തന്നെ ചേർത്ത് പിടിച്ചപ്പോൾ ഞെട്ടി ആ മുഖത്തേക്ക് ഒന്ന് നോക്കി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദേവ സൂര്യ

“”ഇത് രണ്ടു പരിപ്പുവടയാണ്… ഇയാൾ കഴിച്ചോളു…””

ബൈക്ക് നിർത്തി ഉമ്മറത്തേക്ക് കയറി വന്നവൻ അവൾക്കായി നീട്ടിയപ്പോൾ…വിടർന്ന കണ്ണുകളോടെ അയാളെയും കയ്യിലെ പൊതിയിലേക്കും മാറി മാറി നോക്കി…അവളുടെ നോട്ടം ശ്രദ്ധിക്കാതെ ഉള്ളിലേക്ക് പോകുമ്പോളും ആദ്യമായി ഏറെ ഇഷ്ട്ടമുള്ള കളിപ്പാട്ടം കിട്ടിയ കുഞ്ഞിന്റെ സന്തോഷമായിരുന്നു അവളിൽ…

“”ദാ നോക്കമ്മേ… ദേവേട്ടൻ കൊണ്ട് വന്നതാ എനിക്ക് വേണ്ടി…””

അവസാനത്തെ വാക്കുകൾ വല്ലാതെ നേർത്തിരുന്നു… അമ്മയുടെ കയ്യിൽ ഒരെണ്ണം വെച്ച് കൊടുത്ത് ചൂട് പരിപ്പുവട പകുതിയായി മുറിച്ചു… ആവി പറക്കുന്ന പരിപ്പുവടയിലേക്ക് കൗതുകത്തോടെ ഒന്നൂതി…ഒരു നിമിഷം ആ പഴയ പാവാടക്കാരിയായി മാറിയ പോലെ തോന്നിയവൾക്ക്… വലത് കയ്യിലെ പരിപ്പുവടയുടെ കഷ്ണം മുറുക്കെ പിടിച്ച് പുറത്തേക്ക് നടന്നു…

“”ദേവേട്ടന് കൊടുത്തിട്ട് വരാമേ…””

പിന്തിരിയാതെ ഓടുന്നതിനിടക്ക് പറയുന്നത് കേൾക്കെ ആ അമ്മയിൽ നേർത്ത പുഞ്ചിരി വിരിഞ്ഞു… ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…

“”നിക്ക് വേണ്ട… നീ കഴിച്ചോ…””

ആട്ടുകട്ടിലിൽ മലർന്ന് കിടക്കുന്നവന്റെ അരികിലേക്ക് മടിച്ചു മടിച്ചാണ് ചെന്നത്…എപ്പോളും ഇങ്ങനെയാണ് ആ മുഖം കാണുമ്പോൾ വല്ലാത്ത പരിഭ്രമം വന്നു നിറയും… കല്യാണം ആലോചിച്ചു വരുമ്പോൾ ദല്ലാൾ പറഞ്ഞിരുന്നു പ്രമുഖ എഴുത്തുകാരൻ ശിവദേവ് ആണ് പയ്യൻ… കല്യാണം നടന്നാൽ ഭാഗ്യമാണ് എന്ന്…അന്ന് വീട്ടിൽ വന്നു ഉത്സാഹത്തോടെ ഉള്ള അച്ഛന്റെ വാക്കുകൾ കേൾക്കെ ആ ഇരുപത്കാരിയിൽ കൗതുകമായിരുന്നു… കൂട്ടുകാരികൾ പറഞ്ഞറിയാം ശിവദേവ് എന്ന എഴുത്തുകാരനെ പറ്റി… യുവത്വത്തിന്റെ ആരാധനപാത്രം… പലരും കാണാൻ പോലും ആഗ്രഹിക്കുന്ന വ്യക്തി…അങ്ങനൊരുവൻ വെറും ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കുക എന്നത് തന്നെ നടക്കാത്ത കാര്യമാണ് എന്ന് പറഞ്ഞ് ചിരിച്ചു തള്ളി…

പെണ്ണ് കാണൽ കഴിഞ്ഞു പോകുമ്പോളും…നേർത്ത ചിരിയോടെ അതൊരു അടഞ്ഞ അധ്യായമാണ് വിചാരിച്ചിരുന്നു അവൾ… പക്ഷെ പിന്നീട് ചെക്കനും വീട്ടുകാർക്കും സമ്മതമാണെന്ന ദല്ലാളിന്റെ മറുപടിയും വിവാഹവും പെട്ടെന്നായിരുന്നു… ഒന്ന് ചിന്തിക്കും മുൻപ് എഴുത്തുകാരന്റെ ഭാര്യ എന്ന തലകെട്ട് വന്നിരുന്നു…ആ വലിയ നാലുകെട്ടും ആചാരങ്ങളുമെല്ലാം തനിക്ക് കൗതുകമായിരുന്നു… അവളെക്കാൾ പത്ത് വയസ്സ് മുതിർന്നതാണ്… അങ്ങിങ്ങായി നേർത്ത വെളുത്ത മുടികൾ ഉള്ളവൻ…അധികം സംസാരിക്കാത്ത പ്രകൃതം… അല്ല ഒട്ടും മിണ്ടാറില്ല എന്നതാണ് സത്യം…ഇടക്കെപ്പോളോ ചെറിയ നോട്ടങ്ങൾ മാത്രം നൽകാറുണ്ട്…. അധിക നേരവും ആ മേശമേൽ ഇരുന്ന് എന്തെല്ലാമോ കുത്തികുറിക്കുന്നത് കാണാം…പേടികൊണ്ടെന്നോ ബഹുമാനം കൊണ്ടെന്നോ പോലെ അവൾ മിഴികൾ ഉയർത്തി നോക്കാറില്ല… കിടക്കുമ്പോൾ പോലും ആൾ ഉറങ്ങും വരെ അമ്മയുടെ കൂടെ ആയിരിക്കും…

ഒരിക്കൽ മുറി വൃത്തിയാക്കും നേരം കൗതുകം കൊണ്ടാ പുസ്തകങ്ങൾ എടുത്ത് മറിച്ചു നോക്കി… അശ്വതി… ആ പേര് പലയിടങ്ങളിൽ കണ്ടു… “”ചിലയിടങ്ങളിൽ നേർത്ത പുഞ്ചിരിയോടെ… ചിലയിടങ്ങളിൽ കൗതുകത്തോടെ… ചിലയിടങ്ങളിൽ അത്രമേൽ സ്നേഹത്തോടെ….വാത്സല്യത്തോടെ…. വിടർന്ന പ്രണയത്തോടെ….. ഒടുവിൽ നേർത്ത വിരഹത്തോടെ….'”

“”അവൾക്ക് ചിലങ്കയുടെ താളമായിരുന്നത്രെ… ആരാധികമാരിൽ എഴുത്തുക്കാരന്റെ ഹൃദയം കവർന്നവൾ… പല പുസ്തകങ്ങളിലും അവനവളെ കോറിയിട്ടു… നേർത്ത സീമന്ദരേഖ ചുവപ്പിക്കും സിന്ദൂരം പോലെ പ്രണയം നിറച്ചും…അവളുടെ നെറ്റിയിലെ ചന്ദനക്കുറിയുടെ ഗന്ധമുള്ള വാത്സല്യം കൊണ്ടും… കണ്ണിലെ കരിമഷി പോലെ കറുത്ത മാഷിയാൽ അവൻ അവൾക്കായി കവിതയെഴുതി…. “”

അവളുടെ നേർത്ത തേങ്ങലോടെ ആ ഡയറി അവസാനിച്ചിരുന്നു… അവരുടെ മൗനമായുള്ള പ്രണയത്തിന്റെ അവസാനമായിരുന്നു അതെന്ന് ആ ഇരുപത്കാരിക്ക് മനസ്സിലായിരുന്നു…

“”വെറുതെ അല്ല ആശാൻ അമ്പിനും വില്ലിനും എടുക്കാതെ ഇങ്ങനെ ഒറ്റയാനായി നടക്കുന്നത്… “”

കല്യാണം കഴിഞ്ഞ അന്ന് മുതൽക്കെ തനിക്ക് തോന്നിയ സംശയങ്ങൾ ശെരിയെന്ന പോലെ അവളൊന്ന് നെടുവീർപ്പിട്ടു… ആ മിഴികളിൽ മിഴിനീർ പൊടിഞ്ഞിരുന്നു…

അറിഞ്ഞതെല്ലാം സംശയം എന്നപോലെ അമ്മയോട് ചോദിച്ചു… അമ്മയ്ക്കും അശ്വതി എന്ന കുട്ടിയെ കുറിച്ചൊന്നും അറിവില്ലായിരുന്നു.. ഒന്നറിയാം അമ്പലത്തിൽ വെച്ച് തന്നെ അമ്മക്ക് കണ്ടപ്പോൾ ഇഷ്ട്ടപെട്ടത് കൊണ്ടാണ് താനിന്ന് ഇവിടെയിങ്ങനെ… അവളുടെ കണ്ണുകൾ വീണ്ടും എന്തിനോ വേണ്ടി നിറഞ്ഞു…ദിവസങ്ങൾ പോകെ ആൾക്ക് വേണ്ടത് ചെയ്യാൻ മാത്രമായി അവൾ ചുരുങ്ങി…ആൾക്ക് ഇഷ്ട്ടപെട്ട മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി മാറി നിൽക്കുമ്പോൾ.. അത് ആസ്വദിച്ചു കഴിക്കുന്നവനെ വിടർന്ന കണ്ണുകളോടെ നോക്കും…പാതിയുറക്കത്തിൽ എപ്പോഴെങ്കിലുമൊക്കെ തന്നരികിലേക്ക് നീളുന്ന ആ കൈകൾക്ക് മേൽ അത്രമേൽ പ്രണയത്തോടെ ഒന്ന് തൊടും…ഇടക്ക് ആരും കാണാതെ ആ ഡയറികൾ വീണ്ടും മറിച്ചു നോക്കും… അശ്വതി എന്നെഴുതിയതിൽ നേർത്ത കുശുമ്പോടെ വിരലോടിക്കും… പരിഭവത്തോടെ ചുണ്ട്കോട്ടി ഡയറി മടക്കി വെക്കും…

“”നമുക്ക് ഒന്ന് പുറത്ത് പോയാലോ??… ഇയാൾ ഇത് വരെ ട്രെയിനിൽ കയറിയിട്ടില്ലലോ… ട്രെയിൻ യാത്ര നല്ല ഇഷ്ട്ടമാണ് ന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്… പോയാലോടോ…??

ഒരിക്കൽ…അടുപ്പിൽ തിളച്ച് മറിയുന്ന സാമ്പാറിലേക്ക് തവിയിട്ട് ഇളക്കി…എരിയുന്ന കനലിലേക്ക് ഊതുമ്പോൾ പിന്നിൽ നിന്ന് കേട്ട സ്വരത്തിന് ഞെട്ടലോടെ തിരിഞ്ഞു നോക്കി…

“”എ… എന്താ…””

ഉള്ളിലെ ആകാംഷയും പതർച്ചയും മറച്ച് പുകയുന്ന അടുപ്പിൽ നിന്ന് കണ്ണുകൾ മാറ്റി അവനെ നോക്കി…

“”പുറത്ത് പോവാൻ ഇഷ്ടമല്ലേ നിഹക്ക്..??””

മറുചോദ്യം ചോദിച്ചപ്പോൾ ആ നോട്ടത്തെ നേരിടാനാവാതെ കണ്ണുകൾ മെല്ലെ പതർച്ചയോടെ താഴ്ത്തി… കൈ വിരലുകൾ നേര്യതിന്റെ തുമ്പിൽ അമർന്നു…

“”മ്മ്മ്മ്ഹ്ഹ്…””

നേർത്ത മൂളൽ നൽകുമ്പോളേക്കും ആൾ പടി കടന്ന് പോയിരുന്നു…ഒരു നിമിഷം വേണ്ടി വന്നു നടന്നതെന്തെന്ന് ഓർത്തെടുക്കാൻ… നിഹ… ആദ്യമായാണ് ആ പേര് വിളിക്കുന്നത്…കൈയ്യിലെ തവി വീതനയിൽ വെച്ച് കൊച്ചു കുട്ടിയെ പോലെ പിന്നാലെ ഓടി ചെന്നു…

“”ശെ… ശെരിക്കും കൊണ്ടൊവോ… ന്നെ പറ്റിക്കാൻ അല്ലാലോ…””

ആദ്യമൊന്ന് മടിച്ചെങ്കിലും… ഉള്ളിൽ നിന്ന് പൊങ്ങിയറന്ന സന്തോഷം മറക്കാതെ ചോദിച്ചു…

“”ആഹ്ഹ്ഹ് ന്നെ… നിഹ ഒരുങ്ങിക്കോളൂ….””

മേശമേൽ നിന്ന് എന്തോ എടുക്കുന്നതിനിടക്ക് നോക്കാതെ തന്നെ മറുപടി വന്നപ്പോൾ… അവൾക്കൊന്ന് പോയി ഇറുകെ പുണരണമെന്ന് തോന്നി…ആ കവിളുകൾ പിടിച്ചു വലിക്കണമെന്ന് തോന്നി…

“”അമ്മേ… ന്നെ തീവണ്ടീല് കൊണ്ടോവാ ന്ന് പറഞ്ഞുല്ലോ…””

ഓടി ചെന്ന് ആ ചുളിവ് വീണ കവിളിൽ മെല്ലെ മുത്തി കൊഞ്ചി പറയുമ്പോൾ ആ കൈകളും സ്നേഹത്തോടെ മുടിയിഴകളിൽ തലോടിയിരുന്നു…

“”നിക്ക് പേടിയാ ട്ടോ കേറാൻ… കാലെങ്ങാനും വഴുതി ഞാൻ താഴോട്ട് വീണാലോ..??””

അപ്പുറത്ത് നിന്ന് അടക്കിയ ചിരി കേട്ടപ്പോൾ ആണ് പറഞ്ഞതിനെ പറ്റിയോർത്തത്… കല്യാണത്തിന് ശേഷം ആളോട് ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്ന് ജാള്യതയോടെ ഓർത്തു…ട്രെയിനിന്റെ ചൂളം വിളി കേൾക്കെ വെപ്രാളത്തോടെ പിടഞ്ഞെണീറ്റു…

“”ഹേയ് ദേവ..…””

പിന്നിൽ നിന്നൊരു ശബ്‌ദം കേൾക്കെ തിരിഞ്ഞു നോക്കി… വെളുത്ത് മെലിഞ്ഞൊരു പെൺകുട്ടി… ടോപ്പും ലെഗ്ഗിസ്സുമാണ് വേഷം…കണ്ണുകൾക്ക് വല്ലാത്ത തിളക്കം പോലെ… ആ ചുണ്ടുകളിൽ ഒരായിരം കഥകൾ മറഞ്ഞിരിക്കുന്നപോലെ പാറി പറക്കുന്ന മുടിയിഴകൾ ഇടക്ക് ഒതുക്കി വെക്കുന്നുണ്ട്…അവൾക്കൊപ്പം ഒരു ചെറുപ്പക്കാരനുമുണ്ട്…

“”എന്റെ വൈഫിനെ പരിചയപെട്ടില്ലല്ലോ… ഇതാണ് എന്റെ നിഹാര…””

തന്നെ ചേർത്ത് പിടിച്ചപ്പോൾ ഞെട്ടി ആ മുഖത്തേക്ക് ഒന്ന് നോക്കി… തൊളിൽ പിടി വീണ കൈകൾക്ക് വല്ലാത്ത മുറുക്കം പോലെ…തന്നെ അപ്പോളാണ് അവരും ശ്രദ്ധിക്കുന്നതെന്ന് തോന്നുന്നു… ആ കുട്ടിയുടെ മുഖത്ത് നേരിയ പുച്ഛം നിറഞ്ഞത് വ്യക്തമായി കണ്ടു…നേർത്ത ഷാംപൂ മണക്കുന്ന തൊലറ്റം വെട്ടിയ ഭംഗിയുള്ള അവളുടെ മുടിയും… കാച്ചിയ വെളിച്ചെണ്ണയാൽ ഒട്ടിയ തന്റെ മുടിയും കാൺകെ മനസിലാക്കാം ആ മുഖഭാവത്തിനുള്ള കാരണം…അവർക്കായി നേർത്ത പുഞ്ചിരി സമ്മാനിക്കുമ്പോളേക്കും ട്രെയിൻ മുൻപിൽ നിർത്തിയിരുന്നു….

“”അവരാരാണ് ദേവേട്ടന്റെ ഒപ്പം പഠിച്ചതാണോ??..””

ട്രെയിനിൽ കേറി ജനലിനരികിൽ സീറ്റുറപ്പിച്ച് ഉള്ളിലെ സംശയം വളരെ നേർത്ത സ്വരത്തിൽ അരികിലിരിക്കുന്നവനോടായി ചോദിച്ചു…

“”ഹേയ് അല്ല… എന്റെ എഴുത്തുകൾ ഇഷ്ട്ടപെടുന്ന ഒരു കുട്ടിയാണ്… പേര് അശ്വതി…””

ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ ആദ്യമായി എന്നപോലെ ആ താടിക്കിടയിലൂടെ നുണക്കുഴി വിരിഞ്ഞു…

“”ഹാ സംശയിക്കണ്ടടോ… താൻ ഒളിച്ചും പാത്തും ഡയറിയിൽ നിന്ന് വായിച്ചെടുത്ത അശ്വതി തന്നെ…””ആ ശബ്‌ദം ശാന്തമായിരുന്നു….

“”ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ… ദേവേട്ടൻ എഴുതിയത് പോലെ ചിലങ്കയുടെ താളമുള്ളവൾ…””

ട്രെയിനിന്റെ ചൂളം വിളിയെ കീറിമുറിച്ച് പറയുമ്പോൾ തന്റെ ശബ്‌ദം വല്ലാതെ നേർത്തിരുന്നു… കണ്ണുകൾ എന്തിനോ എന്നപോലെ നിറഞ്ഞിരുന്നു…. മെല്ലെ കൈകവിരലുകൾ ആ കമ്പികളിൽ കോർത്തു.. വേഗത്തിൽ ഓടി മറയും വിദൂരത്തിലേക്ക് മെല്ലെ മിഴികൾ പായിച്ചു…എന്തോ ഒരു ശൂന്യത നിറയുന്ന പോലെ….

“”ഭംഗി ഒക്കെയുണ്ട്… പക്ഷെ രണ്ടു വർഷം പ്രണയിച്ച് ഒരെഴുത്തുകാരനെ വേണ്ട എന്ന് പറഞ്ഞ് മറ്റൊരുത്തൻ വന്നപ്പോൾ ഇട്ട് പോയവളെക്കാളും ഭംഗി ഇന്ന് ദേ കാച്ചെണ്ണയുടെ മണമുള്ള ഈ മുടിയിഴകൾക്കുണ്ട്….”” ആ വാക്കുകൾ കേൾക്കെ വിടർന്ന കണ്ണുകളോടെ തിരിഞ്ഞു നോക്കി…

“”സത്യാടോ…ആ ചിലങ്കയുടെ താളത്തേക്കാളും ഞാൻ ഇന്നീ നീഹാരത്തെ പ്രണയിക്കുന്നു… ഒളിച്ചും പാത്തും എന്നെ ഭ്രാന്തമായി സ്നേഹിച്ച എന്റെ മാത്രം നീഹാരത്തെ…”” തന്റെ പാറി പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കി പറയുമ്പോളേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിലേക്ക് എത്തിയിരുന്നു…

“”കാപ്പി വേണോ തനിക്ക്.. നമുക്ക് കാപ്പി കുടിച്ചാലോ…??””

പുറത്ത് “”കാപ്പി.. കാപ്പി””… എന്ന് വിളിച്ചു പോകുന്നത് കേൾക്കെ മെല്ലെ പിടക്കുന്ന തന്റെ കണ്ണുകളിലേക്ക് നോക്കി…

“”മ്മഹ്ഹ്ഹ്ഹ്….””പുഞ്ചിരിയോടെ തലയാട്ടി…

“”ചേട്ടാ ഒരു കാപ്പി….”” പുറത്തേക്ക് തലയിട്ട് കാപ്പി കൊണ്ട് പോകുന്ന ആളോട് പറയുന്നത് കേട്ടപ്പോൾ വിടർന്ന കണ്ണുകളോടെ നോക്കി….തന്നെ നോക്കി കണ്ണിറുക്കി കാപ്പി വാങ്ങി ചുണ്ടോട് ചേർത്ത് ഒരിറുക്ക് കുടിച്ച് തനിക്കായി നീട്ടുമ്പോളേക്കും… ട്രെയിനിന്റെ ചൂളം വിളി ഉയർന്നിരുന്നു… ആ വെള്ളത്തുള്ളികൾ നിറഞ്ഞ കമ്പികളിൽ ഇരുവരുടെയും കൈകൾ കോർത്തിരുന്നു…. അപ്പോളും ദൂരെ ചക്രവാളത്തിൽ ചുവപ്പ് പടരുന്നതോടൊപ്പം നേർത്ത മഴത്തുള്ളികൾ ചിണുങ്ങി പെയ്തു തുടങ്ങിയിരുന്നു….

ലൈക്ക് കമന്റ് ചെയ്യണേ….

രചന: ദേവ സൂര്യ

Leave a Reply

Your email address will not be published. Required fields are marked *