രാവണത്രേയ, തുടർക്കഥ ഭാഗം 13 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

ദാ കുടിയ്ക്ക്…. എന്റെ ഭർത്താവിന് ഞാൻ ചായ കൊണ്ടു തരുന്നതൊക്കെ ഇഷ്ടാക്വോന്ന് അറിയില്ലല്ലോ… നിന്റെ ദേഷ്യത്തിന് ഇതെങ്ങാനും എന്റെ മുഖത്തൊഴിക്കാൻ തോന്നിയാലോ… അതിനുള്ള ഒരു ടെസ്റ്റ് ഡോസല്ലേ….

ത്രേയ അതും പറഞ്ഞ് ചായക്കപ്പ് രാവണിന് നേരെ നീട്ടിയതും അവനത് അവളുടെ മുഖത്തേക്ക് നോക്കാൻ കൂട്ടാക്കാതെ തന്നെ കൈയ്യിൽ വാങ്ങി… രാവണിന്റെ ആ മാറ്റം കണ്ടതും ത്രേയയുടെ മുഖം സന്തോഷത്തോടെ വിടർന്നു…അവളൊരു പുഞ്ചിരി മുഖത്തൊളിപ്പിച്ച് നിന്നതും രാവൺ ആ ചായക്കപ്പ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു….

അത് കണ്ടതും ത്രേയ ഒരു ഞെട്ടലോടെ ഇരു ചെവികളും പൊത്തി രാവണിന്റെ ചെയ്തികൾ നോക്കി നിന്നു…

എന്താ രാവൺ ഇത്…???എന്തിനാ ആ ചായക്കപ്പ് നിലത്തേക്ക് എടുത്തെറിഞ്ഞത്…??

എനിക്ക് ചായ ഇഷ്ടമല്ല.. അതുകൊണ്ട് എറിഞ്ഞു…

രാവൺ അതും പറഞ്ഞ് ഒരു കൂസലും കൂടാതെ ഷെൽഫിന് നേർക്ക് തിരിഞ്ഞു…അതിൽ നിന്നും ഒരു ഫുൾ സ്ലീവ് ബനിയൻ എടുത്തിട്ട് വീണ്ടും ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചു നിന്നു…. അപ്പോഴാണ് റൂമിന്റെ ഡോറ് തുറന്ന് കൊണ്ട് വേദ്യ അവിടേക്ക് വന്നത്….അവളുടെ കൈയ്യിൽ ഒരു കപ്പ് കോഫിയും ഒരു ന്യൂസ് പേപ്പറും കരുതിയിരുന്നു…വേദ്യയുടെ മുഖം കണ്ടതും ത്രേയയ്ക്ക് അടിമുടി തരിച്ചു കയറാൻ തുടങ്ങി…അവളാ ദേഷ്യത്തിൽ തന്നെ വേദ്യയെ ദഹിപ്പിച്ചൊന്ന് നോക്കി നിന്നു… പക്ഷേ ത്രേയയെ പാടെ അവഗണിച്ച് മുഖത്തൊരു തരം പുച്ഛഭാവം നിറച്ചു കൊണ്ട് വേദ്യ രാവണിനെ ലക്ഷ്യമാക്കി നടന്നു….

ഹേമന്തേട്ടാ…ദാ കോഫി… എനിക്കറിയാമായിരുന്നു ഇതൊക്കെ ചെയ്തു തരാനായി ഇവിടെ ആരും ഉണ്ടാകില്ലാന്ന്…. ചിലരൊക്കെ അവരവരുടെ നേട്ടം കൊയ്യാൻ വേണ്ടീട്ടല്ലേ ഇവിടേക്ക് വന്നിരിക്കുന്നത്… അതിനിടയിൽ ഹേമന്തേട്ടന്റെ കാര്യം നോക്കാൻ എവിടെയാ നേരം…

ത്രേയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വേദ്യ അത്രയും പറഞ്ഞ് കൈയ്യിലിരുന്ന ന്യൂസ് പേപ്പർ ടേബിളിന് പുറത്തേക്ക് വച്ചു…ശേഷം കൈയ്യിൽ കരുതിയിരുന്ന കോഫി അവൾ അവന് നേർക്ക് നീട്ടി….വേദ്യയുടെ ആ നീക്കം കണ്ടതും രാവണിന്റെ നോട്ടം നേരെ പാഞ്ഞത് ത്രേയയിലേക്കായിരുന്നു…ആ കാഴ്ച കണ്ട് മുഖവും വീർപ്പിച്ച് നില്ക്കുന്ന ത്രേയയെ കണ്ടതും വീണു കിട്ടിയ അവസരം മുതലെടുത്ത് കൊണ്ട് രാവൺ മുഖത്തൊരു ചിരി വിരിയിച്ചു…. പതിവുകളെല്ലാം തെറ്റിച്ചു കൊണ്ട് രാവണിന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി വേദ്യയെ ശരിയ്ക്കും അമ്പരപ്പിച്ചു….അവനാ ചിരിയോടെ തന്നെ വേദ്യയ്ക്ക് നേരെ ലുക്ക് വിട്ട് അവൾടെ കൈയ്യിൽ നിന്നും കോഫി കപ്പ് വാങ്ങാനായി കൈനീട്ടി…

അതുവരെയും അക്ഷമയോടെ ആ കാഴ്ചകൾ കണ്ടു നിന്ന ത്രേയ രാവണിന്റെ ആ പ്രതികരണം കണ്ടതും അവർക്കരികിലേക്ക് പാഞ്ഞടുത്തു…രാവൺ കൈനീട്ടി വാങ്ങാൻ തുനിഞ്ഞ കോഫി കപ്പ് ഞൊടിയിടയിൽ തന്നെ ത്രേയ തന്റെ കൈയ്യിൽ വാങ്ങി വച്ചു…ത്രേയയുടെ ആ നീക്കം രാവണിലും വേദ്യയിലും ഒരുപോലെ ഞെട്ടലുളവാക്കി….

ഞാൻ ഇന്നലെ തന്നതിന്റെയൊന്നും അർത്ഥം നിവേദ്യ വൈദ്യനാഥന് മനസിലായില്ലാന്നുണ്ടോ……

ത്രേയ അതും പറഞ്ഞ് കോഫി കപ്പിന് മുകളിൽ കൈചേർത്ത് അതിനെ മുറുകെ അടച്ച് പിടിച്ചു നിന്നു….

ത്രേയാ…ദേ കളിയ്ക്കല്ലേ…ഇന്നലെ നീയെന്നെ തല്ലിയ കാര്യം ഞാനിവിടെ ആരോടും പറഞ്ഞിട്ടില്ല….വേണ്ടാന്ന് വച്ചിട്ടാ… അല്ലെങ്കിൽ ഇന്നലെ രാത്രി തന്നെ അതിനുള്ള മറുപടി എന്റെ പപ്പ നിനക്ക് തന്നേനെ…

വേദ്യയുടെ ആ പറച്ചില് കേട്ടതും ത്രേയേടെ ചുണ്ടിൽ ഒരു ചിരി പൊട്ടി…അവളതിനെ ഒരു കൈയ്യാലെ മറച്ചു പിടിച്ചു…

എടീ വേദ്യേ… അല്ലെങ്കിലും ഇരന്നു വാങ്ങുന്ന അടീടെ കണക്ക് ആരോടും പറയാതിരിക്കുന്നതാ നല്ലത്…കാരണം എന്റെ കൈയ്യീന്ന് പടക്കം പൊട്ടണ പോലെ രണ്ടെണ്ണം വാങ്ങീട്ടാ മോളിന്നലെ ഇവിടെ നിന്നും ഇറങ്ങി പോയതെന്ന് ആരും അറിയില്ലല്ലോ…അതിനി വെറുതെ വല്യച്ഛനെ അറിയിച്ച്…ഈ പൂവള്ളീടെ പൊതുസഭയിൽ വിചാരണ ചെയ്ത്…. മുതിർന്നവർ തൊട്ട് ഇവിടുത്തെ വേലക്കാരെ വരെ അറിയിച്ചാലുള്ള നാണക്കേട് നീയൊന്ന് ഓർത്തു നോക്കിയേ…ഇതാകുമ്പോ നീ സേഫാ…ആകെ ആ രംഗം നേരിൽ കണ്ടത് ഞാനും,രാവണും പിന്നെ നീയുമാ….ഞാനെന്തായാലും നിന്നെ നാണംകെടുത്താനായി ഇത് പുറത്ത് പറയില്ല…നീയും പറയില്ല എന്ന കാര്യത്തിൽ എനിക്ക് ഏറെക്കുറെ വിശ്വാസമുണ്ട്… പിന്നെയുള്ളത് രാവണാ….

ത്രേയ അതും പറഞ്ഞ് രാവണിനെ ഒന്ന് നോക്കിയതും അവനവളെ ചുട്ടെരിക്കാൻ പാകത്തിന് കലിപ്പും ഫിറ്റ് ചെയ്ത് നിൽക്ക്വായിരുന്നു…..

എന്റെ ഭർത്താവാണെങ്കിലും പറയാതിരിക്കാൻ പറ്റില്ല…ഇവന് ദേഷ്യം വരുമ്പോൾ എന്തൊക്കെയാ കാട്ടി കൂട്ടുന്നേന്ന് പറയാൻ പറ്റില്ല… അതുകൊണ്ട് നീ ഇവനെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാതിരുന്നാൽ മതി… അപ്പോ രാവണും ഇക്കാര്യം പുറത്ത് പറയില്ല…അല്ലേ രാവൺ…

ത്രേയ അതും പറഞ്ഞ് രാവണിന്റെ വലത് കൈയ്യിലേക്ക് ഒരു കൈയ്യാൽ മുറുകെ ചുറ്റി പിടിച്ചു നിന്നു…

ത്രേയ നീ വെറുതെ കളിയ്ക്കല്ലേ എന്റെ മുന്നിൽ……

വേദ്യ രണ്ടും കല്പിച്ച് ദേഷ്യത്തോടെ ത്രേയയ്ക്ക് നേരെ പാഞ്ഞടുത്തതും ത്രേയ ഉള്ളിലുരുണ്ട് കൂടിയ മുഴുവൻ ദേഷ്യവും ആവാഹിച്ച് കൊണ്ട് കൈയ്യിലിരുന്ന കോഫി കപ്പ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു……

ത്രേയ….!!!!

ആ രംഗം കണ്ടതും രാവണിന്റെ ഉള്ളിലെ ദേഷ്യത്തിന്റെ നിയന്ത്രിണം വിട്ടു…അവൻ ഒരൂക്കോടെ അവന്റെ കൈയ്യിൽ പിടി മുറുക്കി നിന്ന ത്രേയയുടെ കൈയ്യിനെ കുടഞ്ഞെറിഞ്ഞു… അവളുടെ കൈയ്യിൽ പിടി മുറുക്കി ശക്തിയോടെ വലിച്ച് അവളെ അവന് നേർക്ക് നിർത്തി…..ശേഷം കൈവലിച്ച് ത്രേയയ്ക്ക് നേരെ ഒന്ന് പൊട്ടിക്കാൻ തുനിഞ്ഞതും ത്രേയ പെട്ടെന്ന് നിലത്തേക്ക് കുനിഞ്ഞതും ഒരുമിച്ചായിരുന്നു…..ആ സമയത്തിനുള്ളിൽ തന്നെ രാവണിന്റെ കൈ ഊക്കോടെ ത്രേയയ്ക്ക് പിന്നിലായി നിന്ന വേദ്യയുടെ കവിളിൽ പതിഞ്ഞിരുന്നു…. അടിയുടെ ഒച്ചയും, പുകച്ചിലും കാരണം ഒരുനിമിഷം വേദ്യയ്ക്ക് സ്ഥലകാല ബോധം പോലും നഷ്ടമായി എന്നു വേണം പറയാൻ….

വേദ്യയുടെ കവിളിൽ രാവണിന്റെ കൈയ്യിന്റെ അഞ്ച് വിരൽപ്പാടും പതിഞ്ഞു കഴിഞ്ഞപ്പോഴാണ് അടിച്ച അടി മാറിപ്പോയ കാര്യം രാവണിന് മനസിലായത്…. ആ കുറ്റബോധത്തിൽ കൈ പിന്വലിച്ച് ഒരു ഞെട്ടലോടെ നിന്ന രാവണിന് മുന്നിലേക്ക് ഒരു പുഞ്ചിരിയോടെ ത്രേയ അവതരിച്ചതും അവൾക് പിന്നിൽ നിന്ന വേദ്യ തലകുടഞ്ഞ് സ്ഥലകാല ബോധം വീണ്ടെടുക്ക്വായിരുന്നു….

നിലത്ത് നിന്നും വേഗത്തിൽ ഉയർന്നു പൊങ്ങി നിന്ന ത്രേയ മുന്നിലേക്കും പിന്നിലേക്കും മാറിമാറി നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി….കരണത്ത് തെളിഞ്ഞു നിന്ന തിണർത്ത പാടിൽ തടവി നിന്ന വേദ്യയെ കണ്ടതും അവളുടെ ചിരിയുടെ തോത് കൂടി വന്നു….

എങ്കിലും എന്റെ രാവൺ…നീ ഇമ്മാതിരി അടി അടിക്കേണ്ടിയിരുന്നില്ല.. നിനക്കൊരു കോഫി കൊണ്ടു തന്നു എന്ന തെറ്റല്ലേ ഈ പാവം ചെയ്തുള്ളൂ…അതിന് ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ….. അടിച്ച അടിയിൽ അണപ്പല്ല് വരെ ഇളകിയിട്ടുണ്ടാവും….

ത്രേയ അതും പറഞ്ഞ് വയറിൽ പൊത്തി ചിരിക്കാൻ തുടങ്ങി…. അപ്പോഴേക്കും രാവൺ പല്ലും ഞെരിച്ചു കൊണ്ട് ത്രേയയെ നോക്കി ദഹിപ്പിക്ക്യായിരുന്നു…. കണ്ണീര് അണപൊട്ടി ഒഴുകുന്ന വേദ്യയെ കണ്ടതും മുഖത്തെ ദേഷ്യം അല്പം കുറച്ചു കൊണ്ട് അവനവളെ സമാധാനിപ്പിക്കാൻ തുടങ്ങി….അത് കണ്ടതും ത്രേയ പതിയെ ചിരിയടക്കി അവർക്കരികിലേക്ക് ചെന്നു നിന്നു….

ഹലോ… ഇത്തരം സമാധാനിപ്പിക്കൽസ് ഇവിടെ strictly restricted ആണ്….. ഈ റൂമിൽ സാറിന് സമാധാനിപ്പിക്കാൻ അവകാശമുള്ള ഒരാൾ മാത്രമേയുള്ളൂ…അതീ ഞാനാണ്….

ത്രേയ അതും പറഞ്ഞ് രാവണിനെ വീണ്ടും മൂപ്പിക്കാൻ തുടങ്ങി…ത്രേയേടെ ആ വർത്തമാനം കേട്ടതും രാവൺ പല്ല് ഞെരിച്ച് കൊണ്ട് ത്രേയയുടെ കൈയ്യിൽ പിടി മുറുക്കി അവളെ പിന്നിലേക്ക് മാറ്റി നിർത്തി….

ഇതൊക്കെ പറയാൻ നീ ആരാടീ…

എന്താ രാവൺ ഇത്… ഞാൻ നിന്റെ ആരാണെന്ന് ഇടയ്ക്കിടേ ഞാനിങ്ങനെ പറഞ്ഞ് കൊണ്ടിരിക്കണോ… എന്റെ നാവിൽ നിന്നും അങ്ങനെ കേൾക്കാൻ നിനക്കത്രയും ഇഷ്ടാ… എങ്കില് കേട്ടോ… ഞാൻ നിന്റെ ഭാര്യ…മിസിസ്സ് ത്രയമ്പക രാവൺ…. ദേ താലി….

ത്രേയ അതും പറഞ്ഞ് ഒരു കൈകൊണ്ട് കഴുത്തിലെ താലി ഡ്രസ്സിന് മുകളിലേക്ക് വലിച്ചിട്ട് നിന്നു…. ആ കാഴ്ച കൂടി കണ്ടതും രാവൺ ദേഷ്യം കൊണ്ട് അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി… രാവണിന്റെ അടുത്ത നീക്കം അടിയിലേ കലാശിക്കൂ എന്ന് മനസിലാക്കിയ ത്രേയ അവനെ മറികടന്ന് വേദ്യയ്ക്ക് നേരെയൊന്ന് തലയെത്തി നോക്കി…

ത്രേയയെ രാവൺ തല്ലുന്നത് കാണാനായി മനക്കോട്ട കെട്ടി കാത്തു നിൽക്ക്വായിരുന്നു വേദ്യ….

ഇതെന്ത് മര്യാദയാ വേദ്യ നിന്റെ…. എന്റെ husband എന്നോട് അല്പം റൊമാൻസിക്കാൻ പോലും സമ്മതിക്കില്ലേ നീ…. രാവൺ കൈനീട്ടി ഒന്ന് തന്നിട്ടും മതിയായില്ലേ നിനക്ക്…ഇനി ഇറങ്ങി പോകാൻ കൂടി പറയണോ…

രാവണിന്റെ മറവുള്ളത് കൊണ്ട് ത്രേയയെ നന്നായി കാണാൻ വേദ്യയ്ക്ക് കഴിയുമായിരുന്നില്ല… ത്രേയേടെ ആ വർത്തമാനം കൂടി കേട്ടതും വേദ്യയുടെ ദേഷ്യം ആളിക്കത്താൻ തുടങ്ങി…അവളാ ദേഷ്യത്തിൽ തന്നെ കരണത്ത് കൈ ചേർത്ത് കൊണ്ട് ത്രേയയെ ദഹിപ്പിച്ചൊന്ന് നോക്കി തിരികെ നടന്നു…റൂമിന്റെ ഡോറ് ശക്തിയിൽ വലിച്ചടച്ച് കൊണ്ട് വേദ്യ റൂം വിട്ടിറങ്ങിയതും ത്രേയയുടെ ചുണ്ടിൽ ഒരു വിജയിച്ചിരി വിരിഞ്ഞു….അവളാ ചിരിയോടെ തന്നെ രാവണിന് നേർക്ക് ലുക്ക് വിട്ടു….

എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് മനസിലായില്ലേ ഭർത്താവേ….

ത്രേയ ഇരു പുരികങ്ങളും ഉയർത്തി ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞതും രാവണവളെ തറപ്പിച്ചൊന്ന് നോക്കി അവളിലെ പിടി അയച്ച് ഒരൂക്കോടെ മുഖം തിരിച്ചു നടക്കാൻ ഭാവിച്ചു….

ഏയ്…നിന്നേ..one minute…

ത്രേയ അതും പറഞ്ഞ് രാവണിന് മുന്നിലേക്ക് വന്നു നിന്ന് അവനെ അവിടെ തടുത്തു നിർത്തി…

രാവിലെ എന്നും കോഫി കുടിയ്ക്കുന്നത് ശീലമാണെന്ന് പറഞ്ഞല്ലോ… പക്ഷേ ഇനിയത് വേണ്ട…കാരണം ഈ ബെഡ് കോഫിയിലും ചെറിയൊരു തരം ലഹരിയുണ്ട്… എന്റെ ഭർത്താവ് ആ പഴയ രാവണായാൽ മതി…

ത്രേയ അതും പറഞ്ഞ് രാവണിന്റെ ബനിയനിൽ ഇരുകൈയ്യാലെ മുറുകെ പിടിച്ചു കൊണ്ട് അവനെ അവളോട് ചേർത്ത് അവന്റെ മുഖത്തേക്ക് തന്നെ പുഞ്ചിരിയോടെ ഉറ്റുനോക്കി നിന്നു….

ഈ രാവണിനെ ത്രേയയ്ക്ക് തീരെ….തീരെ…തീരെ… ഇഷ്ടമല്ല…. അതുകൊണ്ട് എന്റെ രാവണിപ്പോ നല്ല കുട്ടിയായി ഈ ത്രേയ സ്നേഹത്തോടെ ഉണ്ടാക്കി കൊണ്ടു വന്ന ഒരു ചൂട് ചായ കുടിയ്ക്കണം…

ത്രേയ അതും പറഞ്ഞ് രാവണിൽ നിന്നുള്ള പിടി അയച്ച് ടേബിളിന് ഒരു കോർണറിലായി ഭദ്രമായി അടച്ച് വച്ചിരുന്ന ഒരു കപ്പ് ചായ എടുത്ത് രാവണിന് നേരെ നടന്നു ചെന്നു….

പ്ലീസ് ഇതും കൂടി നിലത്ത് എറിഞ്ഞുടയ്ക്കല്ലേ രാവൺ..ഇനി താഴെ ചായ ഉണ്ടാക്കിയതില്ല…ഇത് അവസാനത്തേതാ… നിന്റെ ദേഷ്യം എവിടെ വരെ പോകുംന്ന് നിശ്ചയമുള്ളത് കൊണ്ട് മൂന്ന് ചായ ട്രേയിലാക്കി ഞാനിവിടെ കൊണ്ട് വച്ചിരുന്നു… അതിലൊന്ന് ഞാൻ കുടിച്ചു… ഒന്ന് ദേ ഗംഗാ നദിപോലെ നിലത്ത് കരകവിഞ്ഞ് ഒഴുകുന്നു… ഇനി ആകെയുള്ള ശേഷിപ്പാ ഇത്… ഇതെന്റെ ഭർത്താവ് സ്വീകരണം….

ത്രേയ അതും പറഞ്ഞ് രാവണിന്റെ കൈപിടിച്ച് ആ ചായക്കപ്പ് അവന്റെ കൈവെള്ളയിലേക്ക് വച്ച് തിരിഞ്ഞു നടന്നു….രാവണിന് നേരെ ഒരു നോട്ടം പോലും നല്കാതെ റൂം വിട്ടു നടന്ന അവളെ അവനത്ഭുതത്തോടെ നോക്കി നിന്നു….

അവന്റെ കണ്ണെത്തും ദൂരത്ത് നിന്നും അവള് നടന്നകന്നതും രാവണിന്റെ നോട്ടം കൈയ്യിലിരുന്ന ചായക്കപ്പിലേക്ക് പാഞ്ഞു…

കപ്പിൽ പതിച്ചു വച്ചിരുന്ന സ്മൈലി sticker കണ്ടതും രാവണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…. അതുവരെയും ത്രേയയോട് തോന്നിയ എല്ലാ ദേഷ്യവും ശമിപ്പിച്ചു കൊണ്ട് ആവിപാറുന്ന ആ ചായയുടെ സുഗന്ധം അവൻ നാസികയിലേക്ക് ആവാഹിച്ചെടുത്തു…. ശേഷം ഒരു പുഞ്ചിരിയോടെ ചായക്കപ്പ് ചുണ്ടോട് ചേർത്ത് അതിൽ നിന്നും ഒരു കവിൾ ചായ ഉള്ളിലാക്കി….ത്രേയ പണ്ട് നല്കിയിരുന്ന മസാല ചായയുടെ രുചി വർഷങ്ങൾക്കു ശേഷം അവന്റെ ശരീരത്തേയും മനസിനേയും ഒരുപോലെ ഉണർത്തി….

രാവണിന് ഏറെ പ്രീയപ്പെട്ട ആ രുചിയെ ലഹരി പദാർത്ഥങ്ങൾ വേട്ടയാടിയ അവന്റെ നാവിലെ രസമുകുളങ്ങൾ ചൂടോടെ ആവാഹിച്ചെടുത്തു… താൻ അന്നുവരെ ദിനചര്യ ആക്കിയിരുന്ന ലഹരി വസ്തുക്കളുടെ ഉന്മാദത്തിനും അപ്പുറം അവ ഒരു പ്രത്യേക അനുഭൂതി പകരുന്നുണ്ടായിരുന്നു….

കണ്ണുകളടച്ച് ഓരോ കവിൾ ചായയും ആസ്വദിച്ച് കുടിച്ചു കൊണ്ട് നിന്ന രാവണിനെ നോക്കി ത്രേയ റൂമിന് പുറത്ത് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിൽക്ക്വായിരുന്നു…. ആ കാഴ്ച അവളുടെ കണ്ണിനും മനസിനും ഒരുപോലെ സന്തോഷം പകരുന്നുണ്ടായിരുന്നു… ഏറെ നേരം അതാസ്വദിച്ചു നിന്ന ശേഷം ത്രേയ പതിയെ അവിടം വിട്ട് തിരികെ താഴേക്ക് നടന്നു… _________

നീയെന്താ നിമ്മീ ഇവിടെ…???

തനിക്ക് പിന്നിൽ നിന്ന നിമ്മിയെ കണ്ടതും അച്ചു ഒരു ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും പിന്നിലേക്ക് വീഴാനായി ഒന്നാഞ്ഞു…ആ കാഴ്ച കണ്ടതും നിമ്മി കൈയ്യിലിരുന്ന പാത്രം നിലത്തേക്കിട്ട് അച്ചൂനെ വീഴാതെ തടുത്തു പിടിച്ചു… അവളുടെ കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നുണ്ടെന്നറിഞ്ഞ അച്ചു ഹരിശ്രീ അശോകൻ style ൽ അവളെ ചൂഴ്ന്നൊന്ന് നോക്കി….

എന്റെ കർത്തൂ….. ഈ പെണ്ണെന്താ ഗൗതം മേനോൻ film ലെങ്ങാനും അഭിനയിക്കാൻ തയ്യാറെടുക്ക്വാണോ…???

അച്ചു അതും വിചാരിച്ച് പതിയെ നിമ്മീടെ കൈ അവനിൽ നിന്നും അയച്ചെടുത്ത് ഒരു കള്ള ലക്ഷണത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു…

അച്ചുവേട്ടാ ഒന്ന് നിന്നേ… അങ്ങനെ ഇപ്പോ മുങ്ങാൻ നോക്കണ്ട…

നിമ്മീടെ ആ ചോദ്യം കേട്ട് അച്ചു നിന്ന നിൽപ്പിൽ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു….

എന്റെ ഷൂവിന്റെ ലേയ്സ് അഴിഞ്ഞെടീ… ഇതൊന്ന് കെട്ടട്ടേ….

അച്ചു അതും പറഞ്ഞ് മുറുകെ കെട്ടി വച്ചിരുന്ന ലേസ് അഴിച്ച് വീണ്ടും കെട്ടാൻ തുടങ്ങി….

കെട്ടി കെട്ടി വലിയ കുരുക്കാവാണ്ട് നോക്കിക്കോ… പിന്നെ ആ കുരുക്കഴിക്കാൻ നല്ല പ്രയാസമായിരിക്കും…

അച്ചു അത് കേട്ടതും ഒരു പുഞ്ചിരിയോടെ മുഖമുയർത്തി നിമ്മിയെ ഒന്ന് നോക്കി…അവന് മുഖം നല്കാതെ മറ്റെവിടേക്കോ ലുക്ക് വിട്ടു നിൽക്കുന്ന നിമ്മിയെ കണ്ടതും അച്ചൂന്റെ മുഖം ചെറിയൊരു കുസൃതിയോടെ വിരിഞ്ഞു… ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ അടക്കി പിടിച്ചു കൊണ്ട് അവനാ ലേയ്സ് മുറുകെ കെട്ടി വച്ച് അവൾക് നേരെ എഴുന്നേറ്റ് നിന്നു…

ന്മ്മ…ഇനി പറ..എന്താ നിന്റെ യഥാർത്ഥ പ്രശ്നം…??? ഇത്രയും നാളും ഞാൻ ഒന്നും കേൾക്കാൻ നിന്നു തരുന്നില്ല എന്നായിരുന്നല്ലോ പരാതി…അതങ്ങ് തീർത്തേക്കാം…

എന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അച്ചുവേട്ടന് കൃത്യമായി അറിയാല്ലോ… പിന്നെ എന്തിനാ ഈ അഭിനയം…!!! എല്ലാം മനസിലാക്കി എന്റെ നിർബന്ധത്തിന് വഴങ്ങി ഇങ്ങനെ എനിക്ക് മുന്നിൽ നിന്ന് തരണംന്നില്ല…. എനിക്ക് മുഖം തരാതെ ഓടി രക്ഷപെടണംന്നുമില്ല…

നിമ്മി മുഖം വീർപ്പിച്ചു കൊണ്ട് അത്രയും പറയുമ്പോഴും അതെല്ലാം കേട്ട് ചിരി കടിച്ചു പിടിച്ചു നില്ക്ക്വായിരുന്നു അച്ചു…

ദേ ഇപ്പോഴും അച്ചുവേട്ടന് എല്ലാം തമാശയാ… ഇനിയും ഞാനെന്താ പറയണ്ടേ… അതുകൊണ്ട് എനിക്കൊന്നും പറയാനില്ല അച്ചുവേട്ടനോട്…പോരേ…

നിമ്മി അതും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് അച്ചൂനെ മറികടന്ന് നടക്കാൻ ഭാവിച്ചതും അച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് അവൾക് പിന്നാലെ കൂടി…

ഡീ…നിമ്മിക്കുട്ടീ…നിന്നേ… ഞാൻ പറയട്ടെടീ…

അച്ചു അതും പറഞ്ഞ് നിമ്മിയെ അവിടെ പിടിച്ചു നിർത്തി…. അവൾക് മുന്നിലേക്ക് നടുവിന് കൈതാങ്ങി അവനും നിന്നു….

നിന്റെ ഉള്ളിൽ എന്താണെന്ന് പല തവണ നീ എന്നോട് പറഞ്ഞിട്ടുണ്ട്..അത് സത്യം തന്നെയാ… പക്ഷേ അതൊക്കെ നിന്റെ പ്രായത്തിലുള്ള എല്ലാ പെൺകുട്ടികൾക്കും തോന്നാറുള്ള ഒരുതരം infatuation ആ…ഇത് ഞാൻ എത്ര തവണ നിന്നോട് പറഞ്ഞിട്ടുണ്ട്….

നീ കുറച്ചു കൂടി വല്യ കുട്ടി ആകുമ്പോ എല്ലാം ശരിയായിക്കോളും… അപ്പോ നിനക്ക് യോജിച്ച നല്ലൊരു പയ്യനെ വൈദിയങ്കിൾ തന്നെ കണ്ടെത്തി തരുമെടീ… ഇപ്പോ അച്ചുവേട്ടന്റെ നിമ്മിക്കുട്ടി നല്ല കുട്ടിയായി പഠിക്കാൻ നോക്ക്….!!!

അച്ചൂന്റെ ആ വർത്തമാനം കേട്ടതും നിമ്മീടെ മുഖമാകെ വാടി…

ഇയാള് വലിയ ചുന്ദരനായോണ്ടല്ല ഞാനിങ്ങനെ പിറകേ നടക്കുന്നത്… എത്ര ചെക്കന്മാരാ കോളേജിൽ എന്റെ പിറകെ നടക്കുന്നതെന്നറിയ്വോ… അവരോടൊന്നും തോന്നാത്ത ഒരിഷ്ടം ഈ മരമോന്തയോട് തോന്നിപ്പോയി…അത് ചിലപ്പോ കുഞ്ഞും നാൾ മുതൽ മുറച്ചെറുക്കൻ എന്ന് കേട്ടു തുടങ്ങിയത് കൊണ്ടാവും….

ആഹാ.. അങ്ങനാണെങ്കിൽ അഗ്നിയും രാവണും നിന്റെ മുറച്ചെറുക്കന്മാരല്ലേ… അവരോടൊന്നും തോന്നാത്ത ആ ഇഷ്ടം ഈ മരമോന്തയോട് തോന്നിയത് എന്താണ് മിസ്സ് നിർമ്മാല്യ വൈദ്യനാഥൻ…

അച്ചു ഒരു കുസൃതിയോടെ അവന്റെ മുഖത്തിന് നേരെ ചൂണ്ട് വിരൽ കൊണ്ട് വട്ടം വരച്ച് കാട്ടിയതും നിമ്മി കലിപ്പിച്ചു കൊണ്ട് അവനെ ഇരുത്തിയൊന്ന് നോക്കി…

അച്ചുവേട്ടന് എല്ലാം തമാശയാ… ഞാൻ എങ്ങനെ പറഞ്ഞാലും അതൊക്കെ പക്വതയില്ലാതെ പറയ്വാന്നല്ലേ…ഒരു തവണ എങ്കിലും എന്റെ മനസ് കാണാൻ ഒന്ന് ശ്രമിച്ചാലെന്താ…???

ദേ പെണ്ണേ ഈ കൈ നീട്ടി ഒന്ന് പൊട്ടിച്ചാലുണ്ടല്ലോ… അവൾടെ ഒരു മനസ്…!!!! മൊട്ടേന്ന് വിരിഞ്ഞിട്ടില്ല അപ്പൊഴേക്കും ഒരു ദിവ്യപ്രേമവും മാങ്ങാത്തൊലിയും…

ഞാനെപ്പോഴെങ്കിലും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോടീ…ഇല്ലല്ലോ… പിന്നെ ഇഷ്ടമാണെന്ന രീതിയിൽ behave ചെയ്തിട്ടുണ്ടോ..അതുമില്ലല്ലോ… പിന്നെ നീയെന്തിനാ ആവശ്യമില്ലാത്തതൊക്കെ എടുത്ത് ചങ്കിൽ കയറ്റുന്നേ…

അച്ചുവങ്ങനെ പറഞ്ഞതും നിമ്മി കരച്ചിലിന്റെ വക്കിലെത്തി….അച്ചുവിന് മുന്നിൽ നിന്നും വിങ്ങി വിങ്ങി കരയുന്ന നിമ്മിയെ കണ്ടതും ഒരു നിമിഷം അവന്റെ മുഖത്ത് അല്പം വാത്സല്യത്തോടെയുള്ള ഒരു പുഞ്ചിരി വിരിഞ്ഞു….

നിമ്മീ…………. ….. ഡീ……….. നിമ്മിക്കുട്ടീ… ഇവിടേക്ക് നോക്കിയേ..അച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കിയേ…

അച്ചുവിന്റെ ആ പറച്ചിലിൽ ഒരു ചിരി കലർന്നിരുന്നു… അതിനനുസരിച്ച് അവന് മുഖം കൊടുക്കാതെ അവള് തലകുനിച്ച് നിന്നു… അവന്റെ നിർബന്ധം മുറുകിയതും നിമ്മി പതിയെ അച്ചുവിന് നേരെ മുഖമുയർത്തി നോക്കി….

നിമ്മീ…നീ എന്തിനാ ഇതിന്റെ പേരിൽ ഇങ്ങനെ കരയുന്നത്…. നിന്നെ ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ..

അച്ചുവിന്റെ വാക്കുകൾ കേട്ടതും നിമ്മീടെ മുഖത്ത് ചെറിയൊരു പ്രതീക്ഷ വിരിഞ്ഞു….

നീ വിചാരിക്കും പോലെ ഒരിഷ്ടം എനിക്ക് നിന്നോടില്ല എന്നല്ലേ പറഞ്ഞത്…

അതെന്താണെന്നാ എനിക്കറിയേണ്ടത്…?? അച്ചുവേട്ടന്റെ സങ്കല്പത്തിന് ചേരണ ഒരു പെണ്ണല്ലേ ഞാൻ…അതോ അച്ചുവേട്ടന്റെ മുന്നിൽ സൗന്ദര്യം തീരെ കുറഞ്ഞ ഒരു പെണ്ണാണോ ഞാൻ….

നിമ്മി കണ്ണീര് തുടച്ച് കൊണ്ട് നിന്നു…

ഏയ്..അതല്ലെടീ… അങ്ങനെയല്ല…നീ നല്ല കുട്ടിയാ…. നിന്റെ ചേച്ചിയെ പോലെ അടി ഇരന്നു വാങ്ങുന്ന ശീലമില്ല, എല്ലാവരോടും അല്പസ്വല്പം മനുഷ്യത്വം കാട്ടാറുണ്ട്… പിന്നെ തരക്കേടില്ലാത്ത ഒരു മുഖവുമുണ്ട്… ഇതൊക്കെയാണ് ഒരു പെണ്ണിന്റെ യഥാർത്ഥ സൗന്ദര്യം… പക്ഷേ നിമ്മീ… ഞാൻ…ഞാനെന്റെ കുട്ടിക്കാലം മുതൽ നിന്നെ ഒരനിയത്തിക്കുട്ടിയിൽ അപ്പുറം മറ്റൊരു കണ്ണിലും കണ്ടിട്ടില്ല… ചെറുപ്പം മുതലേ ഒരുമിച്ച് കൂടെയിരുത്തി വളർത്തിയത് കൊണ്ടാവും.. അങ്ങനെയുള്ള ഞാൻ പെട്ടെന്നൊരു സുപ്രഭാതത്തിൽ നിന്നെ പ്രണയിച്ചു തുടങ്ങണംന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുന്നേ…നീ തന്നെ ഒന്ന് ചിന്തിച്ച് നോക്കിയേ…!!!

പിന്നെ അച്ചുവേട്ടൻ എന്തിനാ വഴിയിൽ കാണുന്ന പെൺപിള്ളേരെയെല്ലാം വായിനോക്കി നടക്കുന്നേ…അപ്പോഴൊന്നും ഇങ്ങനെയുള്ള ചിന്തകളോ ധാർമിക ബോധമോ ഞാൻ കണ്ടിട്ടില്ലല്ലോ…

നിമ്മീടെ ആ ചോദ്യം അച്ചൂന്റെ തിരുനെറ്റിയിൽ ഏറ്റ ഒരു പ്രഹരമായിരുന്നു…

എടീ അത് വേ…ഇത് റേ… നമ്മള് ചുമ്മാ റോഡിലൂടെ നടന്നു പോകുമ്പോ ചില വീടിന്റെ ഫ്രണ്ടിലൊക്കെ ഭംഗിയുള്ള ചില പൂക്കൾ നില്ക്കില്ലേ…നമ്മള് ചെറിയൊരു കൗതുകത്തിന് അതിനെയൊന്ന് നോക്കും.. that’s quite natural.. എന്നു കരുതി അത് ആരവിടെ നട്ടു,ആരുടെ പറമ്പിലാണ് നില്ക്കുന്നത്,അതിനി ഏതവനാണ് പറിച്ചോണ്ട് പോകുന്നതെന്ന് ചിന്തിക്കാറുണ്ടോ… അഞ്ച് മിനിറ്റ് നേരം ആ കാഴ്ച നമ്മുടെ കണ്ണിന് ഒരു കുളിർമ നല്കുന്നുണ്ടെങ്കിൽ നമ്മളതെന്തിന് വേണ്ടെന്ന് വയ്ക്കണം…!!!

അയ്യട…നല്ല പോളിസി.. ഇതൊക്കെ വേറെ വല്ല പെൺപിള്ളേരേം കെട്ടീട്ട് അവർടെ മുന്നിലേക്ക് ചെന്നു നിന്ന് പറഞ്ഞാ തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കും അവര്…ഞാനായത് കൊണ്ട് ഇതെല്ലാം ഇങ്ങനെ കേട്ട് നില്ക്കുന്നു… എങ്കിലും എനിക്കറിയാം അച്ചുവേട്ടൻ ഒരു പാവമാണെന്ന്….

എന്റെ പൊന്നു കുഞ്ഞേ..നീ ഈ കാര്യം വിട്ട് വേറെ എന്ത് വേണോ എന്നോട് സംസാരിച്ചോ… ഈ topic നമുക്ക് വിടാം….

എനിക്കങ്ങനെ വിടാൻ പറ്റുന്ന ഒരു topic അല്ല അച്ചുവേട്ടാ ഇത്.. ഞാനിപ്പോ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്ന ഒരു പെൺകുട്ടിയാ… അച്ചുവേട്ടൻ എത്ര തവണ പറഞ്ഞ് എന്നെയൊരു കൊച്ചുകുട്ടിയാക്കാൻ ശ്രമിച്ചാലും എനിക്കറിയാം ആവശ്യത്തിനുള്ള maturity യൊക്കെ ഇതിനോടകം എനിക്ക് വന്നിട്ടുണ്ടെന്ന്… അതുകൊണ്ട് ഞാനൊന്ന് കൂടി പറയ്വാ…ഞാനീ തീരുമാനത്തിൽ നിന്നും പിന്മാറില്ല… ഇയാൾക്ക് സൗകര്യം ഉണ്ടെങ്കിൽ എന്നെ കെട്ടാൻ നോക്ക്…

ഇല്ലെങ്കിലോ…???

അച്ചു പുരികമുയർത്തി നിന്നു…

എന്തായാലും അച്ചുവേട്ടൻ ഉടനെ തന്നെ ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം ചെയ്യുമല്ലോ…ആ പെൺകുട്ടി ഞാനല്ലെങ്കിൽ പിന്നെ ഈ നിമ്മിയെ അച്ചുവേട്ടൻ ജീവനോടെ കാണില്ല… matured ആകാത്ത ഒരു പെണ്ണിന്റെ immature ആയ ഒരു തീരുമാനമാണെന്ന് കൂട്ടിക്കോ…

എന്റെ പള്ളീ…നീ എന്തൊക്കെയാടീ ഈ പറയുന്നേ…നീ എന്നെ കെട്ടാൻ സമ്മതിക്കൂല്ലാന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാ…

നിമ്മീടെ പറച്ചില് കേട്ട് അച്ചു തലയിൽ കൈ വെച്ച് പോയി…

അതെ അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോ… അപ്പോഴും നോക്ക്യേ ഞാൻ മരിയ്ക്കുന്നേന് ഒരു വിഷമവുമില്ല ഈ ചെകുത്താന്…

നിമ്മി അതും പറഞ്ഞ് പല്ലും ഞെരിച്ചു കൊണ്ട് അച്ചൂന്റെ കാലിനിട്ട് ആഞ്ഞൊരു ചവിട്ട് കൊടുത്തു….

ഹാ..ഹമ്മേ..നീ എന്തിനാടീ ഇമ്മാതിരി ചവിട്ട് തന്നേ..എന്റെ കാല്…

അച്ചു ഒറ്റക്കാലിൽ ഉന്തിയുന്തി നിമ്മിയെ ഒന്ന് വലംവച്ചു…കാലിലെ വേദന കാരണം പാദവും തടവി നില്ക്ക്വായിരുന്നു അവൻ…

അച്ചുവേട്ടാ ഞാൻ തമാശയ്ക്ക് പറഞ്ഞതല്ല.. ഇക്കാര്യത്തിൽ ഞാൻ വളരെ വളരെ സീരിയസാ…അച്ചുവേട്ടൻ എന്നെയൊന്ന് മനസിലാക്ക്….

നിമ്മീടെ ആ അപേക്ഷ സ്വരം കേട്ടതും അതുവരെയും ചിരിയോടെ നിന്ന അച്ചുവിന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി..കാല് തടവി നിന്ന അവൻ പതിയെ അവൾക് നേരെ നോട്ടം പായിച്ചു…

നിമ്മീ…നീ…നീ എന്താ ഇപ്പോഴും ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നേന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല… ദേ നോക്കിയേ നിനക്ക് ചേരുന്ന ഒരാളല്ല ഞാൻ… നമ്മള് തമ്മില് ഒരിക്കലും ചേരില്ലെടീ… ഒരുത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ കറങ്ങി നടക്കുന്ന ഒരു ക്യാരക്ടറാ എന്റേത്.. ഒന്നിലും ഉറച്ചു നില്ക്കില്ല…ഓരോ സമയവും മനസിന് തോന്നുന്ന ഓരോ ഇഷ്ടങ്ങൾക്കും പിന്നാലെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ പൊയ്ക്കോണ്ടിരിക്കും… ആ എന്നെ നീ എന്തിനാ നിമ്മീ സ്നേഹിച്ചു തുടങ്ങിയത്…

നീ വിചാരിക്കും പോലെ ഒരു പാവം ക്യാരക്ടറല്ല എനിക്ക്… എന്റെ സ്വഭാവത്തിൽ ഒരുപാട് മോശവശങ്ങളുണ്ട്…

എനിക്കറിയാം ആ മോശവശങ്ങൾ ഏതൊക്കെയാണെന്ന്… മദ്യപാനവും,പുകവലിയുമൊന്നും അത്ര പരമമായ തെറ്റല്ല… പിന്നെ ചില പെൺപിള്ളേർടെ പിറകെ നടക്കുന്നത്… എന്റെ friend ദീപ്തി സുകേഷന്റെ സിസ്റ്റർ ദിവ്യ സുകേഷനെ പണ്ട് ഹരിഗോവിന്ദ് എന്ന drug addict ൽ നിന്നും രക്ഷിച്ച അശ്വാരൂഢ് എന്ന അച്ചു ഒരു പെൺകുട്ടിയോടും അതിര് കവിഞ്ഞ നിലയിൽ പെരുമാറില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്….

അച്ചുവിന്റെ മുഖം ഒരുനിമിഷം ഞെട്ടലോടും, സംശയത്തോടും ചുളിഞ്ഞു…

നീ..നീ ഇതെങ്ങനെ…????

എനിക്ക് അന്നേ ഇയാളെ ഇഷ്ടമായിരുന്നു… അപ്പോ പിന്നെ ഇതൊക്കെ ഞാനറിയാതിരിക്ക്വോ… അന്നും ഇന്നും ഇങ്ങനെ വായിനോക്കി നടക്കാനല്ലാതെ വേറെ ഒന്നും ഇയാളിൽ നിന്നും പ്രതീക്ഷിക്കണ്ടാന്ന് എനിക്കറിയാം… പിന്നെ ഈ സ്വഭാവം എന്റെ കഴുത്തിൽ ഒരു താലി കെട്ടും വരെ എനിക്ക് വലിയ പ്രോബ്ലം ഒന്നും ഉണ്ടാക്കില്ല…അത് കഴിയുമ്പോ എന്ത് വേണംന്ന് ഞാൻ തീരുമാനിച്ചോളാം…

നിമ്മീ..നീ… അച്ചു പറയാൻ വന്ന വാക്കിനെ അവന്റെ ചുണ്ടിൽ ചൂണ്ട് വിരൽ ചേർത്ത് വച്ച് നിമ്മി തടഞ്ഞു വച്ചു…

ഇനി അച്ചുവേട്ടൻ ഒന്നും പറയണ്ട… നേരത്തെ പറഞ്ഞത് പോലെ ഓരോ സമയവും ഓരോ ഇഷ്ടങ്ങൾ മനസില് കയറിപ്പറ്റുംന്ന് പറഞ്ഞില്ലേ… അതുപോലെ എപ്പോഴെങ്കിലും ഒരിഷ്ടമായി ഞാനും ഈ മനസിൽ കയറി കൂടുന്ന കാലം വരെ wait ചെയ്യാൻ ഞാൻ തയ്യാറാണ്…. അതുവരെയും ഇനി എന്നോട് ഒന്നും പറയണ്ട….. ഒന്നും………… പറയണ്ട……..

ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ നിന്നും കൈ പിന്വലിച്ച് അവളോടിയകന്നു… കുപ്പിവളക്കിലുക്കം പോലെയുള്ള ആ ചിരിയും നോക്കി അച്ചു അവിടെ തന്നെ സ്തബ്ദനായി നിന്നു…

ഈ പെണ്ണിനിത് എന്തോന്ന് വട്ടാണോ എന്തോ…!! Psychosis ൽ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായൊരു version ഇതാദ്യമാ.. ന്റെ സണ്ണിയ്യ്യേ…നീ തന്നെ തുണ…

അച്ചു നെഞ്ചിൽ കൈവെച്ച് ആഞ്ഞ് വിളിച്ച് പ്രാർത്ഥിച്ചതും അന്തരാത്മാവിൽ മോഹമുന്തിരി പൂത്തു തളിർക്കാൻ തുടങ്ങി…

ഏയ്…ആ സണ്ണിയല്ല…ഈ സണ്ണി…

സ്വയം മനസിൽ പറഞ്ഞ് നാണത്തോടെ ഒന്ന് പുഞ്ചിരിച്ച് അവൻ അടുക്കള വാതിൽ വഴി അകത്തേക്ക് നടന്നു…. __________

രാവണിനുള്ള ചായ റൂമിൽ എത്തിച്ച ശേഷം കപ്പ് തിരികെ എടുക്കാനായി റൂമിലേക്ക് ചെന്ന ത്രേയ മുന്നിൽ കണ്ട കാഴ്ച കണ്ടതും അമ്പരപ്പോടെ അവിടെ തന്നെ നിന്നു…

രാവൺ…..!!!!

കൈയ്യിലെ തെളിഞ്ഞു നിന്ന ഞരമ്പിലേക്ക് സിറഞ്ചിനുള്ളിലെ drugs ഇഞ്ചക്ട് ചെയ്യാൻ തുനിഞ്ഞ രാവണിനെ ത്രേയ വിലക്കി… അവളുടെ ഉറച്ച ശബ്ദം കേട്ടതും അവനവിളിലേക്ക് നോട്ടം പായിച്ചു… കൈയ്യിൽ കരുതിയിരുന്ന സിറിഞ്ചിലേക്കും ത്രേയയിലേക്കും അവനൊരുപോലെ മാറി മാറി നോട്ടമിട്ടു….അപ്പോഴും അവന്റെ മുഖത്ത് ഒരുതരം പകയും അലസഭാവവും ഇടംപിടിച്ചിരുന്നു…

അവനെ തന്നെ ഉറ്റുനോക്കി കൊണ്ട് ഒരൂക്കോടെ അവളവനടുത്തേക്ക് പാഞ്ഞടുത്തു…

എന്താ രാവൺ ഇത്… ഇതൊക്കെ എന്തിനാ നീ ശരീരത്തിൽ ഇഞ്ചക്ട് ചെയ്യുന്നേ… ഇതൊക്കെ ഉണ്ടാക്കുന്ന after effect എത്രമാത്രം ആണെന്ന് അറിയ്വോ നിനക്ക്….

ത്രേയയുടെ ചോദ്യങ്ങളെ ഒരു പുച്ഛച്ചിരിയോടെ നേരിട്ട് കൊണ്ട് രാവൺ വീണ്ടും സിറിഞ്ച് ഞരമ്പിലേക്ക് കുത്തിയിറക്കാൻ ഭാവിച്ചു…

രാവണിന്റെ ആ ചെയ്തികൾ നോക്കി കണ്ട ത്രേയ അടങ്ങാത്ത ദേഷ്യത്തോടെ അവന്റെ കൈയ്യിൽ കരുതിയ സിറിഞ്ച് ബലമായി പിടിച്ചു വാങ്ങി…നീഡിൽ ടേബിളിന് മുകളിൽ ശക്തിയോടെ കുത്തിപ്പിടിച്ച ശേഷം ആ സിറിഞ്ച് ഒരൂക്കോടെ അവൾ ദൂരേക്ക് വലിച്ചെറിഞ്ഞു….

ഡീ….

അടങ്ങാത്ത ദേഷ്യത്തിൽ ജ്വലിച്ചു നിന്ന രാവണിന് അവനെ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല…ത്രേയയുടെ ചെയ്തികൾക്ക് മറുപടിയായി ക്ഷണനേരത്തിനുള്ളിൽ രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്ത് അടയാളം വച്ചു…അവിടെയും അടങ്ങാത്ത ദേഷ്യത്തെ ആളിക്കത്തിച്ചു കൊണ്ട് അവനവളെ ഒരൂക്കോടെ മുന്നിലെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി…

എന്റെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുതെന്ന് ഇതിനോടകം തന്നെ ഞാൻ നിനക്ക് warning തന്നതാ…. പിന്നെയും നീ എന്റെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് എന്നെ നന്നാക്കാൻ തന്നെ ഇറങ്ങി പുറപ്പെട്ടിരിക്ക്യാ ല്ലേടീ….

നീയാ എന്നെ ഈ മാർഗ്ഗത്തിലേക്ക് കൊണ്ടെത്തിച്ചത്… ഇപ്പോ എനിക്ക് ഈ ലഹരിയാ പ്രിയം…ഇതില്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ…ഭ്രാന്ത് പിടിക്ക്വാ എനിക്ക്….ആ ഭ്രാന്തിന്റെ തോത് കൂട്ടാൻ വേണ്ടിയാണോടീ നീ ഇപ്പോ ഇവിടേക്ക് കയറി വന്നത്…

രാവൺ ഓരോ വാചകങ്ങളും പറഞ്ഞ് ത്രേയയുടെ ഇരു തോളിലും മുറുകെ പിടിച്ച് ശക്തമായി അവളെ ഉലച്ചു കൊണ്ടിരുന്നു…അവന്റെ ആ രൗദ്ര ഭാവത്തിന് മുന്നിൽ സ്തബ്ദയായി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ….അവന്റെ മുഴുവൻ ദേഷ്യവും ശരീരത്തിലേക്ക് ആവാഹിച്ചു കൊണ്ട് അവനവളെ ഊക്കോടെ ഭിത്തിയിലേക്ക് തന്നെ തള്ളി തിടുക്കപ്പെട്ട് ഷെൽഫ് തുറക്കാനായി തിരിഞ്ഞു….

രാവണിന്റെ ലക്ഷ്യം ഷെൽഫിൽ സ്റ്റോക്ക് ചെയ്തിരുന്ന drugs ആണെന്ന് മനസിലാക്കിയ ത്രേയ ഞൊടിയിടയ്ക്കുള്ളിൽ ഷെൽഫിനരികിലേക്ക് പാഞ്ഞു….ഒരു കിതപ്പോടെ അവള് വീണ്ടും രാവണിന് തടസം തീർത്തു നിന്നു…

വേണ്ട രാവൺ…..നീ അത് ഉപയോഗിക്കരുത്…. പ്ലീസ്

മുന്നീന്ന് മാറെടീ….

രാവൺ ഒരലർച്ചയോടെ പറഞ്ഞ് ത്രേയയെ അവന് മുന്നിൽ നിന്നും തള്ളി മാറ്റി ഷെൽഫ് തുറക്കാൻ ശ്രമിച്ചു…..ഷെൽഫിനുള്ളിലെ ഓരോ കോണും പരതി അതിനുള്ളിൽ നിന്നും ഓരോ സാധനങ്ങളും ഡ്രസ്സുകളും അവൻ പുറത്തേക്ക് വലിച്ചെറിയാൻ തുടങ്ങി…. പരിഭ്രാന്തിയോടെ തന്റെ ലക്ഷ്യം നേടാൻ വേണ്ടി പരിശ്രമിക്കുന്ന രാവണിനെ കണ്ട് ഞെട്ടലോടെ നിൽക്ക്വായിരുന്നു ത്രേയ…

അവൻ ആർത്തിയോടെ തിരഞ്ഞ ലഹരി വസ്തുക്കളൊന്നും ഷെൽഫിൽ ശേഷിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ഇരുകൈകളാലെ തലമുടി കോർത്തു വലിച്ചു കൊണ്ട് അവനലറാൻ തുടങ്ങി….

തനിക്ക് മുന്നിൽ ഒരു ഭ്രാന്തനേപ്പോലെ പെരുമാറുന്ന രാവണിനെ ത്രേയ ഒരു നടുക്കത്തോടെ നോക്കി നിന്നു….അവന്റെ മൂർച്ചയേറിയ നോട്ടം അവളിലേക്ക് നീണ്ടതും ശ്വാസം നിലച്ചത് പോലെയായി അവൾക്….

ഒരുതരം ഭയപ്പാടോടെ ഉമിനീരിറക്കി അവളവനെ നേരിടാൻ തന്നെ തീരുമാനിച്ചു നിന്നു….

അവൾക്കരികിലേക്ക് പാഞ്ഞടുത്ത രാവൺ ഒരു കൈയ്യാലെ ഇടുപ്പോട് ചേർത്ത് അവളെ അവനോട് ചേർത്തു….മറുകൈ അവളുടെ കവിളിൽ കുത്തിപ്പിടിച്ചതും അടിയുടെ പുകച്ചിലും വേദനയും കാരണം അവളുടെ മുഖം ചുളിഞ്ഞു…..

രാവൺ…എന്തായിത് രാവൺ…

എ…ന്നെ…വിട് രാ…വ..ൺ..

അവളുടെ വാക്കുകൾ ചെറിയ ശബ്ദങ്ങളായി മുറിഞ്ഞു…

ഇപ്പോ നിന്റെ വീറും വാശിയും എവിടെ പോയെടീ…. നീ വലിച്ചെറിഞ്ഞു കളഞ്ഞ വസ്തു എനിക്ക് പകരുന്ന സുഖം എത്രമാത്രം ആണെന്നറിയ്വോ നിനക്ക്… ആ ലഹരിയെ നഷ്ടമാക്കിയവളാ നീ… അതുകൊണ്ട് എനിക്ക് നഷ്ടമായ ആ ലഹരി നിന്നെ വേദനിപ്പിച്ച് ഞാൻ നേടും…..ഇതാ ഇപ്പോ ഈ രാവണിന്റെ പുതിയ ലഹരി…..

അത് പറയുമ്പോ അവന്റെ മുഖത്ത് എന്തെന്നില്ലാത്ത ആനന്ദമായിരുന്നു… കണ്ണുകൾ രക്തശോഭയോടെ ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു…ത്രേയ ആ വേദന ഏറ്റുവാങ്ങുമ്പോഴും മുഖത്തൊരു പുഞ്ചിരി നിറയ്ക്കാൻ ശ്രമിച്ചു…

നീ…നീ എന്നെ നിന്റെ ഇഷ്ടം പോലെ വേദനിപ്പിച്ചോ രാവൺ… എനിക്ക് അതിന്റെ പേരിൽ യാതൊരു വിധ പരാതികളുമില്ല…. നിന്റെ ദേഷ്യമെല്ലാം മതിയാവോളം എന്റെ ശരീരത്തിൽ തീർത്തോളൂ …. ഞാൻ നിന്ന് തന്നോളാം.. എന്റെ ശരീരത്തെ വേദനിപ്പിച്ച് ലഹരി കണ്ടെത്തിയാലും വേണ്ടില്ല…നീ ആ മയക്കുമരുന്നിന് അടിമയാവാണ്ടിരുന്നാൽ മതി… ആ ലഹരിയെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ നിന്റെ മുന്നിൽ ഇങ്ങനെ നിന്നു തന്നോളാം ഞാൻ….

ത്രേയയുടെ കണ്ണുകളിൽ തളം കെട്ടി നിന്ന കണ്ണീരും ചുണ്ടിൽ പൊടിഞ്ഞു വന്ന രക്തച്ചുവപ്പും കണ്ടതും രാവണിന്റെ കൈ ഒരുൾപ്രേരണയാൽ അവളിൽ നിന്നും മെല്ലെ അയച്ചു…. തളർച്ച ബാധിച്ച അവളുടെ മിഴികൾ അവന്റെ ഹൃദയത്തെ ആഴത്തിൽ കുത്തി നോവിച്ചു കൊണ്ടിരുന്നു….തന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങിയിരുന്ന കവിളിണകൾ വിരലടയാളങ്ങളാൽ തിണർത്തു തുടങ്ങിയതും ഒരു കുറ്റബോധത്തോടെ അവനവളിൽ നിന്നും നോട്ടം പിന്വലിച്ചു തിരിഞ്ഞു……

ഒരു പെണ്ണിന് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമുള്ള പ്രഹരമാണ് താനവളിൽ ഏൽപ്പിച്ചിരിക്കുന്നത് എന്ന് ബോധ മനസ് അവനോട് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു….

ഇനിയും അവളെ നേരിടാൻ കഴിയില്ല… അങ്ങനെ ഉണ്ടായാൽ ഒരുപക്ഷേ തന്റെ ദേഷ്യവും വാശിയും അവളുടെ തളർച്ചയേറിയ മുഖത്തിന് മുന്നിൽ അലിഞ്ഞ് ഇല്ലാതായിപ്പോകും…. ഒരു നിമിഷം എല്ലാം മറന്ന് അവളെ നെഞ്ചോട് ചേർത്ത് നിർത്തിയെന്ന് വരാം….

അവന്റെ മനസ് അവനോട് സ്വയം പറഞ്ഞു കൊണ്ടിരുന്നു… പിന്നെ ഒരു നിമിഷം കൂടി അവൾക്ക് മുന്നിൽ സമയം ചിലവിടാതെ രാവൺ റൂം വിട്ട് പുറത്തേക്ക് നടന്നു….

രാവൺ തന്നിൽ നിന്നും നടന്നകലുന്നതും നോക്കി ഒരു പാവ പോലെ അവളാ റൂമിന്റെ ഒരു കോണിൽ തന്നെ നിന്നു….അവനിലെ ദേഷ്യത്തിന്റെ തിരയിളക്കം അവളെ അസ്വസ്ഥമാക്കിയിരുന്നു…

രാവണിന് മുന്നിൽ ഇനി എങ്ങനെ തുടരും എന്ന ചിന്ത അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി….

ഇല്ല…വിട്ടുകൊടുക്കാൻ കഴിയില്ല… എന്റെ രാവണെ ഞാൻ തന്നെ തിരികെ കൊണ്ട് വരും… ഒരു ദിവസം എന്റെ രാവണെ എനിക്ക് തിരികെ കിട്ടും…അത് കഴിഞ്ഞ് മാത്രമേ മരണം പോലും എന്നെ പുൽകാൻ പാടുള്ളൂ…

മനസാൽ സ്വയം ശഠിച്ചു കൊണ്ട് ഒരു ദൃഢനിശ്ചയത്തോടെ കവിളിൽ ചാലുകൾ തീർത്തൊഴുകിയ കണ്ണീരിനെ അവൾ തുടച്ചു നീക്കി… വാഷ് റൂമിലേക്ക് നടന്നു ചെന്ന് ഓരോ കൈകുമ്പിൾ വെള്ളം മുഖത്തേക്ക് പല തവണയായി ആഞ്ഞൊഴിച്ച് അവളാ വേദനയെ ഇല്ലാതാക്കി…. ടൗവ്വൽ കൊണ്ട് മുഖമൊപ്പി അവള് തിരികെ റൂമിലേക്ക് തന്നെ വന്നു…

നിലക്കണ്ണാടിയ്ക്ക് മുന്നിൽ വന്നു നില്ക്കുമ്പോ സ്വന്തം മുഖത്തെ അടുത്ത് കണ്ട് അവളൊരു പുഞ്ചിരി വിരിയിക്കാൻ ശ്രമിച്ചു…. ജീവിതത്തെ തളർച്ചയോടെ നേരിടാനാവാതെ ശക്തമായ മനസ്സോടെ അവളാ പുഞ്ചിരിയെ ചുണ്ടിലേക്ക് പ്രതിഫലിപ്പിച്ചു……..

രാവണിന്റെ പ്രതികാരങ്ങളുടെ ശേഷിപ്പുകളെ തുടച്ചു നീക്കി കൊണ്ട് ത്രേയ ആകെയൊന്ന് ഒരുങ്ങി…മുഖത്തെ കൃത്യമ ചായങ്ങളും നിറക്കൂട്ടുകളും അവളിലെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടി…

രാവണിന്റെ തല്ലിന്റെ പാട് കവിളിൽ നിന്നും പൂർണമായും മായ്ച്ചു കഴിഞ്ഞതും ത്രേയ വീണ്ടും ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിടർത്തി റൂം വിട്ട് താഴേക്ക് നടന്നു… അപ്പോഴേക്കും രാവൺ പൂവള്ളി വിട്ട് പുറത്തേക്ക് പോയിരുന്നു….

ത്രേയ സ്റ്റെയർ ഇറങ്ങി താഴേക്കു വരുമ്പോ പൂവള്ളിയിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളും ഡൈനിംഗ് ടേബിളിന് ചുറ്റും നിരന്നിരുന്നു….. ത്രേയ ഹാളിലേക്ക് വന്നപ്പോഴേ വേദ്യയും,ഊർമ്മിളയും, ഹരിണിയും അവളെ ദഹിപ്പിച്ചൊന്ന് നോക്കി….അവരുടെ എല്ലാവരുടേയും തുറിച്ചു നോട്ടങ്ങളെ ഏറ്റുവാങ്ങി അതിനെയൊന്നും കാര്യമായി mind ആക്കാതെ ത്രേയ അഗ്നിയ്ക്ക് തൊട്ടരികിലായുള്ള ചെയർ വലിച്ചിട്ടിരുന്നു….

Rectangle shape ലുള്ള നീണ്ട ഡൈനിംഗ് ടേബിളിന്റെ ഏറ്റവും സെന്റർ പോർഷനിലായിരുന്നു വൈദിയുടെ ഇരുപ്പിടം…അതിന് തൊട്ടരികിൽ തന്നെ ഊർമ്മിളയും സ്ഥാനം പിടിച്ചു…. മറുവശത്ത് ആദ്യത്തെ സ്ഥാനം പ്രഭയ്ക്കും അതിന് തൊട്ടരികിൽ തന്നെ വൈദേഹിയുമായിരുന്നു ഇരുന്നത്….

അവർക്ക് അപ്പുറമായി സുഗതും വസുന്ധരയും ഇരിപ്പുണ്ടായിരുന്നു…. പൂവള്ളിയിലെ മുതിർന്ന അംഗങ്ങൾക്ക് എതിർവശമായായിരുന്നു പുതിയ തലമുറകളുടെ സ്ഥാനം…..വൈദിയ്ക്ക് മറുവശത്തായി വേദ്യയും അവൾക്ക് ശേഷം ഹരിണിയും,ഹരിയും,പ്രിയയും,നിമ്മിയും,അച്ചുവും,അഗ്നിയും അങ്ങനെയായിരുന്നു എല്ലാവരും ഇരുന്നത്….അഗ്നിയ്ക്ക് അരികിലായി ത്രേയ വന്നിരുന്നതും അവനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ടേബിളിലിരുന്ന പ്ലേറ്റെടുത്ത് അവൾക് മുന്നിലേക്ക് വച്ചു കൊടുത്തു….അവൾക്കുള്ള ഫുഡ് പ്ലേറ്റിലേക്ക് എടുത്ത് വച്ചതും അഗ്നി തന്നെയായിരുന്നു….

രാവൺ എവിടെ….???

ആരും കേൾക്കാതെ അഗ്നി പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും ത്രേയ അതിന് അറിയില്ലാന്ന് ചുണ്ട് മലർത്തി കാട്ടി മറുപടി നല്കി കഴിച്ചു തുടങ്ങി….വേദ്യയുടേയും, ഊർമ്മിളയുടേയും, ഹരിണിയുടേയും മൂർച്ചയേറിയ നോട്ടം തന്നിലേക്ക് നീളുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതും ത്രേയ പതിയെ തലയുയർത്തി അവരിലേക്ക് പാളി നോക്കി….

അപ്പോഴും ആരെയും ശ്രദ്ധിക്കാതെ നിശബ്ദതയോടും, ഗൗരവത്തോടുമിരുന്ന് ഫുഡ് കഴിയ്ക്ക്വായിരുന്നു വൈദി…

ഇതെന്താ ആരും ഒന്നും മിണ്ടാതെയിരിക്കുന്നേ… ഇതുവരെയും ഇങ്ങനെ ഒരു പതിവ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ….

പ്ലേറ്റിലേക്ക് കുറച്ച് കറി ഒഴിച്ച് കൊണ്ട് ത്രേയ അങ്ങനെ പറഞ്ഞതും എല്ലാവരുടേയും നോട്ടം ഒരുപോലെ അവളിലേക്ക് നീണ്ടു….

വൈദിയും,പ്രഭയും ആ ചോദ്യം ദഹിക്കാത്ത മട്ടിൽ മുഖം ചുളിച്ച് ഇരുന്നു….

അത് ശരിയാ ത്രേയ മോള് പറഞ്ഞത്…ഇന്നലെ ഒരു നല്ല ആഘോഷം നടന്ന വീടല്ലേ ഇത്…അതിന്റേതായ ഒരു സന്തോഷവുമില്ലല്ലോ ആരുടേയും മുഖത്ത്…

സുഗത് വൈദിയെ ലക്ഷ്യം വച്ച് ചോദിച്ചതും വൈദിയ്ക്കൊപ്പം ശത്രുപക്ഷത്തിലെ എല്ലാവർക്കും ഒരുപോലെ ദേഷ്യം വന്നു…

ത്രേയ മോളേ…രാവൺ… അവനെവിടെ… ഇതുവരെയും കഴിയ്ക്കാനായി എത്തിയില്ലല്ലോ…

വൈദേഹി പ്രഭയെ ഭയപ്പാടോടെ നോക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു…

ത്രേയ അതുകേട്ട് വലിയ ടെൻഷനൊന്നും കൂടാതെ വൈദേഹിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

രാവൺ എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞിറങ്ങിയതാ ആയമ്മേ… എവിടേക്കാണെന്ന് പറഞ്ഞില്ല…

ത്രേയ അതും പറഞ്ഞ് കഴിപ്പില് concentrate ചെയ്തു…

ഹോ..പതിയെ കഴിക്കെടീ… കല്യാണം കഴിഞ്ഞിട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ… സ്വന്തം husband കഴിച്ചോ എന്ന് കൂടി അന്വേഷിക്കാതെ ഇരുന്ന് തട്ടുന്നത് കണ്ടില്ലേ….

അച്ചു അതും പറഞ്ഞ് ത്രേയയിലേക്ക് ലുക്ക് വിട്ടു തന്നെ ടേബിളിൽ ഇരുന്ന ഒരു പഴം തൊലിച്ച് വായിലേക്ക് തിരുകി…

എന്റെ husband ഉം ഞാനും തമ്മിൽ നല്ല understanding ലാ മുന്നോട്ട് പോകുന്നത്… വിശപ്പ് വന്നാൽ കഴിയ്ക്കണം, ഉറക്കം വന്നാൽ ഉറങ്ങണം… അതിനൊക്കെ രാവണിന്റെ അനുവാദം വേണ്ടാന്ന് രാവൺ എന്നോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്….

ത്രേയ ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞതും വേദ്യ പല്ലുഞെരിച്ചു കൊണ്ട് അവളെ നോക്കി… കഴിച്ചു കൊണ്ടിരുന്ന ആഹാരത്തെ വിരലുകളാൽ ഞെരിച്ചു കൊണ്ട് ഒരൂക്കോടെ അവൾ ചെയറിൽ നിന്നും എഴുന്നേറ്റു….

അത് കണ്ടതും വൈദിയും, ഊർമ്മിളയും, അടക്കമുള്ള ശത്രു പക്ഷങ്ങൾ ഒരുപോലെ വേദ്യയെ തന്നെ ഉറ്റുനോക്കിയിരുന്നു…. അവർക്ക് മുഖം കൊടുക്കാതെ തന്നെ വേദ്യ കാറ്റുപോലെ അവിടെ നിന്നും വാഷ് ബേസിന് അരികിലേക്ക് നടന്നു…..

വേദ്യേടത്തീ…… എവിടേക്കാ പോണേ… നിൽക്ക്…

വേദ്യ പോകുന്നതും നോക്കി ഹരിണി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു… അവളെ പാടെ അവഗണിച്ച് കൊണ്ട് വേദ്യ കൈകഴുകി റൂമിലേക്ക് നടന്നു…

വേദ്യേടത്തി ഒന്നും കഴിച്ചിട്ടില്ല…. അല്ലെങ്കിലും ചിലരുടെ മുഖം കണ്ടാൽ തന്നെ എങ്ങനെ കഴിയ്ക്കാൻ തോന്നും… എനിക്കും മതിയായി…

ത്രേയയെ നോക്കി അത്രയും പറഞ്ഞ് കഴിച്ചു കൊണ്ടിരുന്ന ആഹാരം പ്ലേറ്റിലേക്ക് തന്നെ കുടഞ്ഞെറിഞ്ഞ് ഹരിണിയും ചെയറിൽ നിന്നും എഴുന്നേറ്റു….

നീ എവിടേക്കാ ഹരിണി… അവിടെയിരുന്ന് കഴിച്ചേ…

വൈദേഹി താക്കീതായി പറഞ്ഞതിനെ പാടെ അവഗണിച്ച് കൊണ്ട് ഹരിണി അവിടെ നിന്നും നടന്നകന്നു….

അപ്പോഴും ഒന്നും പ്രതികരിക്കാതെ നിശബ്ദനായി ഇരിക്ക്യായിരുന്നു വൈദി…ആ കാഴ്ചകളെയൊന്നും mind ആക്കാതെ അച്ചൂനൊപ്പം ചളിയടിച്ചിരുന്ന ത്രേയയിലായിരുന്നു വൈദീടെ നോട്ടം…മനസിൽ എന്തൊക്കെയോ കണക്ക് കൂട്ടി ഉറപ്പിച്ചു കൊണ്ട് വൈദി എഴുന്നേറ്റതും അയാൾക്ക് പിറകിലായി ശത്രു പക്ഷങ്ങൾ ഓരോരുത്തരായി എഴുന്നേറ്റ് നടന്നു….

പിന്നെ അവിടെ സംഖ്യകക്ഷികൾ മാത്രമാണ് ശേഷിച്ചത്…

ത്രേയേ ഇനി പറ…രാവണെവിടെ…

എനിക്കറിയില്ല അഗ്നീ… ആ അസുരൻ എവിടേക്കാ പോയതെന്ന് എന്നോടാ നീ ചോദിക്കുന്നത്…

ത്രേയ ചുണ്ടിൽ ഒരു ചിരി വിടർത്തി പറഞ്ഞു…

അച്ചൂട്ടാ..ആ ചമ്മന്തിപ്പൊടി ഇത്തിരി എടുത്തേ…

എഴീച്ച് പോടീ…മതിയാക്ക്… ഇത്രേം കടുത്ത പോളിംഗ് കഴിഞ്ഞ ഇലക്ഷന് പോലും ഞാൻ കണ്ടിട്ടില്ല…

അച്ചു തലയ്ക്ക് കൈയ്യും കൊടുത്തിരുന്ന് കഴിക്കാൻ തുടങ്ങി…

നീ പോടാ കോന്താ…അല്ലേലും നിന്റെ സഹായം ആർക്ക് വേണം… ഹരിയേട്ടാ ആ ചമ്മന്തിപ്പൊടി ഇത്തിരി തന്നേ…

ത്രേയ ഹരിയ്ക്ക് നേരെ കൈനീട്ടിയതും പ്രിയ ചമ്മന്തിപ്പൊടിയിരുന്ന പാത്രം ത്രേയയ്ക്ക് നേരെ നീട്ടി കൊടുത്തു….

ത്രേയയെ ആദ്യം കണ്ടപ്പോഴുണ്ടായിരുന്ന ദേഷ്യമൊന്നും പ്രിയക്കപ്പോ തോന്നിയിരുന്നില്ല….ത്രേയ അവൾക്കൊരു പുഞ്ചിരി നല്കി ആ പ്ലേറ്റ് കൈനീട്ടി വാങ്ങി…

രാവൺ എവിടെ പോയി ത്രേയേ…?? ഇവിടേക്ക് കണ്ടില്ലല്ലോ…

പ്രിയ അതും പറഞ്ഞ് കഴിപ്പ് തുടർന്നു…

അത്…ഏടത്തീ…രാവൺ… രാവണെന്തോ അത്യാവശ്യം…!!

വേണ്ട.. വേണ്ട…കള്ളം പറയാൻ നോക്കണ്ട…രാവൺ ദേഷ്യത്തോടെ ഇവിടെ നിന്നും ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടതാ… അതുകൊണ്ട് എന്നോട് കള്ളം പറയാൻ നോക്കണ്ട…

പ്രിയേടെ ആ പറച്ചില് കേട്ടതും ത്രേയ അവൾക് മുഖം നല്കാതെ തലകുനിച്ചിരുന്നു… അപ്പോഴേക്കും ഹരി പ്രിയയെ കണ്ണുരുട്ടി ശാസിക്കാൻ തുടങ്ങി…

ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ലാട്ടോ ത്രേയ…!!! എന്നോട് ദേഷ്യം തോന്നല്ലേ..

ഏയ്…ഇല്ല ഏടത്തീ… ഇതിലെന്താ ഇത്ര വിഷമിക്കാൻ…രാവൺ എന്നോട് ദേഷ്യപ്പെട്ടാ ഇവിടെ നിന്നും ഇറങ്ങി പോയത്… ഒരു കണക്കിന് അത് നന്നായി…രാവൺ തിരികെ വരും മുമ്പ് എനിക്കിവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്….

ത്രേയ എന്തൊക്കെയോ മനസ്സിലുറപ്പിച്ചു കൊണ്ട് കഴിപ്പ് നിർത്തി എഴുന്നേറ്റു…അഗ്നിയും അച്ചുവും അവളുടെ പ്ലാൻ മനസിലാകാതെ വായും പൊളിച്ചിരിക്ക്യായിരുന്നു…

ത്രേയ കൈകഴുകി വന്നപ്പോഴേക്കും അവരും കഴിച്ചെഴുന്നേറ്റിരുന്നു… ഹാളിലേക്ക് നടന്ന ത്രേയയ്ക്ക് നേരെ പാർത്ഥിയും,അമ്മുവും, ചാരുവും ഓടിയടുത്തു…ഒരു കുറുമ്പോടെ മൂവരും ത്രേയയെ ചുറ്റിപ്പിടിച്ച് നിന്നു….

ത്രേയേ…വാ നമുക്ക് കളിയ്ക്കാംന്നേ…

പാർത്ഥി അതും പറഞ്ഞ് ത്രേയേ വലിച്ച് നടക്കാൻ തുടങ്ങി…

ആഹാ…ഇപ്പോ നിങ്ങള് നാലാളും നല്ല കമ്പനിയായോ… ത്രേയമോളേ..എങ്ങനെ സാധിച്ചു ഇത്…

ഹരി ഹാളിലേക്ക് നടന്നു വന്നതും പിറകെ അഗ്നിയും അച്ചുവും കൂടി…പ്രിയ ഡൈനിംഗ് ടേബിൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു….

ത്രേയ ഒരു ചിരിയൊതുക്കി പാർത്ഥിയേയും അമ്മൂനേം,ചാരുനേം കൂട്ടി സോഫയിലേക്ക് ചെന്നിരുന്നു….

ത്രേയയ്ക്ക് ഇന്ന് ഒരുപാട് ജോലിയുണ്ട് ചെയ്തു തീർക്കാൻ.. അതെല്ലാം കഴിയുമ്പോ കളിയ്ക്കാൻ കൂടാം..ഓക്കെ…

ന്മ്മ…ഓക്കേ..ജോലി പെട്ടെന്ന് തീരാൻ വേണേ ഞങ്ങളും ത്രേയേ ഹെൽപ് ചെയ്യാം…

പാർത്ഥി അതും പറഞ്ഞ് ത്രേയേടെ മടിയിലേക്ക് കയറിയിരുന്നു… അത് കേട്ട് ത്രേയ കുറച്ചു നേരം ചിന്തയിലാണ്ടു…

ന്മ്മ… ഓക്കെ… എങ്കില് നമുക്ക് നാലുപേർക്കും കൂടി ജോലിയെല്ലാം തീർക്കാം…

ത്രേയ ചിരിയോടെ അതും പറഞ്ഞ് മൂന്നാളേം കൂട്ടി റൂമിലേക്ക് നടക്കാൻ ഭാവിച്ചു…

ഡീ ത്രേയേ..എന്താ നിന്റെ പ്ലാൻ… ഒന്ന് പറഞ്ഞിട്ട് പോടീ…

അച്ചു സോഫയിലേക്ക് ചാരി കിടന്നു കൊണ്ട് ആ ചോദ്യം ഉന്നയിച്ചതും ത്രേയ നടത്തം നിർത്തി അവന് നേർക്ക് ലുക്ക് വിട്ടു….

അത് എന്താണെന്ന് വഴിയേ മനസിലാവും അച്ചൂട്ടാ…just wait and see…

ത്രേയ ഒന്ന് ചിരിച്ച് അവൾടെ റൂം ലക്ഷ്യമാക്കി നടന്നു… _________

ഈ സമയം വേദ്യ അവൾടെ റൂമിൽ ദേഷ്യത്തോടെ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു… രാവണിൽ നിന്നും ത്രേയയിൽ നിന്നും ഏറ്റുവാങ്ങിയ അടിയോർത്ത് അവള് കരണത്തേക്ക് കൈ ചേർത്ത് നിന്നു….

പപ്പേടെ വേദ്യമോൾക്ക് എന്താ പറ്റിയേ…???

വേദ്യേടെ റൂമിലേക്ക് കയറി ചെന്ന വൈദി വേദ്യയെ കൊഞ്ചലോടെ ചേർത്ത് പിടിച്ചു…അവളത് അല്പം ദേഷ്യത്തോടെ തട്ടിയെറിഞ്ഞ് അയാളിൽ നിന്നും വിട്ടകന്നു നിന്നു…

വേണ്ട…പപ്പ എന്നോട് മിണ്ടാൻ വരണ്ട…പപ്പയ്ക്കിപ്പോ എന്റെ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടല്ലോ… എല്ലാവരും അവൾടെ പക്ഷത്തല്ലേ…

എന്നാര് പറഞ്ഞൂ…എന്റെ മോളെ അന്വേഷിക്കാണ്ടിരിക്കാൻ പറ്റ്വോ പപ്പയ്ക്ക്… വൈദി വേദ്യയെ അടുത്ത് വിളിച്ച് വാത്സല്യത്തോടെ പറഞ്ഞതും അവള് വീണ്ടും മുഖം വീർപ്പിക്കാൻ തുടങ്ങി…

ബ്രേക്ക് ഫാസ്റ്റ് കഴിയ്ക്കാൻ വന്നപ്പോഴേ ഞാൻ ശ്രദ്ധിയ്ക്കുന്നു…എന്താ എന്റെ മോൾടെ കവിളിലൊരു പാട്…

വൈദി അതും പറഞ്ഞ് വേദ്യയുടെ കരണത്തേക്ക് മെല്ലെ കൈ ചേർത്തു…ആ സ്പർശനത്തിൽ അവൾക് ചെറിയ തോതിൽ ഒരു പുകച്ചിലും വേദനയും അനുഭവപ്പെട്ടു…

ആഹ്…പപ്പ.. വേദനിക്കുന്നു…

വേദ്യ പെട്ടെന്ന് വൈദിയുടെ കൈ തട്ടിമാറ്റി കവിളിൽ പതിയെ തടവാൻ തുടങ്ങി…

എന്താ മോളേ..എന്താ പറ്റിയേ…

വൈദിയുടെ ശബ്ദത്തിൽ ഒരുതരം പരിഭ്രമം കലർന്നു… പെട്ടന്നാണ് പ്രഭ അവിടേക്ക് കടന്നു വന്നത്…

എന്തുപറ്റി വൈദീ…എന്താ പപ്പയും മോളും തമ്മിലൊരു സ്വകാര്യം പറച്ചിൽ… എന്ത് പറ്റി വേദ്യമോളേ… എന്താ മോൾടെ മുഖത്തൊരു വിഷമം പോലെ…

അത്…അത് പിന്നെ പ്രഭയങ്കിൾ… ത്രേയ… അവളെന്നെ തല്ലി…

എന്താ…???

വൈദീടെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…

അവള് എന്റെ മോളെ തല്ലിയെന്നോ…?? എപ്പോ…എന്തിന്…???

വൈദിയുടെ മുഖം ദേഷ്യം കൊണ്ട് ജ്വലിച്ചു…പ്രഭയും അടിമുടി നിന്ന് വിറയ്ക്കാൻ തുടങ്ങി….

എന്തിനാ വേദ്യമോളേ അവള് നിന്നെ തല്ലിയത്… പ്രഭയങ്കിളിനോട് പറ… അങ്കിള് കൊടുക്കാം അവൾക് അതിനുള്ള മറുപടി…

പ്രഭയുടേയും,വൈദിയുടേയും ആ വർത്തമാനം കേട്ടതും വേദ്യേടെ മനസ്സൊന്ന് തണുത്തു…അവളുടെ ചുണ്ടിൽ ഞൊടിയിടയി ഒരു വിജയച്ചിരി മൊട്ടിട്ടു….അതിനെ ഒളിപ്പിച്ചു കൊണ്ട് വീണ്ടും നിരാശയഭിനയിച്ച് അവൾ വൈദിയ്ക്കും പ്രഭയ്ക്കും നേരെ തിരിഞ്ഞു….

ഒരു കാരണവും ഇല്ലാതെയാ പപ്പാ അവളെന്നെ തല്ലിയത്….. രാവണിന്റെ റൂമിൽ കയറരുതെന്ന് എന്നോട് താക്കീതും ചെയ്തു….

അത് പറയാൻ അവളാരാ… എന്റെ മോന്റെ കാര്യത്തിൽ ഇടപെടാനുള്ള പൂർണമായ അധികാരം നിനക്ക് മാത്രമാ മോളേ…. അതിനൊരിക്കലും ഒരു മാറ്റവും ഉണ്ടാവില്ല….

പ്രഭ വേദ്യയെ ചേർത്ത് നിർത്തി പറയുമ്പോഴും ഉള്ളിൽ ത്രേയയോടുള്ള ദേഷ്യം ആളിക്കത്തുകയായിരുന്നു……

ആരാ വൈദിയേട്ടാ എന്റെ മോളെ തല്ലിയത്…

അവരുടെ മൂവരുടേയും സംസാരത്തിനിടയിലേക്ക് ഊർമ്മിള കൂടി വന്നു ചേർന്നതും വേദ്യ തകർത്ത് അഭിനയം കാഴ്ച വയ്ക്കാൻ തുടങ്ങി…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *