ആ സുന്ദരനായ ചെറുപ്പക്കാരനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ തനിക്കു കഴിഞ്ഞില്ല…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Josepheena Thomas

പിറന്ന മണ്ണ്

——————

“അമ്മേ ഇന്നല്ലേ അവരു വരുമെന്നു പറഞ്ഞത് ? അമ്മയിങ്ങനെ ഇരുന്നാലെങ്ങിനെയാ?”

ഭർത്താവിന്റെയും മകന്റെയും മാലയിട്ട ഫോട്ടോകൾക്കു മുമ്പിൽ ചിന്താമഗ്നയായിരുന്ന ഭാരതിയമ്മ ഒന്നു ഞെട്ടി.

“മോളെ … നമുക്കിതു വേണോ? നീ ഒന്നു കൂടി ആലോചിച്ചെ,’

” ഇല്ലമ്മെ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടതല്ലേ അമ്മേ . അതെങ്ങിനെ ആയാലും …”

അവർ വളരെ ദയനീയമായി തന്റെ മകളെ നോക്കി. തിരിച്ച് ആ കണ്ണുകൾ വീണ്ടും ഫോട്ടോകളിലേക്കു തന്നെ നീണ്ടു . അച്ഛന്റെ മകൾ തന്നെ. അവർ മനസ്സിലോർത്തു. അവരുടെ ഓർമ്മകൾ ഇരുപത്തിയാറു വർഷം പുറകോട്ടു പോയി. അന്ന് താൻ ഡിഗ്രി കഴിഞ്ഞ് റിസൽട്ട് കാത്തിരിക്കുന്ന സമയം. ഒരു തിങ്കളാഴ്ച ദിവസം … അമ്പലത്തിൽ പോയിട്ടു വരുമ്പോൾ മുറ്റത്തൊരു കാറു കിടക്കുന്നതു കണ്ട് ആശ്ചര്യത്തോടെ നോക്കുമ്പോഴേക്കും കാറിനുള്ളിൽ ഒരു ചെറുപ്പക്കാരൻ. സുന്ദരനായ അയാൾ കാറിനുള്ളിലെ കണ്ണാടിയിൽ നോക്കി മുടി ചീകിയൊതുക്കുന്നു. രാവിലെ എന്തിനാ യിരിക്കും അയാൾ വന്നത്? ആരായിരിക്കും അയാൾ? ഇനി സഹോദരൻ ശങ്കറിന്റെ സുഹൃത്തുക്കൾ ആരെങ്കിലുമായിരിക്കുമോ? താൻ കണ്ടെന്നുറപ്പായതു കൊണ്ടായിരിക്കാം അയാൾ ജാ ള്യതയോടെ തന്നെ നോക്കി. ആ സുന്ദരനായ ചെറുപ്പക്കാരനെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കാതിരിക്കാൻ തനിക്കു കഴിഞ്ഞില്ല.

പൂമുഖപ്പടിയിലേക്കു കടക്കുമ്പോൾ പതിവു ഡയറിയുമായി ശങ്കരമാമൻ . ശങ്കരമാമ്മൻ ബ്രോക്കറാണ്. അയലോക്കക്കാരൻ. ബന്ധമൊന്നുമില്ലെങ്കിലും ചെറുപ്പം മുതലേ ഈ വിളി ശീലിച്ചു വന്നതാണ്. ആരും ആ വിളി എതിർത്തതുമില്ല. ശങ്കരമാമ്മൻ തനിക്കൊരു ആലോചനയുമായി വന്നതാണ്. മാമ്മന് അറിയാവുന്ന പയ്യനായതു കൊണ്ട് അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നില്ല . പക്ഷേ പട്ടാളത്തിലാണെന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അമ്മാവനും കുറച്ച് എതിർപ്പുണ്ടായിരുന്നു. അച്ഛന് ആ കാരണം കൊണ്ടു തന്നെയാണ് അയാളെ ഇഷ്ടമായതും. തനിക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നുമില്ലെങ്കിലും ആ ചെറുപ്പക്കാരനോട് എന്തോ ഒരാകർഷണം തോന്നിയിരുന്നു .

അങ്ങനെ അദ്ദേഹം അവധി കഴിഞ്ഞു പോകുന്നതിനു മുമ്പു തന്നെ വിവാഹവും നടന്നു. അധികം ദിവസം ആകുന്നതിനു മുമ്പുതന്നെ അവധി തീർന്നതിനാൽ അദ്ദേഹം പോയപ്പോൾ താനൊറ്റപ്പെട്ടതുപോലെ തോന്നി. അതിർത്തിയിൽ യുദ്ധം നടക്കുമ്പോൾ തന്റെ മനസ്സിൽ തീയാണ്. ഓരോ അവധിക്കും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന നാളുകൾ…അവധിക്കു നാട്ടിൽ വരുമ്പോഴോ … അവധി തീരുന്നതിനു മുമ്പുതന്നെ തിരിച്ചു വിളിക്കുകയായിരിക്കും പതിവ്. പിന്നെ എടുത്ത അവധി ക്യാൻസൽ ആക്കി പോവുകയാണു പതിവ്.

ഋതുക്കൾ മാറി മറിഞ്ഞു. തങ്ങളുടെ ദാമ്പത്യവല്ലരിയിൽ രണ്ടു സുന്ദര കുസുമങ്ങൾ വിരിഞ്ഞു …

അതിർത്തിയിൽ യുദ്ധം നടക്കുന്ന സമയം … അദ്ദേഹം സഞ്ചരിച്ച ട്രക്കിലേക്ക് പാ ഞ്ഞു വന്ന വെ ടിയു ണ്ട തന്റെ പ്രിയപ്പെട്ടവന്റെ നെഞ്ചുപി ളർത്തിയ വാർത്തയാണു കേട്ടത്. ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ ശരീരം കാണാനുള്ള ശേഷി തനിക്കില്ലായിരുന്നു..

വർഷങ്ങൾ കടന്നുപോയി…. ഒരേയൊരു മകനും അച്ഛന്റെ വഴി തന്നെ തെരഞ്ഞെടുത്തപ്പോൾ കഴിയുന്നതും എതീർത്തുവെങ്കിലും മകന്റെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ തോറ്റു പോവുകയാണുണ്ടായത്.. മകനും അച്ഛന്റെ അവസ്ഥ തന്നെ ഉണ്ടായപ്പോൾ താനെന്തു കൊണ്ടോ രാഷ്ട്ര സേവനം മടുത്തു. ഇപ്പോഴിതാ തന്റെ മകളുടെ ഹൃദയം കീഴടക്കിയതും ഒരു പട്ടാളക്കാരൻ തന്നെ എന്നറിഞ്ഞപ്പോൾ താനാകെ തളർന്നു പോയി. തന്റെ മകളും തന്നെ തോല്‌പിച്ചിരിക്കുന്നു. അവളോടെത്ര പറഞ്ഞിട്ടും ഈ ആലോചനയിൽ നിന്നും പിന്മാറുന്നില്ല. അവൾക്കെത്രയോ നല്ല ആലോചനകൾ വന്നതാണ് ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ജീവിതം എത്രമാത്രം സംഘർഷഭരിതമാണെന്ന് അവൾക്ക് അറിയില്ലല്ലോ. അതറിവുള്ളതുകൊണ്ടാണ് താനതിനെതിരു നിന്നത്. പക്ഷേ ഇനിയെന്തു പറഞ്ഞിട്ടും കാര്യമില്ല. ഒരു തീരുമാനമെടുത്താൽ പിന്നെ അവളെ അതിൽ നിന്നും മാറ്റാനാവില്ല.

“ആഹാ .. ഭാരതിയമ്മ ഇതുവരെ ഫോമിലായില്ലേ ? കൊള്ളാലോ. പതിനൊന്നരയാകുമ്പോഴേക്കും അവരിങ്ങുവരും കേട്ടോ . നിന്നു താളം തുള്ളാതെ അടുക്കളയിലോട്ടു ചെന്നേ.. പാലു തിളപ്പിച്ചു വച്ചിട്ടുണ്ട്. നല്ല സൂപ്പർ ചായ ഇടണം ട്ടോ. ഭാവി മരുമകൻ ഈ ചായയിൽ വീഴണം ട്ടോ. ഞാനൊന്നു കുളിച്ചിട്ടു വരട്ടെ.”

അവൾ അമ്മയെ നോക്കി. അമ്മയുടെ കണ്ണുകൾ ഈറണിഞ്ഞുവോ?

“ദേ… ഇനിയെന്റെ മട്ടുമാറുമേ. പറഞ്ഞേക്കാം. എന്റെ അമ്മേ ഇങ്ങനെ പേടിച്ചാലോ ? ഒരു പട്ടാളക്കാരന്റെ ഭാര്യയും അമ്മയും ദേയിപ്പോ അമ്മായിഅമ്മയുമാകാൻ പോകുന്നത് നിസ്സാര കാര്യമാണോ ഭാരതിയമ്മേ? ആർക്കു കിട്ടും ഈ ഭാഗ്യം ? പിറന്ന മണ്ണിനു വേണ്ടി ജീവൻ കൊടുക്കുന്നതിൽപ്പരം ഭാഗ്യം മറ്റെന്തുണ്ട്? അമ്മ ധൈര്യമായിരിക്ക്. ഒരു പട്ടാളക്കാരനെ കാണുമ്പോത്തന്നെ അയാളുടെ മരണത്തെക്കുറിച്ചു ചിന്തിക്കാതെ? അല്ലെങ്കിൽത്തന്നെ പട്ടാളക്കാർക്കു മാത്രമേയുള്ളോ മരണം ? ഇനി പിറന്ന മണ്ണിനുവേണ്ടി ജീവൻ വെടിയാനാണു വിധിയെങ്കിൽ അതിൽപ്പരം പുണ്യം മറ്റെന്തുണ്ട് ഭാരതിയമ്മേ ?”

മകളുടെ ചോദ്യങ്ങൾക്കു മുമ്പിൽ അവർക്കുത്തരം മുട്ടിപ്പോയി. മകളെ അഭിമാനത്തോടെ ചേർത്തുപിടിച്ചു കൊണ്ട് അവർ അടുക്കളയിലേക്കു പോയി.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Josepheena Thomas

Leave a Reply

Your email address will not be published. Required fields are marked *