നമ്മടെ ഹോസ്പിറ്റലിൽ ഒരു ചുള്ളൻ ഡോക്ടർ ജോയിൻ ചെയ്തിട്ടുണ്ട് കാണണങ്കിൽ വാ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മീര കുര്യൻ

ദേ അനു… നമ്മടെ ഹോസ്പിറ്റലിൽ ഒരു ചുള്ളൻ ഡോക്ടർ ജോയിൻ ചെയ്തിട്ടുണ്ട് കാണണങ്കിൽ വാ…

നേഴ്സ് അഭിരാമിടെ പറച്ചിൽ കേട്ടാണ് ഫയലുകൾക്കിടയിൽ നിന്ന് മുഖം ഉയർത്തിയത്. പുറത്തേയ്ക്ക് ഇറങ്ങിയതും പുതിയ ഡോക്ടറെ കാണാൻ വേണ്ടി സകലമാന പിട കോഴികളും ഓടുന്ന കണ്ടു. ഇവരൊക്കെ ഇങ്ങനെ ഓടണമെങ്കിൽ വന്നത് ഒന്ന് ഒന്നരെ മുതലായിരിക്കും.

എന്തായാലും ഒന്ന് കണ്ടു കളയാന്ന് വച്ച് നേരേ ആന്റിയമ്മടെ ക്യാബിനിലേക്ക് വിട്ടു. ആന്റിയമ്മ ആരാ എന്നല്ല. ഈ ഹോസ്പിറ്റലിലെ എംഡി എന്റെ അമ്മടെ അനിയത്തി. Dr. രേവതി നമ്പ്യാർ. പൊക്കി പറയുവല്ല. നല്ല കൈപുണ്യം ഉള്ള ഈ ഹോസ്പിറ്റലിലെ ഏറ്റവും തിരക്കുള്ള കാർഡിയോളജി സ്പെഷ്യലിസ്റ്റ്.

പുറത്ത് നിന്ന് എത്തി വലിഞ്ഞ് നോക്കിയതും ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും ഇട്ട് നല്ല ഫോർമൽ ലുക്കിൽ പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു ചെറുപ്പകാരൻ. കുറച്ച് നേരം തട്ടി കളിച്ച് നിന്നിട്ടും രക്ഷ ഇല്ലാന്ന് കണ്ടോട്ട് അങ്ങ് ഇടിച്ചു കയറി ചെന്നു.

അകത്ത് എത്തി ആളുടെ മുഖത്തേയ്ക്ക് നോക്കിയതും ഇതു വരെ എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കോഴി കുഞ്ഞുങ്ങൾ കൂകി വിളിക്കാൻ തുടങ്ങി. ട്രിം ചെയ്ത് വെട്ടി ഒതുക്കിയിരിക്കുന്ന താടി, ചെമ്പൻ മുടിയിഴകൾ ഒന്ന് രണ്ടെണ്ണം നെറ്റിയിലേക്ക് പാറി വീണ് കിടക്കുന്നു. കഴുത്തിൽ നേർത്ത ഒരു സ്വർണ്ണ ചെയിൻ, കൈയ്യിൽ അപ്പിളിന്റെ ഒരു വാച്ച്.

എന്റെ കിളി പോയ നിൽപ്പ് കണ്ടിട്ടാവണം. ബാക്കി സ്‌കാനിങ്നെ ടൈം നൽകാതെ ആന്റിയമ്മ ഇടയ്ക്ക് കയറി.

അനു… ഇത് ഡോക്ടർ ഗൗതം. ഗൈനക്കോളജിസ്റ്റ്. നമ്മുടെ പുതിയ അപ്പോയിന്റ്മെന്റ്.

ഗൗതം ഇത് അനുപമ എന്റെ ക്‌നീസ് ആണ്. ഇവിടുത്തെ HR ഡിപ്പാർട്ട്മെന്റിൽ വർക് ചെയ്യുന്നു.

എന്തായാലും മുഖത്തോട് മുഖം നോക്കി പുഞ്ചിരിക്കാൻ ഒരു ചാൻസ് കിട്ടിയതല്ലേ മിസ്സ് ആക്കാൻ പാടില്ലല്ലോന്ന് വിചാരിച്ച് മൂപ്പത്തി രണ്ട് പല്ലും കാണിച്ച് നല്ല കിണ്ണം കാചിയ ചിരി അങ്ങ് സമ്മാനിച്ചു.

പക്ഷേ പണി പാളി അങ്ങേര് എന്റെ മുഖത്ത് പോലും നോക്കിയില്ല. ജാഡ തെണ്ടി. കൂടാതെ നമ്മളെ ഒരു പുച്ഛവും ഇല്ലേന്ന് ഒരു സംശയം. ഇങ്ങർക്ക് ഇത്ര പുച്ഛിക്കേണ്ടേ കാര്യം എന്താ .. ങും… പണ്ട് എനിക്കും കിട്ടിയതാ മെഡിസിന് സീറ്റ് പക്ഷേ പണ്ട് മുതലേ സൂചി ഫോബിയ (സൂചി പേടി ) ഉള്ളതു കൊണ്ട് എൻട്രൻസിന്റെ സീറ്റും കളഞ്ഞ് ഡിഗ്രീക്ക് പോയി. പറഞ്ഞിട്ട് കാര്യമില്ല നമ്മക്ക് യോഗമില്ല. പണ്ട് എവിടെയൊ കേട്ടിട്ടുണ്ട് ഈ ഡോക്ടർമാർ ഡോക്ടറെ തന്നെ നോക്കു ഉള്ളന്ന്. എന്റെ ഭഗവാനെ ഇഷ്ടം പോലെ ഡോക്ടർ പെൺപിള്ളാരുള്ളതാ ഇവിടെ. നമ്മക്ക് ഒരു മുൻഗണന തന്നേക്കേണ.

എന്തായാലും നാളെ മുതൽ മിഷൻ ഗൗതം പാർട്ട് 1 ആരംഭിക്കാൻ മനസ്സിൽ പല പ്ലാനുകളും കണക്ക് കൂട്ടി. പ്ലാനിങ്ങിന്റെ ഭാഗമായിട്ട് രാവിലെ എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി ഒരു സാരി ഒക്കെ ഉടുത്തു സ്ലോ മോഷനിൽ ഇറങ്ങി ചെന്നതും കണ്ണും രണ്ടും തള്ളി ആന്റിയമ്മ നിൽക്കുന്നു. അടുത്ത് ചെന്ന് തട്ടി വിളിച്ചിട്ടും അനക്കം ഒന്നുമില്ല. ആന്റിയമ്മേ…. ഇത്തിരി ഉറക്ക വിളിച്ചതും സ്വപ്നത്തിൽ എന്ന പോലെ ആള് ഞെട്ടുന്നതു കണ്ടു.

അല്ല എങ്ങനെ ഞെട്ടാതിരിക്കും രാവിലെ തലവഴി വെള്ളം ഒഴിക്കാതെ എഴുന്നേൽക്കാത്ത ഞാൻ കുളിച്ച് ഒരുങ്ങി. അതും സാരിയിൽ. അടുത്ത് വന്ന് എന്റെ മുഖത്തും തലയിലും ഒക്കെ തലോടുന്ന കണ്ടു.

എന്താ ആന്റിയമ്മേ കണ്ണ് ഒക്കെ നിറഞ്ഞിരിക്കുന്ന. എന്താ…. എന്ത് പറ്റി.

എത്ര നാളുകൾക്ക് ശേഷമാ എന്റെ മോളെ ഒരുങ്ങി കാണുന്ന സന്തോഷം കൊണ്ടാ ആന്റിയമ്മടെ കണ്ണ് നിറഞ്ഞത്.

എന്റെ പത്താം പിറന്നാളിന്റെ അന്ന് രാവിലെ വീട്ടിൽ കേക്ക് മുറിയും ആഘോഷവും ഒക്കെ കഴിഞ്ഞ് നേരേ ഗുരുവായൂർക്ക് തിരിച്ചതാ. അവിടെ എത്തുന്നതിനു തൊട്ടു മുൻപ് ഒരു ആക്സിഡന്റ്. എന്നെ മാത്രം തനിച്ചാക്കി വിധി അവരെ കൊണ്ടുപോകുമ്പോൾ. മനസ്സിൽ ഒരു തരം മരവിപ്പായിരുന്നു. പിന്നീട് എന്നെ എറ്റ് എടുത്ത് വളർത്തിയത് ആന്റിയമ്മയാ. ആന്റി എന്ന വിളിടെ ഒപ്പം അമ്മടെ വാത്സല്യവും കൂടി പകർന്ന് നൽകാൻ തുടങ്ങിയപ്പോൾ ആന്റിയമ്മയായി. കുട്ടികളില്ലാത്ത ആന്റിയമ്മയ്ക്ക് ഞാൻ മകളായി.

അന്നത്തെ സംഭവത്തിന് ശേഷം ഒരിക്കൽ പോലും ഞാൻ എന്റെ പിറന്നാൾ ആഘോഷിച്ചിട്ടില്ല. ഒരു ബർത്ത്ഡേ പാർട്ടിക്ക് പോകാറും ഇല്ല. കുളിച്ച് ഒരുങ്ങി അച്ഛന്റെയും അമ്മടെയും ഒപ്പം ഇറങ്ങിയ ആ പത്ത് വയസ്സ്കാരി ഇന്നും ഓർമ്മയിലുണ്ട്. അതു കൊണ്ട് തന്നെ ഒരുങ്ങാറില്ല. മുഖത്ത് ഒരു പൊട്ടു പോലും തൊടാറും ഇല്ല. കണ്ണിൽ നിന്ന് ഉതിർന്ന് വീണ കണ്ണീരിനെ വാശിയോടെ തന്നെ തട്ടികളഞ്ഞു. അല്ലെങ്കിലും ചിരിച്ച് കളിച്ച് നടക്കുന്ന എത്രയോ മുഖങ്ങളിൽ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ വലിയ ഒരു സങ്കട തിര ആലയടിക്കുന്നത് കാണാം.

ഇനി നിന്നാൽ സീൻ സെന്റിയാവും എന്ന് അറിയാവുന്നതു കൊണ്ട്, ഞാൻ തന്നെ വിഷയം മാറ്റി. ഹോസ്പിറ്റലിൽ എത്തിയതും നേരേ ഡോക്ടറുടെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു. അതിൻറെ ഫ്രണ്ടിൽ കൂടെ 10 -15 റൗണ്ട് നടന്നിട്ടും ഡോക്ടർക്ക് ഒരു കുലുക്കവും ഇല്ല. ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു കൊണ്ടിരുന്നു. എന്റെ സാരി പരീക്ഷണവും മേക്കപ്പ് പരീക്ഷണവും ആസ്ഥാനത്തെ ഫ്ലോപ്പ് ആയിരുന്നെങ്കിലും. ഒരു കാര്യത്തിൽ ആശ്വാസം ഉണ്ടായിരുന്നു വേറെ ഒന്നുമല്ല ഡോക്ടറുടെ കട്ട കലിപ്പ് തന്നെ. ആ കലിപ്പിനു മുൻപിൽ ഹോസ്പിറ്റലിലെ തരുണീമണികൾ എല്ലാം തങ്ങളുടെ കൂകി വിളിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ച് നല്ല കുട്ടികൾ ആയി.

ഒരു ദിവസം പതിവുപോലെ ഡോക്ടറുടെ ക്യാബിന്റെ ഫ്രണ്ടിലേക്ക് കണ്ണുനട്ടിരുന്നു സമയത്താണ് പുറത്തൊരു കരസ്പർശം അറിഞ്ഞത്.ഇതിപ്പോ ആരാ എന്ന് ഓർത്ത് തിരിഞ്ഞു നോക്കിയതും ദാ ഇളിച്ചോണ്ട് നിൽക്കുന്നു അഭിരാമി.

എന്താടീ പിശാചേ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ.

ഇപ്പോ എത്ര ദിവസമായി അനു ഈ ഫാഷൻ പരേഡ് നടത്താൻ തുടങ്ങിയിട്ട്. ഈ ഹോസ്പിറ്റലിലെ സകലമാന പെൺപിള്ളാരും വിചാരിച്ചിട്ട് നടക്കാത്ത കാര്യമാ. മോളെ അനു ….അത് വളയുന്ന ടൈപ്പല്ല. നീ ആ മോഹം അങ്ങ് എട്ടായി മടക്കി പോക്കറ്റിൽ വെച്ചേക്ക് .

മോളെ …. അഭിരാമി…. ഇത് അനുപമയാ. ഓം ശാന്തി ഓശാനയിലെ നസ്രിയയാണ് നമ്മുടെ റോൾ മോഡൽ. അതുകൊണ്ട് അങ്ങേരെ ഞാൻ വളക്കുകയും ചെയ്യും. ഞങ്ങൾക്ക് ഉണ്ടാകുന്ന ആദ്യത്തെ കുഞ്ഞിന് അങ്ങർക്ക് ഒരു പൂർവ്വ കാമുകി ഉണ്ടെങ്കിൽ അവളുടെ പേരിടുകയും ചെയ്യും.

അഭിരാമിയോട് ബെറ്റ് വെച്ചു ഇറങ്ങിയെങ്കിലും ഇനിമുതൽ ഏത് അടവ് പ്രയോഗിക്കും എന്ന ഗാഢമായി ചിന്തയിലായിരുന്നു ഞാൻ. ആദ്യത്തെ ഐഡിയ ചീറ്റിയ നിലക്ക് കളി മാറ്റി കളിക്കാൻ തീരുമാനിച്ചു.

പിറ്റേദിവസം എല്ലാം ഗർഭിണികളുടെയും ഊഴവും കഴിഞ്ഞ് ഏറ്റവും അവസാനം ഞാനും വയറുവേദനയാന്ന് പറഞ്ഞ് ചെന്നു. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ വളരെ സൂക്ഷ്മതയോടെ എന്നെ നോക്കുന്ന ഡോക്ടറെ കണ്ടു. പിന്നെ ഇത് സ്ഥിരം ഏർപ്പാടായപ്പം പുള്ളിക്ക് കാര്യം മനസ്സിലായി. ആളുടെ ടെറർ സ്വഭാവം പാവം എന്റെ അടുത്ത് ഇറക്കാനും തുടങ്ങി. അതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്തു.

ഒരു ദിവസം വൈകിട്ട് ഹോസ്പിറ്റലിൽ നിന്ന് എത്തിയ ആന്റിയമ്മ എന്റെ നേരേ ഒരു വൈറ്റ് എൻവലപ്പ് നീട്ടി.

ഇതെന്താ സംഭവം ലൗലെറ്റർ ആണോ. വയസ്സാൻകാലത്ത് ആന്റി അമ്മയ്ക്ക് ആരാ ലൗ ലെറ്റർ എഴുതിയത്.

ലൗ ലെറ്റർ … ദേ പെണ്ണേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. ഇത് ഡോക്ടർ ഗൗതം നിനക്കെതിരെ എഴുതി തന്നിരിക്കുന്ന ഒഫീഷ്യൽ പരാതിയാണ്. സത്യം പറ അനു… ആ ഡോക്ടർ പരാതി നൽകിയെങ്കിൽ നീ കാര്യമായിട്ട് എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ട് ഉണ്ടായിരിക്കും.

രാവിലത്തെ സംഭവം ഒരു സിനിമ പോലെ മനസ്സിലേക്ക് ഓടി വന്നു. ഡോക്ടറുടെ അടുത്ത് വയറു വേദന എന്ന് കള്ളം പറഞ്ഞ് പോയത് മാത്രമേ ഓർമ്മ ഉള്ളൂ. ആള് ഇന്ന് പതിവിലും കലിപ്പിലായിരുന്നു.

നിന്റെ വയറുവേദനയ്ക്കുള്ള ചികിഝ എന്റെയടുത്തില്ല അതിന് ഏറ്റവും ബെസ്റ്റ് സ്ഥലം ഊളമ്പാറയൊ കുതിരവട്ടമോ ആയിരിക്കും.

സാധാരണ ഒരാളെ എന്നെ ചൊറിഞ്ഞാൽ അവരെ മാന്തി വിടുന്ന സ്വഭാവമാ എനിക്ക്. പക്ഷേ ഡോക്ടറോട് ഞാൻ ക്ഷമിക്കും. ഒന്നുമില്ലങ്കിലും നാളെ കല്യാണം ഒക്കെ കഴിഞ്ഞ് ഒരു കുടുബ ജീവിതം ഒക്കെ ആകുമ്പോൾ ഞാൻ ക്ഷമിച്ചു തരണ്ടേ. പിന്നെ ഇപ്പോഴേ ഒരു പ്രാക്ടീസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു.

എന്റെ ആ പറച്ചിലിന് ഇതുവരെ കേൾക്കാത്ത ന്യൂജൻ പദപ്രയോഗങ്ങൾ ഉപയോഗിച്ചുള്ള ഉള്ള തൃശ്ശൂർപൂരം ആയിരുന്നു പിന്നീട്.

ഏതായാലും അത്രയൊക്കെ കേട്ടതല്ലേ അങ്ങനെ തോറ്റു പിന്മാറാൻ പാടില്ലല്ലോ. അതുകൊണ്ട് ഡോക്ടർക്ക് എന്റെ വക ചെറിയൊരു ഉപദേശം കൊടുത്തു. ഒപ്പം ചെറിയ വെല്ലുവിളിയും നടത്തി. അത്രയേ ഉള്ളൂ. അയ്യേ അതിന് അങ്ങേർക്ക് നാണമില്ലേ കുഞ്ഞി പിള്ളാരു പരാതി പറയുന്ന പോലെ പിച്ചി മാന്തിന്ന് ഒക്കെ പറഞ്ഞ് പരാതി നൽകാൻ.

അല്ല നീ ഈ ചെറിയ ഉപദേശം ചെറിയ വെല്ലുവിളി എന്ന് പറഞ്ഞല്ലോ. അത് എന്താന്ന് ചോദിച്ചത്.

ആന്റിയമ്മടെ ചോദ്യത്തിന് തടിതപ്പാൻ തുടങ്ങിയങ്കിലും, ആള് എന്നെ വിടുന്ന ലക്ഷണമില്ല. അത് പിന്നെ ഈ ഗൈനക്കോളജിസ്റ്റ് എന്ന് പറയുന്ന അത്ര വലിയ സംഭവം ഒന്നുമല്ല. ശരിക്കും പണ്ടത്തെ വയറ്റാട്ടിമാർ ചെയ്യുന്ന പണി തന്നെയല്ലേ. അധികം അഹങ്കരിക്കണ്ടന്ന് പറഞ്ഞു. അതാണ് ഉപദേശം കൊടുത്തത്. പിന്നെ വെല്ലുവിളി , അങ്ങരെ തന്നെ കെട്ടി മിനിമം അഞ്ച് പിള്ളാരുടെ അമ്മയുമായി. ആ അഞ്ച് പ്രസവും അങ്ങരെ കൊണ്ട് തന്നെ എടുപ്പിക്കുന്നും പറഞ്ഞു.

ഒരുപാട് നാളുകൾക്ക് ശേഷമാ നിന്നെ ഇത്രയും സന്തോഷത്തിൽ കാണുന്നേ. കല്യാണ കാര്യം പറയുമ്പോൾ ഒക്കെ ഒരോന്ന് പറഞ്ഞ് നീ ഒഴിഞ്ഞു മാറിയിട്ടെ ഉള്ളൂ. ഡോക്ടറുമാരെ പണ്ട് മുതലേ നിനക്ക് ഇഷ്ടവുമല്ല. കോളജിൽ പഠിക്കുമ്പോൾ എത്ര ആൺപിള്ളാരെ ഇങ്ങോട്ട് വന്നതാ. അന്ന് ഒന്നും ആരോടും തോന്നാത്ത എന്താ വെറും ഒരു സാധാരണകാരനായ ഗൗതമിനുള്ളത്. ഇനി ഡോക്ടർ തന്നെ വേണമെന്നുണ്ടങ്കിൽ എത്ര പ്രൊപ്പോസൽ നമ്മക്ക് നോക്കാം. ഈ ഹോസ്പിറ്റലിലെ എംഡി എന്ന സ്ഥാനം മാത്രമേ എനിക്ക് ഉള്ളൂ അതിന്റെ യഥാർത്ഥ അവകാശിയായ അനുപമ നമ്പ്യാർക്ക് എത്ര ഡോക്ടറുമാരെ വേണം. അതോ ഇതൊക്കെ നിന്റെ തമാശയും നേരം പോക്കും ആണെങ്കിൽ ഇത് ഇവിടെ നിർത്തണം.

ആന്റിയമ്മയ്ക്ക് ഓർമ്മയുണ്ടോ. അഞ്ചാറു മാസങ്ങൾക്ക് മുമ്പ് പിജി ഫൈനൽ ഇയർ ന്റെ സമയത്ത് ഞാൻ ടൂർ പോയത്. ടൂറിന് ഭാഗമായിട്ട് ഒരു ദിവസം സ്റ്റേ അവിടെയുള്ള ഒരു റൂറൽ ഏരിയയിൽ ആയിരുന്നു. പറയത്തക്ക സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു കാട്ടു പ്രദേശം. കാലാവസ്ഥയുടെ ആവണം അന്ന് രാത്രി ചുട്ടുപൊള്ളുന്ന പനിച്ചൂടിൽ അവിടുത്തെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിക്കുമ്പോൾ മനസ്സിൽ വല്ലാത്ത പേടിയായിരുന്നു.

അവിടെ വെച്ചാണ് ആദ്യമായി ഡോക്ടർ ഗൗതമിനെ കാണുന്നത്. പനി കുറയാനായി ഇഞ്ചക്ഷൻ എടുക്കാൻ സൂചി എടുത്തപ്പോഴെ കണ്ണിലേക്ക് ഇരുട്ടു കയറും പോലെ. സൂചി പേടിയാന്നും ഇഞ്ചക്ഷൻ വേണ്ടാന്ന് പറഞ്ഞ് വാശിപിടിക്കുമ്പോൾ അവിടുത്തെ നേഴ്സ് ദേഷ്യപെടുന്നതും ചുറ്റും നിന്നവർ ചിരിക്കുന്നതും കണ്ടു. കേൾക്കുമ്പോൾ എല്ലാർക്കും തമാശയായി തോന്നുമെങ്കിലും സൂചിയോടുള്ള പേടി അത്രയ്ക്കായിരുന്നു. ചെറുപ്പം മുതൽ ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ വളർന്ന പേടി. അതുകൊണ്ടുതന്നെയാവണം ഹോസ്പിറ്റൽ അന്തരീക്ഷവും ഡോക്ടർമാരരെയും കാണുന്നത് എനിക്ക് ചതുർത്ഥിയാണ്.

ആ പനി ചൂടിൽ ഏറ്റവുമധികം ഞാൻ മിസ്സ് ചെയ്തതും അച്ഛനെയും അമ്മയുമാ. ചെറുപ്പത്തിൽ ചെറിയ ഒരു ജലദോഷം വന്നാൽ പോലും എന്റെ ഇടത്തും വലത്തും ഇരുന്ന് എന്നെ തലോടുന്ന അച്ഛനും അമ്മയും. ഓർത്തപ്പോൾ കണ്ണിൽ നിന്ന് വീണ കണ്ണീർമുത്തുകളെ തുടച്ച് നീക്കിയത് ഡോക്ടറാണ്.

സാരമില്ലെടോ.. ചിലർക്ക് ചിലതിനോടുള്ള പേടി ഒരു എക്സ്ട്രീം ലെവലിൽ കാണും. ഞാൻ പോലുമറിയാതെ എന്നെ ഓരോന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് ഇഞ്ചക്ഷൻ എടുത്ത ഡോക്ടറെ കണ്ടപ്പോൾ ആദ്യം അത്ഭുതമായിരുന്നു.

തല പൊട്ടി പോകുന്ന തലവേദനയിൽ അന്ന് രാത്രി പുളയുമ്പോൾ എന്റെ അടുത്ത് ഇരുന്ന് എന്റെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു ആ പാവം. ഒരുപാട് നാളുകൾക്കു ശേഷം അന്ന് രാത്രി ഞാൻ മനസ്സമാധാനത്തോടെ ഉറങ്ങി. രാവിലെ ഉണരുമ്പോൾ എന്റെ ചുറ്റിനും ബാഗ് പാക്ക് ചെയ്തു ടീച്ചേഴ്സും ഫ്രണ്ട്സും തിരിച്ചു പോകാനായി കാത്തുനിൽപ്പുണ്ടായിരുന്നു. നിർബന്ധിച്ചു വണ്ടിയിലേക്ക് കയറ്റുമ്പോൾ കണ്ണുകൾ കൊണ്ട് പരതിയത് ഡോക്ടറായിരുന്നു. പ്രിയപ്പെട്ടത് എന്തോ ഉപേക്ഷിച്ചു പോകുന്ന പോലെ.

ആന്റിയമ്മ ചോദിച്ചില്ലേ വേറെ ആർക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാ ഡോക്ടർ ഗൗതമിന് ഉള്ളത് എന്ന്. ആയാൾ അടുത്തുള്ളപ്പോൾ എന്റെ അച്ഛനും അമ്മയും അടുത്തുള്ള പോലെ തോന്നുന്നു. അനാഥയായവൾക്ക് ആരൊക്കെയൊ ഉള്ളതുപോലെ. എന്റെ അച്ഛന്റെയും അമ്മയുടെയും ഗന്ധമാ ആ ഡോക്ടർക്ക്. ഈ ലോകത്ത് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന എന്തേ ഒന്ന്.

പിറ്റേന്ന് ഡോക്ടറുടെ അടുത്തേയ്ക്ക് നടക്കുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരു ഭയം വന്ന് പൊതിയുന്നതറിയുന്നുണ്ടായിരുന്നു. എന്തൊക്കെ സംഭവിച്ചാലും മനസ്സിൽ ഉള്ള ഇഷ്ടം തുറന്ന് പറയാൻ തീരുമാനിച്ചു.

അകത്തേയ്ക്ക് കടന്നതും കാറ്റു പോലെ എന്റെടുത്തേയ്ക്ക് പാഞ്ഞ് വന്ന ഡോക്ടറെ കണ്ടതേ ഓർമ്മള്ളൂ. കരണം പുകഞ്ഞ് കട്ടിയ അടിയുടെ ആഘാതത്തിലായിരുന്നു അപ്പോഴും. ഇതുവരെ കണ്ട് പരിചിതമില്ലാത്ത ഭാവത്തിൽ നിൽക്കണ ഡോക്ടറെ കണ്ടപ്പോൾ ഭയം തോന്നി.

എന്നെ വളയ്ക്കാൻ നീ ആ അഭിരാമി സിസ്റ്റർ നോട് ബെറ്റ് വെച്ചോടി. ഡോക്ടറുടെ ചോദ്യത്തിന് നിസ്സഹായയായി തലയാട്ടുമ്പോൾ. ആ കണ്ണുകളിൽ എന്നോട് പുച്ഛം നിറയുന്നത് കണ്ടു.

ഞാൻ…. ഒരു കാര്യം…

നിർത്തടി പുല്ലേ ….ഇനി ഒരു അക്ഷരം നീ മിണ്ടരുത്. നിന്നെ പോലെ തരംതാഴ്ന്ന പെണ്ണിനോട് അറിയാതെ ഒരിഷ്ടം തോന്നി പോയതിൽ എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുവാ. കാശിന് വേണ്ടി നീ ഒക്കെ ഏത് അറ്റം വരെയും പോകും. ഈ ലോകത്ത് എനിക്ക് ഏറ്റവും അറപ്പും വെറുപ്പും നിന്നോടാടീ. സ്നേഹം എന്നത് വെറും ഒരു നേരം പോക്കാന്ന് നീ തെളിയിച്ചു. ഒരിക്കൽ കൂടി എന്നെ തോൽപ്പിച്ചില്ലേ എല്ലാവരും. ഇനി എന്റെ കൺമുന്നിൽ നിന്നെ കാണരുത്.

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുമ്പോൾ കൈ ഗൗതം എന്നെഴുതിയ താലിയിലേക്ക് നീണ്ടു. അന്ന് ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ അകന്ന് പോയത് ഒരു പുകമറ പോലെ ഓർമ്മയെ ഉള്ളൂ. മൂന്നാല് മാസങ്ങൾക്കുശേഷം ബോധത്തിലേക്ക് എത്തുമ്പോൾ ഒന്നും അറിയാതെ ഒരു ഡിപ്രഷൻ സ്റ്റേജിൽ കഴിഞ്ഞു പോയ ദിനങ്ങളിലെ സംഭവങ്ങൾ ആന്റിയമ്മ പറഞ്ഞ് തന്ന കൂട്ടത്തിൽ എന്റെ വിവാഹവും ഉണ്ടായിരുന്നു.

സ്വബോധത്തോടെ ഉള്ള ജീവിതം തുടങ്ങിയിട്ട് മാസം ഒന്നാവുന്നു. കട്ടിലിന്റെ രണ്ട് അറ്റത്ത് അപരിചിതരെ പോലെ കിടക്ക പങ്കിടും എന്നത് ഒഴിച്ചാൽ ഞങ്ങൾ തമ്മിൽ കാണുന്നത് പോലും വിരളമാണ്. ചിലപ്പോൾ ഒരു കുറ്റബോധത്തിന്റെ പേരിൽ താലി ചാർത്തിയതാവാം. ഇനിയും ഗൗതത്തിൻറെ ജീവിതത്തിൽ ഒരു അപശകുനമായി നിൽക്കുന്നതിൽ അർത്ഥം ഇല്ല. സ്നേഹം എന്നത് പിടിച്ച് വാങ്ങാനാവുന്നതല്ലല്ലോ. ഗൗതമിന് സമ്മതമെങ്കിൽ നമ്മക്ക് പിരിയാം. പറയുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയെ കടിച്ചമർത്തി. അത് പറഞ്ഞിട്ടും മൗനമായി ഇറങ്ങിപ്പോകുന്ന ഗൗതമിനെ കണ്ടപ്പോൾ അവസാന പ്രതീക്ഷയും അസ്തമിച്ചിരുന്നു.

അനു… രാത്രിയിൽ കട്ടിലിനറ്റത്ത് കിടക്കുന്ന ഡോക്ടറുടെ വിളി കേൾക്കേ മനസ്സിൽ വല്ലാത്ത തണുപ്പ് മൂടുന്ന പോലെ. ഇതുവരെ അനുപമ എന്നല്ലാതെ വിളിച്ചിട്ടില്ല.

അനുവിനറിയാമോ എന്റെ അച്ഛൻറെ അമ്മയുടെയും പ്രണയവിവാഹമായിരുന്നു. ബിസിനസ്സിൽ അപ്രതീക്ഷിതമായി തകർച്ചയിൽ അച്ഛൻ നിൽക്കുമ്പോൾ ഗതിയില്ലാത്ത ഒരാളുടെ ഒപ്പം ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞു മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയതാ അമ്മ. അന്ന് മനസ്സിലാക്കി സ്നേഹത്തിന്റെ വില. പിന്നീട് പെണ്ണ് എന്ന് കേൾക്കുന്നത് കലിയായിരുന്നു. പണത്തിനു വേണ്ടി ഇറങ്ങിപ്പോയ പോയ അമ്മയുടെ മുഖമായിരുന്നു മനസ്സുനിറയെ.

ഒരു രാത്രിയിൽ വളരെ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നു വന്നതാണ് നീ . കണ്ടമാത്രയിൽ തന്നെ വല്ലാത്തൊരു കൗതുകം തോന്നി. സൂചിയോടുള്ള പേടി കാരണം കരഞ്ഞു കലങ്ങിയ ആ കണ്ണുകളോട് വാത്സല്യമാ തോന്നിയത്. രാത്രി മയങ്ങി കിടക്കുന്ന നിന്റെ അരികിൽ ഇരിക്കുമ്പോൾ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ. ഒരു പക്ഷേ ആ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന് മോഹിച്ചു പോയി. വെളുപ്പിനെ എന്തോ എമർജൻസി കേസ് അറ്റൻഡ് ചെയ്ത് ഓടി വന്നതും കണ്ടത് ദൂരേയ്ക്ക് മാഞ്ഞു പോയ നിങ്ങടെ കോളേജ് ബസ് ആയിരുന്നു.

പിന്നീടങ്ങോട്ട് അഞ്ചാറ് മാസകാലം ആ പേടിച്ചരണ്ട മുഖം കടന്ന് വരാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഇവിടെ ജോയിൻ ചെയ്തന്ന് നിന്നെ കണ്ടപ്പോൾ ജീവൻ തിരിച്ച് കിട്ടിയ പോലെ തോന്നി. എന്നെ കണ്ട് ഒരു പരിചിത ഭാവം കാണിക്കാത്ത ആ മുഖം കണ്ടപ്പോൾ സങ്കടവും ദേഷ്യവുമായിരുന്നു. ചിലപ്പോൾ എനിക്ക് മാത്രം തോന്നിയ ഇഷ്ടം. പക്ഷേ പിന്നീട് എന്നെ വിട്ടുമാറാതെ പുറകേ നടന്ന് ശല്യം ചെയ്യുന്ന നിന്നെ കാണുമ്പോൾ പുറമേ ഗൗരവം കാണിച്ചെങ്കിലും ഉള്ളിൽ ആ കുറുമ്പ് ഞാൻ ആസ്വദിക്കുവായിരുന്നു.

വളരെ അവിചാരിതമായാണ് അഭിരാമിടെ സംസാരം കേൾക്കാൻ ഇടയായത്. നീ എന്നോട് കാണിച്ച സ്നേഹം വെറും ബെറ്റിന്റെ പുറത്തുള്ള തമാശയാന്ന് അറിഞ്ഞപ്പോൾ നിയന്ത്രിക്കാനായില്ല. അമ്മയെ ഓർമ്മ വന്നു പോയി ഒരു നിമിഷം.

ബോധം മറഞ്ഞ നിന്നെ അവിടെ അഡ്മിറ്റ് ആക്കിയപ്പോൾ രേവതി മാഡം എന്നെ കാണാൻ വന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് നീറുവായിരുന്നു. ദിവസങ്ങൾക്ക് ശേഷം ബോധം വന്ന നീ ആരോടും മിണ്ടാതെ മൂകമായി ഇരിക്കുന്ന കണ്ടപ്പോൾ പേടി തോന്നി. മനസ്സിൽ തോന്നിയ ഷോക്കിൽ ഉണ്ടായ ഒരു തരം ഡിപ്രഷൻ. ഇതിനു മുൻപ് അച്ഛനും അമ്മയും മരിച്ചപ്പോൾ നീ ഇങ്ങനെയായിരുന്നന്ന് അറിഞ്ഞപ്പോൾ. ഒന്നും നോക്കിയില്ല. എന്റെ സ്വന്തം ആക്കി.

നീ പറഞ്ഞ പോലെ കുറ്റബോധമല്ല. മനസ്സ് നിറയെ സ്നേഹം കൊണ്ട് ചാർത്തിയ താലിയാ പെണ്ണെ ഇത്. ഒക്കെ നിന്നോട് തുറന്നു പറയണം എന്ന് കരുതിയതാ അടുത്തമാസം നിന്റെ പിറന്നാളിന് നീ ഏറ്റവും വെറുക്കുന്ന ആ ദിവസം നിന്നോട് ഒരു സർപ്രൈസ് ആയി പറയണമെന്ന് കരുതി. ഈ ലോകത്ത് നിന്നെ അനാഥ ആക്കിയ ആ ദിവസം നിന്നെ ചേർത്ത് പിടിക്കണമെന്ന് തോന്നി. ഇനി നിനക്ക് എന്നെ വിട്ടു പോണോടീ..

അപ്പം ഇത്രയും നാളും നിങ്ങളുടെ പുറകേ എന്നെ മനപൂർവ്വം നടത്തിയല്ലേ.

അത് നിന്റെ കുറുമ്പ് കാണാനല്ലേ …. ക്ഷമിക്കടീ. അതും പറഞ്ഞവളെ കെട്ടിപിടിക്കുമ്പോൾ

ദേ മനുഷ്യ എന്നെ തൊട്ടാൽ നിങ്ങളെ ഞാൻ കൊല്ലും. കെട്ടിപിടിക്കാൻ വെറെ ആളെ നോക്കിക്കോ. മിനിമം ഒരു അഞ്ച് മാസം എങ്കിലും നിങ്ങൾ എന്റെ പുറകേ നടക്കണം എന്നിട്ട് ഞാൻ എപ്പം ഓക്കെ പറയുന്നോ അന്ന് മതി കെട്ടിപിടിത്തം.

അത് ഇപ്പം എന്നും രാത്രിയിൽ നീ ഉറങ്ങി കഴിയുമ്പോൾ ഞാൻ നിന്നെ കെട്ടിപിടിച്ച് തന്നെയാ ഉറങ്ങുന്നത്.

എടാ കള്ള ഡോക്ടറെ….അതും പറഞ്ഞ് അവൾ എനിക്കിട്ട് തല്ലാൻ വന്നതും.

അല്ല നമ്മക്ക് ആ ബെറ്റ് അങ്ങ് നടത്തിയാല്ലോ.

ഏത്…

ആ.. നിനക്ക് ഒർമ്മയില്ലേ … അഞ്ച് പിള്ളാരു വേണമെന്നൊ … ആ പ്രസവം ഒക്കെ ഞാൻ തന്നെ എടുക്കണമെന്നോ മറ്റോ.. പെൺപിള്ളാരായാൽ പറഞ്ഞ വാക്കിന് വില വേണം.

എടാ… നിന്നെ ഞാൻ ….. അതും പറഞ്ഞ് എന്നെ അടിക്കാൻ വന്നവളെ നെഞ്ചിൽ പൊതിഞ്ഞു പിടിക്കുമ്പോൾ.

ആകാശത്ത് നിന്ന് ഒരായിരം നക്ഷത്രങ്ങൾ കൺചിമ്മുന്നുണ്ടായിരുന്നു. അവ പരസ്പരം പറയാതെ പറഞ്ഞു ഡോക്ടർ ഇൻ ലവ്…

ശുഭം….

സ്നേഹം

രചന: മീര കുര്യൻ

Leave a Reply

Your email address will not be published. Required fields are marked *