ഇതോടെ നിർത്തിയെന്നും പറഞ് ഞാനവളെ ചേർത്തുപിടിച്ചു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Ezra Pound

“ആദ്യത്തെ കുഞ്ഞുണ്ടായി വർഷം മൂന്നായിട്ടും അവൾക്കൊരു കുലുക്കവുമില്ല.. കിടക്കാൻ നേരം ഞാനവളോട് ഇക്കാര്യം സൂചിപ്പിച്ചു..

“അല്ലാ എന്താ നിന്റെ തീരുമാനം..

“എന്തു തീരുമാനം..

“നമ്മടെ പാത്തൂന് ഒരു കൂട്ടു വേണ്ടേ..

“അവൾക്ക് കൂട്ടായി നമ്മള് രണ്ടുപേരുമില്ലേ.. പിന്നെന്താ.. പോരാത്തതിന് അയൽവക്കത്തുള്ളവരൊക്കെ അവളുടെ ഫ്രണ്ട്സാണ്..

“അതല്ലാടി.. അവൾക്കും കാണില്ലേ ഒരു കുഞ്ഞനിയനോ അനിയത്തിയോ വേണമെന്നൊക്കെ..

“അയ്യട ആ പൂതി മനസ്സിലിരിക്കത്തേയുള്ളൂ.. അത്രക്ക് നിർബന്ധമാണെങ്കിൽ നിങ്ങള്‌ തന്നെ പ്രസവിച്ചോളൂന്നെ..

എന്നും പറഞ്ഞവൾ തിരിഞ്ഞുകിടന്നു.. അവളത് തമാശക്ക് പറഞ്ഞതാണെങ്കിലും എനിക്കത് ശരിക്കും കൊണ്ട്.. എല്ലാം കഴിയുമെന്നവകാശപ്പെടുന്ന തടിയും തന്റേടവുമുള്ളൊരു ആണല്ലേ ഞാൻ.. എന്തുകൊണ്ടായിക്കൂടാ..

പരിചയത്തിലുള്ള ഡോക്ടറോട് കാര്യം അവതരിച്ചപ്പോൾ ഇയാൾക്കെന്താ വട്ടാണോയെന്ന മട്ടിലെന്നെ നോക്കി ചിരിച്ചെങ്കിലും സംഗതി സീരിയസ്സാണെന്ന് മനസ്സിലാക്കിയാവും അദ്ദേഹം സഹായിക്കാമെന്നേറ്റു.. പിന്നീടങ്ങോട്ടുള്ള കാര്യങ്ങൾ ശട പടെന്നാരുന്നു..

കാര്യമറിഞ്ഞ അവളെന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്നിലെ ആണത്തത്തെ ചോദ്യം ചെയ്ത അവൾക്കു മുന്നില് മുട്ടുകുത്താൻ ഞാനൊരുക്കമല്ലായിരുന്നു.. അങ്ങനെ കാത്തിരിപ്പിനൊടുവിൽ അതു സംഭവിച്ചു.. ഞാൻ ഗർഭണനായി..

എനിക്കുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.. തുള്ളിച്ചാടാൻ തോന്നിയെങ്കിലും ഡോക്ടർ മൂന്നു മാസത്തെ വിശ്രമം നിർദ്ദേശിച്ചത് കാരണം ആഹ്ലാദം ഉള്ളിലൊതുക്കി..

വിവരമറിഞ്ഞ പലരും മൂക്കത്തു വിരൽ വെച്ചു.. ഖിയാമം നാളിന്റെ അവസാനമാണ് അതുകൊണ്ടാണിങ്ങനൊക്കെ സംഭവിക്കുന്നതെന്ന് മൊയ്‌തീൻ മുസ്ല്യാര് എങ്ങും തൊടാതൊരു പ്രസ്താവനയിറക്കി.. അയൽവക്കത്തുള്ള സ്ത്രീകളിൽ പലരും ഭർത്താക്കന്മാരോട് എന്നെക്കണ്ടു പഠിക്കാൻ ഉപദേശിച്ചു പോലും..

ആദ്യമാദ്യമൊന്നും വലിയ പ്രശ്നങ്ങളില്ലാതെ കടന്ന് പോയി.. പിന്നെപിന്നെ ചാളക്കറിയുടെ മണവും അരിവേവിച്ച മണവും ഒക്കെ പ്രശ്നങ്ങളുണ്ടാക്കി തുടങ്ങി.. വയറ്റിലെ കുടൽമാല വരെ പുറത്തു വരുമെന്ന് തോന്നിപ്പോയി.. അത്രക്ക് ശക്തിയായ ഓക്കാനമായിരുന്നു..

“ഇങ്ങളെ കളികണ്ടാൽ തോന്നും ഈ ദുനിയാവിലാരും പ്രസവിക്കുന്നില്ലന്ന്.. അവളാണ്.

ഗർഭിണിയായിരുന്നപ്പോ ഞാനവളോടു പറഞ ഡയലോഗ്… അവസരം കിട്ടിയപ്പോ തിരിച്ചടിച്ചിരിക്കുന്നു.. ദുഷ്ട..

പച്ചമാങ്ങയും ഉപ്പിലിട്ട നെല്ലിക്കയുമെന്ന് വേണ്ട മീന്കറിയിലിടാൻ വെച്ചിരുന്ന വാളൻപുളി വരെ അകത്താക്കാനുള്ള തോന്നലുകളും ഇടക്കിടെ ഉണ്ടായിക്കൊണ്ടേയിരുന്നു.. ആഗ്രഹങ്ങൾക്കൊത്തു മസാല ദോശയും ബിരിയാണിയും വരെ കിട്ടിക്കൊണ്ടിരുന്നപ്പോ സംഗതി കൊള്ളാമല്ലോയെന്ന് തോന്നാതിരുന്നില്ല..

ഇടക്കിടെ വാലുപോലെ കൂടേ നടക്കുന്ന നടുവേദനയാണ് കുറച്ചെങ്കിലും പ്രശ്നക്കാരനായത്.. പിന്നെ പിന്നെ അതില്ലാതായി..

സത്യത്തിൽ ഇല്ലാതായതല്ല മറ്റ് പ്രയാസങ്ങളും കൂടിയായപ്പോ മറന്ന് പോയതാ.. അല്ലങ്കിലും പണ്ടേയെനിക്ക് മറവിയൽപം കൂടുതലായിരുന്നു..

ഇടക്കിടെ മസില് കേറിപ്പിടിക്കുമ്പോ അവള് കാലുതടവിത്തരും.. അപ്പോഴൊക്കെ എനിക്ക് കുറ്റബോധം തോന്നിയിരുന്നു.. കാരണം അവളിതെ അവസ്ഥയിലൂടെ കടന്നു പോയപ്പോൾ ഇതൊക്കെ നിസ്സാരമല്ലേ.. നെല്ലു കുത്തിക്കൊണ്ടിരുന്നപ്പളാണ് ന്റെ ഉമ്മാമ്മ അകത്തു പോയി ആറാമത്തെ കുഞ്ഞിനെ അതായതെന്റുമ്മാനെ പ്രസവിച്ചെതെന്നൊക്കെ പറഞ്ഞു കളിയാക്കലായിരുന്നു പതിവ്..

വയറ് കാണാൻ വന്നവരൊക്കെ കുട്ടി ആണാണെന്നുറപ്പിച്ചു പറഞ്ഞു.. ഞാനെന്റെ വയറിലേക്ക് നോക്കി… ആണാണെന്നതിനു വല്ല തെളിവുമുണ്ടോന്ന്.. എവിടെ.. വെറുതെയിരുന്നങ്ങ് തള്ളുവാ..

പക്ഷെ പിന്നെ പിന്നെ അവരു പറഞ്ഞത് സത്യമാണെന്ന്‌ തോന്നിപ്പോയി.. കാരണം അമ്മാതിരി ചവുട്ടായിരുന്നു അകത്തൂന്ന്.. സ്‌ഥലം മാറിയതിന്റെ ദേഷ്യത്തിലാവും.. ഇങ്ങനൊരവസ്ഥ ഗർഭസ്ഥ ശിശുക്കളുടെ അനുഭവത്തിൽ ആദ്യത്തേതല്ലേ.. അതിന്റെ പ്രതികാരമാണോ എന്തോ..

കിടക്കുന്ന കാര്യമോർക്കുമ്പോൾ തന്നെ പേടിയാകും.. മലർന്നു കിടക്കാനോ ഇടക്കിടെ ചെരിഞ്ഞു കിടക്കാനോ ഒന്നും പറ്റില്ലാലോ..

പണ്ടൊക്കെയാണേൽ ആന കരിമ്പിൻ തോട്ടത്തിൽ കയറിയ പോലാരുന്നു ബെഡ്.. ഒരു കാല് തെക്കും ഒരു കാലു വടക്കോട്ടും വെച്ചു വിശാലമായുള്ള കിടപ്പ്.. ഹാ അതൊക്കെ ഓരോർമ്മയായിരിക്കുന്നു.. ചോദിച്ചു വാങ്ങിയതല്ലേ.. അനുഭവിക്കുക തന്നെ..

കൂനിന്മേൽ കുരു വന്നപോലെ കാലാണെങ്കിൽ നീരുവന്ന് വീർക്കുകയും ചെയ്ത്.. പള്ളയും താങ്ങിപ്പിടിച്ചു ബലൂണ്പോലെ നീരുവന്നു വീർത്ത കാലും വെച്ചോണ്ടു നടക്കുന്ന സമയത്തു അവളടുത്തേക്ക് വന്നിട്ടൊരു നോട്ടമുണ്ട്.. ഞാനങ്ങട്‌ ഇല്ലാണ്ടായിപ്പോകും ആ നോട്ടത്തിൽ..

“ഉമ്മൂമ്മ എത്ര പെറ്റൂന്നാ പറഞ്ഞത്.. പതിനാല്..

“എങ്ങനെ പെറ്റൂന്നാ പറഞേ.. നെല്ലു കുത്തിക്കൊണ്ടിരിക്കുംപോ..

“അതാണ്.. ഇത്രെം നിസ്സാരമായ ഒരു കാര്യത്തിനാണോ മനുഷ്യാ ഇങ്ങനെയൊക്കെ അഭിനയിക്കുന്നെ..

അവളുടെ വർത്താനം കേൾക്കുമ്പോ കാലു മടക്കി ഒന്നു തൊഴിക്കാനാണ് തോന്നുക.. പക്ഷെ കാലുമടക്കാൻ പോയിട്ടു വിരലൊന്നനക്കാൻ കഴിയണ്ടേ..

അകത്തുള്ളതിനാണെങ്കിൽ ഉറക്കവുമില്ലാന്നു തോന്നുന്നു.. ഏതുനേരവും ചവിട്ടും തൊഴിയും..

ഡേറ്റ് അടുത്തു വരുന്തോറും ടെൻഷനും കൂടിക്കൂടി വന്ന്‌.. അവസാനം ആ ദിവസമെടുത്തെത്തി.. ലേബർ റൂമിലേക്ക് കയറാൻ നേരം പേടിക്കാനൊന്നുമില്ലാന്ന് അവൾ കണ്ണുകൾ കൊണ്ടാംഗ്യം കാണിച്ചു.. അവൾക്ക് പറയുന്നതിനെന്താ അനുഭവിക്കേണ്ടത് ഞാനല്ലേ..

ചുറ്റിനും കിടക്കുന്ന ഗർഭിണികളൊക്കെ ഇയാൾക്കെന്താ ഇവടെ കാര്യം എന്ന മട്ടിലെന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാനതൊന്നും ശ്രദ്ധിക്കാനുള്ള മൂഡിലല്ലായിരുന്നു.. എങ്ങിനെങ്കിലും ഇതൊന്നു കഴിഞു കിട്ടിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ മനസ്സിൽ.. അതിനിടയിലെപ്പോഴോ അറിയാതെ മയങ്ങിപ്പോയി..

ഉണർന്നപാടേ കണ്ണുകൾ തിരഞ്ഞത് കുഞ്ഞെവിടെയെന്നായിരുന്നു.. കുഞ്ഞിനെ കണാനില്ല.. എവിടെ എന്റെ കുഞ്ഞെവിടെ… ഞാൻ നൊന്ത് പ്രസവിച്ച കുഞ്.. ഞാൻ ഒച്ചയിട്ടു കരഞ്ഞു..

“ഇങ്ങക്കെന്താ ഭ്രാന്ത് പിടിച്ചൊ മനുഷ്യാ.. പാതിരക്കിങ്ങനെ കിടന്നു കാറാൻ..

“എന്റെ കുഞ്.. നിങ്ങടെ കുഞ്ഞല്ലേ ദെ ഈ കിടക്കുന്നെ..

“അതല്ലാഡി ഞാൻ പ്രസവിച്ച കുഞ്..

നടന്ന കാര്യങ്ങളൊക്കെ വള്ളിപുള്ളി തെറ്റാണ്ടു അവളോടു പറഞ്ഞപ്പൊൾ അവള് പറയാ..

ഒരു ചായഗ്ലാസ്സ് കുടിച്ചിടത്തൂന്ന് മാറ്റിവെക്കാത്ത നിങ്ങളാണ് ഒമ്പത്‌ മാസം കുഞ്ഞിനേം കൊണ്ട് നടക്കുന്നെന്ന്..

ശരിയാ.. എന്റെ പൊന്നോ.. നിങ്ങളെയൊക്കെ സമ്മതിച്ചു..

ആന്നല്ലോ.. മേലാലിനി ഇങ്ങളെ ഉമ്മൂമ്മക്കഥയും കൊണ്ടിങ്ങോട്ടേക്ക് വന്നേക്കരുത്…

നിർത്തി… ഇതോടെ നിർത്തിയെന്നും പറഞ് ഞാനവളെ ചേർത്തുപിടിച്ചു..

ഗതിമാറി കയറിവന്നൊരു കുസൃതിക്കാറ്റ് ജനാല വാതിലുകൾ വലിച്ചടച്ചു.

രചന: Ezra Pound

Leave a Reply

Your email address will not be published. Required fields are marked *