എന്റെ മണിയറയിൽ നീയിങ്ങനെ നിൽക്കുമ്പോൾ വീണ്ടും ജയിച്ചു, ഒരു രാത്രി നിന്നേ മോഹിച്ച എനിക്കായി ഒരു ജന്മം മുഴുവൻ നീയിങ്ങനെ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അഭിരാമി അഭി

ധര 🍁

” മോളെ ഈ ബന്ധം തന്നെ വേണോ ??? അമ്പാട്ടെ ദേവനാരായണന്റെ സ്വഭാവം നിനക്ക് ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ…. ”

ഉമ്മറത്തെ തൂണിൽ ചാരിയെങ്ങോട്ടോ നോക്കി നിന്നിരുന്ന അവളെത്തന്നെ ഉറ്റുനോക്കിക്കൊണ്ട്‌ ചോദിക്കുമ്പോൾ ആ വൃദ്ധന്റെ മിഴികളിൽ ആശങ്കകളേറെയായിരുന്നു. പക്ഷേ അവളുടെ മിഴികളപ്പോഴും ശാന്തമായിരുന്നു.

” വേണമച്ഛാ…… ഈ ധരയുടെ കഴുത്തിലൊരു താലി വീഴുന്നെങ്കിലത് അമ്പാട്ടെ ദേവനാരായണന്റെ കൈകൊണ്ട് തന്നെയാവും. അതെന്റെയൊരു വാശിയാണെന്ന് തന്നെ കൂട്ടിക്കോളൂ…. ”

ഉറച്ചസ്വരത്തിൽ പറഞ്ഞ മകളെ നോക്കിയിരിക്കുമ്പോൾ എന്തോ ഒരു ഭയമായിരുന്നു ആ പിതാവിൽ ദൃശ്യമായിരുന്നത്.

” മോളെ…. ”

” അച്ഛൻ വിഷമിക്കണ്ട….. ഇതെന്റെ ഇഷ്ടമല്ലേ. ഒരപേക്ഷയേ എനിക്കച്ഛനോടുള്ളു…. അരുതേയെന്ന് മാത്രം പറയരുത്….. ”

കസേരയുടെ ചുവട്ടിൽ മുട്ടുകുത്തി തന്റെ മടിയിലേക്ക് തല ചായ്ച്ചിരിക്കുന്നവളോട് പിന്നീടൊന്നും പറയാനില്ലാത്തത് പോലെ വെറുതേയാ മുടിയിഴകളിലൂടെ വിരലോടിച്ചു അയാൾ.

മരപ്പണിക്കാരനായ അച്ഛനും ഒരു സാധുവീട്ടമ്മയായ അമ്മയ്ക്കും ഒരേയൊരു മകളായിരുന്നു ധര എന്നയീ ധരിണി. പഠിക്കാൻ മിടുക്കിയായിരുന്നുവെങ്കിലും അച്ഛന്റെ കഷ്ടപ്പാട് കണ്ട് വീണ്ടും നോവിക്കാൻ വയ്യെന്ന് തോന്നിയപ്പോൾ ഡിഗ്രിയോടെ പഠനവും സ്വയമുപേക്ഷിക്കേണ്ടിവന്നു. അന്ന് മുതൽ അമ്പാട്ടെ തുണിക്കടയിൽ പോകാൻ തുടങ്ങിയതാണ്. ഒരേനാട്ടുകാരായത് കൊണ്ട് മാത്രമല്ല അവിടുത്തെ കുട്ടികളുടെയൊപ്പം കളിച്ചുവളർന്ന കുട്ടിയെന്ന വാത്സല്യവുമമ്പാട്ടെ സുഭദ്രാമ്മയിൽ ബാക്കി നിന്നതുകൊണ്ടൊ എന്തോ അപേക്ഷയുമായി ചെന്നപ്പോഴേ കടയിലേക്ക് ചെന്നോളാൻ പറഞ്ഞത്. അഞ്ചക്കശമ്പളവും കൂടിയായപ്പോൾ വല്ലാത്തൊരുത്സാഹമായിരുന്നു ആ ജോലിക്ക് പോകാൻ.

കടയിലെ കാര്യങ്ങളൊക്കെ സുഭദ്രാമ്മയുടെ അകന്ന ഒരു ബന്ധുവായിരുന്നു നോക്കിയിരുന്നത്. പോരെങ്കിൽ പത്തുനൂറ്റമ്പതിനടുത്ത് സ്റ്റാഫുകളുമുണ്ടായിരുന്നു. സുഭദ്രാമ്മയും മൂത്തമകൾ ദേവനന്ദയെന്ന ദേവേച്ചിയും മാസത്തിൽ ഒന്നോ രണ്ടോ തവണയുള്ള ഒരു സന്ദർശനമൊഴിച്ചാൽ അമ്പാട്ടുനിന്നാരും അങ്ങോട്ടേക്ക് വരാറുണ്ടായിരുന്നില്ല. പിന്നെ വരവ് അയാളായിരുന്നു. ദേവനാരായണൻ. അതും കയ്യിലെ കാശ് തീരുമ്പോൾ കീശ നിറയ്ക്കാൻ വേണ്ടി മാത്രമുള്ള വരവ്. ആ ദിവസം കടയിൽ ചിലരുടെ മുഖത്ത് സന്തോഷമാണെങ്കിൽ മറ്റുചിലരുടെ മുഖത്ത് ഭയമാവും കാണുക.

പെണ്ണും കള്ളും എന്നുമയാൾക്കൊരു ലഹരി തന്നെയായിരുന്നു. അയാളുടെ ഇങ്കിതങ്ങൾക്ക് സഹകരണമുള്ളവർക്കൊക്കെ നേട്ടങ്ങളുമുണ്ടായിരുന്നു. ജീവിതപ്രാരാബ്ദങ്ങൾ കൊണ്ടൊ എന്തോ കടയിലെ പല സ്ത്രീകളും ആ നേട്ടങ്ങൾ ഉപയോഗപ്പെടുത്താറുമുണ്ടായിരുന്നു. എന്നാൽ പട്ടിണി കിടന്നാലും ആത്‌മാഭിമാനം മുറുകെപ്പിടിക്കുന്ന മറ്റുചിലരാണെങ്കിൽ അയാൾ വന്നാൽ ആ കണ്ണിൽ പെടാതിരിക്കാൻ പരമാവധി ശ്രമിച്ചുപോന്നു. ഈ രണ്ട് വിഭാഗത്തിലും പെടാത്തവളായിരുന്നു താൻ. എന്തോ പണ്ടുമുതലേ കാര്യമറിയാത്തൊരു കലി അയാളോടെന്നിൽ വളർന്നിരുന്നു. പക്ഷേ കാണുമ്പോഴൊക്കെ രണ്ട് പോരുകോഴികളെപ്പോലെ പരസ്പരം കണ്ണുകൊണ്ട് പോരുവിളിച്ചുകടന്നുപോകുന്നതൊഴിച്ചാൽ സംസാരം നന്നേ കുറവായിരുന്നു. പക്ഷേ പലപ്പോഴും ആ കണ്ണുകൾ ആർത്തിയോടെ തന്നിലെ പെണ്ണിനെ കൊത്തിവലിക്കുമ്പോൾ അറപ്പോടെ മുഖം ചുളിച്ചുപോയിരുന്നു.

അങ്ങനെ ഒരു വരവിനായിരുന്നു തന്റെ തലവര തന്നെ മാറ്റിമറിച്ച ആ സംഭവമുണ്ടായത്. മാനേജർ പുറത്തുപോയതോർക്കാതെ അയാളുടെ റൂമിലേക്ക് കയറിച്ചെല്ലുമ്പോൾ അവിടെ കണ്ട കാഴ്ച രക്തം തിളക്കാൻ പാകത്തിലുള്ളതായിരുന്നു. കടയിൽ വന്നശേഷം പരിചയപ്പെട്ട കുട്ടിയായിരുന്നു പാർവതി. പത്താംതരം മാത്രം വിദ്യാഭ്യാസമുള്ള ഒരു പൊട്ടിപ്പെണ്ണ്. അവളുടെ പതിഞ്ഞ പ്രകൃതമാണോ ആ കണ്ണുകളിലെ നിഷ്കളങ്കതയാണോ എന്നറിയില്ല ആദ്യം കണ്ടത് മുതൽ ഒരനിയത്തിയോടെന്നപോലെയുള്ള സ്നേഹവും വാത്സല്യവുമായിരുന്നു അവളോട്. ആ അവൾ അയാളുടെ കൈക്കുള്ളിലൊതുങ്ങി അയാൾക്ക് വിധേയയായി…… സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ കാഴ്ച.

” പാർവതി….. ”

ഒരലറലായിരുന്നു അത്. ആ വിളിയുടെ പ്രകമ്പനത്തിൽ ഞെട്ടി അയാളിൽ നിന്ന് മാറി തിരിഞ്ഞുനോക്കിയവളുടെ മിഴികൾ ഭയംകൊണ്ട് പിടവട്ടം തല്ലിയിരുന്നു. പക്ഷേ അയാളുടെ മുഖത്ത് ഭാവമാറ്റമൊന്നും തന്നെയുണ്ടായിരുന്നില്ല. വെപ്രാളത്തോടെ ചുരിദാറിന്റെ ഷാളിൽ വിരലുകൾ കൊണ്ട് ചുഴറ്റി പുറത്തേക്ക് നടക്കുമ്പോൾ തന്റെ മുന്നിലെത്തി അവളൊരുനിമിഷം തറഞ്ഞുനിന്നു. മുഖത്തേക്ക് നോക്കാതെ എന്തോ പറയാൻ ശ്രമിച്ചവളുടെ കാരണത്ത് ആഞ്ഞടിക്കുമ്പോൾ അവളിലും നൊന്തിരുന്നു എനിക്ക്. അത്രമേൽ ഞാനവളെ ഹൃദയത്തിൽ പേറിയിരുന്നുവെന്നത് ചിലപ്പോൾ അപ്പോഴാകാം ഞാൻ പോലും തിരിച്ചറിഞ്ഞത്. ഒരക്ഷരം തിരികെ മിണ്ടാതെ കവിൾ പൊത്തി നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് പുറത്തേക്കവളോടിമറയുമ്പോഴും എന്റെ മിഴികൾ അയാളിൽ തറഞ്ഞുനിന്നിരുന്നു.

” ഇനി തന്റെയൊരു നോട്ടമെങ്കിലും അവളിൽ വീണാലുണ്ടല്ലോ…… ”

ആ കണ്ണുകൾക്ക് നേരെ വിരൽ ചൂണ്ടി കത്തുന്ന പകയോടെ പറയുമ്പോൾ ദേഷ്യം കൊണ്ടൊ എന്തോ ശരീരമൊന്നാകെ വിറപൂണ്ടിരുന്നു. പറഞ്ഞിട്ടൊരു മറുപടിപോലും പ്രതീക്ഷിക്കാതെ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു കൈത്തണ്ടയിലാ ബലിഷ്ടമായ കൈ മുറുകിയത്. ഒറ്റവലിക്ക് ഒന്ന് കറങ്ങിയാ മാറിൽ ചെന്ന് വീഴുമ്പോഴേക്കും പകച്ചുപോയിരുന്നു. മിഴികളുയർത്തി ആ കണ്ണുകളിലേക്ക് നോക്കുമ്പോഴും ആകെയുണ്ടായിരുന്ന നൂലുവണ്ണമുള്ള സ്വർണവള ചളുക്കിക്കൊണ്ട്‌ ആ കരം കയ്യിലമർന്നിരുന്നു. അയാളുടെ ശരീരത്തിൽ നിന്നും പരന്ന വിലകൂടിയ പെർഫ്യുമിന്റെ കുത്തുന്ന മണം നാസികയിലേക്ക് തുളഞ്ഞുകയറി. കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ അയാളുടെ ഇടതുകൈ സാരിക്കുള്ളിലൂടെ ഇടുപ്പിലും അമർന്നിരുന്നു. ആ കരസ്പർശമറിഞ്ഞതും പൊള്ളിപ്പിടഞ്ഞുപോയിരുന്നു.

” രക്ഷകർത്താവ് അങ്ങനെയങ്ങ് പോയാലോ……ഈ ശൗര്യത്തിനൊരു സമ്മാനം വേണ്ടേ….. ”

ചോദിച്ചതും ഇടുപ്പിലെ പിടുത്തമൊന്നുകൂടി മുറുക്കി മുന്നോട്ടാഞ്ഞ് തന്റെ അധരങ്ങളുമായി അധരം കൊരുത്തുകഴിഞ്ഞിരുന്നു. ശരീരം ഞെരിച്ചുടച്ചുകൊണ്ട് തന്നെ കണ്ണുനിറയ്ക്കുന്ന നൊമ്പരത്തിന്റെ അകമ്പടിയോടെ അധരങ്ങളെ നുകർന്നെടുത്തു. ഇടയ്ക്കെപ്പോഴോ പൊട്ടിയ ചുണ്ടിൽ നിന്നും ചുംബനത്തിലലിഞ്ഞ രക്തത്തെയും ഭ്രാന്തമായ ആവേശത്തിലയാൾ നുകർന്നെടുത്തു. അപ്പോഴൊക്കെയും ആ വിരലുകൾ അടിവയറ്റിൽ നഖചിത്രം കോറിയിടുന്നതുമറിയുന്നുണ്ടായിരുന്നു. എപ്പോഴോ ഒരു ശക്തിയിൽ തള്ളി മാറ്റുമ്പോൾ അടിതെറ്റി പിന്നിലെ ടേബിളിലേക്ക് മറിഞ്ഞുവീണെങ്കിലും ഒരു വിജയിയുടെ പുഞ്ചിരിയായിരുന്നു അയാളുടെ മുഖത്ത്. തന്റെ ആത്മാഭിമാനത്തിന് മേൽ പുരണ്ട കറയായായിരുന്നു ആ ചിരി തോന്നിച്ചത്. അതുകൊണ്ട് തന്നെ നിവർന്നുനിന്ന് ഷർട്ടിലെ ചുളിവുകൾ നിവർക്കുന്നവന്റെ മുഖത്താഞ്ഞടിക്കുമ്പോൾ വല്ലാത്തൊരു കരുത്ത് തോന്നിച്ചിരുന്നു വലംകൈക്ക്. പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ ഒന്നുലഞ്ഞ് പോയിരുന്നു. കവിൾത്തടം കൈവെള്ളയിലമർത്തി നോക്കുന്നവനിൽ ആദ്യമമ്പരപ്പായിരുന്നുവെങ്കിൽ പിന്നീടത് ജ്വലിക്കുന്ന പകയായി മാറുന്നത് നോക്കി നിൽക്കുമ്പോൾ തന്നിലും വെറുപ്പിന്റെ അങ്ങറ്റമായിരുന്നു.

” ഡി നീ ചെവിയിൽ നുള്ളിക്കോ….. നീയിപ്പോ ചെയ്ത ഈ ധിക്കാരത്തിന് നീ കരയും. ഉള്ളുലഞ്ഞുതന്നെ കരയും. അമ്പാട്ടെ ദേവനാരായണന്റെ മുഖത്താ നീയിന്ന് കൈവച്ചത്. ഈ നിമിഷം നിന്നേ കൊന്ന് കുഴിച്ചുമൂടിയാലും എനിക്കൊരു പുല്ലും സംഭവിക്കില്ല. പക്ഷേ ഞാനത് ചെയ്യാത്തതെന്തിനാണെന്നറിയോ ???? നിന്നേയെനിക്ക് വേണം…..ഒരുരാത്രിയെങ്കിലൊരു രാത്രി നിന്റെയീ ശരീരത്ത് തീർക്കണമെനിക്കെന്റെ കലി മുഴുവനും…. ഒരുങ്ങിയിരുന്നോ നീ ആ രാത്രിക്ക് വേണ്ടി….. ”

കവിളിൽ കുത്തിപ്പിടിച്ച് കലങ്ങി മറിഞ്ഞ മിഴികളിലേക്ക് നോക്കി പറഞ്ഞിട്ട് കാറ്റിന്റെ വേഗതയിലായിരുന്നു വാതിൽ തുറന്ന് പുറത്തേക്ക് പോയത്. പിന്നിലാഞ്ഞടഞ്ഞ കതകിന്റെ സ്വരം കേട്ട് ചെവികൊട്ടിയടച്ചുകൊണ്ട് ഭിത്തിയിലേക്ക് ചാരി നിൽക്കുമ്പോൾ അതുവരെയുണ്ടായിരുന്ന ശൗര്യമെല്ലാം ചോർന്നുപോയി മിഴികൾ തൂവിയൊഴുകിയിരുന്നു. അന്നങ്ങനെ പറഞ്ഞ് കഴിഞ്ഞ് കൃത്യമെട്ടാം മാസം മകന്റെ വധുവായി ഈ ധരയെ ചോദിച്ച് അമ്പാട്ടെ സുഭദ്രാമ്മയീ പടി ചവിട്ടുമ്പോൾ ഉറപ്പിച്ചിരുന്നു പക പോക്കാനുള്ള ദേവനാരായണന്റെ പുതിയ തന്ത്രമാണതെന്ന്. പക്ഷെ പിന്നീടറിഞ്ഞു അതാ അമ്മയുടെ മാത്രം തീരുമാനമായിരുന്നുവെന്ന്. അല്ലെങ്കിലും ശത്രുവിനെ ഭാര്യയാക്കി പക പോക്കാൻ ഇത് കഥയും സിനിമയുമൊന്നുമല്ലല്ലോ ജീവിതമല്ലേ. അമ്പാട്ട് ദേവനാരായണന്റെയും ഈ ധരയുടെയും ജീവിതം…. ചിന്തകൾ ചരട് പൊട്ടിയ പട്ടംപോലെ എവിടെയൊക്കെയോ ഉഴറി നടക്കാൻ തുടങ്ങിയപ്പോഴാണ് സമയത്തേപ്പറ്റിയോർമ വന്നത്. പതിയെ എണീറ്റ് വിളക്ക് കൊളുത്താനൊരുങ്ങി.

പിന്നീടെല്ലാം വളരെ വേഗമായിരുന്നു. ദിവസങ്ങൾ കൊഴിഞ്ഞുതീരവേ തന്നെ വിവാഹത്തിന്റെ ഒരുക്കങ്ങളും നടന്നുകൊണ്ടിരുന്നു. എല്ലാകാര്യങ്ങളും കൃത്യമായി ചെയ്തുതീർക്കുന്നുണ്ടായിരുന്നുവെങ്കിലും അച്ഛന്റെയും അമ്മയുടെയും മുഖമെപ്പോഴും മ്ലാനമായി തന്നെ കാണപ്പെട്ടു. ഇടയ്ക്കൊക്കെ ആവലാതികൾ പങ്കുവച്ച അമ്മയേ ഒരു ചെറുചിരിയാലാശ്വസിപ്പിക്കുമ്പോഴും സമാധാനിക്കാൻ കഴിയാത്തത് പോലെ ആ പാവം വ്യാകുലപ്പെട്ടുകൊണ്ടേയിരുന്നു. സത്യത്തിൽ ഞാനീ ജീവിതത്തിലേറ്റവും വെറുക്കുന്ന അയാളുടെ താലിക്ക് വേണ്ടി ഇത്രത്തോളം വാശി പിടിക്കുന്നതെന്തിനാണെന്ന് എനിക്ക് പോലുമറിയില്ലായിരുന്നു….. ആ സ്ഥിതിക്ക് അമ്മയെ എങ്ങനെ കുറ്റംപറയും???

അമ്പാട്ട് നിന്നും തലേദിവസം തന്നെ കൊണ്ടുവന്ന് തന്നിരുന്ന സ്വർണനൂലുകൾ പാകിയ പട്ടുസാരിയുടുത്ത് ദേവനാരായാണന്റെ വാമഭാഗത്ത് നിൽക്കുമ്പോൾ എന്തുകൊണ്ടോ ഒരു നിസ്സഹായതയായിരുന്നു ഉള്ളിൽ നിറഞ്ഞിരുന്നത്.

” ഇവന് പിടിച്ചുകൊടുക്കുന്നതിൽ ഭേദമാ കൊച്ചിനെ വല്ല പൊട്ടക്കുളത്തിലും കൊണ്ട് താക്കുന്നതായിരുന്നു…. ”

ശ്രീകോവിലിലേക്ക് നോക്കി എന്ത് പ്രാർത്ഥിക്കണമെന്ന് പോലുമറിയാതെ മരവിപ്പോടെ നിൽക്കുമ്പോൾ പിന്നിൽ നിന്നും വന്ന കുശുകുശുപ്പ് കേട്ടുവെങ്കിലും ഒരു വെള്ളപ്പേപ്പർ പോലെ ശൂന്യമായ ഹൃദയത്തിൽ അതിനും സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. പൂജിച്ചുകൊണ്ടുവന്ന തടിച്ച ചെയ്നിൽ കൊരുത്ത താലി കഴുത്തിലേക്ക് ഏറ്റുവാങ്ങുമ്പോഴും ഒരു മരപ്പാവ കണക്കേയാ മിഴികളിലേക്കുറ്റുനോക്കി നിൽക്കാൻ മാത്രമേ കഴിയുന്നുണ്ടായിരുന്നുള്ളൂ. ആ താലിയുടെ കൊളുത്തുമുറുക്കി സീമന്തരേഖയിൽ സിന്ദൂരച്ചുവപ്പ് പടർത്തിയ ശേഷം എന്നിലേക്ക് തിരിഞ്ഞ ആ മുഖത്ത് പക്ഷെ ഒരു പുഞ്ചിരി വിടർന്നിരുന്നു. അന്ന് ആ അധരങ്ങൾകൊണ്ടെന്നെ കളങ്കപ്പെടുത്തിയ ശേഷം ആ മുഖത്ത് വിരിഞ്ഞ അതേ പുഞ്ചിരി. ധരയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ പാകത്തിനുത്ഭവിക്കപ്പെട്ട അതേ പുഞ്ചിരി….

താലികെട്ട് കഴിഞ്ഞേകമകളുടെ കൈയ്യവനിലേക്ക് ചേർത്തുനൽകുമ്പോൾ അച്ഛന്റെ മിഴികളിൽ നീർപൊടിഞ്ഞിരുന്നു. അത് പക്ഷെ സുമംഗലിയായ മകളെ കാണുമ്പോഴുള്ള ഒരച്ഛന്റെ ആനന്ദാശ്രുവായിരുന്നില്ല. പകരം കണ്മുന്നിൽ തകർന്നടിഞ്ഞേക്കാവുന്ന ഒരേയൊരു മകളുടെ ജീവിതമോർത്തുള്ള നൊമ്പരത്തിന്റെ കണ്ണുനീർ.

ചടങ്ങുകളൊക്കെ പൂർത്തിയാക്കി ദേവനാരായണന്റെ പാതിയായി അമ്പാട്ട് വീടിന്റെ പടി ചവിട്ടുമ്പോൾ എന്തിനെന്ന് പോലുമറിയാതെ അവളുടെ ഹൃദയം പിടഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. പക്ഷേ ഒന്നുറപ്പിച്ചിരുന്നു തോറ്റുകൊടുക്കില്ല എന്ന് മാത്രം. ഗ്രഹപ്രവേശത്തിന് ശേഷമെങ്ങോട്ടോ പോയ ദേവനാരായണൻ തിരികെയെത്തുമ്പോൾ രാത്രിയേറെയായിരുന്നു. അപ്പോഴേക്കും സുഭദ്രാമ്മയും ദേവനന്ദയും കൂടി പുതുമണവാട്ടിയുടെ പതിവ് വേഷത്തിലേക്കവളെ പരിവർത്തനപ്പെടുത്തിയിരുന്നു. ആ വേഷത്തിൽ ദേവനാരായണന്റെ മണിയറയിൽ അവനെയും കാത്തിരിക്കുമ്പോൾ തന്നോട് തന്നെ പുച്ഛം തോന്നുന്നുണ്ടായിരുന്നു ധരയ്ക്ക്.

” കാത്തിരുന്നുമടുത്തോ ധരിണീ ദേവനാരായണൻ ???? ”

മുന്നോട്ടിനിയെന്തെന്ന ഓർമയിൽ ഉഴറിയിരിക്കുകയായിരുന്ന അവളാ ചോദ്യം കേട്ടുകൊണ്ടായിരുന്നു മുഖമുയർത്തി നോക്കിയത്. അപ്പോഴേക്കും അവനവളുടെ തൊട്ടടുത്ത് വന്നുനിന്നിരുന്നു. പുച്ഛത്തോടെ ആ മുഖത്ത് നോക്കിയൊന്ന് ചിരിച്ചിട്ട്‌ അവൾ നോട്ടമെങ്ങോട്ടോ മാറ്റി.

” ജയിച്ചുവല്ലേ ???? ”

” മ്മ്ഹ്ഹ്….. ഇപ്പോഴല്ല ഈ താലിയിൽ നിന്നേ കുരുക്കിയ ആ നിമിഷം….. അപ്പോഴേ ഞാൻ ജയിച്ചു. ഇപ്പോൾ എന്റെ മണിയറയിൽ നീയിങ്ങനെ നിൽക്കുമ്പോൾ വീണ്ടും ജയിച്ചു…. ഒരു രാത്രി നിന്നേ മോഹിച്ച എനിക്കായി ഒരു ജന്മം മുഴുവൻ നീയിങ്ങനെ…. ഇതിൽപ്പരം എനിക്കിനിയെന്ത് പ്രതികാരമാണ് ബാക്കിയുള്ളത് ??? കഴിഞ്ഞു ധരാ….. നിന്നോടുള്ള എന്റെ പ്രതികാരം…. ഇപ്പൊ നിന്നോടെനിക്ക് പ്രതികാരമല്ല പ്രണയമാണ് തോന്നുന്നത് ….. ”

തുറന്നിട്ട ജാലകത്തിലൂടെ വീശിയടിച്ച കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളോടെ നിൽക്കുന്നവളുടെ ഇരുചുമലിലും പിടിച്ചുകൊണ്ട് അവൻ പറയുമ്പോൾ ജ്വലിക്കുകയായിരുന്നു അവളുടെ മിഴികൾ. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ ഉടലിനെ കൊത്തിവലിച്ചുതുടങ്ങിയിരുന്നു ദേവനാരായണന്റെ മിഴികളപ്പോൾ.

” തൊട്ടുപോകരുതെന്നെ….. ഒരുപാട് പെണ്ണുങ്ങളുടെ വിയർപ്പ് പുരണ്ട അമ്പാട്ടെ ദേവനാരായണന്റെ വിഴുപ്പ് പേറാൻ ഈ ധര ഇനിയൊരു ജന്മംകൂടി ജനിക്കണം….. ”

” ജയിച്ചുവല്ലേ ???? ”

” മ്മ്ഹ്ഹ്….. ഇപ്പോഴല്ല ഈ താലിയിൽ നിന്നേ കുരുക്കിയ ആ നിമിഷം….. അപ്പോഴേ ഞാൻ ജയിച്ചു. ഇപ്പോൾ എന്റെ മണിയറയിൽ നീയിങ്ങനെ നിൽക്കുമ്പോൾ വീണ്ടും ജയിച്ചു…. ഒരു രാത്രി നിന്നേ മോഹിച്ച എനിക്കായി ഒരു ജന്മം മുഴുവൻ നീയിങ്ങനെ…. ഇതിൽപ്പരം എനിക്കിനിയെന്ത് പ്രതികാരമാണ് ബാക്കിയുള്ളത് ??? കഴിഞ്ഞു ധരാ….. നിന്നോടുള്ള എന്റെ പ്രതികാരം…. ഇപ്പൊ നിന്നോടെനിക്ക് പ്രതികാരമല്ല പ്രണയമാണ് തോന്നുന്നത് ….. ”

തുറന്നിട്ട ജാലകത്തിലൂടെ വീശിയടിച്ച കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളോടെ നിൽക്കുന്നവളുടെ ഇരുചുമലിലും പിടിച്ചുകൊണ്ട് അവൻ പറയുമ്പോൾ ജ്വലിക്കുകയായിരുന്നു അവളുടെ മിഴികൾ. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ ഉടലിനെ കൊത്തിവലിച്ചുതുടങ്ങിയിരുന്നു ദേവനാരായണന്റെ മിഴികളപ്പോൾ.

” തൊട്ടുപോകരുതെന്നെ….. ഒരുപാട് പെണ്ണുങ്ങളുടെ വിയർപ്പ് പുരണ്ട അമ്പാട്ടെ ദേവനാരായണന്റെ വിഴുപ്പ് പേറാൻ ഈ ധര ഇനിയൊരു ജന്മംകൂടി ജനിക്കണം….. ”

തോളിലമർന്നിരുന്ന അവന്റെ കൈകൾ തട്ടിയെറിഞ്ഞുകൊണ്ട് പറഞ്ഞ അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകിയിരുന്നു അപ്പോൾ.

” ഒത്തിരിയങ്ങ്‌ വാശി പിടിക്കല്ലേ മോളെ….. ദാ ഇത് നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ നിമിഷം മുതൽ ഈ ദേവനാരായണന് സ്വന്തമാണ് നീ…..ഇപ്പോൾ കലി മൂത്ത് നിന്റെയീ മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പുതുള്ളിക്ക് പോലും ഈ ദേവനാരായണൻ മാത്രമാണവകാശി….. ”

അവളുടെ കഴുത്തിൽ കിടന്ന താലി മാല ഉയർത്തിയവളുടെ കണ്ണുകൾക്ക് മുന്നിൽ കാണിച്ച് പുച്ഛിച്ചുചിരിച്ചുകൊണ്ടവൻ പറഞ്ഞു. പക്ഷേ അപ്പോഴും തോറ്റുകൊടുക്കാൻ അനുവദിക്കുന്നതായിരുന്നില്ല അവളിലെ പെണ്ണിന്റെ വീര്യം. വീണ്ടും തന്നിലേക്കടുത്ത് ചേർത്ത് പിടിച്ചവനെ പിന്നിലേക്കാഞ്ഞ് തള്ളിമാറ്റി ചുവരരികിലേക്ക് മാറുമ്പോൾ വല്ലാത്തൊരു ഭാവമായിരുന്നു അവളുടെ മിഴികളിൽ തെളിഞ്ഞിരുന്നത്.

” എന്റെയൊരു വിരൽ തുമ്പിലെങ്കിലും തൊട്ടാലുണ്ടല്ലോ….. ”

വീണുപോയിടത്ത് നിന്നുമുയർത്തെണീറ്റ് ക്രൂരമായൊരു ചിരിയോടെ വന്നവന് നേരെ ടേബിളിലിരുന്ന കത്തിയെടുത്ത് വീശുമ്പോൾ അലറുകയായിരുന്നവൾ. സാരിയുലഞ്ഞ് മുടിയിഴകൾ പാറിപ്പറന്ന് കലങ്ങിമറിഞ്ഞ മിഴികളോടെ നിൽക്കുന്നവളെ നോക്കുമ്പോഴും അതേ ചിരി തന്നെയായിരുന്നു ദേവനാരായണനിൽ.

” ഈ പേനാക്കത്തി കണ്ടാൽ പേടിച്ച് മുണ്ടിൽ മുള്ളുന്നവനാണ് ഈ ദേവനാരായണനെന്നാണോ നിന്റെ ധാരണ ???? ”

ചിരിച്ചുകൊണ്ട് പിന്നിലെ കസേരയിലേക്ക് ചാഞ്ഞിരുന്ന് ചോദിക്കുമ്പോൾ പരിഹാസമായിരുന്നു അവന്റെ ചൊടികളിൽ.

” ഈ കത്തി നിനക്കാണെന്നാരുപറഞ്ഞു…..ഇതെനിക്ക് തന്നെയാ….. നിനക്ക് കീഴ്പ്പെടേണ്ടി വന്നാൽ സ്വയമില്ലാതാക്കാൻ ഞാൻ കരുതിവച്ചിരുന്നത്…. ”

വല്ലാത്തൊരു ദൃഡതയോടെ അവൾ പറഞ്ഞതും ചുണ്ടിലേക്ക് വച്ച സിഗരറ്റതേപടി വച്ചുകൊണ്ട് തന്നെ ദേവനവളിലേക്ക് നോക്കി.

” എന്താടി ഭീഷണിയാണോ ???? ”

” എന്റെ മുഖം കണ്ടിട്ട് വെറുമൊരു ഭീഷണിയാണെന്ന് തോന്നിയോ നിങ്ങൾക്ക് ??? എങ്കിൽ അമ്പാട്ടെ ദേവനാരായണന് തെറ്റി……നിങ്ങളുടെ ഒരു വിരലെങ്കിലുമെന്നിൽ സ്പർശിച്ചാൽ ആ നിമിഷം ഞാനെന്നേത്തന്നെ ഇല്ലാതാക്കും….. ”

അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന് പറയുമ്പോൾ വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു അവളുടെ സ്വരത്തിന്.

” വേണ്ടെഡീ പുല്ലേ…… ദേവനാരായണനത്ര ദാരിദ്ര്യമൊന്നുമില്ലെഡീ….. ഞാനൊന്ന് വിരൽ ഞൊടിച്ചാൽ നിന്നേപ്പോലെ നൂറെണ്ണമുണ്ടാകുമീ ദേവനാരായണന് കിടക്ക വിരിയ്ക്കാൻ…… പിന്നെ എന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഈ പേനാക്കത്തിയൊന്നും പോരാ മോളെ നിനക്ക്. ഞാനൊന്ന് മനസുവച്ചാൽ നീയുമെനിക്ക് വഴങ്ങും. പക്ഷേ നിനക്കറിയാത്ത ഒരു സ്വഭാവം കൂടിയുണ്ടെനിക്ക്….. സ്വന്തമിഷ്ടപ്രകാരമല്ലാതൊരു പെണ്ണിനെയും ഈ ദേവനാരായണൻ തൊട്ടശുദ്ധമാക്കിയിട്ടില്ല. അങ്ങനെയായിരുന്നില്ലെങ്കിൽ ഇപ്പോഴെന്റെ മുന്നിൽ നിന്ന് പരിശുദ്ധി പ്രസംഗിക്കാൻ നിനക്കതുണ്ടാകുമായിരുന്നില്ല….. മാറെഡീ പുല്ലേ…. ”

വലിച്ച് ബെഡിലേക്ക് തള്ളി വാതിൽ തുറന്ന് പുറത്തേക്കുപാഞ്ഞവനിലേക്ക് തിരിഞ്ഞുനോക്കുമ്പോഴേക്കും അവൻ മറഞ്ഞിരുന്നു. ആ രാത്രിയെങ്ങനെയൊക്കെയൊ വെളുപ്പിച്ച് പുലർച്ചെ തന്നെ കുളികഴിഞ്ഞവൾ താഴേക്ക് വരുമ്പോൾ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. നടുത്തളത്തിലെ ഊഞ്ഞാൽ കട്ടിലിൽ മലർന്നുകിടന്ന് ഉറങ്ങുന്ന ദേവനാരായണൻ. രാത്രി തന്നെ ഏതെങ്കിലും പെൺശരീരത്തിന്റെ ചൂട് തേടിയവൻ പോയിട്ടുണ്ടാകുമെന്നുള്ള ധാരണ തിരുത്തിക്കൊണ്ട്‌ കിടന്നിരുന്നവനെ അല്പനേരം നോക്കി നിന്നിട്ടവൾ അടുക്കളയിലേക്ക് നടന്നു.

അവിടെ സുഭദ്രാമ്മയുണ്ടായിരുന്നു. കുളി കഴിഞ്ഞ് ചന്ദനക്കുറിയണിഞ്ഞ്‌ പാചകത്തിൽ മുഴുകി നിൽക്കുന്ന അവരവൾക്കാദ്യമൊരൽഭുതമായിരുന്നു. വേലക്കാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത അമ്പാട്ട് തറവാട്ടിലങ്ങനെയൊരു കാഴ്ച അവൾ പ്രതീക്ഷിച്ചിരുന്നേയില്ല.

” ഇന്നലെയും വഴക്കിട്ടുവല്ലേ രണ്ടാളും ??? ”

ചിരിച്ചുകൊണ്ടെങ്കിലും ചോദിക്കുമ്പോൾ വേദന നിറഞ്ഞിരുന്നു ആ അമ്മയുടെ സ്വരത്തിൽ. എന്ത് പറയണമെന്നറിയാതെ നിൽക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു ധരയിലുമുണ്ടായിരുന്നതവർക്കായി. ഒരാഴ്ച എങ്ങനെയൊക്കെയൊ തള്ളി നീക്കി അമ്പാട്ട് സുഭദ്രാമ്മയുടെ വാക്കുകളെപ്പോലുമൊരു പുഞ്ചിരിയാലതിജീവിച്ച് പഴയ ആ ഹാൻഡ് ബാഗുമെടുത്ത് പതിവ് പോലെ തുണിക്കടയിലേക്കിറങ്ങുമ്പോൾ ഒരുതരം വാശിയായിരുന്നു. അമ്പാട്ട് ദേവനാരായണന്റെ ഭാര്യയെന്ന ആഡംബര പദവിയുടെ ചങ്ങലക്കെട്ടുകളിൽ ബന്ധിതമാവില്ല എന്ന വാശി. അതുവരെ ഒപ്പമുണ്ണുകയും ഒരുമിച്ചൊരു നാരങ്ങവെള്ളം പങ്കിട്ട് കുടിക്കുകയും ചെയ്തിരുന്നവരൊക്കെ ആദ്യദിവസമൊന്നറച്ചു. കൊച്ചുമുതലാളിയുടെ ഭാര്യക്കൊപ്പമിരിക്കാൻ. പക്ഷേ പതിയെ അതും മാറി. താൻ വീണ്ടുമവർക്കാ പഴയ ധര തന്നെയായി. പക്ഷേ അതിൽ പിന്നൊരു ദിവസം പോലും ദേവനാരായണനാ കടയിലേക്ക് വരാൻ മുതിർന്നിരുന്നില്ല. അമ്പാട്ട് വച്ചും പരസ്പരം കാണാനുള്ള അവസരങ്ങൾ ഇതുവരും മനഃപൂർവമൊഴിവാക്കിയിരുന്നു. രണ്ടുമുറികളിൽ പരസ്പരമുള്ള ബന്ധത്തെയോർത്ത് പുച്ഛിച്ചുചിരിച്ചുകൊണ്ട് ഇരുവരുമന്തിയുറങ്ങി. എല്ലാമറിഞ്ഞിരുന്നെങ്കിലും ഒരുവാക്കുകൊണ്ട് പോലുമവരുടെ ഇടയിലേക്ക് ചെല്ലാൻ മടിച്ച് സുഭദ്രാമ്മയും കഴിഞ്ഞു.

ദേവനാരായണൻ തന്റെ കുത്തഴിഞ്ഞ ജീവിതം തന്നെ തുടർന്നുപോന്നു. അതൊന്നും തന്നേ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന രീതിയിൽ അവളും. പക്ഷേ എന്തുകൊണ്ടൊ പ്രത്യേകിച്ചൊരു കാരണമില്ലാതെ തന്നെ പിന്നീടവളുടെ മുന്നിൽ മറ്റൊരു പെണ്ണിനെ ചേർത്തുപിടിക്കാൻ അവൻ ശ്രമിച്ചതേയില്ല. കാലവർഷവും മീനച്ചൂടും തുലാവർഷപ്പെയ്ത്തുമൊക്കെ വന്നുപോയ ഒരു വർഷം കൂടി കടന്നുപോയി. അതിനിടയിൽ ദേവനാരായണനും ധരയ്ക്കുമിടയിലുണ്ടായിരുന്ന ഏകനൂൽപ്പാലവുമറ്റുവീണു. പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ കടന്നുപോകുന്ന മകന്റെ ജീവിതമോർത്ത് എരിഞ്ഞെരിഞ്ഞൊടുവിൽ സുഭദ്രയെന്ന നാളവുമണഞ്ഞു. ആ വിയോഗം ദേവനെപ്പോലെ തന്നെ ധരയേയും വല്ലാതെ തളർത്തിയിരുന്നു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ തന്നെ ആ നൊമ്പരവും വിസ്മൃതിയിൽ ലയിച്ചു. 🍁🍁🍁🍁🍁🍁🍁 ” വൈഫാണല്ലേ…… കുട്ടിയോടിത് പറയാനെനിക്ക് വിഷമമുണ്ട്. പക്ഷേ…. ആസ് എ ഡോക്ടർ….. എനിക്ക് സത്യം തുറന്നുപറഞ്ഞേമതിയാകൂ…. ടോമോഗ്രാഫി റിസൾട്ട്‌ വന്നു. അമിതമദ്യപാനമൊരാളെയെത്തിക്കുന്ന ജീവിതത്തിന്റെയാ അവസാന മുനമ്പിൽ തന്നെ ദേവനാരായണനുമെത്തിച്ചേർന്നുകഴിഞ്ഞു. അയാൾക്ക്…… അയാൾക്ക് ലിവർസിറോസിസാണ്. കരളിന്റെ തൊണ്ണൂറ്റിയെട്ട് ശതമാനവും മദ്യമെരിച്ചുകളഞ്ഞുകഴിഞ്ഞു. ബാക്കി പറയണ്ടല്ലോ….. രക്ഷപെടുത്താനുള്ള അവസാന ചാൻസും നമുക്ക് നഷ്ടമായിക്കഴിഞ്ഞു. ”

രാവിലെ ഉണർന്നപടി രക്തം ഛർദിച്ച ദേവനാരായണനെ ഹോസ്പിറ്റലിലഡ്മിറ്റ് ചെയ്ത് ഡോക്ടർക്ക് മുന്നിലിരിക്കുകയായിരുന്നു ധര. അദ്ദേഹത്തിൽ നിന്നും വന്ന ഒരോ വാക്കുകളുമൊരുതരം മരവിപ്പോടെയായിരുന്നു അവൾ കേട്ടിരുന്നത്. ഇടയ്ക്കിടെ അവളുടെ വിരലുകൾ സാരിത്തുമ്പിൽ മുറുകിക്കൊണ്ടിരുന്നു.

” ഡോക്ടർ…. ”

” വിഷമിക്കരുതെന്ന് പറയുന്നില്ല….. പക്ഷേ സത്യം പറയാതെവയ്യല്ലോ…..വൈദ്യശാസ്ത്രത്തിനോ മരുന്നുകൾക്കൊ എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന സ്റ്റേജൊക്കെ കടന്നുപോയിരിക്കുന്നു. അതുകൊണ്ട് ഇനിയിവിടെ കിടത്തണമെന്നില്ല ഡിസ്ചാർജ് എഴുതാം. വീട്ടിലേക്ക് കൊണ്ടുപൊയ്ക്കോളൂ……. ”

മറുപടിയൊന്നും പറയാതെ മരവിച്ച അവസ്ഥയിലൊരു പാവയേപ്പോലെ പുറത്തേക്ക് നടക്കുന്ന ആ പെണ്ണിനെ നോക്കിയിരിക്കുമ്പോൾ ആ മധ്യവയസ്കന്റെ മിഴികളിലും കരുണയുടെയൊരു കടലലയടിച്ചിരുന്നു. അവൾ തിരികെയെത്തുമ്പോഴും ഒബ്സർവേഷൻ റൂമിലെ കട്ടിലിൽ മയക്കത്തിലായിരുന്നു ദേവൻ. വിവാഹം കഴിഞ്ഞൊരു വർഷത്തിന് ശേഷമാദ്യമായി ആ മുഖത്തേക്ക് തന്നൊരുനിമിഷം നോക്കി നിന്നവൾ.

കണ്ണുകൾക്ക് ചുറ്റും കറുപ്പ് പടർന്നിരിക്കുന്നു….. അധരങ്ങളിലെ രക്തവർമെങ്ങോ പോയ്‌മറഞ്ഞു…. മുഖത്തൊക്കെ ചുളിവുകൾ….. ആ ശരീരമാകെയൊന്നുഴിഞ്ഞ് നോക്കി നിൽക്കവേ അറിയാതെപ്പോഴോ അവളുടെ നോട്ടം കഴുത്തിലെ താലിയിലേക്ക് നീണ്ടു. അതേ സമയം തന്നെ അവനും കണ്ണ് തുറന്നവളെ നോക്കി.

” തീരാറായല്ലേ…. ഇനിയുമീ ആഭാസനെ സഹിക്കണ്ടല്ലോ നിനക്ക്…. സന്തോഷമായില്ലേഡീ കട്ടുറുമ്പേ….. ”

ഉച്ചത്തിൽ ചിരിച്ചുകൊണ്ടവൻ ചോദിച്ചു. അവനിൽ നിന്നും കട്ടുറുമ്പ് എന്ന വിളി കേട്ടതും എവിടേക്കോ നോട്ടമെറിഞ്ഞ് നിൽക്കുകയായിരുന്നവളൊരു പിടച്ചിലോടെ അവനിലേക്ക് നോക്കി. പക്ഷേ അപ്പോഴേക്കും ചുണ്ടിലെപ്പോഴുമുണ്ടാവാറുള്ള…..ഒന്നിനെയും കൂസാത്ത ദേവനാരായണനെന്ന തെമ്മാടിയുടെ പതിവ് ചിരിയോടവൻ പുറത്തേക്ക് നടന്നുകഴിഞ്ഞിരുന്നു. പക്ഷേ ആ പെണ്ണിന്റെ ഉള്ളിലെവിടെയോ പഴയ ഏതോ ഓർമകളുടെ വിത്തുകൾ മുളപൊട്ടിയിരുന്നു അപ്പോഴേക്കും. അതിന് ദാഹജലമേകാനെന്ന പോലെ ഒരുതുള്ളി മിഴിനീരാ പൊള്ളുന്ന മാറിലേക്കിറ്റുവീണു.

” എന്താ എന്റെ കട്ടുറുമ്പിവിടെ വന്നുപിണങ്ങിയിരിക്കുന്നേ ??? ”

തറവാട്ടുപറമ്പിൽ കളിക്കുന്ന കുട്ടികൾക്കിടയിൽ നിന്നും മാറി ചുണ്ട് പിളർത്തി പിണങ്ങിയിരിക്കുകയായിരുന്ന പെറ്റിക്കോട്ടണിഞ്ഞ ആ കുഞ്ഞിപ്പെണ്ണിന്റെ അരികിലേക്ക് വന്നിരുന്നുകൊണ്ടാണ് ആ കൊച്ചുപയ്യനത് ചോദിച്ചത്.

” ഞാൻ ദേവേട്ടനോട്‌ മിണ്ടില്ല….. പൊക്കോ എന്റടുത്തിരിക്കണ്ടാ…. ”

കുഞ്ഞിക്കവിൾ കൂടുതൽ വീർപ്പിച്ച് മുഖമൊരു വശത്തേക്ക് തിരിച്ചിരുന്നുകൊണ്ട് പരിഭവത്തോടെ പറയുമ്പോൾ ആ കുറുമ്പിയുടെ മുഖമാകെ പരിഭവം നിറഞ്ഞിരുന്നു.

” അയ്യോടാ എന്തുപറ്റിയെന്റെ കട്ടുറുമ്പിന് ??? കട്ടുറുമ്പല്ലെങ്കിൽ പിന്നാരാ ദേവേട്ടനോട്‌ മിണ്ടാനുള്ളത്…..”

ആ കുറുമ്പിപ്പാറുവിന്റെ ഭാവവും പറച്ചിലും ചിരിയുണർത്തിയെങ്കിലുമത് പുറത്ത് കാണിക്കാതെ വിഷമമഭിനയിച്ചുകൊണ്ട് ആ പതിനഞ്ചുകാരൻ ചോദിച്ചു.

” ന്നോട് മിണ്ടാൻ വരണ്ട ദേവേട്ടൻ….. പൊക്കോ…. മീനൂട്ടിയോട് മിണ്ടിക്കൊ….. ”

” അയ്യേ മീനൂട്ടിയോട് മിണ്ടിയാലും എന്റെ കട്ടുറുമ്പ് മിണ്ടാഞ്ഞാൽ ദേവേട്ടന് സങ്കടാവില്ലേ…..”

അവനത് പറഞ്ഞ് മുഖം ചുളുക്കിയിരുന്നതും പെണ്ണിന്റെ മുഖമൊന്ന് മാറി. അതുവരെ പിണക്കവും പരിഭവവും നിറഞ്ഞിരുന്നിടത്ത് സങ്കടഭാവം മൊട്ടിട്ടു.

” ദേവേട്ടൻ കരയണ്ടാട്ടോ ഞാം മിണ്ടാം. പെഷേ ദേവേട്ടനിനി മീനൂട്ടിയേ എടുക്കല്ലേ….. ”

” എടി കുശുമ്പിപ്പാറൂ അതവൾ വീണപ്പോ എടുത്തതല്ലേ….. ”

” വേണ്ട…..എന്നാലും വേണ്ട. ദേവേട്ടനെന്നെ മാത്രമെടുത്താൽ മതി…”

ഇരുന്നിരുന്ന വേരിൽ നിന്നെണീറ്റോടി വന്നവന്റെ കഴുത്തിൽ മുറുകെ കെട്ടിപ്പിടിച്ചേങ്ങലടിച്ചുകൊണ്ടാണ് ആ കുഞ്ഞിപ്പെണ്ണത് പറഞ്ഞത്.

” എന്നാ ശരി എന്റെ കട്ടുറുമ്പിനിഷ്ടമല്ലാത്ത അവളോടിനി ദേവേട്ടൻ മിണ്ടുക പോലുമില്ലാട്ടോ…. ”

അവളെ വാരിയെടുത്ത് കവിളിലേ കണ്ണീരൊപ്പി കുട്ടികൾക്കിടയിലേക്ക് നടക്കുമ്പോൾ അവനൊരു ചിരിയോടെ പറഞ്ഞു. അവന്റെ ചുമലിലേറി കളിക്കളത്തിലേക്ക് ചെല്ലുമ്പോൾ ഒരു യുദ്ധം ജയിച്ച ഭാവമായിരുന്നു അവളുടെ മുഖത്ത്.

” അതേയ് വീടെത്തി…..ദേവനാരായണനെന്ന ആഭാസനില്ലാത്ത ഭാവി സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ ഇറങ്ങിവാ…. ”

ദേവനാരായണന്റെ വാക്കുകളായിരുന്നു അവളെ ഓർമകളിൽ നിന്നും യാഥാർഥ്യത്തിലേക്ക് വലിച്ചിട്ടത്. അപ്പോഴേക്കും കാർ അമ്പാട്ട് വീടിന്റെ പോർച്ചിൽ നിശ്ചലമായിരുന്നു. അവന് മുഖം കൊടുക്കാതെ ഇറങ്ങി അകത്തേക്ക് പോകുമ്പോൾ ഉള്ളിന്റെ ഉള്ളിലെവിടെയോ കുഴിച്ചുമൂടിയിരുന്ന ഏതൊക്കെയോ വികാരങ്ങളവളിൽ പിടിമുറുക്കിയിരുന്നു. അവൾ നേരെ പോയത് അവന്റെ മുറിക്കെതിർവശത്തുള്ള തന്റെ മുറിയിലേക്കായിരുന്നു. ഉള്ളിൽ കേറി വാതിലടച്ചോടി കുളിമുറിയിലേക്ക് കയറി താഴേക്കുതിരുന്ന വെള്ളത്തുള്ളികൾക്ക് കീഴിൽ ശിരസ് നമിച്ചുനിന്നു. ആ വെള്ളത്തുള്ളികൾക്കൊപ്പം അവളിൽ നിന്നിറ്റുകൊണ്ടിരുന്ന മിഴിനീർ ചാലി ട്ടൊഴുകി.

” സത്യത്തിലെന്തായിരുന്നു തനിക്കാ മനുഷ്യനോട്‌ ???? പ്രണയം….. പ്രണയമായിരുന്നില്ലേ ??? പണ്ട് നാട്ടുവഴികളിലൂടെ വിരൽ ചേർത്തുപിടിച്ചുനടന്ന ദേവേട്ടനിൽ നിന്നും ദേവനാരായണനിലേക്കുള്ള അന്തരമേറെയായിരുന്നു. പഠനം പാതിവഴിയിലുപേക്ഷിച്ച് മദ്യത്തേ കൂട്ടുപിടിച്ചതറിഞ്ഞപ്പോഴും ഉത്സവപ്പറമ്പുകളിലെ കൂട്ടത്തല്ലിൽ അവന്റെ പേരുയർന്ന് കേട്ടപ്പോഴും ഞെഞ്ചുവിങ്ങിയിരുന്നു. പക്ഷേ ഏറ്റവും വേദനിപ്പിച്ചത് പണ്ട് കണ്ണീരിനാൽ തന്റേത് മാത്രമാക്കിയിരുന്ന….നെഞ്ചിലടക്കിപ്പിടിച്ചിരുന്ന കട്ടുറുമ്പിന്റെ മാത്രം ദേവേട്ടന്റെ ജീവിതത്തിൽ എണ്ണമറ്റ പെണ്ണുങ്ങൾ വന്നുപോയിരുന്നതറിഞ്ഞപ്പോഴായിരുന്നു. അമ്പാട്ടെ ദേവനാരായണന്റെ കുത്തഴിഞ്ഞ ജീവിതത്തിന്റെ ഓരോ കഥകൾ കേൾക്കുമ്പോഴും ഹൃദയത്തിൽ നിന്നും രക്തം ചിന്തുകയായിരുന്നില്ലേ…..കട്ടുറുമ്പിന്റെ മാത്രം ദേവേട്ടൻ മാറ്റാർക്കൊക്കെയോ സ്വന്തമാകുന്നതിലുള്ള പരിഭവവും വേദനയുമൊളിപ്പിക്കാനായിരുന്നില്ലേ അവന് മുന്നിലാ വെറുപ്പിന്റെ മൂടുപടമെടുത്തണിഞ്ഞിരുന്നത്. അന്ന്…. അന്നവനോട് ചേർന്ന് പാർവതിയേ കണ്ടപ്പോൾ നെഞ്ച് നിന്നുപോയിരുന്നില്ലേ…. വർഷങ്ങളായി ഹൃദയത്തിൽ മൂടി വച്ചിരുന്ന പ്രണയമായിരുന്നവന്റെ …… എന്നും കട്ടുറുമ്പിന്റെ മാത്രമായിരുന്ന ദേവേട്ടന്റെ നെഞ്ചോരം മറ്റൊരുവളെ കണ്ടതിന്റെ നൊമ്പരമായിരുന്നില്ലേ ആ കവിളിലാഞ്ഞടിക്കുമ്പോൾ കൈകൾക്ക് ബലം നൽകിയിരുന്നത്…..ആ കൈകൾക്കുള്ളിലൊതുങ്ങി ആ നെഞ്ചോരം ചേർന്നുനിൽക്കുമ്പോഴെപ്പോഴോ മോഹിച്ചുപോയിരുന്നില്ലേ വീണ്ടുമാ പഴയ കട്ടുറുമ്പാകാൻ….. അവൻ വിവാഹത്തിന് സമ്മതിച്ചതിന്റെ കാരണമിന്നുമന്യമാണ്….. പക്ഷേ ആ താലിക്ക് മുൻപിൽ തല കുനിക്കുമ്പോൾ മോഹിച്ചിരുന്നില്ലേ എന്നെങ്കിലുമൊരിക്കൽ ആ പഴയ കട്ടുറുമ്പും ദേവേട്ടനുമായൊരു ജീവിതം ??? അതേ ദേവനാരായണനെന്ന ആഭാസനെ ഈ ധര പ്രണയിച്ചിരുന്നു…. പ്രാണനേക്കാളേറെയാ കളിക്കൂട്ടുകാരനീ ധരയിൽ വേര് പാകിയിരുന്നു…. ”

നെറുകയിലേക്ക് കുളിർജലം ധാരയായൊഴുകിയിറങ്ങുമ്പോഴും നൊമ്പരചൂടിലുരുകിയൊലിക്കുകയായിരുന്നവളുടെ ഹൃദയം. ദിവസങ്ങൾ ഞെട്ടറ്റ് വീഴുന്ന ഇലകളെപ്പോലെ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ഒപ്പമെന്തെല്ലാമോ നഷ്ടമാകാൻ പോകുന്നുവെന്ന ആധിയവളിലും വളർന്നുകൊണ്ടിരിന്നു. പക്ഷേ ദിനങ്ങളെണ്ണി കാത്തിരിക്കുമ്പോഴും അവന്റെ ചുണ്ടിലെയാ ചിരി മായാതെ നിന്നിരുന്നു. ദേവനാരായണനെന്ന തെമ്മാടിയുടെ ദാർഷ്ട്യം തുളുമ്പുന്ന അതേ ചിരി.

” ധരാ….. ”

രാത്രി അവനാഹാരം നൽകി തിരികെപ്പോകാനൊരുങ്ങുമ്പോഴായിരുന്നു അപൂർവങ്ങളിലപൂർവ്വമായി മാത്രം അവനിൽ നിന്നും കേട്ടിരുന്ന ആ പേരവനുച്ഛരിച്ചത്. വിളി കേട്ടില്ലെങ്കിലും തിരിഞ്ഞുനിന്ന് ചോദ്യഭാവത്തിലവനെ നോക്കുമ്പോൾ ആ മുഖം ശാന്തമായിരുന്നു.

” ഇവിടെ…… ഇവിടെ കിടക്കുമോ നീയും ???? ഒന്നിനുമല്ല വെറുതെ…. വെറുതേയൊന്ന് ചേർത്തടക്കിപ്പിടിച്ച് കിടക്കാൻ…. സമയം തീരാറായപ്പോ ഒരു കൊതി….. ”

പറയുമ്പോൾ അവന്റെ വാക്കുകളെവിടെയൊക്കെയോ ഇടറിയിരുന്നു. മറുപടിയൊന്നും പറയാതെ അവൾ തിരികെ നടക്കുന്നത് കാണേ നിരാശ നിഴലിച്ച ആ മുഖം കണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കാനായിരുന്നു ധരയ്ക്കപ്പോൾ തോന്നിയത്. ജോലികളൊക്കെ ഒതുക്കി തിരികെ വന്ന് മരുന്നുമെടുത്തുനൽകി അവനെ കിടക്കയിലേക്ക് കിടത്തി ആ മുഖത്ത് നോക്കാതെ അരികിലേക്ക് കിടന്നവളെ അമ്പരപ്പോടെയാണവൻ നോക്കിയത്. പക്ഷേ അത് ശ്രദ്ധിക്കാതെ കവിളിൽ കൈ ചേർത്ത് വച്ച് മിഴികളടച്ചിരുന്നു അവൾ. ആർക്കുമാർക്കുമുറക്കം വരാതെ കടന്നുപോയ കുറേ നിമിഷങ്ങൾക്കൊടുവിലെപ്പോഴോ അവന്റെ കൈകൾ തന്നേ പൊതിഞ്ഞുപിടിച്ചതറിഞ്ഞിട്ടും ഒരു നോട്ടംകൊണ്ട് പോലും പ്രതികരിക്കാതെ അതേ കിടപ്പ് കിടക്കുമ്പോഴും ആ മിഴികളിൽ നിന്നിറ്റുവീഴുന്ന നീർത്തുള്ളികളവളെയൊന്നുകൂടി ചേർത്തുപിടിക്കാനവന്റെ കൈകൾക്ക് ശക്തി നൽകി.

” ധരാ….. നിന്നെ….. നിന്നോടെനിക്കെന്തോ ഒരു വാശിയായിരുന്നു. നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിമാല പോലും ഈ ദേവനാരായണന്റെ വിജയമായിരുന്നു. പക്ഷേ ഇപ്പോ….ഇപ്പോൾ നിന്നോടെനിക്ക്….. വിട്ടുപോകാൻ തോന്നുന്നില്ല പെണ്ണേ….. ഒറ്റയ്ക്കാക്കി പോകാൻ മനസനുവധിക്കുന്നില്ല….. ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കിലെന്ന് മോഹിച്ചുപോവുകയാ…. ”

പറഞ്ഞുകൊണ്ടവളുടെ സീമന്തരേഖയിലവൻ ചുണ്ടമർത്തുമ്പോൾ ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ മൊട്ടിട്ട ഒരേങ്ങൽ ചീളുകളായ് പുറത്തേക്ക് തെറിച്ചു. ആ ഉടലിനെ ചുറ്റിവരിഞ്ഞൊന്നാർത്ത് കരയാൻ മനസ് വെമ്പുമ്പോഴും എല്ലാം ഉള്ളിലടക്കി കിടക്കവിരിയിൽ വിരലമർത്തി അവൾ കിടന്നു. ഒന്ന് ശ്വാസം വിടാൻ പോലും ധൈര്യമില്ലാതെ. ഒരുപോളക്കണ്ണടയ്ക്കാതെ ഒരേങ്ങൽ പോലും പുറത്തുവരാതെ അവനായി കരഞ്ഞുതീർത്ത ആ പുലരിയുണരുമ്പോഴും ദേവനാരായാണന്റെ കൈകളവളിൽ മുറുകിയിരുന്നു. വെളുപ്പിനെപ്പോഴോ ഒന്ന് കണ്ണുമയങ്ങിയ അവളുണർന്ന് ആ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കുമ്പോൾ വല്ലാത്തൊരു സംതൃപ്തിയോടെ ഉറങ്ങിക്കിടക്കുകയായിരുന്നു അവൻ. പെട്ടന്ന് തോന്നിയൊരുൾ പ്രേരണയിൽ മുകളിലേക്കുയർന്ന് ആ നെറ്റിയിൽ അമർത്തി ചുംബിച്ചവൾ. പക്ഷേ പെട്ടന്ന് തന്നെ അവളുടെ ഉള്ളൊന്ന് കാളി. ഐസ് പോലെ തണുത്ത ആ ശരീരത്തിന്റെ കുളിര് തന്റെ അധരങ്ങളിലേക്കുമിഴഞ്ഞുകേറുന്നതൊരാന്തലോടവൾ തിരിച്ചറിഞ്ഞു.

” ദ്….. ദേവേട്ടാ….. ദേവേട്ടാ…. ”

വർഷങ്ങളായി നാവിനന്യമായ ആ പേരുച്ഛരിക്കുമ്പോൾ വല്ലാത്തൊരു വിറയൽ പിടികൂടിയിരുന്നവളെ. ഒരു ചലനവുമില്ലാതെ തണുത്തുറഞ്ഞ് കിടന്നിരുന്ന ആ ശരീരത്തേ പിടിച്ചുലച്ച് വീണ്ടും വീണ്ടും വിളിക്കുമ്പോൾ ആർത്തലച്ച് പെയ്തു തുടങ്ങിയിരുന്നു അവൾ. പക്ഷേ അപ്പോഴേക്കും ആ വിളിയൊന്ന് കേൾക്കാൻ പോലും കഴിയാത്തത്ര ദൂരത്തേക്ക് ആ ആത്മാവ് യാത്രയായിരുന്നു. 🍁🍁🍁🍁🍁🍁🍁 നാലുവർഷങ്ങൾ അതിവേഗമാണ് കടന്നുപോയത്. ഇന്ന് അമ്പാട്ട് വീടൊരു അനാഥലയമാണ്. ആരുമില്ലാത്ത ഒരുപാട് കുഞ്ഞുങ്ങൾക്ക് ആശ്രയമാകുന്ന ഒരു സ്ഥാപനം. ആ കുഞ്ഞുങ്ങൾക്കിടയിൽ ഇനിയൊരു ദേവനാരായണൻ കൂടിയുണ്ടാവാതിരിക്കാൻ അവർക്ക് കാവലായി അവർക്കിടയിൽ തന്നെ അവളുമുണ്ട് ധരിണി ദേവനാരായണനെന്ന ധര….. പ്രസവിക്കാതെ…. മുലയൂട്ടാതെ നൂറോളം കുഞ്ഞുങ്ങൾക്കിന്നവളമ്മയാണ്. ഒരുപാട് നിർബന്ധങ്ങൾക്കൊടുവിലും ഇന്നും ദേവനാരായണന്റെ മാത്രമാണവൾ….. അതേ അവൻ ആഭാസനാവാം വൃത്തികെട്ടവനാകാം…. പക്ഷേ അവന്റെ കട്ടുറുമ്പിനവന്റെ സ്ഥാനത്ത് മറ്റൊരുവനെ എങ്ങനെ സങ്കൽപ്പിക്കാനെങ്കിലും കഴിയും ??? അവൾ ജീവിക്കട്ടേ ആരെയും വകവയ്ക്കാത്ത ദേവനാരായണന്റെ പെണ്ണായ് തന്നെ…..

അവസാനിച്ചു….

( ധരയേ ഇങ്ങനെയവസാനിപ്പിക്കാനേ എനിക്ക് കഴിയൂ. ഒരു ശുഭപര്യവസാനത്തിനായി അവളോട് മറ്റൊരാളെ ചേർത്തുവയ്ക്കാൻ എന്തോ മനസനുവദിച്ചില്ല. കാരണം അവളെപ്പോലെ ആ ആഭാസനെ ഞാനുമിഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ അവൾ ജീവിക്കട്ടെ ദേവനാരായാണന്റെ പെണ്ണായ് തന്നെ….. ഒരുപാട് കാത്തിരിപ്പിച്ചു എന്നറിയാം മനഃപൂർവമായിരുന്നില്ല. എങ്കിലും എല്ലാവരോടും ഒത്തിരി സോറി. പിന്നെ കമന്റ് വന്നിരുന്നു ധരിണി എന്ന പേര് പോലും എന്റെ മനസിന്റെ വികലതയാണ് വ്യക്തമാക്കുന്നതെന്ന്. സ്ത്രീയേ ഭൂമിയോടുപമിക്കുന്ന വൃത്തികെട്ട മനോഭാവം. പക്ഷേ അങ്ങനെയായിരുന്നില്ല കേട്ടോ. ധര എന്ന ഒരു പേരിൽ നിന്ന് മാത്രം ഞാൻ തുടങ്ങിയതാണ് ഈ സ്റ്റോറി. ഇടയ്ക്കെപ്പോഴോ അതൊന്ന് പരിഷ്കരിച്ച് ധരിണി എന്നൊരു പൂർണരൂപം നൽകി. അല്ലാതെ മേൽപറഞ്ഞത് പോലെയുള്ള ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ദേവനാരായണണെന്റെ പുരുഷസങ്കൽപ്പമാണെന്ന് കേട്ടു. അതും സമ്മതിക്കുന്നു. ദേവനാരായണനെന്ന പേര് വന്നപ്പോഴേ ഇത് തന്നെയായിരുന്നു നായകസങ്കൽപ്പം. അതങ്ങനെ തന്നെ അവതരിപ്പിക്കുകയും ചെയ്തു. കാത്തിരുന്നവരോടും സപ്പോർട്ട് ആയിരുന്നവരോടുമെല്ലാം ഒത്തിരി ഒത്തിരി സ്നേഹം. ❤️❤️❤️)

രചന: അഭിരാമി അഭി

Leave a Reply

Your email address will not be published. Required fields are marked *