വിവാഹത്തിന് രണ്ടുദിവസം മുന്‍പാണ് അവളുടെ കാതുകളിലാ വാര്‍ത്തയെത്തിയത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ബിജു പൂവത്തിങ്കല്‍

കാവിലെ ഇലഞ്ഞിത്തറക്കരികില്‍ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരമായി. കാത്തുനില്പിനു വിരാമമിട്ടുകൊണ്ട് പടിക്കെട്ടുകളിറങ്ങിവരുന്ന ഗൗരിയെക്കണ്ട് അവന്റെ മിഴികള്‍ വിടര്‍ന്നു . അവനെയൊന്നു നോക്കുകപോലും ചെയ്യാതെ അവള്‍ കടന്നുപോയപ്പോള്‍ അവള്‍ക്കരികിലേക്കെത്തിയവന്‍ മെല്ലെ വിളിച്ചു. ”ഗൗരീ ! ഇനിയും എന്നോടുള്ള പിണക്കം മാറിയില്ലെ നിനക്ക് ? ”

” അതിനു നിങ്ങളെന്റെ ആരാ? ഇണങ്ങാനും പിണങ്ങാനുമെല്ലാം ? ” ”ഇപ്പോള്‍ നീയെന്നെയൊരു അന്യനായിട്ടാണോ കാണുന്നത് ? അപ്പോള്‍ നാമൊരുമിച്ചുകണ്ട സ്വപ്നങ്ങളോ ?അതൊക്കെ മറക്കാന്‍ പറ്റുമോ ?”

”നീയെന്റെ മാനത്തിനു വിലയിട്ട ആ നിമിഷം മുതല്‍ എന്റെ മനസില്‍ നീയില്ല .ഇനിയൊരിക്കലും നിന്നെ കാണുകയും വേണ്ടെനിക്ക്’

”ഗൗരി ഞാന്‍ പറയുന്നത് …..” ” ഒന്നും കേള്‍ക്കേണ്ടെനിക്ക്. ഇനിയും എന്റെ പുറകെ വരരുത് . എനിക്കതിഷ്ടമല്ല ” അവള്‍ നടന്നു മറയുന്നതും നോക്കി നിശ്ചലം നില്‍ക്കാനെ അവനായുള്ളു.

………………………………………………………………

ഡിഗ്രിക്കു പഠിക്കുമ്പോള്‍ പഠനം പാതിവഴിയിലുപേക്ഷിച്ച് നഗരത്തിലെയൊരു ടെക്സ്റ്റൈല്‍സില്‍ സെയില്‍സ് ഗേളായി പോയിത്തുടങ്ങിയതാണ്. അച്ഛന്റെ ജോലി നഷ്ടമായപ്പോള്‍ സാമ്പത്തികമായി കുടുംബം തകര്‍ച്ചയിലേക്കു നീങ്ങിയപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു.

ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ യാദൃശ്ചികമായാണ് ആ മുഖം കണ്‍മുന്‍പിലെത്തിയത്. കുസൃതിനിറഞ്ഞ ആരേയും ആകര്‍ഷിക്കുന്ന മിഴികളുള്ള ആ ചെറുപ്പക്കാരനെ. പിന്നീട് പലപ്പോഴും അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി . അവനും തന്നെ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഉള്ളിലെന്തോ വന്നുനിറയുന്നതുപോലെ തോന്നി . കാഴ്ച്ചകള്‍ മെല്ലെ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വളര്‍ന്നു.

തന്റെ നാട്ടില്‍ തന്നെ മലഞ്ചരക്കുവ്യാപാരം നടത്തുന്ന കൃഷ്ണന്‍ നായരുടെ മകന്‍ ദേവന്‍. ഇടവഴികളിലും ക്ഷേത്രമുറ്റത്തുവച്ചുമെല്ലാം സ്വപ്നങ്ങള്‍ കൈമാറിയിരുന്നു.

പക്ഷെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞത് അന്നായിരുന്നു. വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ വീടിനടുത്തുള്ള ഇടവഴിയില്‍ തന്നെയും കാത്ത് ദേവനുണ്ടായിരുന്നു.

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദേവനതു പറഞ്ഞത്. ” ഗൗരിയുടെ കുടുംബമിപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണെന്നറിയാം. പണമെത്രവേണമെങ്കിലും ഞാന്‍ തരാം. പക്ഷെ ഒരു രാത്രി നീയെന്നോടൊപ്പം വരണം ”

”പണത്തിനുവേണ്ടി മാനം വില്‍ക്കുന്നവളാണ് ഞാനെന്നു കരുതിയോ നീയ് ?”കോപത്താല്‍ ജ്വലിക്കുന്ന അവളുടെ കണ്ണുകളില്‍ നോക്കിയാണ് അവനതു പറഞ്ഞത്

”നീയത്രവല്യ പരിശുദ്ധ ചമയണ്ട. മറ്റുള്ളവര്‍ക്കുമുന്നില്‍ വസ്ത്രമഴിക്കുന്ന നിനക്ക് ഒരുരാത്രി എന്റെ കൂടെയും……….” അവനതു പറഞ്ഞു തീരുന്നതിനു മുന്‍പുതന്നെ അവളുടെ കരതലം പലവട്ടം അവന്റെ കവിളില്‍ പതിഞ്ഞു. ”ഡീ ചൂലെ നീയെന്നെ തല്ലിയല്ലെ ?നിനക്കറിയില്ല ഈ ദേവനാരാണെന്ന് .”

അടികൊണ്ടുതിണര്‍ത്ത കവിള്‍ത്തടം പൊത്തിക്കൊണ്ട് അവനതു പറയുമ്പോള്‍ കോപത്താല്‍ ജ്വലിക്കുകയായിരുന്നു അവള്‍. ”അമ്മയേയും പെങ്ങളേയും തിരിച്ചറിയാതെ പെണ്ണിനെ കാണുമ്പോള്‍ കാമം മൂക്കുന്ന ,അവളുടെ മാനത്തിനു വിലപറയുന്ന നിന്നെയൊക്കെ തല്ലുകയല്ല കൊല്ലണം. പക്ഷെ ഒരിക്കല്‍ അറിയാതെ നിന്നെ പ്രണയിച്ചു പോയി ല്ലെ. ഇനിയെന്റെ നിഴല്‍ വെട്ടത്തു പോലും നീ വരരുത് . ”

അവിടെനിന്നും നടന്നകലുന്ന ഗൗരിയെ കനലെരിയുന്ന മിഴികളോടെ കവിളില്‍ കരമമര്‍ത്തി നോക്കി നിന്നുപോയി. മാസങ്ങള്‍ക്കുശേഷമാണ് ഇന്ന് വീണ്ടുമവനെ കണ്ടുമുട്ടിയത്.

ഒരാഴ്ച്ചകൂടി കഴിഞ്ഞാല്‍ ഗൗരിയുടെ വിവാഹമാണ് . വരന്‍ ശ്യാംകുമാര്‍ സിവില്‍ എഞ്ചിനീയറാണ്. കളങ്കമില്ലാത്ത മനസോടെ വേണം മണിയറയിലേക്കു കടക്കാനെന്ന ദൃഢനിശ്ചയത്തോടെയാണവളന്ന് ഉറങ്ങാന്‍ കിടന്നത്. വിവാഹത്തിന് രണ്ടുദിവസം മുന്‍പാണ് അവളുടെ കാതുകളിലാ വാര്‍ത്തയെത്തിയത്. ദേവനെ ആരോ കൊ-ലപ്പെടുത്തിയെന്ന്. അതുകേട്ടപ്പോള്‍ ഗൗരിയുടെ ചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞു. By രചന: ബിജു പൂവത്തിങ്കല്‍

Leave a Reply

Your email address will not be published. Required fields are marked *