ഉപേക്ഷിച്ചു പോകാനും മനസ്സ് വരുന്നില്ല കൂടെക്കൂട്ടാനും കഴിയില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ആർ കെ സൗപർണ്ണിക

“അവൾ ആ കണ്ണുകളിലേക്ക് നോക്കി”എത്ര നിഷ്കളങ്കമായ പുഞ്ചിരി ആരെയും വശീകരിക്കാനുള്ള കഴിവുണ്ട് ഈ കണ്ണുകൾക്ക്.

എങ്കിലും ആരാവും ഇവനെ ഈ പെരുവഴിയിൽ ഉപേക്ഷിച്ചു പോയത്? മനുഷ്യനായ് ജന്മം കൊണ്ടവർക്ക് ഇത്തരം ഒരു പാതകം ചെയ്യാൻ കഴിയുമോ?

പുഞ്ചിരിയോടെ കുസൃതി കാട്ടുന്ന ആ പിഞ്ചുമുഖം കാണുമ്പോൾ “മാധവിക്ക്” തന്റെ ആറ് മക്കളെ ഓർമ്മ വന്നു.

ആണും,പെണ്ണുമായി ആറെണ്ണം.അവരെ തന്റെ ജീവരക്തം പകർന്ന് നൽകി വളർത്തി വലുതാക്കുന്നതിനിടയിൽ ഒരിക്കൽ പോലും ഒരു ഭാരമായി തോന്നിയിട്ടേ ഇല്ല.

“കാമഭോഗ”സുഖങ്ങളിൽ തന്നെ തന്നെ മറക്കുന്ന നിമിഷങ്ങളിൽ അവൾ പോലും അറിയാതെ വന്ന് സംഭവിച്ച വലിയ തെറ്റാകാം ഒരു പക്ഷെ ഇത്.

അതല്ലെങ്കിൽ വാക്കുകളിലെ മാധുര്യം ജീവിതത്തിൽ ലഭിക്കാതെ വന്നപ്പോൾ ചെയ്തു പോയ കർമ്മ ഫലം ഇവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാം.

അതോ ഇപ്പോൾ തുടങ്ങി വച്ച പുതു ജീവിത രീതിയായ ഇഷ്ടപ്പെട്ടാൽ മാത്രം വിവാഹം എന്ന രീതിയുടെ അധികപ്പറ്റോ?

മത,ജാതി ഭ്രാന്തുകളുടെ ഇടയിൽ ഞെരിഞ്ഞമർന്ന് പോയ നിർമ്മലമായ പ്രണയത്തിന്റെ..നാണക്കേടിൽ നിന്ന് മുഖം ഒളിപ്പിക്കാൻ നാല് വേദങ്ങളുടേയും തമ്പുരാക്കൻമാർ കല്പിച്ച “ഭ്രഷ്ടൊ”?

എന്തായാലും മാനവികത മരിച്ചു കൊണ്ടിരിക്കുന്നരെ ചൊല്ലി വിളിക്കുന്ന പേരാണ് രസകരം “മനുഷ്യർ”

ഇവനെ പത്ത്മാസം ചുമന്ന് നൊന്ത് പ്രസവിച്ചതും ഒരമ്മയാകില്ലേ?ഹേയ് അമ്മയെന്നെങ്ങനെ വിളിക്കും?ആ വാക്കിന് ഒരുപാട് അർത്ഥതലങ്ങളുണ്ട് ഇങ്ങനെ ഇങ്ങനെ ചവറ്റ് കുട്ടയിൽ ഉപേക്ഷിച്ചു പോകാൻ ഒരമ്മയ്ക്ക് ഒരിക്കലും കഴിയില്ല.

“മാധവി”അവന്റെ നെറുകയിൽ അമർത്തി ചുബിച്ചു..നിന്നെ ഞാനെന്ത് ചെയ്യും കുഞ്ഞെ?

ഉപേക്ഷിച്ചു പോകാനും മനസ്സ് വരുന്നില്ല കൂടെക്കൂട്ടാനും കഴിയില്ല..വെളുത്ത് തുടുത്ത നിന്നെ ഞാനെന്റെ മകനെന്ന് എങ്ങനെ പറയും?

എന്റെ നല്ല മനസ്സെന്ന് പറയാൻ ആരും വരില്ല…..ചോദ്യം ചെയ്യാനും വേട്ടയാടുനുമുള്ള ആവേശം ഒരിക്കലും സംരക്ഷിക്കാൻ അവരിൽ ഉണ്ടാകില്ല.

“അവൻ” കുസൃതിയോടെ കൈകാലുകൾ ഇളക്കി “മധവിയെ” നോക്കി ചുണ്ടുകൾ നനച്ച് കൊണ്ട് ചിരിച്ചു.

“മാധവിയുടെ” സ്തനങ്ങളിൽ മാതൃഹൃദയത്തിന്റെ ഉൾവിളികൾ പോലെ…ജീവാമൃതം ചുരന്നുവോ?

തന്റെ ശുഷ്കിച്ച അമൃതൂട്ടി തളർന്ന ശുഷ്കിച്ച മുലഞെട്ടുകളിലേക്ക് “മാധവി” നെടുവീർപ്പോടെ നോക്കി.

പ്രായം തളർത്തിയ ജീവാവസാനം കാത്ത് കഴിയുന്ന അണപ്പല്ലുകൾ അടർന്ന് തുടങ്ങിയ ഈ “വൃദ്ധ”എന്ത് ചെയ്യും കുഞ്ഞെ നിന്നെ?

ദൂരെ നിന്ന് ശ്വാനസഹോദരന്മാരുടെ ഉറക്കെയുള്ള മുരൾച്ച കേൾക്കുന്നു. ഇവിടെ ഉപേക്ഷിച്ചാൽ ഒരു പക്ഷെ അവർ നിന്നെ വിശന്ന വയറിന്റെ വിളികൾക്ക് പാത്രമാക്കിയേക്കാം.

“മാധവി”അവനെയുമെടുത്ത് മുടന്തി, മുടന്തി മുന്നോട്ട് നടന്നു.

ഏത് സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കും കുഞ്ഞെ നിന്നെ?

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ കരങ്ങളിൽ നീ സുരക്ഷിതനാകുമോ? നാളെ ചിലപ്പോൾ വന്ന് പിറന്ന് കൂടായക് ഇല്ലാത്ത അവരുടെ സ്വരക്തത്തിന്റെ ഉദയം….നിന്നോടുള്ള കടുത്ത അവഗണനയ്ക്ക് കാരണമായാലോ?

അനാഥ മന്തിരത്തിൽ എത്തിച്ചാൽ അവർ നിന്നെ കച്ചവടത്തിന്റെ പുത്തൻവിളയായ് ഉയർത്തിക്കാട്ടി ശേഷിക്കുന്ന നന്മഹൃദയങ്ങളിൽ നിന്നും ഊറ്റിയെടുക്കാൻ കഴിയുന്ന പണക്കെട്ടുകളെ കുറിച്ചാകും ഓർക്കുക.

ആതുരാലയത്തലേൽപ്പിച്ചാലോ നിന്റെ ഉള്ളിലുള്ള മുഴുവനവയവങ്ങളും വിറ്റഴിക്കാനുള്ള വഴികളെക്കുറിച്ചുള്ള ചിന്തകളോടെ ചതിയൊളുപ്പിച്ച കണ്ണുകളോടെ സന്തോഷത്തോടെ അവർ നിന്നെ വിറ്റഴിക്കും.

എല്ലാവരും അങ്ങനെ അല്ലെങ്കിലും ദൈവത്തിന്റെ കൈകൾ എന്ന പേരിന് കളങ്കമേൽപ്പിക്കുന്ന ഒരു കൂട്ടം ആർത്തി പിശാചുകൾ അവിടെയുമുണ്ട്.

ഇനി പള്ളിയിലോ,അമ്പലത്തിലോ, നിസ്കാര ഇടങ്ങളിലോ ആയാലോ നിന്റെ ഇല്ലാത്ത ജാതി പറഞ്ഞ് ഒരു വർഗ്ഗീയ ലഹളയ്ക്കുള്ള തുടക്കമായേക്കാം ചിലപ്പോഴത്.

ആരുടെ കൈയ്യിൽ, എവിടെ? മനുഷ്യനായ് ജനിച്ച് പോയതാണ് ഉണ്ണീ നീ ചെയ്ത തെറ്റ്.

മാധവി കുപ്പയിൽ നിന്നവനെ കോരിയെടുത്തു…നിന്നെ വിശ്വാസത്തോടെ ഏൽപ്പിക്കാൻ ഇനി ഒരിടമേ ബാക്കിയുള്ളു..അവൾ ദൃഡനിശ്ചയത്തോടെ നടന്നു.

പച്ചമാംസം വിലപറഞ്ഞെത്തുന്നവർക്ക് തൃപ്തിയുടെ ഫലങ്ങൾ നൽകുന്ന ഒരിടം.

പകൽ മാന്യർ രാത്രിയുടെ കൂട്ട് പിടിച്ച് മുഖം മറച്ചെത്തുന്ന ഇടം…മാനവികത പാടിനടക്കാത്ത മനുഷ്യരുള്ള ഇടം.

കപടമുഖങ്ങളില്ല അവിടെ ഉയർന്ന് പൊങ്ങുന്ന സീൽക്കാരങ്ങളുടെ മൃദുസംഗീതം മാത്രം.

അവിടെ നീ സുരക്ഷിതനാകും അവിടെ മാത്രം…. വേശ്യാലയം എന്നെഴുതിയ ആ ചെറിയ ബോർഡിന്റെ അരണ്ട വെട്ടത്തിന് താഴെ മാധവി അവനെ പതിയെ താഴേക്ക് വച്ചു.

പട്ടുമെത്തയിൽ അമരേണ്ട പിഞ്ച് ശരീരം പച്ചമണ്ണിലെ തണുപ്പിൽ വിറകൊള്ളുന്നു മാധവി അവനെ തന്റെ ചൂടുള്ള നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

പുലരാൻ ഇനിയും സമയം ഏറെയുണ്ട് അത് വരെ ഈ നെഞ്ചിലെ ചൂട് നിന്റെ ജീവൻ നിലനിർത്തുമെങ്കിൽ ഈ “മാധവിക്ക്”മറ്റെന്ത് വേണം അവൾ കുഞ്ഞിന്റെ അടുത്തേക്ക് ഒന്ന് കൂടി ചേർന്ന് കിടന്നു.

തണുപ്പ് കൊണ്ടോ എന്തോ? അവൻ കൈകാലുകൾ കുടഞ്ഞ് കുഞ്ഞ് ചുണ്ടുകൾ പിളർത്തി കരഞ്ഞു തുടങ്ങി.

മാധവി അടുത്തെല്ലാം പരതിനോക്കി ആതാ ഒരു ചാക്കിൻ കഷണം…അവൾ അതെടുത്ത് ആ പിഞ്ചുശരീരം പൊതിഞ്ഞ് പിടിച്ചുകൊണ്ട് പിന്നെയും ചേർന്ന് കിടന്നു.

വിശന്ന വയറിന്റെ തേടൽ പോലെ കരച്ചിലിനിടയിലും ആ പിഞ്ചു ചുണ്ടുകൾ “മാധവിയുടെ”നെഞ്ചിലും വയറിലും പരതിക്കൊണ്ടിരുന്നു.

ഒടുവിലാ വിശന്ന ചുണ്ടുകൾ പാൽമണം എന്നേ മറന്ന് പോയ ആ ചുരുങ്ങിയ മുലഞെട്ടുകൾ വായിലേക്കാക്കി ഞൊട്ടി ഞുണഞ്ഞുകൊണ്ടിരുന്നു.

മാധവിയുടെ കണ്ണുൽ നിന്നും നീർത്തുള്ളികൾ ഇറ്റ് വീണു കൊണ്ടിരുന്നു…നിസ്സഹായതയുടെ മഴത്തുള്ളികൾ പോലെ.

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാകണം “വേശ്യാലയം” എന്ന വാതിൽ പതിയെ തുറന്ന് ഉറക്കം നിൽക്കുന്ന കണ്ണുകളോടെ ഒരു സ്ത്രീ വെളിയിലേക്ക് വന്നു പതിയെ ചുറ്റിലും നോക്കി.

“മാധവിയുടെ” പള്ളയ്ക്ക് കീറപഴം ചാക്കിൽ കൈകാലുകളിട്ടടിക്കുന്ന ആ കുഞ്ഞിനെ അവർ വലിച്ചെടുത്തു.

ഒരു കൈ കൊണ്ട് കുഞ്ഞിനെ ചേർത്ത് പിടിച്ച്..മറു കൈ കൊണ്ട് ഒരുപിടി ചരൽമണ്ണ് വാരി അവർ “മാധവിയുടെ” നേരെയെ റിഞ്ഞ് കൊണ്ട് ഉറക്കെ അ ലറി.

“ഓട് ചൊറി പിടിച്ച പന്ന പട്ടീ”

അകത്ത് നിന്നിറങ്ങി വന്ന മറ്റൊരു സ്ത്രീയോട് അവർ ഉറക്കെ പറഞ്ഞു.

“ഭാഗ്യം”ഞാൻ വന്നപ്പോൾ ആ ചൊറി പിടിച്ച ഞൊണ്ടിപ്പട്ടി ഈ കുഞ്ഞിന്റെ അടുത്ത് കിടന്ന് മുഖമാകെ നക്കി വെളുപ്പിക്കുവാരുന്നു.

ഇത്തിരി താമസിച്ചിരുന്നേൽ ചിലപ്പോൾ ആ പന്നപ്പട്ടി ഈ തങ്കക്കുടത്തിനെ കടിച്ച് കീറിയേനെ.

അവളാ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചു…കൊണ്ട് അകത്തേക്ക് നടന്നു.

“മാധവി”ആ കുഞ്ഞ് വാതിലിന് വെളിയിൽ മറഞ്ഞ് നിന്ന് അകത്തേക്ക് നോക്കി…വാലാട്ടിക്കോണ്ട് സന്തോഷത്തോടെ രണ്ട് വട്ടം ഉറക്കെ കുരച്ചു.

പതിയെ തിരിഞ്ഞു സന്തോഷത്തോടെ ഞൊണ്ടി,ഞൊണ്ടി ആ പഴയ വേസ്റ്റ്കൂനയ്ക്ക് അരികിലേക്ക് നടന്നു കൊണ്ട് ഓർത്തു.

“മനുഷ്യത്വം മ രിക്കാത്ത മനുഷ്യർ”…!

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: ആർ കെ സൗപർണ്ണിക

Leave a Reply

Your email address will not be published. Required fields are marked *