സാറ്റ് കളിക്കുന്നതിനിടയിൽ വീണ അവളെ ചേർത്ത് പിടിച്ച അവളുടെ കൈയ്യിലെ മുറിവിലേക്ക് ഊതി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ദേവ സൂര്യ

“നീയിത് ആർക്ക് വേണ്ടിയാ ഗൗരി എന്നും ഈ ഞാവൽ പഴം പറിച്ചോണ്ട് പോണത്..??””

കുഞ്ഞമ്മാമ കൈകൾ പിറകിൽ കെട്ടി ചോദിച്ചപ്പോൾ ഞെട്ടി തിരിഞ്ഞു നോക്കി.. കണ്ണുകൾ ഒന്ന് പതറിയെങ്കിലും അവ മെല്ലെ ഇറുക്കി കാണിച്ചു കൊണ്ട്…കൈയ്യിലെ ഞാവൽ പഴം ഭദ്രമാക്കി ഇല കീറിലേക്ക് വെച്ചു…

“”ന്റെ ഡാൻസ് ടീച്ചർക്ക് ഞാവൽ പഴം വല്യ ഇഷ്ട്ടാ… ടീച്ചർക്ക് കൊണ്ട് കൊടുക്കാനാ…””

കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു പറയുമ്പോളും തന്റെ കണ്ണുകൾ കള്ളം പറയുമോ എന്നൊന്ന് ഭയന്നിരുന്നു… പുഞ്ചിരിയോടെ തലയാട്ടി നടന്നകലുന്ന കുഞ്ഞമ്മാമയെ കണ്ടപ്പോൾ ആണ് ശ്വാസം ഒന്ന് നേരെ വീണത്… മെല്ലെ കണ്ണുകൾ കയ്യിലെ ഞാവൽ പൊതിയിലേക്ക് നീണ്ടു.. ചുണ്ടിൽ നേരിയ പുഞ്ചിരി വിരിഞ്ഞു…

കൈയ്യിലെ ചിലങ്കക്കൊപ്പം ഇലകീറിലെ ഞാവൽ പഴവും നടക്കുന്നതിനിടയിൽ ആരെയോ തിരയുന്നുണ്ടായിരുന്നു.. ദൂരെ അമ്പലകുളത്തിനടുത്ത് നിർത്തിയ ബൈക്ക് കാൺകെ ചുണ്ടിൽ നാണത്തിന്റെ പുഞ്ചിരിയോടൊപ്പം കണ്ണുകൾ വല്ലാതെ പിടച്ചു… രണ്ടു കൈകൾ തന്നെ വലിച്ചു മരങ്ങൾക്കിടയിലേക്ക് നിർത്തുമ്പോളും ആ നെഞ്ചിൽ തട്ടി നിൽക്കുമ്പോളും ആ മുഖത്തേക്ക് നോക്കാൻ ആവാതെ കണ്ണുകൾ താണിരുന്നു…

“”അറക്കൽ തറവാട്ടിലെ മിണ്ടാപൂച്ച കണ്ണടച്ച് പാൽ കുടിക്കണത് അവിടെത്തെ കാര്യസ്ഥൻ ചെക്കാനല്ലാതെ ആർക്കെങ്കിലും അറിയുവോ ന്റെ കൃഷ്ണ… അവളിലെ പിടുത്തം ഒന്നൂടെ മുറുക്കി കുസൃതിയോടെ ചോദിക്കുമ്പോൾ അവളുടെ ചുണ്ട് കൂർക്കുന്നത് കൗതുകത്തോടെ അറിഞ്ഞു…””

അവന്റെ കൈകൾ തട്ടി മാറ്റി മുഖം വീർപ്പിച്ചു നിൽക്കുമ്പോൾ അപ്പുറത്ത് നിന്ന് അടക്കിയ ചിരി കേൾക്കാമായിരുന്നു…

“”ദേ നിന്റെ കയ്യിലെ ഞാവൽ പഴത്തിന്റെ നിറത്തിനേക്കാൾ ഭംഗിയാണ് ഗൗരി ഇങ്ങനെ പിണങ്ങി നിൽക്കുമ്പോൾ നിന്റെ കവിളിൽ പടരുന്ന ചുവപ്പ് നിറത്തിന്…””

അവളുടെ കവിളിൽ മെല്ലെ നു ള്ളിക്കൊണ്ട് പറയുമ്പോൾ ആ ചുണ്ടിൽ നാണത്താൽ ഉള്ള പുഞ്ചിരി വിരിഞ്ഞിരുന്നു… ആവേശത്തോടെ കയ്യിലെ ഞാവൽ പഴം അടങ്ങിയ ഇലകീറ് വിടർന്ന കണ്ണുകളോടെ അവനായി നീട്ടി…കുസൃതിയോടെ അവളെ നോക്കുമ്പോളേക്കും കയ്യിലെ ചിലങ്ക നെഞ്ചോട് ചേർത്ത് ഇടവഴിയിലൂടെ ഓടി മറഞ്ഞിരുന്നു… കിലുങ്ങുന്ന ചിലങ്കനാദം കേൾക്കെ പുഞ്ചിരിയോടെ അവൻ മുൻപ് നടന്നത് ഓർത്തെടുത്തു…

“”ടോ മിണ്ടാപൂച്ചേ… എന്തോരം ഞാവൽ പഴങ്ങളാ നിന്റെ വീടിന്റെ മുൻപിലെ ഞാവൽ മരത്തിൽ… ഇത്തിരി പഴം പുറത്തുള്ളോർക്ക് കൊടുക്കാൻ പറഞ്ഞൂടെ നിന്റെ പിശുക്കൻ തന്ത നായരോട്…””

ഒരിക്കൽ ഡാൻസ് ക്ലാസ്സിലേക്ക് ചിലങ്ക മാറോട് ചേർത്ത് പോകുമ്പോൾ പിന്നിൽ നിന്ന് കെട്ട ശബ്‌ദത്തിന് കൂർപ്പിച്ചോന്ന് നോക്കി ഗൗരി… കുഞ്ഞിലേ അച്ഛന്റെ കൈ പിടിച്ചു ചവിട്ടിയതാണ് ആ വലിയ തറവാടിന്റെ പടി.. അവരുടെ വിശ്വസ്ഥനായ കാര്യസ്ഥനായിരുന്നു തന്റെ അച്ഛൻ കുമാരൻ… ആ വലിയ വീട് അന്നൊരു കൗതുകമായിരുന്നു.. തന്റെ വീടിന്റെ അത്രയും ഉണ്ട് ആ വീടിന്റെ ഇടവഴി… കൗതുകത്തോടെ അതിനുള്ളിലൂടെ കണ്ണോടിക്കുമ്പോൾ ആണ് നടുമുറ്റത്തിന്റെ ഒരറ്റത്തായി ഒറ്റക്ക് കളിക്കുന്ന ആ പാവാടകാരിയെ കാണുന്നത്…ആ കണ്ണുകൾ തന്നിലേക്ക് നീണ്ടപ്പോൾ ഒന്ന് ചിരിച്ചു കാണിച്ചു… ഒന്നും മിണ്ടാതെ ഉള്ളിലേക്ക് മറയുന്നത് കണ്ടപ്പോൾ നേരിയ സങ്കടം തോന്നി ആ ഒൻപത് വയസ്സുകാരന്…

“”അത് ഇവിടെത്തെ വല്യ മുതലാളിയുടെ മോളാ… ഗൗരി… ആ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല ഉണ്ണി…””

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ ഉള്ളിൽ എന്തോ വേദന പടർന്നു…ഒരു മുറിവ് പറ്റിയാൽ അമ്മയുടെ ചെവിത്തലം കേൾപ്പിക്കാത്ത താൻ ഒക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർത്തു…

“”ഞാനും കൂടിക്കോട്ടെ ഗൗരിടെ ഒപ്പം കളിക്കാൻ…””

ഒരിക്കൽ വള്ളി നിക്കറും ഇട്ട് അച്ഛനൊപ്പം ആ തറവാട്ടിലേക്ക് പോയപ്പോൾ കൗതുകത്തോടെ അവളുടെ അരികിലേക്ക് ആദ്യമായി ചെന്നു… സാറ്റ് കളിക്കുന്നതിനിടയിൽ വീണ അവളെ ചേർത്ത് പിടിച്ച അവളുടെ കൈയ്യിലെ മുറിവിലേക്ക് ഊതി കൊടുക്കുന്നത് കണ്ടാണ് അവളുടെ കുഞ്ഞമ്മാമ വരുന്നത്…

“”കാര്യസ്ഥന്റെ ചെക്കന് ഇത്ര അഹങ്കാരമോ..”” എന്ന് ചോദിച്ചു ബോധം മറയുന്നത് വരെ തന്നെ തല്ലുന്നത് കണ്ടെങ്കിലും മിണ്ടാതെ നിന്ന അവളോട് പിന്നെ തനിക്ക് ഒരുതരം ദേഷ്യമായിരുന്നു… അന്ന് മുതൽക്കേ അറക്കൽ തറവാട്ടിലേക്ക് താൻ പോകാതെയായി..വളർന്നു വരും തോറും ആ ദേഷ്യം കൂടി കൂടി വരുന്നത് താൻ അറിഞ്ഞിരുന്നു…അവളെ എവിടെ വെച്ച് കണ്ടാലും കളിയാക്കുന്നത് ശീലമായി… കൂട്ടുകാർക്കിടയിൽ വെച്ച് അവളെ കളിയാക്കി പറയുമ്പോളും ഒന്നും മിണ്ടാതെ പോകുന്നവളെ പുച്ഛത്തോടെ നോക്കുമായിരുന്നു..

“”ഇനി ഞാവൽ പഴം വേണേൽ ന്നോട് പറഞ്ഞാൽ മതി അല്ലാതെ ന്റെ അച്ഛൻ പിശുക്കനാ എന്ന് പറയണ്ടാ ട്ടോ…””

ഒരിക്കൽ താൻ മാത്രം ഉള്ളപ്പോൾ ഇലകീറിൽ ഒരു പിടി ഞാവൽ പഴത്തിനൊപ്പം നീട്ടിയ കടലാസിലെ വരികൾ കാൺകെ ചുണ്ടിൽ പൊടിഞ്ഞ പുഞ്ചിരി മെല്ലെ മറച്ചു…

“”ഉണ്ണികൃഷ്ണൻ.. അനിഴം നക്ഷത്രം…””

ഒരിക്കൽ പിറന്നാളിന് അമ്പലത്തിൽ തൊഴാനായി പോയപ്പോൾ തന്റെ പേര് കേട്ടപ്പോൾ സംശയത്തോടെ ചുറ്റുമോന്ന് നോക്കി… ഇലകീറിൽ പ്രസാദം വാങ്ങി വരുന്ന ഗൗരിയെ കണ്ടപ്പോൾ… ചുണ്ടിൽ പണ്ടെങ്ങോ മാഞ്ഞ പുഞ്ചിരി വീണ്ടും വിരിഞ്ഞു… പ്രണയത്തിൽ ചാലിച്ച പുഞ്ചിരി…

“”ഇങ്ങനെ ഒളിച്ചും പാത്തും എനിക്കായി മാത്രം ഞാവൽ പഴം കൊണ്ട് വരുന്നത് എന്തിനാ… ഏഹ്ഹ്ഹ്??…””

ഒരിക്കൽ ഡാൻസ് ക്ലാസ്സിലേക്ക് പോകുന്നവളെ പിന്നിലൂടെ വട്ടം ചുറ്റി ആരും കാണാതെ മരത്തിനോട് ചേർത്ത് നിർത്തി ചോദിക്കുമ്പോൾ ആ കണ്ണുകൾ പിടയുന്നതറിഞ്ഞു… മൂക്കിന് താഴെ വിയർപ്പ് തുള്ളികൾ പൊടിയുന്നത് കണ്ടു..

“”നിക്ക് മനസ്സിലായി… മര്യാദക്ക് ഇനി എനിക്ക് എന്നും ഞാവൽ പഴം കൊണ്ട് വന്നോണം… വെറുതെ അല്ല പകരമായി ദാ ഈ പ്രണയത്തിൻ നിറമുള്ള മഞ്ചാടിമണികൾ തരാം… അറക്കൽ തറവാട്ടിലെ പെണ്ണിനെ പ്രേമിക്കാൻ പോന്ന അർഹതയുണ്ടോ എന്നൊന്നും അറിഞ്ഞൂടാ… പക്ഷെ ഈ ഞാവൽ പഴത്തിന്റെ മണം അത്രെയേറെ ഇഷ്ട്ടായിപോയി…””

അത്രയും പറഞ്ഞു ഒരു പിടി മഞ്ചാടിമണികൾ ആ കൈകളിൽ വെച്ച് പുഞ്ചിരിയോടെ നോക്കുമ്പോൾ ആ കവിളുകളിലും ആദ്യമായി എന്നപോലെ മഞ്ചാടിമണികളുടെ നിറം പടരുന്നത് അറിഞ്ഞിരുന്നു… ചെറുപുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…

അന്ന് മുതൽ എന്നും തനിക്കായി ആ ഞാവൽ മരം പൂക്കാറുണ്ടായിരുന്നു… തന്റെ കയ്യിലെ മഞ്ചാടിമണികൾ പുഞ്ചിരിയോടെ കുശലം പറയാറുണ്ടായിരുന്നു… അമ്പല പടവിൽ വെച്ചോ… അല്ലെങ്കിൽ ഡാൻസ് ക്ലാസിൽ പോകുമ്പോളോ കൈമാറുന്ന ഒരു പിടി മഞ്ചാടിമണികളും ഞാവൽ പഴവും തങ്ങളുടെ പ്രണയത്തെ പറ്റി വാചാലമാവാറുണ്ടായിരുന്നു.. മൗനമായി ചെറുനോട്ടത്തിലൂടെ പുഞ്ചിരിയിലൂടെ കുസൃതിയോടെയുള്ള ചേർത്തു പിടിക്കലിലൂടെ മാത്രം കൈമാറിയ പ്രണയം…

ഇത്തിരി നാളുകളെങ്കിലും ഒത്തിരി പറയാനുണ്ടായിരുന്നു ഒരു അപ്പൂപ്പൻതാടിയുടെത് പോലെ ദിശയറിയാതെ ഒഴുകിയ തങ്ങളുടെ പ്രണയത്തിന്… രാത്രിമഴയേറ്റ ചെമ്പകപൂവിന്റെ മത്ത് പിടിപ്പിക്കും സുഗന്ധമുള്ള പ്രണയം…

പക്ഷെ അതിന് അധിക നാൾ ആയുസ്സുണ്ടായിരുന്നില്ല…ഒരിക്കൽ അവളെ കാൺകെ നിറക്കണ്ണുകളോടെ അവൾക്കായി ഒരു പിടി മഞ്ചാടിമണികൾ കൊടുതത്ത് ആ സീമന്തരേഖയിൽ അമർത്തി ചുംബിച്ചു…

“”ഞാൻ എങ്ങാനും നിന്നെ ഇട്ട് പോവാണേൽ ആ ഞാവൽ പഴവും മഞ്ചാടിമണികളും പരിഭവം പറയുവോ ഗൗരി… അവരെന്നെ വെറുക്കുവോ..””

തന്റെ കണ്ണുനീർ ആ സീമന്തരേഖയെ നനച്ചപ്പോൾ ആദ്യമായി ആ കൈകൾ തന്നെ വലിഞ്ഞു മുറുകി… ആർക്കും വിട്ട് കൊടുക്കില്ല എന്നപോലെ തന്റെ മാത്രമാണ് എന്ന് പറയുന്ന പോലെ… ആ കണ്ണുകളിലെ ഞാവൽ പഴങ്ങളും പരിഭവം പറഞ്ഞു… നിറഞ്ഞൊഴുകി….

“”ആ അറക്കൽ തറവാട്ടിലെ പെൺകുട്ടിയെ പ്രേമിച്ച കാര്യസ്ഥൻ ചെക്കനില്ലേ അവനതാ പാറമടയിൽ ചത്ത് കിടക്കുന്നു… അവറ്റോൾ കൊന്നതാണ് എന്നാ കേട്ടെ…””

പിറ്റേന്ന് നാട്ടിൽ കാട്ട്തീ പോലെ പടർന്ന വാർത്ത…ബാക്കി വെക്കാൻ സമ്മതിക്കാത്ത ദുരഭിമാനകൊല…

“”കൊന്നില്ലേ… കൊന്നില്ലേ എന്റെ ഉണ്ണിയെ…””

ആദ്യമായി അവളുടെ സ്വരം അച്ഛന്റെ ഷർട്ടുകൾ പിടിച്ചുലച്ച് എന്തോ കരഞ്ഞു പറയുമ്പോലെ ഉയർന്നു… മുടി പിടിച്ചു വലിച്ചു നടുമുറ്റത്തിന്റെ ഒരാറ്റാത്തായി ഇരുന്നു ഭ്രാന്തിയെ പോലെ സ്വയം വേദനിപ്പിക്കുന്നവളെ പേടിയോടെ നോക്കി നിന്നു…

“”ആ മഞ്ചാടിമരം എന്നോട് ചോദിക്ക്യാ… മഞ്ചാടി മണികളെ തനിച്ചാക്കി പോയതെന്തിനാ ഞാവൽപഴത്തിനേം കൊണ്ട് പൊക്കൂടെ ന്ന്… ആ ഞാവൽ പഴത്തിന്റെ ചവർപ്പ് വല്ലാത്ത വേദനയാണത്രെ… അവക്ക് വിരഹത്തിന്റെ രുചിയാണത്രെ… ആണോ ഗൗരി??..””

കുസൃതിയോടെ തന്റെ അരികിലായി വന്നിരുന്ന് തന്റെ കൈകൾ ചുണ്ടോട് ചേർത്ത് പറയുന്നത് കേട്ടാണ് ഞെട്ടി ഉണർന്നത്… കണ്ണുകൾ ആവേശത്തോടെ ചുറ്റും പരതി… നേർത്ത തേങ്ങൽ നിറഞ്ഞ ആ ഇരുണ്ട മുറിയിൽ ഒരു നിഴലായി എങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് കാലിലെ ചങ്ങലകണികകൾ പരിഭവിക്കുന്നു… അവ ചിണുങ്ങി ചിരിക്കുന്നു… ഒരു ഭ്രാന്തിയെ പോലെ വിതുമ്പി കരയുന്നു…

തുരുമ്പ് പിടിച്ച വിജാഗിരിയിലെക്ക് വിരലുകൾ കോർത്ത് ആ ഞാവൽ മരത്തിന്റെ ചോട്ടിലേക്ക് നോക്കുമ്പോൾ… കയ്യിലെ ഇലകീറിൽ നിറയെ ഞാവൽ പഴവുമായി ദാവണി ഉടുത്ത ഒരു പെൺകുട്ടി… അടുത്തായി ഒരു പിടി മഞ്ചാടി മണികൾ അവൾക്കായി പ്രണയത്തോടെ നൽകുന്ന ഒരു ചെറുപ്പക്കാരൻ…

അത് കാൺകെ മിഴിനീർ പൊടിഞ്ഞ ആ കണ്ണുകൾ വിടർന്നു… ചിണുങ്ങി കരയുന്ന ചങ്ങലകണികകൾ ഒന്ന് വിതുമ്പലോടെ നോക്കി… ചുണ്ടുകളിൽ നേർത്ത പുഞ്ചിരി നിറഞ്ഞു…മായാത്ത പ്രണയത്തിൽ ചാലിച്ച പുഞ്ചിരി… അപ്പോളും എങ്ങോ നിന്നും ആ മുറിയിലേക്ക് പാറിപറന്ന മുടിയിഴകളെ തലോടാൻ വന്ന കാറ്റിന് ചെമ്പകത്തിൻ മണമായിരുന്നു… രാത്രിമഴയേറ്റ ചെമ്പകപൂവിന്റെ മത്ത് പിടിപ്പിക്കും മണം….

“”ഋതുക്കൾ മാറുന്നതും… ഇലകൾ പൊഴിയുന്നതും…. മൂടൽ മഞ്ഞുയരുന്നതും… ഞാൻ എങ്ങനെ ശ്രദ്ധിക്കാനാണ്..?? എന്റെയുള്ളിൽ വസന്തമായിരുന്നു… മരണമില്ലാത്ത പ്രണയവും…”” – മാധവികുട്ടി ❤️

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ദേവ സൂര്യ

Leave a Reply

Your email address will not be published. Required fields are marked *