അവർ ഭാര്യമാരെ പ്രണയിക്കുന്നു, ആരും കാണാതെ അടുക്കളയിൽ വന്നു കെട്ടിപ്പിടിക്കുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ജ്വാല മുഖി

” ഗംഗേച്ചി ഈ സാരിയിൽ സുന്ദരി ആയിട്ടുണ്ട് കേട്ടോ.. ”

“താങ്ക്സ് ഗോപു.. ”

“അല്ലേലും എന്നാ ഷേപ്പ് ആണ് ചേച്ചിക്ക്.. ചേച്ചിടെ കെട്ട്യോന്റെ ഭാഗ്യം.. ”

“പോടാ ചെക്കാ.. കളി ആക്കാതെ.. ”

“അല്ല ചേച്ചി..സത്യം.. ”

എന്നും രാവിലെ ഓഫീസിൽ പോകുന്നതിനു മുന്നേ ഓരോ പിക് എടുത്തു ഫേസ്ബുക് ൽ ഇടും… പിന്നെ ചറപറാ മെസ്സേജസും കമന്റ്‌സും ആണ്.

. അതൊക്കെ കാണുമ്പോൾ എന്തോ വല്ലാത്ത സന്തോഷം ആണ്…

ജയേട്ടൻ ഇതുവരെ പുകഴ്ത്തി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എന്ത് വേണേലും വാങ്ങി തരും ഇഷ്ട്ടവും ഉണ്ട്… പക്ഷെ ഒരു മൂരാച്ചി സ്വഭാവം..

ഒന്ന് നേരാംവയ്കിയാൽ ചീത്ത… വീട് നീറ്റ് ആയില്ലേൽ ചീത്ത.. എല്ലാത്തിനും വഴക്ക് മാത്രം…

“ഗംഗേച്ചി ഉറങ്ങിയോ.. ”

ഫ്‌ബി മെസ്സഞ്ചെർ കൂകി വിളിക്കുന്നുണ്ട്.. “ഇല്ല.. ഗോപു നല്ല ബാക്ക് പെയിൻ.. ”

“അയ്യോ എന്നാ പറ്റി.. ഞാൻ അടുത്തില്ലാതെ പോയല്ലോ.. ഉണ്ടാരുന്നേൽ ബാം ഇട്ടു തടവി തന്നേനെ… ”

“..നാളെ കാണാം ഗോപു വയ്യ.. ”

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എപ്പോളോ മയങ്ങി…

എന്നിട്ടും ഒരു വാക്ക് പോലും ജയേട്ടൻ ചോദിച്ചില്ല വയ്യേ.. എന്ന്

“ഗുഡ് മോർണിംഗ് ചേച്ചി.. വയ്യായ മാറിയോ.. ”

“കുറവുണ്ട് ഗോപു.. ”

“വയ്യെങ്കിൽ ഇന്ന് ലീവ് എടുക്കു ചേച്ചി..ഇനി വണ്ടിയും ഓടിച്ചു അവിടെ എത്തുമ്പോളേക്കും വീണ്ടും വേദനിക്കില്ലേ ”

“അതൊന്നും സാരമില്ല.. വീട്ടിൽ ഇരുന്നാൽ പ്രാന്ത് പിടിക്കും..മോളാണേൽ ക്ലാസ്സിലും പോയി.. ”

പണികളൊക്കെ തീർത്തു എങ്ങനെയോ യാത്രയായി ഇറങ്ങി.. പോകുംവഴി മൊത്തം എന്റെ തൂലികയിലെ കഥകളിലെ ഭർത്താക്കന്മാർ ആയിരുന്നു മനസ് നിറയെ..

അവർ ഭാര്യമാരെ പ്രണയിക്കുന്നു.. ആരും കാണാതെ അടുക്കളയിൽ വന്നു കെട്ടിപ്പിടിക്കുന്നു… ഓരോ ആഘോഷങ്ങൾക്കും ഓരോ സർപ്രൈസ് കൊടുക്കുന്നു.. എന്ത് അടിപൊളി ലൈഫ് ആണ് അവരുടെ ഒക്കെ…

ആർക്കു വേണ്ടി ഈ പതിവ്രത ജീവിതം… ജീവിതം ഒന്നല്ലേ ഉള്ളു… അത് സന്തോഷിക്കാൻ ഉള്ളതല്ലേ…

മനസ്സിൽ ചിന്തകൾ കാടുകേറി… ഓഫിസിൽ എത്തിയത് അറിഞ്ഞില്ല…

“ഗുഡ് മോർണിംഗ് മാഡം.. ഋഷി സർ വന്നിട്ടുണ്ട്.. മാഡത്തിന്റെ ക്യാബിനിൽ ഉണ്ട്.. ”

“ഓക്കേ താങ്ക്സ് ഹിമ.. ”

ക്യാബിനിൽ കാലിൽ കാല് കേറ്റി അയാൾ ഇരിക്കനുണ്ട്… സുന്ദരനായൊരു ചെറുപ്പക്കാരൻ… വന്ന അന്ന് മുതൽ എന്നിൽ അവനൊരു കണ്ണും ഉണ്ട്…

“ഹായ്.. മോർണിംഗ് ഗംഗ.. ”

“നൈസ് മോർണിംഗ് സർ.. ”

“ഇന്ന് താൻ പതിവിലും സുന്ദരി ആയിട്ടുണ്ടല്ലോടോ… ”

“പിന്നേം താങ്ക്സ്.. ”

“ഈ താങ്ക്സ് മാത്രേ ഉള്ളോ .. ”

മറുപടി പറയാൻ തോന്നിയില്ല…

ഋഷി ടെ കത്തിവയ്പ് ഏകദേശം ഒരു മണിക്കൂറോളം ഉണ്ടായിരുന്നു…

ഓഫിസിലെ വർക്സ് ഒക്കേം കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം 7 കഴിഞ്ഞു..

നല്ല മഴയും… കോട്ട് ഇട്ടിട്ടും നനയുന്നു… മഴയുടെ ശക്തി മുഖത്തു സൂചിമുനകൾ പോലെ പതിയുന്നു… ഇരുട്ടും മഴയും നേരെ വരുന്ന വാഹനങ്ങളുട ബ്രൈറ്റ് ലൈറ്റും കൂടെ ആയപ്പോൾ ഒന്നും കാണാനും പറ്റുന്നില്ല.. ഒരു ഏകദെശം ഐഡിയ വച്ചു അങ്ങ് പോന്നു..

ഇടിമിന്നലും ഇടിമുഴക്കവും കാതുകളെയും മനസിനെയും ഒരുപോലെ പേടിപ്പിച്ചു…

റോഡിലെങ്ങും ഒരു കുഞ്ഞു പോലും ഇല്ല.. പിന്നിൽ ഒരു ബൈക്ക് 3 കിലോമീറ്റർ ഓളം ആയി ഫോളോ ചെയ്യുന്നുമുണ്ട്…

എങ്ങനെയോ മത്തായി കവല വരെ എത്തി..

ഒരു ബ്ലാക്ക് ടീഷർട് ഉം ബ്രൗൺ കളർ കള്ളിമുണ്ടും ഇട്ട ആ ആളെ മനസിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല… ജയേട്ടൻ..

ഞാൻ വണ്ടി നിർത്തി…

“നിങ്ങൾ എന്താ കോട്ടൊന്നും ഇടാതെ ഈ മഴയത്തു.. ”

“ഒന്നുല്ല.. നീ പൊക്കോ… ”

വല്ല കൂട്ടുകാരേം കാണാൻ ഇറങ്ങിയതാകും..

മനസ്സിൽ തോന്നിയ പുച്ഛം പുറത്തു കാട്ടാതെ ഞാൻ വണ്ടിയെടുത്തു പോന്നു… പുറകിൽ പുള്ളി ഉണ്ടോ എന്ന് പോലും ഞാൻ നോക്കിയില്ല…

വണ്ടി പോർച്ചിൽ വച്ചു ഞാൻ കോട്ട് ഊരാൻ തുടങ്ങിയപ്പോളേക്കും അയാളും എത്തിയിരുന്നു..

“ജയേട്ടന് മഴയത്തു പോകുമ്പോൾ ആ കോട്ടടുത്തു ഇട്ടൂടെ.. ഇങ്ങനെ നനഞ്ഞു ചീഞ്ഞു നടക്കണോ.. ”

“ഞാൻ നിന്നെ കാണാതായപ്പോൾ ഇറങ്ങിയതാ… നിനക്ക് ഇടിയും മിന്നലും പേടി അല്ലേ.. പിന്നെ വഴിവിളക്കും ഇല്ലാലോ.. കറണ്ടൊക്കെ പോയി.. ഇനി പേടിച്ചു നീ വഴിയിൽ എങ്ങാനും ബോധം കെട്ടു വീണോ എന്നറിയാൻ ഇറങ്ങിയതാ… ”

ഒന്നും മിണ്ടാനാകാതെ എന്റെ മറുപടികൾ എല്ലാം തൊണ്ടയിൽ തന്നെ കുടുങ്ങി…

“സമയം കളയാതെ നീ പോയി കുളിക്കാൻ നോക്കു.. ഞാൻ തറവാട്ടിൽ പോയി മോളെ കൂട്ടികൊണ്ടു വരട്ടെ.. ”

എന്നും പറഞ്ഞു ജയേട്ടൻ ഒരു കുടയും എടുത്തു ഇറങ്ങുമ്പോൾ എനിക്ക് ഒന്ന് മനസിലായി ഫോണിൽ വരുന്ന മനം കുളിർപ്പിക്കുന്ന മെസ്സേജ് കളെക്കാൾ ഒരു പെണ്ണിന് വേണ്ടത് അവളെ സംരക്ഷിക്കുന്നൊരു പുരുഷൻ തന്നാണ്… സുന്ദരമായ വാക്കുകളേക്കാൾ സർപ്രൈസ് കളെക്കാൾ ആ സുരക്ഷിതത്വം തന്നാണ് വലുത്… നനഞ്ഞൊട്ടി ജയേട്ടൻ വീട്ടിലോട്ടു കേറുമ്പോൾ അറിയാതെ ഞാൻ ആ കയ്യിൽ പിടിച്ചു പോയി…

“പോയി കുളിക് ഗംഗേ ”

എന്നും പറഞ്ഞെന്നെ ഉന്തി വിടുമ്പോൾ അന്നാദ്യമായി എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി… ഒരുപാട് മധുര സ്വപനങ്ങളിൽ എവിടെയൊക്കെയോ മനസൊന്നു പതറിയത്തിൽ…

അപ്പോളും എന്റെ ഫ്‌ബി ഇൻബൊക്സ് തകർത്തു പെയ്യുന്നുണ്ടായിരുന്നു…..

രചന: ജ്വാല മുഖി

Leave a Reply

Your email address will not be published. Required fields are marked *