ കാഴ്ച കണ്ട് ഞെട്ടലോടെ നിന്ന കൺമണിയുടെ കണ്ണുകളിലേക്ക് നോട്ടം കൊടുത്ത് തന്നെ അഗ്നി ആ താലിച്ചരട് അവളുടെ കഴുത്തിലേക്ക് അണിയിച്ചു… കത്തിയെരിയുന്ന ചിതയെ സാക്ഷി നിർത്തി കൊണ്ട് തന്നെ അവനാ താലിച്ചരടിൽ മൂന്ന് ബന്ധനങ്ങൾ തീർത്തു… അഗ്നിയ്ക്കെതിരെ എതിർപ്പിന്റെ ഭാഷയിൽ ഒരു ചെറുവിരൽ പോലും ചലിപ്പിക്കാതെ കൺ മണി അവന് വിധേയത്വം പ്രകടിപ്പിച്ചു…. ഒരുപക്ഷേ അവളുടെ അനാഥത്വം അവളെ അതിന് പ്രേരിപ്പിക്കുകയായിരുന്നു..

കൺമണിയുടെ കഴുത്തിൽ താലി ചാർത്തിയ ശേഷം മുഖമുയർത്തുമ്പോ അഗ്നിയുടെ കണ്ണിൽ ഒരുതരം ആശ്വാസവും കൃതാർത്ഥതയും നിറഞ്ഞിരുന്നു…. അവന്റെ ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു…

സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു പെണ്ണിനോട് തോന്നിയ സഹതാപമോ… നിരാലംബയായ ഒരു പെണ്ണിനെ രക്ഷിക്കാൻ വേണ്ടിയുള്ള സാഹസമൊ ഒന്നുമല്ല… ശരിയ്ക്കും ഇഷ്ടമായിട്ട് തന്നെയാ….!! കുറേ നാളായി ഈ നെഞ്ചിലെടുത്ത് വച്ച മുഖമാ നിന്റേത്… തുറന്നു പറയാൻ പല തവണ മനസ്സിൽ വിചാരിച്ചു…. പക്ഷേ നീയത് എങ്ങനെ ഉൾക്കൊള്ളുമെന്ന ഭയം എന്നെ പിന്നോട്ട് വലിച്ചു…

പക്ഷേ നിന്റെയുള്ളിൽ അന്നും ഇന്നും എനിക്ക് ഒരു സ്ഥാനമുണ്ടെന്നറിയാം മിഴീ….!! ചില കാരണങ്ങൾ കൊണ്ട് നീയത് മനസ്സിൽ കുഴിച്ചു മൂടാൻ ശ്രമിക്കുന്നുണ്ട്. അതെനിക്ക് മനസിലായി… ഇനിയത് വേണ്ട… പൂവള്ളി മനയേയോ, അവിടുത്തെ അംഗങ്ങളേയോ ഭയപ്പെടുന്ന കൂട്ടത്തിൽ ഈ അഗ്നിയെ കാണേണ്ട ആവശ്യമില്ല… ഇനി മുതൽ അഗ്നി നിന്റേതാ…നിന്റേത് മാത്രം…!!! അതുപോലെ നിന്നിലെ അവകാശവും എനിക്ക് വേണം മിഴീ…!!!

അഗ്നി ഇരുകൈകളാലെ കൺമണിയുടെ മുഖം കൈക്കുമ്പിളിലെടുത്തു… നിറകണ്ണുകളോടെ നിന്ന കൺമണി അഗ്നിയുടെ വാക്കുകൾ കേട്ട് ചുണ്ടിരൊരു പുഞ്ചിരി പൊഴിച്ചു….

അഗ്നീ… ഇതൊക്കെ… ഇതൊക്കെ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല… സത്യമോ മിഥ്യയോ എന്ന് പോലും വ്യക്തമാകുന്നില്ല എനിക്ക്…!!!

അവളുടെ ശബ്ദം ഇടറി..

സത്യം തന്നെയാ മിഴീ… ദേ നമുക്ക് സാക്ഷിയായി ഇപ്പോ ഏതെങ്കിലും രൂപത്തിലിരുന്ന് മായമ്മ ഇതൊക്കെ കേൾക്കുന്നുണ്ടാവും… *ആ ആത്മാവിനും എന്റെ പെണ്ണിനും ഈ അഗ്നി നല്കുന്ന വാക്കാണ് ഇത്… എന്റെ ഭാര്യക്ക് ഞാൻ തരുന്ന ആദ്യത്തെ വാക്ക്…!!! ഒരു പ്രതിസന്ധി ഘട്ടത്തിലും ഒറ്റയ്ക്കാക്കില്ല ഞാൻ…. ഇനിയുള്ള കാലം വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിക്കില്ല…*

അത്രയും കേട്ടതും കൺമണി നിറകണ്ണുകളോടെ അഗ്നിയുടെ നെഞ്ചിലേക്ക് ചാഞ്ഞു… ഒരു കടൽ സ്നേഹത്തോടെ അവനവളെ ചുറ്റി വരിഞ്ഞു കൊണ്ട് ഇറുകെ പുണർന്നു… കത്തിയമർന്ന ജ്വാലയ്ക്ക് മുന്നിൽ കൺമണി തന്റെ സങ്കടക്കടലിനെ അഗ്നിയിലേക്ക് പകർന്നു നൽകി… അവളുടെ എല്ലാ വിഷമങ്ങളേയും ഏറ്റുവാങ്ങി കൊണ്ട് അവനവൾക്കൊരു കരുതലായി മാറി….

ആ സംഭവത്തിന് ശേഷം ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അഗ്നി കൺമണിയെ കൂട്ടി ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയത്….

ഓഫീസിന് മുന്നിൽ എത്തിയപ്പോൾ തന്നെ അഗ്നിയുടെ ഫ്രണ്ട്സ് അവരെ കാത്ത് നില്പുണ്ടായിരുന്നു….

അധിക സമയം പുറത്ത് നിന്ന് സമയം കളയാതെ അഗ്നി മിഴിയെ കൂട്ടി അകത്തേക്ക് നടന്നു.. രജിസ്ട്രാറിന് മുന്നിൽ എത്തിയതും ഇരുവർക്കും നേരെ അയാളൊരു പേപ്പർ നീട്ടി വച്ചു…. അഗ്നിയുടേയും,കൺമണിയുടേയും ഫോട്ടോസ് പതിപ്പിച്ച ഒരു ഫോമായിരുന്നു അത്… അത് കണ്ട് അമ്പരപ്പോടെ ഇരുന്ന മിഴിയുടെ മുഖത്തേക്ക് നോട്ടമിട്ടു കൊണ്ട് അഗ്നി ആ ഫോം കൈയ്യിൽ വാങ്ങി അതിലേക്ക് sign ചെയ്തു…. ശേഷം അതവൻ മിഴിയ്ക്ക് നേരെ നീട്ടി വച്ചു…

Sign ചെയ്യ്…!!

അഗ്നി പുഞ്ചിരിയോടെ പറഞ്ഞത് കേട്ട് കൺമണി അത് കൈയ്യിൽ വാങ്ങി ഒരു നിമിഷം ഒന്ന് ചിന്തയിലാണ്ടു… എല്ലാറ്റിനും ഒടുവിലായി ഒരു ദീർഘ നിശ്വാസമിട്ടു കൊണ്ട് അവളതിലേക്ക് സൈൻ ചെയ്തു….

ഇത് വെറുമൊരു formalities ന് വേണ്ടിയാണ്…. ഇതിന്റെ ഒരു കോപ്പി ഇന്നു തന്നെ ഞങ്ങള് പുറത്തെ ബോർഡിൽ പിൻ ചെയ്തു വയ്ക്കും… അതിന് ശേഷം കൃത്യം ഏഴ് ദിവസം കഴിയുമ്പോ ലീഗലി നിങ്ങളുടെ മാര്യേജ് ചെയ്യാവുന്നതാണ്…

രജിസ്ട്രാർ പറഞ്ഞത് കേട്ട് ഇരുവരും തലയാട്ടി പുറത്തേക്ക് ഇറങ്ങി… അതിന് ശേഷമുള്ള ഏഴ് ദിവസങ്ങൾ കൺമണിയിൽ ചെറിയ ടെൻഷനുകൾ ഉണ്ടാക്കിയിരുന്നു… പക്ഷേ അഗ്നിയുടെ ഇടപെടീൽ അവളിലെ മാനസിക പിരിമുറുക്കങ്ങൾക്ക് അയവ് വരുത്തി…. ഒളിഞ്ഞും തെളിഞ്ഞും അവനവൾക്ക് ആശ്വാസം പകർന്നു കൊണ്ടിരുന്നു…

ഏഴാം ദിവസം എത്തിയതും പൂവള്ളിയിലെ എല്ലാ അംഗങ്ങളുടേയും കണ്ണു വെട്ടിച്ചു കൊണ്ട് അഗ്നി കൺമണിയെ കൂട്ടി രജിസ്റ്റർ ഓഫീസിലേക്ക് പോയി… രജിസ്ട്രാർ പറഞ്ഞതനുസരിച്ച് ലീഗലി വിവാഹം രജിസ്റ്റർ ചെയ്ത് ഇരുവരും പരസ്പരം വരണമാല്യം അണിഞ്ഞു…. ആ കാഴ്ച കാണാൻ പൂവള്ളി മനയിലെ ആരും തന്നെ ഉണ്ടായിരുന്നില്ല…!!! ___________

അഗ്നി ഓരോ സന്ദർഭവും ഓർത്തെടുത്ത് കൊണ്ട് വളരെ ലളിതമായി കാര്യങ്ങൾ പൂവള്ളിയുടെ പൊതു സഭയിൽ അവതരിപ്പിച്ചു….

അതെല്ലാം കേട്ട് അരിശം കയറി നില്ക്ക്വായിരുന്നു വസുന്ധര… കാര്യങ്ങൾക്കെല്ലാം ഒരു വ്യക്തത വന്നതും രാവൺ അഗ്നിയ്ക്ക് അടുത്തേക്ക് നടന്നു ചെന്നു…

അപ്പോ ഇന്നലെ ഉണ്ടായത് എന്താ അഗ്നീ… ആരെയാ നീ ബിയർ ബോട്ടിലിനടിച്ചത്….?? അവനും നീയും തമ്മിൽ എന്താ ബന്ധം…???

രാവണിന്റെ ചോദ്യം കേട്ട് കൺമണി അമ്പരപ്പോടെ അഗ്നിയിലേക്ക് നോട്ടം കൊടുത്തു… അവളെ നോക്കി അല്പം പതർച്ചയോടെ അഗ്നി കാര്യങ്ങൾ വിശദമാക്കി…

അത്… മിഴീടെ ഒരു റിലേറ്റീവ് ആണ്…പേര് അഭിലാഷ്.. അവന്റെ ശല്യം സഹിക്ക വയ്യാതെ ആയപ്പോഴാ ഇവളിവിടെ ജോലിയ്ക്ക് വന്നത്… ആദ്യം ഞാനവന് ഒരു താക്കീത് നല്കിയതാ… പക്ഷേ അവൻ പിന്മാറാൻ തയ്യാറായില്ല… നൈറ്റ് ഡ്രൈവിനിടെ കുറേ വാടക ഗുണ്ടകളെ കൂട്ടി വന്ന് അവനെന്റെ വഴി തടഞ്ഞു.. കൊല്ലാനായിരുന്നു ഉദ്ദേശം… പക്ഷേ ഞാൻ വെച്ച് വെളുപ്പിച്ചു… കൈയ്യിൽ കിട്ടിയ എല്ലായെണ്ണത്തിനിട്ടും പൂശി… ഒടുക്കം കൈയ്യിൽ തടഞ്ഞ ഒരു ബിയർ ബോട്ടിൽ എടുത്ത് അന്നേരത്തെ ആവേശത്തിന് അവന്റെ തലയ്ക്കിട്ട് ഒന്ന് കൊടുത്തു…. മരിയ്ക്കാൻ സാധ്യതയില്ല…

അഗ്നിയുടെ വാക്കുകൾ കേട്ട് കൺമണി ഞെട്ടലോടെ വായപൊത്തി നിന്നു…

ഇന്നലെ ഇവളോട് എല്ലാം തുറന്നു പറയണംന്ന് കരുതിയതാ… അപ്പോഴാ നിന്റെ അർത്ഥം വച്ചുള്ള ചില ചോദ്യങ്ങളും എന്തൊക്കെയോ കണ്ടെത്തിയ മട്ടിലുള്ള നോട്ടവും വന്നത്… പിന്നെ വിചാരിച്ചു പറയാണ്ടിരിക്കുന്നതാ നല്ലതെന്ന്…!! അവന്മാരുമായുള്ള ഏറ്റുമുട്ടലിലാ ശരിയ്ക്കും എന്റെ കൈത്തണ്ടയിൽ മുറിവേറ്റത്…!!!

അഗ്നി പറഞ്ഞത് കേട്ട് രാവൺ കാര്യമായി തലയാട്ടി കൊണ്ട് ഹാളിന്റെ മധ്യഭാഗത്തേക്ക് നടന്നു….

അപ്പോ ഇതുവരെയുമുള്ള എല്ലാ കഥകളുടേയും വിശദമായ വിവരങ്ങൾ നാടകീയമായ രീതിയിൽ തന്നെ എല്ലാവർക്കും വ്യക്തമായിട്ടുണ്ടാവുമല്ലോ.!! ഇനി ഒരു രണ്ട് ചടങ്ങ് കൂടി ബാക്കിയുണ്ട്…

രാവണിന്റെ വാക്കുകൾ കേട്ട് എല്ലാവരും ഒരുപോലെ സംശയഭാവത്തിൽ രാവണിനെ നോക്കി…

അതിൽ ഒന്നാമത്തേത് രണ്ട് പേരെ ആചാരപൂർവ്വം ഇവിടെ നിന്നും പുറത്തേക്ക് അയയ്ക്കുന്ന ചടങ്ങാണ്…. രണ്ടാമത്തേത് ഒരാളെ ഐശ്വര്യത്തോടെ ഈ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങും…

വളരെ സിമ്പിളായി പറഞ്ഞാൽ ഒരു ഗൃഹപ്രവേശവും ഒരു പടിയടച്ച് പിണ്ഡം വയ്ക്കലും…!!!

അത് പറയുമ്പോ രാവണിന്റെ പല്ലുകൾ ഞെരിഞ്ഞു… രാവണിന്റെ വാക്കുകൾ കേട്ട് വൈദിയും,പ്രഭയും ഒരുപോലെ സോഫയിൽ നിന്നും എഴുന്നേറ്റു… പക്ഷേ വസുന്ധരയുടെ മുഖത്ത് ദേഷ്യം കത്തിയെരിയുകയായിരുന്നു…

എന്താ രാവൺ…??? നീ എന്താ ഉദ്ദേശിക്കുന്നത്.?? (വസുന്ധര)

മറ്റൊന്നുമല്ല ചെറിയമ്മേ.. അഗ്നി കൺമണിയെ നിയമപരമായി വിവാഹം കഴിച്ച സ്ഥിതിയ്ക്ക് ഇപ്പോൾ ഇവിടെ കൺമണിയുടെ ഗൃഹപ്രവേശം നടക്കും… അത് ഭംഗിയായി നിർവഹിക്കേണ്ട ചുമതല ചെറിയമ്മയ്ക്കാണ്…!!!

ഇല്ല…!! ഞാനിതിന് സമ്മതിക്കില്ല… ഒരിക്കലും… ഒരിക്കലും സമ്മതിക്കില്ല…!!!

വസുന്ധര ദേഷ്യത്തോടെ അലറി…

എന്തുകൊണ്ട് സമ്മതിക്കില്ല…!!!

സഭയിൽ സുഗതിന്റെ ശബ്ദം മുഴങ്ങി കേട്ടു… അപ്പോഴേക്കും എല്ലാവരേയും നോട്ടം ഒരുപോലെ അയാളിലേക്ക് തിരിഞ്ഞു..

ഇത്രയും കൊടുംക്രൂതകൾ ചെയ്തു കൂട്ടിയ പൂവള്ളിക്കാരുടെ പാരമ്പര്യം ഏറ്റുവാങ്ങാതെ വളരെ മാതൃകാപരമായ ഒരു തീരുമാനം എടുത്ത എന്റെ മോനെക്കുറിച്ചോർക്കുമ്പോ ശരിയ്ക്കും അഭിമാനമാ തോന്നുന്നത്… അതിൽ നിനക്കും ഊറ്റം കൊള്ളാം വസുന്ധരേ.. കാരണം ഇത്രയും നാൾ അഗ്നി എങ്ങനെ ആയിരുന്നോ അതിൽ ഒരു തരിമ്പ് പോലും മാറ്റം വരാതെയാണ് ഇന്ന് വരെ അവൻ ജീവിച്ചത്… അതുകൊണ്ട് എന്റെ മോന്റെ ഈ തീരുമാനത്തിനും അവൻ ചെയ്ത പ്രവർത്തിയ്ക്കും ഞാൻ പൂർണ്ണ പിന്തുണയും നല്കുന്നു…. കൺമണിയെ എന്റെ മരുമകളായി അംഗീകാരിക്കാനാണ് എന്റെ തീരുമാനം…..

സുഗതേട്ടാ… എന്തൊക്കെയാ ഇത്…!!! ആരൊക്കെ അംഗീകരിച്ചാലും ഇവളെ ഞാൻ അംഗീകരിക്കില്ല… ഈ തറവാട്ടിലേക്ക് കയറ്റുകേം ഇല്ല…!!! (വസുന്ധര)

വേണ്ട വസുന്ധരേ… നീ അംഗീകരിക്കേണ്ട… എന്റെ മകനേയും മരുമകളേയും ഞാൻ എന്റെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് പൊയ്ക്കോളാം… എന്താ അത് പോരേ…

ഏയ്…അതൊന്നും വേണ്ട ചെറിയച്ഛാ…!! ചെറിയമ്മയുടെ അഭിപ്രായത്തിന് വലിയ മുന്തൂക്കം നല്കേണ്ട ആവശ്യമില്ല… ചെറിയമ്മയ്ക്ക് പകരം എന്റമ്മ കൺമണിയ്ക്ക് വിളക്ക് നല്കി വരവേൽക്കും…ല്ലേ അമ്മേ…!!

രാവണിന്റെ പറച്ചില് കേട്ട് വൈദേഹിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് കൺമണിയെ ചേർത്ത് പിടിച്ചു… ആ രംഗം കണ്ട് അടിമുടി തരിച്ചു നിൽക്ക്വായിരുന്നു വസുന്ധര… പക്ഷേ സുഗതിന്റെയും രാവണിന്റെയും കടുത്ത നിലപാടിന് മുന്നിൽ അവര് പാതി സമ്മതം മൂളി….

ഇനി അടുത്ത ചടങ്ങ്…

തനുഷ്ക് ഐശ്വര്യമായി ആ പേപ്പർസിങ്ങ് തന്നേ…

രാവണിന്റെ ആ പറച്ചില് കേട്ട് തനുഷ്ക് അവന്റെ കൈയ്യിലിരുന്ന ഫയൽ ഓപ്പൺ ചെയ്ത് അതിൽ നിന്നും ഒരു പേപ്പർ പുറത്തേക്കെടുത്ത് രാവണിന് നേരെ നീട്ടി…. രാവണത് വാങ്ങി വൈദിയ്ക്കും, പ്രഭയ്ക്കും അരികിലേക്ക് നടന്നു ചെന്നു…

അറസ്റ്റ് വാറണ്ട് ആണ്… Attempt to murder.. section 307 പ്രകാരം നിങ്ങളെ രണ്ടുപേരെയും അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ആണിത്…. അച്ഛനേയും അമ്മാവനേയും അറസ്റ്റ് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്… പക്ഷേ ചെയ്യാതെ പറ്റില്ലല്ലോ…. അതുകൊണ്ട് ഞങ്ങളോട് സഹകരിച്ചേ മതിയാകു…

രാവൺ അത്രയും പറഞ്ഞതും വൈദിയും പ്രഭയും ഒരുപോലെ ഞെട്ടിത്തരിച്ചു കൊണ്ട് പരസ്പരം നോട്ടമിട്ടു…

അപ്പോ ഇനി കൂടുതലായി ഒന്നും പറയാനില്ലല്ലോ… ശന്തനൂനൊപ്പം ഒരു സെല്ല് നിങ്ങൾക്കും റിസർവ്വ്ഡാണ്…!!! ഇനി സമയം കളയാതെ ഇറങ്ങാം ല്ലേ…

രാവണത്രയും പറഞ്ഞു കൊണ്ട് അവരെ അറസ്റ്റ് ചെയ്യാനായി ദ്രുപതിനെ കണ്ണ് കാണിച്ചതും ശന്തനുവിന് അരികിൽ നിന്നും ദ്രുപത് ഹാളിന് സെന്ററിലേക്ക് നടന്നു ചെന്നു…. അപ്പോഴേക്കും പോലീസ് ഫോഴ്സ് പൂവള്ളിയുടെ ഹാളിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു….

അവരിലേക്ക് കണ്ണോടിച്ചു കൊണ്ട് ശന്തനു പകയോടെ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി… ശന്തനുവിനെ വിലങ്ങണിയിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അവനടുത്തേക്ക് നടന്നു ചെന്നതും ശന്തനു അപ്രതീക്ഷിതമായി അയാളെ ചവിട്ടിയെറിഞ്ഞു കൊണ്ട് ഉയർന്നു പൊങ്ങി…

ഒരു മികവുറ്റ അഭ്യാസിയെ പോലെ ചുറ്റിലും കൂടിയ എല്ലാവരേയും അവൻ മർദ്ദിച്ചു കൊണ്ട് വൈദിയേയും പ്രഭയേയും ലക്ഷ്യം വച്ച് പാഞ്ഞു…

ശന്തനു…No… നിയമം കൈയ്യിലെടുക്കാനുള്ള അധികാരം നിനക്കില്ല…!!

രാവൺ അലറി വിളിച്ചു കൊണ്ട് ശന്തനൂനെ ലക്ഷ്യം വച്ച് പാഞ്ഞു… രാവൺ പിന്നിൽ നിന്നും അവന്റെ മുതുകിൽ ആഞ്ഞ് ചവിട്ടിയതും ശന്തനു ഊക്കോടെ നിലത്തേക്ക് തെറിച്ചു വീണു…

ആ വീഴ്ചയിൽ തെല്ലൊരു തളർച്ചയും തോന്നാതെ അവൻ അതേപടി നിലത്ത് നിന്നും ചവിട്ടിയുയർന്നു…. പാന്റിൽ ഒളിപ്പിച്ചു വച്ചിരുന്ന പിസ്റ്റൺ കൈയ്യിലെടുത്ത് അവൻ രാവണിന് നേരെ ഉന്നം വച്ചു….

വേണ്ട രാവൺ…!!! എന്നെ തടയാൻ നില്ക്കണ്ട നീ…!!! നിയമക്കുരുക്കിൽ നിന്നും അതിസമർത്ഥമായി തന്നെ ഇവന്മാര് രക്ഷപ്പെടും എന്നെനിക്കുറപ്പാണ്… അപ്പോഴും ഒരു പരാജിതനായി ജയിലഴി എണ്ണി കഴിയാൻ പറ്റില്ല എനിക്ക്… ഇനിയും തോൽക്കില്ല ഈ ശന്തനു…

ശന്തനുവിന്റെ വാക്കുകൾ കേട്ട് രാവൺ ഇടംകണ്ണിട്ട് ചുറ്റിലും നോക്കി… ശന്തനുവിന് പ്രതിരോധം തീർക്കാനുള്ള ഉപാധികൾ തിരയുകയായിരുന്നു അവൻ….

പൂവള്ളിയിലെ ഇവന്മാർ… ഈ ചെറ്റകളെ ഇഞ്ചിഞ്ചായി കൊല്ലാനായിരുന്നു എന്റെ തീരുമാനം… അതിന് മാനസികമായി ഇവന്മാരെ തളർത്താൻ വേണ്ടീട്ടാ ഇവന്മാരുടെ സന്തതി പരമ്പരകളായ നിങ്ങളെ ഞാൻ വേട്ടയാടാൻ തീരുമാനിച്ചത്… വേട്ടയാടലിന്റെ എല്ലാം ഹരവും ഞാൻ ആസ്വദിച്ചു കഴിഞ്ഞു… ഇനി എന്റെ പകയ്ക്ക് ഫുൾ സ്റ്റോപ്പ് ഇടണം… അതിന്…അതിന് ഇവന്മാര് ഒടുങ്ങണം… തടയാൻ നോക്കിയാൽ എല്ലാറ്റിനേയും ചുട്ടെരിക്കും ഞാൻ….

ശന്തനുവിന്റെ ശ്രദ്ധ വൈദിയിലേക്കും പ്രഭയിലേക്കും തിരിഞ്ഞതും ആ ഞൊടിയിട നേരം മുതലെടുത്ത് കൊണ്ട് രാവൺ ശന്തനു നീട്ടി പിടിച്ച പിസ്റ്റൺ കാല് മടക്കി ചവിട്ടി തെറിപ്പിച്ചു…

ശേഷം നിലത്ത് നിന്നും ഉയർന്നു പൊങ്ങി അവനെ ആഞ്ഞ് ചവിട്ടി… നിലത്തേക്ക് തെറിച്ചു വീണ ശന്തനു പൂർവ്വാധികം ശക്തിയോടെ ഉയർന്നു പൊങ്ങി രാവണിന് നേരെ ഒരു പ്രഹരം നല്കി… ആ രംഗം കണ്ടതും അഗ്നിയും അച്ചുവും ചുറ്റിലും കൂടിയിരുന്ന പോലീസ് ഫോഴ്സും ശന്തനുവിനെ വളയാൻ തുടങ്ങി… പക്ഷേ ഒരു ഭ്രാന്തനെപ്പോലെ അവനെല്ലാവരേയും തട്ടിയെറിഞ്ഞു കൊണ്ട് നിലത്ത് നിന്നും ഉയർന്നു പൊങ്ങി എല്ലാവരേയും കാല് മടക്കി തൊഴിച്ചു….

പൂവള്ളിയിലെ ഹാളിൽ വച്ചിരുന്ന ചെയറുകളും ടേബിളുകളും നിഷ്പ്രയാസം എടുത്തുയർത്തി അവൻ അവരെയെല്ലാവരേയും തല്ലിച്ചതച്ചു…. രാവൺ തുടർച്ചയായി അവനെ മർദ്ദിച്ചെങ്കിലും അതൊന്നും അവന്റെ ശരീരത്തെ തളർത്തിയില്ല… ഒടുവിൽ രാവണിന്റെ ചവിട്ടേറ്റ് നിലത്തേക്ക് കുതിച്ച ശന്തനു നിലത്ത് കിടന്ന പിസ്റ്റൺ കൈയ്യെത്തിയെടുത്ത് ഉയർന്നു…

എന്റെ ലക്ഷ്യവും മാർഗവും ഒരേ ദിശയിൽ തന്നെയാണ് രാവൺ… അതെനിക്ക് നടപ്പാക്കിയേ പറ്റൂ…!!

ശന്തനു അത്രയും പറഞ്ഞ് കൈയ്യിലിരുന്ന പിസ്റ്റണിൽ നിന്നും വൈദിയ്ക്ക് നേരെ വെടിയുതിർത്തു… ശന്തനുവിന്റെ ലക്ഷ്യം തന്നിലേക്കാണെന്ന് മനസിലാക്കിയ വൈദി ഞൊടിയിട നേരത്തിനുള്ളിൽ തന്നെ തനിക്കടുത്ത് നിന്ന പ്രഭയെ അയാൾക്ക് മുന്നിലേക്ക് പിടിച്ചു നിർത്തി….

വൈദിയെ മറഞ്ഞ് പുറം തിരിഞ്ഞ് നിന്ന പ്രഭയുടെ പുറത്തേക്കാണ് ശന്തനുവിന്റെ ആദ്യത്തെ വെടിയുണ്ട തറഞ്ഞത്… രണ്ടാമതായി ഒന്നുകൂടി ഉതിർത്തതും പ്രഭയുടെ അലർച്ച അവിടമാകെ മുഴങ്ങി…

അയാളുടെ ശരീരത്തിൽ നിന്നും ചോര ചിതറിത്തെറിച്ചതും ചുറ്റിലും നിന്ന സ്ത്രീകൾ ചെവിപൊത്തി നിലവിളിച്ചു…

അപ്പോഴേക്കും രാവൺ ശന്തനുവിനെ ലക്ഷ്യമാക്കി പാഞ്ഞിരുന്നു… പ്രഭയ്ക്ക് മറവിൽ നിന്ന വൈദി നേരെ പാഞ്ഞത് ത്രേയയ്ക്ക് അരികിലേക്കായിരുന്നു… അയാൾക്ക് നേരെ വെടിയുതിർക്കാൻ വേണ്ടി ശന്തനു ഒരു ഭ്രാന്തനെപ്പോലെ പാഞ്ഞു… ഒടുവിൽ ലക്ഷ്യം വൈദിയിൽ ഉറപ്പിച്ചതും അതിനിരയാവാൻ പോകുന്നത് ത്രേയയാവും എന്ന ബോധ്യത്തോടെ രാവൺ ശന്തനുവിന് മുന്നിലേക്ക് ചാടിവീണു….

ശന്തനു ഉതിർത്ത വെടിയുണ്ട ഞൊടിയിടയ്ക്കുള്ളിൽ തറഞ്ഞു കയറിയത് രാവണിന്റെ ഇടംതോളിലേക്കായിരുന്നു….

രാവൺ….!!!

ഹാളിൽ ത്രേയയുടേയും,അഗ്നിയുടേയും,അച്ചുവിന്റേയും,വൈദേഹിയുടേയും ശബ്ദം ഒരുപോലെ മുഴങ്ങി കേട്ടു…

അപ്പോഴേക്കും രാവണതിനെ ഏറ്റുവാങ്ങി കൊണ്ട് പാന്റിന് പിന്നിൽ തിരുകിയിരുന്ന പിസ്റ്റൺ കൈയ്യിലെടുത്ത് ശന്തനുവിന്റെ മുട്ടിന് താഴേക്ക് വെടിയുതിർത്തു…

ഒരേങ്ങലോടെ നിലത്തേക്ക് ഊർന്നു വീണ ശന്തനുവിനെ കണ്ടു കൊണ്ട് കിതപ്പോടെ രാവൺ വലം കൈ കൊണ്ട് ഇടംതോളിലെ മുറിവിൽ പൊത്തി പിടിച്ചു… അവന്റെ മുഖത്ത് വേദനയും തളർച്ചയും ഒരുപോലെ നിഴലിച്ചിരുന്നു…. മുഖത്തും നെറ്റിയിലുമായി ശന്തനു ഏൽപ്പിച്ച മുറിവുകളിൽ നിന്നും ചോരവാർന്നൊലിച്ചു കൊണ്ടിരുന്നു….

നിലത്തേക്ക് വീണ ശന്തനു ഒരു ഞരക്കത്തോടെ കുറേനേരം അവിടെ കിടന്ന് ഉരുണ്ടു… പതിയെ പതിയെ ആ ഞരക്കങ്ങൾ കുറഞ്ഞു വന്നതും ശന്തനുവിന്റെ ബോധം പൂർണമായും ഇല്ലാതായി….

അപ്പോഴേക്കും അത്യാസന്ന നിലയിലായ പ്രഭയെ എടുത്ത് കൊണ്ട് പോലീസ് ഫോഴ്സും അവർക്കൊപ്പം അച്ചുവും ഹാളിൽ നിന്നും പുറത്തേക്കിറങ്ങി…

ത്രേയ ഒരേങ്ങലോടും ഭയപ്പാടോടും രാവണിനടുത്തേക്ക് ഓടിയടുത്തു…

രാവൺ…!!!

ഏയ്…ഒന്നൂല്ല… എനിക്കൊന്നും പറ്റീല്ല… കരയല്ലേ…ഒന്നുമില്ലാന്ന് പറഞ്ഞില്ലേ ത്രേയാ…!!!

രാവൺ ത്രേയയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… അതിലൊന്നും ആശ്വാസം കണ്ടെത്താനാവാതെ ത്രേയ വീണ്ടും വിങ്ങിപ്പൊട്ടി കരഞ്ഞു….

അപ്പോഴേക്കും വൈദേഹിയും ബാക്കി അംഗങ്ങളെല്ലാവരും രാവണിനടുത്തേക്ക് ഓടിയടുത്തിരുന്നു… ദ്രുപതും തനുഷ്കും കൂടി ശന്തനുവിനെ വിലങ്ങണിയിച്ച് വാനിൽ കയറ്റിയതും ബാക്കി പോലീസ് ഫോഴ്സ് ചേർന്ന് വൈദിയുടെ അറസ്റ്റ് രേഖപ്പെടുത്തി….

അയാളെ പൂവള്ളിയിൽ നിന്നും പുറത്തേക്ക് കൊണ്ടു പോകുമ്പോ രാവണിന്റെ രൂക്ഷമായ നോട്ടം അയാളിൽ തറഞ്ഞു കയറുന്നുണ്ടായിരുന്നു….

ഒരു പെരുമഴ തോർന്ന ആശ്വാസത്തോടെ പൂവള്ളിയുടെ സ്വീകരണ മുറി നിശബ്ദമായതും മുറിവിൽ നിന്നുമുള്ള അമിതമായ രക്തസ്രാവം മൂലം രാവണിന് നേരിയ തോതിൽ തളർച്ച അനുഭവപ്പെട്ടു തുടങ്ങി…

ചുറ്റിലും കൂടിയ എല്ലാവരേയും വകഞ്ഞു മാറ്റി കൊണ്ട് അഗ്നി തന്നെ അവനെ തോളിൽ ചേർത്ത് പിടിച്ച് പുറത്തേക്ക് എത്തിച്ചു… അധികം സമയം പാഴാക്കാതെ രാവണിനെ കാറിലേക്ക് കയറ്റി ഇരുത്തിയതും ത്രേയയും തിടുക്കപ്പെട്ട് അവനൊപ്പം കാറിലേക്ക് കയറി….

ഹോസ്പിറ്റലിലേക്ക് പോകും വഴി ത്രേയയെ സമാധാനിപ്പിച്ചു കൊണ്ട് ഓരോന്നും സംസാരിച്ചെങ്കിലും യാത്ര കുറേ ദൂരം പിന്നിട്ടതും രാവണിന്റെ ശബ്ദം തളർച്ചയോടെ മുറിഞ്ഞു… കണ്ണിലെ കൃഷ്ണമണി ഒരേ നിലയിൽ ചലിച്ചതും ത്രേയ രാവണിന്റെ പേര് അലറി വിളിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു… ആ രംഗം പരിഭ്രാന്തിയോടെ നോക്കി കണ്ടു കൊണ്ട് അഗ്നി കാറിന്റെ സ്പീഡ് കൂട്ടി…

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *