അമ്മയുടെ അടുക്കള ഗണിതം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Bindhya Balan

കല്യാണം കഴിഞ്ഞതിപ്പിന്നെ ഇങ്ങനെയാണ് എന്നും രാവിലെ അഞ്ചരയ്ക്ക് ഫോണിലെ കോഴി കൂവിയെണീപ്പിക്കുമ്പോൾ, തുറയാത്ത കണ്ണുകൾ വലിച്ച് തുറന്ന് അടുക്കളയിലേക്ക് നടക്കവേ അമ്മയെ ഓർമ്മ വരും…..

ചായപ്പാത്രം അടുപ്പിൽ വച്ച് മുഖം കഴുകി തിരിച്ചു അടുക്കളയിലെത്തവേ എനിക്കൊപ്പമുണരുന്ന കുഞ്ഞിപ്പൂച്ച കുഞ്ഞാറ്റ അടുക്കളപ്പടിമേൽ തല നീട്ടിക്കിടക്കുന്നതു കാണുമ്പോൾ, അമ്മയുടെ സ്വരത്തിനു മാത്രം ചെവി കേൾക്കുന്നൊരു പിങ്കിപെണ്ണിനെ ഓർമ്മ വരും…. പിങ്കിയെ എന്ന് അമ്മയുടെ നീട്ടിയുള്ള വിളി കേൾക്കുന്നത് പോലെ തോന്നും അന്നേരം..

ചായ കഴിഞ്ഞാൽ പിന്നെയുള്ള അങ്കം പ്രാതലുണ്ടാക്കലാണ്… പുട്ടിനു പൊടി നനച്ചു വച്ചിട്ട്, ചപ്പാത്തിക്കു മാവ് കുഴയ്ക്കണ നേരം ഓരോരുത്തർക്കും ഇഷ്ടമുള്ളത് പ്രത്യേകം പ്രത്യേകമുണ്ടാക്കി വഴക്കം വന്ന മനസ് എനിക്കിഷ്ടമുള്ള പലഹാരമേതാണെന്നു ചുമ്മാ ഓർത്തെടുക്കുമ്പോൾ, അറിയാതെ വരുന്നൊരു ചിരിക്കൊപ്പം അമ്മവന്നൊരു ഓർമച്ചിരി ചിരിച്ചിട്ടുണ്ടാവും ഉള്ളിൽ ….

അടുക്കളയിലെ പാതകത്തിൽ നിരത്തിയിട്ട പച്ചക്കറികളിലേക്ക്‌ നോക്കി എന്തൊക്കെ കറികൾ അത് കൊണ്ട് ഉണ്ടാക്കാമെന്ന് കണ്ടുപിടിക്കുമ്പോൾ കണ്ണിലൊരു നനവ് അറിയാതെ പൊട്ടും….. അമ്മയ്ക്ക് മാത്രം അറിയാവുന്ന അടുക്കള ഗണിതത്തിലെ കുറുക്കു വഴികൾ ഞാനും പഠിച്ചല്ലോ എന്നോർത്ത്….

ഒരു സാമ്പാർ കിറ്റിലെ നാലും നാലും എട്ട് പച്ചക്കറിനുറുക്കുകൾ കൊണ്ട് സാമ്പാറും, അവിയലും, തോരനും ഉണ്ടാക്കി, ലോകം ജയിച്ചവളെപ്പോലെ നിൽക്കുമ്പോൾ വർഷങ്ങളായി ലോകം ജയിച്ച അമ്മയെ ആ നിമിഷം തന്നെ ഒന്ന് കാണണമെന്നു തോന്നും.. കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണമെന്ന് തോന്നും….

കെട്ട്യോന് ഇഷ്ട്ടമുള്ളതൊക്കെ വച്ചുണ്ടാക്കി വിളമ്പിക്കൊടുത്ത്, ആ മുഖത്ത് നിന്നൊരു അഭിപ്രായത്തിനായി കാതോർക്കുന്ന നേരങ്ങളിലാണ്, അച്ഛന്റെ മുഖത്തേക്ക് നോക്കിയുള്ള അമ്മയുടെ ആ നിൽപ്പും, നോട്ടത്തിന്റെ അർത്ഥവും എനിക്ക് മനസിലാകുന്നത്…. അപ്പോഴും ഒരു ചിരി വരും…. കടുക്മണി വ്യത്യാസം പോലും ഇല്ലല്ലോ എന്നോർത്ത്….

ഒൻപതു മണിക്ക് ശേഷം, ആ പകലിൽ വീടിനുള്ളിലെ ഏകാന്തതയിൽ തനിച്ചാകുമ്പോൾ , മുറ്റത്തേക്കിറങ്ങി, പൂവിട്ടു നിൽക്കുന്ന പനിനീർചെടികളിലെ ഇല ചുരുട്ടി പുഴുക്കളെ നുള്ളിക്കളഞ്ഞും, കിളിർത്തു നിൽക്കുന്ന പുൽനാമ്പുകളെ പിഴുതു മാറ്റിയും, തൊടിയിലൂടെ അവറ്റകളോട് വർത്തമാനം പറഞ്ഞും അങ്ങനെ നടക്കുമ്പോൾ തോന്നാറുണ്ട് ഞാൻ ഞാനല്ല.. അമ്മയാണെന്ന്…..

കിഴക്കേപ്പറമ്പിന്റെ മൂലയ്ക്ക് നിൽക്കുന്ന ഓമയ്ക്ക മരത്തിൽ നിന്ന് ഉപ്പേരിക്കായി രണ്ടു ഓമയ്ക്ക പൊട്ടിച്ച് തിരികെ നടക്കുമ്പോൾ, കൂട്ടിനു വരുന്ന കുഞ്ഞാറ്റയോട് ‘നിനക്ക് ഇഷ്ട്ടാണോ ഓമയ്ക്കാ ഉപ്പേരി ‘ എന്ന് ചോദിക്കവേ ‘അമ്മയ്‌ക്കെന്താ ഒറ്റയ്ക്ക് വർത്താനം പറയാൻ വട്ടാണോ ‘എന്ന് ചോദിച്ചു കളിയാക്കാറുണ്ടായിരുന്നൊരു വിഡ്ഢിപ്പെണ്ണിന്റെ മുഖം മനസിൽ തെളിയും… തനിച്ചാകലുകളിൽ തനിക്ക് കൂട്ട് ഇവറ്റകളൊക്കെയാണെന്നു ഈ പെണ്ണിനെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന നിസ്സഹായതയോടെ ചിരിക്കുന്നൊരു അമ്മമുഖത്തിന്റെ വിഷാദം…..

മുറ്റം തൂത്തും, വീട് അടിച്ചു വാരി തുടച്ചും തളരുന്നതിനിടയ്ക്കൊരു നെടുവീർപ്പുയരുമ്പോൾ, അമ്മയെ ഓർക്കാതിരിക്കാൻ മനഃപൂർവം ഞാൻ ശ്രമിക്കാറുണ്ട്…. പരിഹാരമില്ലാത്തൊരു കുറ്റബോധത്തിനു ഇടകൊടുക്കാതിരിക്കാൻ…..

പകലിലെ അധ്വാനങ്ങളുടെ അറ്റത്ത്, പ്രദോഷ സൂര്യന്റെ ചുവപ്പ് മുറ്റമാകെ പരക്കും മുൻപേ, മുറ്റമടിച്ചു വാരി, ചപ്പുകൾ തീയിട്ടെരിച്ച്, കയ്യും കാലും കഴുകി കയറുമ്പോൾ എനിക്ക് തോന്നും എനിക്കപ്പോൾ അമ്മ മണമാണെന്ന്…..

വീണ്ടും അടുക്കള യുദ്ധം….. ഇടയ്ക്ക് ഇടയ്ക്കുള്ള കെട്ട്യോന്റെ കട്ടൻകാപ്പി കുടി…… കാപ്പിക്കായുള്ള നീട്ടിവിളി കേൾക്കുമ്പോൾ, അച്ഛനെയും, ‘ദേ എടുക്കുവാ ‘എന്നൊരു ആശ്വസിപ്പിക്കൽ എന്നിൽ നിന്നുയരുമ്പോൾ അമ്മയെയും ഒന്നിച്ചോർമ്മ വരും…….

യുദ്ധങ്ങളുടെ അവസാനം, അത്താഴമുണ്ട പാത്രങ്ങൾ കഴുകി വച്ച്, കുളിച്ച്, മുറിയിൽ വന്നിരുന്നു കുറച്ചു നേരം അമ്മയോട് ഫോണിൽ മിണ്ടുമ്പോഴാണ് ഞാൻ വീണ്ടും ആ പഴയ കുട്ടിയാവുന്നത്… അടുക്കളയിലെ എന്റെ മഹത്തായ കണ്ടുപിടുത്തങ്ങൾ കേട്ട് അമ്മ കുടുകുടാ ചിരിക്കും…

ഒടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്ത്, ഫോണിൽ അഞ്ചരയ്ക്കുള്ള അലാറവും വച്ച് അങ്ങനെ ഇരുട്ട് നോക്കി കിടക്കുമ്പോൾ, എനിക്ക് തോന്നും, ഞാൻ എന്റെ അമ്മയെപ്പോലെ തന്നെയാണ്…. അമ്മയെ അറിയാൻ ഞാനൊരു അമ്മ തന്നെയാവണമെന്നില്ല എന്ന് …..

ഒടുക്കം കണ്ണിലെ നനവ് പുറം കൈ കൊണ്ട് തുടച്ചു,ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ പെട്ടന്നാണൊരോർമ്മ വന്ന് ഞെട്ടിക്കുന്നത് ‘ഈശ്വരാ… കടല വെള്ളത്തിലിട്ടില്ല….. ‘ ആ ഇരുളിൽ അപ്പൊഴമ്മയുടെ സ്വരം കേൾക്കാം.. ‘നാളെ പിള്ളേർക്ക് രാവിലെത്തേക്ക് എന്തുണ്ടാക്കും ‘….. അതേ…..ചില തനിയാവർത്തനങ്ങൾ ഓർമ്മപ്പെടുത്തലുകളാണ്…….

രചന: Bindhya Balan

Leave a Reply

Your email address will not be published. Required fields are marked *