വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങി എന്ന വിവരം അറിഞ്ഞതും വേണുവിൻ്റെ അമ്മ അവരോട് പതിയെ പറഞ്ഞു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

കടപ്പാട്: അഡ്വേ:- ലേഖ ഗണേഷ്

മച്ചി

സരിത അതിരാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി വന്നു. വേണുവേട്ടനും അമ്മയും എഴുന്നേറ്റിട്ടില്ല ഭാഗ്യം. ചായക്കുള്ള വെള്ളം അടുപ്പത്ത് വച്ച ശേഷം വേഗം മുറ്റമടിച്ചു.വേണുവേട്ടന് കട്ടൻ ചായ മതി ,അമ്മക്ക് പാൽ ചായ നിർബന്ധം ,ദോശക്കുള്ള ചമ്മന്തിയുണ്ടാക്കി , ദോശ ചുട്ട് വച്ചു. ഇന്ന് ചോറും കറികളും ഉണ്ടാക്കേണ്ട , വേണുവേട്ടൻ്റെ സഹോദരി വീണയുടെ രണ്ടാമത്തെ കുഞ്ഞിൻ്റെ പേരിടീൽ ചടങ്ങാണ്. ചടങ്ങിന് ശേഷം ഉച്ചക്ക് സദ്യയുണ്ട്.

തിടുക്കപ്പെട്ടുള്ള അടിച്ചു വാരലും അലക്കിനുമിടയിൽ വേണു വേട്ടൻ്റേയും അമ്മയുടേയും ചായ അവരുടെ മുറികളിലെത്തിച്ചു. അവർ കുളിച്ച് വന്നതും ദോശയും ചമ്മന്തിയും കൊടുത്തു. സരിത വേഗം രണ്ട് ദോശ കഴിച്ചെന്ന് വരുത്തി തയ്യാറാകാനായി അകത്തേക്ക് പോയി. ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററേയുള്ളു വീണയുടെ വീട്ടിലേക്ക് , ചടങ്ങിന് മുന്നേ എത്തണം ,താൻ സമയത്ത് റെഡിയായില്ലെങ്കിൽ അതിൻ്റെ പഴി കേൾക്കേണ്ടി വരും ,സരിത ചിന്തിച്ചു

സരിത റെഡിയായി പുറത്തെത്തിയപ്പോഴേക്കും വേണുവും അമ്മയും റെഡിയായി ഇറങ്ങിയിരുന്നു. വേണു കാർ സ്റ്റാർട്ട് ചെയിതിട്ടിരിക്കുന്നു ,വേണുവിൻ്റെ അമ്മ മുറ്റത്തെത്തി ,വേഗം വീടും പൂട്ടി സരിതയും ഇറങ്ങി.

” നീ ഇതെങ്ങോട്ടാ ? ” ,അമ്മയുടെ ചോദ്യം കേട്ട് സരിത അമ്പരന്നു.

” നല്ലൊരു ചടങ്ങാണ് അവിടെ നടക്കുവാൻ പോകുന്നത് നിന്നേപ്പോലുള്ളവർ വീട്ടിലിരിക്കുന്നതാണ് നല്ലത് ,വീണയുടെ അമ്മായിയമ്മക്കും നീ ചടങ്ങിന് ചെല്ലുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട് ”

ഇത്രയും പറഞ്ഞ് വേണുവും അമ്മയും കൂടി കാറിൽ കയറിപ്പോയി. സരിത എന്ത് ചെയ്യണമെന്നറിയാതെ കുറേ നേരം മുറ്റത്ത് അതേ നില്പ് നിന്നു. പിന്നീട് കതക് തുറന്നു ,വേഷം മാറി ,കട്ടിലിലേക്ക് വീണു. എത്ര നേരം അങ്ങിനെ കട്ടിലിൽ കിടന്ന് കരഞ്ഞുവെന്ന് അവൾക്കറിയില്ല ,ആരോ കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് കണ്ണുകൾ തുടച്ച് വാതിൽ തുറന്നു.

പോസ്റ്റ്മാനാണ്, അടുത്ത വീട്ടിലെ മായക്കുള്ള രജിസ്റ്റേർഡാണ് ,മായ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാണ് , അത് കൊണ്ട് കത്ത് തന്നെ ഏൽപ്പിക്കുവാനായി എത്തിയതാണ്. ഒപ്പിട്ട് കത്ത് വാങ്ങി കതകടച്ച് സരിത വീണ്ടും പോയിക്കിടന്നു.

