ആ മൊബൈൽ കണ്ടപ്പോൾ തന്നെ എനിക്കത് ഓൾടെ മൊബൈൽ ആണന്നു മനസ്സിലായി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anu Mg

കാമുകിയുടെ കല്യാണമാണിന്നു.ശോ കമടിച്ചു കുറച്ചുനേരമിരുന്നു. എന്തക്കയോ കാര്യങ്ങൾ പറഞ്ഞു അടിയുണ്ടാക്കി ബ്രേക്കപ്പ് ആയതാ ഞങ്ങൾ.കഴിഞ്ഞത് കഴിഞ്ഞു… ഓളെ വിളിച്ചു വിവാഹ മംഗളാശംസകൾ നൽകിയേക്കാമെന്നു കരുതി ഫോണെടുത്തു ഓളെ വിളിച്ചു… ബെല്ലുണ്ട്.. പക്ഷെ എടുക്കുന്നില്ല.. തിരക്കായിരിക്കും.. അല്ലെങ്കിൽ മനഃ പൂർവ്വം എടുക്കാത്തത് ആയിരിക്കും എന്നോർത്ത് ഫോൺ ഞാൻ കട്ട്‌ ആക്കി..

രണ്ടു മിനുട്ട് ആയിക്കാണും ഓൾടെ ഫോണിൽ നിന്ന് എനിക്ക് വിളിവരുന്നു.. ഞാൻ ഫോൺ ചാടിയെടുത്തു. ഹലോ വച്ചപ്പോൾ മറു തലയ്ക്കൽ ഒരു പുരുഷ ശബ്ദം.. “””””‘അതേ ഞാൻ അങ്ങോട്ട്‌ വിളിക്കാനിരിക്കുവായിരുന്നു.. ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത് താൻ എത്രയും പെട്ടന്ന് സ്റ്റേഷനിൽ ഹാജർ ആകണമെന്ന് പറഞ്ഞിട്ട് അയാൾ ഫോൺ വച്ചു.””””

ആദ്യം അമ്പരപ്പ് തോന്നിയെങ്കിലും പിന്നീട് സന്തോഷം തോന്നി.. അതേ അവൾ വിവാഹത്തിന് സമ്മതിച്ചില്ല.. കല്യാണ പന്തലിൽവച്ചവൾ എന്നെ മതിയെന്ന് പറഞ്ഞു കാണും..ഒടുവിൽ അവിടെ ചെറുക്കന്റെ കൂട്ടരും പെണ്ണിന്റെ ആൾക്കാരും തമ്മിൽ ഉന്തും തള്ളും മുതൽ നാടൻ തല്ല് വരെ ആയിക്കാണും…

സംഭവം ഒടുവിൽ പോലീസ് സ്റ്റേഷൻ വരെ എത്തിക്കാണും.. മിക്കവാറും ഇന്ന് സ്റ്റേഷനിൽ വച്ചു ഞാൻ അവളെ മാലയിട്ടു സ്വീകരിക്കേണ്ടിവരും.. എന്റെ ചിന്തകൾ കളറായി തുടങ്ങി.. വേഗം കുളിച്ചൊരുങ്ങി വെള്ളമുണ്ടും ക്രീം കളർ ഷർട്ടുമിട്ടു പിതൃക്കളുടെ അനുഗ്രഹം മനസ്സിൽ വാങ്ങിയിട്ട് കല്ല്യാണ പയ്യനെ പോലെ ഒരുങ്ങിക്കെട്ടി പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി ബൈക്കിൽ പാഞ്ഞു..

സ്റ്റേഷനിൽ എത്തിയപ്പോൾ ഏകദേശം എന്നെ പോലെ തന്നെ ഡ്രസ്സിട്ട് കുറച്ചു പയ്യന്മാർ. ചിലർ എന്നെ നോക്കി ഇളിക്കുന്നു. മറ്റുള്ളവർ തലയും കുമ്പിട്ടു നിൽക്കുന്നു..

ഒരു സൈഡിൽ മുൻ കാമുകിയുടെ അച്ഛനും ബന്ധുക്കളും..എനിക്ക് ബൈക്കിൽ നിന്ന് ഇറങ്ങേണ്ടി വന്നില്ല.. അതിനു മുന്നേ തന്നെ കാമുകിയുടെ മാക്കാച്ചി തന്തപ്പടിയും ബന്ധുക്കളും ഓടിവന്നു എന്നെ ബൈക്കിൽ നിന്ന് പൊക്കിയെടുത്തു താഴെ നിർത്തി..

ആഹാ ഇതുകൊള്ളാലോ!!!!!

മോൾടെ കെട്ട്യോൻ ആകാൻ പോകുന്ന ചെക്കനെ എടുത്തുയർത്തി നിലത്ത് വയ്ക്കാൻ പോലും സമ്മതിക്കാത്ത അമ്മായിയപ്പനും ബന്ധുക്കളും…. ഇങ്ങനെ ഒക്കെ ആണ് ഞാൻ കരുതിയത്.. പക്ഷെ എന്റെ ഹെൽമെറ്റ്‌ ഊരിമാറ്റിയിട്ട് ഓൾടെ അപ്പൻ എന്റെ കരണം നോക്കി ഒറ്റയടി. കണ്ണിലൂടെ ഒരു മിന്നൽ പാഞ്ഞു … എന്നിട്ട് എന്റെ കുത്തിന് പിടിച്ചു ഒറ്റ അലർച്ച.. “”എവിടടാ എന്റെ മോള് എന്ന് “””

ഞെട്ടി പണ്ടാരം അടങ്ങി ചെവിയിൽ ഒരു മൂളൽ മാത്രമുള്ള ഞാൻ എന്തക്കയോ പറയാൻ ശ്രമിച്ചപ്പോളാക്കെ തന്നെ എന്റെ മുതുകിൽ അവടപ്പനും ബന്ധുക്കളും പഞ്ചാരിയും പാണ്ടിയും കൊട്ടി തകർത്തു..നിലത്തു നിർത്താതെ പൊക്കി നിർത്തി ഇടിയോട് ഇടി.. എന്റെ പുത്തൻ ഡബിൾ വെള്ളമുണ്ട് അതിലൊരുത്താൻ പറിച്ചെടുത്തു അവന്റെ തലയിൽ കോട്ടയം കുഞ്ഞച്ചൻ സ്റ്റൈലിൽ ചുറ്റിക്കട്ടി വച്ചാണ് എന്നെ അന്തരീക്ഷത്തിൽ കറക്കി നിർത്തി ഇടിച്ചത്.. ഹോ….നല്ല അടി കിട്ടിയാൽ പെട്ടന്ന് തന്നെ വായിലൂടെ ചോര വരുമെന്ന് അന്നാണ് എനിക്ക് മനസ്സിലായത്….

ആകെ മൊത്തം കോംപ്ലിക്കേറ്റഡ് കൺഫ്യൂഷൻ സിറ്റുവേഷൻ.. സ്റ്റേഷൻ പരിസരത്തു ആകെ ബഹളം…പിന്നെ പോലീസ് ഓടിവന്നു എന്നെ ഇടിച്ചു കൂട്ടുന്ന എല്ലാരേയും പിടിച്ചു മാറ്റിയത് കൊണ്ട് ഞാൻ ഭൂമിയിൽ ലാൻഡ് ചെയ്തു…

എടോ ഇവിടെ വരുന്ന പിള്ളേരെ മൊത്തം താനും ആൾക്കാരും കൈകാര്യം ചെയ്‌താൽ തന്റെ മോള് തിരിച്ചു വരുമോ?ആദ്യം കാര്യം ചോദിച്ചു മനസ്സിലാക്കട്ടെ എന്ന് പോലീസ് കാമുകിയുടെ അച്ഛനോട് പറഞ്ഞു..

മറ്റവന്റെ തലയിൽ നിന്ന് മുണ്ട് പറിച്ചു അരയിൽ ചുറ്റിയിട്ട് ഞാൻ ഒരു പോലീസ്കാരനോട് കാര്യം തിരക്കി.ഇതെന്താ സംഭവം.. എല്ലാരും കൂടി എന്നെ എന്തിനാ പഞ്ഞിക്കിടുന്നത്?

അയാൾ എന്റെ പേരും ഫോൺ നമ്പറും വാങ്ങിയിട്ട് അവിടിരുന്ന ഒരു മൊബൈൽ ഫോണിൽ എന്നെ വിളിച്ചു.. ആ മൊബൈൽ കണ്ടപ്പോൾ തന്നെ എനിക്കത് ഓൾടെ മൊബൈൽ ആണന്നു മനസ്സിലായി.. എന്നെ അവളുടെ മൊബൈലിൽ വിളിച്ചിട്ട് സ്‌ക്രീനിൽ നോക്കിയിട്ട് ചെറു പുഞ്ചിരിയോടെ പോലീസ്കാരൻ എസ്. ഐ യോട് വിളിച്ചു പറഞ്ഞു സാറേ നമ്പർ 15 കാമുകൻ എത്തിയിട്ടുണ്ടന്നു.

ആകെ മൊത്തം കിളിപോയി നിൽക്കുന്ന എന്നോട് പോലീസ് കാരൻ പറഞ്ഞു.

ഓള് ഫോൺ എടുക്കാതെയാണ് ഏതോ ഒരുത്തന്റെ കൂടെ പോയത്. ഓൾടെ ഫോണിലെ പതിനഞ്ചാമത്തെ കാമുകനാണ് നീ..ഓള് മൊബൈലിൽ നിന്റെ പേര് വച്ചിരിക്കുന്നത് “”””കാമുകൻ NUMBER 15 എന്നാണ് “””””.. അങ്ങോട്ട്‌ നോക്കിക്കേ ആ വന്നു നിക്കുന്ന പയ്യന്മാർ ഒന്നാം നമ്പർ മുതൽ പതിനാലു നമ്പർ വരെ ഉള്ളതാണ്..

മൊത്തത്തിൽ ഞെട്ടി നിൽക്കുന്ന എന്നോട് പോലീസ് ഏമാൻ പറഞ്ഞു.അവളുടെ ഫോണിലെ 16 ആം നമ്പർ മുതൽ 19 ആം നമ്പർ വരെയുള്ള കാമുകർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്.. പക്ഷെ 20 ആം നമ്പർ കാമുകൻ മാത്രം ഫോൺ എടുക്കുന്നില്ല.. അവന്റെ കൂടെ ആയിരിക്കും ഓള് ഒളിച്ചോടിയതെന്ന് പറഞ്ഞിട്ട് അവിടെ കൂടി നിക്കുന്ന മുൻനിര കാമുകരുടെ ഇടയിലേക്ക് എന്നെയും ചേർത്ത് നിർത്തി..

പെട്ടന്ന് തന്നെ അവിടെ നിന്ന ലോസ്റ്റ്‌ പ്രണയ കാമുകന്മാരുമായി ഞാൻ കൂട്ടായി..എല്ലാവന്മാരും എന്നെപോലെ നടയടി കിട്ടി നിൽക്കുന്നു…പിന്നെ ചിരിയായി. വാട്സ്ആപ്പ് ഗ്രൂപ്പ് ആയി. മെസ്സഞ്ചർ ഗ്രൂപ്പായി.. fb ഫ്രണ്ടായി.. ചാറ്റിംഗ് ആയി.

.അങ്ങനെ ഇരിക്കുമ്പോൾ സ്റ്റേഷനിൽ ഇരിക്കുന്ന ഓൾടെ ഫോണിലേക്ക് ഇരുപതാം നമ്പർ കാമുകന്റെ ഫോൺ.. എല്ലാരും നിശബ്ദം.. ഫോൺ അറ്റൻഡ് ചെയ്തിട്ട് പോലീസ് പറഞ്ഞു ഓള് വരുന്നുണ്ട് എന്ന്.. ആകാംഷയോടെ ഞങ്ങൾ കാത്തിരുന്നു.. ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിൽ മുൻകാമുകി തനിയെ കരഞ്ഞു കലങ്ങിയ കണ്ണുമായി ഒരു ഓട്ടോയിൽ വന്നെത്തി..

വന്നു കേറിയപ്പോൾ തന്നെ ഓൾടെ അപ്പൻ ഓൾടെ കവിളിൽ ചിത്രം വരച്ചു. മനസ്സിലായില്ലേ? ഒരെണ്ണം പൊട്ടിച്ചു എന്ന്… അത് കണ്ടപ്പോൾ മാത്രാണ് അല്പം ആശ്വാസം ആയത്.. എന്തിനാടി തിരിച്ചു വന്നതെന്നു ചോദിച്ചപ്പോൾ ഓള് പൊട്ടികരഞ്ഞോണ്ട് പറഞ്ഞു..

എന്നേം കൊണ്ട് പോയവന്റെ ഫോണിൽ നിന്ന് എന്റെ ഫോണിൽ വിളിച്ചു..ആരെങ്കിലും ഫോൺ എടുത്താൽ ഞാൻ ഇഷ്ട്ടമുള്ള ആളിന്റെ കൂടെ പോയെന്ന് പറയാൻ വേണ്ടി എന്റെ നമ്പർ ഡയൽ ചെയ്തോപ്പോൾ.. അവൻ എന്റെ പേര് സേവ് ചെയ്തിരിക്കുന്നത് കണ്ടു സഹിക്കാൻ പറ്റിയില്ല.. അവൻ എന്റെ പേര് “””” സെറ്റപ്പ് കാമുകി NUMBER 23″””””എന്നാണ് ഇട്ടിരിക്കുന്നത് .. പിന്നെ ഞാൻ അവനോട് വഴക്കിട്ടു തിരിച്ചു പോന്നു എന്ന് ..

ചിരിക്കാതിരിക്കാനായില്ല. ഞാൻ പൊട്ടിച്ചിരിച്ചു പോയി..

എന്തോ ആ കൂട്ടത്തിൽ നിന്നിരുന്ന ഞാൻ മാത്രം ചിരിച്ചത് കൊണ്ടാവണം ഓള് എന്നെ നോക്കി പണ്ടത്തെ അതെ മയക്കുന്ന ചിരി പുറത്തെടുത്തു…കിട്ടാൻ പോകുന്ന വരുംകാല ഇടിയോർത്തു ഞാൻ മുഖം മാറ്റി കളഞ്ഞു…..തല്ല് കൊള്ളാൻ ശരീരത്തിൽ ഇനിയിടമില്ല… അത് തന്നെ കാരണം…

ഇടികിട്ടിയാൽ എന്താ ഭാവിയിൽ കിട്ടാൻ പോകുന്ന വലിയ അബദ്ധം ഇനി ഉണ്ടാവില്ലന്ന ആശ്വാസത്തിൽ അവിടിന്നിറങ്ങി ഞാൻ സ്ഥലം വിട്ടു…

ലൈക്ക് കമന്റ് ചെയ്യണേ ..

രചന: Anu Mg

Leave a Reply

Your email address will not be published. Required fields are marked *