രാവണത്രേയ തുടർക്കഥ ഭാഗം 19 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

എന്താടോ പ്രഭേ…താനെന്താ ഇത്ര കാര്യമായി ചിന്തിക്കുന്നത്…

വൈദീടെ ശബ്ദം കേട്ട് പ്രഭ അയാൾക്ക് നേരെ തിരിഞ്ഞു..ഒരു നിരാശ കലർന്ന പുഞ്ചിരി നല്കി അയാള് വൈദിയ്ക്ക് അരികിലേക്ക് പതിയെ നടന്നടുത്തു…

ഞാൻ ചില കാര്യങ്ങൾ ആലോചിക്ക്യായിരുന്നു വൈദീ…ഈ നിലയിൽ തുടർന്നാൽ ശരിയാവില്ല…

താനെന്താ ഇങ്ങനെ അവിടേം ഇവിടേം തൊടാതെ സംസാരിക്കുന്നത്…. എന്തായാലും തെളിച്ചു പറയെടോ… വൈദിയുടെ മുഖത്ത് ഒരു പുഞ്ചിരിയായിരുന്നു…

വൈദിയ്ക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ… ഞാൻ രാവണിന്റേം ത്രേയയുടേയും കാര്യമാ പറഞ്ഞത്… കല്യാണം കഴിഞ്ഞ് നാല് മാസം തികയ്ക്കില്ല എന്ന് പറഞ്ഞിട്ട് ഇതിപ്പോ മാസം ആറായി…അവന് ഇഷ്ടമില്ലാതെ നിർബന്ധിപ്പിച്ച് ഒരു വിവാഹം നടത്തിയതാ.. എന്നിട്ടും അവളെന്താ വൈദീ മരിയ്ക്കാത്തത്… ഒരപകടം പോലും ഉണ്ടാകുന്നില്ലല്ലോ..വൈദിയല്ലേ പറഞ്ഞത് എന്തൊക്കെയോ പ്ലാനുകൾ നടപ്പിലാക്കാൻ ഉണ്ടെന്ന്… എന്നിട്ട് എവിടെ…????

താനിങ്ങനെ ടെൻഷനാവാതെ എന്റെ പ്രഭേ… എന്റെ മോളുമായുള്ള തന്റെ മോന്റെ വിവാഹം നടത്താൻ എന്നേക്കാളും തിടുക്കം തനിക്കാണല്ലോ… ഇതിപ്പോ വേദ്യ തന്റെ മരുമകളാണോ അതോ മകളോ…

വൈദി ഒന്ന് കുലുങ്ങി ചിരിച്ചു…

ദേ വൈദീ… എനിക്ക് ഇങ്ങനെ അസ്ഥാനത്ത് പ്രയോഗിക്കുന്ന കോമഡികൾ തീരെ ഇഷ്ടമല്ല…

പ്രഭേടെ മുഖത്തെ ഭാവം കണ്ട് വൈദി വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചു…

എന്റെ പ്രഭേ…താനെന്തിനാടോ ഇങ്ങനെ ടെൻഷനാവുന്നേ… ഞാനല്ലേ അവരുടെ വിവാഹം നടത്തി വച്ചത്..അപ്പോ ജാതകപ്രകാരമുള്ള മരണം അവളെ തേടിയെത്തിയില്ല എങ്കിലും അത് ഞാനങ്ങ് നടപ്പിലാക്കില്ലേ… പിന്നെ എന്താ പ്രശ്നം….

വൈദി പറയുന്നത് ശരിയാ.. ഞാൻ തന്നെ വിശ്വസിക്കുന്നു… പക്ഷേ… ഈ ഇടയായി രാവണിൽ വന്നിട്ടുള്ള മാറ്റം…അവൻ അവളെ വീണ്ടും സ്നേഹിച്ചു തുടങ്ങുകയാണോ എന്ന ചിന്ത എന്നെ വല്ലാതെ വീർപ്പു മുട്ടിക്കുന്നു വൈദീ….

താനെന്താ പ്രഭേ ഉദ്ദേശിക്കുന്നത്….???

അത് പിന്നെ…വലിയ തെളിവുകളൊന്നും നിരത്തി എനിക്കത് സമർഥിക്കാൻ അറിയില്ല… പക്ഷേ രാവൺ മാറി തുടങ്ങുന്നത് എനിക്ക് നന്നായി ഫീൽ ചെയ്യുന്നുണ്ട്… അവളുണ്ടാക്കി വയ്ക്കുന്ന ഭക്ഷണം കഴിയ്ക്കുന്നു,ദേഷ്യം തോന്നേണ്ട പല കാര്യങ്ങളിലും അവളെ ഉപദ്രവിക്കാൻ ശ്രമിക്കാതെ സ്വയം സംയമനം പാലിക്കുന്നു,വേദ്യമോൾ എന്തെങ്കിലും പറയുമ്പോഴേ അതിനെല്ലാം എതിരായി കടുത്ത സ്വരത്തിൽ തീരുമാനങ്ങൾ എടുക്കുന്നു… ഇതെല്ലാം… ഇതെല്ലാം എനിക്കൊരു ദുസൂചനയാണ് വൈദീ നല്കുന്നത്….

പ്രഭേടെ ആ വാക്കുകൾ വൈദിയിൽ ഒരു പുഞ്ചിരി വിരിയിച്ചു…

ഇതിപ്പോ താൻ ഇങ്ങനെ അവനെ കുറ്റപ്പെടുത്തുന്നത് കേട്ടാൽ തോന്നും ഞാനാണ് അവനെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിക്കുന്നതെന്ന്… ആദ്യം താൻ ഒന്ന് സമാധാനിപ്പിക്ക് പ്രഭേ…ഇതുവരെയും രാജാറാം ജീ പറഞ്ഞ സമയം ആയിട്ടില്ല..അതല്ലേ ഞാനിങ്ങനെ wait ചെയ്യുന്നത്..അത് വരെ അവളിവിടെ സുഖമായി കഴിയട്ടേ….

എന്താ വൈദീടെ തീരുമാനം…

എടോ പ്രഭേ…. രാജാറാം ജീ എന്താ പറഞ്ഞത് രാവണിന്റെ ആദ്യ ഭാര്യ അകാലത്തിൽ മരണമടയുംന്ന്… അപ്പോ അവൾക് ആ വിധി സ്വീകരിച്ചല്ലേ മതിയാകു… പഴയ കാര്യങ്ങളുടെ കനലുകൾ ഇപ്പോഴും മനസിൽ കെടാതെ സൂക്ഷിക്കുന്നത് കൊണ്ട് രാവൺ ഒരിക്കലും അവളെ അവന്റെ ഭാര്യയായി കണക്കാക്കില്ല… അവരൊന്നിച്ച് ഒരു ജീവിതവും ജീവിച്ചു തുടങ്ങില്ല..വെറുമൊരു നൂലാചാരത്തിന്റെ പേരിൽ മാത്രമാണ് ത്രേയ അവന്റെ ഭാര്യാ പദവി അലങ്കരിക്കുന്നത്… പിന്നെ അവളുടെ മരണം…അത് സ്വാഭാവിക മരണം തന്നെ ആവണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ…..രാജാറാം ജീ അങ്ങനെ പറഞ്ഞോ…

വൈദി മുഖത്തൊരു ചിരി വിരിയിച്ചു…

വൈദീ താൻ പറഞ്ഞു വരുന്നത്…???

എടോ മണ്ടൻ പ്രഭേ…അവളെ രാവണുമായി വിവാഹം കഴിപ്പിക്കും മുമ്പേ തന്നെ അവളുടെ മരണ ജാതകം ഞാൻ എഴുതിയിരുന്നു… തികച്ചും സ്വാഭാവികമായ,സംശയത്തിന്റെ ഒരു നിഴൽ പോലും വീഴാത്ത മരണം… അതാണ് ഞാനവൾക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്നത്….

എന്താ വൈദീ അത്… എങ്ങനെയാ താനവളെ…

നാഗത്താന്മാരും സർപ്പക്കാവുമുള്ള ഈ പൂവള്ളി തറവാട്ടിൽ വിളക്ക് വയ്ക്കാൻ പോയ ത്രേയ വിഷം തീണ്ടി മരിച്ചാൽ അതിനുത്തരവാദി ഞാനാകുവോ പ്രഭേ…അവൾടെ വിധി…പാവം….. വൈദി ചിരിയോടെ വിരലുഴിഞ്ഞു….

വൈദീ… അപ്പോ താൻ നേരത്തെ ഇതൊക്കെ പ്ലാൻ ചെയ്തിരുന്നോ… എനിക്ക് ഇപ്പോഴാ ഒരു സമാധാനമായത്… ഇത് ഉടനെ ഉണ്ടാക്വോ…

എന്റെ പ്രഭേ താനിങ്ങനെ ധൃതി പിടിയ്ക്കാതെടോ… എല്ലാം അതിന്റേതായ സമയത്ത് വേണ്ടേ നടക്കേണ്ടത്….

അതുകൊണ്ടല്ല വൈദീ…. രാവണിന്റെ മാറ്റ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… ഒരുപക്ഷേ അവനവളെ പിരിയാൻ കഴിയാതെ വന്നാൽ… അതോടെ തീർന്നില്ലേ എല്ലാം… ഇപ്പോ അവൻ ആ പഴയ രാവണല്ല… മദ്യത്തിന്റെ ഉപയോഗം കുറച്ചു…ഡ്രഗ്സും ഉപയോഗിക്കാറില്ല…. അവന്റെ അമ്മയോട് സംസാരിക്കാനായി സമയം പോലും കണ്ടെത്താറുണ്ട്…

ഹാ.. ഇതൊക്കെ നല്ല കാര്യങ്ങളല്ലേ പ്രഭേ… താനതിന് എന്തിനാ ടെൻഷൻ ആവുന്നേ…

ഞാൻ ടെൻഷനായതല്ല വൈദീ… ത്രേയയുടെ ഇടപെടീലിന്റെ ഫലമാണ് അവന്റെ ഈ മാറ്റങ്ങൾ…. ഒരുപക്ഷേ പഴയത് പോലെ അവനവളെ സ്നേഹിച്ചു തുടങ്ങിയെങ്കിൽ അവളൊരു നാൾ മരണമടഞ്ഞാൽ എന്റെ മോനെ എനിക്ക് വീണ്ടും നഷ്ടമായേക്കാം…

അപ്പോ പ്രഭ പറഞ്ഞു വരുന്നത് ത്രേയ ഇവിടെ തുടരാനാണോ…

ഏയ്..അങ്ങനെയല്ല വൈദീ… അവളുടെ മരണം താൻ തീരുമാനിയ്ക്കും പോലെ നടത്താനാണെങ്കിൽ അതിനിയും വൈകാൻ പാടില്ല….ഉടനെ വേണം….

