എന്തു ഭംഗിയാ മാളു നിന്നെ കാണാൻ, ശ്രീകാന്ത്‌ തിരക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അനുരാധ സനൽ

പരസ്പരം

“നീ വരുന്നില്ലേ മാളു… ” ശ്രീകാന്ത്‌ മാളവികയോട് തിരക്കി…

“ഞാൻ വരുന്നില്ല ശ്രീയേട്ടാ… ” എന്നു പറഞ്ഞ് അവൾ വേഗം മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി…

അവൾ പോകുന്നതും നോക്കി ശ്രീകാന്ത്‌ നിന്നു…

അവൾ പോയ പോലെ ഇപ്പോൾ തന്നെ മടങ്ങി വരും എന്ന് അവനു അറിയാമായിരുന്നു…

അച്ഛന്റെ ശബ്ദം ഉയർന്നു കേട്ടു…

അഞ്ചു മിനിറ്റ് തികച്ചില്ല… കലങ്ങിയ മിഴികളുമായി അവൾ അവന്റെ അരികിൽ എത്തി…

“അച്ഛൻ വഴക്കു പറഞ്ഞു… ” അവൾ ഇടർച്ചയോടെ പറഞ്ഞു…

“നിനക്ക് അറിയില്ലേ മാളു അച്ഛന്റെ സ്വഭാവം… അപ്പച്ചിയുടെ ഒരേയൊരു മകളുടെ കല്യാണം…. ഇന്നലെ രാത്രി നീ തലവേദനയാണെന്നും പറഞ്ഞു വന്നില്ല… ഇന്നു നമ്മൾ എല്ലാവരും പോയില്ലെങ്കിൽ മോശമല്ലേ? ”

“അതേ… മോശമാണ്…” എന്നു പറഞ്ഞ് അവൾ അലമാരയിൽ നിന്നും കരിംനീല പട്ടു സാരിയെടുത്ത് ബെഡിലേക്ക് എടുത്തു വെച്ചു…

അവൾ മിഴികൾ തുടച്ച് വാഷ്റൂമിലേക്ക് കയറി പോകുന്നതു കണ്ടപ്പോൾ ശ്രീകാന്ത്‌ ബെഡിലേക്ക് ഇരുന്നു…

ഇനി രണ്ടു ദിവസം നിറഞ്ഞ കണ്ണുകളോടെ അല്ലാതെ അവളെ കാണാൻ കഴിയില്ലെന്ന് അവനു ഉത്തമ ബോധ്യം ഉണ്ടായിരുന്നു…

അവൾ അരികിൽ വന്നിരുന്നപ്പോൾ അവൻ മുഖം ഉയർത്തി നോക്കി…

“രക്ഷപ്പെടണോ നിനക്ക്? ” അവൻ ഇടർച്ചയോടെ തിരക്കിയപ്പോൾ അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞിരുന്നു…

അവൻ അവളുടെ വിരലുകൾ കോർത്തു പിടിച്ചു…

“ശ്രീയേട്ടൻ ഇല്ലാതെ… എനിക്ക്…. അറിയുന്നതല്ലേ എന്നെ?”

“അറിയാം… പക്ഷേ നീ വേദനിക്കുന്നത് കാണാൻ വയ്യെനിക്ക്… ”

“ശ്രീയേട്ടൻ പോകാൻ റെഡിയാകാൻ നോക്ക്… ”

“മാളു… ” അവന്റെ ശബ്ദത്തിൽ വേദന നിറഞ്ഞു…

“ഞാൻ കരയില്ല… ” അവൾ പതിയെ പറഞ്ഞു…

“ഇതെപ്പോഴും പറയുന്നതാണ്… ” അവൻ അവളിൽ നിന്നും നോട്ടം മാറ്റി കൊണ്ട് പറഞ്ഞു…

അവൾ എഴുന്നേറ്റു ഭംഗിയിൽ സാരി ഞൊറിഞ്ഞുടുത്തു…

നിറയെ പീലിയുള്ള അവളുടെ മിഴികളിൽ മഷിയെഴുതി…

ചുവന്ന വട്ടപൊട്ടിനു മുകളിലായി മഞ്ഞൾക്കുറി വരച്ചു…

ചുരുൾ മുടി മെടഞ്ഞിട്ട ശേഷം മുല്ലപ്പൂ ചൂടി…

അതിനു ശേഷം തിരിഞ്ഞ് ശ്രീകാന്തിനെ നോക്കി…

നീല ഷർട്ടും കസവു മുണ്ടും ഉടുത്ത് സുന്ദരനായി അവൻ നിൽക്കുന്നുണ്ടായിരുന്നു…

“എന്തു ഭംഗിയാ മാളു നിന്നെ കാണാൻ? ” ശ്രീകാന്ത്‌ തിരക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു… കവിളിണയിലെ നുണക്കുഴികൾ വിടർന്നു….

ശ്രീകാന്തിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ കല്യാണ വീട്ടിലേക്ക് യാത്രയായി…

“ഇന്നിനി ആരുടെ മുന്നിലും കരയാൻ നിൽക്കരുത്… ” ശ്രീകാന്തിന്റെ അരികിൽ ഇരുന്ന് അച്ഛൻ പറഞ്ഞപ്പോൾ മാളവിക ഒന്നും പറയാതെ മുഖം കുനിച്ചു…

ഡ്രൈവ് ചെയ്യുന്നതിനിടയിൽ റിയർവ്യൂ മിററിലൂടെ അമ്മയുടെ അരികിൽ ഇരിക്കുന്ന മാളവികയെ ശ്രീകാന്ത് നോക്കി…

“ഗോപേട്ടൻ എന്തിനാ വെറുതെ ഓരോന്ന് പറയുന്നത്? ” ശ്രീലത തിരക്കി…

മാളവിക അമ്മയെ നോക്കി…

“ഞാൻ ഒന്നും പറയുന്നില്ല…” എന്നു പറഞ്ഞ് ഗോപൻ നിശബ്ദനായി…

അമ്മ അവളുടെ കയ്യിൽ മുറുകെ പിടിച്ചു…

അമ്മയുടെ മനസ്സ് അവൾക്ക് അറിയാമായിരുന്നു…

അവൾ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു…

വിവാഹ മണ്ഡപത്തിലെത്തി കുറച്ചു കഴിഞ്ഞതും അച്ഛനും അമ്മയും ബന്ധുക്കളോട് കുശലം പറഞ്ഞു കൊണ്ട് ശ്രീകാന്തിന്റെയും മാളവികയുടെയും അരികിൽ നിന്നും പോയി…

താലി കെട്ടൽ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അടുത്ത് നിന്നിരുന്ന ശ്രീകാന്തിനെ കാണാതെ മാളവിക അവനെ തിരഞ്ഞു…

കുറച്ചു മാറി അവൻ ആരോടോ സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടു… അവൻ അവളെയും കണ്ടു കഴിഞ്ഞിരുന്നു…

ഇപ്പോൾ വരാം എന്ന് അവൻ കൈകൊണ്ട് കാണിച്ചപ്പോൾ അവൾ തലയാട്ടി കൊണ്ട് അവിടെ നിന്നും മാറി…

ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ താൻ തനിച്ചായതു പോലെ അവൾക്കു തോന്നി…

കസേരയിൽ ഇരിക്കുമ്പോൾ അവൾ ആരെയും ശ്രദ്ധിച്ചില്ല…

“കാണാനുള്ള ഭംഗിയേയുള്ളു…. ശ്രീമോന് ഇവളെ ചുമക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്നു… ”

പുറകിൽ ഇരിക്കുന്ന ആരുടെയോ അടക്കി പറച്ചിൽ കേട്ടതും മാളവിക സാരിത്തലപ്പിൽ അമർത്തിപ്പിടിച്ചു…

“എട്ടു വർഷമായല്ലേ?” ആരോ പരിതപിക്കുന്നു…

“അതിനു എന്റെ മരുമകൾ… കെട്ടി കൊണ്ട് വന്നതിന്റെ പിറ്റേ മാസം… എന്തൊരു ചർദ്ദി ആയിരുന്നെന്നോ…”

“വെല്ല്യമ്മ അവൾക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കി കൊടുത്തു കാണും…. അല്ലാതെ…” ശ്രീകാന്തിന്റെ ശബ്ദം കേട്ടതും മാളവികയ്ക്ക് ആശ്വാസം തോന്നി…

“അവൾക്ക് വയറ്റിൽ ഉണ്ടായിരുന്നു ചെറുക്കാ… അല്ലാതെ നിന്റെ പെണ്ണിനെ പോലെ…” അവർ പറയാൻ വന്നത് പാതിയിൽ നിർത്തി…

“എന്റെ പെണ്ണിനെ പോലെ? ”

“നിന്റെ പെണ്ണിനെ പോലെ പ്രസവിക്കാൻ പറ്റാത്തവൾ അല്ലെന്ന്…”

“ദേ! അനാവശ്യം പറഞ്ഞാൽ നിങ്ങളുടെ പ്രായവും വെല്ല്യച്ഛന്റെ ഭാര്യ എന്ന സ്ഥാനവും ഞാൻ മറക്കും… ”

സാധാരണ ഇങ്ങനെയുള്ള സംസാരത്തിനു ചെവി കൊടുക്കാത്ത ശ്രീകാന്ത്‌ അവരോട് തട്ടി കയറുന്നത് കണ്ടതും മാളവിക അവന്റെ കയ്യിൽ മുറുകെ പിടിച്ചു…

അവൻ അവളുടെ അരികിൽ ഇരുന്നു…

“അനാവശ്യം പറഞ്ഞു പോലും… ഇങ്ങനെയൊരു പെൺകോന്തൻ…” വെല്ല്യമ്മയുടെ പിറു പിറുക്കൽ കേട്ടതും അവളുടെ കൈകൾ വിറകൊള്ളുന്നത് അവൻ അറിഞ്ഞു…

“ആണായാലും പെണ്ണായാലും ഒരു കൊച്ചെങ്കിലും വേണ്ടേ? ” അടുത്ത അഭിപ്രായം കേട്ടതും ശ്രീകാന്ത്‌ എഴുന്നേറ്റു…

“നിങ്ങളൊക്കെ കല്യാണം കൂടാൻ വന്നതാണോ അതോ ഇവളുടെ പേറ് എടുക്കാൻ വന്നതാണോ? ” ശ്രീകാന്തിന്റെ ശബ്ദം ഉയർന്നു…

“ശ്രീയേട്ടാ… ” മാളവിക അവനെ പേടിയോടെ വിളിച്ചു …

“നമുക്ക് ഇല്ലാത്ത വിഷമം ആണല്ലോ… ഇവർക്ക്… ശല്ല്യങ്ങൾ…” എന്നും പറഞ്ഞ് മാളവികയുടെ കയ്യും പിടിച്ച് അവൻ മണ്ഡപത്തിന്റെ പുറത്തേക്ക് നടന്നു…

കാറിന്റെ ഫ്രന്റ്‌ ഡോർ അവൾക്കായി അവൻ തുറന്നു കൊടുത്തു…

“അമ്മയോടും അച്ഛനോടും പറയണ്ടേ?”

“ഞാൻ അച്ഛനോട് ഫോൺ വിളിച്ചു പറഞ്ഞോളാം… കയറു പെണ്ണേ…”

അവൾ പുഞ്ചിരിയോടെ കാറിലേക്ക് കയറി ഇരുന്നു..

ഫോണിൽ എന്തോ പറഞ്ഞ ശേഷം അവൻ കാറിൽ കയറി…

തിരക്കു കുറഞ്ഞ ഏതോ ഉൾവഴിയിലൂടെ കാർ മുന്നോട്ട് നീങ്ങി…

അവൾ അവനെ നോക്കി ഇരിക്കുകയായിരുന്നു…

ദേഷ്യം വന്നതു കൊണ്ടാകണം അവന്റെ മുഖം ചുവന്നിരുന്നു…

“നീ എന്താ ഇന്നു കരയാഞ്ഞത്? ” കുറച്ചു കഴിഞ്ഞ് ശ്രീകാന്ത്‌ തിരക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു..

അവൻ കാർ സൈഡ് ആക്കി നിർത്തി…

“എന്താ മാളു?” അവന്റെ ശബ്ദം ആർദ്രമായി…

“പണ്ടെന്നോ കോളേജിന്റെ ഇടനാഴിയിലെ ചുവരിൽ നിന്നും വായിച്ച വരികൾ എന്റെ മനസ്സിൽ ഇപ്പോഴും ചുവന്ന നിറത്തിൽ തെളിഞ്ഞു കിടപ്പുണ്ട്… അതെന്താണെന്ന് അറിയോ ശ്രീയേട്ടാ… ‘ഋതുമതിയായ നാൾ മുതൽ എന്നിൽ മുറ തെറ്റാതെയുള്ള രക്തവിപ്ലവമാണ് ആർത്തവമെന്ന്…’ അതിന്നും എന്റെ കാര്യത്തിൽ ശരിയാണ്… എല്ലാ മാസവും ചുവന്ന പൂക്കൾ എന്നിൽ നിന്നും അടർന്നു വീഴാറുണ്ട്…. ഒരു കുഞ്ഞില്ല എന്ന സങ്കടത്തിൽ മാത്രമാണ് ഞാൻ ഇത്രയും നാളും കരഞ്ഞതെന്ന് തോന്നുന്നുണ്ടോ ശ്രീയേട്ടന്?”

അവൻ നിശബ്ദനായി അവളെ നോക്കി…

അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി…

കാറിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുമ്പോൾ അരികിൽ അവന്റെ സാമീപ്യം അവൾ അറിഞ്ഞു…

“ആൾക്കൂട്ടത്തിനിടയിൽ ഞാൻ തനിച്ചായിരുന്നു ശ്രീയേട്ടാ… രാത്രി നമ്മുടെ ബെഡ് റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ വെച്ച് ശ്രീയേട്ടനിൽ നിന്നും പ്രവഹിക്കുന്ന ആശ്വാസ വാക്കുകളേക്കാൾ മൂർച്ച ഉണ്ടായിരുന്നു ഇന്ന് അവരുടെയൊക്കെ മുമ്പിൽ വെച്ച് ശ്രീയേട്ടന്റെ നാക്കിൻ തുമ്പിൽ നിന്നും എനിക്കു വേണ്ടി അടർന്നു വീണ വാക്കുകൾക്ക്… ഒരു കുഞ്ഞ് നമുക്ക് ഇടയിലേക്ക് കടന്നു വരുമായിരിക്കാം… ഇല്ലെന്നും വരാം… പക്ഷേ ആ കാര്യം പറഞ്ഞ് നമുക്ക് പരസ്പരം പിരിയാൻ പറ്റുമോ? ” എന്നു ചോദിച്ചു കൊണ്ട് അവൾ അവനെ നോക്കിയപ്പോൾ അവളുടെ നിറയെ പീലിയുള്ള മിഴികളിൽ അവന്റെ മിഴികൾ തങ്ങി നിന്നു…

“രക്ഷപ്പെടണോ പിരിയണോ എന്ന ചോദ്യമൊന്നും എന്നെ ഒരിക്കലും സന്തോഷിപ്പിച്ചിട്ടില്ല ശ്രീയേട്ടാ… എന്നെ ഒറ്റപ്പെടുത്താതെ എന്റെ കൂടെ എന്നും ശ്രീയേട്ടൻ എന്നോടൊപ്പം ഉണ്ടാകും എന്ന എന്റെ വിശ്വാസത്തിൽ മങ്ങൽ ഏൽപ്പിക്കാതെ ഇരുന്നാൽ മാത്രം മതി… മറ്റുള്ളവർ വാക്കുകൾ കൊണ്ട് എന്നിൽ ഏൽപ്പിക്കുന്ന മുറിവുകളുടെ ആയുസ്സ് ക്ഷണികമായിരിക്കും…”

റോഡ് അരികിലാണ് നിൽക്കുന്നതെന്ന് വിസ്മരിച്ചു കൊണ്ട് അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു…

“എട്ടു വർഷം… എട്ടു വർഷം വേണ്ടി വന്നോ മാളു നിനക്ക് എന്നോട് ഇങ്ങനെ ഉള്ളം തുറന്നു സംസാരിക്കാൻ?”

“മറ്റുള്ളവരുടെ മുൻപിൽ വെച്ച് പ്രതികരിക്കാൻ എട്ടു വർഷം വേണ്ടി വന്നു ശ്രീയേട്ടന്…” എന്നു പറഞ്ഞ് പുഞ്ചിരിയോടെ അവൾ അവനിൽ നിന്നും അവൾ അടർന്നു മാറി…

“ഹ്മ്മ്… വാശിക്കാരി… ” എന്നു പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരിക്കുമ്പോൾ അവൾ ചിരിയോടെ ഡോർ തുറന്നു…

“ഇതെങ്ങോട്ടാ പോകുന്നത്? ” കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൾ തിരക്കി…

“അവിടെ എത്തുമ്പോൾ അറിയാമല്ലോ…” മീശ പിരിച്ചു വെച്ചു കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മീശ കുസൃതിയോടെ പിടിച്ചു വലിച്ചു…

“കള്ളുഷാപ്പോ?” അവൻ കാർ നിർത്തിയപ്പോൾ ഓല മേഞ്ഞ കള്ളുഷാപ്പ് കണ്ട് അവൾ ഞെട്ടലോടെ തിരക്കി…

“ഇവിടെ നല്ല ഞണ്ടും കപ്പയുമൊക്കെ കിട്ടും… നീ വാ…”

“ഞാൻ വരുന്നില്ല…”

“പിന്നെ വീട്ടിൽ എത്തിയിട്ട് ഞണ്ട് ഞാൻ തനിയെ തിന്നു എന്നൊന്നും പറയാൻ നിൽക്കരുത്… ഇതു ഫാമിലിയൊക്കെ വരുന്ന സ്ഥലമാ… പേടിക്കാതെ ഇറങ്ങി വാ…”

ചെറിയ ചമ്മൽ തോന്നിയെങ്കിലും അവളും ഇറങ്ങി… സദ്യ കഴിക്കാത്തതിന്റെ ക്ഷീണം അവിടെ തീർത്തു… ഒരു കുപ്പി കള്ള് കൂടെ അകത്തു കയറ്റിയാണ് ശ്രീകാന്ത്‌ അവിടെ നിന്നും ഇറങ്ങിയത്…

തിരികെയുള്ള യാത്രയിൽ മാളവികയാണ് ഡ്രൈവ് ചെയ്തത്…

കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ ശ്രീകാന്തിനു വയറ്റിൽ കിടക്കുന്ന കള്ളിനെ പുറത്തേക്കാക്കാൻ തോന്നി…

മാളവിക കാർ സൈഡ് ആക്കി നിർത്തി…

കള്ളിനോടൊപ്പം പൊരിച്ച മീനും ഞണ്ടും കപ്പയും എല്ലാം പുറത്തേക്ക് പോയി…

ക്ഷീണത്തോടെ കാറിൽ ഇരിക്കുന്ന അവനെ കണ്ട് അവൾ അടക്കി ചിരിച്ചു…

“ശ്രീയേട്ടാ… ഛർദ്ദിയും ക്ഷീണവും… ഇനി വല്ല ഗർഭവും…” നിഷ്കളങ്കതയോടെ അവൾ തിരക്കിയപ്പോൾ കാറിൽ അവന്റെ പൊട്ടിച്ചിരി നിറഞ്ഞു… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: അനുരാധ സനൽ

Leave a Reply

Your email address will not be published. Required fields are marked *