രാവണത്രേയ, തുടർക്കഥ ഭാഗം 39 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ഞാനപ്പൊഴേ പറഞ്ഞില്ലേ ഹരിയേട്ടാ ഈ പാതിരായ്ക്ക് അവരുടെ റൂമിലേക്ക് കയറി ചെല്ലണ്ടാന്ന്… കേൾക്കണ്ടേ…!!

പ്രിയ ഓരോന്നും പറഞ്ഞ് ഹരിയെക്കൂട്ടി നടന്നതും തൂണിന് മറവിൽ നിന്ന ത്രിമൂർത്തികൾ ഹരിയെ ചൂളമടിച്ച് അടുത്തേക്ക് വിളിച്ചു…. അവരെ കണ്ടതും പ്രിയയെ ഒരുവിധം അനുനയിപ്പിച്ച് റൂമിലേക്ക് വിട്ട ശേഷം ഹരി അവർക്കരികിലേക്ക് നടന്നു ചെന്നു…..

എന്തായി ഹരിയേട്ടാ…?? കാര്യത്തിൽ clarification ഉണ്ടായോ….!!!(അച്ചു)

ന്മ്മ്മ്…ഉണ്ടായെടാ…!! പക്ഷേ എന്റെ ഊഹങ്ങളെല്ലാം തെറ്റായിരുന്നു…!! അവരുടെ ഇടയിലെ പ്രോബ്ലംസ് ഒന്നും സോൾവ് ആയിട്ടില്ല….. സോൾവ് ആയിട്ടില്ലാന്ന് മാത്രമല്ല…ഇപ്പോഴും മുട്ടൻ അടി തന്നെയാ…!!

ങേ… ഹരിയേട്ടന് അതെങ്ങനെ മനസിലായി…(അഗ്നി)

അവനെന്നോട് പറഞ്ഞെടാ…!! എന്നെ കളിയാക്കും മട്ടിൽ ഒരു പറച്ചില്… എനിക്കൊന്നും മനസ്സിലാകില്ലെന്നാ അവന്റെ ഭാവം….!!

ഹരി മുഖത്ത് പുച്ഛം വാരിവിതറി…

അതുകേട്ട് ആകെ ആശയക്കുഴപ്പത്തിലായിരുന്നു ത്രിമൂർത്തികൾ…

നമ്മുടെ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയാ മക്കളേ.. എന്റനിയൻ ഈ ജന്മം നന്നാവൂല്ല… അവന്റെ സ്വഭാവത്തിൽ ഒരു തരിമ്പ് മാറ്റം പോലും വന്നിട്ടില്ല….

ഹരി അത്രയും പറഞ്ഞതും ആകെയുള്ള പ്രതീക്ഷ കൂടി കൈവെടിഞ്ഞു കൊണ്ട് ത്രിമൂർത്തികൾ നിരാശയോടെ മുഖം ചുളിച്ചു നിന്നു…

പിന്നീടുള്ള മൂന്ന് ദിവസങ്ങൾ പൂവള്ളിയിൽ ശിവരാത്രി വ്രതവും പൂജയുമായി കടന്നു പോയി… പൂവള്ളിയിലെ സ്ത്രീ ജനങ്ങളെല്ലാവരും തന്നെ ശിവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നു… ഊർമ്മിളയുടേയും വസുന്ധരയുടേയും നിർദേശപ്രകാരം വേദ്യ ഒരിക്കൽ വ്രതമാണ് എടുത്തത്… ആദ്യത്തെ രണ്ട് ദിവസങ്ങൾ കഴിഞ്ഞതും ശത്രു പക്ഷത്തിന്റെ കർശന നിർദ്ദേശ പ്രകാരം ത്രേയ കഠിന വ്രതമെടുക്കാൻ തുടങ്ങി… വൈദേഹിയും അവൾക് കൂട്ടായി കഠിന വ്രതം തന്നെ അനുഷ്ഠിച്ചു…. എന്നാൽ ആ തീരുമാനങ്ങളിലെല്ലാം എതിർപ്പ് പ്രകടിപ്പിച്ചു നിൽക്ക്വായിരുന്നു രാവൺ….

പരമ്പരാഗതമായി പൂവള്ളിയിൽ നടത്തി വരാറുള്ള ശിവരാത്രി പൂജ അവസാനം കാണുന്നത് വ്രതത്തിന്റെ മൂന്നാം ദിവസമായിരുന്നു… അതുകൊണ്ട് തന്നെ പൂവള്ളി തറവാടും കുടുംബ ക്ഷേത്രവും നാഗത്തറയുമെല്ലാം ദീപങ്ങളാലും പൂക്കളാലും അലങ്കരിച്ചിരുന്നു….

പൂവള്ളിയിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും ശിവരാത്രി പൂജയ്ക്ക് തയ്യാറായി ഹാളിലേക്ക് നിരന്നതും ആയില്യത്ത് തന്ത്രിമാരുടെ നേതൃത്വത്തിൽ പൂജകൾ ആരംഭിച്ചു…. എല്ലാവരും ഹോമകുണ്ഡത്തിന് ചുറ്റിലുമായി തൊഴുകൈയ്യോടെ നിന്നു…

ഈ രാവൺ ഇത് എവിടെ പോയി കിടക്കുന്നു…???

ത്രേയ ചുറ്റിലുമൊന്ന് കണ്ണോടിച്ചു കൊണ്ട് രാവണിനെ പരതിയെങ്കിലും രാവണിന്റെ വരവൊന്നും ഉണ്ടായില്ല….

തന്ത്രികളുടെ നിർദ്ദേശപ്രകാരം പൂവള്ളിയിലെ സ്ത്രീകളെല്ലാം കസവ് ചേലയാണ് ചുറ്റിയിരുന്നത്… തറവാട്ടിലെ പ്രമുഖർ കസവ് വേഷ്തിയും നേര്യതും ചുറ്റിയിരുന്നു.. ഇളം തലമുറകളുടെ വേഷം കുർത്തയായിരുന്നു….

പൂജയ്ക്കും വിളക്കിനും മുന്നിൽ അക്ഷമയോടെ നിൽക്ക്വായിരുന്നു വേദ്യ… അവൾക് കൂട്ടായി ഹരിണിയുമുണ്ടായിരുന്നു.. ത്രേയയെ ചുറ്റിപ്പറ്റി കുട്ടികളുള്ളതിനാൽ പ്രിയയും തനുവും അവൾക്കൊപ്പമായിരുന്നു. നിമ്മീടെ മുറിവുകൾ നന്നായി ഭേദമായി തുടങ്ങിയതുകൊണ്ട് അവളും ത്രേയയ്ക്കടുത്ത് തന്നെ സ്ഥാനം പിടിച്ചു…

ശന്തനൂന്റെ തോളിൽ മുട്ടുകൈയ്യൂന്നി നിന്ന് നിമ്മിയെ തന്നെ ലുക്ക് വിടുന്ന തിരക്കിലായിരുന്നു അച്ചു… അതിന്റെ തോത് ഏതാണ്ട് ഏറി വന്നതും അഗ്നീടെ ഒരു തട്ട് അച്ചൂന്റെ തോളിനിട്ട് കിട്ടി… അച്ചൂന് സ്ഥലകാല ബോധം വീണ്ടെടുക്കാൻ അത് തന്നെ ധാരാളം… പിന്നെ അധികം പൊല്ലാപ്പിന് പോവാതെ അച്ചു തൊഴുകൈയ്യോടെ നിന്നു…

ആ സമയത്താണ് കൈയ്യിലൊരു താലമേന്തി കൊണ്ട് കൺമണി അവിടേക്ക് വന്നത്… അഗ്നി വാങ്ങി കൊടുത്ത കസവിന്റെ സെറ്റും മുണ്ടും അതിന് ചേരുന്ന കടുംപച്ച നിറമുള്ള ബ്ലൗസുമായിരുന്നു അവളുടെ വേഷം… കൺമണിയെ കണ്ടതും അഗ്നിയുടെ നോട്ടം എല്ലാവരുടേയും കണ്ണ് വെട്ടിച്ച് അവളിലേക്ക് നീണ്ടു….

കൈയ്യിൽ കരുതിയ താലം ഹോമകുണ്ഡത്തിനരികിലേക്ക് വച്ച് അഗ്നിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവളും വിളക്കിന് നേർക്ക് കൈ കൂപ്പി നിന്നു…

ശ്ശോ… എല്ലാവരും എത്തി…!! ഈ രാവൺ മാത്രം എന്താ ഇങ്ങനെ..!! ഞാൻ പ്രത്യേകം പറഞ്ഞതാ ഇന്ന് നേരത്തെ എത്തണംന്ന്…!!

ത്രേയ കൈകൂപ്പി കൊണ്ട് ഡോറിന് നേരെ പ്രതീക്ഷയോടെ നോട്ടമിട്ടു….. അപ്പോഴും രാവണിന്റെ വരവൊന്നും ഉണ്ടായില്ല.. ഒടുവിൽ മണികളും മന്ത്രങ്ങളും ഉച്ചത്തിൽ മുഴക്കി കൊണ്ട് പൂജ അവസാനിപ്പിച്ചതും എല്ലാവരും നിരനിരയായി നിന്ന് പ്രസാദം ഏറ്റുവാങ്ങി…

ഇനി പുറത്തുള്ള ദീപങ്ങളും ചുറ്റുവിളക്കുകളും തെളിയിച്ചു കഴിഞ്ഞ് വ്രതം അവസാനിപ്പിച്ചോളൂ…!! സുമംഗലികളായ സ്ത്രീകൾ ഭർത്താവിന്റെ കൈയ്യിൽ നിന്നും തീർത്ഥം ഏറ്റുവാങ്ങി വേണം വ്രതം അവസാനിപ്പിക്കാൻ…

തന്ത്രി അത്രയും പറഞ്ഞ് നിർത്തിയതും എല്ലാവരും അത് അനുസരണയോടെ കേട്ട് തലയാട്ടി…. ഇലച്ചീന്തിൽ വാങ്ങിയ പ്രസാദം നെറ്റിയിലേക്ക് തൊട്ടു വച്ച ശേഷം എല്ലാവരും ഒരുപോലെ പുറത്തേക്ക് ഇറങ്ങി…

പൂവള്ളി തറവാടിന്റെ മുറ്റത്ത് അലങ്കരിച്ചു വച്ചിരുന്ന കൽവിളക്കുകളിൽ ദീപം തെളിയിക്കാൻ വേണ്ടി എല്ലാവരും തിടുക്കം കൂട്ടി… ത്രിമൂർത്തികൾക്കൊപ്പം ത്രേയയും,നിമ്മിയും,തനുവും കുട്ടികളും ചേർന്നതും ദീപം കൊളുത്തുന്നത് ശരിയ്ക്കും ഒരാഘോഷം പോലെയായി… ആ കാഴ്ചയും അവർക്കിടയിലെ സന്തോഷവും കണ്ട് പല്ലും ഞെരിച്ചു നിൽക്ക്വായിരുന്നു വേദ്യ… അവൾക് കൂട്ടിന് ഹരിണിയും ഊർമ്മിളയും വസുന്ധരയും ചേർന്നു…

വേദ്യയുടെ മനസ്സിലെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തിയതും അവളൊരു പകയോടെ ത്രേയയ്ക്ക് നേർക്ക് നടന്നു ചെന്നു… ത്രിമൂർത്തികളിൽ നിന്നും ഒഴിഞ്ഞ് മാറി ഒരു കൽവിളക്ക് തെളിയിച്ചു നിൽക്ക്വായിരുന്നു ത്രേയ..

വിളക്കിലേക്ക് തീ പകരുന്നതിൽ ശ്രദ്ധ കൊടുത്തു നിന്നത് കൊണ്ട് പിന്നിലായി നിന്ന വേദ്യയെ അവൾക് കാണാൻ കഴിഞ്ഞില്ല.. അടങ്ങാത്ത പകയെ ആളിക്കത്തിച്ചു കൊണ്ട് വേദ്യ തൊട്ടടുത്തിരുന്ന വിളക്ക് ത്രേയയുടെ സാരിത്തുമ്പിലേക്ക് തള്ളിയിട്ടു… പക്ഷേ അവളുടെ നീക്കം വിജയം കാണാത്ത പോൽ വിളക്കിലെ തിരി നിലത്ത് വീണ് അണഞ്ഞിരുന്നു… വിളക്ക് സാരിയിലേക്ക് വീണതിന്റെ കൂട്ടത്തിൽ അതിലുണ്ടായിരുന്ന എണ്ണ മുഴുവനായും ത്രേയയുടെ സാരിയിലേക്ക് പടർന്നു… അത് കണ്ടതും അവള് അല്പം ഞെട്ടലോടും ആശ്വാസത്തോടും നിലത്ത് നിന്നും ചാടി എഴുന്നേറ്റു…..

നീ എന്താ വേദ്യാ ഈ കാണിച്ചത്…!! എന്റെ സാരി മുഴുവനും എണ്ണയായല്ലോ…!!

ത്രേയ സാരിതുമ്പ് നീട്ടി പിടിച്ചു നിന്നു.. അത് കണ്ടതും തമാശ പറഞ്ഞു നിന്ന ത്രിമൂർത്തികൾ അവർക്കരികിലേക്ക് ഓടിയടുത്തു…

എന്താടീ…എന്താ പറ്റിയേ..!!

അഗ്നി അത് ചോദിയ്ക്കുമ്പോ അലസമായി അവനിലേക്ക് നോട്ടം കൊടുത്ത ശേഷം ഒന്നും പ്രതികരിക്കാൻ മുതിരാതെ വേദ്യ അവരെ വിട്ടകന്നു നടന്നു…. അവളെ തറപ്പിച്ചൊന്ന് നോക്കിയ ശേഷം അഗ്നിയുടെ കണ്ണുകൾ ശാന്തതയോടെ ത്രേയയിലേക്ക് നീണ്ടു…

എന്താടീ ഉണ്ടായത്.. അവളെന്താ നിന്നെ ചെയ്തത്…!! (അഗ്നി)

അത്…അവളെന്റെ സാരിയിൽ എണ്ണ ഒഴിച്ചു അഗ്നീ… ദേ കണ്ടില്ലേ…

ത്രേയ സാരിത്തുമ്പ് അവർക്ക് നേരെ നീട്ടി വെച്ചതും ബാക്കി ഉണ്ടായിരുന്ന സഖ്യ കക്ഷികൾ കൂടി ത്രേയയ്ക്ക് അരികിലേക്ക് വന്നു നിന്നു… വൈദേഹി സാരിത്തുമ്പ് ആകെയൊന്ന് നോക്കി…

മോളിത് കാര്യാക്കേണ്ട.. നല്ലൊരു ദിവസായിട്ട് അലോഹ്യത്തിനൊന്നും പോവണ്ട.. പോയി ഈ സാരി മാറ്റി വാ… ആയമ്മ വാങ്ങി തന്ന ആ മഞ്ഞ ദാവണി വേണേൽ ഉടുത്തോ… മോൾക്കത് നന്നായി ചേരുമല്ലോ…

വൈദേഹി ത്രേയയെ സമാധാനിപ്പിച്ചു കൊണ്ട് അകത്തേക്ക് പറഞ്ഞയച്ചു…

എന്നാലും അവളെന്ത് പണിയാ കാണിച്ചത്…!!

അച്ചൂന് ആകെപ്പാടെ കലികയറി നിലയ്ക്ക്വാരിയുന്നു…

ഡീ.. ശരിയ്ക്കും ആ സാധനം നിന്റെ ചേച്ചി തന്നെയാണോടീ….!! ഹോ എന്തൊരു സ്വഭാവമാണോ എന്തോ…!! (അച്ചു)

എന്റെ ചേച്ചി കാട്ടിക്കൂട്ടുന്നതിനൊക്കെ അച്ചുവേട്ടനെന്തിനാ എന്നെ വഴക്ക് പറയുന്നേ… ഞാനെന്ത് ചെയ്യാനാ…!!

നിമ്മി ചിണുങ്ങി കൊണ്ട് അത്രയും പറഞ്ഞ് നിലത്ത് ചവിട്ടി തുള്ളി അവിടെ നിന്നും നടന്നകന്നു… അവൾക് അഭിമുഖമായി നിമ്മിയെ സൂക്ഷിച്ചൊന്ന് നോക്കി അവളെ മറികടന്ന് കൺമണി ത്രിമൂർത്തികൾക്ക് അരികിലേക്ക് നടന്നു ചെന്നു…. അവളുടെ കൈയ്യിൽ ഒരു താലത്തിലായി വ്രതം അവസാനിപ്പിക്കേണ്ട തീർത്ഥവും കരുതിയിരുന്നു….

ഡാ അച്ചൂട്ടാ വേദ്യ ചെയ്ത തെറ്റിന് നീയെന്തിനാ നിമ്മിയെ വഴക്ക് പറഞ്ഞത്… അത് ശരിയായില്ല… (ശന്തനു)

ന്മ്മ്മ്… ഏറെക്കുറെ..!! അത്രയ്ക്കങ്ങോട്ട് പറയണ്ടായിരുന്നു…

അച്ചു താടിയുഴിഞ്ഞ് നിന്നു..

അല്ല ഇവിടെ എന്താ ഒരു ചർച്ച…!

കൺമണി അവിടേക്ക് കടന്നു വന്നതും അഗ്നിയുടേയും,ശന്തനൂന്റെയും മുഖം ഒരുപോലെ വിടർന്നു…!! ഇരുവരും ഒരു പുഞ്ചിരിയോടെ അവളിലേക്ക് നോട്ടം കൊടുത്തു നിന്നു…

അല്ല..ഇതെന്താ കൺമണീ കൈയ്യില്..?? (അച്ചു)

ഇത് വ്രതം അവസാനിപ്പിക്കാനുള്ള തീർത്ഥം അല്ലാണ്ടെന്താ…!! വൈദി സാറിന്റേയും പ്രഭ സാറിന്റെയും സുഗത് സാറിന്റേയും കൈയ്യില് തീർത്ഥം ഏൽപ്പിച്ചാണ് ഇവിടേക്ക് വന്നത്… നിങ്ങള് പിന്നെ ബാച്ചിലേർസ് ആയതുകൊണ്ട് ഇവിടെ ആർക്കും ഇതിന്റെ ആവശ്യം ഇല്ലല്ലോ…

കൺമണി അതും പറഞ്ഞ് അഗ്നിയെ പാളിയൊന്ന് നോക്കി…അവനത് കേട്ട് അർഥം വച്ചപോലെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

ആര് പറഞ്ഞു ഞങ്ങൾക്ക് ആവശ്യമില്ലെന്ന്… എനിക്ക് ഇതിൽ നിന്നും അല്പം തീർത്ഥം വേണം… ഒരത്യാവശ്യമുണ്ട്…

അച്ചു അതും പറഞ്ഞ് താലത്തിൽ നിന്നും ഒരു തളികയിലെ തീർത്ഥവുമെടുത്ത് തിടുക്കപ്പെട്ട് നടന്നകന്നു…

ഇവനിത് എവിടേക്കാ… അതും എന്നെ കൂട്ടാതെ…!!!

ശന്തനു ആകാംക്ഷയോടെ അച്ചു പോയ വഴിയേ നോട്ടം കൊടുത്ത് നിന്നു.. ആ സമയം മുതലെടുത്ത് കൊണ്ട് താലത്തിൽ നിന്നും ഒരു തളിക കൈയ്യിൽ കരുതി ശന്തനു കാണാതെ അഗ്നി അവിടെ നിന്നും സ്കൂട്ടായി… പോകും മുമ്പ് കൺമണിയോട് ആംഗ്യ ഭാഷയിൽ എന്തൊക്കെയോ നിർദ്ദേശങ്ങൾ നല്കിയാണ് അഗ്നി അവിടെ നിന്നും നടന്നകന്നത്… അത് കണ്ട് അഗ്നിയ്ക്ക് നേരെ ഒന്ന് പുഞ്ചിരിച്ച് നിൽക്ക്വായിരുന്നു കൺമണി… പെട്ടെന്ന് ശന്തനൂന്റെ നോട്ടം അവളിലേക്ക് വീണു…

അല്ല താനെന്തിനാ ഇങ്ങനെ ഒറ്റയ്ക്ക് നിന്ന് ചിരിയ്ക്കുന്നേ…!!

ശന്തനൂന്റെ ചോദ്യം കേട്ടതും കൺമണിയുടെ മുഖത്തെ ചിരി മാഞ്ഞു…

ഏയ്…ഒന്നൂല്ല ശന്തനു… എനിക്കേ… കുറച്ച് ജോലിയുണ്ട് ട്ടോ… ശന്തനു ഇവിടെ നിന്ന് വിളക്ക് തെളിയിച്ചോ…. ന്മ്മ്മ്….

ഏയ്…കൺമണീ… താനിത് എവിടേക്കാ..??

ശന്തനൂന്റെ ചോദ്യത്തിന് മറുപടിയൊന്നും നല്കാതെ തന്നെ കൺമണി അവിടെ നിന്നും ഓടിയകന്നു…

അല്ല… ഇവിടെ നിന്ന അഗ്നി ഇത് എവിടെ പോയി… ഹോ…വല്ല കോളും വന്നു കാണും…

ശന്തനു നടുവിന് കൈതാങ്ങി ചിന്തയിലാണ്ടു… കുറേ നേരം ആ നില്പ് തുടർന്ന ശേഷം അവൻ മുറ്റത്തെ കൽവിളക്ക് തെളിയിക്കാൻ തുടങ്ങി… _____________ ഈ സമയം ചുറ്റ് വിളക്ക് തെളിയിച്ചു നിന്ന നിമ്മിയെ വായിനോക്കി നിൽക്ക്വായിരുന്നു അച്ചു… മെറൂൺ കളർ ദാവണിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു… ചാവടിയിലെ എഴികളിൽ കൈതാങ്ങി നിന്ന് അവനവളെ തന്നെ ഉറ്റുനോക്കാൻ തുടങ്ങി…

ഈ പെണ്ണിന് ഇത്രേം ഭംഗിയുണ്ടായിരുന്നോ..!! ന്മ്മ്മ്…പണ്ടേ ഭംഗിയൊക്കെ ഉണ്ടായിരുന്നു… പക്ഷേ…. നേരെ ചൊവ്വേ ഒന്ന് ശ്രദ്ധിക്കാൻ മുതിർന്നില്ല… തെറ്റ് എന്റെ ഭാഗത്ത് തന്നെയാ…

അച്ചു സ്വയം പിറുപിറുത്തു കൊണ്ട് അവളിലേക്ക് തന്നെ നോട്ടം കൊടുത്തു.. അപ്പോഴാണ് നിമ്മീടെ ശ്രദ്ധ അച്ചുവിലേക്ക് തിരിഞ്ഞത്… അവളുടെ ഭാഗത്ത് നിന്നും മുഖം കൂർപ്പിച്ചൊരു നോട്ടം വന്നതും അച്ചുവിന്റെ കൈകൾ എഴിയിൽ നിന്നും അടർന്നു വീണു…

കൈയ്യിൽ കരുതിയ തേലവുമായി ഒരവിഞ്ഞ ഇളി പാസാക്കി കൊണ്ട് അവനവൾക്ക് നേരെ നടന്നു ചെന്നു… അവന്റെ വരവ് കണ്ടതും നിമ്മി മുഖവും വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഭാവിച്ചു…

ഇങ്ങനെ പിണങ്ങി പോവാതെടീ…!!

നിമ്മീടെ കൈയ്യിൽ അച്ചുവിന്റെ പിടി വീണു… അവന്റെ ആ പ്രതികരണം നിമ്മിയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർത്തിയെങ്കിലും അവളത് ഉള്ളിലടക്കി കൊണ്ട് ദേഷ്യം അഭിനയിച്ച് അവന് നേരെ തിരിഞ്ഞു…

ഹോ… ഇനിയും വഴക്ക് പറയാൻ വന്നതായിരിക്കും…!! എന്നെ വഴക്ക് പറയാൻ കിട്ടുന്ന ഒരു ചാൻസും അച്ചുവേട്ടൻ വെറുതെ കളയില്ലല്ലോ…

നിമ്മി ചുണ്ട് കൂർപ്പിച്ചു പറഞ്ഞതും അച്ചുവൊന്ന് ചിരിച്ചു…

സത്യം തന്നെയാടീ നീ ഈ പറഞ്ഞത്…!! അങ്ങനെ കിട്ടുന്ന ഒരു ചാൻസും ഈ ഞ്യാൻ വെറുതെ കളയില്ല… ആ ഒരു നിമിഷം എനിക്ക് കിട്ടുന്ന ഒരു സുഖം.. ഹോ..ധൃദംഗ പുളികിതനും ശശാങ്ക കഞ്ചുകനുമാവും ഞാൻ…!!!

അയ്യടാ…!! ചിരി കണ്ടില്ലേ…!! അച്ചു പൊട്ടന്റെ…!!

നിമ്മി ദേഷ്യത്തിൽ പല്ല് ഞെരിച്ചു…

ഡീ..ഡീ… ഇത്തിരി ബഹുമാനമിഡ്രീ…!! ഒന്നുമില്ലേലും ഈ കുടുംബത്തിലെ ഒരേയൊരു ഏട്ടനാ ഞാൻ… നമ്മുടെ ലാലേട്ടനെ പോലെ ഒരേയൊരു രാജാവ്…

അച്ചു ലാലേട്ടൻ സ്റ്റൈലിൽ തോള് ചരിച്ച് മീശ പിരിച്ച് പറഞ്ഞത് കേട്ട് നിമ്മി അവനെ ആകെത്തുക ഒന്ന് നോക്കി….

ഒരു രാജാവേ… ഒന്നു പോയേ അച്ചുവേട്ടാ…

നിമ്മി അച്ചൂന്റെ നെഞ്ചിലേക്ക് തൊട്ട് പിന്നിലേക്ക് തള്ളിയതും അച്ചു ഒരു പുഞ്ചിരിയോടെ അവളുടെ കൈയ്യിലേക്ക് പിടി മുറുക്കി അവളെ അവനോട് വലിച്ചടുപ്പിച്ചു…

അച്ചുവേട്ടാ…!!! നിമ്മി ഒരു ഞെട്ടലോടെ അവന്റെ മുഖത്തേയ്ക്ക് തന്നെ കണ്ണും മിഴിച്ച് നോക്കി നിന്നു…

എന്താടി പേടിച്ചു പോയോ…!! ഇവിടെ നിന്ന് വിളക്ക് തെളിയിച്ചാൽ മതിയോ… വ്രതം അവസാനിപ്പിക്കേണ്ടേ…!!

അച്ചു കൈയ്യിലിരുന്ന തളിക നിമ്മിയ്ക്ക് നേരെ ഉയർത്തി പിടിച്ചതും അവളമ്പരന്ന് തളികയിലേക്കും അവന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി….!!

അച്ചുവേട്ടാ..ഇത്..

അതെ… ഞാൻ തരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ നിനക്ക്…

അച്ചുവിന്റെ നാവിൽ നിന്നും ആ വാക്ക് കേട്ടതും നിമ്മിയുടെ മുഖം നാണത്തോടെ വിളങ്ങി…

ഹേ… നിനക്കും നാണമോ…

അച്ചു അവളെ കളിയാക്കി കൊണ്ട് അവളെ ഒന്നുലച്ചു..

അതെന്താ ഞാൻ പെണ്ണല്ലേ…!! അപ്പോ എനിക്കുമില്ലേ നാണം…!!

ഹാ…നീ പെണ്ണായിരുന്നോ.. ആ വിലപ്പെട്ട വിവരം നല്കിയതിന് ദാങ്ക്സ്… ഇപ്പോ മോള് അലമ്പ് കാണിക്കാതെ വായ തുറക്കാൻ നോക്ക്… എന്നിട്ട് വ്രതം അവസാനിപ്പിച്ച് വായ്ക്ക് രുചിയുള്ള വല്ലതും ദട്ടാൻ നോക്ക്…

അച്ചു അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അവളുടെ വായിലേക്ക് തീർത്ഥം പകർന്നു നല്കി… അവന്റെ മുഖത്തേയ്ക്ക് തന്നെ നോട്ടം കൊടുത്ത് കൊണ്ട് ഒരു നിറഞ്ഞ പുഞ്ചിരിയോടെ നിമ്മി ആ തീർത്ഥം ഉള്ളിലാക്കി വ്രതം അവസാനിപ്പിച്ചു….

മോളേ നിമ്മീ… ഏതായാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് ഞാനെന്റെ മനസ്സിലുള്ള ചില കാര്യങ്ങള് ഓപ്പണായി നിന്നോടങ്ങ് പറഞ്ഞേക്കാം…

അച്ചൂന്റെ വർത്തമാനം കേട്ട് നിമ്മി ആകാംക്ഷയോടെ അവനിലേക്ക് നോട്ടം കൊടുത്തു…!!!

വേറെ ഒന്നുമല്ല… ഞാനും ലവളും തമ്മിൽ കെട്ടിയാലോ എന്നൊരു ചിന്ത ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെയങ്ങുണ്ടായി… തനുവേ… കാര്യം അവള് അല്പം തെറിപ്പൻ നേച്ചർ ആയാലും ഞാനുമായി നല്ല അത്യുഗ്രൻ മാച്ചാണ്.. ഞാൻ ചക്കെന്ന് ചിന്തിക്കുമ്പോ അവള് കൊക്കെന്ന് പറയും… അതാണല്ലോ ഈ മനപ്പൊരുത്തം….. മനപ്പൊരുത്തംന്ന് പറയുന്നത്…. ആ സംഗതി perfect ആയത് കൊണ്ട് ഞാനവളെയങ്ങ് കെട്ടാൻ തീരുമാനിച്ചു…

അത് കേട്ടതും നിമ്മീടെ മുഖം വാടി…. അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി…

ബൈ ദി ബൈ ഞാൻ പറഞ്ഞു വന്നത്… എനിക്ക് ഈ ആഡംബരമായി കല്യാണം കഴിയ്ക്കാനൊന്നും താൽപര്യമില്ല… അവൾകും ഏതാണ്ട് അങ്ങനെ തന്നെ…. അതുകൊണ്ട് ഞങ്ങടെ രജിസ്റ്റർ മാര്യേജ് നടക്കുമ്പോ സാക്ഷിയാവാൻ നീ കൂടി വര്വോ… നല്ലൊന്നാന്തരം ലിലേബിയും ലഡ്ഡുവും വാങ്ങി തരാടീ…

അച്ചു നിമ്മിയ്ക്ക് നേരെ മുഖം കുനിച്ച് പറഞ്ഞതും അവള് കലി ആളിക്കത്തിച്ചു കൊണ്ട് അവനെ അടിയ്ക്കാൻ തുടങ്ങി…

ഇയാൾക്ക് അവളെ തന്നെ കെട്ടണോ… പറ..കെട്ടണോ…!!!

ഡീ…ഡീ..അടിയ്ക്കാതെടീ…….

അച്ചു കുറേനേരം അവളുടെ അടി തടുത്ത ശേഷം അവളുടെ ഇരു കൈകളും അവന്റെ കൈപ്പിടിയിൽ പിടിച്ചു കെട്ടി…

അപ്പോ നിനക്ക് സാക്ഷിയാകാൻ വയ്യ… എങ്കില് പിന്നെ നമുക്ക് റോളൊന്ന് ചേഞ്ച് ചെയ്യാം.. സാക്ഷിയ്ക്ക് പകരം പൂവള്ളി മനയിൽ അശ്വാരൂഢിന്റെ വധു എന്ന സ്ഥാനത്തേക്ക് ഒരു sign ചെയ്യാൻ പോരുന്നോ നീ… ഇപ്പൊഴും ആ സ്ഥാനം vacant ആടീ… ആരേം കിട്ടാഞ്ഞിട്ടല്ലാട്ടോ… വെറുതെ……….. … വെറുതെ… വേണ്ടാന്ന് വച്ചിട്ടാ… എന്താ സമ്മതമാണോ…??

അച്ചു ഒരു പുഞ്ചിരിയോടെ അവൾക് നേരെ പുരികമുയർത്തി… അത് കേൾക്കേണ്ട താമസം നിമ്മി നിറഞ്ഞൊരു പുഞ്ചിരിയോടെ ഇരു കണ്ണുകളും തുടച്ചു കൊണ്ട് അവന്റെ നെഞ്ചോട് ചേർന്നു…. ഒരുപാട് സന്തോഷത്തോടെ അവളെ പുണർന്നു കൊണ്ട് അവനും ഒന്ന് പുഞ്ചിരിച്ചു നിന്നു…. ___________

അഗ്നി പറഞ്ഞ സിഗ്നലുകൾ മനസ്സിലോർത്ത് കൺമണി മുറ്റത്തെ മുല്ലപ്പടർപ്പിന് മുന്നിലേക്ക് നടന്നു ചെന്നു… എല്ലാവരുടേയും കണ്ണ് വെട്ടിച്ചു കൊണ്ട് ചുറ്റിലും കണ്ണോടിച്ച് അവള് പടർപ്പിനരികിലേക്ക് എത്തിയതും അഗ്നി അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ അവന്റെ നെഞ്ചോട് ചേർത്തു…

അഗ്നീ…!!!

കൺമണി അവന്റെ കൈയ്യിൽ കിടന്നൊന്ന് കുതറി…

എന്റെ മിഴീ… നീ ഈ കരയിലേക്ക് പിടിച്ചിട്ട മീനിനെപ്പോലെ ആണല്ലോ…!! എന്തിനാ ഇങ്ങനെ പിടയ്ക്കുന്നേ… എനിക്ക് അധികാരം ഉണ്ട്ട്ടോ…

അതൊക്കെ ശരിയാ.. എങ്കിലും ഈ വിധ കളികളൊന്നും വേണ്ടെന്നേ…

കൺമണി അഗ്നിയുടെ പിടി അയച്ച് അവനിൽ നിന്നും തന്ത്രപൂർവ്വം അടർന്നു മാറി നിന്നു… അപ്പോഴും അവളെ തന്നെ ഉറ്റുനോക്കി ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു അഗ്നി..

കഠിന വ്രതം എടുത്തതല്ലേ.. നമുക്ക് ആ വ്രതമങ്ങ് അവസാനിപ്പിക്കേണ്ടേ…!!

അഗ്നി അതും പറഞ്ഞ് തളിക കൈയ്യിലെടുത്ത് കൺമണിയുടെ വായിലേക്ക് മുട്ടിച്ചു…

കുടിയ്ക്ക്…!!!

അഗ്നി പറഞ്ഞത് കേട്ട് നിറകണ്ണുകളോടെ അവനെ തന്നെ നോക്കി നിൽക്ക്വായിരുന്നു അഗ്നി…

No… കണ്ണീര് വേണ്ട…കണ്ണീര് വേണ്ട… കുടിച്ചേ…

അഗ്നിയുടെ നിർബന്ധം മുറുകിയതും അവൻ നീട്ടി പിടിച്ച തീർത്ഥം നിറകണ്ണുകളിൽ ഒരു പുഞ്ചിരി നിറച്ചു കൊണ്ട് കൺമണി ഉള്ളിലാക്കി…!!

അഗ്നീ.. ഞാൻ… ഞാൻ ഇതിനും മാത്രം എന്ത് പുണ്യമാ ചെയ്തത്..!!

നീ തന്നെ ഒരു പുണ്യമാണ് മിഴീ…. ആ പുണ്യത്തെയാ ഇപ്പോ എനിക്ക് കിട്ടിയത്…

അഗ്നി ഉള്ളുകൊണ്ട് പുഞ്ചിരിച്ച് അവളെ നെഞ്ചോടടക്കി പിടിച്ചു.. ഏറെനേരം ഇരുവരും ആ നില്പ് തുടർന്നു…

മിഴീ… എനിക്ക് ഏത് നിറമാ ഇഷ്ടമെന്ന് നീ പണ്ട് ചോദിച്ചില്ലേ.. നീ അന്ന് പറഞ്ഞത് ശരിയാണ്… ചിത്രകാരന്മാർക്ക് പ്രീയപ്പെട്ട നീല നിറം തന്നെയാ എനിക്കും പ്രിയം… അന്ന് ആ സാരി വാങ്ങി വച്ചത് ഞാൻ തന്നെയാ…. നല്ല ചേർച്ചയായിരുന്നൂട്ടോ…

അഗ്നിയുടെ വാക്കുകൾ കേട്ട് കൺമണി അമ്പരന്നു കൊണ്ട് അവനിൽ നിന്നും അടർന്ന് അവന് നേരെ മുഖമുയർത്തി…

അഗ്നീ…

അവളുടെ മുഖത്തെ അമ്പരപ്പ് കണ്ട് അഗ്നി അവളുടെ മുഖം കൈക്കുമ്പിളിലെടുത്തു….

ഇനിയും ഒരുപാട് ആഗ്രഹങ്ങളുണ്ട് എന്റെ മനസ്സിൽ… എല്ലാം നിറവേറ്റണം എനിക്ക്….

മിഴിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി അവനങ്ങനെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു… ആ പുഞ്ചിരിയെ ചുണ്ടിൽ നിലനിർത്തി തന്നെ അവളവന്റെ മുഖത്തെ അടുത്ത് കണ്ട് നിന്നു… _____________

ഈ അഗ്നിയും അച്ചുവും ഇത് എവിടെയാ…??

ശന്തനു ഹാളിലും തളത്തിലുമൊക്കെ അഗ്നിയേയും അച്ചുവിനേയും പരതി നടന്നു…അപ്പോഴാണ് അവന്റെ മുന്നിലേക്ക് തനു വന്ന് പെട്ടത്…

ആഹാ.. ശന്തനു… ഇയാളെന്താ ഇവിടെ കറങ്ങി നടക്കുന്നേ…!! എന്തെങ്കിലും പണിയൊപ്പിക്കാനാണോ…!!

ആര് ഞാനോ… ഞാൻ അത്തരക്കാരനല്ല തനൂ… ആ അച്ചു വെറുതെ എന്നെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞൂന്ന് വച്ച്.. തനു അതൊന്നും വിശ്വസിക്കരുത്…

അതിന് അശ്വി എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ…

തനു ആക്കിയ മട്ടിൽ ഒന്ന് ചിരിച്ചതും ശന്തനു ആകെയൊന്ന് പരുങ്ങി…

Actually… എനിക്ക് ഭയങ്കര thrusting… ഇവിടെ എവിടെയോ ഒരു തളികയിൽ തീർത്ഥം വച്ചിട്ടുണ്ടെന്ന് പറഞ്ഞു… അത് കുടിച്ചു കഴിഞ്ഞാൽ മാത്രമേ വെള്ളം കുടിക്കാൻ പാടുള്ളൂന്ന് ഹരിണി പറഞ്ഞു… അതുകൊണ്ട് ആ തീർത്ഥം തിരക്കി ഇറങ്ങിയതാ ഞാൻ..

തനു ചുറ്റിലും കണ്ണോടിച്ചു കൊണ്ട് അവിടെയെല്ലാം തീർത്ഥം പരതി… അപ്പോഴേക്കും ശന്തനൂന്റെ ആ തളിക ശന്തനുവിന്റെ കണ്ണിൽപ്പെട്ടു….

തനൂ..ദാ തളിക.. ഇനി ഇതിന്റെ പേരിൽ ഇയാള് വെള്ളം കിട്ടാണ്ട് ശ്വാസം മുട്ടണ്ട… കുടിച്ചോ…

ശന്തനൂന്റെ വാക്ക് കേട്ട് തനുവത് കൈയ്യിൽ വാങ്ങി…

Thanks ശന്തനു…

തനു കിട്ടിയപാടെ തീർത്ഥം ഉള്ളിലാക്കി… അത് കണ്ട് ഒരു ചെറു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ശന്തനു…. ____________ മുറ്റത്ത് തെളിഞ്ഞു നിന്ന വിളക്കുകൾ നോക്കി ഹരിണിയ്ക്കൊപ്പം നിൽക്ക്വായിരുന്നു വേദ്യ… അപ്പോഴാണ് രാവണിന്റെ കാറ് ഗേറ്റ് കടന്ന് പൂവള്ളി തറവാട്ട് മുറ്റത്തേക്ക് വന്നത്..

ഹാ…ദേ ഹേമന്തേട്ടൻ വന്നു…!! അമ്മ ആ തളിക കൊണ്ട് വരൂ… വ്രതം അവസാനിപ്പിക്കാൻ സമയമായി…

വേദ്യ സന്തോഷത്തോടെ തുള്ളിച്ചാടി കൊണ്ട് രാവണിന്റെ കാറിന് മുന്നിലേക്ക് ചെന്നു… അവളെ നോക്കി മുഖത്തല്പം ഗൗരവം ഫിറ്റ് ചെയ്തു കൊണ്ട് രാവൺ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി….

ഹാ…രാവൺ മോൻ വന്നോ… ഊർമ്മിളേ..തീർത്ഥം മോന്റെ കൈയ്യിലേക്ക് കൊടുത്തേ…

വൈദിയുടെ പറച്ചില് കേട്ടതും രാവൺ മുറ്റത്തും ചുറ്റുപാടും ത്രേയയെ തിരഞ്ഞു… ആ സമയം തന്നെ കൈയ്യിലൊരു തളികയിൽ തീർത്ഥവുമായി ഊർമ്മിള രാവണിനടുത്തേക്ക് നടന്നു ചെന്നു…

ദാ മോനേ… മോൾക്ക് കൊടുക്ക്… (ഊർമ്മിള)

രാവൺ അത് കേട്ട് അവരുടെ മുഖത്തേക്കും കൈയ്യിലിരുന്ന തളികയിലേക്കും നോട്ടം കൊടുത്തു….

അല്ലാന്റി വേദ്യയുടെ വ്രതം അവസാനിപ്പിക്കാൻ ഞാനെന്തിനാ അവൾക് തീർത്ഥം നല്കുന്നത്… എന്റെ ഭാര്യ വേദ്യയല്ലല്ലോ… ത്രേയയല്ലേ… അപ്പോ ഞാൻ തീർത്ഥം നല്കേണ്ടത് ഇവൾക്കല്ലല്ലോ…ത്രേയയ്ക്കല്ലേ…!!!

രാവണിന്റെ ആ ചോദ്യം കേട്ടതും ശത്രുപക്ഷത്തെ ഓരോരുത്തരുടേയും മുഖത്ത് ദേഷ്യം നിറഞ്ഞു… വൈദേഹി മാത്രം അതെല്ലാം കേട്ട് പുഞ്ചിരി തൂകി നിന്നു….

നീ എന്തൊക്കെയാ മോനേ ഈ പറയുന്നത്…?? വേദ്യമോള് വ്രതം അനുഷ്ഠിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്… അപ്പോ പിന്നെ നീ വേണ്ടേ അവൾടെ വ്രതം അവസാനിപ്പിക്കേണ്ടത്… വെറുതെ തർക്കിച്ചു സമയം കളയാതെ ദേ ഈ തീർത്ഥം വേദ്യമോൾക്ക് നല്കാൻ നോക്ക്…

ഊർമ്മിളയുടെ കൈയ്യിലിരുന്ന തളിക കൈയ്യിൽ വാങ്ങി പ്രഭയത് രാവണിന് നേർക്ക് നീട്ടി പിടിച്ചു… ആ രംഗം കണ്ടപ്പോ രാവണിന് ശരിയ്ക്കും ദേഷ്യമാണ് തോന്നിയത്.. പല്ലു ഞെരിച്ചു കൊണ്ട് അവൻ മുന്നിൽ നിന്ന വേദ്യയെ തറപ്പിച്ചൊന്ന് നോക്കി…അവന് മുന്നിൽ ചെറിയൊരു കൊഞ്ചലോടെ പുഞ്ചിരി തൂകി നിൽക്ക്വായിരുന്നു വേദ്യ….

ദാ രാവൺ…വേദ്യമോൾക്ക് കൊടുക്ക്…!!! എന്റെ മോള് ആകെ ക്ഷീണിച്ചു നിൽക്ക്വാ… അതും നിനക്ക് വേണ്ടി…!!!

ഊർമ്മിള വേദ്യയെ ചേർത്ത് പിടിച്ച് പറഞ്ഞത് കേട്ട് രാവൺ ഇരുവരേയും കലിപ്പിച്ചൊന്ന് നോക്കി… അതെല്ലാം കണ്ട് തീരെ ദഹിക്കാതെ നിൽക്ക്വായിരുന്നു വൈദേഹി…അവര് ദേഷ്യത്തോടെ മുഖം ചുളിച്ചു കൊണ്ട് നോട്ടം മാറ്റി നിന്നു….

പ്രഭ നീട്ടി വച്ച തളിക കൈയ്യിൽ വാങ്ങാൻ കൂട്ടാക്കാതെ രാവൺ ഒരു തവണ കൂടി വേദ്യയുടെ മുഖത്തേക്ക് നോട്ടം കൊടുത്തതും അവളിൽ ചില മാറ്റങ്ങൾ കടന്നു കൂടും പോലെ അവന് തോന്നി…. കണ്ണുകൾ ഇറുകെ പൂട്ടി തുറന്നും മെല്ലെ തലകുടഞ്ഞും നിന്ന അവളെ അവൻ സംശയത്തോടെ ഒന്ന് നോക്കി…. അധികം വൈകാതെ തന്നെ വേദ്യ നെറ്റിയിലേക്ക് കൈ ചേർത്ത് കൊണ്ട് മോഹലസ്യപ്പെട്ട് ഊർമ്മിളയുടെ കൈയ്യിലേക്ക് തന്നെ തളർന്നു വീണു….

വേദ്യമോളേ…വേദ്യമോളേ..

ചുറ്റിലും കൂടിയ എല്ലാവരും ഒരുപോലെ വിളിച്ചു കൂവിക്കൊണ്ട് വേദ്യയെ ചേർത്തുയർത്തി പിടിച്ചു…. പെട്ടെന്നുണ്ടായ ആ സംഭവം എല്ലാവരേയും ഒരുപോലെ ഞെട്ടിച്ചു…. വൈദിയുടേയും,പ്രഭയുടേയും, ഊർമ്മിളയുടേയുമൊക്കെ മുഖത്ത് പരിഭ്രമം നിറഞ്ഞു… അധികം ചിന്തിച്ചു നില്ക്കാതെ വൈദി തന്നെ വേദ്യയെ തിടുക്കപ്പെട്ട് കോരിയെടുത്ത് കാറിലേക്ക് കയറ്റി…. ഊർമ്മിളയും, വസുന്ധരയും,പ്രഭയും കാറിലേക്ക് കടന്നതും രാവൺ അവരുടെ ഇടയിൽ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി നിന്നു…

രാവൺ… എന്താ നോക്കി നിൽക്കുന്നേ… നീ വരണില്ലേ…??? (പ്രഭ)

ഞാൻ പിറകെ വരാം… നിങ്ങള് പെട്ടെന്ന് ഹോസ്പിറ്റൽ എത്താൻ നോക്ക്..!!!

രാവൺ പറഞ്ഞത് കേട്ട് വൈദി കാറ് സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു… കാറ് പൂവള്ളിയുടെ ഗേറ്റ് കടന്നതും രാവൺ തറവാട്ടിലേക്ക് തിരിഞ്ഞു നടന്നു…

രാവൺ…നീ അപ്പോ പോകുന്നില്ലേ…??? (വൈദേഹി)

എവിടേക്ക്…??

ഹോസ്പിറ്റലിലേക്ക്…!! (വൈദേഹി)

ഞാൻ പോയി അന്വേഷിക്കാനും മാത്രം ഒന്നുമുണ്ടാകില്ല… വ്രതമെടുത്തത് കൊണ്ട് BP low ആയതാവും… അല്ലെങ്കിൽ തന്നെ ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ കൂടെ… പിന്നെ ഞാനെന്തിനാ… എനിക്കൊന്ന് ഫ്രഷാവണം… ഒരു enquiry ടെ ഭാഗമായി ഇന്ന് നല്ല അലച്ചിലായിരുന്നു…

ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണുകൾ അയച്ചു കൊണ്ട് രാവൺ വൈദേഹിയെ മറികടന്ന് നടന്നു…

രാവൺ…!!!

ഹാളിൽ നിന്നും സ്റ്റെയർ കയറാൻ തുടങ്ങിയതും വൈദേഹിയുടെ പിന്വിളി വന്നു…. അത് കേട്ടതും അവൻ സ്റ്റെയറിന് അരികിൽ തന്നെ ഒന്ന് സ്ലോ ചെയ്തു…

എന്താമ്മേ..???

രാവൺ വൈദേഹിയ്ക്ക് നേരെ തിരിഞ്ഞു…

മോനേ..ത്രേയമോള് വ്രതം അവസാനിപ്പിച്ചിട്ടില്ല… നീ വേണം തീർത്ഥം നല്കേണ്ടത്… വാശി കാണിച്ച് അത് വേണ്ടാന്ന് വയ്ക്കരുതേ… മോള് ഇപ്പോ തന്നെ ആകെ ക്ഷീണിച്ചു…

രാവണത് കേട്ട് ഒരു കള്ളം മറയ്ക്കുന്ന പോലെ മുഖം തിരിച്ചു…

ഞാൻ അവളോട് പറഞ്ഞില്ലല്ലോ വ്രതമെടുക്കാൻ… അപ്പോ പിന്നെ അവസാനിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തമല്ല…

രാവൺ രണ്ടും കല്പിച്ച് അത്രയും പറഞ്ഞ് മുഖത്ത് അല്പം കപട ദേഷ്യം നിറച്ചു…

ഇതുകൊണ്ട് തന്നെയാ ഞാൻ നിന്നോട് പറഞ്ഞത്. നേരത്തെ എല്ലാവർക്കും മുന്നിൽ വെച്ച് ത്രേയ ഭാര്യയാണെന്ന് അംഗീകരിച്ചല്ലോ… അത് പോലെയങ്ങ് കണ്ടാൽ മതി…!! അതല്ല എന്റെ ആവശ്യം നടത്തി തരാൻ ഭാവമില്ലെങ്കിൽ ഇനി നീ എന്നോട് മിണ്ടാൻ വരണ്ട…

വൈദേഹി പരിഭവത്തോടെ മുഖം തിരിച്ചതും രാവൺ ഉള്ളുകൊണ്ടൊന്ന് പുഞ്ചിരിച്ച് അവരെ ചേർത്ത് പിടിച്ചു…

നല്ലൊരു ദിവസമായിട്ട് ഇനി അതിന്റെ പേരിൽ പിണക്കം വേണ്ട… ഞാൻ തന്നെ തീർത്ഥം കൊടുത്തോളാം.. പോരെ.. പിന്നെ അത് പറയാൻ വേണ്ടി വെറുതെ ഈ സ്റ്റെയർ കയറി ഇറങ്ങേണ്ട…കേട്ടല്ലോ…

രാവണിന്റെ പറച്ചില് കേട്ട് പരിഭവത്തോടെ കൂമ്പിയിരുന്ന വൈദേഹിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവരിൽ നിന്നും അകന്നു മാറി ചുണ്ടിൽ ഒരു കള്ളച്ചിരി നിറച്ചു കൊണ്ട് രാവൺ റൂമിലേക്കൊന്ന് നോട്ടമിട്ടു… പിന്നെ അധികം ചിന്തിച്ചു നില്ക്കാതെ അവൻ തിടുക്കപ്പെട്ട് സ്റ്റെയർ കയറി റൂം ലക്ഷ്യമാക്കി നടന്നു…..

റൂമിന്റെ ഡോറ് തുറന്ന് ചുറ്റിലും കണ്ണോടിച്ചെങ്കിലും അവിടെയെങ്ങും അവന് ത്രേയയെ കണ്ടെത്താൻ കഴിഞ്ഞില്ല…. പ്രതീക്ഷയോടെ തിളങ്ങിയ കണ്ണുകൾ ഒരു നിമിഷം നിരാശയോടെ മങ്ങി… അപ്പോഴാണ് ബെഡിൽ വച്ചിരുന്ന ഒരു പായ്ക്കറ്റിലേക്കും അതിന് മുകളിലായി വച്ചിരുന്ന കടലാസ് തുണ്ടിലേക്കും അവന്റെ നോട്ടം വീണത്…. അവനല്പം കൗതുകത്തോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ കടലാസ് തുണ്ട് കൈയ്യിലെടുത്തു… അതിലൊരു കുറിപ്പുണ്ടായിരുന്നു… രാവൺ ഒരു ചെറു പുഞ്ചിരിയോടെ ആ വാചകങ്ങൾ വായിച്ചെടുത്തു….

“പതി പരമേശ്വരാ…..!!!പായ്ക്കറ്റിനുള്ളിൽ ഒരു ഗിഫ്റ്റുണ്ട്… അത് ധരിച്ച് ടെറസിലേക്ക് വാ… ഞാൻ അവിടെയുണ്ടാവും…”

രാവൺ അത് വായിച്ചെടുത്ത ശേഷം ഒരു പുഞ്ചിരിയോടെ ആ പായ്ക്കറ്റ് തുറന്നു… അതിനുള്ളിൽ നിന്നും ഒരു ബോക്സ് പുറത്തേക്കെടുത്ത് അവനത് ഓപ്പൺ ചെയ്തു….

Golden നിറത്തിൽ simple stone work ചെയ്ത ഒരു കുർത്തയായിരുന്നു അതിനുള്ളിൽ… അവനതിലേക്ക് വിരലോടിച്ചു നോക്കിയ ശേഷം ബെഡിലേക്ക് തന്നെ വച്ച് തിടുക്കപ്പെട്ട് ബാത്റൂമിലേക്ക് കയറി… ഒന്ന് ഫ്രഷായി പുറത്തേക്കിറങ്ങി ബെഡിലിരുന്ന കുർത്തയെടുത്ത് അണിഞ്ഞ് ആകെയൊന്ന് ഒരുങ്ങി….

പിന്നെയും സമയം കളയാൻ മുതിരാതെ രാവൺ വേഗത്തിൽ ടെറസിലേക്ക് വച്ചു പിടിച്ചു…. സ്റ്റെയർ കയറി ടെറസ്സിന്റെ ഡോറ് തുറന്നതും ഒരിളം കാറ്റ് അവനെ തഴുകി കടന്നു പോയി… ആ കുളിർകാറ്റിൽ അവന്റെ മനസ്സും ശരീരവും ഒരുപോലെ തണുത്തു… നെറ്റിയിലേക്ക് വീണു കിടന്ന അവന്റെ മുടിയിഴകൾ കാറ്റിൽ ആടിയുലഞ്ഞു….അവയെ മാടിയൊതുക്കി കൊണ്ട് അവൻ മുന്നോട്ട് നടന്നു…

ടെറസിന്റെ കൈവരിയോട് ചേർന്ന് മാനത്തേക്ക് കണ്ണുംനട്ട് നിൽക്കുന്ന ത്രേയയെ കണ്ടതും രാവണിന്റെ മുഖമൊന്ന് വിടർന്നു…. രാവൺ വാങ്ങി കൊടുത്ത റെഡ് വൈൻ കളർ സാരിയും അതിന് ചേരുന്ന ബ്ലൗസുമായിരുന്നു അവളുടെ വേഷം… വിടർത്തിയിട്ടിരുന്ന തലമുടിയഴകൾ കാറ്റിന്റെ താളത്തിൽ ആടിയുലയുന്നുണ്ടായിരുന്നു….

അഴിച്ചിട്ടിരുന്ന ഫ്ലീറ്റിൽ നിരയോടെ പതിപ്പിച്ചു വച്ചിരുന്ന കല്ലുകൾ ടെറസിലെ പ്രകാശം തട്ടി മിന്നി തിളങ്ങുന്നുണ്ടായിരുന്നു…. ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് മാനത്തേക്ക് നോട്ടമിട്ടു നിന്ന അവളെ അവനൊരു കൗതുകത്തോടെ നോക്കി നിന്നു….

ഒരു കാൽപ്പെരുമാറ്റം കൊണ്ട് പോലും അവന്റെ സാന്നിധ്യം അവളെ അറിയിക്കാതെ രാവൺ പതിയെ അവൾക്കരികിലേക്ക് നടന്നു ചെന്നു…. സാരിയ്ക്കിടയിലൂടെ തെളിഞ്ഞു കണ്ട അവളുടെ വെണ്ണപോലുള്ള വയറിലേക്ക് കൈ ചേർത്തു കൊണ്ട് അവനവളെ പിന്നിൽ നിന്നും ചേർത്ത് പുണർന്നു…..

പെട്ടന്നുള്ള ആ പ്രവർത്തിയിൽ ത്രേയ പരിഭ്രമത്തോടെ ഒന്ന് പിടഞ്ഞു…. എങ്കിലും രാവൺ അവളിൽ നിന്നുള്ള പിടി അയച്ചില്ല…അവളെ അവന്റെ നെഞ്ചോട് ചേർത്തു കൊണ്ട് അവനവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തു…..

രാവൺ…എന്തായിത്…??? എന്റെ വ്രതം മുടക്കാണ്ട് മാറിയ്ക്കേ….!!!

വയറിൽ മുറുകിയിരുന്ന രാവണിന്റെ കൈകൾ അയച്ചു മാറ്റാൻ ത്രേയ കിണഞ്ഞ് പരിശ്രമിച്ചു…

പിന്നെ… ഞാനൊന്ന് തൊട്ടൂന്ന് കരുതി നിന്റെ വ്രതമൊന്നും മുടങ്ങാൻ പോകുന്നില്ല….

രാവണിന്റെ ശബ്ദത്തിൽ ഒരു ചിരി കലർന്നു…

അതേ…ലങ്കേശ്വരാ…!! ഞാൻ ഇത് വരെയും വ്രതം അവസാനിപ്പിച്ചിട്ടില്ല… ഇത്രയും നേരം എന്റെ സ്നേഹനിധിയായ ഭർത്താവിന്റെ വരവും കാത്തിരിക്ക്യായിരുന്നു… ആ വിചാരം വല്ലതുമുണ്ടോ നിനക്ക്…!!

ആ വിചാരമുള്ളത് കൊണ്ടല്ലേ ഞാൻ ഓടിപ്പാഞ്ഞ് വന്നത്…!!

രാവൺ പ്രണയാർദ്രമായ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവളിലെ പിടി അയച്ച് അവളെ അവന് മുന്നിലേക്ക് തിരിച്ചു നിർത്തി….

ആ സാരിയിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു… അതിന് മാറ്റ് കൂട്ടും വിധമുള്ള ആഭരണങ്ങൾ കൂടി ആയതും രാവണിന്റെ കണ്ണുകൾ അവളിലേക്ക് ആഴ്ന്നിറങ്ങി….

ഇന്നെന്റെ ഭാര്യയെ കാണാൻ ഒരു പ്രത്യേക ചന്തമുണ്ടല്ലോ….!!

രാവൺ അവളെ തന്നെ ആകെത്തുക ഒന്ന് നോക്കി നിന്നു… അവന്റെ ആ compliment കേട്ടതും ത്രേയ ഒരു പുഞ്ചിരിയോടെ നെറ്സിയിലേക്ക് വീണു കിടന്ന നീണ്ട മുടിയിഴകൾ ചെവിക്കുടയിലേക്ക് ഒതുക്കി വച്ചു…..

എന്റെ ഈ അസുരനെ കാണാനും ഇന്ന് നല്ല ഭംഗിയുണ്ട്ട്ടോ… ശരിയ്ക്കും ഒരു ലങ്കേശ്വരനെ പോലെ….!! ലങ്കയ്ക്ക് അഹങ്കാരവും, അലങ്കാരവുമായ സാക്ഷാൽ രാവണനെ പോലെ….!!!!

ത്രേയയുടെ വാക്കുകൾ കേട്ട് രാവൺ ഒരു നിറഞ്ഞ പുഞ്ചിരിയോടെ നിന്നു….

അപ്പോ പിന്നെ ഈ രാവണന്റെ കൈയ്യിൽ നിന്നും അല്പം തീർത്ഥം എന്റെ പ്രിയപ്പെട്ട പത്നിയ്ക്ക് നല്കട്ടേ ഞാൻ….. നമുക്ക് ആ വ്രതമങ്ങ് അവസാനിപ്പിച്ചേക്കാം… അല്ലെങ്കിൽ നിന്റെ ആയമ്മ എന്നോട് മിണ്ടില്ലെന്നാ പറഞ്ഞിരിക്കുന്നത്….!!!

അത് കേട്ടതും ത്രേയേടെ ചുണ്ടിലെ പുഞ്ചിരിയുടെ മാറ്റ് അല്പം കുറഞ്ഞു…

എന്തിനാ രാവൺ ആയമ്മേ കൂടി ഇങ്ങനെ പറ്റിയ്ക്കുന്നത്… പാവം…!!!

ഹോ.. അതൊന്നും ഓർത്ത് എന്റെ ഭാര്യ ടെൻഷനാവണ്ട.. അതൊക്കെ ഞാൻ തന്നെ സമയം പോലെ അമ്മയോട് പറഞ്ഞ് ശരിയാക്കിക്കോളാം..

രാവണവളുടെ മുഖം കൈക്കുമ്പിളിലെടുത്തു കൊണ്ട് പറഞ്ഞതും ത്രേയ ഒന്ന് പുഞ്ചിരിച്ചു… ശേഷം അവനിൽ നിന്നും അടർന്നു മാറി കൊണ്ട് മുന്നില് വച്ചിരുന്ന താലം കൈയ്യിലെടുത്തു… അതിലൊരു തളികയും,ദീപം തെളിഞ്ഞു നിന്ന ചിരാതും കുറച്ച് പൂക്കളും,സിന്ദൂരച്ചെപ്പും കരുതിയിരുന്നു…

അവളത് രാവണിന്റെ മുഖത്തിന് നേരെ ഉയർത്തി ഉഴിഞ്ഞെടുത്തു… അവൾക് മുന്നിൽ നിറഞ്ഞ പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു രാവൺ…. മൂന്ന് തവണ ദീപം കൊണ്ട് ഉഴിഞ്ഞ ശേഷം ദീപത്തിലെ അഗ്നി കൈത്തലം കൊണ്ട് അവളവന്റെ മുഖത്തേയ്ക്ക് മെല്ലെ തേവി കൊടുത്തു…. ശേഷം തളികയിലിരുന്ന തീർത്ഥം അവന് നേർക്ക് കുടഞ്ഞു കൊണ്ട് താലത്തിൽ നിന്നും കുറച്ചു പൂക്കൾ കൂടി അവനിലേക്ക് അർപ്പിച്ചു….

പൂർണ ചന്ദ്രനെ സാക്ഷിയാക്കി ഒരു നുള്ള് സിന്ദൂരം അവന്റെ നെറ്റിയിലേക്ക് തൊട്ടു വയ്ക്കാൻ തുടങ്ങിയതും രാവണതേറ്റു വാങ്ങാനായി അവൾക് നേരെ തല കുനിച്ചു കൊടുത്തു…. അവന്റെ നെറ്റിയിൽ ഭംഗിയോടെ അവളത് നീട്ടി വരച്ചതും രാവൺ മെല്ലെ മുഖമുയർത്തി അവളെ തന്നെ ഉറ്റുനോക്കി നിന്നു…

ന്മ്മ്മ്.. കഴിഞ്ഞു.. ഇനി എനിക്ക് തീർത്ഥം തന്നേ…!!

ത്രേയയുടെ ചോദ്യം കേട്ട് രാവൺ സംശയത്തോടെ മുഖം ചുളിച്ചു….

തീർത്ഥം മാത്രം തന്നാൽ മതിയോ…!!! ദീപം ഉഴിയണ്ടേ…!!!

അതൊക്കെ നിനക്ക് വേണ്ടി മാത്രമുള്ള ചടങ്ങുകളാ ഭർത്താവേ… നീ എനിക്ക് ദൈവ തുല്യനല്ലേ… അപ്പോ ഞാൻ നിന്നെ സാക്ഷാൽ പരമശിവനെപ്പോലെ ആരാധിക്കണം… മനസ്സുകൊണ്ട് പൂജിയ്ക്കണം….

ആഹാ…!! അങ്ങനെയാണോ…!! അപ്പോ ഞാൻ തിരിച്ച് എന്റെ പ്രിയ പത്നിയെ ആരാധിക്കണ്ടേ…മനസ് കൊണ്ട് പൂജിയ്ക്കണ്ടേ..!!

അത് വേണ്ടാന്നേ…!! നീ എനിക്ക് തീർത്ഥം നല്കിയാൽ മാത്രം മതി…

അത് പോരല്ലോ… ഇതെന്റെ ലങ്കയല്ലേ… ഇവിടെ എന്റെ തീരുമാനങ്ങളല്ലേ നടക്കൂ ത്രയമ്പക രാവൺ… അതുകൊണ്ട് നമുക്ക് ഈ ചടങ്ങ് അല്പമൊന്ന് modify ചെയ്യാം….

രാവൺ ഒരു കുസൃതി ചിരിയോടെ അവളുടെ കൈയ്യിലിരുന്ന താലം കൈയ്യിൽ വാങ്ങി…

രാവൺ..എന്തായിത്…

ശ്ശ്ശ്ശ്ശ്ശ്ശ്….!!! മിണ്ടരുത്….

രാവൺ പുഞ്ചിരിയോടെ അവളെ താലം കൊണ്ട് മൂന്ന് തവണ ഉഴിഞ്ഞെടുത്തു… ദീപത്തെ അവളുടെ മുഖത്തേക്ക് കൈത്തലം കൊണ്ട് മെല്ലെ വീശിയടുപ്പിച്ചു…. തളികയിലെ തീർത്ഥം അവളുടെ മുഖത്തേക്ക് കുടഞ്ഞ ശേഷം അല്പം പൂക്കൾ കൂടി അവളിലേക്ക് വർഷിച്ചു…. ശേഷം ഒരു നുള്ള് സിന്ദൂരമെടുത്ത് നിറഞ്ഞ സന്തോഷത്തോടെ അവനവളുടെ സീമന്ദരേഖയെ നീട്ടി ചുവപ്പിച്ചു…. അവന്റെ വിരലുകൾ നെറുകിലേക്ക് സ്പർശിച്ചതും അവളുടെ കണ്ണുകൾ ആത്മ നിർവൃതിയോടെ കൂമ്പിയടഞ്ഞു…..

അവളുടെ മുഖത്തെ അടുത്ത് കണ്ടുകൊണ്ട് താലത്തിലിരുന്ന ചെറിയ തളിക അവൻ കൈയ്യിലെടുത്തു… മാനത്ത് ഉദിച്ചു നിന്ന പൂർണ ചന്ദ്രനെ സാക്ഷിയാക്കി തളികയിലെ തീർത്ഥം രാവണവളുടെ അധരങ്ങളോട് ചേർത്തതും അവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് അവളത് ഉള്ളിലാക്കാൻ തുടങ്ങി…..

തീർത്ഥം കുടിച്ചു കൊണ്ട് വ്രതം അവസാനിപ്പിച്ചതും ത്രേയ രാവണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു നിന്നു… ശേഷം അവന്റെ കൈയ്യിൽ നിന്നും താലം വാങ്ങി അവള് മുന്നിലുള്ള ടേബിളിലേക്ക് വച്ചു….

ഇപ്പോ വ്രതം അവസാനിച്ചില്ലേ… ഇനി പ്രോബ്ലം ഇല്ലല്ലോ…

താലം താഴേക്ക് താഴ്ത്തി വച്ച് നിന്ന ത്രേയയുടെ കൈയ്യിലേക്ക് മുറുകെ പിടിച്ചു കൊണ്ട് രാവണവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തു… ത്രേയയുടെ കരം അവന്റെ ഇടനെഞ്ചിലേക്ക് ചേർന്നു… നാണത്തോടെ അവളൊന്ന് പുഞ്ചിരിച്ചു കൊണ്ട് രാവണിലേക്ക് നോട്ടം കൊടുത്തു നിന്നു…

ത്രേയാ…ഞാനൊരു കാര്യം ചോദിച്ചോട്ടെ…!!!

ചോദിച്ചോ….. അതിനെന്തിനാ ഇത്ര മുഖവുരയൊക്കെ..!!!

അന്ന്…!! അന്ന് നമ്മള് പൂവള്ളി മനയില് പോയില്ലേ…

ന്മ്മ്മ്….

ആദ്യമൊക്കെ ഞാൻ ഓക്കെ ആയിരുന്നു…!! പക്ഷേ നിന്റെ മൂക്കിലണിഞ്ഞിരുന്ന ആ വൈരക്കൽ മൂക്കുത്തിയിലേക്ക് ദൃഷ്ടി പതിഞ്ഞതും എന്നിലേക്ക് മറ്റേതോ ഒരു അദൃശ്യ ശക്തി ആവാഹിയ്ക്കും പോലെ തോന്നി…. പക്ഷേ ആ രാത്രിയ്ക്ക് ശേഷം പിന്നെ ഇതുവരെ എനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുമില്ല…. ഒരു കാര്യം മാത്രം ഓർമ്മയുണ്ട്…. അന്ന് ഞാൻ നിന്നെ വിളിച്ചത് ത്രേയ എന്നല്ല…ഇന്ദ്ര എന്നായിരുന്നു….

ശരിയ്ക്കും… ശരിയ്ക്കും ഞാനെന്തിനാ ത്രേയ നിന്നെ അങ്ങനെ വിളിച്ചത്…!!!

രാവണിന്റെ ആ ചോദ്യം കേട്ട് ത്രേയ കിലുങ്ങി ചിരിച്ചു….

നീ എന്നെ എന്തിനാ അങ്ങനെ വിളിച്ചതെന്ന് എന്നോടാ ചോദിക്കണേ..!! നിനക്കറിയാത്ത കാര്യം ഞാനെങ്ങനെ അറിയാനാ രാവൺ….!

ത്രേയ ചിരിയ്ക്കുന്നത് കണ്ടിട്ടും രാവണിന്റെ മുഖം തെളിഞ്ഞില്ല….

ത്രേയാ… ആ സമയം ശരിയ്ക്കും ഞാൻ രാവണും നീ ത്രേയയും ആയിരുന്നില്ല… പൂവള്ളി മനയിലെ വിഷ്ണു ഗുപ്തനും ഇന്ദ്രാവതിയും ആയിരുന്നു…

രാവണിന്റെ വാക്കുകൾ കേട്ട് ത്രേയ പുരികം ചുളിച്ചു കൊണ്ട് അവനിലേക്ക് നോട്ടം കൊടുത്തു…

അതെ…ത്രേയ… നമ്മള് തമ്മിലുള്ള പ്രണയംത്തിന് ജന്മാന്തരങ്ങളുടെ ആയുസ്സുണ്ട്….. വൈദിയങ്കിളും അച്ഛനും ആ രാജാറാമും പറഞ്ഞത് ഞാൻ കേട്ടതാണ്… അന്നത്തെ ആ രാത്രി നമ്മള് പരസ്പരം ആ ജന്മാന്തര ബന്ധത്തെ തിരിച്ചറിഞ്ഞതാണ്… പക്ഷേ ഇരുവരിലും അതിന്റെ ഓർമ്മകളൊന്നും ശേഷിക്കുന്നില്ലാന്ന് മാത്രം….. അത് വീണ്ടെടുക്കാൻ എന്ത് ചെയ്യണം എന്നെനിക്കറിയില്ല… ഒരു തവണ കൂടി പൂവള്ളി മനയിൽ എത്തിയാൽ ഒരുപക്ഷേ ആ ഓർമ്മകളെ വീണ്ടെടുക്കാൻ നമ്മൾക്ക് കഴിഞ്ഞേക്കും….

അത്…അതെങ്ങനെയാ രാവൺ…

വരാൻ പോകുന്ന പൗർണമിയ്ക്ക് മുമ്പ് അതുണ്ടാവണം… ഇവിടെ നിന്നും ആരും അറിയാതെ മനയിലേക്ക് പോകുന്നത് റിസ്കാണ്…. എങ്കിലും നമുക്ക് അവിടേക്ക് പോണം ത്രേയ.. എനിക്ക് ആ ജന്മാന്തര ബന്ധത്തിന്റെ ആഴമറിയണം…!!!

രാവൺ…അന്ന് ഞാൻ ആ വൈരക്കൽ മൂക്കുത്തി അണിഞ്ഞപ്പോഴല്ലേ നിന്നിലേക്കും എന്നിലേക്കും പഴയ ഓർമ്മകൾ കടന്നു വന്നത്… ആ മൂക്കുത്തി ഇപ്പോഴും എന്റെ കൈയ്യിലുണ്ട്… ഞാനത് ഒരു തവണ കൂടി അണിഞ്ഞു നോക്കട്ടേ…. ചിലപ്പോൾ നമുക്ക് പഴയതെല്ലാം ഓർത്തെടുക്കാൻ കഴിഞ്ഞാലോ….!!!

ത്രേയ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം ആകാംക്ഷയോടെ വിടർന്നു….

എവിടെ… എവിടെ അത്…??

രാവണത് ചോദിച്ചതും ത്രേയ രാവണിൽ നിന്നും അടർന്നു മാറി ടേബിളിൽ വച്ചിരുന്ന ഒരു ചെറിയ ബോക്സ് കൈയ്യിലെടുത്തു…

ദേ ഈ ബോക്സിലുണ്ട് ആ വൈരക്കൽ മൂക്കുത്തി…. അന്ന് ചെറിയൊരു കൗതുകം തോന്നി….. ആ രാത്രിയുടെ ഓർമ്മയ്ക്ക് വേണ്ടി കൈയ്യിൽ കരുതിയതാ…

ത്രേയ ബോക്സ് തുറന്ന് ആ വൈരക്കൽ മൂക്കുത്തി കൈയ്യിലെടുത്ത് മൂക്കിൻ തുമ്പിലേക്ക് വളച്ചിട്ടു….

തിളക്കമാർന്ന വൈരക്കൽ മൂക്കുത്തി അവളോട് ചേർന്നതും അന്നത്തെ രാത്രിയിലെപ്പോലെ തന്നെ ചില മാറ്റങ്ങൾ രാവണിൽ അനുഭവപ്പെട്ടു…

അതിന്റെ പ്രതിഫലനം എന്നോണം പ്രകൃതി പോലും പ്രതികരിച്ചു തുടങ്ങി…. ഇലകളെ തഴുകിയുണർത്തി പോയ കാറ്റ് ചടുല താളത്തോടെ ആഞ്ഞു വീശാൻ തുടങ്ങി… നിറഞ്ഞ പ്രഭയോടെ തെളിഞ്ഞു നിന്ന പൂർണ ചന്ദ്രൻ മേഘക്കെട്ടുകളിലേക്ക് മറഞ്ഞു…. ഇളംതെന്നൽ പരന്നിരുന്ന അന്തരീക്ഷം ഞൊടിയിടയിൽ തന്നെ ഭീതി ജനകമായി…

ത്രേയയും രാവണും ഒരുപോലെ പൂർവ്വകാല ചിന്തകളിലേക്ക് സഞ്ചരിക്കുകയായിരുന്നു. ഇനി ഒരിക്കലും മറവി വന്നു മൂടാത്ത വിധം പഴയ കാല ഓർമ്മകൾ രണ്ട് മനസ്സുകളിലും സ്ഥിരത കൈവരിച്ചു…. ഗുപ്തന്റെയും ഇന്ദ്രയുടേയും ജനനം മുതലുള്ള ജീവിത കഥകൾ ഒരു നിമിഷം ഇരുവരുടെയും മനസ്സുകളിലൂടെ മിന്നിമറിഞ്ഞു…..

അമൂല്യങ്ങളായ ആ ഓർമ്മകളുടെ തേരിലേറി ഇരു മനസ്സുകളും കുറേ ദൂരം സഞ്ചരിച്ചു…. ___________

ഈ സമയം ആനന്ദ മഠത്തിൽ ധ്യാനത്തിലിരിക്ക്യായിരുന്നു രാജാറാം… മുന്നിൽ തെളിഞ്ഞു കത്തിയ നിലവിളക്കിനെ കെടുത്തി കൊണ്ട് ഒരു കോടക്കാറ്റ് വീശിയടിച്ചതും രാജാറാം ഞെട്ടലോടെ കണ്ണുകൾ തുറന്നു….

ഇതെന്താ ഇങ്ങനെ…!!!

അയാളുടെ മുഖത്ത് ഒരു തരം പരിഭ്രമം നിഴലിച്ചു… വീണ്ടും കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് അയാൾ മനസ്സാൽ ധ്യാനിക്കാൻ തയ്യാറെടുത്തതും പൂവള്ളി മനയുടെ ചിത്രം അയാളുടെ മനസ്സിനെ വേട്ടയാടി… എന്തൊക്കെയോ വിവരങ്ങൾ ആ ചിത്രത്തിൽ നിന്നും അയാൾക്ക് വ്യക്തമായതും അയാൾ വീണ്ടും കണ്ണുകൾ വലിച്ചു തുറന്നു….

ഇന്ദ്ര…ഇന്ദ്രയും ഗുപ്തനും പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞു… മറവി വന്ന് മൂടാത്ത വിധം അവരിൽ പൂർവ്വകാല ജീവിതം അനാവൃതമായി കഴിഞ്ഞു… അപകടമാണ് വൈദീ…. അപകട സൂചനകളാണ് എനിക്ക് നല്കുന്നത്….

രാജാറാം സ്വയം മന്ത്രിച്ചു കൊണ്ടേയിരുന്നു…. ഒടുവിൽ ഒരു കടുത്ത നിലപാട് മനസ്സിലുറപ്പിച്ചു കൊണ്ട് അയാൾ വൈദിയ്ക്ക് കോൾ ചെയ്തു….മൂന്ന് നാല് തവണ റിംഗ് കേട്ടതും വൈദി കോൾ അറ്റൻഡ് ചെയ്തു…

ഹലോ..വൈദീ താൻ എവിടെയാ..!!!

രാജാറാം ജീ… ഞാൻ.. ഞാനിപ്പോ ഹോസ്പിറ്റലിലാണ്… വേദ്യമോൾക്ക് നല്ല സുഖമില്ല…

തനിക്കൊപ്പം രാവണുണ്ടോ…

ഇല്ല രാജാറാം ജീ…!! രാവൺ തറവാട്ടിലാണ്…!!!

രാവൺ തറവാട്ടിലാണോ..?? അതോ മനയിലാണോ…??

രാജാറാമിന്റെ ചോദ്യം കേട്ട് വൈദി ഒന്ന് സംശയിച്ചു..

തറവാട്ടിലാണ് രാജാറാം ജീ…

അത് കൃത്യമാണോ എന്ന് താനൊന്ന് അന്വേഷിക്ക്…

അത്രയും മാത്രം പറഞ്ഞ് രാജാറാം കോൾ കട്ട് ചെയ്തു…

ഹലോ… രാജാറാം ജീ.. ഹലോ…!!

വൈദി രണ്ടു മൂന്ന് തവണ വിളിച്ചു നോക്കിയെങ്കിലും കോൾ കട്ടായിരുന്നു… വൈദി തിടുക്കപ്പെട്ട് വൈദേഹിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച് ഉറപ്പ് വരുത്തി വീണ്ടും രാജാറാമിന് കോൾ ചെയ്തു…

ജീ.. ഞാനിപ്പോ തറവാട്ടിലേക്ക് വിളിച്ചന്വേഷിച്ചു… രാവൺ തറവാട്ടിൽ തന്നെയുണ്ട്… എവിടേക്കും പോയിട്ടില്ല…!!

പിന്നെ എങ്ങനെയാ വൈദി ഇന്ദ്രയും ഗുപ്തനും അവരുടെ പൂർവ്വകാലത്തെ ഈ ജന്മത്തിൽ ഓർത്തെടുത്തത്…??

ജീ….ജീ എന്തൊക്കെയാ ഈ പറയുന്നത്…??

ഞാൻ പറഞ്ഞത് സത്യമാണ് വൈദി… രാവൺ ഇന്ദ്രയെ കണ്ടെത്തി കഴിഞ്ഞു… അത് ത്രേയയാണോ അതോ തന്റെ മകൾ വേദ്യയാണോ എന്ന് മാത്രം അറിഞ്ഞാൽ മതി… ഇരുവരും അവരുടെ പഴയ കാല കഥകൾ മനസ്സിൽ ഓർത്തെടുത്ത് കഴിഞ്ഞു…

വരാൻ പോകുന്ന പൗർണമിയ്ക്ക് മുമ്പ് അവർ പരസ്പരം തിരിച്ചറിഞ്ഞാൽ ഇനി ഒരിക്കലും അവരുടെ മനസ്സിൽ പൂർവ്വകാല ജീവിതം മറവിയിൽ മൂടില്ലാന്ന് ഞാൻ തന്നോട് പറഞ്ഞിരുന്നില്ലേ… അത് സംഭവിച്ചു കഴിഞ്ഞു… പക്ഷേ എനിക്ക് ഇപ്പോഴും സംശയം ഒറ്റ കാര്യത്തിൽ മാത്രമാണ്… പൂവള്ളി മനയിൽ പ്രവേശിക്കാതെ ഇതൊക്കെ എങ്ങനെ സാധിച്ചു… അത് അസാദ്ധ്യമാണ്…. നിങ്ങളുടെ തറവാട്ടിലും മനയിലുമായി എന്തൊക്കെയോ അരുതാത്തത് നടക്കുന്നുണ്ട് വൈദീ…. അത് കണ്ടെത്തേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് മാത്രമാണ്… കാരണം ഇന്ദ്രയും ഗുപ്തനും പകയോടെ കാണുന്ന ആ പഴയ കാരണവർ…അത് താനാണ്… ഗുപ്തൻ ഇന്ദ്രയെ തിരിച്ചറിഞ്ഞാൽ ഉറപ്പായും ആ പക അവരിരുവരും വീട്ടിയിരിക്കും വൈദീ.. അതുകൊണ്ട് താനൊന്ന് കരുതിയിരിക്കുന്നത് നല്ലതാ…

രാജാറാം ഒരു മുൻകരുതൽ നല്കി കോള് കട്ട് ചെയ്തതും വൈദിയ്ക്ക് ആകെയൊരു അങ്കലാപ്പായി… അപ്പോഴാണ് വേദ്യയെ പരിശോധിച്ച ശേഷം ഡോക്ടർ ക്യാബിനിലേക്ക് വന്നത്…. ഡോക്ടറെ കണ്ടതും വൈദിയും ബാക്കി മൂവരും ഒരുപോലെ ആകാംക്ഷയോടെ ഡോക്ടറുടെ വാക്കുകൾക്ക് കാതോർത്തിരുന്നു…. _____________

ത്രേയാ….!!! ഇത്രയും… ഇത്രയും നാളുകൾ നമ്മളിതൊക്കെ എന്താ തിരിച്ചറിയാതെ പോയത്… നീ..നീ എന്റെ ഇന്ദ്ര ആയിരുന്നിട്ടും ഒന്നും മനസ്സിലാക്കാൻ ശ്രമിക്കാതെ ഞാൻ നിന്നെ എത്രമാത്രം വിഷമിപ്പിച്ചു… കഴിഞ്ഞ ജന്മത്തിൽ സഫലമാകാതെ പോയ നമ്മുടെ പ്രണയം ഈ ജന്മത്തിൽ പൂർണത നേടണം എന്നത് ഒരുപക്ഷേ ദൈവത്തിന്റെ വിധിയാവാം… അല്ലെങ്കിൽ നീ എന്റെ മനസ്സിൽ ഇത്രമേൽ ആഴത്തിൽ പതിയില്ലായിരുന്നല്ലോ…

എല്ലാം മനസിലാക്കിയ രാവൺ ത്രേയയുടെ മുഖം കൈക്കുമ്പിളിലെടുത്തു… പഴയ ഓർമ്മകളിലെ നല്ല നിമിഷങ്ങളെ ഉള്ളുകൊണ്ട് താലോലിച്ച് നിറകണ്ണുകളോടെ അവളവന്റെ നെഞ്ചോരം ചാഞ്ഞു….

രാവൺ…. നീ…നീ ആയിരുന്നൂല്ലേ എന്റെ ഗുപ്തൻ…!!! എനിക്ക് വേണ്ടി ജീവൻ വെടിഞ്ഞ എന്റെ പ്രാണനും പ്രണയവും നീ തന്നെ ആയിരുന്നോ…!!!

ത്രേയയുടെ ശബ്ദം ഇടർച്ചയോടെ മുറിഞ്ഞു… ഇരുവരും അവരുടേതായ സുന്ദര നിമിഷങ്ങളെ ഓർത്തെടുത്തു കൊണ്ട് പരസ്പരം ഗാഢമായി പുണർന്നു നിന്നു…. അപ്പോഴാണ് പെട്ടെന്ന് രാവണിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ റിംഗ് ചെയ്തത്…. റിംഗ് ടോൺ ഉയർന്നു കേട്ടതും ഒരുൾപ്രേരണയോടെ ഇരുവരും അടർന്നു മാറി…

സ്ഥലകാല ബോധം വീണ്ടെടുത്ത പോലെ ഇരുവരും മുഖത്തോട് മുഖം നോക്കിയ ശേഷം രാവൺ പതിയെ കോൾ അറ്റൻഡ് ചെയ്തു….

ആ..അഗ്നീ…പറയെടാ..

രാവൺ… നീ.. ഇതെവിടെയാ…???

ഞാൻ.. ഞാൻ urgent ആയി ചില കോൾസ് ചെയ്യാനായി…

രാവൺ നീ പെട്ടെന്ന് ഹാളിലേക്ക് വാ.. ഒരു പ്രോബ്ലമുണ്ട്…

അഗ്നി അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തതും രാവണിന്റെ മുഖത്ത് ചെറിയൊരു സംശയം തെളിഞ്ഞു….

എന്താ രാവൺ…?? എന്താ പറ്റിയേ…!!

ത്രേയ അവന്റെ തോളിൽ കൈ ചേർത്തൊന്ന് ഉലച്ചതും രാവൺ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു….

ത്രേയ… താഴെ എന്തോ പ്രോബ്ലമുണ്ട്.. അഗ്നിയാ വിളിച്ചത്… ഞാനവിടേക്ക് ചെന്ന് കഴിഞ്ഞ് നീ അവിടേക്ക് വന്നാൽ മതി….

രാവൺ ത്രേയയ്ക്ക് നിർദ്ദേശവും നല്കി താഴേക്ക് നടക്കാൻ ഭാവിച്ചു…

ആആ…അതെ… എന്റെ പൊന്നു മോള് ഈ മൂക്കുത്തിയങ്ങ് ഊരി വെച്ചേക്കണേ…!! അല്ലെങ്കിൽ താഴെ എത്തുമ്പോ അത് മതി ഇവിടുത്തെ പ്രമാണികള് എല്ലാം മനസിലാക്കാൻ…

രാവൺ ത്രേയയുടെ കവിളിലേക്ക് കൈ ചേർത്തു കൊണ്ട് പുഞ്ചിരിയോടെ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു… _____________

രാവണിന്റെ വരവും കാത്ത് ഹാളിൽ അക്ഷമരായി നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും.. വൈദിയും പ്രഭയും സുഗതും ഹാളിലെ സോഫയിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് എന്തൊക്കെയോ ആലോചനയിലാണ്… സ്ത്രീ ജനങ്ങൾ ചെറിയൊരു പരിഭ്രമത്തോടെ അവരെ തന്നെ നോട്ടമിട്ട് നില്പും….

വൈദിയ്ക്ക് തൊട്ടരികിലായി അല്പം പരിഭ്രമത്തോടെ വിരലുഴിഞ്ഞ് നിന്ന വേദ്യയെ ത്രിമൂർത്തികൾ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു… അപ്പോഴാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്… രാവണിന്റെ വരവ് കണ്ടതും വൈദിയുടേയും പ്രഭയുടേയും നോട്ടം ഒരുപോലെ രാവണിലേക്ക് നീണ്ടു.. സ്റ്റെയർ ഇറങ്ങി താഴെ എത്തിയതും രാവൺ അഗ്നിയോട് കണ്ണ് കാണിച്ച് കാര്യം അന്വേഷിച്ചു.. പക്ഷേ അഗ്നിയ്ക്കും കാര്യം വ്യക്തമായിരുന്നില്ല.. അതുകൊണ്ട് അവൻ ചുണ്ട് മലർത്തി അറിയില്ല എന്ന് കാണിച്ചു… പക്ഷേ എല്ലാവരുടേയും മുഖത്ത് ഒരുതരം ആകാംക്ഷ തന്നെ ആയിരുന്നു…

രാവൺ..നീ ഇവിടേക്ക് വന്നേ.. നിന്നോട് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചോദിക്കാനുണ്ട്…!! (പ്രഭ) ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *