അന്ന് മുതൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞാനും ആരംഭിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: subitha shiji

🌹🌹 മകൾ 🌹🌹

നിറഞ്ഞ സദസിനു മുന്നിൽ നിൽക്കുമ്പോൾ അവൾക്കു വല്ലാത്തൊരു അഭിമാനം ആയിരുന്നു…. കഠിനാധ്വാനത്തിലൂടെ താൻ നേടി എടുത്ത വിജയം..

ആദ്യമായിട്ടുള്ള സ്വീകരണചടങ്ങ് ആണ് അതിന്റെതായ ചെറിയൊരു പേടി ഇല്ലാതില്ല.. എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി പ്രസരിപ്പോടെ അവൾ സംസാരിച്ചു തുടങ്ങി…

ഇപ്പോൾ നേടിയെടുത്ത വിജയത്തിലൂടെ മാത്രം എന്നെ അറിയാവുന്നവരായിരിക്കും ഇവിടെയുള്ളവരിൽ അധികവും പക്ഷെ ഞാൻ ആരായിരുന്നു… എങ്ങിനെ ഇവിടെ എത്തി എന്നും കൂടി നിങ്ങൾ അറിയണം …

അതിനായി ആദ്യം നിങ്ങളെന്റെ അമ്മയെ അറിയണം.. ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും എന്റെ അമ്മയെ അറിയാമായിരിക്കും..29 വർഷ ങ്ങൾക്ക് മുൻപ് എന്റെ അമ്മയും പത്രതാളുകളിൽ നിറഞ്ഞു നിന്നിരുന്നു… ഭർത്താവിനെ തലക്കടിച്ചു കൊന്നു ആ മൃതശരീരത്തോനോടൊപ്പം രണ്ടു ദിവസം കഴിഞ്ഞ മനോ നില തെറ്റിയ സ്ത്രീയെ അറസ്റ്റ് ചെയ്തു എന്നുള്ള വാർത്തയിലാണ് എന്റെ അമ്മ നിറഞ്ഞു നിന്നത്..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അമ്മുമ്മയോടൊപ്പം നാട്ടിൻപുറത്തു കഴിഞ്ഞ ഒരു പാവം അമ്പലവാസി കുട്ടി ആയിരുന്നു എന്റെ അമ്മ .. അമ്പലവും നാഗത്താൻകാവും അവളുടെ അമ്മുമ്മയും അതായിരുന്നു അവളുടെ ലോകം.. അവളുടെ അമ്മുമ്മ അമ്പലത്തിലെ അടിച്ചു തളിക്കാരിയായിരുന്നു.. അമ്പലത്തിലേക്കാവശ്യമായ പൂവ് നുള്ളിയും ദേവിക്ക് മാലാകെട്ടി കൊടുത്തും അമ്പലത്തറയിലും കാവിലും വിളക്ക് തെളിയിച്ചും അമ്മുമ്മയുടെ നിഴലായി നടന്നവൾ…

വിവാഹപ്രായമെത്തിയപ്പോൾ പ്രായമായ അമ്മുമ്മക്ക് ആധിയായിരുന്നു.. തന്റെ കൊച്ചുമകളെ സുരക്ഷിതമായി ആരെയെങ്കിലും ഏൽപ്പിക്കണം അത് മാത്രം ആയി ആ പാവത്തിന്റെ ചിന്ത… അങ്ങനെയൊരു ദിവസം ബ്രോക്കർ രാമൻകുട്ടി വന്നാണ് ആ വിവാഹകാര്യം അമ്മുമ്മയോട് പറയുന്നത് . അവർക്കു യാതൊരു ഡിമാൻഡും ഇല്ലെന്ന, പറഞ്ഞത്..എനിക്ക് പെട്ടെന്ന് ഇന്ദു കൊച്ചിന്റെ മുഖമാണ് മനസ്സിൽ തെളിഞ്ഞത് .. ഇത്തിരി ദൂരെന്ന, അത് കാര്യമാക്കേണ്ട നല്ല കാര്യമാ അവളെ അവൻ പൊന്നുപോലെ നോക്കിക്കോളും…അവർ വന്നു കാണട്ടെ എന്നും പറഞ്ഞു അയാൾ ഇറങ്ങി നടന്നു..

കല്യാണ തീയതി കുറിച്ചെങ്കിലും അത് കാണാൻ നിൽക്കാതെ അമ്മുമ്മ അവളെ വിട്ടുപോയി…ആ സങ്കടത്തിൽ നിന്നും കരകയറുന്നതിനു മുൻപേ തന്നെ അമ്പലത്തിൽ വെച്ച് മാലയിട്ട് അവൾ അവന്റെതായി മാറി…അമ്പലവും കാവും വിട്ടു പട്ടണത്തിലേക്കുള്ള പറിച്ചു നടൽ.. ആദ്യമൊക്കെ ഒരു പുതുമ തോന്നിയെങ്കിലും പതിയെ പതിയെ അവളുടെ ജീവിതത്തിലും ഇരുൾ പരന്നു തുടങ്ങി.. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഭർത്താവ്..അയാളുടെ ഉപദ്രവം അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..ചില ദിവസങ്ങളിൽ അയാൾ വീട്ടിൽ വരാറില്ലായിരുന്നു.. പലപ്പോഴും മുഴുപട്ടിണി…ആ ഒറ്റമുറി വീട്ടിൽ അവളും തളക്കപെടുകയായിരുന്നു.. ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ…. എല്ലാം സഹിച്ച് കഴിഞ്ഞു.. മിണ്ടാനും പറയാനും ആരുമില്ലാതെ സ്വയം സംസാരിച്ചും നാമം ജപിച്ചും സമയം ഉന്തിനീക്കി..അവൾ പോലും അറിയാതെ അവളുടെ സ്വാബോധം നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു…

ഒരു ദിവസം കുടിച് ലക്ക് കെട്ടു വന്ന ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ അവൾ കയ്യിൽ കിട്ടിയത് എന്തോ എടുത്തു അയാളുടെ തലയ്ക്കു അടിച്ചു .. മരിച്ചതറിയാതെ ആ ശവശരീരത്തോടൊപ്പം 2 ദിവസം കഴിഞ്ഞു…. ചിന്തകളുടെ അതിർ വരമ്പുകൾ ഭേദിച്ച് അവൾ ഒരു മുഴുഭ്രാന്തിയായി മാറിയിരുന്നു….

അപ്പോഴേക്കും ആ വിഷ ജന്തുവിന്റെ വിത്ത് അവളുടെ ഉള്ളിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു…മനോനില തെറ്റിയ അവൾക്കു അതും മനസിലാക്കാൻ പറ്റിയില്ല…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കോടതിയിൽ മാനസികാരോഗിയാണെന്നുള്ള പരിഗണന അവൾക്കും കിട്ടി.. അവളുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്തു മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റി…. അവിടെ വെച്ചായിരുന്നു എന്റെ ജനനം.. അമ്മയുണ്ടായിട്ടും അമ്മിഞ്ഞപ്പാലിന്റെ രുചി എന്താണെന്നു അറിയാതെ വളരേണ്ടി വന്നു ….എന്നെ കാണുന്നത് പോലും അമ്മക്ക് അറപ്പായിരുന്നു… അവിടത്തെ സിസ്റ്ററമ്മയുടെ ചൂടേറ്റാണു ഞാൻ വളർന്നത്….മറ്റുള്ളവർക്ക് ഞാൻ കണ്ണിലുണ്ണി ആയപ്പോൾ എന്റെ അമ്മ മാത്രം എന്നെ കാണുമ്പോൾ മുഖം തിരിച്ചു.. അവിടത്തെ നിയമം അനുസരിച് 1വയസു വരെ മാത്രമേ അവിടെ നിൽകാൻ പറ്റുമായിരുന്നുള്ളു. അവിടെനിന്നും മറ്റൊരിടത്തെക്കുള്ള യാത്ര..

പിന്നീട് അറിവ് വെക്കുന്നത് വരെ മറ്റൊരു അനാഥലയത്തിൽ ആയിരുന്നു.സ്വാതന്ത്ര്യം നഷ്ടപെട്ട നിറം മങ്ങിയൊരു ബാല്യം… ഓർമ വെച്ചപ്പോൾ മുതൽ അമ്മയെ തിരഞ്ഞു തുടങ്ങിയിരുന്നു….എന്നെ കാണാൻ വരുന്ന സിസ്റ്ററമ്മയിൽ നിന്നാണ് എല്ലാം ഞാൻ അറിഞ്ഞു തുടങ്ങിയത്…

പഠിക്കാൻ മിടുക്കി ആയത് കൊണ്ട് സിസ്റ്ററമ്മ തന്നെ എന്റെ സ്പോൺസർഷിപ് ഏറ്റെടുത്തു.. പ്ലസ്ടു കഴിഞ്ഞപ്പോളേക്കും അമ്മയിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരുന്നു.. ഒരു തവണ താൻ അവിടെ ചെന്നപ്പോൾ അമ്മ തന്റെ മുടിയിൽ തലോടി കെട്ടി പിടിച്ചു…അമ്മയുടെ ആദ്യത്തെ സ്പർശനം അന്ന് ഞാനും അമ്മയെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.. അസുഖം ഭേദമായതു കൊണ്ട് ദൂരെയുള്ള മറ്റേതോ അഗതി മന്ദിരത്തിലേക്കു അമ്മയെ മാറ്റാൻ പോകുകയാണെന്നു വാർഡൻ പറഞ്ഞു…

18 വയസാകുമ്പോൾ താൻ നിൽക്കുന്ന സ്ഥലത്തു നിന്നും തനിക്കും മാറേണ്ടി വരും..അമ്മയെ പറ്റി സിസ്റ്ററമ്മ പറഞ്ഞതിൽ കൂടുതലൊന്നും തനിക്കും അറിയില്ല…. അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ പലപ്പോഴും ഒന്നും പറഞ്ഞവസാനിപ്പിക്കാൻ പറ്റാറില്ലായിരുന്നു..കേൾക്കാനും പറയാനും ഒരുപാട് ഉണ്ടായിരുന്നു….പക്ഷെ അവിടെ നിന്നും ഇറങ്ങുമ്പോൾ എന്നും നിരാശയായിരുന്നു ഫലം.. സനാഥയായിട്ടും അനാഥയായി പോകേണ്ട വിധിയെ ഓർത്ത് ഒത്തിരി കരഞ്ഞിട്ടുണ്ട്…. അമ്മയുടെ മടിയിൽ തലച്ചേർത്തു വെച്ച് കിടക്കുന്നത് പലപ്പോഴും ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു..അനാഥാലയങ്ങളിൽ വയസ് മാനദണ്ഡമായതിനാൽ സ്വന്തമായി ഒരു താമസസ്ഥലം കണ്ടെത്തുന്നത് വരെ അമ്മയ്ക്കും തനിക്കും ഒരിക്കലും ഒന്നിച്ചു താമസിക്കാൻ പറ്റില്ല എന്ന് ഉറപ്പായിരുന്നു…അപ്പോഴും തന്നെ മുന്നിലേക്ക്‌ നയിച്ചത് സിസ്റ്ററമ്മയുടെ വാക്കുകളാണ്..ജന്മം നൽകിയയില്ലെങ്കിലും തന്നെ നെഞ്ചോട് ചേർത്തി വളർത്തിയ എന്റെ മറ്റൊരമ്മ …….നിനക്ക് നിന്റെ ലക്ഷ്യത്തിലേക്ക് എത്തി ചേരണമെങ്കിൽ കഠിനപ്രയത്നം ചെയേണ്ടീ വരും . നിന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചു കൊണ്ടുവരാൻ ഇന്ന് മുതൽ നീയും ശ്രമിച്ചു തുടങ്ങണം…. നാളത്തെ പുലരി നിനക്ക് കൂടി അവകാശപ്പെട്ടതായിരുക്കും..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അന്ന് മുതൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ഞാനും ആരംഭിച്ചു.. അതിനായി ആദ്യം ചെയ്തത് അമ്മയുടെ വാർത്തകൾ ഉള്ള പത്രതാളുകൾ എല്ലാം ശേഖരിച്ചു.. പോലീസ് ജീപ്പിൽ തലയും താഴ്ത്തി ഇരിക്കുന്ന അമ്മയുടെ രൂപംവല്ലാത്തൊരു നൊമ്പരമായിരുന്നു എങ്കിലും മനസ് എത്ര തളർന്നാലും ആ പത്രതാളുകൾ എനിക്ക് ഉന്മേഷം തന്നിരുന്നു .. പിജി ക്കു റാങ്ക് വാങ്ങിയപ്പോൾ ആണ് എന്റെ ലക്ഷ്യം ഐ എ എസ് ആണെന്ന് സിസ്റ്ററമ്മയോട് ആദ്യമായി പറയുന്നത്…. പിന്നെ അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ…ആദ്യത്തെ ശ്രമം പരാജയപെട്ടു എങ്കിലും കോച്ചിംഗിന് ഇടയിൽ വെച്ച് എനിക്ക് ഒരു സുഹൃത്തിനെ കിട്ടി… മാളവിക എന്ന എന്റെ മാളു..എന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞ അവൾ കളക്ടർ ആയിരുന്ന അവളുടെ അച്ഛന് എന്നെ പരിചയപ്പെടുത്തി …. പിന്നീട് വിജയകുമാർ സാറിന്റെ മേൽനോട്ടത്തിലായിരുന്നു എന്റെയും പഠനം….കഠിന പ്രയത്നത്തിലൂടെ അവസാനം അതും ഞാൻ നേടിയെടുത്തു….എന്റെ അമ്മക്ക് വേണ്ടി….ഇന്ന് എന്റെ അമ്മ എന്നോടൊപ്പം സുഖമായി ഇരിക്കുന്നു..എന്റെ അമ്മയുടെ മടിയിൽ തലവെച്ചു ഇപ്പോൾ ഞാനും ഉറങ്ങാറുണ്ട് … ഒരു സ്വപ്നം യഥാർത്ഥമാക്കിയ സംതൃപ്തിയോടെ….

നമ്മുടെ സമൂഹത്തിൽ സാഹചര്യം കൊണ്ട് തടവറയിൽ ആക്കപ്പെട്ട ഒരുപാട് അമ്മമാർ മക്കളെ പിരിഞ്ഞു ജീവിക്കുന്നുണ്ട്….രണ്ടിടത്തായി ജീവിതം ജീവിച്ചു തീർക്കുന്നവർ…. അങ്ങനെയുള്ളവർക്ക്‌ പ്രായഭേദമന്യേ ഒരുമിച്ചു ജീവിക്കാനായി ഒരിടം എനിക്ക് അവർക്കായി ഒരുക്കണം.. സിസ്റ്ററമ്മ തന്ന സംരക്ഷണവും പ്രോത്സാഹനവും ഒത്തിരി പേർക്കായി എനിക്ക് തിരിച്ചു നൽകണം..വിജയകുമാർ സാറിനെപോലെ ഒരുപാട് പേർക്ക് വഴികാട്ടി ആവണം…..മാളൂനെ പോലെ മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാക്കി ചേർത്ത് പിടിക്കുന്ന നല്ലൊരു സുഹൃത്ത് ആയി മാറണം അങ്ങനെയങ്ങിനെ ഒത്തിരി ഒത്തിരി സ്വപ്‌നങ്ങൾ… ആ സ്വപ്‌നങ്ങൾ ഒക്കെയും യാഥാർഥ്യം ആക്കാനായി നേടിയെടുത്തതാണ് എന്റെ ഈ കളക്ടർ പദവി… സ്വന്തമായി ഒന്നും ഇല്ലെങ്കിൽ കൂടിയും നിങ്ങളുടെ ലക്ഷ്യം അത്രമേൽ തീവ്രമാണെങ്കിൽ നിങ്ങളത് നേടിയെടുക്കുക തന്നെ ചെയ്യും….

ഇപ്പോൾ നിങ്ങൾക്കെന്നെ വ്യക്തമായി മനസിലായി കാണുമെന്നു വിശ്വസിക്കുന്നു.. ഞാൻ പെറ്റമ്മയുടെയും പോറ്റമ്മയുടെയും മകൾ അഭിനിത….. ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: subitha shiji

Leave a Reply

Your email address will not be published. Required fields are marked *