കിടക്കാൻ പോകുമ്പോ രാത്രിയിൽ ആര്യ യുടെ മുറിയിൽ വെളിച്ചം കണ്ടാണ് കയറിചെന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സജീർ തോട്ടുമുഖം

മംഗല്യസൂത്രം.

“ആര്യേ..തീയ്യതി ഇങ്ങടുത്തല്ലോ..ടാ.. കല്യാണത്തിനുള്ള ഡ്രസ്സ്‌ എവിടെന്നാ എടുക്കണേ.. ”

‘അതെന്നാ ചോദ്യാ…,രൂപാസീന്നു തന്നെ, അവിടെയെല്ലേ കളക്ഷൻസൊള്ളു, സ്വർണ്ണവും അവര്ടെ കടയിൽ നിന്നന്നെ എടുക്കാന്ന് ഞാൻ പറഞ്ഞപ്പോ അപ്പനും മാമനുമങ് സമ്മതിച്ചു.. ‘

‘പിന്നെ, നീ നേരത്തെയിങ്ങടെത്തണം.. കൂടെ, ശ്രീനിയെം മഞ്ജുവിനേം.. നിങ്ങളില്ലാതെ പറ്റില്ലാട്ടോ.., ക്ലാസ്സുണ്ട്, സെമിനാറുണ്ടെന്നും പറഞ്ഞ് മിസ്സ്‌ ചെയ്യരുതേ.. ‘

അവൾ, കോളേജ് ലെ കൂട്ടുകാരിയെ വിളിച്ചു വിശേഷങ്ങളോരോന്നും പറഞ്ഞു ഫോൺ വെച്ച ശേഷം അഖിലിന്റെ രണ്ടു വാട്സ്ആപ്പ് സന്ദേശം തുറന്നു..

എനിക്ക് ലീവ് വീണ്ടും നീട്ടി കിട്ടിയടോ.. .പിന്നെ, .ഒരടിപൊളി ഹണിമൂൺ ട്രിപ്പിന് പ്ലാനുണ്ട് . പറയാം മോളു, എല്ലാം സസ്പെൻസ്…

ഞാൻ, പറഞ്ഞ കാര്യം അപ്പനോട് സമ്മതിപ്പിക്കേ… ആര്യകുട്ടി.

ഇക്കിളി തോന്നിയ ആവേശത്തോടെയവൾ പ്രണയചിഹ്നനം രണ്ടുമൂന്നെണ്ണം തിരികെയയച്ചു മൊബൈൽ മേശപുറത്തു വെച്ചിട്ട് അടുക്കളയിലേക്ക് പോയി…

“അമ്മേ… ദേ.., ഫോട്ടോഷൂട്ട് ന്റെ കാര്യം അപ്പനോട് പറഞ്ഞൊന്ന് സമ്മതിപ്പിക്കണെ.. ന്റെ ചക്കരെല്ലേ…”

ആര്യ അമ്മയുടെ കവിളിലൊന്നു നുള്ളികെഞ്ചി.

‘ന്റെ പൊന്നു മോളേ., അതു മാത്രം ഞാൻ ചോദിക്കില്ല., നിന്റപ്പന്റെ സ്വഭാവം അറിയാലോ.. വേണ്ടതൊക്കെ ആ മനുഷ്യൻ നിനക്കൊരുക്കിയിട്ടുണ്ട്.. ഇനിയും ഇതും പറഞ്ഞു ഞാൻ അങ്ങോട്ടില്ല’. അമ്മയതും പറഞ്ഞു മുറത്തിൽ കിടന്ന വറ്റൽമുളക് ചേറ്റിമിനുക്കുവാൻ മുറ്റത്തേക്കിറങ്ങി…

അഖിലിനോട് എന്തു പറയുമെന്നുള്ള ആശങ്കയായി പിന്നീട്.., കൂട്ടുകാരോടൊക്കെ മുൻകൂട്ടിയെല്ലാം പറഞ്ഞുവെച്ചതിന്റെ ചമ്മൽ വേറെ.. ഉറങ്ങാൻ കിടന്നപ്പോഴും ആ ചിന്തകൾ അവളെ വിട്ടുപോയില്ല.

ആതിരയുടെ കല്യാണവിശേഷങ്ങളിന്നും ക്ലാസ്സിൽ ചർച്ചയാ, ചെക്കനൊപ്പം നിന്നോണ്ടുള്ള ഒരോ പോസുകള്.. മുട്ടറ്റംവരെ ഉടുപ്പെട്ടൊണ്ട് പുരാണകഥാപാത്രങ്ങളെ പോലെ… എന്തു പകിട്ടായിരുന്നു., ഗോപനും വിഷ്ണുവും, ആ വെള്ളൊലിപ്പന്മാർക്ക് ഇതു മാത്രായിരുന്നു കുറേ നാള് വർത്തമാനം. പിന്നെ, കല്യാണത്തിന്റന്ന് പട്ടും പുടവയുമൊക്കെയായി അവള്ടെ ഒരു ആട്ടവും പാട്ടും, ആ പയ്യന്റേം തുള്ളല് കൂടിയായപ്പോ താലികെട്ടു കാണാൻ വന്നവരുടെ ഒരു ആർപ്പ് വിളി… ന്തൊരു രസായിരുന്നു..

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.

“അതെ, ഇപ്പോഴത്തെ പിള്ളാരാല്ല്യോ…ഈ കാലത്തും ഇതൊക്കെ ചിലവാണെന്നും ആഭാസവുമാണെന്ന് പറയുന്നത് തന്നെ വിഡ്ഢിത്തരം തന്നെയാ അളിയാ.. ഇനി ഈ കുടുംബത്തീ ഒരു വിശേഷം വല്ലതും നടക്കാനുണ്ടോ.. ഇല്ല.. പിന്നെ, ആ ചെറുക്കനും നിർബന്ധം.. അപ്പൊ , ഇനി നമ്മളായിട്ട് വേണ്ടാന്ന് വെക്കണോ.. അതങ്ങ് സമ്മതിച്ചു കൊടുത്തേക്കന്ന്…

രാവിലെ തന്നെ ഫോൺ ചെയ്തു സങ്കടം പറഞ്ഞപ്പോഴും, ഈ വിഷയത്തിൽ അച്ഛനെകൊണ്ട് തീർപ്പുണ്ടാക്കാൻ ഇത്ര നേരത്തെയെത്തുമെന്ന് കരുതിയതല്ല. അമ്മയുടെ തോളിൽതൂങ്ങി വാതിലിന്റെ മറവിൽ നിന്നവൾ മാമനെനോക്കി കണ്ണിറുക്കി.

“ഇല്ല..നിന്നെയും കൂട്ട്പിടിച്ചല്ലേ അവൾ., എന്നെ ലോകവിവരം പഠിപ്പിക്കാൻ… ”

“അല്ല., അങ്ങനെതോന്നണ്ട.. ‘

‘അതിപ്പോ, വീട്ടിലെ കൊച്ചിനെപോലെ തന്നെയെല്ലേ എനിക്കിവളും., അവിടെ.., കല്യാണത്തിനും ഇതുപോലെക്കെയേ തന്നാലുരുന്നോ… പിന്നെയിതിൽ വേറെന്തു പുതുമ? അളിയനായിട്ട് ഒന്നിനും തടസ്സം നിൽക്കരുത്.. നമ്മുടെ നിലയ്ക്കും വിലക്കുമുള്ള ബന്ധമൊക്കെയാകുമ്പോ ഒരു വിട്ടുവീഴ്ച്ചയൊക്കെ ആകാമെന്നേ… ‘

ആര്യയുടെ അച്ഛന്റെ ഒച്ചയുയർന്നപ്പോൾ അയാളെ അനുനയിപ്പിക്കാൻ ആവുന്നതും ശ്രമിച്ചുകൊണ്ടേയിരുന്നു അവളുടെ അമ്മാവൻ.

“അവസാനമായി എല്ലാരോടായിട്ട് പറയുവാ.., മേലാൽ ഇതുംപൊക്കിപിടിച്ചോണ്ട് വന്നാൽ.. കാണാം.. ” ഒരു ഗർജ്ജനത്തോടെ അയാളുടെ പുറത്തേക്കുള്ള പോക്കിൽ ഡോർ തുറന്നടഞ്ഞതിനുമൊപ്പം അവളുമൊന്ന് നടുങ്ങി.

**** ‘മോളൂസേ… ന്തായി പറഞ്ഞത്..’?

‘ഒന്നും ആയില്ല.’.

‘സാരമില്ല ആര്യേ.. ഞാൻ ജോലി കഴിഞ്ഞിറങ്ങി അപ്പനെ വിളിച്ചോളാം.. ‘

‘മ്മ്..’

ആശ്വാസവാക്കുകൾ സന്ദേശങ്ങളായി വാട്സ്ആപ്പ് ൽ തെളിഞ്ഞു നിന്നു.

ഏറെ നേരം കഴിഞ്ഞില്ല..

‘ഹാ… അഖിൽ മോനോ., എങ്ങനെ ലീവിന്റെ കാര്യങ്ങൾ..? ‘

‘ഓഹ്.. അത് ശരി, ‘

‘എല്ലാവരും ഇവിടെ അടുത്തു തന്നെയുണ്ട്., ‘

‘ങ് ഹ.. പറഞ്ഞോ.. ‘

‘ആ മോനെ…അതൊക്കെ ഈ പ്രായത്തിന്റെ കോപ്രായങ്ങളാ., നിങ്ങൾക്കൊക്കെ അത് പറഞ്ഞാല്…’

മുഴുമിപ്പിക്കും മുന്നേ യശോദാമ്മ, അയാളെ നോക്കി, സംസാരം നിർത്താൻ തൊട്ടപ്പുറംനിന്നു ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു..

‘ശരി… ഞാൻ വെക്കട്ടെ, പിന്നീട് വിളിക്കാം.. ‘

കിടക്കാൻ പോകുമ്പോ രാത്രിയിൽ ആര്യ യുടെ മുറിയിൽ വെളിച്ചം കണ്ടാണ് കയറിചെന്നത്..

“മോളേ… ”

കിടക്കയിൽ വലിയ ആലോചനയിലായിരുന്ന അവളുടെ അടുത്ത് അച്ഛൻ ചെന്നിരുന്നു.

‘നിനക്ക് ഓർമ്മയുണ്ടോയെന്നറിയില്ല.,തെക്കേലെ സുജാതേടെ പോലത്തെ പട്ടുപാവാടയും ബ്ലൗസും പോലത്തെയൊന്നു ഓണക്കോടിയായി തനിക്കും വേണമെന്ന് പറഞ്ഞു വാശിപിടിച്ചപ്പോ, ആ രാത്രിയില് ചാറ്റൽമഴ നേരം സൈക്കിളുമെടുത്ത് ഞാൻ ആ കടയിൽ പോയത്… ‘

‘ഉത്രാടദിവസം നഗരത്തിലെ തിക്കിനും തിരക്കിനും ഇടയിലൂടെ , നിനക്കുള്ള ഉടുപ്പും വാങ്ങിയിറങ്ങുമ്പോ വെളിയിൽ തൂങ്ങികിടന്ന പുള്ളിയുടുപ്പിൽ കണ്ണുടക്കി, മുന്നോട്ടു നടക്കാൻ കൂട്ടാക്കാതെ നിന്നോളം സമപ്രായക്കാരിയായ കുട്ടിയുടെ കരച്ചിലിനു മുന്നിൽ കീശയിൽ ബാക്കിയായ പണവും തിട്ടപ്പെടുത്തി നിസ്സഹാനായി നിൽക്കുന്നുണ്ടായിരുന്ന ഒരച്ഛന്റെ കഥ ഞാൻ മുമ്പ് പറഞ്ഞത് നീയും കേട്ട്കാണും.. ഒന്നിനും കഴിയാതെ ആ രംഗം കണ്ടു നിന്ന എന്നെ നോക്കി അയാൾ ഒരുനിമിഷം വിതുമ്പിപോയ കഥ.. പിറ്റേന്ന്, തിരുവോണത്തിനും ഒരുപിടി ചോറ് വായിൽ വെക്കുമ്പോഴും നെഞ്ച്പിടഞ്ഞു കൊണ്ടിരുന്നു.,.. ആ മനുഷ്യൻ മകളുടെ മുമ്പിൽ വിളറിയ മുഖത്തോടെ,.. കലങ്ങിയ കണ്ണുകളോടെ നിന്ന കാഴ്ച..’

‘ഇതെല്ലാം ജീവിതത്തിൽ ഒരോ പാഠങ്ങളാണ്.. മോളെ.. നമ്മൾ മറന്നുകൂടാത്ത എന്നും നൊമ്പരപെടുത്തുന്ന അനുഭവങ്ങൾ.. അങ്ങനെയോരോന്നും നമുക്കുള്ള തിരിച്ചറിവുകളാണ്…’

ക്ലാസ്സിൽ തന്റെ മുന്നിലിരിക്കുന്നൊരു കുട്ടിയെപോൽ ജിജ്ഞാസയോടെ ആര്യ ആ വാക്കുകൾക്ക് കാതോർത്തപ്പോൾ, ഒരു റിട്ടയേർഡ് അധ്യാപകൻ കൂടിയായ അദ്ദേഹം അവളിൽ നിന്നും കണ്ണെടുക്കാതെ തുടർന്നുകൊണ്ടിരുന്നു…

“നീ ആവശ്യപ്പെട്ട പോലെയുള്ളതിന് വേണ്ടി എനിക്കിന്ന് പണമില്ലാഞ്ഞിട്ടല്ല.. മുടക്കാം.. നിനക്ക് വേണ്ടി എന്തും.. എന്നാൽ, നിന്നെപ്പോലെ കല്യാണപ്രായമായ, സാമ്പത്തികശേഷിയില്ലാത്ത പെണ്പിള്ളേരുള്ള തന്തയുംതള്ളയും പട്ടുംപൊന്നും ഇഷ്ടാനുസരണം ‘കോലംകെട്ടി’ ആട്ടവും പാട്ടുമൊക്കെയായി താലികെട്ടിനു കയറിവരുന്ന, പെങ്കൊച്ചിനെ കണ്ട് ഉള്ളൊന്ന് പിടഞ്ഞുകാണും… നീറിക്കാണും… മുമ്പ് പറഞ്ഞ അച്ഛനെപോലത്തെ അവസ്ഥ അവർക്കും ഉണ്ടായിക്കാണും..’

‘അതെല്ലാം, ഒരു പവിത്രമായ ആചാരത്തിനു കോട്ടംവരുത്തുമെന്ന് മാത്രമല്ല, ആർഭാടവും കൂടിയാണ്..കുട്ടി.. ‘

‘ഒരു സാധാരണക്കാരനായ നിന്റെ അച്ഛന് ഇതൊന്നും ഉൾക്കൊള്ളാനുള്ള ശേഷിയില്ലാതെയായി പോയി… അത്രയൊന്നും വിശാലമനസ്കത., എനിക്ക് ഇക്കാര്യത്തിലില്ലാതെയായി പോയി… ‘

അയാൾ പറഞ്ഞുനിർത്തിയപ്പോൾ വികാരാധീതയായി അവൾ എഴുനേറ്റു നിന്ന് അപ്പനെ ചേർത്തുപിടിച്ചു.

“വേണ്ടച്ചാ…ഞാൻ മനസ്സിലാക്കുന്നു., ഭൂമിയിൽ ഞാൻ മാത്രല്ല പെണ്ണായിയുള്ളതെന്ന്..,ഞാൻ അനുഭവിക്കേണ്ടത് നിങ്ങൾ കാണിച്ചുതരുന്ന ശരികളാണെന്നും… ”

കയ്യിലിരുന്നു മിടിച്ച അഖിലിന്റെ പുതിയ സന്ദേശങ്ങൾക്ക് ഉള്ളിലൂറിവന്ന ചിരിപോലെയൊരു മറുപടി തയ്യാറാക്കാൻ കീബോർഡ് ഓപ്പൺ ചെയ്യുന്നുണ്ടായിരുന്നു അവളപ്പോൾ..

ലൈക്ക് കമന്റ് ചെയ്യണേ…

രചന: സജീർ തോട്ടുമുഖം

Leave a Reply

Your email address will not be published. Required fields are marked *