ചില രാത്രികളിൽ അയാളവളിലേക്ക് പടർന്നു കയറും..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Agniv Dev

അലങ്കാര ഭാര്യ

******

“വെള്ളമിടയ്ക്ക് മാറ്റണം… ഇല്ലെങ്കിൽ മീനുകൾ ചത്ത് പൊങ്ങും.”

മറുപടിയായി ദുർബലമായവളൊന്ന് മൂളി

അയാളത് കേട്ടിരിക്കാൻ വഴിയില്ല.. അതിന് മുൻപേ മുൻ വശത്തെ വാതിൽ വലിയ ശബ്ദത്തിൽ കൊട്ടിയടക്കപ്പെട്ടിരുന്നു.

വാതിൽ ഭദ്രമായടച്ചിട്ടുണ്ടെന്നവൾ ഒരിക്കൽ കൂടി ഉറപ്പാക്കി.. നിഴലിനെ പോലും വിശ്വസിക്കാൻ കഴിയില്ല..

ഡൈനിങ് ടേബിളിൽ അയാൾ കഴിച്ച പാത്രങ്ങളങ്ങനെ തന്നെ കിടപ്പുണ്ട്.

വേസ്റ്റേല്ലാം മൂലയിലെ ബാസ്കറ്റിൽ തട്ടി… പത്ത് മണിക്കൊരു ഹിന്ദിക്കാരൻ പയ്യൻ വരും.. വേസ്റ്റ് അവനെടുത്തോളും.

വിശക്കുന്നില്ല… അല്ലെങ്കിലും ഈയിടയായി വിശപ്പും ദാഹവുമൊന്നുന്നില്ല… അയാളെ ബോധിപ്പിക്കാൻ മാത്രം വല്ലതും കഴിച്ചെന്ന് വരുത്തി തീർക്കും.

നാട്ടിൽ നിന്ന് കൊടുത്ത് വിട്ട സാധനങ്ങളൊക്കെ അതേപടിയിരിക്കുന്നുണ്ട്.. തുറന്ന് നോക്കാൻ സമയം കിട്ടിയിരുന്നില്ല

ഒന്നൊരക്കൊല്ലത്തിനിടയ്ക്കൊരിക്കൽ പോലും നാട്ടിൽ പോയിരുന്നില്ല… വൈകുന്നേരങ്ങളിൽ അമ്മ വിളിക്കും… അഞ്ച് മിനിറ്റ് നേരത്തേക്ക് അവർക്ക് മുൻപിൽ സന്തോഷവതിയായ ഭാര്യയായഭിനയിക്കും… അവരെ കൂടി വിഷമിപ്പിക്കുന്നതെന്തിന്..

ചെറിയ ബ്ലേഡ് വച്ച് കാർഡ് ബോർഡ് പെട്ടി പതിയെ തുറന്നു.. ഇടയിൽ ബ്ലേഡോന്നു പാളി.. ചെറു വിരലൊന്ന് വരഞ്ഞു.. വേദനയൊന്നും തോന്നിയില്ല പൊടിഞ്ഞു വന്ന രക്തമൊട്ട് തുടക്കാനും മിനക്കെട്ടില്ല

വലിയൊരു കുപ്പി കടുമാങ്ങാ അച്ചാർ.. വീടിന്റെ പിന്നാമ്പുറത്തു തന്നെ വലിയൊരു മാവുണ്ട്.. അച്ചാറിടാൻ പറ്റിയ മാങ്ങയാ… പഴുക്കാൻ കാക്കരുത് പുഴുവരും.

പിന്നെന്തൊക്കെയോ കൊണ്ടാട്ടങ്ങൾ.. പയറോ.. കയ്പ്പക്കയോ മുളകോ.. അങ്ങനെ എന്തൊക്കെയോ…

ചക്ക വറുത്തത് മാത്രമില്ല.. കഴിഞ്ഞാഴ്ച വിളിച്ചപ്പോ വരിക്ക പ്ലാവിന്റെ കാര്യം പറഞ്ഞിരുന്നു… പഴുത്തതൊക്കെ നാട്ടാര് കൊണ്ടായത്രേ കണ്ണ് തെറ്റിയാ അപ്പൊ കക്കും.. നാശങ്ങള്..

ദേഷ്യം വരുമ്പോ അമ്മേടെ സംസാരം കേൾക്കാൻ തന്നെ പ്രത്യേക രസാ.. അത് കേൾക്കാൻ മാത്രം ചെറുപ്പത്തിലവൾ കുറുമ്പ് കാണിക്കുമായിരുന്നു.

ചെറിയൊരു കുപ്പിയിൽ കാച്ചിയ വെളിച്ചെണ്ണ.. അത് കണ്ടതും തോളിനോട് ചേർന്ന് വെട്ടിയ തന്റെ മുടിയിലേക്കവൾ നോക്കി..

ചന്തിയോളം മുടിയുണ്ടായിരുന്നു.. മുത്തശ്ശി പറയും പെൺകുട്ട്യോൾക്ക് മുടിയാ ഐശ്വര്യമെന്ന്… മുത്തശ്ശിക്ക് മാത്രമറിയാവുന്നൊരു കൂട്ടുണ്ട്.. അതൊക്കെയിട്ട് നല്ല വെളിച്ചെണ്ണ കാച്ചി മുടിയിൽ തേച്ചു തരും… ഒരു പ്രത്യേക മണാ..

ഓർമ്മകൾ തികട്ടി വന്നതും അവളാ കുപ്പിയുമെടുത്തു തിരികെ വേസ്റ്റ് ബാസ്ക്കറ്റിനടുത്തേക്ക് നടന്നു.. ഇനിയിതിന്റെ ആവശ്യമില്ലല്ലോ

അയാളുടെ കൂട്ടുകാരിലൊരുത്തൻ തന്റെ മുടിയെ പറ്റി പ്രശംസിച്ചയന്നാണ്… അരക്കൊപ്പമുള്ള മുടി തോളൊപ്പമായി ചുരുങ്ങിയത്.

അന്നെന്തോ ഫങ്ക്ഷനായിരുന്നു… തിരികെ വീട്ടിലെത്തുന്ന വരെ അയാളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു…

കൈകൾ കൂട്ടികെട്ടി ബെഡിലേക്ക് തള്ളിയിട്ടതും… കത്രികയെടുത്ത് മുടി മുറിച്ചതും അയാളുടെ കൈകൾ തന്നെയായിരുന്നു.

എന്തായാലും ആ കൂട്ടുകാരനോട് എനിക്ക് തീർത്താൽ തീരാത്തത്രയും നന്ദിയുണ്ട്… അയാളെന്റെ മുടിയെ പറ്റിയല്ലേ നല്ലത് പറഞ്ഞുള്ളൂ… പകരം മുലയെപ്പറ്റിയെങ്ങാനുമായിരുന്നുവെങ്കിൽ എന്റെ ഭർത്താവെന്നു പറയുന്ന വ്യക്തി ഒരു പക്ഷേ അതും വെട്ടി മാറ്റിയേനെ.

അതിൽ പിന്നെ പുറത്തു പോവുമ്പോൾ എന്നെ കെട്ടി വലിച്ചുകൊണ്ട് പോവുന്ന പരിപാടിയയാൾ നിർത്തി..

അതെന്തായാലും എനിക്കനുഗ്രഹമായി..

പുറത്തിറങ്ങിയാലും മറ്റൊരു പുരുഷനോട് ചിരിച്ചു സംസാരിക്കാൻ എനിക്കനുവാദമുണ്ടായിരുന്നില്ല… അയാളുടെ കണ്ണുകൾ സ്വതവേ എന്നെ ചുറ്റി പറ്റി തന്നെയുണ്ടാവും..

അബദ്ധത്തിൽ പോലും ഒരാളും എന്നോട് സംസാരിക്കാതിരിക്കാൻ ഞാനൊഴിഞ്ഞു മാറും..

കൂട്ടുകാരുടെ ചോദ്യങ്ങൾക്ക് അവളൊരു നാട്ടിൻപുറത്തുകാരി നാണം കുണുങ്ങിയാണെന്ന് പറഞ്ഞയാൾ കയ്യൊഴിയും.

ബോംബെ എന്ന മഹാനഗരത്തിൽ ഈ നാലു ചുമരുകൾക്കുള്ളിൽ അവളൊതുങ്ങി കൂടി.

ചില രാത്രികളിൽ അയാളവളിലേക്ക് പടർന്നു കയറും.. ജീവച്ഛ-വം പോലെ അവൾ കിടന്ന് കൊടുക്കും.. രാത്രിയിലെപ്പോഴോ അ-ഴിഞ്ഞുലഞ്ഞ മു-ണ്ടും മു-റുക്കിയിടുത്ത് അയാൾ മാ-റിക്കിടക്കുമ്പോഴും അവളുടെ കണ്ണീർ തലയിണയെ നനയ്ക്കാൻ തുടങ്ങിയിട്ടുണ്ടാവും.

“നീയിപ്പോ പെറണ്ട… ഒന്ന് പെറ്റാൽ പിന്നെന്തിന് കൊള്ളാം… വയറൊക്കെ ചാടി ശരീരമൊക്കെ ഒടഞ്ഞ്..”

വഷളൻ ചിരിയോടെ അയാളത്രയും പറഞ്ഞു തീർത്തപ്പോഴേക്കും അവൾക്ക് വലിയ സങ്കടമോ ഞെട്ടലോ.. തോന്നിയില്ല… അവളതിലും കൂടുതലെന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു.

വിശേഷമായില്ലേന്നും ചോദിച്ച് നാട്ടീന്ന് വരുന്ന ഫോൺ കാളുകൾക്ക് മുൻപിൽ അയാൾ കളം മാറ്റി ചവിട്ടി ..

“അവൾക്കിപ്പോ കൊച്ച് വേണ്ടെന്ന് … സൗന്ദര്യം പോവുമത്രേ… അമ്മക്കറിയാലോ ഞാനൊരുപാട് ആഗ്രഹിക്കുന്നുണ്ടൊരു കുഞ്ഞിനെ.. അവൾക് താല്പര്യമില്ലെങ്കിൽ പിന്നെന്ത് ചെയ്യാനാ…”

അയാൾ കള്ള സങ്കടമഭിനയിക്കും..

ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ കൊച്ചിനെ വേണ്ടെന്ന വച്ച ദു ഷ്ടയായ സ്ത്രീ…

മേലെടത്തെ വേണുമാഷിന്റെ മോൾക്ക് ചാർത്തി കിട്ടിയ പുതിയ പട്ടം.

കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണെന്നും വേണ്ടെന്ന് വയ്ക്കരുതെന്നും പറഞ്ഞ് ഇരുവീട്ടിൽ നിന്നും ഫോൺ കോളുകൾ വന്ന് കൊണ്ടേയിരുന്നു…പതിയെ പതിയെ അതും കുറഞ്ഞു.

എല്ലാം ഇട്ടെറിഞ്ഞ് തിരികെ പോവുന്നതിനെ പറ്റി അവൾ പല വട്ടമാലോചിച്ചു..

“നീയറിഞ്ഞോ… ആ മേലെടത്തെ സുഭദ്രമ്മേട കൊച്ചു മോള് ബന്ധം പിരിഞ്ഞു വന്ന്…”

“ഏത് ആ സ്കൂൾ മാഷിന്റെ മോളോ?”

“ആ ഓള് തന്നെ..”

“അതെന്താപ്പാ.. നല്ല തങ്കകുടം പോലുള്ള ചെക്കാനല്ലാരുന്നോ… ഓന് ബോംബെലല്ലേ ജോലി…”

“ആ പറഞ്ഞിട്ടെന്താ… വളർത്തു ദോഷം… പിന്നെ ഞാൻ വേറൊരു കാര്യം കേട്ടു… ഇയ്യാ ചെവിങ്ങട് കൊണ്ടാ…”

“ന്തേയ്‌…”

“ഓൾക്കവിടെ ഒരു ഹിന്ദിക്കാരനുമായിട്ട് എന്തൊക്കെയോ ഇടാപാടുണ്ടത്രേ… അതിന്റെ പേരിൽ വഴക്കായപ്പോ അല്ലേ ബന്ധം പിരിഞ്ഞെ…”

“പഠിച്ച കള്ളിയാണല്ലോ ഓള്.. പാവം ചെക്കൻ…”

നാട്ടുമ്പുറത്തുണ്ടാകാൻ പോവുന്ന മുറുമുറുപ്പുകളും ചൂടോടെ പരക്കാൻ പോവുന്ന നുണക്കഥകളും അവൾ മുൻകൂട്ടി കണ്ടിരുന്നു.. താൻ കാരണം.. മറ്റൊരാൾക്ക്‌ മുൻപിൽ അച്ഛന്റെ തല താഴാതിരിക്കാൻ അവളെല്ലാം സഹിച്ചൊതുങ്ങിക്കൂടി.

പുറത്താരോ ബെല്ലടിക്കുന്നുണ്ട്… ആ പയ്യനായിരിക്കണം… അവൾ ചെന്ന് മുൻവശത്തെ വാതിൽ തുറന്ന് കൊടുത്തു… അവളോടൊന്ന് ചിരിക്കുക കൂടി ചെയ്യാതെ അവനാ വേസ്റ്റ് എടുത്തു പുറത്തേക്ക് കടന്നു…

പണ്ട് തന്നോടെന്തോ സംസാരിച്ചതിന് അയാളവനെ ചെയ്തതൊന്നും അവളും മറന്നിട്ടില്ല..

അടുത്തുള്ള ഫ്ലാറ്റുകളിലുള്ള താമസക്കാരുടെയെല്ലാം കണ്ണുകളിൽ അവളോടുള്ള സഹതാപം മാത്രം…

അല്ലെങ്കിലും ഈ ഫ്ലാറ്റിനുള്ളിൽ ജീവ പര്യന്തം തടവിന് കിടക്കുന്നൊരാളോട് വേറെന്ത് തോന്നാനാണ്…

“വെള്ളമിടക്ക് മാറ്റണം… അല്ലെങ്കിൽ മീനുകൾ ചത്തു പൊങ്ങും…”

അയാളുടെ വാക്കുകൾ ഓർമയിലേക്ക് വന്നതും അവളെഴുനേറ്റ് അക്വാറിയത്തിനടുത്തേക്ക് നടന്നു.

സാമാന്യം വലിയൊരാക്വാറിയം… ഏതൊക്കെയോ അലങ്കാര മത്സ്യങ്ങളുണ്ട്… പേരൊന്നും അവൾക്കറിയില്ല… അയാൾ വളർത്തുന്നതാണ് തന്നെ പോലെ…

അവളാലോചിക്കാറുണ്ട് ഈ മീനുകളും അവളും തമ്മിലെന്താണ് വിത്യാസമെന്ന്… ഈ ചില്ല് കൂടിന് പുറത്തേക്കവർക്കൊരു ലോകമില്ല… തനിക്കോ..?… ഈ നാല് ചുവരുകൾക്കപ്പുറത്തേക്കൊരു മോചനമില്ല…

പുറമെ നിന്ന് നോക്കുന്നവർക്കെല്ലാം കാണാൻ മനോഹരമാണ്… ചെറിയ ചില ചെടികളും..മണലും.. പല നിറത്തിലുള്ള മീനുകളും…. അല്ല അതിനകത്തെ ജീവിതവും മനോഹരമായിരിക്കുമോ?

ഒരുതരത്തിൽ താനും ഒരലങ്കാര മത്സ്യമല്ലേ… കാണുന്നവർക്ക് ആറക്ക ശമ്പളക്കാരന്റെ ഭാര്യ.. വലിയ ഫ്ലാറ്റ്… സുഖമായ ജീവിതം…

അയാൾ മീനുകളെ ചില്ലുകൂട്ടിലിട്ട് വളർത്തുന്നു… തന്നെയീ ഫ്ലാറ്റിലിട്ട് വളർത്തുന്നു.

‘അലങ്കാര ഭാര്യ’

അവളുടെ ചുണ്ടിലൊരു പുച്ഛച്ചിരി വിടർന്നു.

ഈ മീനുകൾക്കും തന്നെ പോലെ ശ്വാസം മുട്ടുന്നുണ്ടായിരിക്കുമോ…

“നിങ്ങൾക്കാർക്കെങ്കിലും ശ്വാസം മുട്ടുന്നുണ്ടോ..?”

അവൾ മീനുകളോട് ചോദിച്ചു..

“എനിക്ക് ശ്വാസം മുട്ടുന്നുണ്ട് ട്ടോ വല്ലാണ്ട്..”

അവരിൽ നിന്ന് മറുപടിയൊന്നും കാണാത്തത് കൊണ്ട് അവൾ വീണ്ടും പറഞ്ഞു.

അല്ലെങ്കിലും ഇവരെന്തിനാ തന്നോട് മറുപടി പറയുന്നേ… ഇവർക്കുള്ള സ്ഥാനം പോലും തനിക്കിവിടെയില്ലല്ലോ..

വെള്ളം മാറ്റാതെ ഒരേ വെള്ളത്തിൽ കിടന്നാൽ മീനുകൾ മരിച്ചു പോവുമെന്നറിയാവുന്നയാൾക്ക്…ഈ ചുവരുകൾക്കുള്ളിൽ തനിക്ക് ശ്വാസം മുട്ടുമെന്നും മനസ് മരിക്കുമെന്നും അറിയാതിരിക്കോ?

മറന്ന് പോയി… താൻ അലങ്കാര ഭാര്യയാണല്ലോ.. മനസ് മ രിക്കേ.. ജീവിക്കേ എന്താന്ന് വച്ചാ ആയിക്കോട്ടെ… പുറമെ ജീവനുണ്ടല്ലോ അത് പോരെ..

കൂടുതലൊന്നും ചിന്തിക്കാൻ നിന്നില്ല..ശ രീരം മുഴുവൻ നല്ല വേ ദന… ഇന്നലെ രാത്രി മുഴുവനും അയാളുടെ പരക്രമങ്ങളായിരുന്നു.. മൂന്നും നാലും തവണ…

ബെഡിൽ കിടക്കാൻ മിനക്കെട്ടില്ല നിലത്തു കമിഴ്ന്നു കിടന്നു.. നല്ല തണുപ്പ്..

ചെറുവിരലിലെ മുറിപ്പാടിൽ ചോര കട്ട പിടിച്ചിരുന്നു…

ഇടക്കെങ്ങോ അവൾ കണ്ണുകളടച്ചു…

പാടത്തും തൊടിയിലും ഓടി നടന്നിരുന്ന പാവടക്കാരി അവളുടെ ചുണ്ടിൽ ചിരി വിരിയിച്ചു.

പെട്ടെന്നാണവൾക്ക് ചുറ്റും കെട്ടിടങ്ങളുയർന്നത്.. ജനലുകളും വാതിലുകളും കൊട്ടിയടക്കപ്പെട്ടത്…

അവൾക്ക് ശ്വാസം മു ട്ടാൻ തുടങ്ങി… ക ഴുത്തിലാരോ പി ടി മു റുക്കുന്നത് പോലെ….

ഇതേ സമയം സ്വീകരണമുറിയിലെ അക്വാറിയത്തിൽ അലങ്കാര മത്സ്യങ്ങൾ ചത്തു പൊങ്ങാൻ തുടങ്ങിയിരുന്നു. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Agniv Dev

Leave a Reply

Your email address will not be published. Required fields are marked *