പുതപ്പിനുള്ളില്‍ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നപ്പോള്‍ ഉറക്കത്തിലും ശരത് ഒരു കൈകൊണ്ടു അടക്കിപ്പിടിച്ചു.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന:സന റബ്സ്

പാദസരങ്ങൾ

രചന:സന റബ്സ്

കോളിംഗ്ബെല്‍ അടിച്ചപ്പോല്‍ സുമന നേരെ ചെന്ന് വാതില്‍ തുറന്നു. ഈയിടെയായി ആരാണെന്നു നോക്കാതെ വാതില്‍ തുറക്കലും ഫോണ്‍ എടുക്കലും ഒരു ശീലമായിരിക്കുന്നു. വില്ലയില്‍ താമസിക്കുന്ന സുരക്ഷിതത്വമാണോ തന്നെ സ്വതന്ത്രയാക്കിയിരിക്കുന്നത്? അല്ല; മുന്‍പും ശരത്തിന്‍റെ വീട്ടിലും താന്‍ ഇങ്ങനെതന്നെയായിരുന്നു.

കൊറിയര്‍ ആണ്. ഒരുപാട് നാളായി “അയിഷ” എന്ന ഷോപ്പിലേക്ക് ഒരു ലോക്കറ്റിന് ഓര്‍ഡര്‍ കൊടുത്തിട്ട്. അതായിരിക്കുമെന്ന് കരുതി. പക്ഷെ ആയിരുന്നില്ല.

അഡ്രസ്‌..വളരെ പരിചയമുള്ള അക്ഷരം! ശരത്തിന്‍റെ അക്ഷരങ്ങള്‍! ആശ്ചര്യത്തോടെ സുമന പാക്കെറ്റ് പൊട്ടിച്ചു.

ഇപ്പോള്‍ ശരത് ഒരു കൊറിയര്‍ അയക്കാന്‍…

ബോക്സിലെ വെല്‍വെറ്റ് തുണിക്ക് മുകളില്‍ ഒരു റോസ്നിറമുള്ള ഐസ്ക്രീം സ്റ്റിക്കിനു മുകളില്‍ പച്ചമഷിക്കൊണ്ട് എഴുതിയിരിക്കുന്നു.

“നിനക്ക്….”

തന്‍റെ ചെറിയ വസ്തുക്കളോടുള്ള കൗതുകം എന്നും തമാശയോടെ വീക്ഷിച്ചിരുന്ന ശരത്താണോ ഇപ്പോള്‍ ഈ ‘ചെറിയ അഴക്‌’ അയച്ചിരിക്കുന്നത്? സുമന പതുക്കെ ആ പെട്ടി തുറന്നു. ഒരു ജോഡി പാദസരങ്ങള്‍!

ചെറിയ രണ്ട് കിലുക്കമുള്ള വെള്ളിയില്‍ കറുപ്പ് വര്‍ക്കുള്ള നേര്‍ത്ത രണ്ട് നൂലുകള്‍!

നോക്കിക്കൊണ്ടിരുന്നപ്പോള്‍…മനസ്സ് ആദ്യം വല്ലാതെ കുതിച്ചു. പിന്നെപ്പിന്നെ അടങ്ങി…ഒടുവില്‍ സില്‍ക്ക്തുണി താഴേക്ക്‌ ഊര്‍ന്നുവീണപോലെ ശബ്ദമില്ലാതെ തീര്‍ത്തും നിശബ്ദമായി അമര്‍ന്നു.

ഒരോര്‍മ്മ…പഴയത്..വളരെ വളരെ പഴയത്….

“ഞാന്‍ ഒരുകൂട്ട് പാദസരം വാങ്ങി ശരത്.”

“നിനക്കറിയില്ലേ നടക്കുമ്പോള്‍ ഒച്ച എനിക്കിഷ്ടമല്ല എന്ന്..”

“എനിക്കിഷ്ടമായിട്ടാണ് ശരത്. നമ്മുടെ ഇഷ്ടങ്ങള്‍ ഒന്നല്ലാലോ..”

“ശരി സുമനാ..നീയാ കിലുക്കം അഴിച്ചുവെച്ച്‌ ഇട്ടോ..”

ഒന്നും മിണ്ടാതെ ആ പാദസരം അന്നുതന്നെ കാലിലിട്ടു.

അന്ന് രാത്രി പതുപതുത്ത ക്വിള്‍ട്ടുപുതപ്പിനുള്ളില്‍ നെഞ്ചിലേക്ക് ചേര്‍ന്ന് കിടന്നപ്പോള്‍ ഉറക്കത്തിലും ശരത് ഒരു കൈകൊണ്ടു അടക്കിപ്പിടിച്ചു. പിന്നെടെപ്പോഴോ രാഗങ്ങള്‍ ഉച്ചസ്ഥായിയില്‍ മൂളുമ്പോള്‍ ഇടതുകാലിന്റെ തള്ളവിരല്‍ പാദസരത്തെ കോര്‍ക്കുന്നതറിഞ്ഞു. പതുക്കെ ഒരു വലി…! രണ്ട് ഇഷ്ടങ്ങളും ഒന്നാകുന്ന അപൂര്‍വനിമിഷങ്ങളില്‍ ശരത്തിന്‍റെ ഇഷ്ടമില്ലായിമയെ കിടക്കയില്‍ പൊട്ടിച്ചെറിഞ്ഞുകിടക്കുന്നത് കണ്ടിട്ടും രാവിലെ പരസ്പരം ഒന്നും പറഞ്ഞില്ല.

അത് പിന്നെ വിളക്കിച്ചേര്‍ത്തില്ല. ശരത് കാണത്തക്ക രീതിയില്‍ ബെഡ്റൂമിലെ വിളക്കില്‍ തൂക്കിയിട്ടു.

പിന്നീട്..പിന്നീട്..ഇഷ്ടങ്ങള്‍ക്കപ്പുറം രണ്ട് ഭൂപാളങ്ങള്‍ തന്നെ ഉണ്ടായി. രണ്ട്പേരും ഭൂമധ്യരേഖകള്‍ക്കപ്പുറത്ത് തുരുത്തുകള്‍ ഉണ്ടാക്കി മാഞ്ഞുപോയി.

ഏഴ് വർഷത്തെ സ്നേഹോത്സവങ്ങള്‍ക്കൊടുവില്‍….ബാധ്യതകളില്ലാതെ പിരിഞ്ഞുപോയി.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് വീണ്ടും ഇവിടെ വന്നത്.

ശരത് വീണ്ടും വിവാഹിതനായത്രേ. തന്‍റെ അഡ്രെസ്സ് എങ്ങനെ കിട്ടിയോ എന്തോ…

കൊറിയര്‍കവര്‍ നോക്കി ആ ഫോണ്‍ നമ്പര്‍ സുമന ഡയല്‍ ചെയ്തു.

“ഞാന്‍ സുമനയാണ് ശരത്. ഇവിടെ എവിടെയാ..” ഔപചാരികതകള്‍ ഇല്ലാതെ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു ഹലോ വിളിയുടെ രണ്ടറ്റങ്ങളില്‍…

ശരത് വിളി പ്രതീക്ഷിച്ചപോലെ തോന്നി.

“നിന്‍റെ വില്ലയുടെ എതിര്‍വശത്തെ നാലാമത്തെ വില്ലയില്‍..”

“ഓഹ്..ഞാനറിഞ്ഞില്ല.എന്താ ഇങ്ങനെ ഒരു സമ്മാനം? ശരത്തിന് പാദസരം ഇഷ്ടമല്ലല്ലോ..”

“പാദസരം ഇഷ്ടം തന്നെയാണ് സുമനാ..കിലുക്കം ചില നേരങ്ങളില്‍…” അയാൾ ഒന്ന് നിറുത്തി.

“…ഉം…..” സുമന മൂളി. “വൈഫ്‌ എന്ത് ചെയ്യുന്നു?”

“അവള്‍ കേക്ക് ഉണ്ടാക്കി കൊടുക്കുന്നു. ഓര്‍ഡര്‍ അനുസരിച്ച്.”

രണ്ടുപേരും അല്‍പസമയം ഒന്നും മിണ്ടാതെ….

“ഞാന്‍ ഒരിക്കലും ഓര്‍ത്തുവെയ്ക്കാത്ത നിന്നെയും നിന്‍റെ ഇഷ്ടങ്ങളെയും ഈയിടെ വല്ലാതെ ഓര്‍ത്തു.” ശരത് തുടര്‍ന്നു.

“…ഉം….” സുമന വീണ്ടും മൂളി.

“നമ്മള്‍ ഒരുമിച്ചാണെന്നു കരുതി എന്‍റെ ഫ്രണ്ട് നൈനാന്‍ ഈയിടെ വീട്ടില്‍ വന്നപ്പോള്‍ ഒരു ജോഡി പാദസരം കൊണ്ടുവന്നു. അത് ശിവദയ്ക്ക് കൊടുത്തപ്പോള്‍ ഇഷ്ടമില്ലെന്നു പറഞ്ഞ് അവളാ ഗിഫ്റ്റ് മടക്കി.”

“സന്തോഷിക്കൂ ശരത്; ഇഷ്ടങ്ങള്‍ ഇപ്പോള്‍ ഒന്നായില്ലേ…”

“ഉം….” ശരത്തിന്റെ മൂളലിനു കനമില്ലായിരുന്നു.

“ആ പാദസരം ആണോ ഇത്?”

“അല്ല..ഇത് മിനിഞ്ഞാന്ന് ഞാന്‍ വാങ്ങിയത്.”

“എന്നാല്‍ ശരി ശരത്, താങ്ക്സ് ഫോര്‍ ദി ഗിഫ്റ്റ്. ഇടയ്ക്കു വിളിക്കാം..”

“സുമനാ…” പെട്ടെന്ന് ശരത് വിളിച്ചു.

“എന്താ ശരത്..?

“താന്‍ ഇനി വിവാഹം കഴിക്കില്ലേ..?”

സുമന ഫോണ്‍ വെച്ചു.

അല്പം കഴിഞ്ഞ് അവള്‍ പോയി ജനല്‍ തുറന്നു. തെരുവിനപ്പുറത്തെ നാലാമത്തെ വീട് കാണുന്നുണ്ടോ എന്ന് നോക്കി.

കഴിച്ചില്ലല്ലോ എന്ന് കുറെ കഴിഞ്ഞാണ് ഓര്‍ത്തത്‌. ഡൈനിംഗ് മുറിയിലെ മേശയില്‍ അടച്ചുവെച്ച കറിപ്പാത്രം അവള്‍ തുറന്നു. ഇളം കോഴിയുടെ എല്ലില്ലാത്ത മാംസത്തില്‍ മഞ്ഞള്‍ പുരട്ടാതെ മസാലക്കൂട്ടുകളും ഉപ്പും നാരങ്ങനീരും ചേര്‍ത്ത് കറുത്ത നിറത്തില്‍ വഴറ്റി വറ്റിച്ചെടുത്ത കറിയില്‍നിന്ന് അപ്പോഴും അല്പാല്പം ആവി പൊങ്ങുന്നുണ്ടായിരുന്നു.

ശരത്തിന് ഏറ്റവും ഇഷ്ടമുള്ള കറി!

എത്രയോ വട്ടം ഈ കറിയുടെ മണംപിടിച്ച് ശരത് ഓഫീസില്‍നിന്നും നേരത്തെ വന്നിട്ടുണ്ട്….

അടച്ചിട്ട വീടിനുള്ളില്‍ ഇഷ്ടങ്ങള്‍ ലഹരിയാല്‍ ഒഴുകിയൊഴുകി വീണ നാളുകള്‍… പ്രിയപ്പെട്ടൊരു ചെടി വാങ്ങി രണ്ടുപേരും കൂടി നട്ടുനനച്ചു ഓമനിച്ചു വളർത്തിയത്….

പൂക്കള്‍ പെയ്തിറങ്ങിയ ആ വൈകുന്നേരങ്ങളും രാവുകളും ഇനി തിരികെ വരില്ല ശരത്. നീ പറന്നുപോയത് ഒരു വനത്തില്‍ നിന്നാണ്. വെറുമൊരു മരത്തില്‍ നിന്നായിരുന്നില്ല. പറന്ന്പോയ കിളിക്ക് കാടിനി സ്വന്തമല്ല.

സുമന ആ ജനല്‍ അടച്ചു കൊളുത്തിട്ടു.

(“സ്വരാക്ഷരങ്ങളി’ൽ ചേർത്ത കഥയാണ് പാദസരങ്ങൾ)

രചന:സന റബ്സ്

Leave a Reply

Your email address will not be published. Required fields are marked *