അമ്മ പറഞ്ഞ വാക്കുകൾ സരിതയുടെ ഹൃദയത്തിൽ കൂരമ്പുതുളക്കുന്ന വേദനയുണ്ടാക്കി. അമ്മ അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും തന്നെ തിരിഞ്ഞ് പോലും നോക്കാതെ വേണു പോയതാണ് സരിതയെ കൂടുതൽ സങ്കടപ്പെടുത്തിയത്.

വൈകിട്ട് വേണുവും അമ്മയും തിരിച്ചെത്തി , ഒന്നും സംഭവിക്കാത്തത് പോലെ രണ്ട് പേരും വേഷം മാറി ടി വി കാണാനിരുന്നു. രണ്ട് പേർക്കുമുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി മേശപ്പുറത്ത് അടച്ച് വച്ച ശേഷം ഒരു ഏത്തപ്പഴവും കഴിച്ച് സരിത പോയിക്കിടന്നു.

ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് മായ ഡിസ്ചാർജായി വന്നുവെന്നറിഞ്ഞ് കുഞ്ഞിന് ഒരു ജോഡി കുഞ്ഞുടുപ്പും വാങ്ങി പോസ്റ്റ്മാൻ കൊടുത്ത കത്തുമായി സരിത മായയുടെ വീട്ടിലെത്തി ,മായയുടെ അമ്മ കതക് തുറന്നു , സരിതയെക്കണ്ടതും അവർ മുഖം വീർപ്പിച്ച് അകത്തേക്ക് പോയി .

കട്ടിലിൽ കിടന്നിരുന്ന മായ സരിതയെക്കണ്ട് പതിയെ എഴുന്നേറ്റു. സരിത കുഞ്ഞുടുപ്പും കത്തും മായയെ ഏൽപ്പിച്ചു. കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിച്ചു. കുറച്ച് കഴിഞ്ഞ് സരിത പുറത്തേക്കിറങ്ങി. ഇറങ്ങുന്ന വഴി മായയുടെ അമ്മയുടെ ശകാരവർഷം സരിതയുടെ കാതുകളിലെത്തി.

” നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് സരിതയുമായി അധികം അടുപ്പം വേണ്ടെന്ന് ,അവൾ നിൻ്റെ കുഞ്ഞിനെ എടുക്കുന്നത് കുഞ്ഞിന് നന്നല്ല,അവളുടെ ചീത്ത ദൃഷ്ടി നമ്മുടെ കുഞ്ഞിന് മേൽ പതിയും “.

” അമ്മേ പതുക്കെപ്പറ സരിതേച്ചി കേൾക്കും ,പാവം ” . മായ അമ്മയോട് പറയുന്നത് കേട്ട് സരിത നിറമിഴികളോടെ മടങ്ങി.

ഒരു ദിവസം ഉച്ചക്ക് വേണുവിൻ്റെ അമ്മയുടെ സഹോദരനും ഭാര്യയുമെത്തി ,വേണുവിൻ്റെ അമ്മ അവരെ സന്തോഷത്തോടെ സത്കരിച്ചു. അവരുടെ മകൾ പ്രിയ വിവാഹമോചനം കഴിഞ്ഞ് വീട്ടിലുണ്ട് ,അവൾക്ക് രണ്ടാം വിവാഹത്തിനുള്ള ആലോചനകൾ തുടങ്ങി എന്ന വിവരം അറിഞ്ഞതും വേണുവിൻ്റെ അമ്മ അവരോട് പതിയെ പറഞ്ഞു ,

“ഇവിടെയുള്ള മാരണം ഒന്നൊഴിഞ്ഞ് പോയിരുന്നെങ്കിൽ എൻ്റെ പ്രിയ മോളെ ഞാൻ വേണുവിനെക്കൊണ്ട് കെട്ടിച്ചേനെ ,അവന് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ വലിയ താത്പര്യമില്ല ,പിന്നെ എങ്ങിനെ ഇവളെ ഒഴിവാക്കും എന്നോർത്തിട്ടാ ”

അടുക്കളയിൽ നിന്നിരുന്ന സരിത എല്ലാം കേൾക്കുന്നുണ്ടായിരുന്നു, ഹൃദയം പൊടിയുന്ന വേദനയോടെ അവൾ ഓരോ ജോലികളും ചെയ്ത് കൊണ്ടിരുന്നു.

വേണുവിൻ്റെ അമ്മാവനും അമ്മായിയും പോയ ശേഷം വേണുവിൻ്റെ അമ്മ സരിതയെ കുറേ ശാപവാക്കുകൾ പറഞ്ഞു.

” നിന്നെ മാലയിട്ട് കൂട്ടിക്കൊണ്ട് വന്നപ്പോൾ മുതൽ തുടങ്ങിയതാണ് എൻ്റെ മോൻ്റെ കഷ്ടകാലം ,എൻ്റെ വീട്ടുകാരൊക്കെ ചോദിക്കുന്നുണ്ട് നീയൊരു മച്ചിയാണോ എന്ന് ,ഒരു മച്ചിയെ മാത്രമേ മകന് ഭാര്യയായിക്കിട്ടിയുള്ളോയെന്ന് “, വേണുവിൻ്റെ അമ്മയുടെ വാക്കുകൾ കേട്ട് സരിത വല്ലാതെ തളർന്നു.

തൻ്റെയും വേണുവേട്ടൻ്റേയും വിവാഹം കഴിഞ്ഞ് ഇപ്പോൾ 6 വർഷമായി. വളരെ മാന്യമായി വീട്ടുകാർ തന്നെ കെട്ടിച്ച യച്ചതാണ്. വിവാഹം കഴിഞ്ഞ് 6 മാസത്തിനകം കുടുംബത്തിലെ കടം വീട്ടണമെന്ന് പറഞ്ഞ് വേണുവേട്ടനും അമ്മയും തൻ്റെ സ്വർണ്ണമെല്ലാം കൈക്കലാക്കി.

വിവാഹം കഴിഞ്ഞ് 2 വർഷം കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണ് വേണുവേട്ടൻ്റെ അമ്മയുടെ വക ‘ മച്ചി ‘ എന്നുള്ള വിളിയും കുത്തുവാക്കുകളും , മിക്ക ദിവസങ്ങളിലും തൻ്റെ ദുഖങ്ങൾ അടുത്തുള്ള അമ്പലനടയിലെത്തി കരഞ്ഞ് പറയും , അപ്പോഴാണ് അല്പം ആശ്വാസം കിട്ടുന്നത്. ആദ്യമാദ്യം രണ്ട് മൂന്ന് ആശുപത്രികളിൽ വേണുവേട്ടൻ തന്നെയും കൊണ്ട് പോയി ചെക്കപ്പ് നടത്തി ,എവിടെ നിന്ന് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന റിപ്പോർട്ടാണ് കിട്ടിയത്. ഈയിടെയായി വേണുവേട്ടനും പഴയ പോലെ തന്നോട് ഇഷ്ടമില്ലെന്ന് തനിക്ക് തോന്നാറുണ്ട് , ഇങ്ങിനെ ഓരോന്നാലോചിച്ച് സരിത തൻ്റെ ജോലികളിൽ മുഴുകി.

രാത്രി മുറിയിൽ വച്ച്‌ വേണുവിനോട് സരിത ഉച്ചക്ക് നടന്ന കാര്യങ്ങൾ പറഞ്ഞ് വിങ്ങിപ്പൊട്ടി.

” നാശം ,ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും അല്പം സമാധാനം തരില്ല അല്ലേ ? ഏത് നേരവും അമ്മയെ കുറ്റം ,അമ്മ പറയുന്നതിലെന്താ തെറ്റ് ,”

വേണുവിൻ്റെ മറുപടി കേട്ട് സരിതയുടെ കണ്ണിലിരുട്ട് കയറി ,അവൾ നിലത്തേക്കിരുന്നു ,എത്ര നേരമങ്ങിനെ ഇരുന്നു എന്നവൾക്കറിയില്ല ,അവൾ നോക്കുമ്പോൾ വേണു നല്ല ഉറക്കം. ആ ഇരുപ്പിൽ അവൾ ചില തീരുമാനങ്ങളെടുത്തു ,അവൾ തൻ്റെ താലിമാല ഊരി മേശപ്പുറത്ത് വച്ചു. ഒരു കുറിപ്പെഴുതി മാലയുടെ താഴെ വച്ചു , അതിൽ ഇത്ര മാത്രം എഴുതി ‘ ഞാൻ പോകുന്നു ‘

നേരം വെളുത്തു തുടങ്ങിയിട്ടേയുള്ളു ,കയ്യിൽ ഒരു ചെറിയ ബാഗ് മാത്രമെടുത്ത് സരിത വീട് വിട്ടിറങ്ങി ,ബാഗിൽ തൻ്റെ മൂന്ന് നാല് ജോഡി പഴയ വസ്ത്രങ്ങളും പേഴ്സിൽ നാനൂറോളം രൂപയുമുണ്ടായിരുന്നു.പൈസ പലപ്പോഴായി സാധനങ്ങൾ വാങ്ങുമ്പോൾ ബാക്കി കിട്ടിയ ചില്ലറ നോട്ടുകളായിരുന്നു. സ്വർണ്ണാഭരണമായി സരിതയുടെ ശരീരത്തിൽ രണ്ട് മൊട്ട് കമ്മലുകൾ മാത്രം .

വഴിയിലൂടെ മുന്നോട്ട് നടന്നു ,ഭാഗ്യം റോഡ് വിജനം ,ആരും നടക്കാനിറങ്ങിയിട്ടില്ല , എതിരെ വന്ന ഒരു ഓട്ടോ കൈകാണിച്ച് നിർത്തി ,ബസ് സ്റ്റാൻഡിൽ പോകണമെന്ന് സരിത ഓട്ടോക്കാരനോട് പറഞ്ഞു .

സ്റ്റാൻഡിലെത്തിയതും ആദ്യം സ്റ്റാർട്ട് ചെയ്തിട്ടിരുന്ന ബസ്സിൽ കയറിയിരുന്നു, പരിചയക്കാരാരെങ്കിലും കാണുന്നതിന് മുമ്പ് കഴിയുന്നത്ര ദൂരെ എത്തണമെന്നേ അവൾ ചിന്തിച്ചുള്ളു ,കണ്ടക്ടർ ടിക്കറ്റ് എടുക്കാനായെത്തി ,അവൾ 50 രൂപ അയാൾക്ക് നേരെ നീട്ടി ,

“എങ്ങോട്ടാ ,കോട്ടയത്തേക്കാണോ ?” കണ്ടക്ടർ ചോദിച്ചത് കേട്ട് സരിത വെറുതെ തലയാട്ടി .അയാൾ ടിക്കറ്റും ബാക്കി രൂപയും അവൾക്ക് കൊടുത്തു. ലക്ഷ്യമില്ലാത്ത യാത്രയാണ് ,മുന്നോട്ടുള്ള ജീവിതത്തിന് യാതൊരുത്തരവുമില്ല. സ്വന്തം വീട്ടിലേക്ക് പോകാൻ വയ്യ ,അച്ഛനും അമ്മയും മരിച്ച ശേഷം അനുജത്തിയും കുടുംബവുമാണ് തറവാട്ടിൽ താമസം ,വല്ലപ്പോഴുമേ അങ്ങോട്ട് പോകാറുള്ളു. ആർക്കും ബാധ്യതയാകാൻ വയ്യ ,അവളെങ്കിലും സമാധാനമായി ജീവിക്കട്ടെ.

സരിത ബസിലിരുന്ന് ഉറങ്ങിപ്പോയി ,തലേന്ന് ഉച്ചക്ക് ആഹാരം കഴിച്ചതാണ് ,രാത്രി ഉറങ്ങിയിട്ടുമില്ല ,ക്ഷീണവും തളർച്ചയും കാരണം സരിത നന്നേ അവശയായിരുന്നു.

” ഹലോ ,കോട്ടയം എത്തി ഇറങ്ങുന്നില്ലേ ? ” കണ്ണ് തുറന്നപ്പോൾ കണ്ടക്ടറാണ് .അവൾ ബാഗുമെടുത്തിറങ്ങി , നോക്കിയപ്പോൾ കോട്ടയം ബസ് സ്റ്റാൻഡാണ് , കുറച്ച് മുന്നോട്ട് നടന്നത് മാത്രം ഓർമ്മയുണ്ട് .

മുഖത്ത് വെള്ളം വീണ് ,കണ്ണ് തുറന്നപ്പോൾ ചുറ്റും ആളുകൾ ,…… പലരും പലതും ചോദിക്കുന്നുണ്ട് ,അതെല്ലാം മുഴക്കം പോലെ എന്തോ ഒക്കെ ശബ്ദങ്ങളായി മാത്രം അവളുടെ ചെവിയിലെത്തി.

” പാവം വിശന്ന് തല കറങ്ങി വീണതാണെന്ന് തോന്നുന്നു. ,ചോദിച്ചിട്ട് ഒന്നും മിണ്ടുന്നുമില്ലല്ലോ ” സിസിലി സിസ്റ്റർ തൻ്റെ കൂടെയുണ്ടായിരുന്ന മേരിച്ചേടത്തിയോട് പറഞ്ഞു.ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങുന്ന അഗതികൾക്ക് രാവിലത്തെ ഭക്ഷണവുമായെത്തിയതായിരുന്നു അവർ .

മേരിച്ചേടത്തി ഒരു ഭക്ഷണപ്പൊതി തുറന്ന് സരിതയെ ചാരിയിരുത്തി , ആ പൊതി അവൾക്ക് കൊടുത്തു , സിസിലി സിസ്റ്റർ അടുത്തുള്ള ചായക്കടയിൽ നിന്ന് നല്ല മധുരമിട്ട ഒരു ചായ മേടിച്ച് സരിതക്ക് നൽകി. ഭക്ഷണം കഴിച്ച് കഴിഞ്ഞതും സരിതക്ക് സംസാരിക്കാവുന്ന അവസ്ഥയായി. സിസ്റ്റർ ചോദിച്ചപ്പോൾ സരിത അവളുടെ ഗതികേടിൻ്റെ കഥ ചുരുക്കി പറഞ്ഞു.മഠത്തിലേക്ക് തിരികെ പോകുമ്പോൾ സിസ്റ്റർ സരിതയേയും കൂടെ കൂട്ടി.

ആദ്യം കുറച്ച് ദിവസങ്ങൾ സരിത മഠത്തിലെ കപ്പേളയിൽ പോയിരുന്ന് കരഞ്ഞ് പ്രാർത്ഥിച്ചു.. ഒരു ദിവസം സിസിലി സിസ്റ്റർ അവളെ മഠത്തിലെ അനാഥമന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി , ദിവസങ്ങളോളം മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ തുടങ്ങി പല പ്രായത്തിലുള്ള കുട്ടികൾ അവിടെയുണ്ടായിരുന്നു. ,അവരുടെയിടയിൽ സരിത പതിയെ തൻ്റെ വിഷമങ്ങൾ മറന്ന് തുടങ്ങി. ജനിക്കാതെ പോയ തൻ്റെ കുഞ്ഞുങ്ങൾക്കായി മനസിൽ സൂക്ഷിച്ചിരുന്ന താരാട്ടും വാത്സല്യവും സ്നേഹവുമെല്ലാം അവൾ ആ കുഞ്ഞുങ്ങളിലേക്ക് പകർന്നു. കുഞ്ഞുങ്ങൾക്ക് അവൾ കുഞ്ഞുക്കഥകൾ പറഞ്ഞ് കൊടുത്തു , സരിത ആ കുഞ്ഞുങ്ങളുടെയെല്ലാം ‘സരിതാമ്മ ‘യായി.

ഓരോ കുട്ടികളേയും ദത്തെടുക്കാനായി ദമ്പതികളെത്തുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഓരോ കുഞ്ഞിനേയും സരിത അണിയിച്ചൊരുക്കി യാത്രയാക്കും . അങ്ങിനിരിക്കെ ഒരു ദിവസം അനാഥാലയത്തിലെ അമ്മത്തൊട്ടിലിൽ നിന്ന് ഒരു പിഞ്ചു പെൺകുട്ടിയെ കിട്ടി ,നാലോ അഞ്ചോ ദിവസം പ്രായം വരുന്ന നല്ല ഓമനത്വമുള്ള കുഞ്ഞ്. സരിത ആ കുഞ്ഞിനും തൻ്റെ വാത്സല്യവും സ്നേഹവും ആവോളം നൽകി ,അവളെ ചിന്നൂ എന്ന് പുന്നാരത്തോടെ വിളിച്ചു.

ചിന്നുവിനെ ദത്തെടുത്തവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയെ കൊണ്ട് പോകാൻ പിറ്റേന്നെത്തുമെന്നറിഞ്ഞതും സരിതയുടെ മനസ് വിങ്ങി.അവളന്ന് ഉറങ്ങിയില്ല ,രാത്രി മുഴുവൻ കരഞ്ഞ് കടന്ന് പോയി .രാവിലെ സരിത ചിന്നുവിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് റെഡിയാക്കി.

” അവരെത്തി ,സരിത കുഞ്ഞിനേയും കൊണ്ട് ഓഫീസ് റൂമിലേക്ക് വരൂ ” സിസിലി സിസ്റ്റർ സരിതയോട് പറഞ്ഞു.

നെഞ്ച് വിങ്ങുന്ന വേദനയുമായി അവൾ ചിന്നുവിനേയുമെടുത്ത് ഓഫീസ് മുറിയിലെത്തി, കുഞ്ഞിനെ കൈമാറിയ സമയം കുഞ്ഞിനെ വാങ്ങിയ ആളുകളെക്കണ്ട് അവൾ ഞെട്ടി , വേണുവേട്ടനും പ്രിയയും , സരിതയെക്കണ്ട അവർ രണ്ട് പേരുടെയും മുഖം മങ്ങി.

കുഞ്ഞിന് തെരുതെരെ ഉമ്മ കൊടുത്ത് വിതുമ്പിക്കൊണ്ട് സരിത മഠത്തിനകത്തേക്കോടി………

കടപ്പാട്: അഡ്വേ:- ലേഖ ഗണേഷ്

Leave a Reply

Your email address will not be published. Required fields are marked *