പ്രഭ കടുത്ത സ്വരത്തിൽ പറഞ്ഞ് ടെറസിലെ കൈ വരിയിലേക്ക് കൈ ചേർത്തു….

ന്മ്മ…ഉടനെ തന്നെയുണ്ടാവും പ്രഭേ… ആ തീരുമാനത്തിന് എനിക്ക് കുറച്ച് കൂടി വ്യക്തത വേണം…. ആർക്കും സംശയമുണ്ടാക്കാതെ അവളെ അവസാനിപ്പിയ്ക്കണ്ടേ… അതിന് ചെറിയൊരു കാല താമസമുണ്ട്…. താനീ പറഞ്ഞ കാര്യങ്ങളിൽ സത്യമുണ്ടോ എന്ന് ഞാനും കൂടി ഒന്ന് അന്വേഷിക്കട്ടേ… അതനുസരിച്ച് നമുക്ക് വേഗത്തിൽ തന്നെ കരുക്കൾ നീക്കാം..എന്തേ….

വൈദിയുടെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി പ്രഭ ഒന്ന് പുഞ്ചിരിച്ചു നിന്നു… ____________

ഈ സമയം രാവണിന്റെ റൂമിൽ കുട്ടികളോടൊത്ത് സമയം ചിലവിടുകയായിരുന്നു ത്രേയ….ബെഡിലിരുന്ന് കുട്ടികളോടൊപ്പം കളിയ്ക്കുന്ന ത്രേയയെ രൂക്ഷമായി ഒന്ന് നോക്കി രാവൺ ടേബിളിന് മുന്നിലെ ചെയർ വലിച്ചിട്ടിരുന്നു….രണ്ട് മൂന്ന് ഫയൽസ് റെഫർ ചെയ്ത ശേഷം ഷർട്ടിന്റെ ആദ്യത്തെ ബട്ടനുകൾ അഴിച്ചു കൊണ്ട് രാവൺ മെഷ് ചെയറിലേക്ക് ചാരിയിരുന്ന് A/C ഓൺ ചെയ്തു….

ത്രേയേ…കഥ പറഞ്ഞു തര്വോ ത്രേയേ…. ഞങ്ങൾക്ക് കഥ കേൾക്കണം….

ചാരു ത്രേയയുടെ കൈയ്യിൽ ഉലച്ചു കൊണ്ട് ചിണുങ്ങി…

പറഞ്ഞു തരാല്ലോ.. ഇന്ന് ത്രേയേടെ മുത്തുമണികൾക്ക് ആരുടെ കഥയാ വേണ്ടത്… രാജകുമാരന്റെ കഥ വേണോ അതോ അസുരന്റെ കഥ വേണോ…

ത്രേയ രാവണിനെയൊന്ന് പാളി നോക്കി…അവള് പറഞ്ഞത് കേട്ട് തിരിച്ചൊന്നും പ്രതികരിക്കാൻ മുതിരാതെ രാവൺ അതേപടി ചെയറിൽ ചാരി കിടന്നു….

ഞങ്ങൾക്ക് രാജകുമാരന്റെ കഥ മതി…അസുരന്റേത് വേണ്ട….

ന്മ്മ…ശരി.. എങ്കില് ത്രേയ ത്രേയേടെ രാജകുമാരന്റെ കഥ പറയട്ടേ…

ത്രേയ കുട്ടികളെ അടുത്ത് ചേർത്തിരുത്തി…

അതാരാ ത്രേയേടെ രാജകുമാരൻ…???

പാർത്ഥി താടിയ്ക്ക് വിരൽ താങ്ങി ചിന്തയിലാണ്ടു..

അതോ…അതൊരു അസുരനാ…തനി രാക്ഷസൻ…..ത്രേയേ അടിയ്ക്ക്യേം, വഴക്ക് പറയ്യേം,കളിയാക്കേം കരയിപ്പിക്കേം ചെയ്യുന്ന രാക്ഷസൻ…

ത്രേയ കുട്ടികളെ പേടിപ്പെടുത്തുന്ന മട്ടിൽ കൈകൊണ്ട് ആംഗ്യം കാട്ടി അവരുടെ അടുത്തേക്ക് മുഖമടുപ്പിച്ചു….

അപ്പോ ആ രാക്ഷസൻ ത്രേയേ കൊല്ല്വോ….???

ഏയ്…ആ രാക്ഷസന് ത്രേയേ വലിയ ഇഷ്ടാ.. അതുകൊണ്ട് കൊല്ലില്ല.. ത്രേയേ കൊല്ലാൻ വരുന്ന ബാക്കി രാക്ഷസന്മാരിൽ നിന്നും രക്ഷിക്കുന്ന ഒരു പാവം…പാവം…പാവം രാക്ഷസനാ ത്രേയേടെ രാജകുമാരൻ…

ത്രേയ കുട്ടികളോട് പറയുന്നത് കേട്ട് രാവൺ പുരികം ചുളിച്ചു കൊണ്ട് അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി….

ആ പിന്നെയേ..ആ രാക്ഷസൻ ത്രേയേ നോക്കി പേടിപ്പിക്ക്യേം ചെയ്യും… പക്ഷേ ത്രേയ അതിനൊന്നും പേടിക്കാറേയില്ല….

ത്രേയേടെ ആ പറച്ചില് കേട്ട് രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…. അവനാ ദേഷ്യത്തിൽ തന്നെ ചാടി എഴുന്നേറ്റ് മെഷ് ചെയർ പിന്നിലേക്ക് ചവിട്ടി നീക്കി കബോർഡിന് നേരെ നടന്നു….കബോർഡിന്റെ ഡോറ് ഒരൂക്കോടെ തുറന്നു കൊണ്ട് അവനതിൽ എന്തൊക്കെയോ പരതാൻ തുടങ്ങി…

ഹലോ… സാറ് ഇന്നലെ അവിടെ സുരക്ഷിതമായി കൊണ്ടു വച്ച സാധനങ്ങളൊന്നും ഇപ്പോ അവിടെ ഇല്ല…. പാവം ജവാനെയും, നെപ്പോളിയനേയും എല്ലാം ഞാൻ നമ്മുടെ പറമ്പിലെ waste water container ൽ എത്തിച്ചു….

ത്രേയേടെ ആ പറച്ചില് കേട്ട് രാവണിന് അടിമുടി തരിച്ചു കയറി….അവനാ ദേഷ്യത്തിൽ തന്നെ കബോർഡിന്റെ ഡോറ് ശക്തിയിൽ വലിച്ചടച്ചു….

കണ്ടിട്ട് അല്പം VIP ആയി തോന്നിയ ഒരാളുണ്ടായിരുന്നു… ഇതാണോ ഈ MH…. കണ്ടപ്പോ just ഒരു attraction തോന്നി എടുത്ത് വച്ചതാ….

ത്രേയ അത്രയും പറഞ്ഞ് ബെഡിന് അടിയിലായി മറച്ചു വച്ചിരുന്ന ഒരു ബോട്ടിൽ എടുത്ത് ഉയർത്തി പിടിച്ചു….അത് കണ്ടതും നടുവിന് കൈതാങ്ങി നിന്ന രാവണിന്റെ നോട്ടം അപ്രതീക്ഷിതമായി ത്രേയയിലേക്ക് നീണ്ടു….

ഡീ..നീ…

അവൻ ഞൊടിയിടയിൽ കബോർഡിനരികെ നിന്നും ബെഡിനെ ലക്ഷ്യമാക്കി പാഞ്ഞു….

അയ്യോ ത്രേയേ…ഓടിയ്ക്കോ…ദേ ചെറിയച്ഛൻ കൊല്ലാൻ വരുന്നു…

കുട്ടികള് മൂന്നുപേരും കൂടി അതും വിളിച്ചു കൂവി ത്രേയേ ബെഡിൽ നിന്നും വലിച്ചെഴുന്നേൽപ്പിച്ചു… രാവൺ അവളെ ലക്ഷ്യമാക്കി തൊട്ടടുത്ത് എത്തിയതും ത്രേയ ബെഡിൽ നിന്നും നിലത്തേക്ക് ഒരു കുതിപ്പായിരുന്നു….. കൈയ്യിൽ മുറുകെ പിടിച്ച കുപ്പിയുമായി അവൾ ബെഡിന് ഇരുവശവും ഓടി നടന്നതും രാവണവളെ പിന്തുടർന്ന് കൊണ്ട് അവൾക് നേരെ പാഞ്ഞടുത്തു….

രാവൺ… വേണ്ട… എന്റെ പിന്നാലെ ഓടാൻ നിൽക്കണ്ട…!!!

ത്രേയ കിലുങ്ങി ചിരിച്ചു കൊണ്ട് റൂമാകെ ഓടി നടന്നു…അതിന് പിന്നാലെ രാവണും വച്ച് പിടിച്ചതും കുട്ടികൾ മൂന്നുപേരും ത്രേയയെ രാവണിൽ നിന്നും രക്ഷിക്കാൻ വേണ്ടി രാവണിന് തടസം തീർത്തു കൊണ്ടിരുന്നു….

ഡീ…നിക്കെടീ അവിടെ…. നിന്നെ എന്റെ കൈയ്യിൽ കിട്ടിയാലുണ്ടല്ലോ…

അതെനിക്കറിയാം… അതുകൊണ്ടല്ലേ ഞാൻ ഓടുന്നേ….

ത്രേയ രാവണിന്റെ ടേബിളിന് ചുറ്റിലും തടസം തീർത്ത് ഓടിക്കളിച്ചു…രാവൺ അവള് ചലിക്കുന്ന ഭാഗത്തെ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും അവളെ കൈയ്യെത്തി പിടിക്കാൻ പോലും അവന് കഴിഞ്ഞില്ല…. ഒടുവിൽ വരാല് മീനിനെ പോലെ അവൾ അവന്റെ കൈയ്യിൽ നിന്നും വഴുതി ബാത്റൂം ലക്ഷ്യമാക്കി ഓടി….ത്രേയ ബാത്റൂം ഡോറ് പൂട്ടാൻ തുടങ്ങും മുമ്പേ രാവൺ അതിനെ തടുത്തിരുന്നു…. പക്ഷേ കുട്ടികൾ മൂന്നുപേരും കൂടി രാവണിന്റെ കാലിൽ മുറുകെ ചേർത്ത് പിടിച്ചിരുന്നത് കാരണം അവന് അവരെ അടർത്തി മാറ്റാതെ ഡോറ് തുറക്കാൻ കഴിഞ്ഞില്ല….ആ സമയം കൊണ്ട് ഡോറ് അകത്തു നിന്നും തള്ളി പിടിച്ചു കൊണ്ട് ത്രേയ കുപ്പിയിൽ ഉണ്ടായിരുന്ന മദ്യം മുഴുവനും വാഷ്ബേസിനിലേക്കൊഴിച്ചു….

ത്രേയേ ചെറിയച്ഛൻ ഒന്നും ചെയ്യില്ല… മക്കള് മാറിയ്ക്കേ….

No….ചെറിയച്ഛൻ ത്രേയേ കൊല്ലും…ഞങ്ങള് മാറില്ല….

രാവണിന്റെ ആ നീക്കം പാളിയതും അവൻ രണ്ടും കല്പിച്ച് ഡോറിലേക്ക് ചേർന്ന് നിന്നു കൊണ്ട് കുട്ടികളെ ഓരോരുത്തരെയായി കാലിൽ നിന്നും അടർത്തി മാറ്റി ഡോറിനടുത്ത് ഉണ്ടായിരുന്ന ഉയരമുള്ള ടേബിളിലേക്ക് വച്ചു….മൂന്നമതായി പാർത്ഥിയെ കൂടി അടർത്തി മാറ്റിയതും രാവണിന് മുന്നിലുള്ള പ്രതിരോധത്തിന്റെ ബലം കുറഞ്ഞു….

പക്ഷേ ത്രേയ ഇതൊന്നും അറിയാതെ ഒരു കിതപ്പോടെ ഡോറ് തള്ളി പിടിച്ചു കൊണ്ട് ബോട്ടിലിൽ ഉണ്ടായിരുന്ന മദ്യം ഒഴിച്ചു കളയുകയായിരുന്നു….

ബോട്ടിലിൽ ശേഷിച്ച മദ്യം മുഴുവനും ബേസനിലേക്ക് ഒഴിച്ചു കഴിഞ്ഞതും രാവൺ ഡോറ് തള്ളി തുറന്ന് അകത്തേക്ക് കയറി…അവനെ കണ്ടതും ഒരു ഞെട്ടലോടെ അവളവന് നേരെ തിരിഞ്ഞ് കൈയ്യിലിരുന്ന ബോട്ടിൽ പിന്നിലേക്ക് മറച്ചു പിടിച്ചു….

ത്രേയയെ നോക്കി തന്നെ ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ച് രാവൺ അവൾക്കരികിലേക്ക് നടന്നടുത്തു….

രാവൺ.. വേണ്ട…ഞാനിത് തരില്ല…എന്നെ ഉപദ്രവിക്കാനാ പ്ലാനെങ്കിൽ ഞാൻ ഇവിടെ കിടന്ന് വിളിച്ചു കൂവും….

ത്രേയ നെറ്റിയിലേക്ക് വീണു കിടന്ന മുടി ഒതുക്കി പിന്നിലേക്ക് നടന്നു… പക്ഷേ അവൾ പറഞ്ഞതിനെയൊന്നും തീരെ വക വയ്ക്കാതെ രാവൺ അവൾക് അരികിലേക്ക് വീണ്ടും ഓരോ ചുവട് വച്ച് നടന്നു…

രാവൺ.. ഞാൻ പറഞ്ഞല്ലോ…എന്നെ തല്ലിയാൽ ഞാൻ സത്യമായും നിന്റെ സുപ്പീരിയർ ഓഫീസറെ വിളിയ്ക്കും..

ഈ ബാത്റൂമിൽ നിന്നോ… എങ്കില് ഒന്ന് വിളിച്ചേ.. ഞാനൊന്ന് കേൾക്കട്ടേ…നീ ഇവിടെ നിന്ന് വിളിയ്ക്കുന്നത് അഥവാ എന്റെ സുപ്പീരിയർ ഓഫീസർ കേട്ടാൽ ഇനി വല്ല ലീവും എടുക്കേണ്ട സാഹചര്യം വന്നാൽ ഈ ബാത്റൂമിൽ കയറി നിന്ന് വിളിച്ചു പറഞ്ഞാൽ മതിയല്ലോ….

രാവൺ…നീയെന്നെ കളിയാക്കാനൊന്നും നോക്കണ്ട… മര്യാദയ്ക്ക് മാറിയേ..

ഞാൻ മാറണമെങ്കിൽ നിന്റെ കൈയ്യിലിരിക്കുന്ന ആ കുപ്പി എന്റെ കൈയ്യിലേക്ക് തിരികെ താ…

വേണ്ട… ഇതൊക്കെ നമ്മള് ഉപേക്ഷിച്ചു തുടങ്ങിയതല്ലേ….ഇനിയും വേണ്ട… ഞാൻ തരില്ല….

എന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ നീ ആരാടീ… എന്റെ ഇഷ്ടങ്ങളെ വിലക്കാൻ നിനക്കാരാ അധികാരം തന്നത്…. മര്യാദയ്ക്ക് കുപ്പി താടീ….

രാവൺ അതും പറഞ്ഞ് ത്രേയയ്ക്ക് നേരെ ചീറിയടുത്തു….അവള് ആ കുപ്പി രാവണിൽ നിന്നും പിന്നിലേക്ക് മറച്ചു പിടിച്ചു വച്ചതും രാവണത് കൈയ്യെത്തി എടുക്കാൻ വേണ്ടി ആവുന്നതും നോക്കി…. രണ്ടു കൈകളും ഇരു വശത്തേക്കും മാറ്റി മാറ്റി എത്തിയെങ്കിലും ത്രേയ കുപ്പിയെ പിന്നിലേക്ക് വലിച്ച് രാവണിന്റെ ചലനങ്ങൾക്ക് എതിരായി ഇരു വശങ്ങളിലേക്കും മാറ്റി മാറ്റി കളിച്ചു….

പെട്ടന്നാണ് രാവണിന്റെ പരിശ്രമങ്ങൾക്കിടയിൽ കൈ തട്ടി ബാത്റൂമിലെ ഷവർ ഓണായത്…..ഷവറിന് തൊട്ടു താഴെയായി നിന്ന ത്രേയയേയും രാവണിനേം അടിമുടി നനച്ചു കൊണ്ട് അവിടെയൊരു ഷവർ മഴ തന്നെ പെയ്തു….നിമിഷ നേരം കൊണ്ട് തന്നെ അവളും അവനും വെള്ളത്തിൽ നനഞ്ഞു കുതിർന്നിരുന്നു….

ഷവറ് നിർത്ത് രാവൺ… എനിക്ക് ശ്വാസം മുട്ടുന്നു…

ത്രേയ ഒരു കൈയ്യാൽ മുഖത്തേക്ക് വീഴുന്ന വെള്ളം കൈ കൊണ്ട് തടുത്തു പിടിച്ചു..ഒരേ നിലയിൽ അല്പം ഊക്കോടെ വെള്ളം അവളുടെ മുഖത്തേക്ക് തന്നെ പതിച്ചത് കാരണം ത്രേയയ്ക്ക് ശരിയ്ക്കും ശ്വാസം മുട്ടൽ അനുഭവിച്ചു തുടങ്ങിയിരുന്നു….

രാവൺ…ഷവർ ഓഫാക്ക്….

ത്രേയ വെള്ളത്തെ തടുത്തു മാറ്റി രാവണിനോട് പറയുമ്പോഴും ഷവർ ഓഫാക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു രാവൺ… ഒടുവിൽ പരിശ്രമത്തിന്റെ ഫലമെന്നോണം ഷവർ ഓഫായി….

അപ്പോഴേക്കും ത്രേയയും രാവണും ആകെമൊത്തം നനഞ്ഞ് കുതിർന്നിരുന്നു…

നിനക്ക് എന്താ രാവൺ.. എന്തിനാ നീയിപ്പോ ഷവർ ഓൺ ചെയ്തത്… ഞാനാകെ നനഞ്ഞു കുതിർന്നു…ഈ രാത്രി തന്നെ നിനക്ക് എന്നെയിങ്ങനെ വെള്ളത്തിൽ നനയ്ക്കണമായിരുന്നോ… എന്നെ ദേ തണുക്കാനും തുടങ്ങി… ഇനിയെങ്കിലും എന്റെ മുന്നീന്ന് ഒന്ന് മാറിയ്ക്കേ… ഞാൻ പോട്ടേ…

ത്രേയ രാവണിനെ തള്ളി മാറ്റി അവനെ മറികടന്ന് പോകാൻ ഭാവിച്ചതും രാവൺ അവളുടെ കൈയ്യിൽ പിടി മുറുക്കി അവളെ അതേപടി ഭിത്തിയിലേക്ക് അടുപ്പിച്ചു…

നീ എവിടേക്കാടീ പോകുന്നേ… മര്യാദയ്ക്ക് ഞാൻ പറഞ്ഞത് തിരികെ എന്റെ കൈയ്യിൽ തന്നെ തന്നേയ്ക്ക്…. അല്ലെങ്കിൽ ഈ ഒരു രാത്രി മുഴുവൻ നിന്നെ ഞാനീ ഷവറിന്റെ ചോട്ടിൽ നിർത്തും….

അയ്യട…ആ മോഹം മോന്റെ മനസിൽ വച്ചിരുന്നാ മതി…ഇതേ നിന്റെ വേദ്യയല്ല…. ത്രേയയാ… അതുകൊണ്ട് അധികം ബലം പിടിക്കാതെ മാറി നിൽക്ക് രാവൺ…

മര്യാദയ്ക്ക് തന്നിട്ട് പോടീ…

ത്രേയ പറഞ്ഞ കാര്യം ആ ഫ്ലോയിലങ്ങ് മുഴിവിക്കും മുമ്പ് രാവണിന്റെ അലർച്ച അവിടമാകെ പ്രതിധ്വനിച്ചു…

ഞാൻ തരില്ല രാവൺ..തന്നാൽ നീ ഇത് കുടിയ്ക്കും….. ഞാനതിന് സമ്മതിക്കില്ല…

ത്രേയ ആ കുപ്പി പിന്നിലേക്ക് തന്നെ മറച്ചു പിടിച്ച് സങ്കടം അഭിനയിച്ചു….. പെട്ടെന്ന് രാവൺ അവളുടെ കൈയ്യിൽ നിന്നും കുപ്പി ബലമായി കൈയ്യിൽ വാങ്ങി വച്ചു….

അരുത് രാവൺ..നീയത് കുടിയ്ക്കരുതേ…

ത്രേയ അച്ചടി ഭാഷയിൽ പറഞ്ഞ് തകർത്തഭിനയിച്ചതും കുപ്പിയിൽ മദ്യമില്ല എന്ന സത്യം രാവൺ തിരിച്ചറിഞ്ഞു…

പ്ഫ്ഫ്ഫ്…. അതിലുള്ളതെല്ലാം ഇപ്പോ പറമ്പിൽ എത്തിയിട്ടുണ്ടാവും..നീ വേണമെങ്കിൽ അവിടെ പോയി ക്യൂ നിന്ന് കൈവെള്ളയിൽ വാങ്ങി കുടിയ്ക്ക്….

ത്രേയ രാവണിനെ നോക്കി വായ പൊത്തി ചിരിച്ചതും രാവണിന്റെ ദേഷ്യം അതിന്റെ പാരമ്യത്തിൽ എത്തി…

ഡീ..നീയെന്നെ കളിയാക്കുന്നോടീ…

രാവൺ ഒരൂക്കോടെ അവളുടെ കൈയ്യിൽ പിടിച്ച് അവളെ അവനോട് അടുപ്പിച്ചു നിർത്തിയതും അവളുടെ കൈയ്യിൽ നിന്നും ബോട്ടിൽ നിലത്തേക്ക് ഊർന്നു വീണു……. ത്രേയ ആ ഞെട്ടലിൽ രാവണിന് നേരെ നോട്ടം പായിച്ചതും അവനവളെ ഒന്നുകൂടി അവനിലേക്ക് വലിച്ചടുപ്പിച്ചു…..ഷവറിൽ നിന്നും ഇറ്റു വീണ ജലകണങ്ങൾ ത്രേയയുടെ പുരികക്കൊടികളിലും, കവിളിണകളേയും വീണ്ടും നനച്ചു കൊണ്ടിരുന്നു..ഒരു നിമിഷം രാവണിന്റെ കണ്ണുകൾ അവളുടെ മുഖത്ത് അങ്ങിങ്ങായി പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങളിലേക്ക് പാഞ്ഞു….

നെറ്റിയിലേക്ക് ചേർന്നൊട്ടി കിടന്ന തലമുടിയിഴകളേയും നിരയൊത്ത പുരികക്കൊടികളേയും രാവൺ ഒരു കൗതുകത്തോടെ നോക്കി നിന്നു…..അവളുടെ മുഖത്തെ ആകർഷകമായ ഓരോ അംഗങ്ങളേയും അവന്റെ കണ്ണുകൾ കോർത്തു വലിച്ചു കൊണ്ടിരുന്നു….

ത്രേയയിലേക്ക് മാത്രമായി ഒതുങ്ങിയ രാവണിന്റെ കണ്ണുകൾക്കൊപ്പം അവന്റെ മനസും അവളിലേക്ക് സഞ്ചരിച്ചു.. യാന്ത്രികമായി അവന്റെ കൈ അവളെ മോചിതയാക്കി അവ അവളുടെ കൈയ്യിൽ നിന്നും മുകളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി….

വെള്ളത്തുള്ളികൾ അടയാളം വച്ചിരുന്ന വെൺശംഖ് പോലെയുള്ള കഴുത്തടികളെ തഴുകി കൊണ്ട് ആ കൈകൾ അവളുടെ കവിളിലേക്ക് ഇഴഞ്ഞു നീങ്ങി….

രാവണിന്റെ ആ മാറ്റം ത്രേയയിൽ ഒരു തരം ഞെട്ടലും ഭയവും നിറച്ചു കൊണ്ടിരുന്നു… രാവണിന്റെ പ്രണയാർദ്രമായ സ്പർശനം പോലും അവളിൽ ഒരു നടുക്കം ഉളവാക്കി….അവന്റെ കൈകൾ കഴുത്തടിയെ തഴുകി കവിളിൽ എത്തി നിന്നതും ത്രേയ ഒരു കിതപ്പോടെ അവനിൽ നിന്നും നോട്ടം പിന്വലിച്ചു നിന്നു…..

നെറ്റിയിലും പുരികങ്ങളിലും ഒട്ടി കിടന്ന മുടിയിഴകളെ രാവൺ അവന്റെ കൈകളാൽ മാടിയൊതുക്കി വച്ചതും അവന്റെ ആ പ്രതികരണത്തിന്റെ പ്രതിഫലനം എന്നോണം അവളുടെ മിഴികൾ ചിമ്മി തുറന്നു….ത്രേയയിൽ ഉയർന്നു കേട്ട ശ്വാസ നിശ്വാസങ്ങൾ രാവണിന്റെയുള്ളിൽ വികാരത്തിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു….

അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവന്റെ കണ്ണുകൾ അവളുടെ ചെഞ്ചോടികളെ വലയം വച്ചു….നീർ കണങ്ങൾ അടയാളം വച്ച പനിനീർ ദളങ്ങൾ പോലെ ചുവന്നു തുടുത്ത ആ അധരങ്ങളെ പ്രാപിക്കാൻ അവന്റെ അധരങ്ങൾ വെമ്പൽ കൊണ്ടു….

വിറകൊണ്ടിരുന്ന ആ അധരങ്ങളെ ലക്ഷ്യമാക്കി രാവണിന്റെ ദൃഷ്ടി താഴേക്ക് പതിഞ്ഞതും ത്രേയയിൽ ചില അസ്വസ്ഥതകൾ ഉടലെടുത്തു….

ജീവനായി സ്നേഹിച്ച രാവണിന് മുന്നിൽ വഴങ്ങി കൊടുത്തിരുന്ന ത്രേയയ്ക്ക് അവളെ വെറുത്തു തുടങ്ങിയ രാവണിന് മുന്നിൽ വിധേയത്വം പ്രകടിപ്പിക്കാൻ മനസ്സനുവദിച്ചില്ല…. അവനടുത്തേക്ക് വരുന്ന ഓരോ നിമിഷവും പ്രണയത്തിലുപരി വല്ലാത്തൊരു വീർപ്പ് മുട്ടലായിരുന്നു അവൾക് തോന്നിയത്….

തന്റെ താലിയുടെ അവകാശിയാണെങ്കിൽ കൂടി അവന്റെ ആഗ്രഹങ്ങൾക്ക് മുന്നിൽ വഴങ്ങി കൊടുക്കാൻ അവളുടെ മനസ്സനുവദിച്ചില്ല….. പക്ഷേ അവളുടെ മനസിനെ മഥിച്ചിരുന്ന തീരുമാനങ്ങളെ അടുത്തറിയാതെ തന്നെ അവന്റെ ചുടു നിശ്വാസം അവളുടെ അധരങ്ങളൾക്ക് ചൂട് പകർന്ന് അടുക്കാൻ ശ്രമിച്ചു….

No..രാവൺ….

അവൾ വേണ്ടായെന്ന് തലകുടഞ്ഞു കൊണ്ട് അവനെ തള്ളിമാറ്റി നിന്നു….പിന്നിലെ ഭിത്തിയിലേക്ക് കൈ ചേർത്ത് കൊണ്ട് അവൾ തലകുനിച്ച് നിന്നു…. അവളുടെ ആ പ്രതികരണത്തിൽ ഒരു നടുക്കത്തോടെ നിൽക്ക്വായിരുന്നു രാവൺ….

രാവണിന് എന്നെ ഇഷ്ടമല്ല…അത് രാവൺ നൂറ് ആവർത്തി പറഞ്ഞിട്ടുണ്ട്…. എന്നോട് പ്രണയമില്ലാത്ത ഈ മനസ് എന്നിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ട…. പണ്ട് ഞാൻ ഒരുപാട് വിശ്വസിച്ച് രാവണിന്റെ ഇഷ്ടങ്ങൾക്ക് വഴങ്ങി തന്നിട്ടുണ്ട്…. പക്ഷേ അതിന്റെ തുടർച്ചയെന്നോണം ഇനിയും രാവണിന് മുന്നിൽ ഒരു വിഡ്ഢി വേഷം കെട്ടാൻ എനിക്ക് വയ്യ….

ത്രേയ തലകുനിച്ച് നിന്ന് പറഞ്ഞ വാക്കുകൾ കേട്ട് രാവണിന്റെ കൈ ഞരമ്പുകൾ ദേഷ്യത്തിൽ വരിഞ്ഞു മുറുകി…..അവളെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ഒരൂക്കോടെ ഡോറ് വലിച്ച് തുറന്ന് കൊടുങ്കാറ്റ് പോലെ അവൻ പുറത്തേക്ക് നടന്നു…..

റൂമിലേക്ക് കടന്ന രാവണിന്റെ ദേഷ്യത്തിന്റെ തോത് ബാത്റൂമിൽ നിന്നു കൊണ്ട് തന്നെ ത്രേയയ്ക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…. അവളതിന് ഒന്നും പ്രതികരിക്കാൻ മുതിരാതെ നിശബ്ദയായി ആ ബാത്റൂമിൽ തന്നെ നിലയുറപ്പിച്ചു….. പക്ഷേ രാവണിന്റെ ചെയ്തികൾ കണ്ടു ഭയന്ന കുട്ടികൾ മൂന്നുപേരും റൂമിൽ നിന്നും ത്രേയയ്ക്കരികിലേക്ക് ഓടിയടുത്തിരുന്നു….

ത്രേയേ…പേടിയാവുന്നു ത്രേയേ… ചെറിയച്ഛൻ ത്രേയേനെ ഇന്ന് കൊല്ലും…. അവിടേക്ക് പോവല്ലേ ത്രേയേ…

പാർത്ഥിയും ചാരുവും അമ്മുവും ത്രേയയുടെ കാലിൽ വട്ടം ചുറ്റി പിടിച്ച് നിന്ന് കരയാൻ തുടങ്ങി…

ഏയ്…ഇല്ല… ചെറിയച്ഛൻ ത്രേയേ ഒന്നും ചെയ്യില്ല…പേടിയ്ക്കണ്ടാട്ടോ….

ത്രേയ കുട്ടികൾക്ക് അരികിലേക്ക് മുട്ടുകുത്തി ഇരുന്ന് അവരുടെ കണ്ണീരൊപ്പി സമാധാനിപ്പിക്കാൻ ശ്രമിച്ചു….

ചെറിയച്ഛൻ എന്താ അവിടെ ചെയ്തത്…???

ത്രേയ കുട്ടികളിൽ നിന്നും കാര്യമറിയാൻ ശ്രമിച്ചു…

അതോ…ചെറിയച്ഛൻ അവിടെയുള്ള വേസ് മുഴുവനും എറിഞ്ഞുടച്ചു..ത്രേയ വരച്ച paintings ഉം നശിപ്പിച്ചു….

അമ്മു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…. പെട്ടെന്ന് റൂമിലുണ്ടായിരുന്ന ശബ്ദ കോലാഹലങ്ങളെല്ലാം അവസാനിച്ചു….ഡോറ് വലിച്ചടച്ച ശബ്ദം കൂടി കേട്ടതും രാവൺ റൂം വിട്ട് പുറത്തേക്ക് പോയി എന്ന കാര്യം തീർച്ചയായി….

കുട്ടികളെ അടക്കി പിടിച്ചു കൊണ്ട് കുറച്ച് നേരം കൂടി ത്രേയ ബാത്റൂമിൽ തന്നെ wait ചെയ്ത ശേഷം പതിയെ അവിടെ നിന്നും റൂമിലേക്ക് നടന്നു…. അലങ്കോലമായി കിടന്ന ആ റൂം കണ്ടതും ത്രേയ ഒരു നടുക്കത്തോടെ അവിടെ തന്നെ നിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചു…

എന്റെ ദൈവമേ…ഈ രാവൺ എന്തൊക്കെയാ ഈ കാണിച്ചു കൂട്ടിയിരിക്കുന്നത്….?? ഇതൊരു റൂം തന്നെയാണോ..

തറയിൽ ഒരിഞ്ച് സ്ഥലം ബാക്കിയില്ലാത്ത പോലെ വേസിന്റെ ചില്ലുകൾ ചിതറി കിടക്കുകയായിരുന്നു…ത്രേയയും കുട്ടികളും അതൊന്നും കാലിൽ തറയാതെ വളരെ കഷ്ടപ്പെട്ട് ഡോറ് വരെ നടന്നടുത്തു…..

മക്കള് മമ്മീടടുത്തേയ്ക്ക് പൊയ്ക്കോ ട്ടോ…ത്രേയയ്ക്ക് ഇനിയും ഒരുപാട് ജോലി ചെയ്തു തീർക്കാനുണ്ട്… അതുകൊണ്ട് കഥ നാളെ പറഞ്ഞു തരാം…

ത്രേയേടെ വാക്കുകൾ കേട്ട് അനുസരണയോടെ തലയാട്ടി മൂവരും റൂം വിട്ട് പുറത്തേക്ക് ഓടിയതും ത്രേയ അവരെ യാത്രയാക്കി തിരികെ റൂമിലേക്ക് തന്നെ വന്നു… കുറേനേരം നീണ്ട പരിശ്രമത്തിനൊടുവിൽ ത്രേയ റൂമെല്ലാം ഭംഗിയായി വൃത്തിയാക്കിയിട്ടു….

ബെഡിലേക്ക് ചടഞ്ഞിരുന്ന് തൊട്ടു മുമ്പ് നടന്ന സംഭവങ്ങൾ ഓരോന്നും അവൾ മനസിൽ ഓർത്തെടുത്തു…

രാവണിന് വിഷമമായിട്ടുണ്ടാവ്വോ…??? അതുകൊണ്ടായിരിക്ക്വോ ഇത്രയും ദേഷ്യപ്പെട്ടത്..!!!

ത്രേയ സ്വയം ചോദിച്ചു കൊണ്ട് രാവണിന്റെ വരവും കാത്ത് ബെഡിന്റെ ഹെഡ്ബോർഡിലേക്ക് തലചായ്ച്ചിരുന്നു…. ഏറെ നേരം അവനെ കാത്തിരുന്നെങ്കിലും രാവണിന്റെ വരവൊന്നും ഉണ്ടായില്ല…ആ ഇരുപ്പിൽ തന്നെ അവളെപ്പൊഴോ മയക്കത്തിലേക്ക് വഴുതി വീണിരുന്നു…. ___________ പിറ്റേന്ന് രാവിലെ നേരം പുലർന്നതും പതിവുകൾ തെറ്റിച്ചു കൊണ്ട് എല്ലാവർക്കുമുള്ള കൊഫി റൂമുകളിൽ എത്തിച്ചത് മായമ്മയായിരുന്നു…

അഗ്നിയുടെ റൂമിൽ കോഫി എത്തിച്ച ശേഷം അവർ ട്രേയുമായി വേദ്യയുടെ റൂം ലക്ഷ്യമാക്കി നടന്നു…. റൂമിന് മുന്നിലെ corridor ലൂടെ ഡോറിനടുത്തേക്ക് നടന്നടുക്കും തോറും റൂമിനുള്ളിൽ നിന്നും അടക്കി പിടിച്ച ചിരിയും,സംസാരങ്ങളും ഉയർന്നു കേൾക്കാൻ തുടങ്ങി…വേദ്യയുടെ ശബ്ദത്തിന് പുറമേ മറ്റാരോ റൂമിനുള്ളിൽ ഉള്ളതായി മായമ്മയ്ക്ക് ചെറിയ സംശയം തോന്നി…..അവരാ ഭാവത്തോടെ തന്നെ റൂമിന് മുന്നിലേക്ക് നടന്ന് ഡോറിൽ മുട്ടി വിളിച്ചു…. ഞൊടിയിടയിൽ തന്നെ അകത്ത് ഉയർന്നു കേട്ട സംസാരങ്ങൾ നിലച്ചിരുന്നു….മായമ്മ കുറച്ചു നേരം ഡോറിന് മുന്നിൽ തന്നെ കാത്ത് നിന്നതും പെട്ടെന്ന് അവർക്ക് മുന്നിൽ ഡോറ് തുറക്കപ്പെട്ടു….

ഒരുതര പരിഭ്രമത്തോടെയാണ് വേദ്യ അവർക്ക് മുന്നിൽ വാതിൽ തുറന്നത്…അത് കണ്ടതും മായമ്മേടെ നോട്ടം വേദ്യയെ മറികടന്ന് റൂമിനുള്ളിലേക്ക് പാഞ്ഞു… പക്ഷേ പാതിചാരിയിട്ടിരുന്ന ഡോറിന്റെ മറവ് കാരണം മായമ്മയ്ക്ക് റൂമിനുള്ളിലെ കാഴ്ചകൾ കാണാൻ സാധിച്ചില്ല…

എന്താ മായേ…എന്താ നീ എന്റെ റൂമിലേക്ക് ഇങ്ങനെ എത്തി നോക്കുന്നത്…???

വേദ്യ ശബ്ദം കടുപ്പിച്ചതും മായമ്മ അല്പം വിനയത്തോടെ വേദ്യയുടെ മുഖത്തേക്ക് നോക്കി…

ഞാൻ ഇവിടേക്ക് വരുമ്പോ കുഞ്ഞ് മറ്റാരോടോ സംസാരിക്കും പോലെ തോന്നി…അതാ ഞാൻ റൂമിലേക്ക് നോക്കിയത്…

എന്റെ റൂമിൽ പലരും സംസാരിച്ചെന്നു വരും… അതന്വേഷിക്കലല്ല നിന്റെ പണി… മര്യാദയ്ക്ക് വാങ്ങുന്ന ക്യാഷിനുള്ള പണി ചെയ്യാൻ നോക്ക്…

ട്രേയിൽ നിന്നും ഒരു കോഫി എടുത്ത് ദേഷ്യത്തോടെ അവള് റൂമിലേക്ക് കയറി ഡോറ് കൊട്ടിയടച്ചു… അപ്പോഴും മനസിൽ തോന്നിയ സംശയങ്ങളൊന്നും അവസാനപ്പിക്കാതെ നിൽക്ക്വായിരുന്നു മായമ്മ…

ഉള്ളിൽ ഉരുണ്ടു കൂടിയ സംശയങ്ങൾക്ക് അന്ത്യം കുറിയ്ക്കാനായി റൂമിന്റെ corridor നോട് ചേർന്നുള്ള ജനൽപ്പാളിയ്ക്കരികിലേക്ക് അവർ ചെന്നു നിന്നു… ഗ്ലാസ് ഡോറിലൂടെ മങ്ങിയ രീതിയിൽ ഉള്ളിലുള്ള കാഴ്ചകൾ കാണാൻ കഴിയുന്നുണ്ടായിരുന്നു….മായമ്മ ജനൽപ്പാളിയിലേക്ക് മുഖം ചേർത്ത് ഉള്ളിലുള്ള കാഴ്ചകളെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി…

കൈയ്യിലിരുന്ന കോഫി കപ്പ് ടേബിളിലേക്ക് വച്ച് വേദ്യ ബെഡിനരികിലേക്ക് നടന്നടുത്ത കാഴ്ചയാണ് അവർക്ക് കാണാൻ കഴിഞ്ഞത്… ഒന്നുകൂടി സസൂക്ഷ്മം വീക്ഷിച്ചതും ബെഡിൽ ഒരാൾ കിടക്കുന്നുണ്ടെന്ന് അവർ മനസിലാക്കി….അത് കണ്ടതും മായമ്മ മുഖം ജനൽപ്പാളിയ്ക്ക് അരികിൽ നിന്നും പിന്വലിച്ചു ചിന്തയിലാണ്ടു….

കുറച്ച് നേരത്തിന് ശേഷം വീണ്ടും അവർ ജനൽപ്പാളിയ്ക്ക് അരികിലേക്ക് തന്നെ മുഖം ചേർത്ത് അവയുടെ വിടവിലൂടെ ഉള്ളിലെ കാഴ്ചകൾ വ്യക്തമായി കണ്ടു…. White colour ബെഡ്ഷീറ്റ് കൊണ്ട് പുതച്ചിരുന്ന ആൾ ബെഡിൽ കമഴ്ന്നു കിടക്ക്വായിരുന്നു….

എന്റെ ജീവൻ പോയേനെ ഇപ്പോ… ഞാൻ കരുതി ആ മായ എല്ലാം കുളമാക്കുംന്ന്…

വേദ്യ നെഞ്ചിൽ കൈ ചേർത്ത് ബെഡിനരികിലേക്ക് നടന്നടുത്തതും ബെഡിൽ കമഴ്ന്നു കിടന്നയാൾ മുഖം ചരിച്ച് അവളെയൊന്ന് നോക്കി…. ഞൊടിയിടയിൽ തന്നെ അവനവളെ ബലമായി ബെഡിലേക്ക് വലിച്ചിട്ട് അവളിലേക്ക് അമരാൻ ശ്രമിച്ചു….അവന്റെ പുറത്ത് പച്ച കുത്തിയിരുന്ന കാലഭൈരവന്റെ രൂപം കണ്ടതും മായമ്മ ഒരു ഞെട്ടലോടെ വായ പൊത്തി ഉയർന്നു….

ഈശ്വരാ…രാവൺ മോൻ…!!!!

വർധിച്ച ശ്വാസ ഗതിയോടെ മായമ്മ സ്വയം പറഞ്ഞു കൊണ്ട് വീണ്ടും ആ വിടവിലൂടെ സൂക്ഷ്മമായി ഉള്ളിലെ കാഴ്ചകൾ നോക്കി കണ്ടു…ബെഡിൽ കിടന്ന വേദ്യയെ ഇറുകെ പുണരുന്ന കാഴ്ചയും അവന്റെ പുറത്തെ പച്ചകുത്തിയ ചിത്രവും കണ്ടതും മായമ്മ അറപ്പോടെ മുഖം പിന്വലിച്ചു കൊണ്ട് റൂമിന് മുന്നിൽ നിന്നും corridor ലൂടെ താഴേക്ക് നടക്കാൻ ഭാവിച്ചു….. വീണ്ടും വീണ്ടും ആ കാഴ്ചയെ മനസ്സിലോർത്ത് ഒരു നടുക്കത്തോടെയാണ് അവർ അടുക്കള വരെയെത്തിയത്….ചെന്ന പാടെ കൈയ്യിലിരുന്ന ട്രേ ഒരു വിറയലോടെ അവർ സ്ലാബിലേക്ക് വച്ച് ഭിത്തിയിലേക്ക് ചേർന്നു നിന്നു….

എന്താ അമ്മേ ഒരു വല്ലായ്മ പോലെ…. എന്താ പറ്റിയേ…

കൺമണി അവരുടെ തോളിലേക്ക് കൈ ചേർത്തു..

ഞാൻ…ഞാനൊരു കാഴ്ച കണ്ടു മോളേ… രാവൺ മോൻ… രാവൺ മോൻ ആ പാവം കുട്ടിയെ ചതിയ്ക്ക്വാ….!!!

മായമ്മേടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

ഏത് പാവം കുട്ടി…അമ്മയെന്തൊക്കെയാ ഈ പറയുന്നേ… രാവൺ ആരെ ചതിച്ചൂന്നാ….

അത്…ത്രേയമോളെ… ആ കുട്ടി ഒന്നുമറിയാതെ ഒരു വിഡ്ഢി വേഷം കെട്ട്വാ ഇവിടെ… എല്ലാവരും… എല്ലാവരും ചേർന്ന് അതിനെ ചതിയ്ക്ക്വാ….

അമ്മേ… അമ്മയെന്തൊക്കെയാ ഈ പറയുന്നത്… ഒന്ന് തെളിച്ചു പറഞ്ഞേ…

സത്യങ്ങളാണ് കുട്ടീ…. രാവൺ ത്രേയമോളെ വിവാഹം കഴിച്ചെങ്കിലും ആ വേദ്യേടെ കൂടെയാ… ഞാനിപ്പോ ഒരു കാഴ്ച കണ്ടിട്ടാ വന്നത്… അവളുടെ….ആ വേദ്യേടെ ബെഡ്റൂമിൽ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ ഞാൻ രാവണിനെ കണ്ടു…

അമ്മേ….അമ്മ എന്തൊക്കെയാ പറയുന്നേന്ന് വല്ല ബോധ്യവുമുണ്ടോ…

നല്ല ബോധ്യത്തോട് കൂടി തന്നെയാ മോളെ ഞാൻ പറയുന്നത്…അവരെ രണ്ടാളെയും ഞാൻ കണ്ടു …

മായമ്മ കാര്യങ്ങൾ വിശദമായി കൺമണിയോട് പറഞ്ഞതും അവളുടെ മുഖത്ത് ഒരുതരം ടെൻഷൻ നിറഞ്ഞു…

അമ്മേ..അത്… അത് രാവൺ തന്നെയാണെന്ന് ഉറപ്പാണോ…??? ചിലപ്പോ അമ്മയ്ക്ക് തോന്നിയതാണെങ്കിലോ….

അല്ല കുട്ടീ…അത് രാവൺ തന്നെയാ… എനിക്കുറപ്പാ….രാവൺ മോന്റെ പുറത്ത് മാത്രം കണ്ടിട്ടുള്ള കാലഭൈരവന്റെ ചിത്രം ഞാൻ കണ്ടു. എനിക്ക് ഉറപ്പാണ്..അത് രാവൺ തന്നെയാ…

എങ്കിലും രാവൺ അങ്ങനെയൊക്കെ… അതും ത്രേയ അറിയാതെ അവന് അങ്ങനെ ഒരിഷ്ടം…അവളെ മനപൂർവ്വം ചതിക്കാൻ വേണ്ടിയാണോ…ഇല്ലമ്മേ എനിക്കിത് വിശ്വസിക്കാൻ കഴിയില്ല…കാരണം ത്രേയയും രാവണും അത്രമാത്രം പരസ്പരം ഇഷ്ടപ്പെടുന്നുണ്ട്….

ഇഷ്ടപ്പെടുന്നെങ്കിൽ പിന്നെ എന്തിനാ അതിനെ ഇവിടെയിട്ട് കൊല്ലാതെ കൊല്ലുന്നത്…!!! ത്രേയമോള് ഇവിടേക്ക് വരും മുമ്പ് എല്ലാവരും ചേർന്ന് വേദ്യയേയും രാവണിനേയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചതല്ലേ… അപ്പോ അവര് തമ്മിൽ നേരത്തേയും ഇങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നിരിക്കും…. അതിപ്പോഴും തുടരുന്നു എന്നാണ് എനിക്ക് തോന്നുന്നത്…

അത്ര മോശമായ ഒരു ക്യാരക്ടർ ആണോ അമ്മേ രാവണിന്റേത്…ഒരു പെണ്ണിനെ മനസിൽ സൂക്ഷിച്ചിട്ട് മറ്റൊരുത്തിയുമായി…ശ്ശേ….

കൺമണി അറപ്പോടെ മുഖം ചുളിച്ചു…

വലിയ വീട്ടിലെ കുട്ടികളല്ലേ മോളേ…അവരുടെ മനസിലെ സന്തോഷങ്ങൾ നിറവേറ്റാൻ ഏത് രീതിയിൽ വേണമെങ്കിലും മോശമാവുകേം,തരംതാഴുകേം ചെയ്യും…. പോരാത്തതിന് രാവണിപ്പോ ആ പഴയ രാവൺ അല്ലല്ലോ… മദ്യത്തിനും, മയക്കുമരുന്നിനും പിറകെ അലയുമ്പോ ഇങ്ങനെ പല ദുശ്ശീലങ്ങൾ കൂടി ചര്യയാക്കും….

മായമ്മേടെ വർത്തമാനം കേട്ടതും കൺമണിയുടെ മുഖമൊന്നു വാടി…ഒരു നിരാശയോടെ അവൾ മായമ്മയിൽ നിന്നും മുഖം പിന്വലിച്ച് തിരിഞ്ഞു…

മോളേ കൺമണീ..നീ ഇക്കാര്യം ത്രേയമോളോട് പറയണം… മുഴുവനായും വേണ്ട… വെറുതെ ഒന്ന് സൂചിപ്പിക്ക്യയെങ്കിലും ചെയ്യണം… അല്ലെങ്കിൽ എന്റെ ചിത്രതാരേടെയും വേണു സാറിന്റേയും മോളോട് ഞാൻ ചെയ്യുന്ന വലിയൊരു തെറ്റാവും അത്…

അത് വേണോ അമ്മേ… ത്രേയയ്ക്കത് താങ്ങാൻ കഴിയില്ല… എന്നെങ്കിലും ഒരു കാലത്ത് രാവൺ അവളെ പഴയത് പോലെ സ്നേഹിച്ചു തുടങ്ങും എന്ന വിശ്വാസത്തിലാ ആ പാവം.. അവളോട് ഞാനെങ്ങനെ…

ഞാൻ പറഞ്ഞില്ലേ മോളൈ.. മുഴുവനായും വേണ്ട… ഒന്ന് സൂചിപ്പിക്കണം നീയ്…

മായമ്മ പറഞ്ഞത് കേട്ട് ഒന്ന് ചിന്തിച്ചുറപ്പിച്ച ശേഷം കൺമണി തലയാട്ടി സമ്മതം മൂളി…. ___________ ഒരു കപ്പ് കോഫി കൈയ്യിൽ കരുതി കൺമണി നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു….ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ച് അകത്തേക്ക് കയറിയ കൺമണി ഹെഡ്ബോർഡിൽ തലചായ്ച്ചു ഉറങ്ങുന്ന ത്രേയയെ ദയനീയമായി ഒന്ന് നോക്കി… പിന്നെ പതിയെ മുഖത്തൊരു പുഞ്ചിരി വരുത്തി അവള് ത്രേയയ്ക്ക് അരികിലേക്ക് നടന്നടുത്തു…

ഏയ് ഹലോ…. എന്ത് ഉറക്ക്വാ ഇത്..

കൺമണി ത്രേയയ്ക്ക് നേരെ വിരൽ ഞൊടിച്ചതും ത്രേയ കണ്ണ് ചിമ്മി ഉണരാൻ ശ്രമിച്ചു….

ഹാ…ആരാ ഇത്…കൺമണിയോ… ഗുഡ് മോണിംഗ് കൺമണീ…

ഒരു മൂരി നിവർത്തി ത്രേയ ബെഡിലേക്ക് ഉയർന്നിരുന്നു….ത്രേയേടെ മുഖത്തെ പുഞ്ചിരി കൺമണിയെ ശരിയ്ക്കും വീർപ്പു മുട്ടിയ്ക്കുന്നുണ്ടായിരുന്നു.അതിന് അനുസൃതമായി അവളുടെ നോട്ടം ത്രേയയിൽ നിന്നും പിന്വലിച്ചിരുന്നു…

ഹേയ്…കൺമണീ…എന്താ പറ്റിയേ…രാവിലെ സാഡ് മോഡ് ആണല്ലോ..മായമ്മ വല്ല വഴക്കും പറഞ്ഞോ…

ത്രേയ ഒരു ചിരിയോടെ പറഞ്ഞ് ബെഡിൽ നിന്നും എഴുന്നേറ്റു…

ത്രേയ ദാ കോഫി…ഇത് തരാനാ ഞാൻ വന്നത്…

അയ്യോ.. എന്റെ കൺമണീ…ഞാനിത് കിച്ചണിൽ വന്ന് എടുക്കുമായിരുന്നല്ലോ… നീ എന്തിനാ ഇതുമായി റൂമിലേക്ക് വന്നത്…ഇങ്ങനെ ഒരു മണ്ടൂസ്..

ത്രേയ നെറ്റിയിലടിച്ചു കൊണ്ട് കൺമണി നീട്ടിപ്പിടിച്ച കോഫി കപ്പ് കൈയ്യിൽ വാങ്ങി ടേബിളിന് പുറത്തേക്ക് വച്ചു….

ഞാൻ ദാ വരുന്നു…നീ ഒന്ന് wait ചെയ്യണേ…

ത്രേയ കൺമണിയോട് അങ്ങനെ പറഞ്ഞ് തിടുക്കപ്പെട്ട് ബാത്റൂമിലേക്കോടി… പെട്ടെന്ന് തന്നെ മുഖമൊക്കെ കഴുകി ടൗവ്വല് കൊണ്ട് തുടച്ച് ടേബിളിലിരുന്ന കോഫിയുമായി ത്രേയ ബെഡിലേക്ക് തന്നെ വന്നിരുന്നു…

എന്താ കൺമണീ നീയിങ്ങനെ നോക്കി നിൽക്കുന്നേ..വാ ഇരിയ്ക്ക്…

ത്രേയ ബെഡിലേക്ക് തട്ടി കൺമണിയോട് ഇരിക്കാനായി ആവശ്യപ്പെട്ടതും കൺമണി ത്രേയയ്ക്ക് തൊട്ടരികിലായി ചെന്നിരുന്നു…

ത്രേയ വാതോരാതെ അവളോട് എന്തൊക്കെയോ സംസാരിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മുഖത്തൊരു കൃത്രിമ ചിരി വരുത്തി ഇരിക്ക്യായിരുന്നു കൺമണി…

ഏയ്..കൺമണീ..നീ ഏത് ലോകത്താ..എന്തോ ഒരു problem ഉണ്ടല്ലോ..

ഏയ്..എന്ത് problem… ഒന്നുമില്ല ത്രേയാ…

കൺമണി ചുമൽകൂച്ചി ഒന്ന് പുഞ്ചിരിച്ചു….

അതേ ത്രേയാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയ്വോ നീ…

അതെന്താ കൺമണീ ഇത്ര വലിയൊരു intro… എന്തായാലും നീ ചോദിച്ചോ…സത്യം പറയാൻ പറ്റിയ കാര്യമാണെങ്കിൽ പറയാം…

ത്രേയ ഒരു കുസൃതിയോടെ പറഞ്ഞ് ഒരു കവിൾ കോഫി കുടിച്ചു….

ത്രേയയ്ക്കും രാവണിനും ഇടയിൽ ഇപ്പോഴും ആ പ്രണയമുണ്ടോ…. അതോ വെറുതെ ഒരു adjustment മാത്രമാണോ നിങ്ങളുടെ ഈ ദാമ്പത്യ ജീവിതം….

ഇതൊരു വലിയ ചോദ്യമാണല്ലോ കൺമണീ..ഈ ചോദ്യത്തിന് ഞാൻ ശരിയ്ക്കും എങ്ങനെയാ ഉത്തരം തരേണ്ടത്…

ത്രേയ ഒന്ന് പുഞ്ചിരിച്ചു…

ഞാൻ സീരിയസായി ചോദിയ്ക്ക്വാ ത്രേയ…. എനിക്ക് ഇതിന്റെ ഉത്തരം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്….

ത്രേയ അത് കേട്ട് അല്പ നേരം ഒന്നാലോചിച്ച ശേഷം ഒരു ദീർഘ നിശ്വാസത്തോടെ പുഞ്ചിരിച്ചു…

നീ ചോദിച്ച ഈ ചോദ്യത്തിന്റെ ഉത്തരം വളരെ എളുപ്പത്തിൽ പറയാം കൺമണീ… ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആ പ്രണയം എന്റെയും രാവണിന്റേം മനസിൽ ഇപ്പോഴും ബാക്കിയുണ്ട്… പക്ഷേ എനിക്ക് മുന്നിൽ അത് തുറന്നു കാട്ടാൻ രാവണിനെ വിലക്കുന്ന ഒരുപാട് പ്രതിസന്ധികളുണ്ടെന്ന് മാത്രം… അതിന്റെ വ്യക്തമായ കാരണം എനിക്കറിയാം… പക്ഷേ ഞാനായി ഒരിക്കലും രാവണിന് മുന്നിൽ ഒരു തുറന്നു പറച്ചിൽ നടത്തില്ല… ഒരുപക്ഷേ അങ്ങനെ സംഭവിച്ചാൽ അവനെന്നെ വിശ്വസിക്കാൻ കൂട്ടാക്കാതെ വരും… അതോടെ എന്റെ എല്ലാ പ്രതീക്ഷകളും അവിടെ അസ്തമിയ്ക്കും….

ത്രേയ ഒരു നെടുവീർപ്പിട്ടു പറഞ്ഞ് നിർത്തി…

ഞാൻ വെറുതെ ഒന്ന് ചോദിച്ചോട്ടെ… ത്രേയ ഇത്രയും രാവണിനെ സ്നേഹിക്കുമ്പോ എന്തിന്റെയെങ്കിലും പേരിൽ രാവൺ ത്രേയയെ ചതിയ്ക്കുകയാണെങ്കിലോ..രാവണിന്റെ മനസിൽ മറ്റാരെങ്കിലും ഉണ്ടെങ്കിലോ…

ഈ ജന്മം അങ്ങനെയൊന്ന് ഉണ്ടാവില്ല കൺമണി…

കൺമണീടെ ചോദ്യം മുഴുവനാക്കും മുമ്പേ ത്രേയയുടെ പ്രതികരണം അവിടെ മുഴങ്ങി കേട്ടു..

അവനെന്നെ ഒരിക്കലും ചതിക്കാൻ കഴിയില്ല…അവനത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ട്… ഞാൻ ചെയ്ത തെറ്റിന്റെ പേരിൽ ഇന്ന് ഞാനനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയുടെ ഇരട്ടി വേദനയാണ് അവന്റെ മനസിനെ അലട്ടി കൊണ്ടിരിക്കുന്നത്….

പിന്നെ രാവൺ എന്തിനാ വേദ്യയുമായുള്ള വിവാഹത്തിന് സമ്മതം മൂളിയത്…ത്രേയ ഇവിടേക്ക് വരും മുമ്പ് അവര് തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നല്ലോ…

അത് രാവണിന്റെ ഹൃദയത്തിൽ നിന്നുള്ള തീരുമാനം ആയിരുന്നില്ല.. എല്ലാവരും ചേർന്ന് അവനെ ആ തീരുമാനത്തിൽ എത്തിച്ചതാണ്…. പ്രഭയങ്കിളും, വല്യച്ഛനും ചേർന്ന് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള ഒരു ഉപകരണം ആക്കി മാറ്റുകയാ അവനെ… അതിനെ എതിർത്താൽ അവന്റെ മനസിൽ ഇപ്പോഴും ഞാനുണ്ടെന്ന സത്യം അവര് തിരിച്ചറിയും… അതുകൊണ്ട് മാത്രമാ മനസിനെ കരിങ്കല്ലാക്കി മാറ്റി അവനവളെ സ്വീകരിക്കാൻ തയ്യാറായത്… ഇപ്പോ വെറുത്താലും, ഉപദ്രവിച്ചാലും എന്റെ സാന്നിധ്യം അവനൊരുപാട് ആശ്വാസം നല്കുന്നുണ്ട്…അത് മറ്റാരേക്കാളും എനിക്ക് മനസിലാകും കൺമണീ… അവന്റെ കൈപ്പിടിയിൽ തന്നെയാണ് ഞാനെന്ന വിശ്വാസം…അത് മാത്രമാണ് എന്നെ ഉപദ്രവിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഏക ഘടകം….ഈ താലി എന്റെ കഴുത്തിൽ അണിയിച്ചിരിക്കുന്നത് കൊണ്ട് ഞാനായിട്ട് ഒരിക്കലും അവനെ ഉപേക്ഷിച്ച് എവിടേക്കും പോവില്ല എന്ന വിശ്വാസം അവനുണ്ട്…. അതുകൊണ്ട് എന്റെ മുന്നിൽ കാണിക്കുന്ന ഒരുതരം പൊയ്മുഖമാണ് ഈ ദേഷ്യവും വെറുപ്പുമെല്ലാം…. എന്നോളം അവന്റെ മനസിനെ അളന്നിട്ടുള്ള മറ്റാരും ഈ ലോകത്ത് ഉണ്ടാവില്ല… അതുകൊണ്ട് രാവൺ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിൽ കൂടി ഒരൊറ്റ സെക്കന്റിൽ അവന്റെ മനസ്സിലൂടെ പായുന്ന ചിന്തകൾ പോലും എനിക്ക് മനസിലാവും കൺമണീ… അങ്ങനെയുള്ള രാവണിന്റെ മനസിൽ മറ്റൊരു പെണ്ണുണ്ട് എന്ന് മനസിലാക്കാൻ ദേ ഈ കണ്ണ് ചിമ്മി തുറക്കുന്ന സമയം മതി എനിക്ക്….

ത്രേയ ഒരു പുഞ്ചിരിയോടെ പറയുന്നത് കേട്ട് കൺമണി പറയാൻ ഭാവിച്ച കാര്യങ്ങൾ പറയാതെ റൂം വിട്ട് പുറത്തേക്ക് നടന്നു…. യാദൃശ്ചികമായി അവൾ ചെന്നു പെട്ടത് റൂമിലേക്ക് കയറാനാഞ്ഞ രാവണിന്റെ മുന്നിലായിരുന്നു….

ഹാ..കൺമണീ… നീയെന്താ രാവിലെ തന്നെ എന്റെ റൂമിന് മുന്നിൽ…

രാവൺ പഴയതു പോലെ തന്നെ കൺമണിയോട് പുഞ്ചിരിയോടെ സംസാരിച്ചതും കൺമണിയ്ക്ക് അവന്റെ സംസാരം കേട്ട് അല്പം അസ്വസ്ഥത തോന്നി…അവള് അല്പം വെറുപ്പോടെ തന്നെ അവന് നേർക്ക് നോട്ടം പായിച്ചു….

രാവൺ എവിടെയായിരുന്നു ഇതുവരെ… ഇന്നലെ ഈ റൂമിൽ അല്ലേ കിടന്നത്…

എന്താ കൺമണീ ഒരു ചോദ്യം ചെയ്യലൊക്കെ… അകത്തുള്ള കൂട്ടുകാരീടെ ശിപാർശയാണോ…???

രാവൺ അതും പറഞ്ഞ് കട്ടളയിലേക്ക് കൈ ചേർത്ത് റൂമിലേക്ക് ഒന്നെത്തി നോക്കി….

ത്രേയ എന്നോട് ഒന്നും ശിപാർശ ചെയ്തിട്ടില്ല രാവൺ…ഇനി അതിന്റെ പേരിൽ ആ പാവത്തിനെ ഉപദ്രവിക്കാൻ നിൽക്കണ്ട…

കൺമണി അല്പം കടുത്ത സ്വരത്തിൽ പറഞ്ഞ് രാവണിനെ മറികടന്ന് നടന്നു…. അവളുടെ മുഖത്ത് തെളിഞ്ഞു നിന്ന ദേഷ്യത്തിന്റെ കാരണം മനസിലാവാതെ കുറേനേരം രാവൺ അവളെ നോക്കി റൂമിന് വാതിൽക്കൽ തന്നെ നിന്നു…. പിന്നെ തലയനക്കി ഒന്ന് പുഞ്ചിരിച്ച് റൂമിലേക്ക് കയറി….

രാവണിനെ കണ്ടതും ബെഡിലിരുന്ന് കോഫി കുടിച്ചു കൊണ്ടിരുന്ന ത്രേയ തലയുയർത്തി അവന് നേർക്ക് നോട്ടം പായിച്ചു…. അവളെ ഒരുനോക്ക് കണ്ട ശേഷം മുഖം തിരിച്ചു കൊണ്ട് രാവൺ കബോർഡിന് നേർക്ക് നടന്നു…

ഇന്നലെ എവിടെ ആയിരുന്നു…???

ത്രേയ ഒരലസ ഭാവത്തിൽ ചോദിച്ചു..

അതിന് മറുപടിയൊന്നും നല്കാതെ രാവൺ കബോർഡിൽ നിന്നും ഡ്രസ് തിരയാൻ തുടങ്ങി… ആ കാഴ്ച കണ്ടതും ത്രേയയ്ക്ക് അടിമുടി തരിച്ചു കയറാൻ തുടങ്ങി…അവളാ ദേഷ്യത്തിൽ തന്നെ ബെഡിൽ നിന്നും എഴുന്നേറ്റ് അവന് നേർക്ക് പാഞ്ഞടുത്തു…

ഇതെന്താ രാവൺ… എവിടേക്ക് പോകുന്നു..എന്തിന് പോകുന്നു… എപ്പൊഴാ വരിക… ഇതൊന്നും എന്നെ അറിയിക്കാണ്ടിരുന്നാൽ നിന്റെ കാര്യങ്ങൾ ഞാനെങ്ങനെയാ അറിയുക… നിനക്ക് തോന്നുമ്പോ ഇറങ്ങി പോവുക,അതുപോലെ തോന്നുമ്പോ കയറി വരിക… ഇതിന്റെയൊന്നും കാരണം ഞാൻ അറിയണ്ടേ….

ത്രേയ കടുപ്പിച്ചതും രാവൺ ഒരൂക്കോടെ അവൾക് നേരെ തിരിഞ്ഞ് ഞൊടിയിടയിൽ തന്നെ അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് അവളെ അവന് മുന്നിലേക്ക് നിർത്തി….അവളവന്റെ കൈയ്യിനെ തട്ടിയെറിഞ്ഞ് മാറാൻ ഭാവിച്ചതും രാവൺ അവളെ ഇടുപ്പോടെ ചേർത്ത് പിടിച്ച് അവളെ അവനോട് ചേർത്തു വച്ചു….

എനിക്കും നിനക്കും രണ്ട് വിധത്തിലുള്ള അധികാരങ്ങളും അവകാശങ്ങളും ഇല്ല ത്രേയ… ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ ഉള്ളപ്പോ എന്നിൽ നിനക്ക് മാത്രമല്ല… നിന്നിൽ എനിക്കും ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്… അത് നിഷേധിക്കാൻ നീ മുതിർന്നെങ്കിൽ ഇനി മുതൽ നമ്മൾ രണ്ടു ദിശയിൽ സഞ്ചരിച്ചാൽ മാത്രം മതി… എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി… എനിക്ക് തോന്നും പോലെ ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളത് പോലെ ഇഷ്ടംതോന്നിയ ആൾക്കൊപ്പം ഞാൻ സമയം ചിലവിടും… ഇനി മേലിൽ…. ഇനി മേലിൽ അത് ചോദ്യം ചെയ്യാൻ നീ വരരുത്…

ഇന്നലെ ഞാനങ്ങനെ പ്രതികരിച്ചതിനാണോ നിന്റെ ഈ വാശി….

ത്രേയേടെ ചോദ്യം കേട്ടതും രാവൺ അവളിൽ നിന്നുള്ള പിടി പതിയെ അയച്ചു…

അതിന് ഇത്രയും വാശി കാണിക്കേണ്ട ആവശ്യം എന്താ… നിനക്ക് എന്നെ വെറുപ്പാണെന്നല്ലേ നീ എപ്പോഴും പറയാറ്… അങ്ങനെയുള്ളപ്പോ ഈ താലിയുടെ അധികാരവും, അവകാശവും മുതലെടുക്കുന്നതിന് എന്ത് പേരാ പറയേണ്ടത്… പറ രാവൺ…

നുരഞ്ഞു പൊന്തിയ ദേഷ്യത്തെ ഉള്ളിലടക്കി പിടിച്ച് രാവണങ്ങനെ നിന്നു….അപ്പോഴാണ് കൈയ്യിലൊരു കോഫിയുമായി വേദ്യ ആ റൂമിലേക്ക് കയറി വന്നത്… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും…

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *