രാവണത്രേയ തുടർക്കഥ ഭാഗം 10 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

രാവണല്ലേ ദേ വരുന്നത്… ശന്തനു അതും പറഞ്ഞ് സ്റ്റെയറിന് നേരെ കൈ ചൂണ്ടി കാണിച്ചതും അഗ്നിയും അച്ചുവും ഒരുപോലെ അവിടേക്ക് നോട്ടം പായിച്ചു നിന്നു… അവര് മൂന്നുപേരും ചേർന്ന് സെലക്ട് ചെയ്ത coffee brown colour കുർത്തയും white പാന്റുമായിരുന്നു രാവണിന്റെ വേഷം…ആ വേഷത്തിൽ രാവിണിനെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…നെറ്റിയിലേക്ക് ചിതറിത്തെറിച്ചു കിടന്ന തലമുടിയെ ഇടംകൈയ്യാൽ മാടിയൊതുക്കി രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നു…. മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ അവൻ അഗ്നിയ്ക്ക് അരികിലായി വന്നു നിന്നു…

രാവൺ… superb dude..👌👌 ഞങ്ങളുടെ special selection ആയിരുന്നു….ഇത്രേം മാച്ചാകുംന്ന് കരുതിയില്ല… അഗ്നിയെ വകഞ്ഞു മാറ്റി അച്ചു രാവണിനടുത്തേക്ക് നുഴഞ്ഞു കയറി നിന്നു….അച്ചൂന്റെ ആ പറച്ചില് കേട്ട് രാവണവനെ കലിപ്പിച്ചൊന്ന് നോക്കിയ ശേഷം നെഞ്ചിന് മീതെ കൈകെട്ടി വച്ച് നിന്നു….

എല്ലാവരും എത്തിയെങ്കിൽ പൂജ ആരംഭിക്കാം ന്താ….??? യജ്ഞാചാര്യൻ വൈദിയോട് അങ്ങനെ ചോദിച്ചതും അയാള് ചുറ്റും ത്രേയയെ പരതി…

ത്രേയ…അവളെവിടെ..??വൈദേഹി പോയി ത്രേയേ കൂട്ടീട്ട് വാ…

വൈദീടെ ആ പറച്ചില് കേട്ട് വൈദേഹി ത്രേയയെ വിളിക്കാനായി സ്റ്റെയർ കയറാൻ ഭാവിച്ചതും അവള് താഴേക്ക് നടന്നു വന്നതും ഒരുമിച്ചായിരുന്നു…..

ഹാ…മോള് റെഡിയായോ…!!!

വൈദേഹി അതും പറഞ്ഞൊന്ന് ചിരിച്ചു കൊണ്ട് ത്രേയയ്ക്കരികിലേക്ക് നടന്നു… വൈദേഹിയുടെ ആ പറച്ചില് കേട്ട് രാവണിന്റെ കണ്ണുകൾ പെട്ടെന്ന് ത്രേയയുടെ മുഖത്തിന് നേരെ പാഞ്ഞു… യാദൃശ്ചികമായി ത്രേയയ്ക്ക് നേരെ നീണ്ട ആ കണ്ണുകൾ പിന്വലിക്കാൻ ആകാത്ത വിധം അവിളിൽ തന്നെ ഒതുങ്ങി…. മറ്റെല്ലാം മറന്നു കൊണ്ട് രാവണിന്റെ നോട്ടം ത്രേയയിലേക്കും അവൾ ധരിച്ചിരുന്ന ദാവണിയിലേക്കും വലംവച്ചുകൊണ്ടിരുന്നു….അവന് ആ നിമിഷം ത്രേയയെ ആ പഴയ ത്രേയായി തോന്നുകയായിരുന്നു….ഭംഗിയിൽ വളച്ചെഴുതിയ പുരികക്കൊടികളും,കൂവള മിഴികളും,ചെഞ്ചുണ്ടുകളും അവനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി… കസവിന്റെ ആ ദാവണി അവൾക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… അതിനൊപ്പം അണിഞ്ഞിരുന്ന ഓർണമെന്റ്സ് അവളുടെ ഭംഗി എടുത്ത് കാട്ടി… ഒരുനിമിഷം സ്വയം മറന്ന് അവനവളെ തന്നെ നോക്കി നിന്നു…..

ഭാര്യയാവാൻ പോകുന്ന പെണ്ണിനെ ഇങ്ങനെ വായിനോക്കുന്നത് മോശമാണ് സാർ… ഒരു മയത്തിനൊക്കെ നോക്ക്….

അച്ചുവിന്റെ ആക്കിയുള്ള ആ വർത്തമാനം കേട്ടതും രാവൺ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവളിൽ നിന്നുള്ള നോട്ടം പിന്വലിച്ചു…. അപ്പോഴാണ് അഗ്നിയും ശന്തനുവും അച്ചുവും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസിലായത്…അവരുടെ മുന്നിൽ നാണംകെടാതിരിക്കാനായി അവൻ വീണ്ടും മുഖത്ത് സ്ഥായീഭാവമായ കലിപ്പ് ഫിറ്റ് ചെയ്ത് നിന്നു….

അപ്പോഴേക്കും വൈദേഹി ത്രേയയെ ഹോമകുണ്ഡത്തിനരികെ എത്തിച്ചിരുന്നു….

ഹാ.. എല്ലാവരും എത്തി സ്വാമി…ഇനി ആരംഭിക്കാം… വൈദിയങ്ങനെ പറഞ്ഞതും യജ്ഞാചാര്യൻ ഒന്ന് തലയാട്ടി കേട്ടു…

പൂവള്ളിയിൽ പരമ്പരാഗതമായി നടത്തി വരുന്ന പൂജയായിരുന്നു അത്..രാവണുമായുള്ള ത്രേയയുടെ വിവാഹം ഒരു തന്ത്രമാണെങ്കിൽ കൂടി പൂവള്ളിയിൽ മംഗള കർമ്മങ്ങൾ നടക്കും മുമ്പ് ഇന്ദ്രാവതിയെ തൃപ്തിപ്പെടുത്താനായി ഇന്ദ്രാവതി പൂജ നടത്തേണ്ടതുണ്ട്….. വിവാഹം നടക്കും മുമ്പ് ഹോമകുണ്ഡത്തിൽ നെയ്യ് സമർപ്പിച്ച് വരൻ വധുവിന്റെ കാലിൽ തള അണിയിക്കുകയും കൈയ്യിൽ കാപ്പ് കെട്ടുകയും ചെയ്യുന്നതോടെയാണ് ചടങ്ങ് അവസാനിക്കുന്നത്…

പൂജ ആരംഭിച്ചതും വൈദേഹി തന്നെ രാവണിനേയും ത്രേയയേയും ഹോമകുണ്ഡത്തിനരികിലെ ആവണപ്പലകയിലേക്ക് കൊണ്ടിരുത്തി…ത്രേയ രാവണിന്റെ മുഖത്തേക്ക് നോക്കി എങ്കിലും രാവണവൾക്ക് മുഖം നല്കാതെ മുന്നിലെ അഗ്നിയിലേക്ക് തന്നെ നോട്ടം പായിച്ചിരുന്നു….

യജ്ഞാചാര്യൻ മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലി പൂജ ആരംഭിച്ചതും എല്ലാവരും ഭക്തിയോടെ അതിന് സാക്ഷിയായി നിന്നു….

ദാ..ഈ നെയ്യ് രണ്ടു പേരും ഒരുമിച്ച് അഗ്നിയിലേക്ക് സമർപ്പിയ്ക്ക്…

യജ്ഞാചാര്യൻ നീട്ടിയ ദ്രവ്യം വാങ്ങാൻ രാവണും ത്രേയയും ആദ്യമൊന്ന് മടിച്ചു… പിന്നെ പതിയെ ഇരുവരും മുഖത്തോട് മുഖം നോക്കിയ ശേഷം ഒരുപോലെ കൈനീട്ടി തളികയിലെടുത്ത ആ ദ്രവ്യം കൈയ്യിൽ വാങ്ങി…രാവണിന്റെ കൈക്കുള്ളിൽ അമർന്നിരുന്ന ത്രേയയുടെ കൈയ്യിനെ ഇരുവരും ഒരുപോലെ ഉറ്റുനോക്കിയിരുന്നു…

ഇനി സമർപ്പിയ്ക്കാം…

യജ്ഞാചാര്യൻ പറഞ്ഞത് കേട്ട് തളികയിലിരുന്ന നെയ്യ് രാവണും ത്രേയയും ഒരുമിച്ച് ആ അഗ്നിയിലേക്ക് സമർപ്പിച്ചു….

ഇനി ഈ തള കുട്ടിയുടെ കാലിലും കാപ്പ് കൈയ്യിലുമായി അണിയിച്ചു കൊടുക്കണം…

പൂജിച്ചെടുത്ത കാപ്പും തളയും രാവണിന് നേർക്ക് നീട്ടി യജ്ഞാചാര്യൻ അങ്ങനെ പറഞ്ഞതും രാവൺ ദേഷ്യം കടിച്ചമർത്തി ഇരുന്നു… ഒന്നുകൂടി ആ കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതും ഉള്ളിലുറഞ്ഞ ദേഷ്യമടക്കി രാവൺ ആ താലം കൈയ്യിൽ ഏറ്റുവാങ്ങി….താലത്തിലിരുന്ന കാപ്പ് കൈയ്യിലെടുത്ത് ത്രേയയുടെ മുഖത്തേക്ക് നോക്കുമ്പോ അവനെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്ക്യായിരുന്നു ത്രേയ…

യജ്ഞാചാര്യന്റെ നിർദ്ദേശ പ്രകാരം കൈയ്യിലിരുന്ന കാപ്പ് അവനവളുടെ വലത് കൈയ്യിലേക്ക് അണിയിച്ചു കൊടുത്തു…അതണിയിക്കുമ്പോ ഇരുവരുടേയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു…ആ കാഴ്ച പാൽപ്പായസം കുടിച്ച സന്തോഷത്തിൽ ആസ്വദിച്ച് കാണുകയായിരുന്നു ത്രിമൂർത്തികൾ…. ത്രേയയുടെ കൈയ്യിലേക്ക് കാപ്പണിയിച്ച് ഉയർന്ന രാവൺ താലത്തിൽ നിന്നും തള കൂടി കൈയ്യിലെടുത്തു…. അപ്പോഴേക്കും വൈദേഹിയുടെ നിർദ്ദേശ പ്രകാരം നിമ്മിയും,പ്രിയയും ത്രേയയ്ക്കടുത്തേക്ക് നടന്നു ചെന്ന് ത്രേയയുടെ പാവാടയുടെ തുമ്പ് കണങ്കാൽ പൊക്കം വരെ ഒന്നുയർത്തി വച്ചു കൊടുത്തു…

വെണ്ണപോലെ വെളുത്ത ആ കാൽപ്പാദങ്ങൾ കണ്ടതും രാവണിന് ശരിയ്ക്കും ഒരു കൗതുകം തോന്നി…. പാദസരങ്ങളില്ലാതെ ഒഴിഞ്ഞു കിടന്ന ആ പാദങ്ങൾ അവനെ മധുരമുള്ള പഴയ കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി…. ________________________________________

*രാവൺ… എന്റെ പിറന്നാളിന് നീ എനിക്ക് എന്ത് സമ്മാനമാ തരാൻ പോകുന്നത്…??? കുളപ്പടവിലിരുന്ന് കൊണ്ട് വെള്ളത്തിൽ കാലിട്ടടിച്ച് ത്രേയ അത് ചോദിയ്ക്കുമ്പോ അവളുടെ മടിയിൽ തലചായ്ച്ച് കിടക്കുകയായിരുന്നു രാവൺ….

ഈ രാവൺ തന്നെ നിനക്ക് കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റല്ലേ…നീ എന്നെ മൊത്തമായും അങ്ങെടുത്തോടീ…

രാവണതും പറഞ്ഞൊന്ന് ചിരിച്ചതും ത്രേയ അവനെ കലിപ്പിച്ചൊന്ന് നോക്കി മടിയിൽ നിന്നും തള്ളി മാറ്റാൻ ശ്രമിച്ചു…

ഡീ…ഡീ…അടങ്ങിയിരിക്കെടീ… രാവണതും പറഞ്ഞ് അവളുടെ കൈകളെ തടുത്തു വച്ചു….

ഇനി ഈ ഒരു പ്രശ്നത്തിന്റെ പേരിൽ മുഖവും വീർപ്പിച്ച് ഇരിക്കേണ്ട..നീ പറ…എന്ത് ഗിഫ്റ്റാ നിനക്ക് വേണ്ടത്…എന്ത് വേണമെങ്കിലും പറഞ്ഞോ..എത്ര expensive ആയതാണെങ്കിലും നിന്റെ രാവൺ വാങ്ങി തന്നിരിക്കും…

അയ്യേ…എന്റെ b’day gift ഞാൻ പറഞ്ഞിട്ടാണോ നീ എനിക്ക് വാങ്ങിച്ചു തരുന്നത്… അതൊക്കെ ഞാൻ പ്രതീക്ഷിക്കാതെ വാങ്ങി തരണ്ടേ മിസ്റ്റർ ഹേമന്ത് രാവൺ….

നീ expect ചെയ്യാത്ത ഗിഫ്റ്റൊക്കെ ഞാൻ സമയം കിട്ടുമ്പോഴൊക്കെ തന്നോളം…ആദ്യം നിനക്ക് വേണ്ട ഗിഫ്റ്റ് ഏതാണെന്ന് പറയെടീ….

അത് കേട്ടതും ത്രേയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ അവളുടെ ആഗ്രഹം പറയാൻ തുടങ്ങി…

രാവൺ…..!!!! അവളൽപം കൊഞ്ചലോടെ അവനെയങ്ങനെ വിളിച്ചതും അവനത് അതേ ടോണിൽ തന്നെ മൂളി കേട്ടു…

എനിക്കേ…………. എനിക്കൊരു പാദസരം വാങ്ങി തര്വോ രാവൺ… ഒരുപാട് തിളക്കമുള്ള…നിറയെ കല്ലുകൾ പതിപ്പിച്ച, നടക്കുമ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന ഒരു പാദസരം…

ത്രേയ അങ്ങനെ പറഞ്ഞതും രാവൺ തല തിരിച്ച് അവൾക് നേരെ നോട്ടം പായിച്ചു കിടന്നു…

ഇതെന്താ ഒരു പാദസരം…..അതും കല്ല് പതിപ്പിച്ചത്…. രാവയിന്റെ ആ പറച്ചിലിൽ ഒരു ചിരി കലർന്നിരുന്നു….

വെറുതെ.. ഒരാഗ്രഹം… അവളതും പറഞ്ഞ് വെള്ളത്തിൽ ഓളങ്ങൾ തീർത്തുകൊണ്ടിരുന്ന പാദസരങ്ങൾ അണിഞ്ഞിട്ടില്ലാത്ത കാൽപ്പാദങ്ങളിലേക്ക് നോക്കി…

ഓക്കെ..ശരി…എന്റെ ത്രേയക്കുട്ടി ഒരുപാട് ആഗ്രഹിച്ചു പറഞ്ഞ കാര്യമല്ലേ…അതങ്ങ് നടത്തിയേക്കാം…. രാവണതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു….

thank you….

രാവണിന് മറുപടിയും നല്കി ത്രേയ അവന്റെ മുഖത്ത് കൈ ചേർത്ത ശേഷം ആ കൈ ചുണ്ടിൽ വച്ച് മുത്തി പുഞ്ചിരിയോടെ ഇരുന്നു… ____________________________________

രാവൺ..എന്തായിത് സമയം വൈകുന്നു… തള കാലിൽ അണിയിച്ചു കൊടുക്ക്….!!!

പ്രിയയുടെ സ്വരമാണ് ആ പഴയ ഓർമ്മകളിൽ നിന്നും രാവണിനെ ഉണർത്തിയത്..സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവൻ വീണ്ടും ത്രേയയുടെ പാദങ്ങളിലേക്ക് നോട്ടം പായിച്ചു… പാദസരങ്ങളണിയാത്ത ആ പാദം അവനിൽ കുറേയേറെ ചോദ്യങ്ങൾ നിറച്ചു കൊണ്ടിരുന്നു… എങ്കിലും എല്ലാവരുടേയും നിർബന്ധ പ്രകാരം കൈയ്യിൽ കരുതിയിരുന്ന തള അവനവളുടെ പാദങ്ങളിലേക്ക് മെല്ലെ അണിയിച്ചു കൊടുത്തു..

അപ്പോഴേക്കും ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അവർക്ക് മേലേ പൂക്കൾ വർഷിക്കാൻ തുടങ്ങി…അച്ചുവും ശന്തനുവും അഗ്നിയും കൂടി ഒരു പൂമഴ തന്നെ പെയ്യിച്ചു… പക്ഷേ അതെല്ലാം കണ്ട് ദേഷ്യം കടിച്ചമർത്തി നിൽക്ക്വായിരൂന്നു വേദ്യയും,വൈദിയും…വേദ്യയുടെ മുഖഭാവം കണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും വൈദിയുടെ കണ്ണുകളിൽ അടങ്ങാത്ത പക എരിയുകയായിരുന്നു….

അപ്പോ ചടങ്ങ് അവസാനിച്ചിരിക്ക്യാണ് വൈദീ…ഇനി നാളെ വിവാഹം കഴിയുമ്പോ ഒരു കലശപൂജ കൂടിയുണ്ടാവും… അത് രാജാറാം ജീ തന്നെയാവും നടത്തുന്നത്… ജീ നാളെ ഇവിടേക്ക് എത്തും…

യജ്ഞാചാര്യൻ അത്രയും പറഞ്ഞ് പൂജ അവസാനിപ്പിച്ചു കൊണ്ട് എഴുന്നേറ്റു…അയാളെ യാത്രയാക്കും വരെ വൈദിയും പ്രഭയും അവർക്കൊപ്പം തന്നെ കൂടി…. അപ്പോഴേക്കും ഊർമ്മിളയും,വസുന്ധരയും,വേദ്യയും,ഹരിണിയും മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് രാവണിനേയും,ത്രേയയേയും മാറിമാറി നോക്കിയ ശേഷം റൂമിലേക്ക് തന്നെ വെച്ച് പിടിച്ചു…. പിന്നെ അവിടെ സഖ്യകക്ഷികൾ മാത്രമായിരുന്നു ശേഷിച്ചത്…

അപ്പോ എങ്ങനെയാ രാവൺ… വിവാഹ തലേന്ന് സാധാരണ ഒരു ബാച്ചിലേർസ് പാർട്ടി പതിവാ… ഞങ്ങള് നിക്കണോ…അതോ പോണോ… രാവണിന്റെ തോളിലേക്ക് കൈയ്യിട്ട് കൊണ്ട് ശന്തനുവങ്ങനെ ചോദിച്ചതും രാവണാ കൈ തട്ടിമാറ്റി നടക്കാൻ ഭാവിച്ചു….

അങ്ങനെയങ്ങ് പോവല്ലേ എന്റനിയാ… മറുപടി പറഞ്ഞിട്ട് പോടാ…

ഹരി രാവണിന് മുന്നിൽ തടസ്സമായി നിന്നതും ത്രിമൂർത്തികൾ രാവണിന് പിന്നിലായി വട്ടംകൂടി നിന്നു…

ഇയാക്കിപ്പോ എന്താ വേണ്ടേ…കുടിയ്ക്കാനെണെങ്കിൽ ഷെൽഫിൽ ഉണ്ടാകുമല്ലോ..എന്താന്ന് വച്ചാൽ ആയിക്കൂടേ.. വെറുതെ മനുഷ്യന് ശല്യമുണ്ടാക്കാൻ…

രാവൺ ഹരിയെ നോക്കി കലിപ്പിക്കാൻ തുടങ്ങി…അതും കണ്ട് ചിരിയടക്കി പിടിച്ചു നിൽക്ക്വായിരുന്നു ത്രേയയും,കൺമണിയും..കൂട്ടിന് നിമ്മി കൂടി ചേർന്നതും പ്രിയ ഹരിയെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി….

ഞാനിപ്പോ വരാടി…നീ റൂമിലേക്ക് പൊയ്ക്കോ… ദേ ഈ പിള്ളേരേം കൂടി കൂട്ടിയ്ക്കോ…!!!

നിലത്ത് വീണു കിടന്ന പൂക്കൾ പരസ്പരം വാരിയെറിഞ്ഞ് നിന്ന അമ്മൂനേം,ചാരൂനേം,പാർത്ഥിയേയും ചൂണ്ടിക്കാട്ടി ഹരിയങ്ങനെ പറഞ്ഞതും പ്രിയ അവനെ ദഹിപ്പിച്ചൊന്ന് നോക്കി…

പിള്ളേരെ വേണേ പിടിച്ചോണ്ട് വന്നേക്ക്… ഞാൻ റൂമിലേക്ക് പോകുവാ…. മൂക്ക് മുട്ടെ കുടിച്ച് നാലു കാലിലാ വരാൻ പ്ലാനെങ്കി… ദേ ഹരിയേട്ടാ ഡോറ് ഞാൻ തുറക്കില്ല… 10.30 വരെ ഞാൻ wait ചെയ്യും…അതിന് മുമ്പങ്ങ് വന്നേക്കാണം…

പ്രിയ അന്ത്യശാസനം മുഴക്കി സ്റ്റെയർ കയറി പോകുന്നതും നോക്കി അന്തംവിട്ട് നിൽക്ക്വായിരുന്നു ഹരി….

പ്രിയേടെ ആ പെർഫോമൻസും ഹരീടെ മുഖത്തെ expression ഉം കണ്ട് രാവണടക്കമുള്ളം ആർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല… എല്ലാവരുടേയും മുഖം ശ്രദ്ധിച്ചെങ്കിലും രാവണിന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോ ഹരിയ്ക്ക് ദേഷ്യത്തിലുപരി സന്തോഷവും,ആശ്വാസവുമാണ് തോന്നിയത്… അവനത് മനസ്സിലോർത്തു കൊണ്ട് പുഞ്ചിരിയോടെ രാവണിനെ തന്നെ നോക്കി നിന്നു…ഹരിയ്ക്കൊപ്പം ത്രേയയുടെ നോട്ടവും രാവണിലേക്ക് മാത്രമായി ഒതുങ്ങി…

രാവൺ…നീ എത്ര നാള് കൂടീട്ടാ ഇങ്ങനെ മനസ്സറിഞ്ഞ് ചിരിയ്ക്കുന്നേന്ന് അറിയ്വോ…

ഹരി വളരെ സന്തോഷത്തോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തെ ചിരി പതിയെ മങ്ങാൻ തുടങ്ങി….പഴയ ഗൗലവഭാവം മുഖത്തേക്ക് വരാൻ തുടങ്ങിയതും അച്ചു ആ അവസരം മുതലാക്കി ഹരിയ്ക്ക് അടുത്തേക്ക് അവതരിച്ചു…

നമ്മള് മാറ്റർ വിട്ട് പോകുന്നു ഹരിയേട്ടാ.. എല്ലാവരും മറ്റേ കാര്യത്തിലേക്ക് വാ… ശന്തനു പറഞ്ഞ കാര്യത്തിലേക്കേ…

അച്ചു അതു പറഞ്ഞതും ത്രേയയും,നിമ്മിയും,കൺമണിയും കുട്ടികളേയും കൂട്ടി ഹാളിന്റെ ഒരു കോർണറിലേക്ക് പതിയെ നടന്നു…

രാവൺ മോനേ…നീ റൂമിൽ പോയി എല്ലാം ഒന്ന് സെറ്റാക്ക് അപ്പോഴേക്കും ഞങ്ങളങ്ങോട്ട് വരാം..ന്തേ…

അച്ചു കാര്യമായി പ്ലാനുകൾ ഓരോന്നും രാവണിനോട് അവതരിപ്പിക്കുമ്പോഴും രാവണിന്റെ നോട്ടം പോയത് ത്രേയയിലേക്കായിരുന്നു….കുട്ടികൾക്കൊപ്പം കുസൃതി കാട്ടി നിന്ന ത്രേയയെ അവളറിയാതെ നോക്കി കാണുകയായിരുന്നു രാവൺ… പെട്ടെന്നാണ് ത്രേയയുടെ ദാവണി തുമ്പിൽ വിളക്കിലെ അഗ്നി പടരുന്ന ദൃശ്യം രാവണിന്റെ ശ്രദ്ധയിൽപെട്ടത്….

പൊടുന്നനെ അവന്റെ മുഖഭാവം പോലും വ്യത്യാസപ്പെടാൻ തുടങ്ങി…ചെറിയൊരു പുഞ്ചിരിയോടെ നിന്ന രാവണിന്റെ മുഖത്ത് പരിഭ്രാന്തി പടരാൻ തുടങ്ങി…ത്രേയ അത് ശ്രദ്ധിക്കാതെയാണ് നില്ക്കുന്നതെന്ന് മനസിലാക്കിയതും അവന് മുന്നിൽ പ്ലാൻ പറഞ്ഞു നിന്ന അച്ചൂനെ തള്ളിമാറ്റി രാവൺ ത്രേയയ്ക്കരികിലേക്ക് പാഞ്ഞു…

അച്ചുവും,ശന്തനുവും,അഗ്നിയും ഹരിയും കൂടി ഒന്നും മനസിലാകാത്ത പോലെ കണ്ണും മിഴിച്ച് രാവണിനെ തന്നെ നോക്കി നിൽക്ക്വായിരുന്നു… പെട്ടെന്നാണ് ഹരീടെ ഇളയ സന്താനമായ പാർത്ഥി ത്രേയയ്ക്ക് പിന്നിൽ വന്നു നിന്നത്…

ദേ…നിമ്മിയാന്റീ..ത്രേയേടെ ഉടുപ്പിൽ തീ പിടിച്ചു… പാർത്ഥി അങ്ങനെ പറഞ്ഞതും ത്രേയയും നിമ്മിയും കൺമണിയും ഒരുപോലെ വെപ്രാളപ്പെട്ട് ദാവണിത്തുമ്പ് കുടിയാൻ തുടങ്ങി…. പെട്ടെന്നാണ് പാർത്ഥി പൂജയ്ക്ക് വച്ചിരുന്ന കിണ്ടിയിലെ വെള്ളം ത്രേയയുടെ ഡ്രസ്സിലേക്കെടുത്തൊഴിച്ചത്….ആ രംഗം നടക്കുമ്പോൾ രാവൺ ത്രേയയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു….. പക്ഷേ രാവൺ എത്തും മുമ്പേ തന്നെ കുഞ്ഞാണെങ്കിലും പാർത്ഥി കാര്യം സോൾവ് ആക്കിയിരുന്നു….

പരിഭ്രമത്തോടെ ത്രേയയ്ക്കരികിലേക്ക് ഓടിയടുത്ത രാവൺ ഡ്രസ്സിലെ തീയണഞ്ഞതും നിന്നിടത്ത് തന്നെയൊന്ന് slow ആയി…തീ പൂർണമായും അണച്ച് ദാവണി തുമ്പ് കുടഞ്ഞു നിന്ന ത്രേയ അപ്പോഴാണ് രാവൺ തന്റെ പിന്നിലുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്… അവള് പെട്ടെന്ന് തിരിഞ്ഞ് രാവണിനെ നോക്കിയതും എല്ലാവർക്കും മുന്നിൽ ഒരു ജാള്യതയോടെ നിൽക്ക്വായിരുന്നു രാവൺ….

ആ അവസരം മുതലെടുത്ത് തന്നെ മുഖത്തൊരു ആക്കിയ ചിരി വിരിയിച്ചു കൊണ്ട് ത്രിമൂർത്തികളും അവർക്ക് കൂട്ടായി ഹരിയും രാവണിനടുത്തേക്ക് നടന്നടുത്തു…

എന്താ രാവൺ പെട്ടെന്ന് ഇവിടേക്ക് വച്ചു പിടിച്ചത്…അതും എന്നെ തള്ളിമാറ്റീട്ട്…???

അച്ചൂന്റെ അർത്ഥം വച്ചുള്ള ആ ചോദ്യം കേട്ട് രാവണവനെ തുറിച്ചൊന്നു നോക്കി…

ഡാ..ഡാ..അച്ചൂട്ടാ…എന്റെ അനിയനെ കളിയാക്കല്ലേ..എന്റെ പുന്നാര അനിയൻ അവന്റെ പെണ്ണിന് ഒരപകടം ഉണ്ടാവുന്നത് കണ്ടപ്പോ സഹിച്ചില്ല…അവനോടി വന്നു…അതിനിടയിൽ എനിക്ക് ജനിച്ച ഒരെണ്ണത്തിന്റെ അഹങ്കാരം കാരണം രാവണിന് ത്രേയമോളെ അതിസാഹസികമായി രക്ഷിക്കാൻ കഴിഞ്ഞില്ല… അതിന് നീയിത്ര മൂപ്പിക്കാൻ എന്താ അച്ചൂ…

രാവണിന്റെ തോളിലേക്ക് കൈയ്യിട്ടു കൊണ്ട് ഹരിയങ്ങനെ പറഞ്ഞതും ചുറ്റും നിന്ന എല്ലാവരുടേയും മുഖത്ത് ചിരി പൊട്ടി….ത്രേയ രാവണിനെ നോക്കി തന്നെ വായ പൊത്തി ചിരി അടക്കി പിടിക്കാൻ ശ്രമിച്ചു…അത് കണ്ടതും അവളെ നോക്കി ദഹിപ്പിക്ക്യായിരുന്നു രാവൺ…

ത്രേയമോളേ… എന്തായാലും ചെറിയ ഒരപകടം കഴിഞ്ഞതല്ലേ…മോള് ശരിയ്ക്കൊന്ന് റെസ്റ്റെടുക്ക്.. നാളെ പുലർച്ചെ എഴുന്നേൽക്കാനുള്ളതല്ലേ….

ഹരീടെ ആ പറച്ചില് കേട്ടതും ത്രേയ ഹരിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുട്ടികളേയും നിമ്മിയേയും കൺമണിയേയും കൂട്ടി റൂമിലേക്ക് നടക്കാൻ ഭാവിച്ചു… പെട്ടെന്ന് ത്രേയ വീണ്ടും ഹരിയ്ക്ക് അടുത്തേക്ക് തന്നെ വന്നു നിന്നു…

ഹരിയേട്ടാ… വിരോധമില്ലെങ്കിൽ മക്കളെ ഇന്ന് എന്റെ കൂടെ കിടത്തിക്കോട്ടേ…!!! ഞാനാ റൂമിൽ ഒറ്റയ്ക്കല്ലേ…

ത്രേയ കുട്ടികളെ മൂന്ന് പേരെയും ചേർത്ത് പിടിച്ച് നിൽക്ക്വായിരുന്നു..ത്രേയ പറയുന്നത് കേട്ട് ഒന്നും മനസ്സിലാകാതെ അവൾക് നേരെ നോട്ടം പായിച്ചു നിൽക്ക്വായിരുന്നു മൂവരും..

അതെന്ത് ചോദ്യമാ മോളേ…. ഇന്നോ,നാളെയോ… ആജീവനാന്ത കാലത്തോളമോ ഇതിനെയൊക്കെ നീ എടുത്തോ… ദുരിന്തം ഏറ്റുവാങ്ങാൻ തയ്യാറായി നീ നിന്നാൽ ഞാനെന്ത് പറയാനാ… പിഷാരടി പറയും പോലെ കൊണ്ടേയ്ക്കോ…കൊണ്ടേയ്ക്കോ…. എങ്ങോട്ടാന്ന് വച്ചാൽ കൊണ്ടോയ്ക്കോ…

ഹരീടെ ആ പറച്ചില് കേട്ട് പാർത്ഥിയവനെ തറപ്പിച്ചൊന്ന് നോക്കി…

പപ്പ…ത്രേയ ഒറ്റയ്ക്കായത് കൊണ്ട് പപ്പയെ ഞങ്ങള് വെറുതെ വിടുന്നു… നാളെ നേരം വെളുക്കുമ്പോ ഇതിനുള്ള reply മമ്മീടെ കൈയ്യീന്ന് ഞങ്ങള് മേടിച്ച് തരാമേ…mind it…

പാർത്ഥി അതും പറഞ്ഞ് ത്രേയും വലിച്ചു കൊണ്ട് സ്റ്റെയർ കയറാൻ തുടങ്ങി…പിറകെ പോയ അമ്മുവും,ചാരുവും ഹരിയെ തന്നെ നോക്കി ദഹിപ്പിച്ചു കൊണ്ടായിരുന്നു സ്റ്റെയർ കയറിയത്…എല്ലാം കണ്ട് സംതൃപ്തിയടഞ്ഞ് നിൽക്ക്വായിരുന്നു ഹരി… അവർക്ക് പിറകേ പോയ നിമ്മിയും ഹരിയുടെ നില്പ് കണ്ട് വായ പൊത്തി ചിരിച്ചു കൊണ്ട് സ്റ്റെയർ കയറാൻ തുടങ്ങി….പിന്നീടവിടെ പെൺകുട്ടികളിൽ കൺമണി മാത്രമാണ് ശേഷിച്ചത്……

എടാ അച്ചൂട്ടാ..ആ പോയതുങ്ങളുടെ നോട്ടം കണ്ടാ ഞാനവരുടെ അച്ഛനാണെന്നാണോ അതോ ശത്രു ആണെന്നാണോ പറയുന്നത്…

ഹരി നെഞ്ചത്ത് കൈവെച്ച് ചോദിച്ചതും അച്ചുവതിന് ഉടനടി answer നൽകി…

സംശയമെന്ത് ശത്രു…അമ്മാതിരി നോട്ടമല്ലേ നോക്കിയത്.. സത്യം പറയാല്ലോ ഹരിയേട്ടാ ഞാൻ വരെ വെന്തുരുകി പോയി… പ്രായം കൊണ്ട് കൊച്ചുങ്ങളാണേലും നോക്കി പേടിപ്പിക്കുന്ന കാര്യത്തിൽ അവര് പുപ്പുലികളാ… എന്തായാലും ഹരിയേട്ടൻ പേടിക്കണ്ട… ബിസിനസ് പൊളിഞ്ഞാ പിള്ളേരെ വല്ല സീരിയലിലും അഭിനയിപ്പിച്ചായാലും ജീവിക്കാം…പ്രേതം effect ഇട്ട് തകർത്തോളും…

അതുവരെയും ക്ഷമയോടെ നിന്ന ഹരി അച്ചു കയറിയങ്ങ് മൂക്കാൻ തുടങ്ങിയതും പതിയെ expression ഒക്കെ മാറ്റി തുടങ്ങി… പിന്നെ ഹരീടെ ദഹിപ്പിച്ചുള്ള നോട്ടത്തിന് പാത്രമായത് പാവം അച്ചുവായിരുന്നു… ഇതിനെല്ലാം സാക്ഷിയായി കലി കയറി നിൽക്ക്വായിരുന്നു രാവൺ… ബാക്കി രണ്ടെണ്ണവും ഇതിനെല്ലാം വെറുതെ ചിരിച്ചു കൊടുക്കുന്നുണ്ടായിരുന്നു…

ശ്ശേ…നമ്മള് മാറ്ററിൽ നിന്നും വല്ലാണ്ട് വ്യതി ചലിക്കുന്നു ഹരിയേട്ടാ…come to the point…

അച്ചു പറയാൻ വരുന്ന കാര്യം എന്താണെന്ന് മറ്റാരേക്കാളും ഭംഗിയായി അഗ്നിയ്ക്ക് വ്യക്തമായിരുന്നു…അവനത് മനസ്സിലാക്കിയതും ആദ്യം നോക്കിയത് കൺമണിയുടെ മുഖത്തേക്കായിരുന്നു… പിന്നെ പതിയെ അച്ചൂനെ കാര്യത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ചു…

അച്ചൂട്ടാ നീ രാവണിനേം കൂട്ടി മുകളിലേക്ക് ചെല്ല്… ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം…

അഗ്നി കാര്യം തിരുച്ചു വിടാൻ ശ്രമിക്കുന്നത് കൺമണിയ്ക്ക് പെട്ടെന്ന് മനസിലായി…അവളത് ഒരു ചിരിയടക്കി കേട്ട ശേഷം പൂജ കഴിഞ്ഞു ശേഷിച്ച സാധനങ്ങൾ ഓരോന്നായി അടുക്കി വയ്ക്കാൻ തുടങ്ങി….അപ്പോഴാണ് ആ കൂട്ടത്തിൽ നിന്ന ശന്തനൂന്റെ കണ്ണുകൾ കൺമണിയിലേക്ക് പാഞ്ഞത്…അച്ചു പറയുന്ന കാര്യങ്ങൾക്ക് യാന്ത്രികമായി ചിരിയ്ക്കുന്നുണ്ടെങ്കിലും ശന്തനൂന്റെ നോട്ടം കൺമണിയിലേക്ക് മാത്രമായിരുന്നു…..

അപ്പോ എല്ലാം സെറ്റ്.. നമുക്കെങ്കില് റൂമിലേക്ക് വിട്ടാലോ…???

അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് ഒരു തട്ട് കൊടുത്തതും അവൻ നിന്ന നിൽപ്പിൽ ആകെയൊന്ന് ഞെട്ടിയുണർന്നു… അവിടെ സംസാരിച്ച ഒന്നിനും കാര്യമായ ശ്രദ്ധ കൊടുക്കാതെ നിന്നതു കൊണ്ട് ശന്തനൂന് തീരുമാനങ്ങളൊന്നും നിശ്ചയമുണ്ടായിരുന്നില്ല…

എന്താടാ… എവിടേക്കാ…???

ശന്തനു ഒന്നും അറിയാതെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടതും അച്ചു നടുവിന് കൈതാങ്ങി നിന്നുകൊണ്ട് ശന്തനൂനെ അടിമുടി ഒന്നു നോക്കി….

രാമായണം ഇത്രയും വായിച്ചു കഴിഞ്ഞപ്പോ സീത രാമന്റെ ആരാന്നോ…കുഞ്ഞമ്മയാടാ…കുഞ്ഞമ്മ…!!!! ഹല്ല പിന്നെ…!!!

അച്ചു അതും പറഞ്ഞ് കലിപ്പിച്ചു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാ ഹാളിന്റെ കോർണറിൽ നിന്ന കൺമണിയെ കണ്ടത്…

ഹോ.. വെറുതെ അല്ല ഇയാള് നിലാവത്ത് അഴിച്ചു വിട്ട ആ ദേശീയ പക്ഷിയെ പോലെ നിൽക്കുന്നേ… അപ്പോ ഇതാണ് കാര്യം…!! അല്ലേലും ഇവിടെ ഞാനൊഴികെയുള്ള എല്ലായെണ്ണത്തിന്റേയും റിലേ പോയി കിടക്ക്വാ…. ഒരുത്തൻ നോക്കി നോക്കി കണ്ണ് വച്ച് ഒരു പെങ്കൊച്ചിന്റെ ദാവണി കത്തിച്ചു…. ദേ അടുത്തത് നിന്ന് നോക്കി നോക്കി ആ കൺമണിയെ ഒരു അനീമിക് പേഷ്യന്റാക്കി… ഇനി ബാക്കിയുള്ളത് എന്റെ അഗ്നിയാ…അതിലാ എന്റെ ആകെ പ്രതീക്ഷ…ഒരു പെണ്ണ് ഇങ്ങോട്ട് നോക്കിയാലും ഈ താടീടെ കണ്ണ് അങ്ങോട്ട് പ്രസാദിക്കില്ല എന്ന ഉത്തമ ബോധ്യം ഉള്ളോണ്ട് നിന്നെ മാത്രം ഞാൻ വിശ്വസിക്കുന്നു അഗ്നീ….

അച്ചൂന്റെ ആ പറച്ചില് കേട്ടതും രാവണിന് കലികയറാൻ തുടങ്ങി…അവൻ കലിപ്പിച്ചു കൊണ്ട് തന്നെ അച്ചൂന്റെ ഇടത് കൈ മുറുകെ തിരിച്ച് പിറകിലേക്ക് പിണച്ച് ചുറ്റി വച്ചു….

നീയാരാടാ വലിയ മിസ്റ്റർ ക്ലീനോ…ഞങ്ങളെല്ലാവരും വായിനോക്കികളും നീ മാത്രം വിശുദ്ധനും ല്ലേ…ത്രേയേ വിളിക്കാനായി airport ൽ ചെന്നപ്പോ നീ അന്ന് എന്തൊക്കെയാടാ അവിടെ കാണിച്ചു കൂട്ടിയേ…

രാവണതും പറഞ്ഞ് അച്ചൂന്റെ കൈ ഒന്നുകൂടി ആഞ്ഞൊന്ന് മുറുക്കി വച്ചു…അത് കേട്ടതും അതുവരെ അലറിവിളിച്ചു കരഞ്ഞ അച്ചൂന്റെ മുഖമൊന്നു വിടർന്നു….

ഹാ..അത് പറഞ്ഞത് പോലെ ഞാനിവന്മാരോട് പറഞ്ഞില്ല അല്ലേ രാവൺ… ദേ ഇപ്പൊ പറയാം…നീ എന്റെ ഈ കൈയ്യിന്റെ പിടിയൊന്ന് വിട്ടേ….

അച്ചൂന്റെ ആ പറച്ചില് കേട്ടതും രാവൺ ഒരു ഞെട്ടലോടെ ആയുധം വച്ച് കീഴടങ്ങി…അവൻ അതേ effect ൽ അച്ചൂന്റെ കൈ പതിയെ അയച്ചു വിട്ടു…

അതേ അഗ്നീ… airport ല് വച്ച് ഞാൻ നിന്റെ അനിയത്തി കുട്ടിയെ കണ്ടെടാ…!! രാവണിന്റെ പിടിവിട്ട് അച്ചു അഗ്നിയ്ക്കരികിലേക്ക് ചെന്നു നിന്നു…

അനിയത്തി കുട്ടിയോ…ഏത് അനിയത്തി കുട്ടി…???

അഗ്നി നെറ്റി ചുളിച്ചു കൊണ്ട് അങ്ങനെ ചോദിച്ചതും അച്ചൂന്റെ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു…അവനാ ചിരിയിൽ നഖം കടിച്ചു കൊണ്ട് നിലത്ത് കളം വരയ്ക്കാൻ തുടങ്ങി….

അതേ അഗ്നീ… ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്… നിന്റെ അനിയത്തി കുട്ടി ആകുമല്ലോ…!!!

പ്ഫഫഫ… നീ കെട്ടാൻ പോകുന്ന പെണ്ണോ… അതിന് നിന്നെ ആരാ ഇപ്പോ കെട്ടിക്കുന്നത്… മൊട്ടേന്ന് വിരിഞ്ഞില്ല..അപ്പോഴേ കെട്ടാൻ നടക്കുന്നു…….

അഗ്നീടെ ആ പറച്ചില് കേട്ടതും അച്ചു പേടിച്ച് രാവണിന് പിന്നിലേക്ക് ഒളിച്ചു നിന്നു…

ഇയാള് ഈ കാലത്തൊന്നും കെട്ടുന്നില്ലാന്ന് വച്ച് ഞാനും ഇയാളെപ്പോലെ സന്യാസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ല…

രാവൺ മുന്നിലുള്ള ധൈര്യത്തിൽ അച്ചു കത്തിച്ചു വിട്ടതും അഗ്നി ഡബിൾ കലിപ്പിൽ അവനെ എത്തിപ്പിടിയ്ക്കാൻ ശ്രമിച്ചു…ആ കാഴ്ച രാവണിനും,ശന്തനൂനും,ഹരിയ്ക്കും ഒരുപോലെ ചിരിയ്ക്കുള്ള വകയുണ്ടാക്കി എന്നുവേണം പറയാൻ…. ഒടുവിൽ രാവണിന്റെ മധ്യസ്ഥതയിൽ കാര്യം solve ആക്കിയതും ശന്തനു വീണ്ടും സംശയവുമായി വന്നു…

അല്ല അച്ചൂട്ടാ… ചോദിക്കാൻ മറന്നു… ഈ കോഴി എങ്ങനെയാ ദേശീയ പക്ഷിയാവുന്നത്…മയിലല്ലേ നമ്മുടെ ദേശീയ പക്ഷി…

അത് നമ്മുടെ രാജ്യത്തിന്റെ….!! ഞാനുദ്ദേശിച്ചത് ആ ദേശീയത അല്ല…നിന്റെ സ്വഭാവ ശാസ്ത്രം വച്ചുള്ള ദേശീയത….!!

*പെണ്ണെന്ന് കേട്ടാലേ രോമാഞ്ചിഫിക്കേഷൻ വരണം അന്തരംഗങ്ങളിൽ…. നേരിൽ കണ്ടാലോ പുറത്തേക്ക് തള്ളണം കണ്ണുകൾ വെള്ളയ്ക്കാ വലിപ്പത്തിലും…. എന്നല്ലേ വയ്പ്….!!!

അച്ചൂന്റെ ആ നാല് വരി കവിത കേട്ടതും ശന്തനു ഒരവിഞ്ഞ ചിരി പാസാക്കി കൺമണിയെ ഒന്ന് പാളി നോക്കി… അതെല്ലാം കേട്ട് ശന്തനൂനെ നോക്കി ആക്കി ചിരിച്ച് നിൽക്ക്വായിരുന്നു കൺമണി…അഗ്നിയും,രാവണും,ഹരിയും എല്ലാം അത് കേട്ട് കണക്കിന് ആസ്വദിച്ച് ചിരിക്ക്യായിരുന്നു….

ഒരു പാവം വ്യക്തിയെ ഒരു സാമദ്രോഹി ഇങ്ങനെ തേജോവധം ചെയ്യുമ്പോ കണ്ട് നിന്ന് രസിക്കുന്നോടാ ദുഷ്ടന്മാരേ….. അത് കേട്ടതും ഹരി ശന്തനൂനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി…

sorry ഹരിയേട്ടാ… except ഹരിയേട്ടൻ…!!! ശന്തനു ഹരിയെ ഒന്ന് സോപ്പിട്ട് പതപ്പിച്ചു…അതിൽ വീണ ഹരി പതിയെ ഒന്നിരുത്തി മൂളി നിന്നു…

സോറീ ഡാ ശന്തനു…നീയിങ്ങനെ ടെൻഷനാവാതെ…സത്യമായ കാര്യങ്ങൾ പറയുമ്പോ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം…

അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടതും ശന്തനു അതിന് സമ്മതം മൂളി ഒന്ന് തലയാട്ടി… കുറച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ പൊരുൾ ശരിയ്ക്കും അവന് മനസിലായത്…അത് മനസിലാക്കിയതും ശന്തനു അച്ചൂനെ ഊക്കോടെ തള്ളിമാറ്റി കലിപ്പ് ഫിറ്റ് ചെയ്ത് നിന്നു…

ഇനി രണ്ടെണ്ണവും കൂടി അടി വേണ്ട…നാളെ ഒരു നല്ല കാര്യം നടക്കാൻ പോവാ… അപ്പോ എല്ലാവരും happy ആയി വേണമിരിക്കാൻ..

അഗ്നി അതും പറഞ്ഞ് അച്ചൂനെം ശന്തനൂനേം ഇരു വശത്തേക്കും ചേർത്ത് നിർത്തി…. അതുവരെയും ചിരിയോടെ നിന്ന രാവണിന്റെ മുഖം ആ വാക്കുകൾ കേട്ടതും വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു….അവനാ ദേഷ്യത്തിൽ തന്നെ എല്ലാവരിൽ നിന്നും വിട്ടകന്ന് സ്റ്റെയർ കയറാൻ തുടങ്ങി….

രാവൺ…ഡാ..നിക്കെടാ…നീ എവിടേക്കാ… ഹരി അവന് പിന്നിൽ നിന്ന് ഒരുപാട് തവണ വിളിച്ചിട്ടും അതൊന്നും mind ആക്കാതെ രാവൺ റൂളിനരികിലേക്ക് നടക്കാൻ തുടങ്ങി….

ശ്ശേ…അവൻ പോയല്ലോ…ഇവൻ തനി രാവണൻ തന്നെയാ… എന്ത് ദേഷ്യമാ ഈ ചെക്കന്… ഹരി അതും പറഞ്ഞ് അഗ്നിയേയും ശന്തനൂനേം അച്ചൂനേം ഒന്ന് നോക്കി…

അത് കാര്യമാക്കണ്ട ഹരിയേട്ടാ… ഞാൻ പറഞ്ഞത് കേട്ടുള്ള ദേഷ്യമാ അവന്… വിവാഹത്തിന്റെ കാര്യം പറഞ്ഞാലേ അവൻ കലിപ്പ് മോഡ് ഓൺ ചെയ്യും….

ന്മ്മ… എല്ലാം പതിയെ ഒന്ന് മാറ്റിയെടുക്കണം.. സാരല്യ ത്രേയയെ അല്ലേ അവൻ വിവാഹം ചെയ്യുന്നത്…ഇനിയുള്ള കാര്യങ്ങളെല്ലാം അവള് നോക്കിക്കോളും….

ഹരി അതും പറഞ്ഞ് ഒന്ന് ചിരിച്ചതും ബാക്കിയുള്ള മൂന്ന് പേരുടേയും മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…

അല്ല…ഹരിയേട്ടാ..അപ്പോ എങ്ങനാ…നമ്മുടെ കാര്യങ്ങൾ…???

നമ്മുടെ കാര്യം എന്താണെന്ന് ചോദിച്ചാ…എന്റെ റീഡിംഗ് റൂമിൽ കൂടാം നമുക്കിന്ന്…. എന്താ.. ഹരി അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ മുവരേയും ഒന്ന് നോക്കി…

പിന്നെ…ഈ പാതിരാ നേരത്തല്ലേ പുസ്തകം വായിക്കുന്നത്…

അച്ചു തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം ചുളിച്ച് നിന്നു..

ഡാ മണ്ടാ…അതല്ല ഞാൻ ഉദ്ദേശിച്ചത്… എന്റെ റീഡിംഗ് റൂമിൽ എല്ലാം സെറ്റാണ്.. പ്രീയേ പേടിച്ച് റൂമിൽ അതൊക്കെ strictly restricted ആണ്.. പിന്നെ ആകെയുള്ള വഴി റീഡിംഗ് റൂമാ…ഈ വീട്ടിൽ അവള് തിരിഞ്ഞു നോക്കാത്ത ഒരേയൊരു റൂം അത് മാത്രമാ… അതിന്റെ മുന്നില് വന്നാലെ ചെകുത്താൻ കുരിശ് കണ്ടപോലെ പാഞ്ഞോളും….

ഹരി അതും പറഞ്ഞൊന്ന് ചിരിച്ചതും മൂവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…

എങ്കില് ഇപ്പോ തന്നെ പോയേക്കാം….

അച്ചു അതും പറഞ്ഞ് ഹരിയേയും,അഗ്നിയേയും,ശന്തനൂനേം വലിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി… പെട്ടെന്ന് ശന്തനു അച്ചൂന്റെ പിടി അയച്ചെടുത്ത് പതിയെ അവിടെയൊന്ന് slow ചെയ്തു…

ന്മ്മ…എന്താടാ…നീ വരുന്നില്ലേ..

അച്ചൂന്റെ ചോദ്യം കേട്ട് ശന്തനു മെല്ലെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…

ഞാൻ വരാം….നിങ്ങള് ചെല്ല്… എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ട് ഫോൺ കോൾ ചെയ്യാനുണ്ട്…!!!

ആരെ…???

അച്ചൂന്റെ ആ ചോദ്യം കേട്ട് അഗ്നി അവനെ വിലക്കി…

അച്ചൂ..അവൻ വന്നോളും…അവനെന്തെങ്കിലും ആവശ്യം ഉണ്ടാവും….നീ പോയിട്ട് വാ ശന്തനൂ…ഞങ്ങള് wait ചെയ്യാം…

അഗ്നി അതും പറഞ്ഞ് അച്ചൂനേം ഹരിയേയും കൂട്ടി റൂമിലേക്ക് നടന്നു… അഗ്നി പറഞ്ഞത് ഒരാശ്വാസമായി കണ്ട് ശ്വാസം ഒന്ന് നീട്ടി വലിച്ച് ശന്തനു പൂജ നടന്ന ഭാഗത്തേക്ക് വന്നു….. അവിടെ കൺമണി കാര്യമായ ജോലിയിലായിരുന്നു…. അവളറിയാതെ അവൾക് പിന്നിലായി നിന്ന് ഒരു പുഞ്ചിരിയോടെ ശന്തനു അവളുടെ ചെയ്തികൾ നോക്കി കാണുകയായിരുന്നു…. പെട്ടെന്ന് യാദൃശ്ചികമായി കൺമണി ശന്തനൂന് നേരെ തിരിഞ്ഞതും തിടുക്കപ്പെട്ട് അവനവിടെ നിന്നൊന്ന് പരുങ്ങി…

അല്ല… ശന്തനു എന്താ ഇവിടെ… എന്താ മിണ്ടാതെ പിന്നില് വന്ന് നിന്നത്… കൺമണി അല്പം ഞെട്ടലോടെ ചോദിച്ചു കൊണ്ട് നിലത്ത് നിന്നും താലവുമായി എഴുന്നേറ്റു….

ഞാൻ… ഞാൻ വെറുതെ…!!! എനിക്ക് ഒരു കോൾ ചെയ്യാനുണ്ടായിരുന്നു… അതിന് വേണ്ടി വന്നപ്പോ…കൺമണി ഇവിടെ… അപ്പോ തോന്നി….

ശന്തനു നിന്ന് വിക്കുന്നത് കണ്ട് കൺമണി ഒരു ചിരിയടക്കി നിന്നു…

എന്തിനാ ശന്തനു ഇങ്ങനെ വിക്കുന്നേ…. എന്റെ മുന്നില് നിൽക്കുമ്പോൾ പേടി തോന്നുന്നുണ്ടോ…അതോ വല്ല കുരുത്തക്കേടും ഒപ്പിച്ചോ…???

ശന്തനു അത് കേട്ട് ആകെയൊന്ന് വിയർത്തു…

അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേയുള്ളു… അതിന്റെ പേരിൽ ഇനിയും nervous ആവണ്ട…

കൺമണീടെ ആ പറച്ചില് കേട്ട് ശന്തനു ഒന്ന് ചിരിച്ചു..

ഞാൻ.. ഞാൻ ശരിയ്ക്കും ഒരു കാര്യം പറയാൻ വന്നതാ കൺമണീ… തനിക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്… എപ്പോഴും ദാവണി ഇട്ട് മാത്രം കണ്ടിട്ടുള്ളതല്ലേ…സാരി ഇത്രേം ചേർച്ചയുണ്ടാവുംന്ന് expect ചെയ്തില്ല…!!! വളരെ നന്നായിട്ടുണ്ട്….ഇത്രയും ഭംഗിയുള്ള നാടൻ മുഖം ഞാൻ മുമ്പ് കണ്ടിട്ടേയില്ല എന്നുവേണം പറയാൻ….

ശന്തനു അത്രയും പറഞ്ഞ് തീരും വരെ ഒരു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്ക്വായിരുന്നു കൺമണി… എല്ലാം കഴിഞ്ഞപ്പോ അവള് ചിരിയോടെ മുഖം താഴ്ത്തി നിന്നു…. പിന്നെ പതിയെ മുഖമുയർത്തി അവനെയൊന്ന് നോക്കി… അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാവാതെ നിൽക്ക്വായിരുന്നു ശന്തനു…

ഇങ്ങനെ പറഞ്ഞിട്ടുള്ള എത്രാമത്തെ ആളാ ഞാൻ…. വല്ല പിടിയും ഉണ്ടോ…???

കൺമണി അതും പറഞ്ഞ് വീണ്ടുമൊന്ന് ചിരിച്ചതും ശന്തനൂന്റെ മുഖമാകെ വാടി…

ഞാനങ്ങനെ എല്ലാ പെൺകുട്ടികളോടും ഇങ്ങനെ പറഞ്ഞു നടക്കാറില്ല കൺമണീ…

അതൊന്നും വ്യക്തമായി എനിക്കറിയില്ലല്ലോ ശന്തനൂ… പിന്നെ ഇയാള് വിഷമിക്കാൻ പറഞ്ഞതല്ല കേട്ടോ.. വെറുതെ ഒരു തമാശയ്ക്ക്..ഇനി ഇത് മനസില് കൊണ്ട് നടക്കേണ്ട… ഞാൻ വെറുതെ അച്ചു പറയും പോലെ ഒന്ന് പറഞ്ഞൂന്നേയുള്ളൂ…..

അത് കേട്ടതും ശന്തനൂന്റെ മുഖമൊന്നു വിടർന്നു…

അപ്പോ അച്ചു പറഞ്ഞതെല്ലാം വിശ്വസിച്ചിട്ടാണോ കൺമണി അങ്ങനെ പറഞ്ഞത്…?? അവൻ വെറുതെ…

എങ്കില് പിന്നെ ഞാനും വെറുതെ എന്നങ്ങ് വിചാരിച്ചോളൂ ട്ടോ…!!! ജോലി കഴിഞ്ഞു…പോട്ടേ…

കൺമണി അതും പറഞ്ഞ് ജോലിയെല്ലാം ഒതുക്കി വിളക്കും താലവുമായി ശന്തനൂനെ മറികടന്ന് നടന്നു….

ഇവള് സാധാരണ ഒരു പെണ്ണല്ല… something special…!!!

ശന്തനു അതും പറഞ്ഞ് നടുവിന് കൈതാങ്ങി ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു… അപ്പോഴേക്കും കൺമണി താലം പൂജാമുറിയിൽ വച്ച് റൂമിലേക്ക് നടന്നു തുടങ്ങിയിരുന്നു….അവള് നടന്നകന്നതും ഒന്ന് രണ്ട് ഫോൺ കോളും ചെയ്തു കഴിഞ്ഞ് ശന്തനു റീഡിംഗ് റൂമിലേക്ക് തന്നെ നടന്നു….. __________________________________ ഈ സമയം റൂമിൽ എന്തൊക്കെയോ ചിന്തകളിൽ മുഴുകി അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു രാവൺ…ത്രേയയുടെ കാലിൽ തളയണിഞ്ഞതും, കൈയ്യിൽ കാപ്പ് കെട്ടിയതും എല്ലാം ഓർത്തെടുത്തപ്പോ അവസാനമായി അവന്റെ മനസിൽ നിറഞ്ഞു നിന്നത് അവളുടെ ഡ്രസിൽ തീ പടർന്ന രംഗമായിരുന്നു…..

അതോർക്കും തോറും അവന്റെ ആകെയുള്ള സമാധാനം കൂടി ഇല്ലാണ്ടാവുകയായിരുന്നു… അവനാ ടെൻഷനിൽ നടുവിന് കൈതാങ്ങി മറുകൈയ്യാൽ നെറ്റിയിലേക്ക് വീണു കിടന്ന മുടി മുകളിലേക്ക് കോരി ഒതുക്കി വച്ചു…. അനിയന്ത്രിതമായി മിടിച്ചു കൊണ്ടിരുന്ന അവന്റെ ഹൃദയം അവന്റെയുള്ളിലെ പരിഭ്രമത്തെ എടുത്ത് കാട്ടി…. എത്ര ശ്രമിച്ചിട്ടും അവന്റെയുള്ളിലെ ടെൻഷൻ ശമിപ്പിക്കാൻ കഴിഞ്ഞില്ല… എന്തൊക്കെയോ മനസ്സിലോർത്തു കൊണ്ട് അവൻ തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്ക് നടന്നു….അവൻ നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു….

റൂമിന്റെ ഫ്രണ്ടിലെത്തിയതും അവനാദ്യമൊന്ന് അമാന്തിച്ചു നിന്നു… പിന്നെ രണ്ടും കല്പിച്ച് ഡോറിൽ ആഞ്ഞടിച്ച് മുറിയ്ക്ക് പുറത്ത് തന്നെ wait ചെയ്തു….

ഉറക്കച്ചടവിൽ നിന്നും എഴുന്നേറ്റ് വന്ന ത്രേയ കുട്ടികളെ ഉണർത്താതെ പതിയെ ഡോറിന്റെ ലോക്കെടുത്ത് ഡോറ് ഓപ്പൺ ചെയ്തു…. തനിക്ക് മുന്നിൽ നിൽക്കുന്ന രാവണിനെ കണ്ടതും പേടിയോടെ ഉമിനീരിറക്കി അവളവനെ തന്നെ നോക്കി നിന്നു…

എനിക്കൊന്ന് സംസാരിക്കണം…..!!!

രാവണിന്റെ ഗൗരവമേറിയ സ്വരം കേട്ടതും ത്രേയ ആകെയൊന്ന് പതറി… അതിന് മുമ്പ് നടന്ന സംഭവങ്ങൾ ഓരോന്നും അവളൊന്ന് ഓർത്തെടുത്ത് നിന്നതും രാവൺ റൂമിലേക്ക് കയറാൻ ഭാവിച്ചു…. പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് ത്രേയ തിടുക്കപ്പെട്ട് കട്ടിളപ്പടിയിലേക്ക് കൈ ചേർത്ത് അവനെ അകത്തേക്ക് കയറാതെ തടഞ്ഞു വച്ചു…

അകത്തേക്ക് കയറണ്ട… ഇവിടെ വച്ച് പറയാനുള്ളത് പറഞ്ഞാൽ മതി…

ത്രേയേടെ ആ നില്പ് കണ്ട് രാവണവളെ തന്നെ ഉറ്റുനോക്കി നിന്നു…

എന്താ പേടിയാണോ നിനക്കെന്നെ… ഞാനിന്ന് മദ്യപിച്ചിട്ടില്ല….

അതുകൊണ്ടല്ല…റൂമില് കുട്ടികള് നല്ല ഉറക്കത്തിലാ…രാവണിന്റെ ദേഷ്യം കൂടുമ്പോ വല്ലതും തല്ലി തകർക്കാൻ തുടങ്ങും… അതുകേട്ട് അവരുണരണ്ട…

ത്രേയയുടെ വാക്കുകൾ കേട്ട് രാവൺ പുറത്ത് നിന്നു കൊണ്ട് ബെഡിലേക്കൊന്ന് നോക്കി… കുട്ടികൾ മൂവരും നല്ല ഉറക്കത്തിലായിരുന്നു….

ന്മ്മ… എങ്കില് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് വാ…ഞാനവിടെ ഉണ്ടാവും….

രാവൺ അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചു…

ഇല്ല… ഞാൻ വരില്ല…രാവണിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ ഇവിടെ നിന്ന് പറഞ്ഞാൽ മതി…

ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവൺ ദേഷ്യത്തിൽ അവൾക് നേരെ തിരിഞ്ഞു…

ഞാൻ പറയുന്നത് നീയങ്ങ് അനുസരിച്ചാൽ മതി… നാളെ ഈ സമയം എന്റെ ഭാര്യയായിരിക്കില്ലേ നീ…അതിന്റെ അധികാരമാണെന്നങ്ങ് കൂട്ടിക്കോ..

അതിന് ഞാൻ രാവണിന്റെ ഭാര്യ ആയിട്ടില്ലല്ലോ…നാളെ ആവുകയല്ലേയുള്ളൂ..അതു കഴിയട്ടേ… എന്നിട്ട് മതി അധികാരങ്ങളൊക്കെ…

രാവണത് കേട്ടതും ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ചു…

മര്യാദയ്ക്ക് പറഞ്ഞാൽ മനസിലാവില്ലേടീ നിനക്ക്…!!!!

രാവണതും പറഞ്ഞ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ത്രേയയെ പൊക്കിയെടുത്ത് തോളിലേക്കിട്ടു…പ്രതീക്ഷിക്കാതെയുള്ള അവന്റെ ആ നീക്കം കണ്ടതും ത്രേയ അവന്റെ തോളിൽ കിടന്ന് കൈയ്യും കാലും അടിച്ച് കരയാൻ തുടങ്ങി…. പക്ഷേ അവളുടെ പ്രതിരോധങ്ങളെ നിഷ്പ്രയാസം അവഗണിച്ചു കൊണ്ട് രാവണവളെ തോളിൽ തന്നെയിട്ട് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് നടന്നു….ടെറസിൽ എത്തും വരെയും ത്രേയ അവന്റെ പുറത്ത് കൈകൊണ്ട് തട്ടി പ്രതിരോധം തീർത്തു കൊണ്ടിരുന്നു…..

ഒടുവിൽ രാവണവളെ നിലത്തേക്ക് നിർത്തുമ്പോ അവള് നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു…..

എന്താ രാവൺ ഇതൊക്കെ…എന്താ നിന്റെ ഉദ്ദേശ്യം…???

ഞാൻ പറഞ്ഞില്ലേ നിന്നോട് എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന്…

നിനക്ക് സംസാരിക്കാനുണ്ടെങ്കിൽ ഞാനെന്താ ചെയ്യേണ്ടേ… നിനക്ക് നാവ് കൊണ്ട് സംസാരിച്ചല്ലല്ലോ.. കൈകൊണ്ട് ദേഷ്യം തീർത്തല്ലേ ശീലം….

അത് കേട്ടതും രാവണവളുടെ അരക്കെട്ടോട് കൈ ചേർത്ത് അവളെ അവനോട് അടുപ്പിച്ചു….

ഇനി എന്റെ മുന്നിൽ നിന്ന് ഒറ്റ അക്ഷരം മിണ്ടരുത് നീ… ഞാൻ പറയും…നീ കേൾക്കും. അത് മതി….

അന്ത്യശാസനം പോലെ രാവണങ്ങനെ പറഞ്ഞതും ത്രേയ സ്തബ്ദയായി അവനെ ഉറ്റുനോക്കി അങ്ങനെ നിന്നു….

ഈ വിവാഹം നടക്കില്ല… നീ ഇവിടെ നിന്നും തിരിച്ചു പോണം…എത്രയും പെട്ടെന്ന്…

അത് കേട്ടതും ത്രേയ കുറച്ചു നേരം രാവണിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…ശേഷം അരക്കെട്ടിൽ അമർന്നിരുന്ന രാവണിന്റെ കൈ ഒരൂക്കോടെ തട്ടിയെറിഞ്ഞ് ത്രേയ അവനെ തള്ളിമാറ്റി…

നിനക്ക് ഇതു മാത്രമേ എന്നോട് പറയാനുള്ളോ രാവൺ… കേട്ട്…കേട്ട് ഞാൻ മടുത്തു… നീ എത്ര പറഞ്ഞാലും ഞാനെന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല രാവൺ…. അതിന്റെ പേരിൽ ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഇനീം എന്നെ അടച്ചിടാൻ നോക്കണ്ട നീ…

ഡീ..നീ…

രാവൺ ദേഷ്യത്തിൽ ത്രേയയ്ക്കടുത്തേക്ക് പാഞ്ഞടുത്തു…

ഒച്ച വെയ്ക്കണ്ട രാവൺ….!! ഇവിടെ നിന്നും താഴേക്ക് തള്ളിയിട്ട് കൊല്ലാൻ വേണ്ടിയാണോ ഈ രാത്രിയിൽ ഇങ്ങനെ ഒരു സാഹസം..അല്ല നിന്റെ ദേഷ്യവും വാശിയുമൊക്കെ ഇങ്ങനെയൊക്കെയല്ലേ നീ തീർക്കുന്നത്…നിന്റെ ഉദ്ദേശം എന്തായാലും എനിക്ക് ജീവനുണ്ടെങ്കിൽ ഞാനീ തീരുമാനത്തിൽ നിന്നും പിന്മാറില്ല…

അത് കേട്ടതും രാവണിന്റെ ദേഷ്യമൊന്നിരട്ടിച്ചു… ത്രേയേടെ കൈ പിന്നിലേക്ക് പിണച്ചു കെട്ടി അവനവളെ അവനിലേക്ക് ചേർത്തു…

ഡീ..നീ ഇന്ന് കണ്ടതല്ലേ ആ തീ നിന്റെ ദാവണിയിൽ പടർന്നത്… ഞാൻ നിന്റെ കൈയ്യിൽ കാപ്പണിഞ്ഞപ്പോഴേ നിനക്ക് അപകടമാ സംഭവിച്ചത്….ഇനി താലി കൂടി കെട്ടിയാൽ….

ഞാൻ മരിച്ചു പോകുമായിരിക്കും ല്ലേ രാവൺ… മരിച്ചു പോയാലും വേണ്ടീല്ല…എന്റെ രാവണിന്റെ ഭാര്യയായി കഴിഞ്ഞിട്ടല്ലേ… എനിക്കതിൽ സന്തോഷമേയുള്ളൂ….

ത്രേയേടെ വാക്കുകൾ രാവണിലെ ദേഷ്യത്തെ ആളിക്കത്തിച്ചു…. അവാനാ ദേഷ്യത്തിൽ തന്നെ അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി…

നീ ഈ പറയുന്നതിന്റെ seriousness എത്രയാണെന്നറിയ്വോ നിനക്ക്…. അറിയ്വോടീ… പണ്ട് പറഞ്ഞിട്ട് പോയ പോലെ വായിൽ തോന്നിയത് എന്തും പറയാമെന്നാ… നിന്നെ മരണത്തിന് വിട്ടുകൊടുത്തിട്ടൊരു ജീവിതം എനിക്കുണ്ടാവുംന്ന് തോന്നുന്നുണ്ടോ നിനക്ക്….

സ്ഥലകാല ബോധം പോലും മറന്ന് ദേഷ്യത്തോടെ രാവണങ്ങനെ പറഞ്ഞതും ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു….ഒരു നിമിഷം അവളവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു…

ഓർക്കാപ്പുറത്ത് പറഞ്ഞു പോയ സത്യങ്ങൾ തന്റെ ബോധ മനസിനെ ഉണർത്തിയതും രാവൺ പതിയെ അവളിലെ പിടി അയച്ച് തിരിഞ്ഞു….. അവൻ പറഞ്ഞു പോയ വാക്കുകൾ ഓർത്ത് സ്വയം ശപിയ്ക്ക്യായിരുന്നു അപ്പോൾ…

രാവൺ…നീ…നീയിപ്പോ എന്താ പറഞ്ഞത്…??? അതിനർത്ഥം നിനക്ക്…നിനക്കിപ്പോഴും എന്നെ…നിനക്കിപ്പോഴും എന്നെ ഇഷ്ട……

വെറുപ്പാണ് ത്രേയ….. നിന്നെ കാണുന്നത്,നിന്റെ സംസാരം, എല്ലാവരോടും നീ നല്ല കുട്ടിയായി ഇടപെടുന്നത്…എല്ലാം വെറുപ്പാണ്… നിന്റെ സന്തോഷങ്ങൾ, എന്റെ മുന്നിൽ നീ കാണിക്കുന്ന ഈ വാശി,എന്തിന് നിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെയാ… നിന്നെ ഒരിക്കൽ കൂടി നേരിട്ട് കാണുംന്ന് പ്രതീക്ഷിച്ചതല്ല ഞാൻ… അപ്പോഴാ എന്റെ സമാധാനം കെടുത്താനായി നീ ഇവിടേക്ക് അവതരിച്ചിരിക്കുന്നത്…

രാവൺ…നീ എന്തൊക്കെയാ ഈ പറയുന്നത്… നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പറയാൻ എങ്ങനെ തോന്നുന്നു…..നീ എന്നെ പണ്ട് സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നോ…അതോ വെറുതെ ഒരു നേരം പോക്കിന് വേണ്ടി മാത്രം ആയിരുന്നോ…. എന്തായാലും നിന്നെ അന്നു ഞാൻ വേദനിപ്പിച്ചതിന്റെ നൂറിരട്ടി നീ അന്നും ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്ക്യാ… നീ ഇങ്ങനെയൊക്കെ പറയുമ്പോ ഉരുകി തീരുന്ന ഒരു മനസ് എനിക്കുണ്ട്…. അത് നീ എപ്പോഴെങ്കിലും ഒന്ന് മനസിലാക്കണം…. എന്നെ സംബന്ധിച്ചിടത്തോളം മരണത്തേക്കാൾ വലുതാണ് നിന്റെ ഈ അവഗണന… സഹിക്കാൻ കഴിയാത്ത വേദനയാണ് രാവൺ നീയെനിക്ക് നല്കിക്കൊണ്ടിരിക്കുന്നത്……

ത്രേയ അത്രയും പറഞ്ഞ് ഒരൂക്കോടെ രാവണിന്റെ പിടി അയച്ചെടുത്ത് അവനെ മറികടന്ന് നടന്നു…ടെറസിൽ നിന്നും വേഗത്തിൽ സ്റ്റെയർ ഇറങ്ങി നടന്ന ത്രേയയിലേക്ക് നോട്ടം പായിച്ചു നിൽക്ക്വായിരുന്നു രാവൺ…..

ത്രേയ വിട്ടകന്നു പോയിട്ടും ആകെ കലങ്ങി മറിയുന്ന മനസ്സോടെ ടെറസിൽ തന്നെ നിൽക്ക്വായിരുന്നു രാവൺ…. ആ ഒരു രാത്രി ഇരു മനസ്സുകളേയും കലുഷിതമായ പല ചിന്തകളും മഥിച്ചു കൊണ്ടിരുന്നു…

നേരം പുലരുമ്പോൾ പൂവള്ളി വിവാഹ മേളങ്ങളാൽ ഉണർന്നിരുന്നു….പൂവള്ളി തറവാടിന് മുന്നിൽ ഒരുക്കിയിരുന്ന വിവാഹ പന്തലിലേക്ക് ക്ഷണിച്ചു വരുത്തിയ ഓരോരുത്തരായി എത്തിച്ചേർന്നു…. പെട്ടന്ന് നിശ്ചയിച്ച വിവാഹമായതിനാൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും എണ്ണം വളരെ കുറവായിരുന്നു…..

പൂവള്ളിയിലേക്ക് എത്തിയ ഓരോരുത്തരേയും പ്രഭയും,വൈദേഹിയും ചേർന്നാണ് ക്ഷണിച്ചിരുത്തിയത്…. എല്ലാറ്റിനും പിന്നിൽ നിന്ന് നിർദേശമിടുന്ന ജോലിയായിരുന്നു വൈദിയ്ക്ക്… അതുകൊണ്ട് തന്നെ നീക്കങ്ങളെല്ലാം ഊർമ്മിളയ്ക്കും, വേദ്യയ്ക്കും നല്ല നിശ്ചയമുണ്ടായിരുന്നു….

ത്രേയയോട് പകയുള്ളതിനാൽ വേദ്യ വിവാഹത്തിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളോ,തയ്യാറെടുപ്പുകളോ നടത്തിയിരുന്നില്ല… അധികം മേക്കപ്പിൽ മുങ്ങി കുളിയ്ക്കാതെ പതിവിലും വിപരീതമായി അവള് മണ്ഡപത്തിനരികെ വന്ന് നിന്നു….വൈദേഹിയുടെ പ്രീതി നേടിയെടുക്കാൻ വേണ്ടി ആവും വിധം അവർക്ക് മുന്നിൽ ഒരു ക്രിതൃമ ചിരി വിരിയിച്ചായിരുന്നു വേദ്യേടെ നില്പ്….

വസുന്ധരയും,സുഗതും നല്ല മേക്കപ്പിൽ തന്നെ ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും പൂജാരി എത്തിയിരുന്നു… ഹരിണി എത്തിയെങ്കിലും കൂറ് വേദ്യയോട് ആയതുകൊണ്ട് അവളെപ്പോലെ തന്നെ simple മേക്കപ്പിൽ ഒരുങ്ങി അവളും വേദ്യക്കരികെ തന്നെ ഇടംപിടിച്ചു…. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കണക്കിന് ഒരുങ്ങിയായിരുന്നു നിമ്മിയുടെ നിൽപ്…. yellow colour പട്ട് പാവാടയണിഞ്ഞ് മുല്ലപ്പൂവൊക്കെ ചൂടി നിമ്മി ആകെയൊന്ന് സുന്ദരിയായി…. പക്ഷേ അത് തീരെ ദഹിക്കാതെ നിൽക്ക്വായിരുന്നു വേദ്യ….

ഹരിയും പ്രിയയും കുട്ടികളും കൂടി ഒരുങ്ങി ഇറങ്ങിയതും പിന്നെ എല്ലാവരും wait ചെയ്തത് രാവണിനേയും,ത്രേയയേയും പിന്നെ അവരുടെ സ്വന്തം ത്രിമൂർത്തികളേയും ആയിരുന്നു……

രാത്രിയിലെ പാർട്ടി കഴിഞ്ഞ് കിടന്ന ത്രിമൂർത്തികളുടെ ആകെയുണ്ടായിരുന്ന ബോധം കൂടി പോയത് കൊണ്ട് സ്വബോധം വീണ്ടെടുക്കാൻ ഒരുപാട് താമസിച്ചിരുന്നു…. പിന്നെ ഉറക്കത്തിൽ നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് ആകെയൊരു വെപ്രാളമായിരുന്നു….ഒരു മണിക്കൂർ നീണ്ട ഒരുക്കത്തിനൊടുവിൽ മൂവരും വീണ്ടും സുന്ദരന്മാരായി….

മെറൂൺ കളർ കുർത്തയും ഗോൾഡൻ പാന്റുമായിരുന്നു മൂവരുടേയും ഡ്രസ് കോഡ്….റൂമിൽ വച്ചുള്ള അല്ലറചില്ലറ ഒരുക്കങ്ങൾക്ക് ശേഷം എല്ലാവരും ഒന്നിച്ച് രാവണിന്റെ റൂമിലേക്ക് ഇടിച്ചു കയറി…

രാവൺ…റെഡിയായില്ലേ നീ ഇതുവരെ…!!!

അച്ചൂന്റെ ശബ്ദം കേട്ട് നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന രാവൺ അവരെ തിരിഞ്ഞു നോക്കി….രാവണിന് ധരിക്കാനുള്ള heavy stone work കുർത്ത ബെഡിൽ നിവർത്തി ഇട്ടിരിക്ക്യായിരുന്നു….

അച്ചു അത് ബെഡിൽ നിന്നും എടുത്ത് രാവണിനടുത്തേക്ക് കൊണ്ടു ചെന്നു….

സമയം പോകുന്നു രാവൺ…ഡ്രസ്സിടാൻ നോക്ക്….!!!!

അച്ചൂന്റെ ആ പറച്ചില് കേട്ട് രാവൺ അവരെ മൂന്ന് പേരെയും നോക്കി നിന്നു… പെട്ടന്നാണ് വൈദി അവിടേക്ക് കടന്നു വന്നത്…

എന്തായിത് രാവൺ…ഇതുവരെയും റെഡിയായില്ലേ… പെട്ടെന്ന്… മുഹൂർത്തം അടുക്കാറായി… പെട്ടെന്ന്…

വൈദി അത്രയും പറഞ്ഞ് റൂമിന് മുന്നിൽ നിന്നും തിടുക്കപ്പെട്ട് ഓടിയകന്നു…

വൈദി പറഞ്ഞിട്ടു പോയ കാര്യങ്ങൾ കേട്ട് അച്ചു വീണ്ടും ഡ്രസ് രാവണിന് നേർക്ക് നീട്ടി….

ഇതാ രാവൺ വേഗം…

രാവൺ അത് വാങ്ങാൻ കൂട്ടാക്കാതെ നിന്നതും അഗ്നി അച്ചൂന്റെ കൈയ്യിൽ നിന്നും ആ ഡ്രസ് വാങ്ങി രാവണിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു…

രാവൺ.. മുഹൂർത്തം അടുക്കാറായി….വേഗം ഇതിടാൻ നോക്ക് രാവൺ… പ്ലീസ്….

അഗ്നിയുടെ വാക്ക് കേട്ട് രാവൺ ആ ഡ്രസ് വാങ്ങി ധരിക്കാൻ തുടങ്ങി.. ത്രിമൂർത്തികളുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രാവൺ ഒരു കല്യാണച്ചെക്കനായി മാറി…

ആഹാ… അടിപൊളി ഇനി ഒരു ചിരി കൂടിയായാൽ perfect…

രാവണിനെ മുന്നിലേക്ക് നിർത്തി അച്ചുവങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു….

ഹോ..ന്റമ്മേ ഞാനൊന്നും പറഞ്ഞൂല്ലാ…നീയൊന്നും കേട്ടിട്ടുമില്ല പോരേ….

അച്ചു അങ്ങനെ പറഞ്ഞതും രാവൺ അവനെ തറപ്പിച്ചൊന്ന് നോക്കി റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങി… പിന്നെ അവിടെ നിന്ന് വെറുതെ സമയം കളയാതെ ത്രിമൂർത്തികളും റൂം വിട്ടിറങ്ങി…. _________________________

ഈ സമയം ത്രേയുടെ റൂമിൽ തകൃതിയായ ഒരുക്കങ്ങൾ നടക്ക്വായിരുന്നു…. കൺമണീടെ സഹായത്തോടെ ത്രേയ അതിസുന്ദരിയായി ഒരുങ്ങി കഴിഞ്ഞിരുന്നു…

മെറൂൺ കളർ മംഗല്യ പട്ടിൽ ത്രേയയെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…. traditional ornaments ഉം തലയിൽ ചൂടിയിരുന്ന അരളിപ്പൂവും,മുല്ലപ്പൂവും,തുളസിക്കതിരും ചേർത്ത് കെട്ടിയ മാലയും അവളുടെ ഭംഗി കൂട്ടി…. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് കൺമണിയ്ക്കും, നിമ്മിയ്ക്കും ഒപ്പം നിന്ന് സെൽഫി എടുക്ക്വായിരുന്നു ത്രേയ…

കഴിഞ്ഞില്ലേ ഇതുവരെ…??

റൂമിലേക്ക് കയറി വന്ന ഊർമ്മിളേടെ ചോദ്യം കേട്ട് മൂവരും ഒരുപോലെ ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി….

ഒരുങ്ങി കഴിഞ്ഞെങ്കിൽ ഒന്ന് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്… വെറുതെ സമയം കളയാൻ…

ഊർമ്മിളയുടെ പരുഷമായ വർത്തമാനം കേട്ട് ത്രേയയും കൺമണിയും നിമ്മിയും കൂടി താഴേക്ക് നടക്കാൻ ഭാവിച്ചു….. പൂവള്ളിയിൽ നിന്നു തന്നെ എടുത്തു നല്കിയ സെറ്റുസാരിയായിരുന്നു കൺമണീടെ വേഷം….

റൂം വിട്ട് പുറത്തേക്ക് പോകും മുമ്പ് ത്രേയേടെ കണ്ണുകൾ വേണുവിന്റേയും,ചിത്രയുടേയും ഫോട്ടോയിലേക്ക് പാഞ്ഞു…. നിറകണ്ണുകളോടെ അവളാ ഫോട്ടോയ്ക്ക് മുന്നിൽ കൈകൂപ്പി തൊഴുതു കൊണ്ട് തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്ക് നടന്നു….

മണ്ഡപത്തിനരികിലേക്ക് നടന്നടുത്ത ത്രേയ ആദ്യം പരതിയത് രാവണിനെ ആയിരുന്നു… പൂവള്ളിയിലെ എല്ലാ അംഗങ്ങളും മണ്ഡപത്തിന് തൊട്ടടുത്തായി തന്നെ നിലയുറപ്പിച്ചിരുന്നു… ത്രേയേ മണ്ഡപത്തിനരികെ എത്തി മുതിർന്ന ബന്ധുക്കളിൽ നിന്നെല്ലാം അനുഗ്രഹം വാങ്ങി നിന്നു… അക്കൂട്ടത്തിൽ ചിത്രതാരയുടെ ബന്ധുക്കളും ഉണ്ടായിരുന്നു…. അവരുടെ മനസ് നിറഞ്ഞ അനുഗ്രഹം വാങ്ങി കഴിഞ്ഞതും വൈദേഹി തന്നെ ത്രേയയെക്കൂട്ടി മണ്ഡപം വലംവച്ച് അവളെ മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി….

മുല്ലമൊട്ടുകളും,പനിനീർ ദളങ്ങളും കോർത്ത് കെട്ടിയ മാലകൾ മണ്ഡപമാകെ അലങ്കരിച്ചിരുന്നു…. ചുറ്റിലും വീശിയടിച്ച കാറ്റിന് പോലും ആ പൂക്കളുടെ സുഗന്ധമായിരുന്നു…..

മണ്ഡപത്തിൽ ഇരിക്കുമ്പോഴും ത്രേയയ്ക്ക് രാവണിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല… കാരണം മണ്ഡപത്തിന് നടുവിലൂടെ ഇരുവരേയും വേർതിരിച്ചു കൊണ്ട് വെള്ളത്തുണിയാൽ തീർത്ത ഒരു തിരശ്ശീല മറയുണ്ടായിരുന്നു…… ത്രേയ അതിലൂടെ രാവണിനെ നോക്കാൻ ശ്രമിച്ചെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…

മണ്ഡപത്തിലുള്ള ആവണപ്പലകയിലേക്ക് ത്രേയയെ ക്ഷണിച്ചിരുത്തിയ ശേഷം പൂജാരി പൂജ ആരംഭിച്ചു….മാവില തുമ്പ് കൊണ്ട് അഗ്നിയിലേക്ക് നെയ്യ് പകർന്ന് പൂജ ആരംഭിച്ചതും തിരശ്ശീലയ്ക്ക് ഇരുവശവും ഇരുന്ന് ഇരുവരും അഗ്നിയിലേക്ക് നെയ്യ് സമർപ്പിച്ചിരുന്നു….

ആ പൂജ അവസാനിച്ചതും തിരശ്ശീല മറ നീക്കി ത്രേയയുടെ കാലുകൾ മാത്രം രാവണിന് മുന്നിൽ അനാവൃതമായി…. തലേദിവസം രാവൺ അവൾക് അണിയിച്ചു നല്കിയ തള കാലിൽ നിന്നും അഴിച്ചു മാറ്റേണ്ട ചടങ്ങായിരുന്നു അത്..

തിരുമേനിയുടെ നിർദ്ദേശ പ്രകാരം രാവണത് പതിയെ അയച്ചു മാറ്റിയെടുത്തു…ശേഷം അവളുടെ പാദത്തിലേക്ക് പനിനീരും,പാലും ഒഴിച്ച് കഴുകിയെടുത്തു…. അവസാനമായി മഞ്ഞൾ കൂടി തൊട്ടുവച്ചതും വെണ്ണപോലെയുള്ള ആ പാദങ്ങളുടെ ഭംഗിയൊന്ന് ഇരട്ടിച്ചു…. പൂജിച്ച് എടുത്ത് വച്ച സ്വർണ വളയങ്ങൾ അവളുടെ കാൽവിരലിലേക്ക് അണിയിച്ചതോടെ വിവാത്തിന്റെ ആദ്യ ചടങ്ങ് അവസാനിച്ചിരുന്നു……

വീണ്ടും തിരശ്ശീലയാൽ മറവ് തീർത്തു കൊണ്ട് പൂജ തുടർന്നു….ഏറെ നേരം നീണ്ട പൂജയ്ക്കൊടുവിൽ തിരുമേനിയുടെ നിർദ്ദേശപ്രകാരം ഇരുവരും മണ്ഡപത്തിൽ എഴുന്നേറ്റ് നിന്നു….

പെട്ടെന്ന് ഇരുവർക്കും ഇടയിൽ മറവ് തീർത്ത തിരശ്ശീല മെല്ലെ അടർത്തി മാറ്റപ്പെട്ടു…കല്യാണ വേഷത്തിൽ രാവൺ ത്രേയേയും അവളവനേം കാണുന്ന നിമിഷമായിരുന്നു അത്…

മറ്റെല്ലാം മറന്ന് ത്രേയയുടെ ഭംഗിയിൽ ലയിച്ചു നിൽക്ക്വായിരുന്നു രാവൺ…. നീട്ടിയെഴുതിയ പുരികക്കൊടികളും അവയെ ചേർത്ത് ബന്ധിച്ച് എഴുതിയ ചുവന്ന പൊട്ടും…വാലിട്ടെഴുതിയ കൂവളക്കണ്ണുകളും,ചുവന്ന ചൊടികളും അവന്റെ കണ്ണുകളെ അവളിൽ ബന്ധിച്ചു…..

ചുറ്റിലും നാദസ്വര മേളവും മന്ത്രോച്ചാരണങ്ങളും മുഴങ്ങിയതും തിരുമേനി എടുത്ത് നല്കിയ താലി രാവൺ കൈയ്യിൽ ഏറ്റുവാങ്ങി…. മഞ്ഞൾച്ചാർത്തിൽ മുക്കിയെടുത്ത ഏഴുനൂലിൽ കോർത്തെടുത്ത താലി അവൻ ഏറ്റുവാങ്ങുമ്പോ അവന്റെ ഹൃദയം അനിയന്ത്രിതമായി മിടിയ്ക്കുന്നുണ്ടായിരുന്നു..

ചുറ്റിലും മുഴങ്ങി കേട്ട നാദസ്വര മേളം മുറുകിയതും നീണ്ട ചരടിൽ കോർത്തെടുത്ത ആ താലി എല്ലാവരുടേയും അനുമതിയോടെ അവനവളുടെ കഴുത്തിലേക്ക് അണിയിച്ചു കൊടുത്തു… താലിച്ചരടിൽ മൂന്ന് തവണ കെട്ടിടുമ്പോഴും അവന്റെ കണ്ണുകൾ പ്രാർത്ഥനയോടെ നിന്ന ത്രേയയിൽ മാത്രമായിരുന്നു….

മൂന്നാമത്തെ കെട്ട് താലിയിൽ മുറുകുമ്പോൾ നിറകണ്ണുകളോടെയുള്ള അവളുടെ നോട്ടം അവനിൽ എത്തി നിന്നു…ജന്മം സാഫല്യം എന്നപോലെ അവളുടെ മിഴികൾ പൂർണചന്ദ്രന്റെ ശോഭയിൽ തിളങ്ങി…. അവളുടെ മുഖം അടുത്ത് കാണുമ്പോൾ അവന്റെയുള്ളിൽ ഒരുതരം ദയനീയതയായിരുന്നു…

താലിച്ചരടിന് ശേഷം തിരുമേനി എടുത്ത് നല്കിയ തുളസിക്കതിർ മാല ഇരുവരും പരസ്പരം കഴുത്തിൽ അണിയിച്ചു…അത് കഴിഞ്ഞതും പ്രഭ എടുത്ത് നല്കിയ താമരമൊട്ട് മാല കൂടി പരസ്പരം അണിഞ്ഞു നിന്നു…വൈദേഹി പകർന്നു കൊടുത്ത പാരമ്പര്യ സ്വത്തായ നാഗപടത്താലി കൂടി രാവൺ ത്രേയയെ അണിയിച്ചതും ചുറ്റും മന്ത്രോച്ചാരണങ്ങൾ ഉയർന്നു കേട്ടു….

അഗ്നിയിലേക്ക് നെയ്യ് പകരുന്ന ഗന്ധം ചുറ്റിലും വീശിയടിച്ചതും തിരുമേനി ഒരു സിന്ദൂരച്ചെപ്പ് രാവണിന് നേരെ നീട്ടി പിടിച്ചു….

നാണയത്തിൽ പകർന്നെടുത്ത സിന്ദൂരം രാവൺ അവന്റെ കൈയ്യിൽ ഏറ്റുവാങ്ങി ത്രേയയുടെ സീമന്ദ രേഖയെ നീട്ടി ചുവപ്പിച്ചതും ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അരിയും,പൂവും അവരിലേക്ക് വർഷിച്ചു…..

രാവണിന്റെ വിരലുകൾ നെറ്റിയിലേക്ക് പതിഞ്ഞതും ത്രേയയുടെ കണ്ണുകൾ പ്രാർത്ഥനയോടെ കൂമ്പിയടഞ്ഞു…. ആ രംഗങ്ങളെല്ലാം കണ്ട് ദേഷ്യം ഉള്ളിലടക്കി നിൽക്ക്വായിരുന്നു വേദ്യ….ആ ദേഷ്യം മുഴുവൻ കൈയ്യിൽ കരുതിയ പൂക്കളിൽ തീർത്ത് അവളാ ദേഷ്യത്തെ ശമിപ്പിച്ചു…

തന്റെ ഗൂഢലക്ഷ്യങ്ങൾക്ക് ഫലം കണ്ട സന്തോഷത്തിൽ നിൽക്ക്വായിരുന്നു വൈദി…അയാളുടെ മുഖത്തെ പുഞ്ചിരി അടുത്ത് നിന്ന പ്രഭയിലും,ഊർമ്മിളയിലും പ്രതിഫലിച്ചിരുന്നു….

പക്ഷേ ബാക്കിയുള്ള എല്ലാവരും ആ ചടങ്ങുകളെ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു…..

സീമന്ദരേഖയിൽ സിന്ദൂരം അണിയിച്ചു കഴിഞ്ഞതും തിരുമേനി എടുത്ത് നല്കിയ അരിയും മഞ്ഞളും ഒരുകൈയ്യാലെ രാവണവളുടെ തലമുടിയിലേക്ക് ചേർത്ത് വച്ചു…ശേഷം സിന്ദൂരച്ചുവപ്പിന്റെ ഒരു പൊട്ട് രാവണവളുടെ താലിയിലേക്കും തൊട്ടു വച്ചു…. അവനെടുത്ത് നല്കിയ മംഗല്യപ്പുടവ ഏറ്റുവാങ്ങുമ്പോ അവളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു…

രാവണിന്റെ കരങ്ങളിലേക്ക് ത്രേയയുടെ കരം ചേർത്ത് വച്ച് പ്രഭ മണ്ഡപം വിട്ട് മാറിയതും രാവണിന്റെ കൈപ്പിടിയ്ക്കുള്ളിൽ അവളുടെ കരം ഭദ്രമായിരുന്നു….ആ കാഴ്ച കണ്ട് സംതൃപ്തിയടഞ്ഞ് നിൽക്ക്വായിരുന്നു ത്രിമൂർത്തികൾ…..

അഗ്നിയെ ഏഴുതവണ വലംവയ്ക്കുമ്പോ രാവണിന്റെ കണ്ണുകൾ ത്രേയയെ പിന്തുടർന്നു കൊണ്ടിരുന്നു….അവളുടെ നോട്ടം ഉള്ളിലടക്കിയ സന്തോഷത്തോടെ രാവണിന് നേർക്ക് മാത്രമായി ഒതുങ്ങി….ആ കാഴ്ച നിറകണ്ണുകളോടെ നോക്കി കാണുകയായിരുന്നു വൈദേഹി…..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

തുടരും….

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *