രാവണത്രേയ, തുടർക്കഥ ഭാഗം 42 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

രാവൺ നിഷ്കരുണം പറഞ്ഞത് കേട്ട് ചുറ്റിലും കൂടിയ എല്ലാ മുഖങ്ങളിലും ഞെട്ടല് പരന്നു….. എല്ലാവരും രാവണിനെ തന്നെ രൂക്ഷമായി നോക്കി നിന്നു…. പക്ഷേ ശത്രുപക്ഷത്ത് ആകെയൊരു പുഞ്ചിരി മാത്രമായിരുന്നു…. രാവൺ പറഞ്ഞ വാക്ക് കേട്ട് കൺമണി പേടിയോടെ തിടുക്കപ്പെട്ട് അവന്റെ റൂമിലേക്കോടി… അധികം സമയം പാഴാക്കാതെ തന്നെ അവള് ത്രേയയുടെ ബാഗേജുകളുമായി താഴേക്ക് ഇറങ്ങി വന്നു… ആർക്കും മുഖം നല്കാതെ തലകുനിച്ച് നിൽക്ക്വായിരുന്നു ത്രേയ… ത്രിമൂർത്തികൾ തീർത്തും നിസ്സഹായരായി നിന്ന സമയമായിരുന്നു അത്…. കൺമണി കൊണ്ട് വച്ച ബാഗുകൾ ഓരോന്നും ത്രേയയ്ക്ക് മുന്നിലേക്ക് നീക്കി വച്ച് രാവൺ അവൾക്ക് നേരെ നോട്ടം കൊടുത്തു നിന്നു… ഇതൊക്കെയാണ് നീ ഇവിടേക്ക് വരുമ്പോ കൈയ്യിൽ കരുതിയിരുന്ന വസ്തുവകകൾ…. ഇതെല്ലാം തിരികെ കൊണ്ടു പോകാം നിനക്ക്… അതിന്റെ കൂടെ ദേ ഇതും കൂടി വച്ചോ… രാവൺ പോക്കറ്റിൽ നിന്നും ഒരു ചെക്ക് ലീഫ് എടുത്ത് ത്രേയയുടെ കൈവെള്ള നിവർത്തി അതിലേക്ക് വച്ച് കൊടുത്തു… അവളത് വാങ്ങി അവനെ തന്നെ ഉറ്റുനോക്കി നിന്നു.. എന്റെ ഭാര്യയായി കുറേനാൾ സേവനം അനുഷ്ഠിച്ചതല്ലേ നീ… അതിന്റെ പ്രതിഫലം ആണെന്ന് കൂട്ടിയ്ക്കോ…!!! ത്രേയ സ്തബ്ദയായി അങ്ങനെ നിന്നു പോയി… വേദ്യാ… ഇവിടെ വന്നേ… രാവൺ വളരെ സ്നേഹത്തോടെ വേദ്യയെ അടുത്ത് വിളിച്ചതും ത്രേയയെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ച് വേദ്യ അവനരികിലേക്ക് നടന്നു ചെന്നു…. വേദ്യ അടുത്തെത്തിയതും രാവൺ വളരെ സ്നേഹത്തോടെ തന്നെ അവളെ അവനോട് ചേർത്തു പിടിച്ചു…. ആ കാഴ്ച കണ്ട് ത്രേയ ആകെയൊന്ന് നടുങ്ങി… രാവണിന് നേരെ ദേഷ്യത്തിൽ പാഞ്ഞടുക്കാൻ തുനിഞ്ഞ അച്ചുവിനെ അഗ്നി ഒരുവിധം തടുത്തു നിർത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു… ഇവനെന്താ അഗ്നീ ഈ കാണിക്കുന്നേ… ആ പാവത്തിനെ ഉപദ്രവിച്ചു മതിയായില്ലേ ഇവന്… ഇവൻ മനുഷ്യനല്ല… ചെകുത്താനാ ചെകുത്താൻ….!!! അച്ചു മുന്നോട്ടാഞ്ഞു കൊണ്ട് ഓരോന്നും പറയാൻ തുനിയുമ്പോ അഗ്നി അവനെ പിന്നിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു… ആ കാഴ്ചകളെ പാടെ അവഗണിച്ചു കൊണ്ട് രാവൺ വേദ്യയുടെ തോളിൽ പിടിച്ച് അവളെ ഒന്നുകൂടി അവനോട് ചേർത്ത് നിർത്തി…. എല്ലാവരും അറിയാനായി പറയ്വാ… ഇനി രാവണിന്റെ ജീവിതത്തിൽ ഒരു പെണ്ണിന് മാത്രമേ സ്ഥാനമുണ്ടാകൂ… അത് എന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന നിവേദ്യ വൈദ്യനാഥനാണ്….. ഇനി മറ്റാരും…മറ്റാരും ഒരു ശല്യമായി എന്റെ ജിവിതത്തിൽ തുടരേണ്ട ആവശ്യമില്ല… ഞാനും ത്രേയയും തമ്മിലുള്ള ബന്ധം എല്ലാ അർത്ഥത്തിലും ഞാനിവിടെ വച്ച് വെട്ടിമുറിച്ച് കളയുകയാണ്… ഞങ്ങൾ തമ്മിൽ ശേഷിക്കുന്ന ഒരു നൂലാചാരത്തിന്റെ കെട്ടുപാട് മാത്രമാണ് ഇപ്പോഴുള്ളത്…. എന്നിൽ ആവശ്യപ്പെടാൻ കഴിയുന്ന അവസാനത്തെ അവകാശം…. ഞാൻ കെട്ടിയ താലി… അതിവിടെ അഴിച്ചു വെച്ചിട്ട് നിനക്ക് ഇപ്പോ തന്നെ ഈ തറവാടിന്റെ പടി ഇറങ്ങാം ഇനി ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന ഉത്തമ ബോധ്യത്തോടെ തന്നെ പടിയിറങ്ങാം നിനക്ക്…. അത്രയും കേട്ടതും ത്രേയ സ്തബ്ദയായി അവനെ തന്നെ ഉറ്റുനോക്കി നിന്നു… അവളുടെ കണ്ണുകൾ അനിയന്ത്രിതമായി കണ്ണീര് പൊഴിച്ചു കൊണ്ടിരുന്നു… ആ കാഴ്ചയെല്ലാം ഒരു വിങ്ങലോടെ കണ്ടു നിൽക്കാനേ വൈദേഹിയ്ക്ക് കഴിഞ്ഞുള്ളൂ….!!! പൊയ്ക്കോളാം രാവൺ… ഞാനിവിടെ നിന്നും എന്നെന്നേക്കുമായി ഇറങ്ങിക്കോളാം ഞാൻ… അതിന് വേണ്ടി ഞാനിത്രയും നാളും പരമപവിത്രമായി സൂക്ഷിച്ചിരുന്ന ഈ താലി നിനക്ക് മുന്നിൽ പൊട്ടിച്ചെറിയില്ല ഞാൻ…. നിന്റെ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാൻ വേണ്ടീട്ടല്ല…. ഈ താലിച്ചരട് എന്റെ കഴുത്തിൽ കിടക്കുമ്പോ എനിക്കൊരു പ്രത്യേക ഊർജം ലഭിയ്ക്കും രാവൺ… ഈ താലിയുടെ പേരിൽ എന്നെ നിഷ്കരുണം ചവിട്ടിയരച്ച നീചനായ നിന്റെ മുഖം…. ഓരോ നിമിഷവും ഞാനിതിലേക്ക് നോക്കുമ്പോ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അതായിരിക്കും… ഇനിയുള്ള ജീവിതം നിന്നോടുള്ള പകയുടേയും ദേഷ്യത്തിന്റേയും ഊർജ്ജം ഉൾക്കൊണ്ട് ഞാൻ ജീവിക്കും രാവൺ… ത്രേയ അത്രയും പറഞ്ഞ് വേദ്യയേയും രാവണിനേയും തറപ്പിച്ചൊന്ന് നോക്കി കൊണ്ട് നിലത്തിരുന്ന ബാഗുകൾ ഓരോന്നും കൈയ്യിലെടുത്ത് പുറത്തേക്ക് നടക്കാൻ ഭാവിച്ചു…… അതേ…ഒന്നു നിന്നേ…!!!! ത്രേയ ഹാളിൽ നിന്നും കുറേ ദൂരം മുന്നിലേക്ക് നടന്നതും പിന്നിൽ നിന്നും വേദ്യയുടെ വിളി വന്നു… അത് കേട്ടതും തിരിഞ്ഞു നോക്കാൻ മുതിരാതെ തന്നെ ത്രേയ നടത്തമൊന്ന് സ്ലോ ചെയ്തു…. അപ്പോഴേക്കും വേദ്യ അവൾക്കരികിലേക്ക് നടന്നടുത്തിരുന്നു… മേഡം ഇവിടെ നിന്നും പടിയിറങ്ങുമ്പോ ചില സത്യങ്ങൾ കൂടി ബോധ്യപ്പെട്ടിട്ട് വേണം പോകാൻ….!!! ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തിരുന്ന എന്റെ മനസ്സും ആ സത്യങ്ങൾ പറയുമ്പോ പൂർണമായ സംതൃപ്തി നേടിയേനെ…. വേദ്യയുടെ സംസാരത്തിൽ തെളിഞ്ഞു നിന്ന അഹങ്കാര ധ്വനി കേട്ട് എല്ലാവരും അവളെ തന്നെ ഉറ്റുനോക്കി നിന്നു…. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഞെട്ടൽ വൈദിയുടെ മുഖത്തായിരുന്നു…. നിന്റെ ഈ കണ്ണീര് ശരിയ്ക്ക് പറഞ്ഞാൽ ഞാൻ ആഗ്രഹിച്ചിട്ടില്ല ത്രേയാ… നീ…നീ എങ്ങനെയോ എന്റെ ചതിക്കുഴിയിൽ വന്നകപ്പെട്ട് പോയതാണ്… ശരിയ്ക്കും നീയല്ല…നീയല്ല എന്റെ ശത്രു… നീ പൊഴിയ്ക്കുന്ന ഈ കണ്ണീരിൽ ഈ വേദ്യയുടെ ഉള്ളം ആനന്ദം കൊണ്ട് നിറയില്ല…. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി പോലും വിരിയില്ല… ഞാൻ പുഞ്ചിരിക്കണമെങ്കിൽ, എന്റെ ഉള്ളം അത്യന്തം സന്തോഷം കൊണ്ട് നിറയണമെങ്കിൽ ഇയാള് കരയണം…!!! ദേ ഈ കണ്ണിൽ നിന്നും കണ്ണീരല്ല ചോര കിനിയുന്നത് കാണണം എനിക്ക്…. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വേദ്യയുടെ ചൂണ്ടു വിരൽ രാവണിന് നേരെ നീണ്ടു… ആ കാഴ്ചയും വേദ്യയുടെ മുഖത്തെ രൗദ്രഭാവവും കണ്ടതും ചുറ്റിലും കൂടിയ എല്ലാവരും ഒരുപോലെ അമ്പരന്നു… വേദ്യാ…എന്താ ഇതൊക്കെ… നിനക്കെന്താ ഭ്രാന്ത് പിടിച്ചോ…??? വൈദി തിടുക്കപ്പെട്ട് വേദ്യയ്ക്കരികിലേക്ക് പാഞ്ഞടുത്തു… അതേ പപ്പ… ഭ്രാന്ത് പിടിച്ചു… പക്ഷേ ഈ ഭ്രാന്ത് എന്നിൽ കടന്ന് കൂടിയത് ഇപ്പോഴല്ല… ആറ് വർഷങ്ങൾക്ക് മുമ്പേ എന്നിൽ കടന്നു കൂടിയ ഭ്രാന്താണ് പപ്പ ഇത്…. വേദ്യ വൈദിയ്ക്ക് നേരെയും കയർത്തു സംസാരിക്കാൻ തുടങ്ങി… പപ്പ മറന്നു…എല്ലാവരും എല്ലാം മറന്നു… പക്ഷേ എനിക്ക് ഒന്നും മറക്കാൻ കഴിയില്ല…!!! ഈ നില്ക്കുന്ന ഹേമന്ത് രാവണിനെ ഞാൻ പണ്ട് സ്നേഹിച്ചിരുന്നു…അത് സത്യമാണ്… പക്ഷേ ആ സ്നേഹം ഒരിക്കലും എന്റെ നിത്യയിൽ നിന്നും ഒരു തരിമ്പ് പോലും കൂടുതലായിരുന്നില്ല…. ജനനം മുതൽ ഹേമന്തിന് വേണ്ടി മത്സരം തുടരുമ്പോഴും ഇയാളുടെ മനസ്സിൽ ഒരു മണൽ തരിയോളം പോലും ഞാനില്ല എന്ന് തിരിച്ചറിഞ്ഞവളാ ഞാൻ… ത്രേയാ….ത്രേയാ…ത്രേയാ. എന്ന നാമം ജപിച്ചു നടന്ന ഹേമന്തിനെ ഞാൻ വെറുത്തിട്ടില്ല… കൂടുതൽ സ്നേഹിച്ച് എന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു… ഒന്നിച്ച് കളിച്ചു വളർന്നവർ…ഒരേ തറവാട്ടിൽ പിച്ച വച്ചു നടന്നവർ… എല്ലാമായിരുന്നിട്ടും കൊന്നുകളഞ്ഞില്ലേ എന്റെ പ്രാണന്റെ പാതിയെ… അവളെ നിഷ്കരുണം കഴുത്ത് ഞെരിച്ചു കൊന്നു കളഞ്ഞില്ലേ ഈ ദുഷ്ടൻ… വേദ്യയുടെ കണ്ണുകളിൽ കനലെരിഞ്ഞു… അവളുടെ തീപാറുന്ന നോട്ടം രാവണിലേക്ക് മാത്രമായി ഒതുങ്ങി…

നിങ്ങളൊക്കെ എന്താ കരുതിയേ… ഞാനിപ്പോഴും ഇയാൾടെ പിറകേ ഒരു വാലാട്ടി പട്ടിയെ പോലെ പിന്തുടരുകയാണെന്നോ… ഒരിക്കലുമില്ല… ഒരവസരത്തിന് വേണ്ടി കാത്തിരിക്ക്യായിരുന്നു ഞാൻ… എല്ലാറ്റിനും പകരം വീട്ടാനുള്ള ഒരനുകൂല സാഹചര്യത്തിന് വേണ്ടി കാത്തിരിക്ക്യായിരുന്നു ഞാൻ…!!!

മോളേ..നീ എന്തൊക്കെയാ ഈ പറയുന്നത്… അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… വൈദി വേദ്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചു… കഴിഞ്ഞ കാര്യങ്ങളോ… ഒന്നും കഴിഞ്ഞിട്ടില്ല… ഇതൊക്കെ എല്ലാറ്റിന്റേയും തുടർച്ചയാണ് പപ്പ… മിനിട്ടുകളുടെ വ്യത്യാസത്തിൽ എനിക്കൊപ്പം പിറന്ന എന്റെ ജീവന്റെ പാതിയായിരുന്നു നിത്യ… ഒരു മിണ്ടാപ്രാണി ആയിരുന്നെങ്കിൽ കൂടി പരസ്പരം പങ്കു വയ്ക്കാത്ത ഒരു രഹസ്യങ്ങളുമില്ലായിരുന്നു ഞങ്ങൾക്കിടയിൽ… ഈ തറവാട്ടിൽ ഈ നില്ക്കുന്ന ഹേമന്തിനെ സ്വന്തം സഹോദരനെപ്പോലെ ഒരുപാട് സ്നേഹിച്ചിരുന്നതാ ആ പാവം… എന്നിട്ടും ഇരുട്ടിന്റെ മറപറ്റി കൊന്നു കളഞ്ഞില്ലേ അവളെ… അന്നത്തെ ആ ദിവസം എല്ലാവരുടേയും ശ്രദ്ധ ഇയാൾക്കെതിരെ മൊഴി കൊടുത്ത ത്രേയയിൽ മാത്രമായിരുന്നു… എന്നിൽ നിന്നും വിട്ടകന്നു പോയ നിത്യയുടെ ശൂന്യത എന്റെ മനസ്സിനേൽപ്പിച്ച പ്രഹരം എത്രമാത്രമാണെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ…. ഇല്ല… ആർക്കും… ആർക്കും അതിന് സമയമില്ലായിരുന്നു… ഇരുട്ടിനെപ്പോലും ഞാൻ ഭയന്ന… സ്വന്തം നിഴലിനെ പോലും പേടിയോടെ കണ്ട ദിവസങ്ങളായിരുന്നു അത്… കണ്ണടച്ചാൽ കുളപ്പടവിൽ ജീവനറ്റു കിടന്ന എന്റെ നിത്യയുടെ മുഖമാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്… സമനില തെറ്റി തുടങ്ങുമെന്നായപ്പോ ഞാൻ എന്നെ തന്നെ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു… മനസ്സിനെ പാകപ്പെടുത്തി എടുക്കാനുള്ള ആ പരിശ്രമത്തിനിടയിൽ കയറിക്കൂടിയ ഏക ലക്ഷ്യമായിരുന്നു ഹേമന്ത് രാവണിന്റെ പതനം… എന്റെ നിത്യയെ ഈ ലോകത്ത് നിന്നും പറഞ്ഞയച്ചയവനെ പപ്പ പണത്തിന്റെ പിൻബലത്തിൽ പുറത്തിറക്കി… പക്ഷേ എന്റെ മനസ്സിന്റെ കോടതിയിൽ ഞാനിയാൾക്ക് മാപ്പ് നല്കില്ല എന്ന് അന്നേ കണക്ക് കൂട്ടി ഉറപ്പിച്ചിരുന്നു ഞാൻ… അതിന് വേണ്ടി തന്നെയാ സ്നേഹം അഭിനയിച്ച് വീണ്ടും ഇയാളുടെ ജീവിതത്തിലേക്ക് ഞാൻ കയറിക്കൂടിയത്… എന്റെ ആ നീക്കത്തിലൂടെ ഇവളെ… ഇയാൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഈ ത്രേയയെ എന്നെന്നേക്കുമായി ഹേമന്തിൽ നിന്നും അകറ്റി നിർത്തുക… അതായിരുന്നു ഉദ്ദേശം… ആ തീരുമാനത്തിൽ ഞാൻ പൂർണ്ണമായും വിജയിച്ചു…. ആറ് വർഷക്കാലം അകറ്റി നിർത്തി ഞാൻ…. ഫോട്ടോസിലൂടെയും വീഡിയോസിലൂടെയും ഞാനിവളുടെ സ്വഭാവത്തെ വിലകുറച്ച് കാട്ടി… അതുകൊണ്ടും ഞാൻ ലക്ഷ്യപ്രാപ്തി നേടിയില്ല… പലപ്പോഴായി നല്കിയ ഡ്രഗ്സും ഡ്രിങ്ക്സും ഇയാളുടെ മനസ്സിന്റെ ബോധമണ്ഡലങ്ങളെ വേട്ടയാടുന്നത് ആസ്വദിച്ചു കാണുകയായിരുന്നു ഞാൻ…. ഹേമന്ത് രാവണിന്റെ സർവ്വ നാശം അതായിരുന്നു എന്റെ ലക്ഷ്യം… അതുകൊണ്ടെങ്കിലും എന്റെ നിത്യേടെ ആത്മാവിന് സംതൃപ്തി നല്കണമായിരുന്നു എനിക്ക്… അതൊക്കെ ഞാൻ ഏറെക്കുറെ ഭംഗിയായി നിർവഹിച്ചതാ… നിന്നെ കുറിച്ചുള്ള ദുശ്ശിപ്പുകൾ ദിനംപ്രതി ഈ മനസിലേക്ക് കുത്തി വച്ച് ഞാനിയാളെ തകർച്ചയുടെ വക്കിലേക്ക് കൊണ്ടെത്തിച്ചു… എന്റെ നിത്യയുടെ ജീവനറ്റ ശരീരത്തിന് പകരമായി ഞാനാഗ്രഹിച്ചത് പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ മരണമായിരുന്നു.. താളംതെറ്റി തുടങ്ങിയ ഇയാളെ അടിമുടി മാറ്റികൊണ്ടാ നിന്റെ കടന്നു വരവ്… ആ ഒരൊറ്റ കാരണം കൊണ്ട് നീ വീണ്ടും എന്റെ ശത്രുവായി മാറി ത്രേയ… നീയും ഇയാളും തമ്മിൽ അടുക്കാൻ ഇടയാക്കുന്ന എല്ലാ സന്ദർഭങ്ങളിലും ഒരു തടസമായി ഞാൻ അവതരിച്ചു… ഇപ്പോ ഇവിടെ നടന്ന ഈ സംഭവങ്ങൾ പോലും ഞാൻ ഒരുപാട് ആഗ്രഹിച്ച നിമിഷമാണ്… പക്ഷേ ഹേമന്ത് രാവൺ പറഞ്ഞ ഒരു കാര്യത്തിൽ മാത്രം ഞാനൊരു തിരുത്തൽ വരുത്തുകയാ.. ത്രേയ അകന്നു പോയ ഹേമന്തിന്റെ ജീവിതത്തിലേക്ക് ഈ വേദ്യ കടന്നു വരുമെന്ന പ്രതീക്ഷ വേണ്ട…!! നിത്യയുടെ വിയോഗം എന്നെ സംബന്ധിച്ച് എന്റെ ശരീരത്തിന്റെ ഒരു ഭാഗം എന്നിൽ നിന്നും വെട്ടിമാറ്റിയ പോലെയായിരുന്നു… അങ്ങനെയുള്ള എനിക്ക് ഒരിക്കലും ഹേമന്ത് രാവണിന്റെ എന്റെ ജീവിത പങ്കാളിയായി കാണാൻ കഴിയില്ല….!!! വേദ്യ അത്രയും പറഞ്ഞ് നിർത്തിയതും ചുറ്റിലും കൂടിയ എല്ലാവരും ഒരുപോലെ ഞെട്ടിത്തരിച്ചു കൊണ്ട് അവളുടെ വാക്കുകൾക്ക് കാതോർത്തു നിന്നു…. അപ്പോ ഇതെല്ലാം… ഇതെല്ലാം നിന്റെ അഭിനയമായിരുന്നോ…!!! രാവണുമായി നിനക്ക് യാതൊരു വിധ ബന്ധവുമില്ല ല്ലേ… പിന്നെ എന്തിന് വേണ്ടീട്ടാ വേദ്യാ നീ രാവണിന് വേണ്ടി വാശി പിടിച്ചത്…!! ത്രേയ ശബ്ദമുയർത്തി… അത് കേട്ട് വേദ്യ പരിഹാസച്ചുവയോടെ ഒന്ന് ചിരിച്ചു… എല്ലാം എന്റെ അഭിനയം തന്നെ ആയിരുന്നെടീ… കൊലയാളി എന്ന വിളിപ്പേര്,നിന്റെ പേരിൽ പ്രചരിച്ച കഥകൾ ഇതെല്ലാം കൊണ്ട് തന്നെ ആകെ തകർന്നു നില്ക്ക്വായിരുന്നു നിന്റെ രാവൺ… എന്റെ കൈയ്യിൽ വീണു കിട്ടിയ ആറ് വർഷങ്ങൾ കൊണ്ട് തന്നെ ഞാനിയാളെ കൂടുതൽ തളർത്തിയിരുന്നു… പക്ഷേ എല്ലാം പാടെ തകിടം മറിച്ചു കൊണ്ടുള്ള നിന്റെ വരവ്… എന്റെ പ്രതീക്ഷകളെ ആകെ തെറ്റിച്ചിരുന്നു അത്… അതിൽ നിന്നും ഇയാളെ വീണ്ടും വീണ്ടും തകർക്കാൻ വീണു കിട്ടിയ അവസരമായിരുന്നു നീയും നിന്റെ രാവണും തമ്മിലുള്ള പക… അതിനെ ഞാൻ വെള്ളവും വളവും നല്കി വാനോളം വളർത്തി… ഇപ്പോ ഹേമന്ത് ആകെ തകർന്നു നില്ക്ക്വാ… ദേ ആ മുഖം കണ്ടില്ലേ… നിന്നെ തട്ടിയെറിഞ്ഞു കൊണ്ട് എന്നെ തേടി വന്നതാണ്… പക്ഷേ എന്ത് ചെയ്യാം പൂവള്ളിയുടെ പൊതുസഭയിൽ പോലും അപഹാസ്യനായി നില്ക്കാനല്ലേ കഴിഞ്ഞുള്ളൂ…. ഇങ്ങനെ ഇയാളുടെ തകർച്ചയുടെ ഓരോ നിമിഷവും എനിക്ക് ആസ്വദിക്കണം…അതിൽ ആനന്ദം കണ്ടെത്തണം എനിക്ക്…!!! വേദ്യ ഒരുതരം കിതപ്പോടും പകയോടും അത്രയും പറഞ്ഞതും റൂമാകെ മുഴങ്ങി കേൾക്കും പാകത്തിന് രാവൺ ഉച്ചത്തിൽ കൈകൊട്ടി…. അവൻ കൈത്തലം മുറുകെ ചേർത്തടിച്ചു കൊണ്ട് വേദ്യയ്ക്ക് നേരെ ഓരോ ചുവട് വച്ചടുത്തു… സബാഷ്…!!!! വളരെ മനോഹരമായ അവതരണം…!!! എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമായി വേദ്യ…. രാവൺ വേദ്യയെ നോക്കി പുഞ്ചിരി തൂകി കൊണ്ട് അവളുടെ തൊട്ടടുത്തേക്ക് ചെന്നു നിന്ന് വേദ്യയെ ആകെത്തുക ഒന്ന് നോക്കി…

എനിക്ക് നിന്നിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു വേദ്യ… പക്ഷേ അതൊരിക്കലും നിന്നെയും നിത്യയേയും തമ്മിൽ connect ചെയ്യാൻ പാകത്തിനുള്ള ഒരു സംശയമായി വളർന്നിരുന്നില്ല.. നിന്റെയുള്ളിൽ വർഷങ്ങളുടെ പഴക്കമുള്ള ഒരു പ്രതികാരത്തിന്റെ കനലവശേഷിക്കുന്ന കാര്യം ഞാൻ ശരിയ്ക്കും അറിഞ്ഞില്ല വേദ്യ…..

രാവൺ വേദ്യയിലേക്ക് തന്നെ നോട്ടം കൊടുത്തു… അത് കണ്ടതും അവള് ചോരച്ചുവപ്പുള്ള കണ്ണുകളോടെ രാവണിനെ തുറിച്ചു നോക്കി…. ഇപ്പോഴും തമാശയായി തോന്ന്വാ നിങ്ങൾക്ക് ല്ലേ.. ജീവിതം തകർന്നടിഞ്ഞ് ഇല്ലാതായിട്ടും നിങ്ങളുടെ മുഖത്തെ ഈ പുഞ്ചിരി കാണുമ്പോ സഹതാപം തോന്ന്വാ എനിക്ക്.. വേദ്യ ഒരു പുച്ഛച്ചിരി ചിരിച്ചു… അവളുടെ മുഖത്തെ ആ പരിഹാസം കാണുമ്പോഴും രാവൺ ചുണ്ടിൽ ആ പുഞ്ചിരി നിലനിർത്തി… ജീവിതം തകർന്നടിയാനോ… അതും എന്റെയോ… അതിന് വേണ്ടി നീയല്ല…നിന്റെ കൂട്ടാളികളായി ഒരു നൂറെണ്ണം പിറവിയെടുത്താലും പരാജയമാവും ഫലം… നീ പകരം വീട്ടാൻ തുനിഞ്ഞിറങ്ങിയതാ ല്ലേ.. എന്റെ നാശം കാണാൻ വേണ്ടി…. എന്നിട്ടും എവിടെയാ വേദ്യാ നിന്റെ തീരുമാനങ്ങൾ പിഴച്ചു തുടങ്ങിയത്… ആരാ നിന്നെ പിന്നിൽ നിന്നും കുത്തിയത്.. നീ ആത്മാർത്ഥമായി വിശ്വസിച്ച ആരെങ്കിലും ആണോ…?? അതോ നിന്റെ വഴികാട്ടിയോ… രാവണിന്റെ ആ ചോദ്യം കേട്ട് വേദ്യ സംശയത്തോടെ നെറ്റി ചുളിച്ചു… മനസ്സിലായില്ല…!!! വേദ്യയുടെ ചോദ്യം കേട്ട് രാവൺ ഒരു പുഞ്ചിരിയോടെ അവളുടെ കാതിനടുത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു… എന്നോട് ഇത്രയും വ്യക്തി വൈരാഗ്യം പുലർത്തുന്ന നിനക്ക് എന്തിനാടി എന്റെ ലേബലിൽ ഒരു കുഞ്ഞ്…!!! രാവൺ വേദ്യയോട് മാത്രമായി ആ ചോദ്യം ചോദിച്ച് മുഖമുയർത്തുമ്പോ അവള് ഞെട്ടലോടെ അവന് നേരെ തിരിഞ്ഞു… അവളുടെ മുഖത്ത് തെളിഞ്ഞ അമ്പരപ്പ് കണ്ട് കടുത്ത നിലപാടോടെ ഇരു കൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് നിൽക്ക്വായിരുന്നു രാവൺ… ഞാൻ ചോദിച്ച ചോദ്യം വളരെ ന്യായമല്ലേ വേദ്യാ… നീ ഇത്രയും വലിയൊരു തുറന്നു പറച്ചിൽ നടത്തിയപ്പോ… അതിനിടയിൽ നീ പറയാൻ വിട്ടുപോയ ഒരു സത്യമുണ്ടല്ലോ… അത് നീ മറന്നു പോയതാണോ..അതോ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നതാണോ…??? രാവണിന്റെ ചോദ്യം കേട്ട് വേദ്യ വിരലുഴിഞ്ഞ് നിന്നു… രാവൺ… നീയെന്തൊക്കെയാ ഈ പറയുന്നത്… അവളുടെ മനസ്സിന് മുറിവേൽപ്പിച്ചു കൊണ്ട് എന്റെ മോൾടെ ആരോഗ്യം ഇല്ലാണ്ടാക്കാനാ നിന്റെ ഭാവം… വൈദി തിടുക്കപ്പെട്ട് രാവണിന് അടുത്തേക്ക് നടന്നു ചെന്നു…. അതെ രാവൺ..നീ എന്തൊക്കെയാ ഈ പറയുന്നത്…!! (പ്രഭ) മിണ്ടിപ്പോകരുത്… എന്റെ മുന്നിൽ നിന്ന് ഇനി ഒരക്ഷരം പോലും മിണ്ടരുത് രണ്ടാളും…!! ഇത്രയും നാളും നിങ്ങളൊക്കെ ഭരണം നടത്തിയ പൂവള്ളിയല്ല ഇത്..!! ഒരു power of attorney യുടെ പേരിൽ നടത്തി വന്ന ഭരണം ഇന്നത്തോടെ നിർത്താം രണ്ടാൾക്കും.. ഇതിപ്പോ എന്റെ തറവാടാണ്… മരുമക്കത്തായം നിലനിന്നിരുന്ന തറവാടും മനയും അതിനെ ചുറ്റപ്പെട്ട പ്രദേശങ്ങളും കോടതി വിധി പ്രകാരം ഇന്നെനിക്ക് അവകാശപ്പെട്ടതാണ്.. ഇനി എന്റെ സമ്മതമില്ലാതെ ഈ സ്വത്ത് വകകളൊന്നും കൈകാര്യം ചെയ്യാനുള്ള അധികാരമോ അവകാശമോ നിങ്ങൾക്കില്ല… രാവൺ….!!! വൈദി അമ്പരപ്പോടും അരിശത്തോടും ഉച്ചത്തിൽ വിളിച്ചു.. അതെ രാവൺ തന്നെയാണ്…!!! ഇനി എനിക്ക് പറയാനുള്ളത് ഞാൻ പറയും… നിങ്ങള് കേൾക്കും… രാവണിന്റെ സ്വരത്തിൽ ഒരു താക്കീതിന്റെ ധ്വനി ഉയർന്നു… അവൻ ഉള്ളിലടക്കിയ ദേഷ്യത്തോടെ വേദ്യയ്ക്ക് നേരെ തിരിഞ്ഞു… ഒരു വിജയിയുടെ അഹങ്കാരത്തിനപ്പുറം ഒരു പരാജിതയുടെ നിരാശ അവളുടെ മുഖത്ത് പരന്നു…. ഇനി പറയ് വേദ്യ… നീ മറച്ചു വച്ച ആ സത്യങ്ങൾ…. അത് നിന്റെ വായിൽ നിന്നു തന്നെ കേൾക്കണം എനിക്ക്… എന്ത് സത്യങ്ങൾ…??? വേദ്യ പരിഭ്രമത്തോടെ വിരലുഴിഞ്ഞു കൊണ്ട് രാവണിന് മുഖം നല്കാതെ തിരിഞ്ഞു നിന്നു… അവരുടെ സംസാരങ്ങൾക്ക് കാതോർത്ത് ആകാംക്ഷയോടെ നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും…. എന്ത് സത്യങ്ങളെന്നോ…?? എന്നെ പകയോടെ മാത്രം കണ്ടിട്ടുള്ള നിന്റെ വയറ്റിൽ എങ്ങനെയാടീ എന്നിൽ നിന്നും ഒരു കുഞ്ഞ് ജന്മം കൊണ്ടത്… ത്രേയയെ ഈ തറവാട്ടിൽ നിന്നും പടിയടച്ച് പിണ്ഡം വച്ചാൽ നീ എന്റെ വധുവാകണം.. അതായിരുന്നല്ലോ എല്ലാവരുടേയും തീരുമാനം…. അതിനെ എതിർക്കാൻ ശ്രമിക്കുന്ന നിനക്ക് പിന്നെ എന്തിനാ ഈ കുഞ്ഞ്… അതിനെയങ്ങ് വേണ്ടാന്ന് വച്ചൂടെ… No…!! രാവണിന്റെ വാക്കുകൾ കേട്ട് വേദ്യ അലറിവിളിച്ചു… ആ രംഗം കണ്ടതും ഹാളിൽ കൂടിയ എല്ലാവരും ഒരുപോലെ അമ്പരപ്പോടെ ആ കാഴ്ച കണ്ട് നിന്നു…. വേദ്യയുടെ മനസ്സ് സാവധാനം യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തിയതും അവള് കനലെരിയുന്ന കണ്ണുകളോടെ രാവണിനെ തന്നെ ഉറ്റുനോക്കി നിന്നു… അവളുടെ നോട്ടത്തെ ഏറ്റുവാങ്ങി ഒരു കൂസലും കൂടാതെ നില്ക്ക്വായിരുന്നു രാവൺ… നിങ്ങള്… നിങ്ങളെന്താ പറഞ്ഞേ… എന്റെ കുഞ്ഞിനെ ഇല്ലാതാക്കാനോ…??? ഒരിക്കലും… ഒരിക്കലും ഞാനതിന് സമ്മതിക്കില്ല… എന്തുകൊണ്ട്…!! എനിക്ക് ഈ കുഞ്ഞിനെ ആവശ്യമില്ല.. എനിക്ക് വേണ്ടാത്ത ഒരു കുഞ്ഞിനെ നീ വയറ്റിൽ ചുമക്കേണ്ട യാതൊരു ആവശ്യവുമില്ല… ഇതെന്റെ തീരുമാനമാണ്…!! പറ്റില്ല… എന്റെ കുഞ്ഞിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ നിങ്ങളാരാ…!! ഹത് നല്ല ചോദ്യം… നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റേതാണെന്ന് ഇതുപോലെ ഒരു സഭയിൽ നീ തന്നെയല്ലേ പറഞ്ഞത്… അപ്പോ പിന്നെ ആ കുഞ്ഞിനെ സംബന്ധിക്കുന്ന തീരുമാനമെടുക്കാനുള്ള പൂർണാധികാരം എനിക്ക് മാത്രമാണ് വേദ്യാ…. ഇല്ല… എന്റെ കുഞ്ഞിനെ സംബന്ധിക്കുന്ന ഏത് തീരുമാനവും എടുക്കാനുള്ള അധികാരം എനിക്ക് മാത്രമാണ്… ഈ ന്യായം വിലപ്പോവില്ല വേദ്യ… എന്നോട് എതിർക്കാൻ നോക്കേണ്ട നീ… ഇക്കാര്യത്തിൽ എന്റെ തീരുമാനം മാത്രമാണ് നടക്കാൻ പോകുന്നത്…. ഇല്ല…നടക്കില്ല… എന്റെ കുഞ്ഞിന്റെ ജീവൻ ഇല്ലാതാക്കാൻ നിങ്ങളെ ഞാൻ അനുവദിക്കില്ല… ഇങ്ങനെ വാശി പിടിയ്ക്കാൻ ഇത് നിന്റെ മാത്രം കുഞ്ഞല്ലല്ലോ.. എന്റേതും കൂടിയല്ലേ… (രാവൺ) അല്ല…. ഇത് നിങ്ങളുടെ കുഞ്ഞല്ല…!! വേദ്യ വയറിൽ കൈ ചേർത്ത് കൊണ്ട് അല്പം പിന്നിലേക്ക് നീങ്ങി നിന്നു… അവളുടെ ആ പറച്ചില് കേട്ടതും ചുറ്റിലും കൂടിയ എല്ലാവരും ഒരുപോലെ ഞെട്ടിത്തരിച്ചു… പക്ഷേ രാവണിന്റെ ചുണ്ടിൽ മാത്രം ഒരു വിജയിച്ചിരി മൊട്ടിട്ടു…. ഈ ഒരു വാക്കിന് വേണ്ടീട്ടാടീ ഞാൻ ഇത്രയും നേരം കാത്തിരുന്നത്… നിന്റെ നാവിൽ നിന്നും ഇങ്ങനെ ഒരു തുറന്നു പറച്ചിൽ… അതിന് വേണ്ടീട്ടായിരുന്നു എന്റെ കാത്തിരിപ്പ്…. ഇനി പറയെടീ…ആരാ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ…??? എല്ലാവരും കേൾക്കെ ഉറക്കെ പറയ് നീ…

രാവണിന്റെ വാക്കുകൾ കേട്ട് വേദ്യ പതർച്ചയോടെ പിന്നിലേക്ക് മുഖം തിരിച്ചു…

അത്…അത് ഞാൻ പറയില്ല…!!!

എന്തുകൊണ്ട് പറയില്ല… പൊതു സമൂഹത്തിന് മുന്നിൽ തുറന്നു പറയാൻ കഴിയാത്തയാളാണോടീ അവൻ…. അതോ പേരെടുത്ത് പറയാൻ ഒരാളില്ലേ…!!! സൂക്ഷിച്ചു സംസാരിക്കണം…!! രാവണിന്റെ ചോദ്യം കേട്ട് വേദ്യ ദേഷ്യത്തിൽ ചൂണ്ട് വിരൽ ഉയർത്തി അവന് നേരെ തിരിഞ്ഞു… ഇല്ലെങ്കിൽ നീയെന്നെ എന്ത് ചെയ്യും.. പറയെടീ… എന്തു ചെയ്യുമെന്ന്… ത്രേയയോടുള്ള പക വളർത്തി ഡ്രിങ്ക്സിനും ഡ്രഗ്സിനും അടിമയാക്കയതും പോരാഞ്ഞിട്ട് എല്ലാവരുടേയും മനസ്സിൽ എന്നെ ഒരു തെറ്റുകാരനായി മുദ്രകുത്തീല്ലേടീ നീ… നിന്റെ വയറ്റിൽ ജന്മമെടുത്ത ദിവ്യഗർഭം എന്റെ മേൽ ചുമത്തീല്ലേ നീ… ആ കളങ്കത്തെ എന്നിൽ നിന്നും അടർത്തി മാറ്റി അഗ്നി ശുദ്ധി വരുത്തണം എനിക്ക്… അതുകൊണ്ട് എന്റെ സ്വഭാവം മോശമാക്കാതെ മര്യാദയ്ക്ക് സത്യം സത്യംപോലെ പറഞ്ഞോ നീ… രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി… അവന്റെ ചോദ്യങ്ങൾക്ക് യാതോരു മറുപടിയും നല്കാതെ തലകുനിച്ച് നിൽക്ക്വായിരുന്നു വേദ്യ… നീ പറയില്ല ല്ലേ… വേണ്ട.. ഞാൻ തന്നെ പറഞ്ഞോളാം..!! എല്ലാം ഞാൻ തന്നെ വ്യക്തമായി പറഞ്ഞു തരാം… നെഞ്ചിന് മീതെ കെട്ടി വച്ചിരുന്ന കൈ അഴിച്ച് പോക്കറ്റിലേക്ക് തിരുകി രാവൺ ഹാളില് നിന്ന എല്ലാവരിലേക്കും നോട്ടം കൊടുത്തു…. വേദ്യ പറഞ്ഞത് കേട്ടില്ലേ എല്ലാവരും… അവൾടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനല്ല അത്രേ… അപ്പോ ഈ കുഞ്ഞിന് ഒരവകാശി ഉണ്ടാവുമല്ലോ.. അതാരാണെന്ന് അറിയണ്ടേ എല്ലാവർക്കും… അറിയണ്ടേ പ്രേം…!!! രാവൺ പ്രേമിന് നേരെ നടന്നു ചെന്ന് മെല്ലെയൊന്ന് പുഞ്ചിരിച്ചു… അവന്റെ മുഖത്തെ ഭാവ വ്യത്യാസം കണ്ട് പ്രേം പതർച്ചയോടെ രാവണിലേക്ക് തന്നെ നോട്ടം വച്ചു…. പ്രേം വേദ്യയുടെ അടുത്ത സുഹൃത്തല്ലേ…!! അപ്പോ ഇവളെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ ഈ തറവാട്ടിലുള്ളവരേക്കാൾ കൂടുതലായി ഒരുപക്ഷേ നിനക്ക് അറിഞ്ഞെന്ന് വരാം…. ഇല്ല രാവൺ… ഈ കുടുംബത്തിലെ കാര്യങ്ങൾ ഒരു പരിധിയ്ക്കപ്പുറം എനിക്കറിയില്ല… പ്രേം തിടുക്കപ്പെട്ട് അങ്ങനെ പറഞ്ഞതും രാവൺ അവനെ തന്നെ ഉറ്റുനോക്കി നിന്നു… അതിന് ഞാൻ ചോദിച്ചത് ഈ കുടുംബത്തെ പറ്റിയല്ലല്ലോ പ്രേം… വേദ്യയെപ്പറ്റിയല്ലേ….!!! രാവണിന്റെ ആ ചോദ്യം കൂടി ആയതും പ്രേം വെട്ടി വിയർത്തു… ഇല്ല രാവൺ… എനിക്ക് കൂടുതലായി ഒന്നും അറിയില്ല… (പ്രേം) Good.. ഈ മറുപടി ഇങ്ങനെ തന്നെ ഇനിയും ആവർത്തിച്ചു പറയണം നീയ്.. ഒരു പതർച്ച പോലും കൂടാതെ…!! ഓക്കെ… രാവൺ എന്തൊക്കെയോ അർഥം വച്ച് പറയും പോലെ പറഞ്ഞതും പ്രേം തിടുക്കപ്പെട്ട് തലയാട്ടി കാണിച്ചു… അവന്റെ ആ പ്രതികരണം കണ്ട് രാവൺ കുറച്ചു കൂടി മുന്നോട്ട് നടന്നു… പ്രേമിന് അറിയാത്ത സ്ഥിതിയ്ക്ക് വേദ്യയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ ആരാണെന്നുള്ള സത്യം ഇവിടെ കൂടിയിരിക്കുന്ന മറ്റാർക്കെങ്കിലും അറിവുണ്ടോ…??? രാവൺ ചുറ്റിലും കണ്ണോടിച്ചു കൊണ്ട് എല്ലാ മുഖങ്ങളിലേക്കും ഒരോട്ട പ്രദക്ഷിണം വച്ചു… പക്ഷേ ചുറ്റിലും കൂടിയിരുന്ന മുഖങ്ങളെല്ലാം കാര്യമായ മറുപടിയൊന്നും നല്കാതെ സംശയഭാവത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു…. ഓക്കെ… ഇവിടെ കൂടിയിരിക്കുന്ന ആർക്കും അക്കാര്യത്തെ കുറിച്ച് യാതൊരു ബോധ്യവുമില്ലെന്ന് നിങ്ങളുടെ മുഖങ്ങൾ തന്നെ എനിക്ക് വ്യക്തമാക്കി തരുന്നുണ്ട്… പക്ഷേ അപ്പോഴും ഒരു പ്രശ്നമുണ്ടല്ലോ… രാവണിന്റെ പറച്ചില് കേട്ട് എല്ലാവരും സംശയരൂപേണ രാവണിനെ തന്നെ ഉറ്റുനോക്കി നിന്നു… എന്താണെന്നല്ലേ…!!! എന്റെ കണ്ടെത്തലിൽ കള്ളൻ കപ്പലിൽ തന്നെയാണ്… രാവണിന്റെ സംസാരത്തിൽ ഒരു ചിരി കലർന്നു… ഇപ്പോഴും മനസിലായില്ല ല്ലേ… വിശദമാക്കി തരാം… വേദ്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വം എല്ലാവർക്കും മുന്നിൽ വെച്ച് ശിരസ്സാൽ വഹിച്ചൂന്ന് കരുതി ആ തെറ്റിൽ എനിക്ക് യാതൊരു വിധ പങ്കുമില്ലെന്ന് നിശ്ചയമായിരുന്നു…. കാരണം എന്റെ ശരീരത്തിൽ ബാധിച്ച ലഹരി ഒരിക്കലും എന്റെ മനസ്സിനെ ബാധിച്ചിരുന്നില്ല… ഇന്നീ നിമിഷം വരെ മനസാക്ഷിയ്ക്ക് വിരുദ്ധമായി ഒരു തെറ്റും ഈ രാവൺ ചെയ്തിട്ടില്ല… രാവണിന്റെ ആ പറച്ചില് കേട്ട് എല്ലാവരും ഒരുപോലെ അവനെ തന്നെ ദയനീയമായി നോക്കി നിന്നു…. ഇനിയും എനിക്ക് ഈ ഭാരം പേറാൻ കഴിയില്ല…!! അതുകൊണ്ട് എല്ലാവർക്കും മുന്നിൽ ഞാനാ സത്യം വെളിപ്പെടുത്താൻ പോക്വാ… രാവൺ പതിയെ മുന്നോട്ട് നടന്ന് ത്രിമൂർത്തികൾക്ക് അരികിലേക്ക് ചെന്നു നിന്നു… വേദ്യയുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ഞാനല്ല… എന്നോട് കയർത്തു സംസാരിച്ച നിങ്ങളോട് ഞാനത് തുറന്ന് പറയ്വാണ്… ആ കളങ്കം എന്നിൽ നിന്നും ഒഴിഞ്ഞ സന്തോഷത്തിലുപരി ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരാളിൽ നിന്നുള്ള ചതിയാണ് എന്റെ മനസ്സിനെ അങ്ങേയറ്റം വേട്ടയാടുന്നത്… അത് കേട്ട് രാവണിന് മുന്നിൽ നിന്ന മൂവരും പരസ്പരം മുഖത്തോട് മുഖം നോക്കി… അപ്പോഴേക്കും രാവണിന്റെ കൈത്തലം മെല്ലെ അഗ്നിയുടെ തോളിലേക്ക് അമർന്നു… എന്തിന് വേണ്ടിയായിരുന്നു അഗ്നീ ഇതെല്ലാം…. നിന്നെ ജീവനായി കണ്ട എന്നോട് ഇത്രയും വലിയൊരു ചതി വേണമായിരുന്നോ…?? രാവണിന്റെ ചോദ്യം കേട്ട് അഗ്നി ഞെട്ടിത്തരിച്ചു കൊണ്ട് രാവണിന് നേരെ നോട്ടം കൊടുത്തു… രാവൺ…നീ.. നീയെന്തൊക്കെയാടാ ഈ പറയുന്നത്… ഞാ…ഞാനോ..!!

അതെ…നീയാണ് അഗ്നീ… നീയാണ് എല്ലാറ്റിനും കാരണം… വേദ്യയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ നീ മാത്രമാണ് അഗ്നീ… ഇന്നലെ ത്രേയയെ കൊല്ലാൻ ശ്രമിച്ചതും നീയല്ലേ… അങ്ങനെയല്ലേ നിന്റെ കൈത്തണ്ടയിൽ മുറിവേറ്റത്…!!!

രാവൺ അഗ്നിയുടെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി… അതിനെ ശക്തിയോടെ തട്ടിയെറിഞ്ഞു കൊണ്ട് അഗ്നി രോഷത്തോടെ കത്തി ജ്വലിച്ചു… എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് രാവൺ ഇതെല്ലാം എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്… ഞാൻ ചെയ്തിട്ടില്ല..ചെയ്യുകേം ഇല്ല… വേദ്യയെ…അവളെ അങ്ങനെ ഒരർത്ഥത്തിൽ കാണാൻ എനിക്ക് കഴിയില്ല രാവൺ… പിന്നെ നീയെന്താ പറഞ്ഞത് ത്രേയയെ ഞാൻ… ഞാൻ കൊല്ലാൻ നോക്കിയെന്നോ… എന്റെ സ്വന്തം അനിയത്തിയാണവൾ… അവൾക്കൊരപകടം സംഭവിക്കാൻ ഞാൻ കാരണക്കാരനാവില്ല രാവൺ… നീ അഭിനയിക്കേണ്ട അഗ്നി… ഞാൻ എല്ലാം കണ്ടെത്തി കഴിഞ്ഞു… ഇല്ല…!!! അഗ്നി ഒരിക്കലും അങ്ങനെ ചെയ്യില്ല…!!! പില്ലറിന് പിന്നിലായി നിന്ന കൺമണിയുടെ ശബ്ദം ഹാളിലാകെ മുഴങ്ങി കേട്ടതും എല്ലാവരുടേയും നോട്ടം ഒരുപോലെ അവളിലേക്ക് വീണു…. ഹാളിലുണ്ടായിരുന്ന ആരെയും വക വയ്ക്കാതെ കൺമണി രാവണിനും അഗ്നിയ്ക്കും അരികിലേക്ക് നടന്നടുത്തു… രാവണിന്റെ പേരിലുണ്ടായ കളങ്കം അഗ്നിയിൽ ചാർത്തി കൊടുക്കാൻ ശ്രമിക്കേണ്ട… അഗ്നി ഒരിക്കലും അങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല… അത് മറ്റാരേക്കാളും എനിക്ക് വ്യക്തമാണ്… കൺമണി ശബ്ദമുയർത്തിയത് കേട്ട് എല്ലാവരും അമ്പരപ്പോടെ അവളെ തന്നെ നോക്കി നിന്നു.. ഒരു പെൺകുട്ടിയെ താലികെട്ടി മറ്റൊരുവളുമായി കിടപ്പറ പങ്കിടാൻ മുതിർന്ന രാവണിനോളം അഗ്നിയെ തരംതാഴ്ത്താൻ മുതിരരുത്… വേദ്യയെക്കൊണ്ട് ഭീഷണിപ്പെടുത്തി പിതൃത്വം നിഷേധിപ്പിക്കാം… അത് നിങ്ങളുടെ ഇഷ്ടം… പക്ഷേ അത് അഗ്നിയുടെ മേൽ മുദ്രകുത്താൻ ശ്രമിക്കരുത്…. വ്യക്തമായ തെളിവുകളുണ്ട് രാവൺ നിനക്കെതിരെ… എന്റെ അമ്മ കണ്ടതാണ് നിന്നെ… അവൾക്കൊപ്പം അന്ന് നീ തന്നെ ആയിരുന്നു…. കൺമണി രോഷാകുലയായതും രാവൺ സംയമനം പാലിച്ചു കൊണ്ട് എല്ലാം കേട്ട് നിന്നു… അതൊന്നും മനസിലാകാതെ അന്തം വിട്ടു നില്ക്ക്വായിരുന്നു അച്ചു…. ഒരു കിതപ്പോടെ കൺമണി പറഞ്ഞു നിർത്തിയതും രാവൺ പതിയെ പറഞ്ഞു തുടങ്ങി… നീ ഇത്രയും confidence ഓടെ എനിക്ക് എതിരെ വാദിക്കുന്നുണ്ടല്ലോ കൺമണീ… അതിന് നീ കണ്ടെത്തിയ ആ വ്യക്തമായ തെളിവെന്താ…??? എന്റെ ശരീരത്തിൽ പച്ചകുത്തിയിരുന്ന ഒരു കാലഭൈരവന്റെ ചിത്രം ല്ലേ… രാവൺ ഉരുറച്ച മനസ്സോടെ കൺമണിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി… രാവണിന് നേരെ നോട്ടം നല്കാതെ തലകുനിച്ച് നിൽക്ക്വായിരുന്നു കൺമണി…. അന്ന് മായമ്മ കണ്ടതും എന്റെ മുഖമായിരുന്നില്ല… ആ പച്ചകുത്തിയ പാട് മാത്രമായിരുന്നു… അല്ലേ കൺമണീ… അത് കേട്ട് കൺമണി ഒരു ചെറു കിതപ്പോടെ രാവണിന് നേരെ നോട്ടം കൊടുത്തു…. പാന്റിന്റെ പോക്കറ്റിലേക്ക് ഒരു കൈ തിരുകി രാവൺ ത്രിമൂർത്തികൾക്ക് പിന്നിലൂടെ നടന്നു… വർഷങ്ങൾക്ക് മുമ്പ് ഈ പൂവള്ളിയിൽ നിത്യയുടെ മരണം സംഭവിക്കുമ്പോ എനിക്ക് എതിരെ മൊഴി നല്കിയ ത്രേയയും വേണുമാമയുടെ കൊലയാളിയുടെ പുറത്ത് കണ്ടത് ഒരു കാലഭൈരവന്റെ ചിത്രമായിരുന്നു… കോളേജ് ഗേറ്റിന് മുന്നിൽ വെച്ച് നിമ്മി മോളെ ഇടിച്ചു തെറിപ്പിച്ചു പോയ വാനിന് പിന്നിലെ ചിത്രവും ഇതേ കാലഭൈരവൻ തന്നെ ആയിരുന്നു… *സ്നേഹത്തിന്റെ ഭാഷയിൽ ചതി ഒളിപ്പിച്ചു വച്ച് നിഷ്കളങ്കമായ പുഞ്ചിരിയ്ക്ക് പിന്നിൽ വഞ്ചന കരുതിയ ഒരു നെറികെട്ടവനെ ഞാൻ ഈ തറവാട്ടിൽ കയറ്റി.. ദേ അവന്റെ ശരീരത്തിലുമുണ്ട് എന്നെ തെറ്റുകാരനായി മുദ്രകുത്തിയ ആ ചിത്രം…!! രാവൺ അത്രയും പറഞ്ഞു കൊണ്ട് ശന്തനു ധരിച്ചിരുന്ന white colour shirt പിന്നിൽ നിന്നു കൊണ്ട് തന്നെ വലിച്ചു കീറി… അവന്റെ വിരിവാർന്ന പുറത്ത് തെളിഞ്ഞു കണ്ട കാലഭൈരവന്റെ ചിത്രം എല്ലാവരും കാണത്തക്ക വിധത്തിൽ രാവണവനെ പൊതുസഭയ്ക്ക് മുന്നിലേക്ക് തള്ളി വിട്ടു… ഒരുതരം പതർച്ചയോടെ അവൻ എല്ലാ മുഖങ്ങളിലേക്കും നോട്ടം കൊടുത്തു…. അതുകണ്ട് ആകെ ഷോക്കേറ്റ മട്ടിൽ നിൽക്ക്വായിരുന്നു അച്ചുവും അഗ്നിയും… ഇവനാ… ഈ ചെറ്റയാ എല്ലാറ്റിനും കാരണം.. ശന്തനൂന് നേരെ വിരൽ ചൂണ്ടി കൊണ്ട് രാവണങ്ങനെ പറഞ്ഞതും എല്ലാവരുടേയും നോട്ടം ഒരുപോലെ ശന്തനൂന് നേരെ പാഞ്ഞു…. അവർക്കൊന്നും നോട്ടം നല്കാതെ അവനൊരു കുറ്റവാളിയെപ്പോലെ തലകുനിച്ച് നിന്നു… രാവൺ… നീയെന്തൊക്കെയാ ഈ പറയുന്നത്…?? ശന്തനു..ഇവനെന്തിന് വേണ്ടീട്ടാ ഇങ്ങനെയൊക്കെ ചെയ്തത്.. അതിന്റെ ആവശ്യമെന്താ… ഇവൻ… ഇവൻ നമ്മുടെ ഫ്രണ്ടായിരുന്നില്ലേ… അച്ചുവിന്റെ ശബ്ദം ഇടറി… ഇല്ല അച്ചൂട്ടാ… ഇവൻ..ഇവനൊരിക്കലും നമ്മുടെ ഫ്രണ്ട്ഷിപ്പോ സ്നേഹമോ ആഗ്രഹിച്ചിരുന്നില്ല… ഇവനാഗ്രഹിച്ചത് ഒന്ന് മാത്രമായിരുന്നു നമ്മുടെ സർവ്വനാശം… അതിന് വേണ്ടീട്ടാ എന്റെയും അഗ്നീടെയും ഉറ്റ ചങ്ങാതിയായി വളരെ ചെറുപ്പത്തിലേ തന്നെ ഇവനീ കുടുംബത്തിൽ കയറിക്കൂടിയത്…!! രാവൺ ശന്തനുവിനെ തന്നെ തുറിച്ചു നോക്കി… അപ്പോഴും അവനൊരു തരം പതർച്ചയോടെ മുഖം കുനിച്ചു നിൽക്കുകയായിരുന്നു… ഒരു തെളിവുകളും നിരത്താതെ ഞാനിങ്ങനെയൊക്കെ പറയുമ്പോ നിങ്ങൾക്ക് ഒരുപക്ഷേ എന്നിൽ അവിശ്വാസം തോന്നിയെന്ന് വരാം… അതുകൊണ്ട് വ്യക്തവുമായ തെളിവുകളുടെ പിൻബലത്തിൽ കാര്യങ്ങൾ ഞാൻ എല്ലാവർക്കും മുന്നിൽ വിശദമാക്കാം…!!! ദ്രുപത്….!!!! രാവൺ ഹാളിൽ നിന്നുകൊണ്ട് ഉറക്കെ വിളിച്ചതും പോലീസ് യൂണിഫോമിലുള്ള ഒരു ചെറുപ്പക്കാരൻ കാര്യസ്ഥൻ അച്യുതനെ പൂവള്ളിയുടെ പൊതുസഭയ്ക്ക് മുന്നിലേക്ക് കൂട്ടിക്കൊണ്ടു വന്നു…. വിലങ്ങണിയിച്ചിരുന്ന അയാളെ ഹാളിന് മധ്യഭാഗത്തേക്ക് കൊണ്ട് നിർത്തിയതും ശന്തനു ഒരു ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് നോക്കി….. ഇയാളെ നീ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല ല്ലേ ശന്തനൂ… രാവൺ ഒരു പരിഹാസച്ചുവയോടെ പറഞ്ഞത് കേട്ട് ശന്തനു മുഖമുയർത്തി രാവണിന് നേരെ നോട്ടമിട്ടു… ഇതാരാണെന്ന് അറിയില്ലേ എല്ലാവർക്കും…!!! പൂവള്ളിയിലെ ചില ഇളംതലമുറകൾക്ക് ബോധ്യമില്ലെങ്കിലും ഇവിടുത്തെ മുഖ്യ പ്രമാണിമാർക്കെല്ലാം സുപരിചിതമാണ് ഈ മുഖം…. രാവണങ്ങനെ പറഞ്ഞതും വൈദിയും പ്രഭയും ഒരുപോലെ അയാളിലേക്ക് നോട്ടമിട്ടു… ഇനിയും മനസ്സിലായില്ലെങ്കിൽ ഞാൻ തന്നെ മനസ്സിലാക്കി തരാം… ഇതാണ് അച്യുതാൻ… പൂവള്ളി മനയിലെയും തറവാട്ടിലേയും പഴയ കാര്യസ്ഥൻ… വർഷങ്ങൾക്ക് മുമ്പ് പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെ തന്നെ ഇയാളെ ഇവിടെ നിന്നും കാണാതായി… അതും ഇവിടെ രണ്ട് മരണങ്ങൾ സംഭവിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ…. പിന്നീട് നീണ്ട വർഷക്കാലത്തിനൊടുവിൽ ഇന്നാണ് ഇയാളീ തറവാട്ട് മുറ്റത്തേക്ക് കാല് കുത്തുന്നത്… എന്തുകൊണ്ടാണ് ആ മരണങ്ങൾ സംഭവിച്ച സമയത്ത് തന്നെ ഇദ്ദേഹത്തിന്റെ തിരോധാനം സംഭവിച്ചത്…!! ഇയാളന്ന് മരണപ്പെട്ടിരുന്നില്ല… പിന്നെ എന്തു കൊണ്ടാണ് ഇയാളന്ന് തന്നെ എല്ലാവരിൽ നിന്നും മറഞ്ഞു നടന്നത്…!!! ഉത്തരമില്ലാത്ത ചോദ്യമാണ് ല്ലേ… ആരും അന്വേഷിക്കാൻ മുതിരാതിരുന്ന കാര്യങ്ങൾ…. പക്ഷേ വർഷങ്ങൾക്കിപ്പുറം തികച്ചും യാദൃശ്ചികമായ ഒരു സന്ദർഭത്തിലാണ് ഞാനിയാളെ കണ്ടു മുട്ടിയത്…. ഒരുപക്ഷേ അതൊരു നിയോഗമായിരിക്കാം… അതുകൊണ്ട് മാത്രമല്ലേ അന്നു നടന്ന സംഭവങ്ങൾ എന്താണ് എങ്ങനെയാണ് എന്നെനിക്ക് കൃത്യവും വ്യക്തവുമായി കണ്ടെത്താൻ കഴിഞ്ഞത്… അത് കേട്ടതും പൂവള്ളിയിലെ എല്ലാ അംഗങ്ങളും ഒരുപോലെ അമ്പരന്നു നിന്നു… ഞാൻ മനപൂർവ്വമാണ് ഒരു തെറ്റുകാരനായി മുദ്രകുത്തി അഗ്നിയെ ഈ കേസിലേക്ക് വലിച്ചിഴച്ചത്… അഗ്നി ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ മുതിരില്ല എന്ന വ്യക്തമായ തിരിച്ചറിവ് എനിക്കുണ്ടായിരുന്നു… പിന്നെയും അവന്റെ പേര് തന്നെ ഞാനീ സന്ദർഭത്തിലേക്ക് ഉറക്കെ വിളിച്ചു പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല… തെറ്റുകാരനായി മറ്റൊരുവനിലേക്ക് വിരൽ ചൂണ്ടുമ്പോ യഥാർത്ഥ തെറ്റുകാരൻ ഞാനാണ് എന്ന ഉത്തമ ബോധ്യത്തിൽ നില്ക്കുന്ന ഇവന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ കാണാൻ വേണ്ടി മാത്രമാണ്…. ആ ഒരു നിമിഷം… എല്ലാ കുറ്റങ്ങളും ഞാൻ അഗ്നിയ്ക്ക് മേൽ ചുമത്തിയ ആ നിമിഷം ഇവന്റെ കണ്ണിൽ വിരിഞ്ഞ ആശ്വാസത്തിന്റെ തിരയിളക്കം, ചുണ്ടിൽ മൊട്ടിട്ട പുഞ്ചിരി… എല്ലാം നോക്കി കാണുകയായിരുന്നു ഞാൻ…. എന്നെ തീർത്തും ഒരു വിഡ്ഢി വേഷം കെട്ടിച്ചു കളയാം എന്ന് ചിന്തിച്ച ഇവന്റെ കുടിലതന്ത്രത്തിന് മേലാണ് ഞാനെന്റെ സംശയങ്ങളുടെ ആദ്യത്തെ ആണിയടിച്ചത്… നീയെന്താ കരുതിയത് ഒരുത്തി എവിടെ നിന്നോ ഒരു കുഞ്ഞിനെ വയറ്റിൽ പേറി വരുമ്പോ അതിന്റെ പിതൃത്വം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനും മാത്രം ഞാനങ്ങ് അധഃപതിച്ചു പോയെന്നോ….!!! മദ്യത്തിന്റെ ലഹരി എത്രമാത്രം എന്റെ തലച്ചോറിനെ വേട്ടയാടിയാലും ഈ രാവൺ രാവൺ തന്നെ ആയിരിക്കും…. രാവണിന്റെ വാക്കുകൾ കേട്ട് വേദ്യ പരിഭ്രമത്തോടെ തലകുനിച്ചു… ഇതെല്ലാം കേട്ട് സന്തോഷത്തോടെ നില്ക്ക്വായിരുന്നു ത്രേയ…. വേദ്യയുടെ ഗർഭത്തിന്റെ പൂർണ ഉത്തരവാദിത്വം ഒരു ഉപാധിയും കൂടാതെ ഞാൻ ഏറ്റെടുത്തപ്പോൾ അതിൽ നിനക്കുള്ള യമണ്ടൻ പണികൾ ഞാൻ കരുതി വച്ചിരിക്കുമെന്ന് ഇത്രയും കുടിലതകൾ ചിന്തിച്ച് കൂട്ടിയ നിനക്ക് ഒരു തവണയെങ്കിലും ചിന്തിക്കാമായിരുന്നു ശന്തനു…. നീ അത് ചിന്തിച്ചില്ല…അവിടേം വിജയം എനിക്ക്…!!! രാവണിന്റെ വർത്തമാനം കേട്ട് ശന്തനു കിതപ്പോടെ അവനെ തന്നെ ഉറ്റുനോക്കി നിന്നു… ഞാനിപ്പോ എല്ലാവർക്കും മുന്നിൽ പരിചയപ്പെടുത്തിയ ഈ അച്യുതാൻ നമ്മുടെ തറവാട്ടിലെ കാര്യസ്ഥൻ ആയിരുന്നു… പക്ഷേ ഇയാൾക്കും മിസ്റ്റർ ശന്തനുവിനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്… അത് ഞാൻ പറയണോ അതോ നീ പറയുമോ…!!! രാവൺ ശന്തനുവിന് നേരെ മുഖം കുനിച്ചു കൊണ്ട് ചോദിച്ചതും അവൻ തിരിച്ചൊന്നും പ്രതികരിക്കാതെ തലകുനിച്ച് നിന്നു… നിനക്ക് പറയാൻ താൽപര്യം ഇല്ല ല്ലേ…. ഓക്കെ ഞാൻ തന്നെ പറയാം… ഈ നില്ക്കുന്ന അച്യുതൻ പൂവള്ളി മനയിലെ കാര്യസ്ഥൻ മാത്രമല്ല… ഇവന്റെ ഒരേയൊരു അമ്മാവൻ കൂടിയാണ്… അത് കേട്ടതും വൈദിയും പ്രഭയും ഒരുപോലെ ഞെട്ടി തരിച്ചു നിന്നു പോയി…!! വളരെ യാദൃശ്ചികമായിട്ടാണ് ഞാനിയാളെ കണ്ടു മുട്ടിയത്….!! ഇയാളെ ഫോളോ ചെയ്യുമ്പോഴും മനസ്സിൽ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല… പക്ഷേ എന്റെ കൈയ്യിൽ കിട്ടി നന്നായി ഒന്ന് പെരുമാറിയപ്പോൾ ഇവനെന്നെ ചില സത്യങ്ങൾ ബോധിപ്പിച്ചു… അവിടേം ഇയാൾ ഇവന്റെ പേര് വെളിപ്പെടുത്തിയില്ല… പക്ഷേ ചോദ്യം ചെയ്യലിനിടയിൽ ഇയാൾടെ മൊബൈലിലേക്ക് വന്ന ഇവന്റെ കോൾ… പരിചയമില്ലാത്ത നമ്പർ ആണെങ്കിൽ കൂടി ഇയാളുടെ മൊബൈൽ ഡിസ്പ്ലേയിൽ തെളിഞ്ഞ നിന്റെ മുഖം… ശരിയ്ക്കും അതെന്നെ ഞെട്ടിച്ചു കളഞ്ഞു ശന്തനു… അവിടെ നിന്നും ഇയാളുടെ ഒളിത്താവളം തിരഞ്ഞിറങ്ങുമ്പോ ഈ തെറ്റിലൊന്നും പങ്കാളിയായി നീ അവതരിക്കല്ലേയെന്ന് ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു… പക്ഷേ അവിടേം എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് നിന്റെ സാന്നിധ്യം നീ സജീവമാക്കി… തൃക്കാവൂരിലെ ആളൊഴിഞ്ഞ പഴയ ബിൽഡിംഗിൽ എന്നെ വരവേറ്റത് നിയും ഇയാളും പുഞ്ചിരി തൂകി നിന്ന വലിയ ചിത്രമായിരുന്നു ശന്തനു… അവിടെ നിന്നും ഞാനെന്റെ അന്വേഷണം നിന്നിൽ മാത്രമായി കേന്ദ്രീകരിച്ചു… ഷെൽഫിലും റൂമിലുമായി നീ സൂക്ഷിച്ചു വച്ചിരുന്ന പഴയ പുസ്തകങ്ങളും നിന്റെ കൈപ്പടയിൽ എഴുതി തീർത്ത ഡയറികളും പഴയ ഫോട്ടോസും ഞാൻ കണ്ടെടുത്തു… അവിടെ നിന്നും ഞാൻ കണ്ടെത്തിയ ഒരു പഴയ ഫോട്ടോയാണ് ഇത്… ഒരുപക്ഷേ ഇതിലുള്ള മുഖങ്ങൾ എന്നേക്കാൾ നന്നായി ഇവിടെ പലർക്കും പരിചിതമായിരിക്കും… രാവൺ ടേബിളിലിരുന്ന ഫയലിൽ നിന്നും ഒരു ഫാമിലി ഫോട്ടോ എടുത്ത് വൈദിയ്ക്കും പ്രഭയ്ക്കും നേരെ കാണിച്ചു… അതിലുണ്ടായിരുന്ന മുഖങ്ങൾ വ്യക്തമായതും വൈദിയും പ്രഭയും ഒരു നടുക്കത്തോടെ അങ്ങനെ നിന്നു… നിങ്ങൾക്ക് രണ്ടാൾക്കും ഈ മുഖങ്ങൾ മറക്കാൻ കഴിയില്ല എന്നെനിക്കറിയാം… അതുകൊണ്ട് തന്നെയാണ് പിന്നെയുള്ള എന്റെ അന്വേഷണങ്ങൾ ഇവരിലേക്ക് പോയത്… അതിന്റെ പൂർണമായ തെളിവുകളോ വസ്തുതകളോ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ചില നിഗമനങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ ബാക്കിയുണ്ട്… അതിനൊരു വ്യക്തത വരുത്തണമെങ്കിൽ… ശന്തനു നീ എന്നോട് സഹകരിച്ചേ പറ്റൂ… ഒരു നല്ല ഫ്രണ്ടായി മാത്രം കരുതിയ നിന്നെ ഒരു കുറ്റവാളിയായി കണ്ട് പെരുമാറാനും എനിക്ക് കഴിയും.. അതിന് ഇടവരുത്തണ്ടെങ്കിൽ മര്യാദയ്ക്ക് സത്യങ്ങളെല്ലാം പറഞ്ഞോ…. രാവൺ ശന്തനുവിന് നേരെ അടുത്തു… എന്നിട്ടും അവനിൽ നിന്നും യാതൊരു വിധ പ്രതികരണങ്ങളും ഉണ്ടായില്ല… അത്രയും കൂടി ആയതും രാവണിന്റെയുള്ളിലെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി… ശന്തനു പറയെടാ…. പറയെടാ ……മോനേ…!!! രാവൺ മുട്ടുകൈ മടക്കി ശന്തനൂന്റെ കരണത്തേക്ക് ആഞ്ഞിടിച്ചതും അവനൊരൂക്കോടെ അല്പം പിന്നിലേക്ക് തെറിച്ചു… പക്ഷേ പിന്നിലേക്ക് ആഞ്ഞ ശന്തനു ശക്തിയോടെ അവിടെ തന്നെ നിലയുറപ്പിച്ചു കൊണ്ട് തലയുയർത്തി രാവണിനെ രൂക്ഷമായി ഒന്ന് നോക്കി… അടങ്ങാത്ത ദേഷ്യത്തിൽ വിറകൊണ്ടിരുന്ന അവന്റെ മുഖം സായാഹ്ന ചക്രവാളത്തെ പോലെ ചെങ്കനലായി എരിഞ്ഞു… കരണത്ത് പതിഞ്ഞ തല്ലിന്റെ പാടിൽ അപ്പൊഴേക്കും രക്തം കട്ടപിടിച്ചിരുന്നു… അതുകൊണ്ട് തന്നെ മുഖത്ത് നല്ല രീതിയിൽ ചതവ് തെളിഞ്ഞു നിന്നു… ദേഷ്യം വരിഞ്ഞു മുറുകിയ മുഖഭാവത്തോടെ തന്നെ പാതി കീറിയ ഷർട്ട് അവൻ ശക്തിയോടെ പൂർണമായും കീറി പിന്നിലേക്ക് എറിഞ്ഞു…. അവന്റെ ശരീരമാകെ തെളിഞ്ഞു നിന്ന പച്ചകുത്തിയ അടയാളങ്ങൾക്കിടയിലൂടെ ശരീരത്തിലെ ഞരമ്പുകൾ അങ്ങിങ്ങായി ഉയർന്നു പൊങ്ങി…. ശന്തനൂന്റെ മുഖത്ത് അന്നുവരെയും കാണാത്ത രൗദ്രഭാവം അടുത്ത് കണ്ടതും അഗ്നിയ്ക്കും അച്ചുവിനും ഒപ്പം ചുറ്റിലും കൂടിയ എല്ലാവരും ഞെട്ടിത്തരിച്ചു നിന്നു…. അതേടാ… നിന്റെ കണ്ടെത്തലുകൾ എല്ലാം ശരിയാണ്… നിന്റെ പൂവള്ളി മനയെ മുച്ചൂടും നശിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയ ആ ദുഷ്ട ശക്തി ഞാൻ തന്നെയാ….!!! നീന്റെയൊക്കെ തോളിൽ കൈയ്യിട്ടു നടന്ന…നിന്നെയൊക്കെ സ്നേഹത്തിന്റെ ഭാഷയിൽ വഞ്ചിച്ച ഈ ശന്തനു തന്നെയാടാ എല്ലാറ്റിനും കാരണക്കാരൻ… നിനക്കൊക്കെ ഞാൻ ശന്തനു മാത്രമാണ്… പക്ഷേ ഈ നില്ക്കുന്ന നിന്റെ അച്ഛനും അമ്മാവനുമൊക്കെ ഞാൻ വെറും ശന്തനുവെന്ന് മാത്രം പറഞ്ഞാൽ മനസ്സിലാവണമെന്നില്ല…. ശന്തനു S/O മംഗലത്ത് മാധവ് എന്നപേരാകും കുറച്ചു കൂടി പരിചിതം… അതേടാ ഞാൻ വെറും ശന്തനുവല്ല… മംഗലത്ത് മാധവ് ചന്ദ്രന്റെയും വൃന്ദയുടേയും മകൻ ശന്തനു വി.മാധവ്… നീ ഇപ്പോ ഇത്രയേറെ സംഭവങ്ങൾ ചികഞ്ഞു കണ്ടെത്തി എന്ന് പറഞ്ഞല്ലോ… എന്നെ ഇത്രയും കൊടുംക്രൂരതകൾ ചെയ്യാൻ വേണ്ടി പ്രേരിപ്പിച്ച മുഖ്യ ഘടകം എന്താണെന്ന് നീ കണ്ടെത്തിയോ…?? ഇല്ല..ല്ലേ…!!! അതിന് നിനക്ക് കഴിയില്ല… ഒരിക്കലും കഴിയില്ല… കാരണം ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്റെ മുന്നിൽ പൊറുക്കാൻ കഴിയാത്ത പാപങ്ങൾ ചെയ്തു കൂട്ടിയവരാണ് നിങ്ങൾ പൂവള്ളിക്കാർ…. അത് ഏറ്റവും വ്യക്തമായി അറിവുള്ളവരാ നിന്റെ അച്ഛനും ഈ നില്ക്കുന്ന വൈദ്യനാഥൻ എന്ന നിന്റെ അമ്മാവനും…. ശന്തനു കനലെരിയുന്ന കണ്ണുകളോടെ വൈദിയേയും പ്രഭയേയും മാറിമാറി നോക്കി… പതിയെ അവനവന്റെ കഥകൾ ഓരോന്നായി എല്ലാവർക്കും മുന്നിൽ പറഞ്ഞു തുടങ്ങി…. വർഷങ്ങളായി നിന്റെ തറവാട്ടിൽ കാര്യസ്ഥ പദവി ചെയ്തിരുന്ന ആളാ അച്യുതമ്മാമ… നിന്റെ അമ്മാവന്റെ ഉറ്റസുഹൃത്തും ബിസിനസ് പാർട്ണറും ആയിരുന്നു എന്റെ അച്ഛൻ മാധവ്…. പൂവള്ളി തറവാട്ടിലെ ഇടയ്ക്കിടെയുള്ള സന്ദർശനത്തിന് ഇടയിലാണ് അച്ഛൻ യാദൃശ്ചികമായി എന്റമ്മയെ കണ്ടു മുട്ടുന്നത്… ഇവിടുത്തെ കാര്യസ്ഥന്റെ സഹോദരിയാണെന്നോ, സാമ്പത്തികമായി ഒരുപാട് പിന്നിലാണെന്നോ ഒന്നും ചിന്തിക്കാതെ അച്ഛൻ അമ്മയെ വിവാഹം കഴിച്ചു… അത്രയ്ക്ക് പാവമായിരുന്നു എന്റച്ഛൻ… നിറകണ്ണുകളോടെ ശന്തനു അത് പറയുമ്പോ രാവൺ നിശബ്ദനായി അതെല്ലാം കേട്ട് നിന്നു…. അന്ന് ഒരുപാട് എതിർപ്പുകളും അപമാനങ്ങളും നേരിട്ടെങ്കിലും അച്ഛനതിനെയെല്ലാം നിഷ്പ്രയാസം തള്ളിക്കളഞ്ഞു…. അന്നു മുതൽ അച്ഛന്റെ ബിസിനസിൽ ഉണ്ടായ വിജയങ്ങളെല്ലാം അമ്മയുടെ ഐശ്വര്യമാണെന്ന് പറയുമായിരുന്നു അച്ഛൻ…. അങ്ങനെ വിവാഹശേഷം രണ്ട് വർഷം തികഞ്ഞപ്പോ അവരുടെ മകനായി ഞാൻ ജനിച്ചു… എന്നെ സ്നേഹിച്ചും താലോലിച്ചും അവര് സന്തോഷം കണ്ടെത്തി… എനിക്ക് ഒരു കുഞ്ഞനുജത്തി കൂടി പിറന്നതും ഞങ്ങളുടെ സന്തോഷത്തിന്റെ അളവ് ഇരട്ടിയായി…

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ചെറിയ കുടുംബമായിരുന്നു ഞങ്ങളുടേത്… പരസ്പരം ശത്രുതയോ, വൈരാഗ്യമോ ഒന്നുമില്ലാതിരുന്ന ഒരു കൊച്ചു കുടുംബം… അതിനെ തച്ചുടച്ചു കൊണ്ടായിരുന്നു പൂവള്ളിയിലെ ഈ പ്രമാണികൾ ഞങ്ങൾക്കിടയിലേക്ക് കടന്നു വന്നത്…

പക നിറഞ്ഞ കണ്ണുകളോടെ ശന്തനു വൈദിയ്ക്കും പ്രഭയ്ക്കും നേരെ വിരൽ ചൂണ്ടി. ലൈക്ക് കമന്റ് ചെയ്യണേ… തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *