രാവണത്രേയ, തുടർക്കഥ ഭാഗം 26 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ത്രേയ പറഞ്ഞ് മുഴുവിക്കും മുമ്പേ അവളുടെ കാലുകൾ വായുവിൽ ഉയർന്നു പൊങ്ങി…വലിയ പ്രതിരോധങ്ങളൊന്നും കാട്ടാതെ അവള് രാവണിന്റെ കൈകളിൽ ഒതുങ്ങി കിടന്നു….

നിനക്ക് അപ്പോ ശരിയ്ക്കും എന്നോട് ഇഷ്ടമുണ്ട് ല്ലേ രാവൺ… അതിന്റെ തെളിവല്ലേ ഇപ്പോ കണ്ടത്…

ത്രേയ കുറുമ്പോടെ ചോദിക്കുന്നത് കേട്ട് വലിയ ഭാവവ്യത്യാസങ്ങളൊന്നും കൂടാതെ അവനവളുടെ മുഖത്തേക്കൊന്ന് നോട്ടം കൊടുത്തു…

എന്തിനാ രാവൺ വെറുതെ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ… നിനക്ക് ശരിയ്ക്കും എന്നെ ഇഷ്ടം തന്നെയാ… എനിക്കറിയാം…

ത്രേയ വീണ്ടും മുഖം കൂർപ്പിച്ചു പറഞ്ഞു നിർത്തിയതും അതിനൊരു മറുപടിയും നല്കാതെ രാവണവളെ റൂമിലുള്ള ബെഡിലേക്ക് കൊണ്ട് കിടത്തി….

ഇനി എന്റെ അനുവാദമില്ലാതെ നീ ഇവിടെ നിന്നും എഴുന്നേൽക്കാൻ പാടില്ല… എഴുന്നേറ്റാൽ ദേ ഇപ്പൊ വേദ്യയ്ക്ക് കിട്ടിയതിന്റെ ബാക്കി ഞാൻ നിനക്ക് തരും..

അയ്യോ… വേണ്ട രാവൺ… നിന്റെ മുന്നിൽ ആ നിത്യാനന്ദേടെ കൈയ്യിൽ നിന്നും കിട്ടിയതൊക്കെ ചെറുതാണ്… എനിക്ക് ഇനിയും വയ്യ ഇങ്ങനെ വേദന തിന്നാൻ… ഒരു മാനുഷിക പരിഗണന വച്ച് പറയ്വാ…. ഇനിയും ആർക്കെങ്കിലും എന്നെ അടിയ്ക്കാൻ തോന്നുകയാണെങ്കിൽ അവസാനമായി എന്നെയങ്ങ് കൊന്നേക്കണം… ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഭേദമാ ഒറ്റയടിക്കങ്ങ് ഇല്ലാതാക്കുന്നത്…

ത്രേയ തമാശ പോലെ പറഞ്ഞതാണെങ്കിലും അത് കേട്ടതും രാവണിന്റെ ഉള്ളൊന്ന് പിടഞ്ഞു…. അവൻ പില്ലോ എടുത്ത് അവൾക്കരികിലേക്ക് സെറ്റ് ചെയ്ത് അവൾക് മുഖം പോലും നല്കാതെ റൂം വിട്ട് പുറത്തേക്ക് നടന്നു….

അങ്ങനെ രാവണിന്റെ കർക്കശ നിലപാടുകളോട് കൂടിയ ശുശ്രൂഷ ദിവസങ്ങൾ നീണ്ടു നിന്നു…. ത്രേയയുടെ മുറിവുകൾ പൂർണമായും സുഖം പ്രാപിക്കും വരെ രാവൺ തന്നെയാണ് അവളെ ശുശ്രൂഷിച്ചത്… അങ്ങനെ ദിവസങ്ങൾ കടന്നു പോയി… __________________________________

പതിവ് പോലെ രാവണിന്റെ റൂമിലിരുന്ന് കുട്ടികളോടൊപ്പം കുസൃതി കാട്ടി ഇരിക്ക്യായിരുന്നു ത്രേയ… ഡ്യൂട്ടി കഴിഞ്ഞ് ഒന്ന് ഫ്രഷായി എത്തിയ രാവൺ ടൗവ്വല് സ്റ്റാന്റിലേക്കിട്ട് നിലക്കണ്ണാടിയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നു…

കുട്ടികളും ത്രേയയും തമ്മിൽ ആംഗ്യ ഭാഷയിൽ പതിവ് സംസാരം തന്നെ തുടരുകയായിരുന്നു…. ഇടയ്ക്കിടെ രാവണിനെ കളിയാക്കി ചിരിയ്ക്കുകേം കുസൃതിയോടെ അവനിലേക്ക് നോട്ടം പായിക്കുകയും ചെയ്തതും രാവണിന്റെ നോട്ടം കണ്ണാടിയിലൂടെ അവളിലേക്ക് ചെന്നു നിന്നു….

അപ്പോഴും അവള് കൈകൊണ്ട് അംഗ്യ ഭാഷയിൽ കുട്ടികളോട് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു…. കുട്ടികളും അതേ ഭാഷയിൽ തന്നെ മറുപടി നല്കുകേം ചെയ്തതു കണ്ടതും രാവണിന്റെ മുഖത്ത് ചെറിയൊരു അതിശയം നിറഞ്ഞു…

ഇവളും കുട്ടികളും ചേർന്ന് ഏത് ഭാഷയിലാ ഈ communicate ചെയ്യുന്നത്…. ഒന്നും അങ്ങോട്ട് മനസിലാകുന്നില്ലല്ലോ…

രാവൺ സ്വയം പിറുപിറുത്തു കൊണ്ട് ടേബിളിനരികിലെ ചെയർ വലിച്ചിട്ട് അതിലേക്ക് ചെന്നിരുന്നു… ലാപ് ഓൺ ചെയ്തു വച്ച് അതിൽ എന്തൊക്കെയോ ഡേറ്റാ ടൈപ് ചെയ്യുമ്പോഴും രാവണിന്റെ ശ്രദ്ധ ത്രേയയിലും കുട്ടികളിലും തന്നെ ആയിരുന്നു…

ത്രേയാ…ദേ ചെറിയച്ഛൻ നോക്കുന്നു…!!!

പാർത്ഥി കുറുമ്പോടെ പറഞ്ഞതും ത്രേയ തലയെത്തി രാവണിന് നേരെ നോട്ടം കൊടുത്തു… അത് കാണേണ്ട താമസം രാവൺ നോട്ടം മാറ്റി ശ്രദ്ധ ലാപ്പിലേക്ക് തിരിച്ചു വിട്ടു…

ചെറിയച്ഛൻ ഒരു നോട്ടി ബോയ് ആണ് പാർത്ഥി.. അതുകൊണ്ട് ചെറിയച്ഛന് ത്രേയ ഒരു ഗിഫ്റ്റ് കൊടുക്കട്ടേ….

എന്ത് ഗിഫ്റ്റ്…??? ചാരു താടിയിൽ ചൂണ്ട് വിരലൂന്നി ഇരുന്നു…

ദേ ഈ ഗിഫ്റ്റ്…!!!

ത്രേയ ഓരോ കൈവിരലുകളും ചേർത്ത് പിടിച്ച് പരസ്പരം കൂട്ടി മുട്ടിച്ച് കണ്ണുകൾ മെല്ലെ ചിമ്മിയടച്ച് തുറന്നു കൊണ്ട് വിരലുകൾ അടർത്തി മാറ്റി…

ത്രേയയുടെ ആ ചെയ്തികൾ മനസിലാകാതെ കണ്ണും മിഴിച്ച് ഇരിക്ക്യായിരുന്നു രാവൺ…. പക്ഷേ കുട്ടികൾ മൂവരും ആ കാഴ്ച കണ്ടതും കുസൃതിയോടെ മുഖം പൊത്തി ചിരിച്ചു….

രാവൺ അതിന്റെ അർത്ഥം മനസിലാവാതെ ചിന്തയിൽ മുഴുകിയിരുന്നു…. ഓരോ സംസാരത്തിന് അവസാനവും ത്രേയ അത് ആവർത്തിച്ചു കൊണ്ടിരുന്നു… ഒടുവിൽ ആ ചെയ്തിയുടെ അർത്ഥം മനസിലാക്കാതെ തൃപ്തിയാവില്ല എന്ന നിലയിലായി രാവൺ….

രാവൺ… ഞാൻ നിനക്ക് ഗിഫ്റ്റ് തന്നില്ലേ… ഇനി എനിക്ക് തിരിച്ച് തന്നേ…!!!

ത്രേയ കെഞ്ചിക്കൊണ്ട് വാശിപിടിച്ചു പറഞ്ഞു…

നീ എന്ത് ഗിഫ്റ്റ് തന്നൂന്നാടീ… മനുഷ്യന് മനസിലാകുന്ന രീതിയിൽ പറ…

നിനക്ക് മനസിലായില്ലേ… ഒന്നുകൂടി പറയാം…

ത്രേയ വീണ്ടും അതാവർത്തിച്ചു…

ത്രേയാ..കളിയ്ക്കാതെ കാര്യം പറയെടീ.. നിനക്ക് നാവുണ്ടല്ലോ… വാതുറന്ന് സംസാരിച്ചൂടേ…

രാവൺ കലിപ്പിക്കുന്നത് കേട്ട് ത്രേയ പൊട്ടിച്ചിരിച്ചു… കുട്ടികളും അതിനൊപ്പം കൂടിയതും രാവൺ പല്ലും ഞെരിച്ചു കൊണ്ട് അവർക്കരികിലേക്ക് പാഞ്ഞടുത്തു….

അയ്യോ…ത്രേയേ… ഓടിയ്ക്കോ…ദേ ചെറിയച്ഛൻ…!!!

പാർത്ഥിയും ചാരുവും കൂടി ത്രേയയെ ബെഡിൽ നിന്നും കുത്തി എഴുന്നേൽപ്പിച്ച് റൂമിന് പുറത്തേക്ക് തള്ളി വിട്ടു…രാവൺ കൈയ്യെത്തി പിടിക്കാൻ ശ്രമിച്ചെങ്കിലും അവൾ അവന്റെ കൈയ്യിൽ നിന്നും വഴുതി ഡോറ് കടന്ന് പുറത്തേക്കോടി….

കുട്ടികളും ത്രേയയ്ക്ക് പിന്നാലെ ഓടിയെങ്കിലും ഏറ്റവും പിന്നിലായിപ്പോയ പാർത്ഥിയെ രാവണിന്റെ കൈപ്പിടിയിൽ കിട്ടി…. ത്രേയയെ രക്ഷിക്കാൻ വേണ്ടി രാവണിനെ തടഞ്ഞു നിർത്തിയത് പാർത്ഥിയായിരുന്നു…..

നിക്കെടാ ഉണ്ടാപ്രി….!!! നീ എവിടേക്കാ ഈ ഓടുന്നേ…!!!

അത്…അത് പിന്നെ… ത്രേയേ ഒന്നും ചെയ്യല്ലേ ചെറിയച്ഛാ….. ത്രേയ ഒരു പാവമാ…

അത് കേട്ട് രാവൺ പാർത്ഥിയെ എടുത്ത് ബെഡിലേക്ക് ചെന്നിരുന്നു…

ഇല്ല… ത്രേയേ ചെറിയച്ഛൻ ഒന്നും ചെയ്യില്ല… പകരം പാർത്ഥി മോൻ പറഞ്ഞേ…ത്രേയ എന്താ ഇപ്പോ ചെറിയച്ഛനോട് പറഞ്ഞത്….

No… ഞാൻ പറയൂല്ല.. അത് ചീക്കറട്ടാ… ഞങ്ങൾക്ക് ത്രേയ പറഞ്ഞു തന്നതാ അത്.. ചെറിയച്ഛനെ കളിയാക്കാൻ വേണ്ടിയാ.. അതുകൊണ്ട് പറഞ്ഞു തരൂല്ല….

ചെറിയച്ഛൻ ചോക്ലേറ്റ് വാങ്ങി തരാം….

ഇല്ല…പറയൂല്ല…

രാവൺ അത് കേട്ട് ബെഡിൽ നിന്നും എഴുന്നേറ്റ് ഷെൽഫിന് നേരെ നടന്നു… ഷെൽഫ് ഓപ്പൺ ചെയ്ത് അതിൽ നിന്നും ഒരു റിമോട്ട് കാർ കൈയ്യിലെടുത്ത് രാവൺ പാർത്ഥിയ്ക്ക് നേരെ ഉയർത്തി കാട്ടി…

ഇത്…ചെറിയച്ഛൻ പാർത്ഥീടെ b’day യ്ക്ക് തരാൻ വാങ്ങിയതാ… ഇത് വേണോ…വേണ്ടയോ…!!!

വേണം…!!!

പാർത്ഥി ചെറുതായി ഒന്ന് ചിണുങ്ങി പറഞ്ഞു.. അത് കേട്ടതും രാവൺ അവന് നേരെ അടുത്ത് പാർത്ഥിയെ കൈയ്യിലെടുത്ത് ബെഡിലേക്ക് ചെന്നിരുന്നു….

ന്മ്മ… എങ്കില് പറ… ത്രേയ എന്താ ഇപ്പോ പറഞ്ഞത്… അത് പറഞ്ഞാൽ ദേ ഈ ഗിഫ്റ്റ് തരാം…!!! ചെറിയച്ഛന് പറഞ്ഞു തര്വോ അതെന്താണെന്ന്….

രാവൺ പാർത്ഥീടെ മറുപടിയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നതും പാർത്ഥി അവന് നേരെ സമ്മതം മൂളി തലയാട്ടി…..

പറഞ്ഞു തരാം…. പക്ഷേ ത്രേയയോട് പറയരുത്…..

ഏയ്…ഇല്ല… ത്രേയയോട് പറയ്വേ ഇല്ല… പാർത്ഥിമോൻ പറഞ്ഞേ…ചെറിയച്ഛൻ കേൾക്കട്ടേ എന്താണെന്ന്…

അതേ….. ത്രേയ തന്നെ കണ്ടുപിടിച്ച ട്രിക്കാ.. അതാകുമ്പോ ഞങ്ങൾക്ക് ചെറിയച്ഛന്റെ മുന്നിലിരുന്ന് ചെറിയച്ഛനെ കളിയാക്കാല്ലോ… വേറെ ആർക്കും മനസ്സിലാവൂല്ലാ….

ആഹാ..അതാരാ പറഞ്ഞു തന്നത്…???

ത്രേയ… അല്ലാതെ വേറെ ആരാ…

രാവൺ അത് കേട്ട് മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് പാർത്ഥിയിലേക്ക് നോട്ടം പായിച്ചു….

ഹാ… എങ്കില് കേൾക്കട്ടേ ആ ട്രിക്ക് എന്താണെന്ന്…

രാവൺ പാർത്ഥിയെ ചേർത്തിരുത്തി ഓരോ കാര്യങ്ങളും മനസിലാക്കി എടുത്തു…

ത്രേയ ഇപ്പോ ചെറിയച്ഛന് തന്ന ഗിഫ്റ്റ് ത്രേയ ഇടയ്ക്കിടെ ഞങ്ങൾക്ക് തരാറുണ്ടല്ലോ…!!!!

അതെന്ത് ഗിഫ്റ്റ്…???

രാവൺ ചോദിച്ച ചോദ്യത്തിന് പാർത്ഥി ചൂണ്ട് വിരൽ ചലിപ്പിച്ചു കൊണ്ട് രാവണിനെ അടുത്തേക്ക് വിളിപ്പിച്ചു…. പാർത്ഥിയുടെ ആ ചെയ്തി കണ്ടതും രാവണിന്റെ മുഖം അവനോട് അടുത്തു ചെന്നു….പാർത്ഥി ഒരു പുഞ്ചിരിയോടെ രാവണിന്റെ കഴുത്തിൽ വട്ടം ചുറ്റി കൊണ്ട് അവന്റെ കവിളിലേക്ക് ആ കുഞ്ഞി ചുണ്ടുകൾ ചേർത്തു…. ഒരു കുസൃതി ചിരിയോടെ പാർത്ഥി മുഖം ഉയർത്തുമ്പോ രാവൺ അല്പം അത്ഭുതത്തോടെ കണ്ണും മിഴിച്ച് ഇരുന്നു…

ഇതാ ത്രേയ ചെറിയച്ഛന് തന്ന ഗിഫ്റ്റ്…!!!! ഇനിയെനിക്കുള്ള ഗിഫ്റ്റ് ഇങ്ങ് തന്നേക്ക്…

പാർത്ഥി അതും പറഞ്ഞ് രാവണിന്റെ കൈയ്യിലിരുന്ന റിമോർട്ട് കാർ തട്ടിപ്പറിച്ച് വാങ്ങിക്കൊണ്ട് റൂം വിട്ട് പുറത്തേക്കോടി…

ഡാ..നിക്കെടാ അവിടെ…

അവന് പിറകേ രാവൺ പാഞ്ഞെങ്കിലും പാർത്ഥി അപ്പോഴേക്കും ഹരിയുടെ റൂം ലക്ഷ്യമാക്കി ഓടിക്കഴിഞ്ഞിരുന്നു… ഓടിക്കിതച്ച് ഡോറിനടുത്ത് വരെ എത്തിയ രാവൺ പെട്ടെന്ന് അവിടെയൊന്ന് സ്ലോ ചെയ്തു….

അപ്പോ നിന്റെ ഗിഫ്റ്റ് അങ്ങനെയായിരുന്നു ല്ലേ…. ന്മ്മ……ആ ഗിഫ്റ്റിനുള്ള മറുമരുന്ന് ഞാൻ തരുന്നുണ്ട്….

രാവൺ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് തലയാട്ടിയ ശേഷം തിരികെ ചെയറിലേക്ക് തന്നെ വന്നിരുന്നു…. ലാപ്പിൽ എന്തൊക്കെയോ കാര്യമായി ടൈപ്പ് ചെയ്തിരുന്നിട്ടും ത്രേയേടെ വരവൊന്നും ഉണ്ടായില്ല…

____________________________________

ഡീ…ത്രേയേ.. നീ റൂമിലേക്ക് പോകുന്നില്ലേ…!!! കുറേ നേരമായല്ലോ ഞങ്ങടെ റൂമിലേക്ക് വന്നു കേറീട്ട്…

അച്ചു മൊബൈലിൽ ഗെയിം കളിച്ചു കിടക്ക്വായിരുന്നു…അഗ്നി കാൻവാസിലേക്ക് ഓരോ ചായക്കൂട്ടുകളും ശ്രദ്ധയോടെ വരച്ചു കൊണ്ട് അച്ചൂനെ തിരിഞ്ഞു നോക്കിയൊന്ന് പുഞ്ചിരിച്ചു….

അവളിവിടെ ഇരിക്കുന്നതിന് നിനക്കെന്താ അച്ചൂട്ടാ… (അഗ്നി)

എനിക്ക് ഒന്നുമില്ല… പക്ഷേ അവൾടെ കണവൻ എപ്പോഴാ തീയും പുകയുമായി ഇവിടേക്ക് വരുന്നതെന്ന് പറയാൻ പറ്റൂല്ല… അതുകൊണ്ട് പറഞ്ഞതാണേ…!!!

അച്ചു ഫുൾ concentration മോബൈലിൽ കൊടുത്തിരിക്ക്യായിരുന്നു. ത്രേയ അച്ചൂന് തോട്ടരികിലിരുന്ന് അവനെ ശല്യപ്പെടുത്തുകയായിരുന്നു…

ഹോ…ഈ പെണ്ണ് എല്ലാം നശിപ്പിക്കും…

അച്ചു മൊബൈൽ എടുത്ത് ത്രേയേടെ തലയ്ക്കിട്ട് അടിക്കാൻ ഓങ്ങിയതും അഗ്നി വന്ന് തടസം പിടിച്ച് രണ്ടു പേരെയും ഒരു മുട്ടൻ അടിയിൽ നിന്നും രക്ഷിച്ചു…..

എന്റെ പൊന്ന് ത്രേയേ… ഇനി അധിക നേരം നീ ഇവിടെയിരുന്നാ ശരിയാവില്ല… നിന്റെയൊക്കെ ഇടയിൽ നിന്ന് തടസം പിടിക്കാൻ എനിക്ക് വയ്യ… അതുകൊണ്ട് മോള് റൂമിലേക്ക് വിട്ടേ…. ന്മ്മ…വേഗം… വേഗം…!!!

ഡാ ദുഷ്ടന്മാരെ അവിടെ ഒരു അസുരൻ എന്നെ പച്ചയ്ക്ക് കത്തിക്കാൻ നില്ക്കുന്നത് കൊണ്ടല്ലേടാ ഞാനിവിടേക്ക് വന്നത്…. നീയൊക്കെ എന്നെ കൈയ്യൊഴിഞ്ഞാ പിന്നെ ഞാനെവിടേക്ക് പോകാനാ…

ദേ ത്രേയേ നീ നിന്റെ സെന്റി അടവ് എടുക്കല്ലേ… അതിന്ന് ഏൽക്കാൻ പോകുന്നില്ല…. നീ റൂമിലേക്ക് ചെന്നേ…അവനവിടെ നിന്നേം തിരക്കി ഇരിക്ക്യായിരിക്കും.. (അഗ്നി)

ആഹാ… ബെസ്റ്റ്… എന്നെ തിരക്കി ഇരിക്കുന്ന ഒരു ഭർത്താവേ…!!! ഒന്നു പോയേ അഗ്നീ… നീയൊക്കെ എന്നെ ഇറക്കി വിടാനായി ഇനിയും ഇങ്ങനെ കിണഞ്ഞ് പരിശ്രമിക്കണ്ട… ഞാൻ പോക്വാ…

ത്രേയ റൂമിൽ നിന്നൊന്ന് ചവിട്ടി തുള്ളിയ ശേഷം രാവണിന്റെ റൂമിലേക്ക് നടന്നു….

ഡോറ് പതിയെ ഓപ്പൺ ചെയ്ത് തലയെത്തി അവള് ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കി…

ഹാവൂ…ഭാഗ്യം…അസുരൻ ഇവിടെ ഇല്ല… ആശ്വാസം…!!

അവളൊരു ദീർഘ ശ്വാസമെടുത്ത് റൂമിലേക്ക് കാലെടുത്ത് വച്ചതും റൂമിൽ ചെറിയൊരു അനക്കം കേട്ടു…. പെട്ടെന്ന് ത്രേയ തിരിഞ്ഞോടാൻ തുനിഞ്ഞതും കൈത്തണ്ടയിൽ രാവണിന്റെ പിടി വീണു…

എവിടേക്കാടീ നീ ഈ പോകുന്നത്….!!!

റൂമിന് പുറത്തേക്ക് ബലം പ്രയോഗിച്ച ത്രേയയെ അവനൊരൂക്കോടെ റൂമിലേക്ക് തന്നെ വലിച്ചിട്ട ശേഷം അവളെ നോക്കി ഒരു പുഞ്ചിരിയോടെ അവനാ ഡോറടച്ച് കുറ്റിയിട്ടു….

രാവൺ ദേ കളിയ്ക്കല്ലേ…!!! എന്നെ ഉപദ്രവിച്ചാലുണ്ടല്ലോ… ഞാൻ അഗ്നിയോടും,അച്ചൂനോടും പറഞ്ഞു കൊടുക്കും….

ത്രേയ ഓരോന്നും പറഞ്ഞു കൊണ്ട് പിന്നിലേക്ക് നടന്നതും രാവൺ ചുണ്ടിൽ തെളിഞ്ഞ ആ പുഞ്ചിരിയോടെ അവൾക് നേരെ നടന്നടുത്തു…….

അഗ്നിയും അച്ചുവും ആരാ… നിന്റെ ലോക്കൽ ഗാർഡിയൻസാ…??? അവന്മാരാണോ നിനക്ക് സ്പെഷ്യൽ ലാംഗ്വേജ് പഠിപ്പിച്ചു തന്നത്.. ന്മ്മ….

രാവൺ ഓരോന്നും പറഞ്ഞ് അവൾക് നേരെ നടക്കുമ്പോഴും ത്രേയ അവനിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ നോക്കുന്നുണ്ടായിരുന്നു… ഒടുവിൽ എല്ലാ ശ്രമങ്ങളേയും പരാജയത്തിൽ കൊണ്ടെത്തിച്ച് ത്രേയ റൂമിലെ ഡ്രസ്സിംഗ് ടേബിളിൽ തട്ടി നിന്നു…. പിന്നിലേക്ക് ചലിക്കാൻ മാർഗ്ഗമില്ലാതെ വന്നതും അവളുടെ നോട്ടം രാവണിലേക്ക് തിരിഞ്ഞു… അവളുടെ നീക്കങ്ങളെ തടയാൻ എന്ന വണ്ണം രാവണിന്റെ കരങ്ങൾ അവൾക് വലയം തീർത്തതും ത്രേയയുടെ കണ്ണുകളിൽ ഒരുതരം പരിഭ്രമം നിറഞ്ഞു…..

നിനക്ക് ഗിഫ്റ്റ് വേണ്ടേ….!!!

രാവണിന്റെ ചോദ്യത്തിൽ ഒരു ചിരി കലർന്നു… അതിന് മറുപടി എന്നോണം ഓർക്കാപ്പുറത്ത് അവള് സമ്മതത്തോടെ തലയാട്ടി…. പെട്ടെന്ന് തന്നെ അത് വിസമ്മതിച്ചു കൊണ്ട് വീണ്ടും തലചലിപ്പിച്ചതും രാവൺ ഒന്ന് പുഞ്ചിരിച്ചു….

ഇപ്പോ ഞാൻ എന്താ വേണ്ടത്..??? ഗിഫ്റ്റ് തരണോ…?? അതോ വേണ്ടേ…!!!

വേണ്ട…!!! എനിക്ക് ഗിഫ്റ്റ് വേണ്ട…!!

ത്രേയ തിടുക്കപ്പെട്ട് പറഞ്ഞു കൊണ്ട് രാവണിനെ അകറ്റി നിർത്താൻ ശ്രമിച്ചു….

അങ്ങനെ പറഞ്ഞാൽ ശരിയാവില്ലല്ലോ മിസിസ് ത്രയമ്പക രാവൺ…. നീ കാര്യമായി ചോദിച്ച സ്ഥിതിക്ക് തരാണ്ടിരിക്കുന്നത് മോശമല്ലേ…

ത്രേയയുടെ ഇരു കൈകളും ഉയർത്തി രാവൺ അവന്റെ തോളിലേറ്റി വച്ചു…

രാവൺ… ഞാൻ തന്ന ഗിഫ്റ്റ് എന്താണെന്ന് കരുതീട്ടാ നീ എനിക്ക് തിരികെ ഗിഫ്റ്റ് തരാനൊരുങ്ങുന്നത്…

ത്രേയ ആലില പോലെ നിന്ന് വിറയ്ക്കാൻ തുടങ്ങി….

അതൊക്കെ എന്താണെന്ന് ഞാൻ മനസിലാക്കി കഴിഞ്ഞു ത്രേയാ…!!! നീ എന്താ കരുതിയേ അതൊന്നും ഞാനറിയില്ലെന്നോ… ന്മ്മ…

രാവണിന്റെ കൈകൾ ത്രേയയുടെ ഇടുപ്പിൽ ചേർന്നു…അവനൊരൂക്കോടെ അവളെ അവനിലേക്ക് അടുപ്പിച്ചതും അവളൊന്ന് പിടഞ്ഞു കൊണ്ട് അവനോടു ചേർന്നു….

രാവൺ ദേ കളിയ്ക്കല്ലേ…!!!

ഞാൻ കളിയ്ക്കാണെന്ന് ആരാ പറഞ്ഞത്…. ഞാൻ വളരെ വളരെ സീരിയസാണ്….. ഞാനറിയാതെ എന്നെ കളിയാക്കാൻ നീ കണ്ടെത്തിയ ഭാഷ…അതിന്റെ ഭാഗമായി ഒരു ഗിഫ്റ്റ്…!!! തിരികെ തരാം ഞാൻ…

രാവണിന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…അവയുടെ സഞ്ചാരം ആ മുഖത്തിലെ ഓരോ അവയവങ്ങളേയും വലയം ചെയ്തു കൊണ്ട് അവളുടെ അധരങ്ങളിൽ ചെന്നു നിന്നു…. രാവണിന്റെ ദൃഷ്ടി ആ അധരങ്ങളെ ലക്ഷ്യം വച്ച് അടുത്തതും അവന്റെ തോളിൽ അമർന്നിരുന്ന അവളുടെ വിരൽനഖങ്ങൾ അവിടേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി….

അധരങ്ങളുടെ അകലങ്ങളെ പാടെ കുറച്ചു കൊണ്ട് അവനവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചതും ത്രേയയുടെ മിഴികൾ ഇറുകിയടഞ്ഞു…. ഒരു കൗതുകത്തോടെ അവനാ മുഖം മെല്ലെ ഉയർത്തുമ്പോ ഉയർന്ന ശ്വാസ ഗതിയോടെ അവന് മുന്നിൽ നിൽക്ക്വായിരുന്നു ത്രേയ….

മെല്ലെ ചിമ്മി തുറന്നു വന്ന അവളുടെ മിഴികളെ കോർത്തു കൊണ്ട് അവൻ വീണ്ടും അവളുടെ ചെഞ്ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തു.. ഒരു പ്രണയ ചുംബനത്തിന്റെ നിർവൃതിയിൽ വിറകൊണ്ടിരുന്ന അവളുടെ അധരങ്ങളെ കവർന്നു കൊണ്ട് അവനവളിലേക്ക് അവന്റെ പ്രണയത്തെ പകർന്നു നല്കി…. ആ ചെഞ്ചുണ്ടുകളുടെ മാർദ്ദവത്തെ അളന്നു കൊണ്ട് അവനവയെ മെല്ലെ നുണഞ്ഞെടുത്തു…

ഏറെ നേരം നീണ്ട ആ അനുഭൂതിയിൽ അവനവയെ മതിയാവോളം നുകർന്നുകൊണ്ട് ആ അധരദളങ്ങളെ ചുംബിച്ചു തളർത്തി…. ആ പ്രണയച്ചൂടിൽ വെന്തുരികിയ അവളുടെ കൈകൾ അവന്റെ തോളിൽ നിന്നും പിൻകഴുത്തിലേക്ക് തെന്നി നീങ്ങി തലമുടിയിഴകളെ കോർത്തു വലിച്ചു കൊണ്ടിരുന്നു….

പുറത്തെ corridor നടുത്ത് കൂടി പോയ വേദ്യ ജനൽപ്പാളികൾക്കിടയിലൂടെ യാദൃശ്ചികമായി ആ കാഴ്ച കാണാൻ ഇടയായി….കാറ്റിൽ പാറിപ്പറന്ന റൂമിലെ white കർട്ടനുകൾക്കിടയിലൂടെ അവ്യക്തമായ ആ ദൃശ്യം അവളുടെ കണ്ണുകളിൽ പതിഞ്ഞു… ഒരുതരം പകയോടും പരിഭ്രാന്തിയോടും അവൾ ജനൽപ്പാളി നീക്കി കൊണ്ട് ആ കാഴ്ചകൾക്ക് വ്യക്തത വരുത്തി….

അപ്പോ ഹേ…ഹേമന്തേട്ടന് ഇവളെ ഇപ്പോഴും പഴയത് പോലെ തന്നെ ഇഷ്ടമാണ് ല്ലേ…. എന്നിട്ടാ എല്ലാവർക്കും മുന്നിലുള്ള ഈ നാടകങ്ങൾ…. ചതിയ്ക്ക്യായിരുന്നോ നീയൊക്കെ…… ചതിക്ക്യായിരുന്നോ എന്നേം എന്റെ പപ്പേം…..

കണ്ണിൽ കത്തിയെരിയുന്ന ദേഷ്യത്തോടെ അവള് വീണ്ടും ആ കാഴ്ച നോക്കി നിന്നു….

ഇനിയും…. ഇനിയും ഞാൻ നിന്നെ വെറുതെ വിട്ടാൽ ഒരുപക്ഷേ നീയും ഹേമന്തേട്ടനും സന്തോഷത്തോടെ ഒരു ജീവിതം നയിക്കുന്നത് കണ്ട് നില്ക്കേണ്ടി വരും എനിക്ക്… ഇല്ല…ഈ വേദ്യയതിന് സമ്മതിക്കില്ല ത്രേയ… നിങ്ങൾ ഒരുമിക്കാൻ പാടില്ല…. ഒരിക്കലും… ഒരിക്കലും പാടില്ല… അതിന് പരിഹാരം നിന്റെ മരണമാണെങ്കിൽ അതീ വേദ്യ തന്നെ നടപ്പിലാക്കും…

ഒരുറച്ച തീരുമാനത്തൊടെ വേദ്യ ആ corridor കടന്ന് വൈദിയുടെ റൂം ലക്ഷ്യമാക്കി നടന്നു….

___________________________________

മതിയാവോളം ആ ചെഞ്ചൊടികളെ നുകർന്നെടുത്ത് കൊണ്ട് രാവണവളിൽ നിന്നും അടർന്നു മാറുമ്പോ അവൾ നന്നേ കിതച്ചിരുന്നു…. പാതിയടഞ്ഞ മിഴികളെ നോക്കി അവൻ മെല്ലെ മുഖമുയർത്തുമ്പോ അവന്റെ പ്രണയോപഹാരത്തിന്റെ അടയാളം പോലെ ആ അധരങ്ങളുടെ കോണിൽ നിണം പൊടിഞ്ഞിരുന്നു…

ഒരു ദീർഘ ചുംബനത്തിന്റെ സുഖവും വേദനയും ഒരുപോലെ ഏറ്റുവാങ്ങി വിറകൊണ്ടിരുന്ന ആ ചുണ്ടുകളെ അവനൊരു കൗതുകത്തോടെ നോക്കി കണ്ടു….ആ നോട്ടത്തിന് ഇടകൊടുത്ത് തന്നെ അവളുടെ കണ്ണുകളും മെല്ലെ ചിമ്മി തുറന്നു വന്നു…..അവന്റെ മുഖത്തേയ്ക്ക് ഇമചിമ്മാതെ നോക്കി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ……

ആറ് വർഷത്തിന്റെ കടങ്ങൾ ചോദിച്ചു വാങ്ങിക്കാനാ നിന്റെ ഉദ്ദേശ്യമെങ്കിൽ അത് പലിശയും കൂട്ടുപലിശയും ചേർത്ത് തരാൻ യാതൊരു മടിയുമില്ലാത്ത കൂട്ടത്തിലാ ഞാനെന്ന് മറ്റാരെക്കാളും നന്നായി നിനക്കറിയാല്ലോ…!!! അതുകൊണ്ട് ഇനി ഇതുപോലെയുള്ള കലാപരിപാടികളുമായി ഇറങ്ങുമ്പോ മോളൊന്ന് സൂക്ഷിക്കണം.. അല്ലെങ്കിൽ ദേ ഇതുപോലെ ചോര പൊടിഞ്ഞെന്ന് വരും…

രാവൺ അവളുടെ കിഴ്ചുണ്ടിലെ ചോര പൊടിഞ്ഞ മുറിപ്പാടിലേക്ക് വിരൽ ഞൊടിച്ചൊന്ന് തട്ടി….

സ്സ്സ്സ്….

അവളെരിവ് വലിച്ചു കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചു നിന്നു.. ദന്തക്ഷതമേറ്റ് ചോരപൊടിഞ്ഞ ചുണ്ടുകൾ വീണ്ടും രക്തച്ചുവപ്പണിഞ്ഞതും രാവൺ ഡ്രസ്സിംഗ് ടേബിളിലേക്ക് കൈയ്യൂന്നി അവളെ തന്നെ നോക്കി നിന്നു….

അവളുടെ കൂർപ്പിച്ചുള്ള നോട്ടം ഏറ്റു വാങ്ങുമ്പോഴും രാവൺ അവൾക് മുന്നിൽ അവളുടെ ദേവനായി പുഞ്ചിരി തൂകി നിന്നു….. അവനിലെ ആ മാറ്റം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു….

അവളിൽ നിന്നും അകന്നു മാറുമ്പോഴും അവനാ പുഞ്ചിരിയെ ചുണ്ടിൽ നിലനിർത്താൻ ശ്രമിച്ചു…. തന്നിൽ നിന്നും രാവൺ വിട്ടകന്ന് പോയിട്ടും ആ ഞെട്ടലിൽ നിന്നും മുക്തി നേടാതെ നില്ക്ക്വായിരുന്നു ത്രേയ….

വലത് കൈത്തലം ഉയർത്തി ചുണ്ടിലേക്ക് കൈ ചേർക്കുമ്പോ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ അരിച്ചിറങ്ങും പോലെയാണ് അവൾക് തോന്നിയത്…. ചുണ്ടിലെ മുറിപ്പാടിൽ നിന്നും ഉതിർന്നു വന്ന നീറ്റൽ അവളിൽ ചെറിയൊരു ശബ്ദമുളവാക്കി…..

ശരിയ്ക്കും ഈ അസുരന്റെ സ്നേഹം പോലും എനിക്ക് നല്കുന്നത് വേദനയാണല്ലോ ഈശ്വരാ…. ഇതിപ്പോ ദേവനാണോ അതോ അസുരനാണോ….

ത്രേയ രാവണിനെ നോക്കി കുറേ നേരം അങ്ങനെ നിന്നു… അപ്പോഴേക്കും അവനവളിലേക്ക് ഒരു നോട്ടം പോലും കൊടുക്കാതെ ബെഡിലേക്ക് ചെന്ന് കിടന്നിരുന്നു… അവനെ കാണും തോറും അവളുടെ നെഞ്ചിടിപ്പ് ഏറും പോലെ തോന്നിയതും ത്രേയ അല്പം ആശ്വാസത്തിനെന്ന പോലെ വാഷ് റൂമിലേക്ക് കയറി മുഖത്തേക്ക് അല്പം വെള്ളം ഒഴിച്ചു…ഓരോ കൈകുമ്പിൾ വെള്ളവും കോരിയെടുത്ത് മുഖത്തേക്ക് ആഞ്ഞൊഴിയ്ക്കുമ്പോ ചുണ്ടിലെ നീറ്റൽ അസഹ്യമാവും പോലെ തോന്നി….

കണ്ണാടിയ്ക്ക് നേരെ മുഖമുയർത്തി അവളാ മുറിപ്പാടിലേക്ക് വിരലുകൾ ചേർത്തു…. ആ വിരലുകൾ വിറയലോടെ അധരങ്ങളെ തഴുകിയിഴഞ്ഞു…

അവസാനമായി ഒരു കൈകുമ്പിൾ വെള്ളം കൂടി മുഖത്തേക്ക് ആഞ്ഞൊഴിച്ച് കൊണ്ട് അവള് ടാപ്പ് ക്ലോസ് ചെയ്ത് തിരികെ റൂമിലേക്ക് തന്നെ വന്നു…. ടൗവ്വല് കൊണ്ട് മുഖം ഒപ്പിയെടുത്ത് ബെഡിലേക്ക് നോട്ടം കൊടുത്തതും സുഖശയനത്തിലേക്ക് കടന്ന രാവണിന്റെ മുഖമാണ് അവൾക് കാണാൻ കഴിഞ്ഞത്…..

ടൗവ്വല് സ്റ്റാന്റിലേക്കിട്ട് അവളും ബെഡിന്റെ ഓരത്തായി അവനോട് ചേർന്ന് ചടഞ്ഞിരുന്നു… അവന്റെ മുഖം അടുത്ത് കണ്ടുകൊണ്ട് അവളങ്ങനെ കുറേസമയം തള്ളി നീക്കി…..

ഹോ… കിടക്കുന്ന കിടപ്പ് കണ്ടാൽ എന്തൊരു പാവം…. മനുഷ്യനെ വേദനിപ്പിക്കാനായിട്ട് ജനിച്ച ഒരു അസുരൻ….

ത്രേയ ചുണ്ട് കോട്ടി മുറിപ്പാടിലേക്ക് നോക്കി പരിഭവം പറഞ്ഞു… ആ സമയം തന്നെ അവനൊന്ന് മുരണ്ടു കൊണ്ട് കാലുകൾ അനക്കിയതും ത്രേയ തിടുക്കപ്പെട്ട് അവനിൽ നിന്നും അകന്നു മാറി ബെഡിലേക്ക് വീണു….

രാവൺ വീണ്ടും പഴയ പൊസിഷനിൽ കിടക്കാൻ തുടങ്ങിയതും ത്രേയ പതിയെ തലപൊക്കി എഴുന്നേറ്റ് അവനരികിലേക്ക് തന്നെ ചെന്നിരുന്നു….

എന്റെ പൊന്നു രാവണല്ലേ… നീ ഇനിയും എന്നെ വിഷമിപ്പിക്കല്ലേ… നിന്റെ മുഖത്ത് കാണുന്ന ഈ ചിരിയില്ലേ…. ഇതിങ്ങനെ നോക്കി ഇരിക്കാൻ തന്നെ എന്ത് സുഖാണെന്നറിയ്വോ… ഇത് കാണുമ്പോ എന്റെയുള്ളിലെ പ്രതീക്ഷകൾ കൂടി കൂടി വര്വാ രാവൺ… നീ എന്നെ മനസിലാക്കുന്ന നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നാരോ കാതിൽ പറയും പോലെ തോന്ന്വാ എനിക്ക്….

എന്റെ പ്രതീക്ഷകളെ തെറ്റിക്കല്ലേ രാവൺ… ഇനിയും നിന്നിൽ നിന്നും ഒരവഗണന ഏറ്റുവാങ്ങാനുള്ള മനസ്സുറപ്പെനിക്കില്ല രാവൺ….

നീ ഇങ്ങനെ മുന്നിൽ വന്നു നിൽക്കുമ്പോ എല്ലാം ചോർന്നു പോക്വാ… നീയാണ് എന്റെ ബലഹീനത… നിന്റെ സ്നേഹം,കരുതൽ എല്ലാം തിരിച്ചു കിട്ടി തുടങ്ങിയപ്പോ ഞാൻ വീണ്ടും ആ പഴയ ത്രേയയായി മാറുന്നു രാവൺ…. നിനക്ക് മുന്നിൽ പ്രതിരോധങ്ങൾ തീർക്കാൻ എനിക്ക് ഇനി കഴിയില്ല എന്നൊരു തോന്നൽ…… നീ ഇല്ലാതെ പറ്റില്ല രാവൺ… പഴയത് പോലെ സ്നേഹം കൊണ്ട് മൂടിയില്ലെങ്കിലും വേണ്ടില്ല…എന്നെ വെറുക്കാതിരുന്നാൽ മതി നീ……

ത്രേയ ഓരോന്നും പറയുമ്പോഴും കണ്ണിൽ നിന്നും കണ്ണീര് ഉതിർന്ന് അവളുടെ കവിൾത്തടം നനച്ചു കൊണ്ടിരുന്നു…. ___________________________________

പപ്പാ…പപ്പാ…

വൈദിയുടെ റൂമിന് മുന്നിലെത്തി വേദ്യ ഡോറിൽ ആഞ്ഞ് കൊട്ടാൻ തുടങ്ങി….

ആ ശബ്ദം കേട്ട് ഊർമ്മിളയാണ് ഡോറ് തുറന്നത്….

എന്താ മോളേ… എന്താ പറ്റിയേ നിനക്ക്.. എന്തിനാ മോള് കരയുന്നേ…

ഊർമ്മിള വേദ്യയെ അടുത്ത് പിടിച്ച് കണ്ണീരൊപ്പാൻ തുനിഞ്ഞതും വേദ്യ അവരുടെ കൈ തട്ടിമാറ്റി റൂമിനുള്ളിലേക്ക് കടന്നു…

എവിടെ… പപ്പ എവിടെ…???

വേദ്യ പരിഭ്രാന്തിയോടെ റൂമാകെ വൈദിയെ പരതി…

പപ്പ ഇവിടെ ഇല്ല മോളേ.. പ്രഭയങ്കിളും പപ്പയും ടെറസ്സിൽ എന്തോ കാര്യമായ ചർച്ചയിലാ…

അവരുടെ ഒരു ചർച്ച… ഞാൻ പപ്പയെ ഒന്ന് കാണട്ടേ…ചിലത് സംസാരിക്കാനുണ്ട്…

വേദ്യ കലിതുള്ളി ടെറസിലേക്ക് പാഞ്ഞു… അവളുടെ ചെയ്തികളൊന്നും മനസ്സിലാവാതെ അന്തംവിട്ട് നില്ക്ക്വായിരുന്നു ഊർമ്മിള….

_______________________________

ടെറസിൽ വൈദിയും,പ്രഭയും ചേർന്ന് പൂവള്ളി മനയേയും സ്വത്ത് വകകളേയും പറ്റി ആകെത്തുക ഒരവലോകനം നടത്തി നിൽക്ക്വായിരുന്നു…. പെട്ടെന്നാണ് അവിടേക്ക് വേദ്യ കടന്നു ചെല്ലുന്നത്…

പപ്പാ… ഹേമന്തേട്ടന്റെ കാര്യത്തിൽ എന്താ പപ്പേടെ തീരുമാനം…???

വേദ്യേടെ ആ ചോദ്യം കേട്ട് പ്രഭയും വൈദിയും മുഖത്തോട് മുഖം നോക്കിയ ശേഷം വേദ്യയിലേക്ക് നോട്ടം കൊടുത്തു…

എന്താ മോളൂ… ഇപ്പോ എന്താ ഇങ്ങനെ ഒരു ചോദ്യം…???

വൈദി വേദ്യേടെ തോളിലേക്ക് കൈ ചേർക്കാൻ തുടങ്ങിയതും അവളത് ഊക്കോടെ തട്ടിയെറിഞ്ഞു…

പപ്പയ്ക്ക് ഞാനാണോ വലുത് അതോ ത്രേയയാണോ വലുത്…

ഹഹഹ… അതെന്ത് ചോദ്യാ മോളേ… എനിക്കെന്റെ പൊന്നുമോളെക്കാൾ മറ്റാരെങ്കിലും സ്നേഹിക്കാൻ കഴിയ്വോ… നിമ്മിയ്ക്ക് പോലും എന്റെ മനസിൽ ഞാൻ രണ്ടാം സ്ഥാനമേ കല്പിച്ചിട്ടുള്ളൂ…

വൈദി ഒരു കൊഞ്ചലോടെ വേദ്യയെ ചേർത്ത് പിടിച്ചത് നോക്കി പുഞ്ചിരിച്ചു നിൽക്ക്വായിരുന്നു പ്രഭ….

എന്താ…എന്താ ഇപ്പോ പപ്പേടെ മോൾക്ക് പറ്റിയത്.. രാവൺ വീണ്ടും വല്ല വഴക്കും പറഞ്ഞോ അതോ തല്ലിയോ… രണ്ടായാലും പപ്പ ചോദിക്കാം അവനോട്…

ഡോ പ്രഭേ… കാര്യം രാവൺ തന്റെ മോനും എന്റെ മരുമോനുമൊക്കെ തന്നെയാ.. പക്ഷേ ഇനിയും എന്റെ കുഞ്ഞിനെ വേദനിപ്പിച്ചാൽ ഞാൻ ക്ഷമിക്കില്ല പറഞ്ഞേക്കാം….

വൈദി വേദ്യയെ ചേർത്ത് നിർത്തി കൊഞ്ചലോടെ പറഞ്ഞിട്ടും അവളുടെ മുഖം തെളിഞ്ഞില്ല..അത് കണ്ടതും പ്രഭ വേദ്യയെ അടുത്ത് വിളിപ്പിച്ചു…

പറ… പ്രഭയങ്കിളിനോട് പറ… എന്താ ഉണ്ടായത്… രാവണെന്ത് തെറ്റാ ചെയ്തത്… (പ്രഭ)

അങ്കിളിന്റെ മോനെന്നെ ചതിയ്ക്ക്യായിരുന്നു… ഹേമന്തേട്ടന് ഇപ്പോഴും ഇഷ്ടം അവളെ തന്നെയാ…

വേദ്യ ദേഷ്യത്തിൽ അടിമുടി വിറച്ചു….

എന്നാര് പറഞ്ഞു മോളോട്…???

പ്രഭയുടെ സ്വരത്തിൽ ഒരു ചിരി കലർന്നു…

അതെന്തിനാ ആരെങ്കിലും പറഞ്ഞു തരുന്നത്.. ഹേമന്തേട്ടന്റെ മാറ്റം ഇപ്പോ എല്ലാവരും കണ്ടു കൊണ്ടിരിക്ക്യല്ലേ… എല്ലാ കാര്യങ്ങളിലും അവളെ favour ചെയ്ത് മാത്രമല്ലേ ഹേമന്തേട്ടനിപ്പോ സംസാരിക്കുന്നത് പോലും….

അക്കാര്യത്തിൽ വേദ്യമോള് അവനെ തെറ്റിദ്ധരിക്കരുത്… ഇളയ അളിയനോട് കുട്ടിക്കാലം മുതൽക്കേ രാവണിന് ഒരു പ്രത്യേക സ്നേഹവും ബഹുമാനവുമൊക്കെ ആയിരുന്നു… ഈ തറവാട്ടിലെ മറ്റാരോടും തോന്നാത്ത പോലെയൊരു സ്നേഹം… ആ സ്നേഹം പണ്ട് മുതലേ ത്രേയയോടും ഉണ്ടായിരുന്നു… ഇപ്പോ വേണു ഇവിടെ ജീവനോടെ ഇല്ലാത്ത സ്ഥിതിക്ക് അയാൾടെ മോളോട് തോന്നിയ ഒരനുകമ്പ അത് മാത്രമാണ് രാവണിന് അവളോടുള്ളത്… (പ്രഭ)

അല്ല പ്രഭയങ്കിൾ… അങ്ങനെയല്ല…!! അവളോട് ഹേമന്തേട്ടന് നിങ്ങള് വിചാരിക്കും പോലെ ഒരനുകമ്പയല്ല.. മറിച്ച് പ്രണയം തന്നെയാണ്… അവരെ രണ്ടാളെയും കാണാൻ പാടില്ലാത്ത ഒരു സിറ്റ്യൂയേഷനിൽ ഒരുമിച്ച് കണ്ടിട്ടാണ് ഞാൻ വന്നിരിക്കുന്നത്….

കാണാൻ പാടില്ലാത്ത സിറ്റ്യുയേഷനോ…??? നീ എന്തൊക്കെയാ മോളേ ഈ പറയുന്നത്… (വൈദി)

അതേ പപ്പ… പപ്പയോട് എനിക്കത് തുറന്നു പറയാൻ കഴിയില്ല… പക്ഷേ അതെന്റെ വെറും തോന്നലായിരുന്നില്ല…

വേദ്യ അത് പറഞ്ഞ് നിർത്തി അല്പം മുന്നോട്ട് നടന്നു…

പ്രഭേ..എന്താടോ ഇത്…??? തന്റെ മോൻ എന്തിനുള്ള പുറപ്പാടാ..??? നമ്മുടെ തീരുമാനങ്ങളെല്ലാം വ്യക്തമായി അവനോട് ബോധിപ്പിച്ചിരുന്നില്ലേ താൻ…. (വൈദി)

വൈദീ…അത് പിന്നെ… വേദ്യമോള് പറയും പോലെ ഒന്ന് രാവണിന്റെ ഭാഗത്ത് നിന്നും നടക്കാൻ സാധ്യതയില്ല…. (പ്രഭ)

പിന്നെ എന്റെ മോള് കള്ളം പറയ്വാണോ… അവൻ ഒരു കാലത്ത് പ്രേമിച്ചു നടന്നതല്ലേടോ അവളെ… ആ ഓർമ്മയിൽ ഇനി അവര് തമ്മില് അരുതാത്ത വല്ല ബന്ധവും ഉണ്ടായിട്ടുണ്ടാക്വോ..???

എന്താ വൈദീ താനീ പറയുന്നത്… രാവണിനെ അങ്ങനെയാ താൻ കണ്ടിരിക്കുന്നത്… അവനവളെ പ്രേമിച്ചു നടന്നൂന്നുള്ളത് സത്യമാണ്… പക്ഷേ അതിന്റെ നാമ്പുകൾ ഇപ്പോഴും അവന്റെയുള്ളിൽ തളിർത്തു തുടങ്ങിയെന്ന് വിശ്വസിക്കാൻ എനിക്കാവില്ല….

അഥവാ അങ്ങനെ വല്ലതും ഉണ്ടായാൽ തന്നെ താനിങ്ങനെ ടെൻഷനാവേണ്ട ആവശ്യമെന്താ…??? അവളോടൊപ്പം എന്റെ മോൻ ഒരു ജീവിതം തുടങ്ങിയാലും അതിന് ടെൻഷനാവേണ്ട കാര്യമില്ലല്ലോ… അവളുടെ മരണമടുക്കാനുള്ള നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞതല്ലേ….

ആര് പറഞ്ഞു പ്രഭയങ്കിൾ അതൊക്കെ… മരിയ്ക്കാൻ പോകുന്നു എന്ന് പറഞ്ഞ് വീരവാദം മുഴക്കീട്ട് ഇതിപ്പോ മാസം എത്രയായി… അവൾക് ഒരു പോറല് പോലും ഏറ്റിട്ടില്ല ഇതുവരെ… എനിക്ക് ഇപ്പോ സംശയമാ എല്ലാവരേയും… ആ രാജാറാമിനേയും,അവന്റെ കാവിയണിഞ്ഞ കുറേ കൂട്ടാളികളേയുമെല്ലാം… എല്ലാം സംശയമാ…

മോളേ..നീയിങ്ങനെ തളരാൻ പാടില്ല… പപ്പ ഇവിടെ ഉള്ളപ്പോ എന്റെ മോളെന്തിനാ വിഷമിക്കുന്നത്.. രാവൺ പഴയത് പോലെയോ അതിനിരട്ടിയായോ അവളെ പ്രണയിച്ചാലും എല്ലാ അർത്ഥത്തിലും അവരൊന്നിച്ചാലും അവൾക് അവനൊപ്പം ദീർഘ നാൾ ഒരു കുടുംബ ജീവിതം നയിക്കാൻ കഴിയില്ല…. അവന്റെ സന്താനത്തിന് അവളിൽ നിന്നും ഒരു പിറവി എടുക്കാനുള്ള സമയം പോലും പപ്പ അനുവദിച്ചു കൊടുക്കില്ല.. അതിന് മുമ്പ് തീർക്കും ഞാനവളെ…. ഇത്രയും നാളും പപ്പ ഓരോരോ ചെറിയ തന്ത്രങ്ങളിൽ അവളെ തളച്ചിടാൻ ശ്രമിച്ചൂന്നേയുള്ളൂ…. ഇനി അത് പറ്റില്ല… അവളുടെ ആയുസ്സ് അതിന്റെ അവസാന നാളുകളിലേക്ക് കടക്ക്വാണ്… പപ്പയുടെ മനസ്സിലെ ചില തന്ത്രങ്ങളുടെ ഇരയാവാനാണ് അവളുടെ വിധി… ആ വിധിയ്ക്ക് തീർപ്പ് കല്പിക്കുന്നത് നാളെയാണ്… അതോട് കൂടി ത്രയമ്പക വേണുഗോപൻ എന്നെന്നേക്കുമായി ഈ തറവാട് വിട്ട്…ഏയ് അല്ല.. ഈ ലോകം തന്നെ വിട്ടു പോകും.. നീ സമാധാനമായിരിക്ക്…

വൈദി വേദ്യയെ സമാധാനപ്പെടുത്തി കൊണ്ട് വിരലുഴിഞ്ഞ് നിന്നു….അതിൽ ആശ്വാസം കണ്ടെത്തി നിൽക്ക്വായിരുന്നു പ്രഭ…

___________________________________

സൂര്യ കിരണങ്ങൾ കണ്ണിലേക്ക് അരിച്ചിറങ്ങുമ്പോ അതിന് കൈത്തലം ഉയർത്തി മറ തീർത്തു കൊണ്ട് ത്രേയ മെല്ലെ കണ്ണ് ചിമ്മി ഉണർന്നു….കിടന്ന കിടപ്പിൽ തന്നെ നടുനിവർത്തി ഒരു മൂരിയിട്ട ശേഷം അവള് ചുറ്റിലും രാവണിനെ പരതി….

എവിടെ എന്റെ കെട്ട്യോൻ…??? കാണുന്നില്ലല്ലോ…

ത്രേയ ഷീറ്റ് മാറ്റി എഴുന്നേറ്റ് വാഷ് റൂം തുറന്ന് നോക്കി… അവിടേം അവൻ ഉണ്ടായിരുന്നില്ല….

ഹോ…അപ്പോ പതിവ് ഗുസ്തികൾക്ക് ഇറങ്ങിയതാവും….

ത്രേയ സ്വയം പിറുപിറുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറി ഒന്ന് ഫ്രഷായി വന്നു…. കിച്ചണിൽ പോയി ഒരു ഫ്രഷ് ജ്യൂസ് തയ്യാറാക്കി അവള് തിരികെ റൂമിലേക്ക് തന്നെ നടന്നു….

ബാൽക്കണി ഡോറ് തുറന്നു കൊണ്ട് ഇരു വശങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചതും treadmill ൽ exercise ചെയ്യുന്ന രാവണിനെയാണ് കണ്ടത്…

ചെവിയിൽ ഫിറ്റ് ചെയ്ത് വച്ചിരിക്കുന്ന wireless earphoneൽ സംസാരിച്ചു കൊണ്ട് exercise തുടരുകയായിരുന്നു അവൻ….

ആഹാ…. എന്റെ പ്രതീക്ഷ തെറ്റിയില്ല… ഇവിടെ തന്നെ ഉണ്ടായിരുന്നോ…

ത്രേയ ജ്യൂസുമായി അവനരികിലേക്ക് നടന്നടുത്തതും ഫോണിൽ സംസാരിച്ചു കൊണ്ട് തന്നെ അവന്റെ നോട്ടം അവളിലേക്ക് തിരിഞ്ഞു…

തനുഷ്ക് I will call you later…. Ok ഡാ…

ചെവിയിൽ തിരുകിയിരുന്ന earphone ൽ പ്രസ് ചെയ്ത് അവനവളിൽ നിന്നും നോട്ടം മാറ്റി വീണ്ടും exercise ൽ concentrate ചെയ്തു….

ഹലോ… സാർ… ജ്യൂസ്….!!!

ത്രേയ രാവിലെ തന്നെ അവനെ ചൊടിപ്പിക്കാനുള്ള പണികൾ നെയ്തു കൂട്ടി…

എനിക്ക് വേണ്ട…

രാവൺ അവളെ ശ്രദ്ധിക്കാതെ മുഖം തിരിച്ചു…

ആഹാ…പറ്റില്ല…പറ്റില്ല.. ഇത് കുടിച്ചേ പറ്റൂ… ഞാൻ സ്നേഹത്തോടെ ഉണ്ടാക്കി കൊണ്ട് വന്നതല്ലേ… അതിനെ ഇങ്ങനെ ഒറ്റയടിക്ക് reject ചെയ്താൽ കൊള്ളാമോ….

എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേടീ…. എന്താ പറഞ്ഞാൽ മനസിലാവില്ലേ നിനക്ക്…

ആഹാ… അങ്ങനെ രണ്ട് നീതിയും രണ്ട് ന്യായവും പറ്റില്ല… ഞാൻ വേണ്ടാന്ന് പറയുന്ന കാര്യം നീ ചെയ്യുന്നതോ.. അതുപോലെ എനിക്കുമുണ്ട് ചില അധികാരങ്ങളെന്ന് കൂട്ടിക്കോ…!!! നീ വേണ്ടാന്ന് പറയുന്ന കാര്യം ഞാനും ചെയ്യും.. ഇത് നിന്നെക്കൊണ്ട് ഞാൻ കുടിപ്പിക്കും മോനേ….

നിനക്ക് എന്റെ കൈയ്യീന്ന് കിട്ടാനുള്ള സമയമായി.. അത് ഇരന്ന് വാങ്ങാനാ നീ ഇപ്പോ ഇവിടേക്ക് വന്നത്…

ഓയ് ഹലോ… ഈ ഭാര്യമാരെ തല്ലുന്നത് വലിയ ബഹുമതിയാണെന്ന് കരുതി നടക്ക്വാണെങ്കിൽ അത് വേണ്ട… അതൊന്നും അത്ര നല്ല ശീലമല്ല… ചില ബോറ് ഭർത്താക്കന്മാരുടെ ലക്ഷണമാ അത്… നിന്നെ തിരിച്ച് തല്ലാൻ അറിയാഞ്ഞിട്ടല്ല… പിന്നെ വേണ്ടെന്ന് വച്ചിട്ടാ….

എടീ നിന്നെ ഞാൻ….

രാവൺ treadmill off ചെയ്ത് ത്രേയയ്ക്ക് നേരെ പാഞ്ഞു…അത് കാണേണ്ട താമസം ത്രേയ ജീവനും കൊണ്ട് അവിടെ നിന്നും പുറത്തേക്കൊരോട്ടമായിരുന്നു…. റൂമിന്റെ ഒരു കോണിലെത്തിയതും ത്രേയയുടെ കൈയ്യിൽ രാവണിന്റെ പിടി വീണു….

രാവൺ ബലം പിടിയ്ക്കല്ലേ…ജ്യൂസ് പോവും… ജ്യൂസ് പോവും….

ഗ്ലാസിന് മുകളിൽ വച്ചിരുന്ന മൂടിയിൽ അമർത്തി പിടിച്ചു കൊണ്ട് ത്രേയ രാവണിന് നേർക്ക് തിരിഞ്ഞു…. രാവൺ അവളുടെ അരക്കെട്ടോട് കൈ ചേർത്ത് അവളെ അവനോട് ചേർത്തതും ത്രേയ ഒരു പതർച്ചയോടെ അവനോട് ചേർന്നു…

ഞാൻ പറഞ്ഞോ നിന്നോട് ഈ ജ്യൂസുമായി എന്റെ മുന്നിലേക്ക് വരാൻ….

രാവൺ ജ്യൂസിലേക്ക് കണ്ണ് കാണിച്ചു പറഞ്ഞതും ത്രേയ അവനെ മുഖം കൂർപ്പിച്ചൊന്ന് നോക്കി….

നീ പറയാതെ തന്നെ നിന്റെ കാര്യങ്ങളെല്ലാം ചെയ്തു തരാൻ ബാധ്യസ്ഥയാ ഈ ഞാൻ… അത് പോലെ എന്റെ ആവശ്യങ്ങൾ ഞാൻ ആവശ്യപ്പെടാതെ തന്നെ നടത്തി തരാൻ നീയും ബാധ്യസ്ഥനാണ്…. അത് നീ ഇടയ്ക്കിടയ്ക്ക് മറന്നു പോകുന്നതെന്താ രാവൺ..

ഹോ… അങ്ങനെ ആയിരുന്നോ….!! അത് ഞാൻ ശരിയ്ക്കും മറന്നു പോയി…. അപ്പോ ഇന്നലത്തെ പോലെ ചില ഗിഫ്റ്റുകൾ നീ ചോദിക്കാതെ തരാനും ഞാൻ ബാധ്യസ്ഥനാണ് ല്ലേ…..!!!

അത് കേട്ടതും ത്രേയ ആകെയൊന്ന് നടുങ്ങി…. അവളുടെ മുഖത്തെ ഞെട്ടലും പതർച്ചയും കണ്ടതും രാവൺ മുഖത്തൊരു ചിരി ഒളിപ്പിച്ചു നിന്നു…. രാവണിന്റെ കൈയ്യിൽ കിടന്ന് അവളാകെയൊന്ന് കുതറി….

ഇന്നലത്തെ പോലെയൊന്ന് തരട്ടേ ഞാൻ..!!!! ന്മ്മ….

രാവൺ അവൾക് നേരെ മുഖം കുനിച്ചതും ത്രേയ ചുണ്ട് ഉള്ളിലേക്ക് മടക്കി കടിച്ചു കൊണ്ട് അവന് നേരെ വിസമ്മതത്തോടെ തലയാട്ടി കാണിച്ചു…. അവളുടെ പേടിച്ചരണ്ട മിഴികളും അവയിൽ ഓടിനടന്ന കൃഷ്ണമണിയും അവനിലൊരു കുസൃതി വിരിയിച്ചു…..

അവനാ പുഞ്ചിരിയോടെ തന്നെ അവളുടെ മുഖത്തിന് നേരെ അടുത്ത് അവളുടെ വലംകൈയ്യിൽ കരുതിയിരുന്ന ജ്യൂസ് കൈയ്യിൽ വാങ്ങി വച്ചു…. അരക്കെട്ടിൽ അമർന്നിരുന്ന കൈയ്യിനെ മെല്ലെ അയച്ചതും ത്രേയ തിടുക്കപ്പെട്ട് അവനിൽ നിന്നും അടർന്നു മാറി….

ഗിഫ്റ്റ് വേണ്ടെങ്കിൽ പൊയ്ക്കോ…!!!

രാവൺ ജ്യൂസ് കൈയ്യിലേന്തി പ്രണയാതുരമായി ഒന്ന് പുഞ്ചിരിച്ചു….. അത് കേൾക്കേണ്ട താമസം ത്രേയ അവിടെ നിന്നും തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്കോടി….. ഒരു കവിൾ ജ്യൂസ് ഉള്ളിലാക്കി കൊണ്ട് അവനൊന്ന് പുഞ്ചിരിച്ചാണ് ആ കാഴ്ച കണ്ടു നിന്നത്…..

__________________________________

ഹാളിൽ പതിവിലും വിപരീതമായി ഒരു പൊതുസഭ നടക്കുമ്പോഴാണ് ത്രേയ അവിടേക്ക് ഓടിക്കിതച്ച് ചെല്ലുന്നത്…. അവളുടെ കിതപ്പും ആ മുഖത്ത് ഒളിഞ്ഞു കിടന്ന പുഞ്ചിരിയും കണ്ടതും വൈദി ദേഷ്യത്തോടെ നെറ്റി ചുളിച്ചു കൊണ്ട് അവളെയൊന്ന് തുറിച്ചു നോക്കി…..

എന്താ ത്രേയാ നിനക്ക്… പെൺകുട്ടികളായാൽ അല്പം അടക്കോം ഒതുക്കോം ഒക്കെ വേണം… അല്ലാതെ ഇങ്ങനെ നിലം തൊടാതെ പറക്ക്വല്ല വേണ്ടത്…

അത്…വല്യച്ഛാ ഞാൻ…

ത്രേയേടെ മുഖത്തെ പുഞ്ചിരി മാഞ്ഞ് ഞൊടിയിടയിൽ തന്നെ അല്പം പരിഭ്രമം നിറഞ്ഞു….ആ കാഴ്ച കണ്ട് സന്തോഷത്തോടെ നിൽക്ക്വായിരുന്നു ബാക്കി എല്ലാവരും… അപ്പോഴാണ് അഗ്നിയും അച്ചുവും അവിടേക്ക് വന്നത്…..

എന്താ ഇവിടെ… വൈദിയങ്കിൾ ഇത്രയും ദേഷ്യപ്പെടാൻ എന്താ ഇവിടെ ഉണ്ടായത്….??? (അഗ്നി)

അതെന്താണെന്ന് ഇവൾക്കറിയാം…. വിവാഹം കഴിച്ച പെൺകുട്ടികൾക്ക്.. അതും ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് ചില ചിട്ടയും ശീലങ്ങളുമൊക്കെ ഉണ്ടാകണം എന്നത് നിർബന്ധമാണ്… അത് പലപ്പോഴും ഇവള് മറക്കുന്നുണ്ട്… അതെങ്ങനെയാ ഇത്രയും വർഷങ്ങളിലും ആർക്കൊപ്പം എങ്ങനെയായിരുന്നു ജീവിതം എന്നാർക്കറിയാം…..

വല്യച്ഛാ… ഇനിയും ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞെന്നെ അപമാനിക്കാൻ ശ്രമിക്കരുത്….

ത്രേയയുടെ മുഖം ദേഷ്യം കൊണ്ട് വിടർന്നതും ചുറ്റിലും നിന്ന എല്ലാവരും അത് കണ്ട് അത്ഭുതപ്പെട്ട് നിന്നുപോയി….

ഡീ.. നീയെനിക്ക് നേരെ ശബ്ദമുയർത്താൻ വേണ്ടി വളർന്നോ…!!!

വൈദി ദേഷ്യത്തോടെ അവളുടെ നേർക്ക് പാഞ്ഞു ചെന്നതും സ്റ്റെയറിന് മുകളിൽ നിന്നുകൊണ്ട് ആ കാഴ്ച കണ്ട രാവണിന്റെ നോട്ടം അയാളുടെ കാലുകളെ ചങ്ങലയിടും പോലെ അവിടെ തളച്ചിട്ടു…. ജിം വെസ്റ്റിന് മുകളിലായി ഒരു ടൗവ്വല് പുതച്ചു കൊണ്ട് കൈയ്യിൽ ഒരു ഗ്ലാസ് ജ്യൂസുമേന്തി അവനാ കാഴ്ച കണ്ടു നിന്നു…. ഇടയ്ക്കിടെ ജ്യൂസ് ഓരോ തവണ സിപ്പ് ചെയ്തു കൊണ്ട് വൈദിയെ തന്നെ നോട്ടമിട്ടു നിന്ന രാവണിനെ കണ്ടതും മുന്നിലേക്കാഞ്ഞ വൈദി കാലുകൾ പിന്വലിച്ച് അവിടെ തന്നെ നിന്നു…

വൈദിയുടെ നോട്ടം പോയ വഴിയേ മറ്റെല്ലാവരുടേയും കണ്ണുകൾ ഒരുപോലെ സഞ്ചരിച്ചു….അത് ചെന്നു നിന്നത് രാവണിന്റെ മുഖത്തേക്കായിരുന്നു…..

അച്ചൂ… രാവണിനെ കണ്ടിട്ടാണെന്ന് തോന്നുന്നു വൈദിയങ്കിള് റിട്ടേൺ അടിച്ചത്….

അഗ്നിയൊന്ന് പുഞ്ചിരിച്ചു നിന്നു….

വൈദിയുടെ ആ പിൻവാങ്ങൽ കണ്ടതും അവർക്ക് മുന്നിൽ വാക്കുകൾ കൊണ്ട് പ്രതിഷേധം തീർക്കാതെ മുഖത്തല്പം ഗൗരവം ഫിറ്റ് ചെയ്ത് രാവൺ റൂമിലേക്ക് നടന്നു…. അവന്റെ ആ നീക്കം കണ്ട് ത്രേയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

പക്ഷേ ആ കാഴ്ച ശത്രു പക്ഷത്തിനേറ്റ വലിയൊരു പ്രഹരമായിരുന്നു…. ആ ദേഷ്യത്തിൽ മുഖവും വീർപ്പിച്ച് നിൽക്ക്വായിരുന്നു ഓരോരുത്തരും…

അല്ല… ഇവിടെ എന്താ ഇപ്പോ ഒരു സ്പെഷ്യൽ കുടുംബ സംഗമം…. (അച്ചു)

ഇന്ന് നമ്മുടെ നാഗത്തറയിൽ സർപ്പപ്പാട്ടും പൂജയും നടത്തണം…. അത് ഈ തറവാട്ടിലെ സുമംഗലികളാണ് നടത്തേണ്ടത്… ഊർമ്മിളയ്ക്ക് ലക്ഷ്മീ പൂജ നടത്താൻ ക്ഷേത്രത്തിൽ പോകണം… വൈദേഹിയും, വസുന്ധരയും ഈ തറവാട്ടിൽ തന്നെ ആ സമയം ഉണ്ടാവണം…അത് നിർബന്ധമാണ്… നാഗത്തറയിൽ ദീപം തെളിയിക്കുന്ന സമയം ഇവരുടെ രണ്ടു പേരുടെയും സാന്നിധ്യം ഈ തറവാട്ടിലാണ് ഉണ്ടാവേണ്ടത്….. പിന്നെ ശേഷിക്കുന്നത് ത്രേയയാണ്… വർഷങ്ങൾ ഒരുപാടായില്ലേ ഇവള് ഈ കുടുംബത്തിലെ പൂജകൾക്കൊക്കെ സാന്നിധ്യം വഹിച്ചിട്ട്….

അഗ്നീ..ത്രേയയ്ക്കുള്ള അടുത്ത പണി വന്നു… എവിടെ രാവണെവിടെ…???

അച്ചു സ്റ്റെയറിന് മുകളിലേക്ക് നോട്ടം നല്കി കൊണ്ട് അഗ്നീടെ തോളിലേക്ക് കൈ ചേർത്ത് നിന്നു….

അവനിവിടെ തന്നെ ഉണ്ടല്ലോ അച്ചൂ… ഇപ്പോ താഴേക്ക് വരും… അതോടെ ഈ പ്ലാൻ പൊളിഞ്ഞോളും…

അഗ്നി അച്ചൂന് നിർദ്ദേശം നല്കി നിന്നതും വൈദി പൂജയുടെ വിവരങ്ങൾ ഓരോന്നും എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചു… അതിന്റെ പ്രധാന ഭാഗങ്ങൾ കേട്ടുകൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നത്….

ഹാ..രാവൺ…മോനേ… പറ്റുമെങ്കിൽ നീയിന്ന് നേരത്തെ വരാൻ നോക്കണം..കേട്ടോ… ഇന്നിവിടെ നാഗത്തറയിൽ പൂജയുണ്ടാവും… നീയും പൂജയിൽ പങ്കെടുക്കണം… ത്രേയയാണ് വിളക്ക് തെളിയിക്കേണ്ടത്…

രാവൺ അതിന് കാര്യമായി ശ്രദ്ധ കൊടുക്കാതെ ഓരോ പടിയും ഇറങ്ങി വൈദിയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നു… വാച്ചിന്റെ ചെയിൻ മുറുക്കി കൊണ്ട് അവനയാൾക്ക് നേരെ നോട്ടം കൊടുത്തു…

ഞാൻ വരാൻ അല്പം ലേറ്റാവും വൈദിയങ്കിൾ… അതുകൊണ്ട് പൂജയിൽ പങ്കെടുക്കാൻ കഴിയില്ല….

അത് അങ്കിളിനറിയാം… മോന് ഒരുപാട് ജോലിത്തിരക്കുള്ളതല്ലേ..!! പറ്റുമെങ്കിൽ മാത്രം മതി…

ഞാൻ പറഞ്ഞില്ലേ അങ്കിളേ സാധ്യതയുണ്ടാവില്ല… അത് മാത്രമല്ല എന്റെ സാന്നിധ്യമില്ലാതെ ത്രേയ ഈ പൂജ ചെയ്യുകേം ഇല്ല…

രാവണിന്റെ ആ കടുത്ത തീരുമാനം കേട്ടതും അഗ്നിയുടേയും,അച്ചൂന്റെയും ത്രേയയുടേയും മുഖം ഒരുപോലെ വിടർന്നു… പക്ഷേ ശത്രുപക്ഷങ്ങൾക്കേറ്റ കനത്തൊരു തിരിച്ചടിയായിരുന്നു അത്….വൈദിയും പ്രഭയും മുഖത്തോട് മുഖം നോക്കി ഉള്ളിലുരുണ്ട് കൂടിയ ദേഷ്യം പരസ്പരം പ്രകടമാക്കി…

അതെങ്ങനെ ശരിയാകും രാവൺ… ത്രേയ ഈ കുടുംബത്തിലെ കുട്ടിയല്ലേ…. അവൾ ഈ പൂജ ചെയ്യുന്നതിൽ എന്താ തെറ്റ്… വൈദി പറഞ്ഞപ്പോഴേ ത്രേയ ഈ പൂജ ചെയ്യാൻ മനസ് കൊണ്ട് തയ്യാറെടുത്ത് കഴിഞ്ഞതാണ്…. അവളുടെ ആ സന്തോഷമാണ് ഒറ്റയടിക്ക് നീ കെടുത്തി കളയാൻ ശ്രമിക്കുന്നത്…. അല്ലെങ്കിൽ തന്നെ അവള് പൂജയ്ക്ക് പങ്കെടുക്കാൻ പാടില്ല എന്ന് നീ എന്തിനാ അന്തിമ തീരുമാനം കല്പിക്കുന്നത്….

പ്രഭ രാവണിനെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു..

അത് കൊള്ളാം… ഈ കുടുംബത്തിലെ മറ്റാരുടേയും കാര്യത്തിലല്ല ഞാനൊരന്തിമ തീരുമാനം എടുത്തത്…. ഞാൻ താലികെട്ടിയ എന്റെ ഭാര്യേടെ കാര്യത്തിലാണ്… അവളിവിടെ എന്ത് ചെയ്യണം…എന്ത് ചെയ്യണ്ട എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം എനിക്ക് മാത്രമാണ്.. എന്നു കരുതി അവളെ ഞാനിവിടെ തളച്ചിട്ടിട്ടൊന്നുമില്ല… അവൾക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്….

നീ സ്വാതന്ത്ര്യം കൊടുത്തിട്ടാണോ അവൾടെ ആഗ്രഹങ്ങൾക്ക് മീതെ തടയിടാൻ നോക്കുന്നത്…. വൈദി പൂജയെപ്പറ്റി പറഞ്ഞപ്പോഴേ അവളത് ചെയ്യാനായി താൽപര്യപ്പെട്ടിരിക്ക്യായിരുന്നു…. അല്ലേ മോളേ….!!!

പ്രഭ സ്നേഹം ചാലിച്ച സ്വരത്തോടെ ത്രേയയ്ക്ക് നേരെ നോട്ടം കൊടുത്തതും ആ പ്രകടനം കണ്ട് അവളൊരു നിമിഷം കണ്ണും തള്ളി നിന്നു പോയി….

ത്രേയ മോളേ.. അങ്കിള് പറഞ്ഞത് ശരിയല്ലേ… മോൾക്ക് ഈ പൂജ നടത്താൻ ആഗ്രഹം ഉണ്ടായിരുന്നില്ലേ… മോള് ധൈര്യമായിട്ട് പറഞ്ഞോ…എന്റെ മോൾടെ ഇഷ്ടത്തിന് അങ്കിളിന്റെ സപ്പോർട്ട് ഉണ്ടാവും… രാവണിന്റെ എതിർപ്പ് മോള് കാര്യമാക്കാനേ പോകണ്ട….

പ്രഭ ത്രേയയ്ക്ക് നേരെ ചെന്നു നിന്നു…

ഏയ്…സാരല്ല അങ്കിളേ… എനിക്ക് ഈ പൂജ ചെയ്യണംന്ന് വലിയ ആഗ്രഹമൊന്നുമില്ല… ഇതിപ്പോ രാവൺ കൂടി എതിർപ്പ് പ്രകടിപ്പിച്ച സ്ഥിതിയ്ക്ക് പൂജ മറ്റാരെങ്കിലും ചെയ്യുന്നതല്ലേ നല്ലത്….

ത്രേയ പ്രഭയുടെ നീക്കങ്ങളെ പാടെ തകർത്തു…. ത്രേയേടെ നിഷ്കളങ്കമായ ആ വർത്തമാനം കേട്ട് ഒരു ചിരിയടക്കി നില്ക്ക്വായിരുന്നു രാവണും,അഗ്നിയും,അച്ചുവും….

ത്രേയേടെ ആ അഭിപ്രായത്തിൽ വൈദിയും, പ്രഭയും വേദ്യയും ഒരുപോലെ ദേഷ്യത്തോടെ മുഖം ചുളിച്ചു നിന്നു…..

പിന്നെ അധിക സമയം അവിടെ നിന്ന് സംസാരിക്കാൻ നില്ക്കാതെ രാവൺ നേരെ ഡൈനിംഗ് ഏരിയയിലേക്ക് നടന്നു…അവന് പിറകേ വൈദേഹിയും അവർക്കൊപ്പം ത്രേയയും കൂടിയതും ബാക്കിയുള്ള എല്ലാ മുഖങ്ങളും ദേഷ്യം കത്തെയെരിച്ചു കൊണ്ട് അവരെ തന്നെ നോക്കി നിന്നു….

പെട്ടന്നാണ് ശന്തനു ഹാളിലേക്ക് കടന്നു വന്നത്… മുഖത്ത് നിറഞ്ഞൊരു പുഞ്ചിരിയുമായി വന്ന അവനെ കണ്ടതും അച്ചുവും അഗ്നിയും അവനടുത്തേക്ക് നടന്നു ചെന്നു….

അല്ല….. എവിടെ ആയിരുന്നു ഊരുതെണ്ടി ഇത്രനാളും… (അച്ചു)

ഒന്നും പറയണ്ട… തറവാട്ടിൽ വരെ പോയെതാടാ അച്ചൂട്ടാ…!!! അവിടെ അമ്മായി ഭയങ്കര പരാതി ഞാൻ അവിടേക്കൊന്ന് തിരിഞ്ഞു നോക്കുന്നേയില്ലാന്ന്… പിന്നെ അവരുടെയൊക്കെ ആ പരാതിയങ്ങ് തീർത്തേക്കാംന്ന് കരുതി കുറച്ചു നാള് അവിടെയങ്ങ് കൂടി….

ഹോ… അങ്ങനെ…!!! അല്ലാതെ നിന്റെ അശ്വതി രേവതിമാര് നിർബന്ധിച്ചിട്ടല്ല…

അച്ചു ആക്കിയ മട്ടിൽ ഒന്നിളിച്ചു കാണിച്ചതും ശന്തനു അവന് നേരെ ഒരവിഞ്ഞ ചിരി പാസാക്കി നിന്നു…

അതിനിപ്പോ എന്താ… എനിക്ക് രണ്ട് മുറപ്പെണ്ണുങ്ങളുണ്ടായിപ്പോയത് എന്റെ തെറ്റാണോ… അല്ലല്ലോ…!!!

ഏയ്…ഒരിക്കലുമല്ല… അതെങ്ങനെയാ അല്ലെങ്കിലും നിന്റെ തെറ്റാവുന്നേ… പക്ഷേ ആവശ്യമില്ലാതെ ആ തറവാട്ടില് എപ്പോഴും ഇങ്ങനെ കറങ്ങി നടക്കുന്നതിലേയുള്ളൂ എനിക്ക് സംശയം….

നിന്റെ പിറകെ നിമ്മി നടക്കുന്നത് തെറ്റല്ല… എന്റെ പാവം അശ്വതി എന്നെയൊന്ന് ചേട്ടാന്ന് വിളിക്കുന്നതാ തെറ്റ് ല്ലേ…

ഹലോ…രണ്ട് മുറച്ചെറുക്കന്മാരും ഒന്ന് നിർത്ത്വോ..!!! ആദ്യം വന്ന് വല്ലതും കഴിയ്ക്കാൻ നോക്ക്… എന്നിട്ടാവാം സംസാരം…

ഹോ..ശരിയാ ശരിയാ.. അഗ്നി പറഞ്ഞപ്പോഴാ ഞാനാ കാര്യമോർത്തത്… ഒരാനയെ തിന്നാനുള്ള വിശപ്പുണ്ട്… രാവിലെ അവിടെ നിന്നും ഒന്നും കഴിയ്ക്കാതെയാ ഇറങ്ങിയത്….

ശന്തനു തോളിൽ കിടന്ന ബാഗ് കഴുത്ത് വഴി ഊരിയെടുത്ത് ഡൈനിംഗ് ഏരിയയിലേക്ക് നടന്നതും അവന് പിറകേ അച്ചുവും അഗ്നിയും കൂടി അവിടേക്ക് നടന്നു…. ശന്തനു ഡൈനിംഗ് ഏരിയയിലെ ഒരു ചെയർ വലിച്ചിട്ട് ഇരിക്കുമ്പോ രാവണും അവിടെ ഇരിപ്പുണ്ടായിരുന്നു…

ഹായ് രാവൺ… കുറേ ആയല്ലോ കണ്ടിട്ട്…!!!

ന്മ്മ…ബിസിയായിരുന്നെടാ ഇപ്പോ എന്നും ഓവർ ടൈം ചെയ്യേണ്ടി വരും… ഒരു murder case ന്റെ enquiry നടക്ക്വാ…

രാവൺ വാച്ചിലേക്ക് ടൈം നോക്കി കിച്ചണിന്റെ ഭാഗത്തേക്ക് നോട്ടം കൊടുത്തു…

എന്താ ലേറ്റായോ..??? നിന്റെ മുഖം കണ്ടിട്ട് എന്തോ തിരക്കുള്ളത് പോലെ തോന്നുന്നു..

അതും ചോദിച്ച് അഗ്നിയും അവന് തൊട്ടരികിലായി അച്ചുവും സ്ഥാനം പിടിച്ചു…

ന്മ്മ… വൈദിയങ്കിളിന്റെ വാദവും പ്രതിവാദവും കേട്ട് സമയം പോയതറിഞ്ഞില്ല… ഇപ്പോ തന്നെ 15 minutes ലേറ്റാ….

രാവണിന്റെ മുഖത്ത് ദേഷ്യവും സമയം പോകുന്നതിന്റെ വേവലാതിയും നിറഞ്ഞു.. അപ്പോഴാണ് ത്രേയ ഒരു ബൗളിൽ ഫുഡും കരുതി തിടുക്കപ്പെട്ട് ഡൈനിംഗ് ഏരിയയിലേക്ക് വന്നത്… രാവണിന് നേരെയാണ് അവളുടെ വരവ് എന്നറിഞ്ഞതും അവൻ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നു…

അമ്മേ…..!!!

രാവണിന്റെ ആ അലർച്ച കേട്ടതും അടുക്കളയിൽ നിന്ന വൈദേഹി തിടുക്കപ്പെട്ട് ഡൈനിംഗ് ഏരിയയിലേക്ക് നടന്നടുത്തു… രാവണിന്റെ ദേഷ്യത്തിന് മുന്നിൽ കൈയ്യിൽ കരുതിയ ഫുഡും ചേർത്ത് പിടിച്ച് വിറങ്ങലിച്ചു നിൽക്ക്വായിരുന്നു ത്രേയ…

എന്താ മോനേ… എന്താ പറ്റിയത്…???? (വൈദേഹി)

എന്റെ കാര്യങ്ങൾ അമ്മയ്ക്ക് നോക്കാൻ കഴിയുമെങ്കിൽ അതൊക്കെ ചെയ്തു തന്നാൽ മതി… പതിവുകളൊന്നും തെറ്റിക്കാൻ നില്ക്കണ്ട…!!!

അപ്പോഴേക്കും ഡൈനിംഗ് ടേബിളിൽ വച്ചിരുന്ന മറ്റ് ഫുഡ് ഐറ്റംസൊക്കെ ശന്തനുവും അച്ചുവും ചേർന്ന് കഴിച്ചു തുടങ്ങിയിരുന്നു….

എന്താ മോനേ… ഇത്രയും ദേഷ്യപ്പെടാൻ ഇപ്പോ എന്താ ഉണ്ടായത്…???

എന്താ ഉണ്ടായതെന്നോ…!!! ശരീരത്തിന് സുഖമില്ലാതെ വന്നപ്പോ എല്ലാവർക്കും മുന്നിൽ ഇവൾക്ക് വേണ്ടി വാദിച്ചൂന്ന് കരുതി എന്റെ കാര്യങ്ങളെല്ലാം ചെയ്തു തരാൻ അമ്മ ഇവളെ ചുമതലപ്പെടുത്തേണ്ട ആവശ്യമില്ല.. ഇത്രയും നാളും അമ്മയാ എനിക്ക് ഫുഡെടുത്ത് തന്നിരുന്നത്.. ഇനിയും അങ്ങനെ മതി…

രാവൺ കലിപ്പിച്ചതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വൈദേഹിയ്ക്ക് നേരെ കണ്ണ് ചിമ്മി കാണിച്ചു…

അതേ… ഞാനെടുത്ത് തന്നൂന്ന് കരുതി ഈ ആകാശം ഇടിഞ്ഞു താഴേക്ക് വീഴാനൊന്നും പോകുന്നില്ല…. പിന്നെ നിനക്കുള്ള ഫുഡിൽ ഞാൻ കൈകൊണ്ട് തൊട്ടൂന്ന് കരുതി നിനക്ക് മാറാ വ്യാധി വരാൻ പാകത്തിന് എനിക്ക് കുഷ്ഠമൊന്നുമില്ല…

ത്രേയ അതും പറഞ്ഞ് രാവണിന് മുന്നിലിരുന്ന പ്ലേറ്റ് ബലമായി നീക്കി വച്ച് അതിലേക്ക് ഫുഡ് പകർന്നെടുത്തു…

നിനക്ക് ഇഷ്ടമുള്ള നൂൽപ്പുട്ടാ ഉണ്ടാക്കിയത്…!!! രാവിലെ കിച്ചണിൽ കയറിയപ്പോ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ചതാ… വേണ്ടാന്ന് പറഞ്ഞ് നീക്കി എറിഞ്ഞിട്ട് പോകരുത്…

ത്രേയ ഒരു താക്കീതായി പറഞ്ഞ് പ്ലേറ്റ് രാവണിന് നേരെ നീക്കി വച്ചതും അവനവളുടെ മുഖത്തേക്കും പ്ലേറ്റിലേക്കും മാറിമാറി നോക്കി…

ഇങ്ങനെ നോക്കി പേടിപ്പിക്കാൻ മാത്രം ഇതിൽ വിഷമൊന്നും ചേർത്തിട്ടില്ല..

ത്രേയ മുഖം കൂർപ്പിച്ചു പറഞ്ഞത് കേട്ട് അച്ചുവും അഗ്നിയും ശന്തനുവും ഒരുപോലെ മാറിമാറി ആക്കി ചുമയ്ക്കാൻ തുടങ്ങി… രാവണത് കേട്ട് അവന്മാരിലേക്ക് നോട്ടം കൊടുത്തെങ്കിലും മൂവരും ദൃഷ്ടി ഒരുപോലെ പ്ലേറ്റിലേക്ക് തന്നെ കൊടുത്തിരുന്ന് കഴിപ്പ് തുടർന്നു….

പിന്നെ വലിയ ബലം പിടിക്കാൻ പോവാതെ രാവണും ആ ആഹാരം കഴിച്ചു തുടങ്ങി….രാവൺ കഴിയ്ക്കുന്നതും നോക്കി സമാധാനം കണ്ടെത്തുകയായിരുന്നു ത്രേയ…ആ രംഗം കണ്ടതും വൈദേഹി അല്പം ആശ്വാസത്തോടെ ഒരു ദീർഘ ശ്വാസം വിട്ടൊന്ന് പുഞ്ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു….

കഴിപ്പിനിടയിലും ശന്തനൂന്റെ കണ്ണുകൾ ഇടയ്ക്കിടെ കിച്ചണിലും പരിസര പ്രദേശങ്ങളിലും ആകെയൊന്ന് പ്രദക്ഷിണം വച്ചു…

കൺമണി ഇവിടെ ഇല്ല… എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് ഇന്നലെ ഇവിടുന്ന് പോയതാ.. ഇതുവരെ എത്തീട്ടില്ല…

അച്ചു ശന്തനു കേൾക്കാൻ പാകത്തിന് ഉറക്കെ പറഞ്ഞു കൊണ്ട് ബൗളിലിരുന്ന കറി സ്പൂൺ കൊണ്ട് കോരിയെടുത്ത് പ്ലേറ്റിലേക്കൊഴിച്ച് വീണ്ടും കഴിപ്പ് തുടർന്നു….

പെട്ടന്നാണ് അഗ്നീടെ മൊബൈലിലേക്ക് ഒരു കോൾ വരുന്നത്… അവൻ മൊബൈൽ കൈയ്യിലെടുത്ത് ഡിസ്പ്ലേയിലേക്ക് നോക്കി…

അതിൽ തെളിഞ്ഞു നിന്ന കൺമണിയുടെ ഫോട്ടോ കണ്ടതും അഗ്നി കഴിപ്പ് നിർത്തി തിടുക്കപ്പെട്ട് എഴുന്നേറ്റു…

അഗ്നീ..നീ എവിടേക്കാ… കഴിയ്ക്കുന്നില്ലേ… (അച്ചു)

ഏയ്… മതിയെടാ.. അല്പം അത്യാവശ്യമുണ്ട്…!!!

അഗ്നി അതും പറഞ്ഞ് കോൾ അറ്റൻഡ് ചെയ്ത് പുറത്തേക്ക് നടന്നു….

ഇവനിത് എവിടേക്കാ…??? ആആആ… ആർക്കറിയാം… അച്ചു കൈവിരൽ നുണഞ്ഞു കൊണ്ട് കഴിപ്പ് നിർത്തി എഴുന്നേറ്റു…പിറകെ തന്നെ ശന്തനുവും ചെയർ നീക്കി എഴുന്നേറ്റതും അവിടെ രാവൺ മാത്രം ശേഷിച്ചു….

രാവണിന് തൊട്ടടുത്ത് നിന്ന ത്രേയ അവര് പോയ അവസരം മുതലെടുത്ത് കൊണ്ട് രാവണിനടുത്തെ ചെയർ വലിച്ചിട്ട് അതിലേക്ക് കയറിയിരുന്നു… രാവണിന് നേരെ കുറമ്പോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളവനെ തന്നെ നോക്കി താടിയ്ക്ക് കൈ താങ്ങി ഇരുന്നു….

നേരത്തെ ഹാളിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ എനിക്ക് നന്നായങ്ങ് സുഖിച്ചു കേട്ടോ രാവൺ… അത്രയും കേട്ടപ്പോ മനസിന് തോന്നിയ ആ ഒരു കുളിർമ ഇപ്പോഴും ദേ വിട്ടുമാറിയിട്ടില്ല….

അത് കേട്ട് രാവണവളെ തറപ്പിച്ചൊന്ന് നോക്കി…

നീയിങ്ങനെ Duel personality കാണിക്കല്ലേ രാവൺ… ഒരഞ്ച് മിനിട്ട് മുമ്പല്ലേ ഞാൻ നിന്റെ ആരൊക്കെയോ ആണെന്ന് എല്ലാവർക്കും മുന്നിൽ വീരവാദം മുഴക്കിയത്… പിന്നെ ഇപ്പോഴെന്താ ഇങ്ങനെ…???

ഒന്നുമില്ലേ ഞാൻ സ്നേഹത്തോടെ ഉണ്ടാക്കിയ ഈ നൂൽപ്പുട്ട് എങ്ങനെയുണ്ടെന്നെങ്കിലും ഒന്ന് പറഞ്ഞൂടെ നിനക്ക്…..

ത്രേയേടെ ആ പ്രയോഗം കേട്ടതും കഴിച്ചു കൊണ്ടിരുന്ന രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു… എങ്കിലും അതവൻ അവളിൽ നിന്നും മറച്ചു പിടിച്ചു കൊണ്ട് കഴിപ്പ് മതിയാക്കി എഴുന്നേറ്റു….

കൈകഴുകാനായി വാഷ് ബേസിനരികിലേക്ക് നടക്കുമ്പോ ത്രേയയും അവന് പിന്നാലെ തന്നെ കൂടി…

രാവൺ കൈകഴുകി തിരിഞ്ഞതും അവന് തൊട്ടു പിറകിലായി തന്നെ അവള് നിലയുറപ്പിച്ചു നിന്നു…

ദാ ടൗവ്വൽ….!!!

മുഖത്തെ ഗൗരവ ഭാവം ഒട്ടും ചോരാതെ തന്നെ അവനത് വാങ്ങി കൈയ്യും വായും ഒപ്പിയെടുത്ത് തിരികെ അവളുടെ കൈയ്യിലേക്ക് തന്നെ ഏൽപ്പിച്ചു…

അതേ… ഇനിയും പഴയത് പോലെ ദേഷ്യം ഫിറ്റ് ചെയ്ത് നടക്കാൻ തന്നെയാ ഭാവമെങ്കിൽ ഞാനിന്ന് നിന്റെ അസാന്നിധ്യത്തിൽ ആ പൂജ ചെയ്തൂന്ന് വരും… കേട്ടോ…

ത്രേയ പിന്നിൽ നിന്നും ഒരു കുറുമ്പോടെ അങ്ങനെ പറഞ്ഞതും മുന്നോട്ട് വച്ച കാൽ പിൻ വാങ്ങി രാവണവിടെയൊന്ന് നിന്നു… പിന്നെ നേരെ അവൾക്കരികിലേക്ക് തന്നെ തിരിഞ്ഞു നടന്നു ചെന്നു….

എന്താ പറഞ്ഞത്… ഒന്നുകൂടി ഒന്ന് ആവർത്തിച്ചേ…

രാവണിന്റെ ആ ചോദ്യവും മുഖത്തെ ഭാവവും കണ്ടതും ത്രേയ ആകെയൊന്ന് വിറങ്ങലിച്ചു….

അ….അല്ല… ഞാൻ…ഇന്ന്… പൂജയ്ക്ക്…!!!!

ഈ രാവണിന് ഒരു വാക്കേയുള്ളൂ…. അത് ഞാനിവിടെ പറഞ്ഞു കഴിഞ്ഞു… അത് ധിക്കരിക്കാനാ ഭാവമെങ്കിൽ ഇനി നിന്നെ ഞാൻ തല്ലില്ല…. പകരം ഇന്നലത്തെ പോലെ ചില സുഖമുള്ള വേദനകൾ തന്നോണ്ടിരിക്കും…. മോള് കുറേ പാട് പെടേണ്ടി വരും… പൂജയും കഴിഞ്ഞ് തിരികെ ഈ അസുരന്റെ കൈകളിൽ എത്തിച്ചേരേണ്ടവളാ നീ… അത് നന്നായി മനസ്സിലോർത്തു വേണം ഓരോന്നും തീരുമാനിച്ചുറപ്പിക്കാൻ കേട്ടല്ലോ….

ത്രേയ അവന്റെ മുന്നിൽ നിന്ന് ആകെ വിയർത്തു… അവന് നേരെ ഒരു നോട്ടം കൊടുക്കാൻ പോലും അവൾക്കായില്ല….ഒരു വലിയ പണി ഇരന്നു വാങ്ങിയ പോലെയാണ് അവൾക് തോന്നിയത്….

രാവണിന്റെ അഭിപ്രായം വ്യക്തമാക്കിയ ശേഷം ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ പുറത്തേക്ക് നടന്നു..

ത്രേയേ… നിനക്ക് ശരിയ്ക്കും എന്തിന്റെ കേടായിരുന്നു… വെറുതെ വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിൽ വച്ചത് പോലെ ആയില്ലേ ഇപ്പോ…

ത്രേയ തലയ്ക്കൊരു കൊട്ടും കൊടുത്ത് സ്വയം പിറുപിറുത്തു നിന്നു….

___________________________________

ഹലോ മിഴീ… നീ കരയാതെ കാര്യം പറ… എന്താ problem… ഹലോ…മിഴീ…

അഗ്നി കോൾ ചെയ്തു കൊണ്ട് മുറ്റത്തേക്കിറങ്ങി…

അഗ്നീ… എന്റമ്മ…അമ്മ….

കൺമണിയുടെ കരച്ചിലും ഇടറിയ സ്വരവും അഗ്നിയിൽ പരിഭ്രാന്തി പരത്തി…

മായമ്മയ്ക്കെന്താ പറ്റിയേ മിഴീ… പറ…എന്താണെന്ന്….???

അമ്മ…. അമ്മ പോയി അഗ്നി… അമ്മ എന്നെ വിട്ടു പോയി…

കൺമണി അത്രയും പറഞ്ഞ് പൊട്ടിക്കരഞ്ഞതും അഗ്നിയുടെ മുഖത്ത് വിഷമവും പരിഭ്രമവും പടർന്നു…

എന്താ പറ്റിയത്..എങ്ങനെയാ മായമ്മ….??

അത്….ആ അഭിലാഷ്.. അവനാ…അവനാ എന്റമ്മയെ…. വീട് അടിച്ചു വാരി ഇടാനായി ആഴ്ചയിലൊരിക്കൽ അമ്മ വീട്ടിലേക്ക് പോകാറുണ്ട്….

അങ്ങനെ പോയതായിരുന്നു… തിരികെ തറവാട്ടിലേക്ക് വരും വഴി….ഒരു ടിപ്പർ പാഞ്ഞു കയറി…. എന്നോട് ആദ്യം ഒന്നും അറിയിച്ചിരുന്നില്ല… സീരിയസാണെന്നോ, ഹോസ്പിറ്റലിൽ ആണെന്നോ ഒന്നും… അതാ ഞാൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങിയത്…. ഇന്നിപ്പോ അമ്മേടെ കണ്ടീഷൻ അല്പം ക്രിട്ടിക്കലായി….. എന്നോട് സംസാരിക്കണംന്ന് പറഞ്ഞു വിളിപ്പിച്ചതാ….. പെട്ടെന്ന്…. എനിക്ക് ആരെം വിളിച്ചറിയിക്കാനില്ല അഗ്നി…

കൺമണി വീണ്ടും പൊട്ടിക്കരഞ്ഞു…

ഏയ്…മിഴീ…നീയിങ്ങനെ കരയാതെ…!!! നീ…നീ ഇപ്പോ എവിടെയാ..??? ഞാനവിടേക്ക് വരാം….!!!

അഗ്നി തിടുക്കപ്പെട്ട് കാറിലേക്ക് കയറി…കാർ സ്റ്റാർട്ട് ചെയ്ത് വളരെ വേഗത്തിൽ പൂവള്ളിയുടെ ഗേറ്റ് കടന്നു….

തുടരും

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ…

*****

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *