ഇരട്ട താടി……

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :അനു അനാമിക

“ഡാ നിനക്ക് ഈ താടിയൊക്കെ വടിച്ചു ഒന്ന് നല്ല കോലത്തിൽ നടന്നു കൂടെ”??…. രാവിലെ തന്നെ അമ്മയുടെ വക ബേഗിളി പിടിപ്പിക്കുന്ന ചോദ്യം കേട്ടാണ് ഞാൻ അമ്പലത്തിലേക്ക് പോയത്.

“ഈ താടി കൊണ്ട് അമ്മക്ക് എന്തേലും കുഴപ്പം ഉണ്ടാകുന്നുണ്ടോ “??…

“പിന്നെ നല്ല ചേലാണല്ലോ കാണാൻ”…

“ഇതേ താടി ചേട്ടൻ ട്രിം ചെയ്തു വെക്കുമ്പോൾ അമ്മ ഒന്നും പറയാറില്ലല്ലോ ഞാൻ നാട്ടിൽ വന്നു ഇച്ചിരി ലുക്ക്‌ ആയിട്ട് നടക്കുന്നത് പിടിക്കുന്നില്ല അല്ലേ”??…

“ലുക്ക്‌ അല്ല…. കുക്ക്… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്. അവനും കൊള്ളാം നീയും കൊള്ളാം രണ്ടെണ്ണവും പറഞ്ഞാൽ അനുസരിക്കില്ലല്ലോ ..”…

“അപ്പോ അമ്മ ഏട്ടനോടും ഈ ഡയലോഗ് പറയാറുണ്ടോ”??…

“പിന്നെ അല്ലാതെ… രണ്ടും എന്റെ വയറ്റിൽ നിന്നും പോയതല്ലേ ഞാൻ പറയണ്ടേ”!!…

“ആ ബെസ്റ്റ്… ഈ താടിയും കൊണ്ട് നടക്കുന്ന ഞങ്ങളെക്കാൾ ചൊറിച്ചിൽ അത് കാണുന്ന ആളുകൾക്ക് ആണല്ലോ”…

“ഞാൻ ഒന്നും പറയുന്നില്ല… നീ താടി വെക്കുവോ കഞ്ചാവ് അടിക്കുവോ… എന്നാന്നു വെച്ചാൽ ചെയ്തോ. നീയും നിന്റെ ചേട്ടൻ പൊട്ടൻ ഉണ്ടല്ലോ എന്റെ മൂത്ത സന്താനം രണ്ടും ഇങ്ങനെ നിന്നു പോകുകയേയുള്ളു … ഒരു പെണ്ണിനും നിങ്ങളെ പിടിക്കില്ല”…

“അതിന് പെണ്ണ് അല്ലല്ലോ ആണ് അല്ലേ പിടിക്കുന്നത്”…. ഞാൻ മനസ്സിൽ ഓർത്തു ചിരിച്ചു.

“ചിരിക്കാതെ ഇങ്ങ് നടക്കെട .. കുട്ടാ… അവൻ ചിരിക്കുന്നു… എന്തോരം വഴിപാട് ഉള്ളതാ”… അമ്മ അതും പറഞ്ഞു മുൻപേ നടന്നു.

“ഹോ എനിക്ക് ഒന്ന് ചിരിക്കാൻ പോലും ഉള്ള അവകാശം ഇവിടെ ഇല്ലേ…. ”

“ദേ നല്ലൊരു ദിവസം ആയിട്ട് നീ എന്റെ കയ്യിൽ നിന്നും മേടിക്കരുത് കേട്ടോ കുട്ടാ”…. അമ്മ കലിപ്പ് മൂഡ് on ആക്കി.

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അമ്മയുടെ പിറകെ അനുസരണ ഉള്ള കുട്ടിയെ പോലെ നടന്നു. ഇന്ന് എന്റെ പിറന്നാൾ ആണ്. എന്നെ പരിചയപ്പെടുത്താം .. എന്റെ പേര് രോഹിത്… ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. എനിക്ക് ഒരു ചേട്ടൻ ഉണ്ട് ആള് അങ്ങ് അറബി നാട്ടിൽ ഒരു ബാങ്കിൽ വർക്ക്‌ ചെയ്യുന്നു. അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി. പിന്നെ അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അപ്പോൾ ലീവിന് ഞാൻ നാട്ടിൽ വന്നപ്പോൾ അമ്മ പിടിച്ച പിടിയാലെ എന്നെയും കൂട്ടി അമ്പലത്തിലേക്ക് ഇറങ്ങി പുറപ്പെട്ടതാ . ഞങൾ അമ്പലത്തിൽ എത്തി തൊഴുതു കൊണ്ട് നിന്നപ്പോൾ ഇതുവരെ കാണാത്ത പല തരത്തിൽ ഉള്ള വെറൈറ്റി കിളികൾ വട്ടമിട്ടു പറക്കുന്നത് ഞാൻ കണ്ടു.

“അല്ല അവരെ കുറ്റം പറയാൻ പറ്റില്ല ഞാൻ അല്പം ലുക്ക്‌ ഒക്കെ ഉള്ള കൂട്ടത്തിൽ ആണേ. സ്വയം പൊക്കിയത് അല്ല പറഞ്ഞതാ. ഒരുപാട് നാളുകൾ കൂടി കാണുന്നത് കൊണ്ടാകും കുട്ടികൾ എല്ലാം വല്ലാണ്ട് അങ്ങ് വളർന്നിരിക്കുന്നു. നമ്മൾ നമ്മുടെ സ്റ്റാൻഡേർഡ് കളഞ്ഞു കുളിക്കാൻ പാടില്ലല്ലോ… ഞാൻ അത് കൊണ്ട് തൊഴുതു കഴിഞ്ഞു അമ്പലത്തിനു വെളിയിലേക്ക് ഇറങ്ങി. അമ്മ എന്തൊക്കെയോ വഴിപാട് കഴിക്കാൻ വേണ്ടി അമ്പലത്തിൽ നിന്നു.

“രോഹിത്….. “എന്ന വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.

“ഡാ മനു നീ എപ്പോ വന്നു ഓസ്ട്രേലിയയിൽ നിന്നു”??

“ഇന്നലെ വന്നു… നീ എപ്പോൾ വന്നു”??

“രണ്ടു ദിവസം ആയി. നിന്റെ താടി എവിടെ ഡാ”??

“ഓ അത് കളഞ്ഞു അളിയാ”…

“അതെന്താ ഡാ ??”

“താടി വെച്ച് കഴിഞ്ഞാൽ എന്നെ കാണാൻ ഒരു കഞ്ചാവ് ലുക്ക്‌ ആണെന്നും പറഞ്ഞു വരുന്ന ആലോചന മുഴുവൻ മുടങ്ങി പോകുവാ. പിന്നെ അത് അങ്ങ് വടിച്ചു. ഇപ്പോ കല്യാണവും സെറ്റ് ആയി. ഞാൻ വരുന്നുണ്ട് അങ്ങോട്ട്‌ കല്യാണം വിളിക്കാൻ”….

“ഹാ ഒക്കെ ഡാ”…

“മ്മ്… ഡാ കുറച്ച് തിരക്കുണ്ട് പിന്നെ കാണാം ട്ടോ”… യാത്ര പറഞ്ഞു മനു പോയി.

“ദൈവമേ ഇനി താടി വെച്ചതിന്റെ പേരിൽ അമ്മ പറയുന്ന പോലെ ഞാൻ ഇങ്ങനെ പുരനിറഞ്ഞു നിന്നു പോകുവോ ??എനിക്കും പെണ്ണ് കിട്ടില്ലേ??അങ്ങനെ ഒന്നും വരുത്തല്ലേ ദൈവമേ…ഒരു കുഞ്ഞി കാൽ കണ്ടു സായൂജ്യം അണയാൻ ഈ ഉള്ളവനെ സഹായിക്കണേ !! “… ഞാൻ അറിയാതെ നെഞ്ചിൽ കൈ വെച്ച് കണ്ണടച്ചു ഒന്ന് പ്രാർഥിച്ചു പോയി.

കണ്ണ് തുറന്നതും എന്റെ രണ്ടു Mathakkannu പുറത്തേക്കു വന്നതും ഒരുപോലെ ആയിരുന്നു. ഒരു നിമിഷത്തേക്ക് എന്റെ തൊണ്ടയിൽ ഞണ്ട് കുടുങ്ങിയോ എന്ന് പോലും ഞാൻ ഭയന്നു. കണ്ണ് ഇമ ചിമ്മാതെ ഞാൻ എന്റെ മുൻപിൽ വന്നു നിന്ന പെണ്ണിനെ നോക്കി നിന്നു പോയി.

അവൾ ആകെ കിതക്കുന്നുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞ് പൊട്ടു കരിമഷി കണ്ണുകളിൽ നിറയെ കുസൃതി ഒളിഞ്ഞിരിക്കുന്നു… വെള്ളക്കൽ മൂക്കുത്തി നനവൂറുന്ന ചൊടികൾ വടക്ക് കിഴക്കൻ ഞാവൽ കാറ്റിൽ പാറി പറക്കുന്ന അവളുടെ മിഴികൾ ഞാൻ ഇട്ടിരിക്കുന്ന ബ്ലാക്ക് കളർ ഷർട്ടിനും മുണ്ടിനും ഇണങ്ങുന്ന അതേ നിറത്തിലും കരയിലുമുള്ള മുണ്ടും നേര്യതും കാതിൽ ചെറിയ ഒരു ജിമിക്കി, കയ്യിൽ നിറയെ കരി വളകൾ. ഒരു നിമിഷം ഞാൻ അവളിൽ തന്നെ തറഞ്ഞു നിന്നു.

“ചേട്ടായി “…. കിതച്ചു കൊണ്ട് കണ്ണുകൾ ഇമ ചിമ്മി അടച്ചു കൊണ്ട് അവൾ കുസൃതിയോടെ എന്തോ പറയാൻ തുടങ്ങി. അപ്പോഴും ഞാൻ ആന വായിൽ അമ്പഴങ്ങ എന്റെ വായിൽ കുമ്പളങ്ങ എന്ന പരുവത്തിൽ ആയിരുന്നു.

“ചേട്ടായി”…. അവൾ വീണ്ടും വിളിച്ചപ്പോൾ ഞാൻ ബോധ മണ്ഡലത്തിലെക്ക് തിരികെ വന്നു.

“എന്താ”??… എന്ന് ഗൗരവം വിടാതെ ഒറ്റ പുരികം പൊക്കി ഞാൻ ചോദിച്ചു.

“ആദ്യായിട്ട എനിക്ക് ഇങ്ങനെ ഒരു ആഗ്രഹം തോന്നുന്നേ…. വീട്ടിൽ ഉള്ള കസിന്സിനു ആർക്കും ഇല്ല. ഫ്രണ്ട്സിനും ഇല്ല എനിക്ക് കാമുകനും ഇല്ല”….

“ദൈവമേ ഇവൾ എന്റെ കിഡ്നി വല്ലതും ചോദിക്കാൻ പോകുവാണോ”??… ഞാൻ കുറച്ച് ഒന്ന് വിയർത്തു.

“അതേ… ചേട്ടായി ഒരൊറ്റ പ്രാവശ്യം മതി സമ്മതിക്കണം”…

“അയ്യേ ഞാൻ അത്തരക്കാരൻ നഹി ഹേ എന്ന് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു പക്ഷെ പറയാൻ തുടങ്ങിയതും അവൾ ചോദിച്ചു.

“ഒരൊറ്റ പ്രാവശ്യം ഞാൻ ഈ താടിയിൽ പിടിച്ചു ഒന്ന് വലിച്ചോട്ടെ “??…. അവളുടെ കൊച്ചു കുഞ്ഞുങ്ങൾ മിട്ടായിക്ക് വേണ്ടി കൊഞ്ചുന്ന പോലുള്ള സംസാരം കേട്ടു എനിക്ക് ചിരി ആണ് ശരിക്കും വന്നത്. ഞാൻ കൈ എളിയിൽ കുത്തി നിന്നു ചിരിച്ചു പോയി.

“പ്ലീസ് ചേട്ടായി ഒരു പ്രാവശ്യം”… അവൾ വീണ്ടും കെഞ്ചി…

ഞാൻ മുണ്ടും മടക്കി കുത്തി അവളുടെ മുൻപിൽ ചിരിച്ചു കൊണ്ട് കൈ കെട്ടി നിന്നു കൊടുത്തു. ഒരു ദുർലഭ നിമിഷത്തിൽ സംഭവിച്ചു പോയി. അവൾ ആ കരിവള ഇട്ട കൈകൾ ഉയർത്തി വിരലുകൾ കൂട്ടി പിടിച്ചു എന്റെ താടിയിൽ പിടിച്ചു ഒരൊറ്റ വലി. മുഖം കുറച്ച് താഴ്ന്നു പോയെങ്കിലും ചെറിയ വേദന എടുത്തെങ്കിലും അതും ഒരു സുഖം ആയിരുന്നു. അവളുടെ മുഖത്തെ ആ സമയത്തെ അത്ഭുദവും സന്തോഷവും എന്റെ പൊന്നു സാറേ…. പറഞ്ഞറിയിക്കാൻ പറ്റില്ല.

“താങ്ക്സ് ചേട്ടായി എനിക്ക് താടി വലിയ ഇഷ്ടവാ…… ഇതൊരു വല്യ ആഗ്രഹം ആയിരുന്നു അത് നടന്നു… പോട്ടെ”…. അത്രയും പറഞ്ഞു അവൾ ചാടി തുള്ളി ഒരു ആക്ടിവയിൽ ഒരു പെണ്ണിന്റെ കൂടെ കയറി പോയി. പോകാൻ നേരം അവൾ തിരിഞ്ഞു നോക്കി എനിക്ക് ഒരു സൈറ്റ് അടിയും സമ്മാനിച്ചു റ്റാറ്റായും തന്നിട്ട് ആണ് പോയത്.

ഒരു ചെറു പുഞ്ചിരിയോടെ ഞാൻ അത് നോക്കി നിൽക്കുമ്പോൾ ആണ് ഇടി വെട്ടിയ തെങ്ങിന്റെ മണ്ട പോയത് പോലെ അമ്മ എന്റെ മുന്നിൽ വന്നു നിന്നത്.

“ആരാടാ ആ പെണ്ണ്”??

“ആ എനിക്ക് അറിയില്ല”….

“പിന്നെ അവള് നിനക്ക് റ്റാറ്റാ തന്നതോ”??

“ഈ അമ്മയെ കൊണ്ട് ഞാൻ തോറ്റു….”

“അതേടാ നീയൊക്കെ തോൽക്കും. സത്യം പറയെടാ അത് ആരാ”??

“എന്നാൽ കേട്ടോ അത് അമ്മയുടെ ഭാവി മരുമകളാ മതിയോ”!!…കുറച്ച് ചൂടായി ഞാൻ അത് പറഞ്ഞപ്പോഴും അമ്മ ചെറുതായി ഒന്ന് ചിരിച്ചത് എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല.

അമ്പലത്തിൽ പോക്ക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയിട്ടും തിരിച്ചു ബാംഗ്ലൂർക്ക് പോയിട്ടും ആ കാന്താരി പെണ്ണിനെ ഞാൻ മറന്നില്ല. അവളെ ഓർമ വരുമ്പോൾ അറിയാതെ ഞാൻ എന്റെ താടിയിൽ തടവും. എന്താണ് എന്ന് അറിയില്ല ഒരു മനസുഖം. ഇനി അവളെ എങ്ങനെ കണ്ടു പിടിക്കും എന്നോർത്തു ഇരിക്കുമ്പോൾ ആണ് നാട്ടിൽ നിന്നും അമ്മയുടെ കാൾ വന്നത്. ഏട്ടൻ വരുന്നുണ്ട് അതുകൊണ്ട് പത്തു ദിവസത്തെ ലീവ് എടുത്തു ഞാനും വരണം എന്ന് പറഞ്ഞു.

ആ പോണ പൊക്കിൽ അവളെയും ചെറുതായി ഒന്ന് അന്വേഷിക്കാം എന്നോർത്തു പത്തു ദിവസത്തെ ലീവ് മേടിച്ച് കൊണ്ട് ഞാൻ നാട്ടിൽ എത്തി. നാട്ടിൽ ചെന്നിട്ട് അവളെ അന്വേഷിക്കുന്നത് പോയിട്ട് മൂല പ്രതിഷ്ഠക്ക് പോലും എനിക്കും ചേട്ടനും സമയം കിട്ടിയില്ല. അമ്മ തിരക്കിട്ടു പെണ്ണ് നോക്കുക ആയിരുന്നു ഏട്ടന്. ദിവസവും ഏതേലും വീട്ടിൽ നിന്നും ചായ കുടി ഉണ്ടാകും. അങ്ങനെ ചായ കുടിച്ചു ചായ കുടിച്ചു നടക്കുമ്പോൾ സഹികെട്ടു ഞാൻ ഏട്ടനോട് പറഞ്ഞു പോയി.

“ഇത് ലാസ്റ്റ് ആണ് ഇനി ചായ കുടിച്ചു നടക്കാൻ എന്നെ കിട്ടില്ല എന്ന്”…അങ്ങനെ കുറച്ച് ദൂരെ ഒരു വീട്ടിൽ ചായ കുടിക്കാൻ പോയി ഇരിക്കുന്ന നേരത്താണ് എന്റെ ഭാവി ഏട്ടത്തി അമ്മ ചായയും ആയി വരുന്നത്. ചായ എടുത്തു തൊണ്ടയിൽ നിന്നും ഇറക്കുന്ന സമയത്തു ആണ് ഞാൻ പുറകെ മിക്സ്ചറും കൊണ്ട് വരുന്ന ആ ആളെ കണ്ടത്. എന്റെ ഞെട്ടൽ കാരണം ചായ എന്റെ നെറുകും തലയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി.

അവൾ എന്റെ കുരകേട്ടു എന്നെയും ഏട്ടനേയും മാറി മാറി നോക്കി. അവളിൽ ആകെ കൺഫ്യൂഷൻ തളം കെട്ടി നിന്നു.അവളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നേക്കാൾ പത്തു മിനിറ്റ് മുൻപ് ജനിച്ചു പോയത് കൊണ്ട് അപ്പുറത്ത് ഇരുന്നു ചായയും കടിയും കഴിക്കുന്ന എന്റെ സേട്ടൻ എന്നെ ചതിച്ചതാ. ഇരട്ടകൾ ആയി പോയില്ല അമ്മക്ക് പോലും ഇടയ്ക്ക് ഞങ്ങളെ തമ്മിൽ മാറി പോകും പറഞ്ഞിട്ട് കാര്യമില്ല.

അവൾ ആകെ കിളി പോയി നിന്നത് മനസിലായത് കൊണ്ട് ഞാൻ ചെറുതായി അവളെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു. കറക്റ്റ് അതെന്റെ മാതാശ്രീ കണ്ടു എന്നെ ദഹിപ്പിക്കാൻ തുടങ്ങി.

“മൂത്ത ആള് ചേതന… ഇളയ ആളുടെ പേര് എന്താ”??…എന്റെ അമ്മ ചോദിച്ചു.

“ചന്ദന”…അവൾ മറുപടി പറഞ്ഞു.

“ഇവൻ രാഹുൽ ഇവൻ രോഹിത്… രാഹുൽ ആണ് ചെറുക്കൻ”…അമ്മ പറഞ്ഞു. ഏട്ടനും ഏടത്തിയും സംസാരിക്കാൻ മാറി നിന്നപ്പോൾ ആണ് അമ്മ എന്റെ ചെവിയിൽ ചോദിച്ചത്.

“എനിക്ക് മുൻപേ എന്റെ ഭാവി മരുമകളെ കണ്ടു പിടിച്ചത് അല്ലേ എന്റെ പൊന്നുമോൻ… എന്നാൽ പിന്നെ കെട്ടു ഉറപ്പിക്കട്ടെ “??….അമ്മ ചോദിച്ച ചോദ്യം കെട്ടു സത്യം പറഞ്ഞാൽ എഴുന്നേറ്റു നിന്നു ഒരു സല്യൂട്ട് കൊടുക്കാൻ തോന്നി.

അമ്മ എല്ലാം സെറ്റ് ആക്കി ഒരു വിധം കരയ്ക്ക് അടുപ്പിച്ചു വരുമ്പോൾ ആണ് ലവൾ എന്നോട് സംസാരിക്കണം എന്ന് പറയുന്നത്.

“ദൈവമേ കാമുകൻ ഒന്നുമില്ല എന്നാണല്ലോ അന്ന് പറഞ്ഞത് ഇനിയിപ്പോ ഒഴിയണം എന്ന് വല്ലതും പറയാൻ ആണോ ആവോ”….ചിന്തിച്ചു ചിന്തിച്ചു ഞാൻ കാട് കയറി.

“ചേട്ടായിയെ കെട്ടാൻ ഞാൻ റെഡി ആണ്.എല്ലാവർക്കും ഇഷ്ടമായി എനിക്കും പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്”…

“എന്താ”??

“ഈ താടി അങ്ങ് മാറ്റിയേക്കു … ”

“തനിക്കു താടി ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്”…

“ഇഷ്ടമൊക്കെ തന്നെയാ… പക്ഷെ ചേട്ടനെയും അനിയനെയും തമ്മിൽ എനിക്ക് മാറി പോകും”…

“ഓ അതാണോ”…

“മ്മ്”…

“ആലോചിക്കാം”..

“മ്മ് പിന്നെ വിവാഹം കഴിഞ്ഞുള്ള ജീവിതത്തിൽ താടി ഇല്ലാത്തതു ആവും ഗുഡ്…. കേടുപാടുകൾ ഉണ്ടാകാതെ നോക്കണമല്ലോ “….അത്രയും പറഞ്ഞു അവൾ ഒരു കുസൃതി ചിരി ചിരിച്ചു കയറി പോയി.

അവൾ പറഞ്ഞിട്ട് പോയതിന്റെ പൊരുൾ എനിക്ക് മനസ്സിലായത് അവൾ പോയി കഴിഞ്ഞു പത്തു മിനിറ്റ് കഴിഞ്ഞായിരുന്നു .

അങ്ങനെ 6മാസത്തിനുള്ളിൽ ഞാൻ എന്റെ താടി വടിക്കേണ്ടി വന്നു. കാരണം എന്റെയും ഏട്ടന്റെയും വിവാഹം അമ്മ പെട്ടെന്ന് നടത്തി.

പക്ഷെ ഇപ്പോഴും എന്റെ പെണ്ണിന്റെ കൺഫ്യൂഷൻ മാറിയിട്ടില്ല. ഇരട്ടകൾ ആയ ഞങൾ ചേട്ടനും അനിയനും ഒരുപോലെ തന്നെ താടി വടിച്ചു ഞങ്ങടെ ഭാര്യമാരെ സന്തോഷിപ്പിച്ചില്ലേ …. !!

മരുമക്കൾ മക്കളെ മനുഷ്യക്കോലത്തിൽ ആക്കി എന്നും പറഞ്ഞു അമ്മായിമ്മ രണ്ടാൾക്കും കട്ട സപ്പോർട്ട്. ഇപ്പോ ഞങൾ രണ്ട് ഇരട്ട താടികൾ പഴയ ഫോട്ടം എടുത്തു നോക്കി സായൂജ്യം അണയുന്നു.

ഇത് സന്തുഷ്ടകരമായ ഒരു കുടുംബ ജീവിതത്തിനു വേണ്ടി താടി വടിച്ച ജൂവാക്കളുടെ കഥ.

രചന :അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *