അവൾ നടന്നുപോകുന്ന വഴിയിൽ ഞാൻ അവളെ കാത്തു നില്കാൻ തുടങ്ങി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

സുഭദ്ര ദേവിയാണ്.

രചന: Manu Reghu

ഞാൻ അഭിലാഷ്. നാളെ ഹരിയുടെ കല്യാണമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്. ഒരിക്കലും തീരാത്ത കടപ്പാട് ഉണ്ട് എനിക്കാവനോട്. 5 വർഷങ്ങൾക്കു ശേഷം ഞാൻ അവനെ കാണുകയാ. നാളെ അവന്റെ കല്യാണം ആണ്. ഒത്തിരി ടെൻഷൻ ഉണ്ട്. അവന്റെ നാട്ടിൽ പോകാൻ. അതും അവളുമായി…..

എഞ്ചിനീയറിംഗ് കഴിഞ്ഞു തെക്കുവടക്ക് നടക്കുമ്പോൾ ആണ് ഉറ്റ ചങ്ങാതിയുടെ അച്ഛന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ശരിയായി അങ്ങോട്ട്‌ പോയത്. ആകെ ഉണ്ടായിരുന്നത് അമ്മ മാത്രമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് അമ്മയും പോയി. വളരെ കഷ്ടപ്പെട്ടാണ് പഠിത്തം പൂർത്തിയാക്കിയത്.

ഹരീഷ്…. ഞങ്ങൾ എൻജിനിയറിങ് ഒരുമിച്ചു പഠിച്ചതാ. എന്റെ ഏറ്റവും അടുത്ത ചങ്ങാതി. എന്നെ അവൻ ഒത്തിരി സഹായിക്കുമായിരുന്നു. പഠിത്തം കഴിഞ്ഞപ്പോൾ അവന്റെ അച്ഛൻ അവനു പുതുതായി ഒരു കമ്പനി തുടങ്ങി കൊടുത്തു. കമ്പനി സിറ്റിയിൽ ആയിരുന്നെങ്കിലും താമസം അവന്റെ വീട്ടിൽ തന്നെ ആയിരുന്നു. വീടെന്ന് പറഞ്ഞാൽ പോരാ. ഒരു പഴയ നാലുകെട്ട്. അവന്റെ അച്ഛൻ നാട്ടിലെ ഒരു പ്രമാണി ആയിരുന്നു. അവന്റെ ഏറ്റവും അടുത്ത സുഹൃത്തു ആയതുകൊണ്ടാണ് എനിക്കു അവിടെ ജോലി തന്നത്. അവന്റെ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ നല്ല സ്നേഹമുള്ളവരായിരുന്നു. ഞാൻ അവർക്ക് സ്വന്തം മകനെ പോലെ തന്നെ ആയിരുന്നു.

ഞങ്ങളുടെ ജോലികൾ കൃത്യമായി ചെയ്തതിനാൽ കമ്പനി നല്ലരീതിയിൽ വളർന്നു. അത്യാവശ്യം നല്ല നിലയിൽ ഒക്കെ ആയപ്പോൾ ഞങ്ങൾ അല്പം ഫ്രീ ആയി. പിന്നെ ജോലി ഭാരം കുറഞ്ഞപ്പോൾ ആ നാട്ടിൽ തന്നെ കൂട്ടുകാരൊക്കെ ആയി. പുഴയിൽ കുളിയും , ആൽത്തറയിൽ കഥപറച്ചിലും , മൈതാനത്തു പന്ത് കളിയും ഒക്കെ ഉണ്ടായിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാൻ ആ നാട്ടുകാരിൽ ഒരാളായി മാറി.

അവിടെ ഒരു ചെറിയ ഒരു ദുർഗ്ഗ ദേവിക്ഷേത്രം ഉണ്ട്. അവിടുത്തെ ഉത്സവ ദിവസമാണ് ഞാൻ സുഭദ്രയെ ആദ്യമായി കണ്ടത്. ഇരുപതു വയസ്സ് തോന്നും. ചുവന്ന പട്ടുടുത്തു, നെറ്റിയിൽ കുങ്കുമ പൊട്ടും തൊട്ട്, ഉണ്ടക്കണ്ണുകളിൽ കണ്മഷി വരച്ചു കയ്യിൽ ഒരു വിളക്കുമായി അവൾ ശ്രീകോവിലിന് ചുറ്റും വലം വെക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ തന്നെ നോക്കി ഒത്തിരി നേരം സ്വയം മറന്നു നിന്നു. ഹരി വിളിച്ചപ്പോഴാണ് എനിക്കു സ്ഥലകാല ബോധം വന്നത്.

” നീ എന്തു ആലോചിച്ചു നില്കുകയാ. ”

“ഹരി ഏതാ ആ പെൺകുട്ടി. ” “ഏതാ.?”

“ആ ചുവന്ന സാരി. ”

“അതു സുഭദ്ര മോളാ. ” ” നിനക്കറിയുമോ അവളെ.? ” “പിന്നെ എന്റെ അനിയത്തിയുടെ കൂട്ടുകാരിയാ.”

” നല്ല സുന്ദരി കുട്ടി. എന്തു ഭംഗിയാ അവളെ കാണാൻ. ”

“അതു വിട്ടു പിടി മോനെ. അവൾ ദേവിയാ.” “ദേവിയോ… ”

“അതേടാ, ഈ ക്ഷേത്രം ഒരു നമ്പൂതിരി കുടുംബക്കാരുടെയാ.. ഓരോ തലമുറയിലെയും മൂത്ത പെൺകുട്ടി ഇവിടെ ദേവിയായി ജീവിക്കണം. കല്യാണം, കുടുംബം, കുട്ടികൾ ഒന്നും പാടില്ല. അടുത്ത തലമുറയിലെ ദേവി സുഭദ്രമോളാ. പാവം കുട്ടി. ”

അന്നുമുതൽ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. എന്തൊരു ഭംഗിയായിരുന്നു അവൾക്കു. ശരിക്കും ദേവി തന്നെ. അവൾ നടന്നുപോകുന്ന വഴിയിൽ ഞാൻ അവളെ കാത്തു നില്കാൻ തുടങ്ങി. എന്തെങ്കിലും ഒന്നു സംസാരിക്കാൻ പേടിയായിരുന്നു. അവൾ പോകുന്നത് നോക്കി ഞാൻ സ്വയം മറന്നു നിന്നിട്ടുണ്ട്. ഇതൊന്നും ഹരി പോലും അറിയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നാട്ടുവഴി ആയതിനാൽ എപ്പോഴും വിജനമായിരിക്കും.

പതിയെ അവൾ എന്നെ ശ്രദ്ധിക്കുന്നു എന്നു മനസിലായി. അവളോട്‌ എന്തെങ്കിലും സംസാരിക്കാൻ മനസ്സ് കൊതിച്ചു. ആരെങ്കിലും കണ്ടാൽ പ്രശ്നമാകും.

ഒരിക്കൽ ഹരി ഇല്ലാത്ത ഒരു ദിവസം ഞാൻ അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു. പതിവുപോലെ അവൾ വരുന്ന വഴിയിൽ കാത്തു നിന്നു. അധികം താമസിയാതെ അവൾ വന്നു. ധൈര്യം സംഭരിച്ചു ഞാൻ അവളോട്‌ ചോദിച്ചു.

” കുട്ടി, ഒന്നു നിൽക്കുമോ. ഒരു കാര്യം പറയാൻ ഉണ്ട്. ”

അവൾ രൂക്ഷമായി ഒന്നു നോക്കി. ആ നോട്ടത്തിൽ ഞാൻ പറയാൻ വന്നതെല്ലാം ആവിയായി. അവൾ നടന്നു പോയത് നോക്കി ഞാൻ നിന്നു. രണ്ടു മൂന്നു തവണ സംസാരിക്കാൻ തുടങ്ങിയപ്പോഴും ഇതു തന്നെ അവസ്ഥ. അവളുടെ കണ്ണുകളിൽ നോക്കിയാൽ ഞാൻ എല്ലാം മറക്കും.

പതിവുപോലെ ഞാൻ വഴിയിൽ കാത്തു നിന്നു. ഞാൻ വിളിച്ചതും അവൾ എന്നോട് ചോദിച്ചു.

” എന്താ ചേട്ടാ, എന്താ ചേട്ടന് പറയാൻ ഉള്ളത്. കുറെ നാളായല്ലോ. എന്താണെന്നു വെച്ചാൽ പറയു. ”

“അതു കുട്ടി…. എന്റെ പേര് അഭിലാഷ്. ഹരിയുടെ ചങ്ങാതി ആണ്. എനിക്കു കുട്ടിയെ ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. ”

“ചേട്ടൻ എന്തൊക്കെയാ പറയുന്നത്. ഞാൻ ആരാണെന്നു ചേട്ടന് അറിയാമോ ???… എന്റെ ദേവി….. ഇതെങ്ങാനും ആരെങ്കിലും കേട്ടാൽ.. ”

” എനിക്കു കുട്ടിയെ കുറിച്ചെല്ലാം അറിയാം. ഹരി പറഞ്ഞിട്ടുണ്ട്. ”

“എന്നിട്ടാണോ ചേട്ടൻ എന്നോട് ഇങ്ങനെ സംസാരിക്കുന്നത്. ചേട്ടാ എനിക്കു ഇങ്ങനെയുള്ള ചിന്തകൾ മനസ്സിൽ പോലും പാടില്ല. പ്രേമം , സ്നേഹം, കല്യാണം, കുട്ടികൾ, കുടുംബം ഇതൊന്നും എനിക്കു വിധിച്ചിട്ടില്ല. അതുകൊണ്ട് ദയവായി ഇനി എന്നെ കാണരുത് , സംസാരിക്കരുത് . ”

ഇത്രയും പറഞ്ഞു അവൾ നടന്നപോയി. ഇതൊക്കെ പറയുമ്പോഴും അവളുടെ കണ്ണുകളിൽ ഒരു നിരാശ നിറഞ്ഞു നിന്നിരുന്നു. ആ മിഴികളിലെ സങ്കടം എനിക്കു കാണാൻ സാധിച്ചു. ഞാൻ വീട്ടിലേക് പോയി..

രാത്രി മുഴുവൻ അതുതന്നെയായിരുന്നു ചിന്ത. എന്തായിരിക്കും അവളുടെ കണ്ണുകളിലെ നിരാശക്കും സങ്കടത്തിനും കാരണം. എന്തൊക്കെയോ അവൾ ഒളിക്കുന്നു. എങ്ങനെയെങ്കിലും അവളുടെ മനസ്സ് ഒന്നറിയാൻ കഴിഞ്ഞെങ്കിൽ. ഓരോന്നാലോചിച്ചു നേരം വെളുപ്പിച്ചു. ജോലി കഴിഞ്ഞു നേരത്തെ ഇറങ്ങി. നേരത്തെ എവിടെ പോകുന്നു എന്നു ഹരി ചോദിച്ചപ്പോൾ തലവേദന എന്നു കള്ളം പറഞ്ഞു. അവൻ ഒന്നു ഇരുത്തി മൂളി.

അവൾ വരുന്ന സമയത്തു കൃത്യമായി ഞാൻ എത്തി. ഞാൻ അവളെ വിളിച്ചു.

“സുഭദ്ര… ഒന്നു നിൽക്കുമോ. ”

” ചേട്ടാ. ഞാൻ ഇന്നലെ പറഞ്ഞത് ഒന്നും ചേട്ടന് മനസ്സിലായില്ലേ. എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്. ”

“എനിക്കു മനസ്സിലായി. ഒരു കാര്യം കൂടി ചോദിക്കാനാ ഞാൻ വന്നത്. അതിനു ഉത്തരം കിട്ടിയാൽ ഞാൻ ഇനി സുഭദ്രയുടെ നിഴൽവെട്ടത്തു പോലും വരില്ല. ”

” എനിക്കൊന്നും കേൾക്കണ്ട. ചേട്ടൻ പറയുന്ന പോലൊരു ജീവിതം എനിക്കു വിധിച്ചിട്ടില്ല. ഞാൻ കല്യാണം കഴിക്കാൻ പാടില്ല. ”

“അപ്പോൾ ഇങ്ങനെ ഒരു വിധിയില്ലായിരുന്നു എങ്കിൽ സുഭദ്ര എന്നെ ഇഷ്ടപ്പെടുമായിരുന്നോ.. വിവാഹം കഴിക്കുമായിരുന്നോ. ”

അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒന്നും മിണ്ടാതെ അവൾ പോയി. നിരാശനായി ഞാൻ വീട്ടിലേക് നടന്നു. പിറ്റേന്നും ഞാൻ അവളെ കണ്ടു. ” സുഭദ്ര ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. ”

” ചേട്ടാ ഞാൻ ദേവിയാകേണ്ടവളാ. എനിക്ക് കല്യാണം കഴിക്കാൻ പാടില്ല. ”

“പാർവതി ദേവി ശിവനെ കല്യാണം കഴിച്ചിട്ടില്ലേ. ലക്ഷ്മി ദേവിയും സരസ്വതി ദേവിയും കല്യാണം കഴിച്ചവർ അല്ലേ. കുട്ടികൾ ഇല്ലേ.”

“അതൊന്നും എനിക്കറിയില്ല ചേട്ടാ. ”

“സുഭദ്ര നല്ലത് പോലെ ആലോചിക്കൂ. നാളെ ഒരു മറുപടി തരണം. ഞാൻ കാത്തിരിക്കും.”

അന്നും ഉറങ്ങാൻ കഴിഞ്ഞില്ല. പിന്നെ രണ്ടുമൂന്നു ദിവസത്തേക്ക് അവളെ കാണാൻ പറ്റിയില്ല. ഓഫീസിൽ ചില തിരക്കുകൾ. പുതിയ ഒരു പ്രൊജക്റ്റ്‌ വന്നു. അതിന്റെ തിരക്ക് ആയിരുന്നു. എല്ലാം കഴിഞ്ഞു വൈകുന്നേരം അവളെ കാണുവാൻ കാത്തു നിന്നു. കണ്ടില്ല. ദിവസങ്ങൾ കടന്നു പോയി. മനസ്സിനെ കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. ഹരിക്ക് എന്തൊക്കെയോ പന്തികേട് തോന്നി അവൻ എന്നോട് ചോദിച്ചു. പക്ഷെ ഞാൻ ഒഴിഞ്ഞു മാറി.

അന്നും പതിവുപോലെ അവളെ കാത്തു നിന്നു. ഏറെ നേരം നിന്നിട്ടും അവളെ കണ്ടില്ല. ഒടുവിൽ നിരാശനായി തിരിഞ്ഞു നടന്നപ്പോൾ അവളുടെ പാദസരത്തിന്റെ കിലുക്കം കേട്ടു ഞാൻ നിന്നു. അവൾ എനിക്കു മുഖം തരാതെ നടന്നു പോകാൻ തുടങ്ങിയപ്പോൾ ഞാൻ അവൾക്കു വട്ടം നിന്നു.

” സുഭദ്ര, എനിക്കൊരു മറുപടി തരൂ.. ”

” എനിക്കറിയില്ല ചേട്ടാ, എന്തു പറയണമെന്ന് അറിയില്ല. ഒരു സ്ത്രീയുടെ ജന്മം സഫലമാകുവാൻ അവൾ ഭാര്യയും അമ്മയും ആകണം. പക്ഷെ എന്നെ അങ്ങനെ ജീവിക്കാൻ ഈ നാട്ടുകാർ സമ്മതിക്കില്ല… ഞാൻ അവർക്കു ദേവിയാണ്. എനിക്കു ചേട്ടനെ ഇഷ്ടമാണ്. പക്ഷേ നമുക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ല. എന്നെ വിട്ടേക്ക് ചേട്ടാ”

കഷ്ടപ്പെട്ട് വരുത്തിയ പുഞ്ചിരിയോടെ അവൾ കരയാൻ തുടങ്ങി.

“സുഭദ്രക്കു എന്നെ ഇഷ്ടമാണ് അല്ലേ. എനിക്കു അതു മാത്രം കേട്ടാൽ മതി. എനിക്കു ബന്ധുക്കൾ ഒന്നും ഇല്ല. ആകെ ഉള്ളത് ഹരിയും വീട്ടുകാരും. ജീവിതത്തിൽ ഇന്നുവരെ ഒരു പെൺകുട്ടിയോടും ഇങ്ങനെ ഒരിഷ്ടം തോന്നിയിട്ടില്ല. തോന്നിയത് ഇങ്ങനെയും ആയി. ഞാൻ കാത്തിരിക്കും എന്തെങ്കിലും അത്ഭുതം സംഭവിക്കുവാൻ.. ”

” എനിക്കു വേണ്ടി ചേട്ടൻ ജീവിതം നശിപ്പിക്കരുത്. കുറച്ച് ദിവസം കാണാതിരുന്നാൽ എല്ലാം മറക്കും. ”

“അങ്ങനെ മറക്കാൻ കഴിയുമായിരുന്നെങ്കിൽ സുഭദ്ര ദേവി ആകാനുള്ള കുട്ടി ആണെന്നറിഞ്ഞ നിമിഷം ഞാൻ ഇതു മറക്കുമായിരുന്നു. ” അൽപനേരം ഞാൻ അവളുടെ കണ്ണുകളിൽ നോക്കി നിന്നു. അവ നിർജീവമായി തോന്നി. ഞാൻ അവളെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ചു. അവൾ ഒന്നും മിണ്ടാതെ നെഞ്ചിൽ തല ചേർത്ത് നിന്നു.

“വേണ്ട ചേട്ടാ, ഇതു തെറ്റാണ്. ഈ നാട് നശിക്കും. നമുക്ക് ഇതു വേണ്ട. വിധി ഉണ്ടെങ്കിൽ അടുത്ത ജന്മം ഒരുമിച്ചു ജീവിക്കാം. ചേട്ടന്റെ പെണ്ണായി. മരണം വരെ. ”

“ശരിയാണ് സുഭദ്ര. നിന്റെയും നിന്റെ നാട്ടുകാരുടെയും വിശ്വാസങ്ങൾ തകർത്തു നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമുക്ക് കാത്തിരികാം. അതിനി അടുത്ത ജന്മം ആണെങ്കിൽ പോലും. ”

അഭിലാഷേ….. ഉറക്കെയുള്ള അലർച്ച കേട്ടാണ് ഞങ്ങൾ ഉണർന്നത്. അതു ഹരിയായിരുന്നു. അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തല കുനിച്ചു നിന്നു.

“അഭിലാഷേ, എന്താ ഇത്. ഇത് മറ്റാരെങ്കിലും കണ്ടിരുന്നെങ്കിൽ നിന്നെ ജീവനോടെ വച്ചേക്കില്ല. സുഭദ്ര മോൾ ഇതു എന്തു ഭാവിച്ചാ. നീ ആരാണെന്നും എന്താണെന്നും നിനക്കറിയില്ലേ..”

“ഹരി ഇതെല്ലാം എന്റെ തെറ്റാണ്. ഒഴിഞ്ഞു മാറിയ സുഭദ്രയെ ഞാനാണ് പിടിച്ചു നിർത്തിയത്. നീ ഞങ്ങളോട് ക്ഷമിക്കണം. ഇനി ഞങ്ങൾ തമ്മിൽ കാണുകപോലും ചെയ്യില്ല. ”

“നിന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞതല്ലേ. ”

” അതേടാ. പക്ഷേ ഞാൻ അവളെ അത്രക്ക് ഇഷ്ട്ടപെട്ടു പോയി. ”

“മോളെ ഞാൻ ഈ കേൾക്കുന്നത് ശരിയാണോ?”

” അതെ ഹരിയേട്ടാ. പക്ഷെ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ല എന്നറിയാം. അതുകൊണ്ട് എല്ലാം ഉപേക്ഷിച്ചു. പക്ഷേ ഞാൻ ഒരു പെൺകുട്ടിയാണ്. എനിക്കും ഉണ്ടായിരുന്നു മോഹങ്ങളും സ്വപ്‌നങ്ങളും. ആരും അതു കണ്ടില്ല. ജീവിതം അവസാനിപ്പിക്കാൻ പോലും തോന്നിയിട്ടുണ്ട്. പക്ഷേ ദേവി തന്നതല്ലേ ഈ വിധി…”

” അഭിലാഷേ, നിനക്ക് അവളെ അത്രക്ക് ഇഷ്ടമാണോ??”

” അതേടാ. പക്ഷെ… ”

“സുഭദ്ര മോൾ എന്തു പറയുന്നു . ”

“എനിക്കൊന്നും അറിയില്ല ഹരിയേട്ടാ… എനിക്കു അഭിയേട്ടനെ ഒത്തിരി ഇഷ്ട്ടമാണ്. പക്ഷേ.. ”

” അഭിലാഷേ… നിങ്ങൾ പറയുന്നത് പോലെ നിങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ ആകില്ല. ഈ നാട്ടിൽ….. പക്ഷേ ഈ നാടിനു പുറത്തു വലിയ ഒരു ലോകം ഇല്ലേ. അവിടെ നിങ്ങളെ ആരും ശല്യം ചെയ്യില്ല. സ്വസ്ഥമായി ജീവിക്കാം..”

” ഹരി നീ എന്തൊക്കെയാ പറയുന്നത്. ഇതൊക്കെ…… ”

” വിചാരിച്ചാൽ നടക്കും. നിങ്ങൾക്കു ഒരുമിച്ചു ജീവിക്കണം എങ്കിൽ മാത്രം. ”

” ഇല്ല ഹരിയേട്ടാ. എനിക്കത് കഴിയില്ല. ഈ നാട്ടുകാരെ വഞ്ചിച്ചു എനിക്കു ഒരു ജീവിതം വേണ്ട. ”

“മോളെ ഈ നാട്ടുകാർ രണ്ടോ മൂന്നോ ദിവസം നിന്നെ ഓർക്കും. പിന്നെ അവരുടെ ജോലിനോക്കി പോകും. പിന്നെ മോളുടെ വീട്ടുകാരെ ഞാൻ എല്ലാം പറഞ്ഞു മനസിലാക്കാം. പിന്നെ ദേവി.. നിന്നെ ശപിക്കില്ല. അനുഗ്രഹിക്കും. നീ ഒന്നും ഓർത്തു വിഷമിക്കണ്ട. നിങ്ങൾ യാത്രക്ക് ഒരുങ്ങിക്കോ. ”

ഹരിയുടെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. എല്ലാം അവന്റെ തീരുമാനം ആയിരുന്നു.

അന്ന് രാത്രി ആ നാട് വിട്ടതാ.. ചെന്നെത്തിയത് മൂന്നാറിലെ ഒരു ജോസഫ് അച്ചായന്റെയും ഭാര്യ സോഫിയ ചേട്ടത്തിയുടെയും വീട്ടിൽ. ഹരിയുടെ മുഖപുസ്തക സുഹൃത്തായിരുന്നു. മക്കൾ ഇല്ലാത്ത അവർക്ക് ഞങ്ങൾ മക്കളായിരുന്നു. ഞാൻ അവിടെ അച്ചായന്റെ കൃഷിയിൽ സഹായിച്ചു. ലാഭത്തിന്റെ ഒരു വിഹിതം എനിക്കു തരും. അങ്ങനെ ഈ 5 വർഷങ്ങൾ കൊണ്ട് ഓരോന്നായി നേടി. ഒരു കൊച്ചു വീട്, കാർ ഇങ്ങനെ ഓരോന്നും. എല്ലാത്തിനും ഉപരി രണ്ടു പൊന്നോമനകൾ. അതും ഇരട്ട.. ശ്രീയും ദുർഗ്ഗയും . (ദേവിയോടുള്ള ഭദ്രയുടെ കടപ്പാടാണ് ശ്രീ ദുർഗ്ഗ)

മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവന്റെ വീട്ടിൽ എത്തി. അവന്റെ അച്ഛൻ മുറ്റത്തു ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.. ഹരിയുടെ അമ്മയുടെയും അനിയത്തിയുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. വിശേഷങ്ങൾ ഒത്തിരി പങ്കുവെച്ചു.

പിറ്റേന്ന് കല്യാണത്തിന് ആളുകൾ ഒക്കെ എത്തി. നാട്ടുകാർ ചിലർ ഞങ്ങളെ തിരിച്ചറിഞ്ഞു. ആർക്കും ഞങ്ങളോട് ദേഷ്യം ഇല്ല. ഞങ്ങൾ കാരണം നാടിനും നാട്ടുകാർക്കും ഒന്നും സംഭവിച്ചിട്ടില്ല. അവർ എല്ലാം മറന്നു . നെഞ്ചിൽ നിന്നു എന്തോ ഭാരം ഒഴിവായപോലെ തോന്നി ഞങ്ങൾക്ക്.

കല്യാണം കഴിഞ്ഞു ഭദ്രയുടെ ആഗ്രഹം പോലെ അവളുടെ ഇല്ലത്തു പോയി. അവളുടെ അച്ഛൻ മരിച്ചുപോയിരുന്നു. അനിയത്തി കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം സുഖമായിരിക്കുന്നു. അമ്മ അവളെ കണ്ട ഉടനെ ഇറങ്ങി വന്നു. പിന്നെ കരച്ചിലും മാപ്പുപറച്ചിലും… കുറച്ച് നേരം അവിടെ ചിലവഴിച്ചു. പിന്നീട് അവളുടെ ദേവിയെ കാണാൻ പോയി. എന്നാൽ ആ ക്ഷേത്രം ആകെ മാറി. പഴയ കൊച്ചു ശ്രീകോവിൽ മാറി വലിയ ഒരു ക്ഷേത്രം ആയിരിക്കുന്നു. അവിടെ പുരുഷൻമാർ ദേവിയുടെ ദാസന്മാരായി…

അവൾ ആ ദേവിയുടെ മുന്നിൽ നിന്നു പ്രാർത്ഥിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നന്ദി പറച്ചിൽ ആയിരിക്കും. ഒത്തിരി നന്ദിയുണ്ട് ഞങ്ങൾക്ക് ദേവിയോട്. ഒക്കെ കഴിഞ്ഞു തിരിഞ്ഞു നടന്ന അവൾ ശരിക്കും ദുർഗ്ഗ ദേവിയെ പോലെ തോന്നി. എനിക്കു അവൾ ദേവി തന്നെയാ. എന്റെ എല്ലാ ഐശ്വര്യത്തിന്റെയും ദേവി.

വൈകാതെ തന്നെ തിരിച്ചു നാട്ടിൽ താമസം ആക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ അച്ചായന്റെയും ചേട്ടത്തിയുടെയും അടുത്തേക്ക് തിരിച്ചു.

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *