ഒരിക്കൽ തനിച്ചായി പോകുമ്പോൾ നിങ്ങളെ തേടിയും ഒരു രാജകുമാരനോ രാജകുമാരിയോ വന്നേക്കാം.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Akhil Krishna

എന്നെയും വഹിച്ചുകൊണ്ട് ആ വയസ്സൻ ബുള്ളറ്റ് ചെമ്മണ്ണു റോഡിലൂടെ മുന്നോട്ടു പായുമ്പോഴും എന്റെ മനസ്സുനിറയെ അമ്മ ജനിച്ചു വളർന്ന അമ്മയുടെ ആ വീടായിരുന്നു. അച്ഛനും അമ്മയും മരിച്ചതിനു ശേഷം അങ്ങോട്ടു ഒരു യാത്രയുണ്ടായിട്ടില്ല. അമ്മ ഓടി കളിച്ച ആ മുറ്റത്ത് ഒന്നുകൂടി പോയി നിൽക്കണം അതായിരുന്നു മനസ്സിൽ.

പെട്ടെന്നാണ് ഒരു കിതപ്പോടെ ബുള്ളറ്റ് നിശ്ചലമാകുന്നത്. രണ്ടു മൂന്നു തവണ കിക്കറടിച്ചിട്ടും അവൻ അനങ്ങുന്നുണ്ടായിരുന്നില്ല. ഞാനും അവനും എത്ര കാതങ്ങൾ താണ്ടിയെന്നറിയില്ല. എപ്പോഴോ തുടങ്ങിയൊരു യാത്ര അതിപ്പോഴും തുടരുന്നു.പക്ഷെ ആദ്യമായിട്ടാണ് അവനെന്നെ വഴിയിലാക്കുന്നത്.

ചെമ്മണ്ണിട്ട റോഡിന്റെ ഇരുവശവും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളായിരുന്നു.പതിയെ ബുള്ളറ്റു തള്ളി മുൻ പോട്ട് നടക്കുമ്പോൾ പ്രകൃതിയ ആസ്വദിക്കുകയായിരുന്നു ഞാനും. സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. കിളികളെല്ലാം കൂടണയാനുള്ള തിടുക്കത്തിലാണ്. അവരെയും കാത്തു ഒരമ്മ ഇരിപ്പുണ്ടാകും. ചിന്തകൾ കാടുകയറുമ്പോഴാണ് ദൂരേയായി ഒരു വെട്ടം ഞാൻ കണ്ടത്. ഒരു കുഞ്ഞു ഓടിട്ട വീടായിരുന്നു അത്. ബുള്ളറ്റ് വീടിന്റെ മുൻപിൽ വച്ച് ഞാനാ വീടിന്റെ മുൻപിലേക്ക് നടന്നു.

“ആരുമില്ലേ ഇവിടെ…. ഹലോ…. ”

വാതിൽ തുറന്ന് പുറത്ത് വന്നതൊരു പെൺകുട്ടിയായിരുന്നു. ഒരു നിമിഷം നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോകുന്നതു പോലെയാണെനിക്ക് തോന്നിയത്.

“ആരാ … എന്തിനാ വിളിച്ചത് ”

” ഞാൻ കുറച്ച് ദൂരത്ത് നിന്നും വരുന്നതാണ്.ഒരു യാത്രയിലാലായിരുന്നു പെട്ടെന്ന് ബൈക്ക് കേടായി. ഇവിടെയടുത്ത് വർക്ക്ഷോപ്പ് വല്ലതുമുണ്ടോ ”

“ഇവിടയില്ല. ടൗണിൽ പോകേണ്ടി വരും.പക്ഷെ ഇപ്പോൾ അങ്ങോട്ടുള്ള അവസാന വണ്ടിയും പോയിട്ടുണ്ടാകും”

“ഇനിയിപ്പോൾ എന്താ ചെയ്യാ”

“നാളെ രാവിലെയെ പോകാൻ പറ്റൂ ” ഞാനവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.രണ്ടടി മുൻപോട്ട് നടന്നു ഒന്നു തിരിഞ്ഞു നോക്കി.

“മാഷേ. വിരോധമില്ലെങ്കിൽ ഈ ഒരൊറ്റ രാത്രി ഞാൻ ഈ തിണ്ണയിൽ കിടന്നോട്ടേ”

” അത്.’… അത് ശരിയാവില്ല മാഷേ”

വീണ്ടും തിരിഞ്ഞു നടക്കുമ്പോൾ എന്തോ ആലോചിച്ചിട്ടെന്നപ്പോലെ അവൾ എന്നെ തിരിച്ചുവിളിക്കുന്നുണ്ടായിരുന്നു.

“മാഷേ സാരമില്ല. ഇവിടെ കിടന്നോളൂ” തിണ്ണയിലേക്ക് വിരൽ ചൂണ്ടിയവൾ പറഞ്ഞു. പതിയെ ഞാനെന്റെ ബാഗ് അവിടെ വെക്കുമ്പോഴേക്കും അവൾ വാതിൽ അടച്ചിരുന്നു. ഏകദേശം ഒരു എട്ടു മണിയായപ്പോഴേക്കും ആ വാതിൽ തുറന്നവൾ പുറത്തേക്ക് വന്നു.

” മാഷു വല്ലതും കഴിച്ചോ ”

”അത് കുഴപ്പമില്ല മാഷേ”

“സാരമില്ല.കഴിച്ചോളൂ” ഒരു കുഞ്ഞു പാത്രത്തിൽ കഞ്ഞിയും ചമ്മന്തിയും അവൾ എനിക്കായി നീട്ടി.

പതിയെ അതു വാങ്ങി കഴിക്കുമ്പോൾ പണ്ടെപ്പോഴോ നഷ്ടപ്പെട്ടുവെന്ന് കരുതിയ നാവിലെ രുചി തിരിച്ചു വരുന്നുണ്ടായിരുന്നു.

” മാഷിന്റെ പേരെന്താ”

“ദേവു അല്ല ദേവികയെന്നാ. മുത്തശ്ശി ദേവൂട്ടിയെന്ന് വിളിക്കും.’ മാഷിന്റേയോ ”

” ഞാൻ മനു പ്രസാദ് ”

” മാഷിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ”

” വീട്ടിൽ ഇപ്പോൾ ആരുമില്ല. അതു പൂട്ടി കിടക്കാ”

“അതെന്തു പറ്റി മാഷേ”

“. ഞാനും അച്ഛനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ വീട് ശരിക്കും സ്വർഗമായിരുന്നു. അപ്പോഴാണ് മുംബൈയിൽ ജോലി കിട്ടുന്നത്.ആദ്യമായി കിട്ടുന്ന ജോലി ആയതു കൊണ്ട് പോകണമെന്ന് അച്ഛൻ പറഞ്ഞു. അതുകൊണ്ടാണ് ഇഷ്ടമില്ലാതെയിരുന്നിട്ടും ഞാൻ പോയത്. എന്നും വീട്ടിലേക്ക് വിളിക്കുമായിരുന്നു. അപ്പോഴാണ് ഒരു ആക്സിഡന്റിന്റെ രൂപത്തിൽ അച്ഛനേയും അമ്മയേയും എനിക്ക് നഷ്ടപ്പെടുന്നത് .അച്ഛനും അമ്മയും ഒരുമിച്ചെന്നെ വിട്ടുപോയപ്പോൾ ഞാൻ ഇന ലോകത്ത് തനിച്ചായി പോയി. അതിൽ നിന്നെല്ലാം രക്ഷപ്പെടാൻ വേണ്ടിയാ ഈ യാത്ര. പക്ഷെ ചിലതൊന്നും എത്രമായ്ച്ചു കളയാൻ ശ്രമിച്ചാലും നടക്കില്ല. ചിലപ്പോൾ അതായിരിക്കും നമ്മളെ നമ്മളാക്കുന്നതും. ഈ ലോകം അങ്ങനെയാ ഒരു നിമിഷം മതി നമ്മൾ ഈ ലോകത്തിൽ തനിച്ചായി പോകാൻ.” അപ്പോഴേക്കും രണ്ടിറ്റു കണ്ണുനീർ എന്നിൽ നിന്നും അടർന്നു വന്നിരുന്നു.

“മനു ഞാനറിയാതെ ” കുറേ നാളുകൾക്ക് ശേഷമാണ് എന്റെ പേര് ഒരാൾ വിളിക്കുന്നത്. അതുകൊണ്ടായിരിക്കാം മനസ്സിലെവിടെയോ ഒരു കുളിർക്കാറ്റ് വീശിയത് .

”ദേവൂ” എന്റെ ആ വിളിയായിരിക്കാം ആ കണ്ണുകളിലും ആശ്ചര്യം നിറഞ്ഞത് .

” തന്റെ മുത്തശ്ശിയെവിടെ ഒന്നു കാണട്ടെ ടോ ഞാൻ ”

അകത്തളത്തിൽ കാണുന്ന മലയിട്ടുവെച്ച ഫോട്ടോയിലേക്കായിരുന്നു അവൾ വിരൽ ചൂണ്ടിയത്.

“മുത്തശ്ശി മരിച്ചിട്ടിപ്പോൾ രണ്ടു മാസം കഴിഞ്ഞു. ഞാൻ എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടില്ല. എന്നെ വളർത്തിക്കതല്ലാം മുത്തശ്ശിയാ. മുത്തശ്ശി പോയപ്പോൾ ഞാനും തനിച്ചായി. ” അവളെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.

” ഇന്ന് സുഖമായി ഉറങ്ങിക്കോളൂ. നാളെ ചെറിയച്ഛൻ വരും .ഇനി തൊട്ടു ഈ വീടു ചെറിയച്ഛന്റേതാ. ഇത്രനാളും മുത്തശ്ശി ഉള്ളതുകൊണ്ട് ഇങ്ങോട്ടു വരില്ലായിരുന്നു. നാളെ ചെറിയച്ഛൻ വരുമ്പോൾ ഞാനും ഈ വീടിന്റെ പടിയിറങ്ങണം”

” എങ്ങോട്ട്”

” അറിയില്ല. പണ്ട് മുത്തശ്ശി പറയാറുണ്ടായിരുന്നു.എന്നെ തേടിയും ഒരിക്കൽ ഒരു രാജകുമാരൻ വരുമെന്ന് .”ദേവു അത് ആകാശത്തിലേക്ക് നോക്കി പറയുമ്പോൾ ഞാനും നക്ഷത്രങ്ങൾ മിന്നി നിൽക്കുന്ന ആകാശത്തേക്ക് ഒന്നു നോക്കി. അപ്പോൾ അതിലൊരു നക്ഷത്രം എന്നെ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു.

” എന്നാൽ കിടന്നോളൂ” ഇത്രയും പറഞ്ഞവൾ വാതിലടച്ച് അകത്തേക്ക് പോയി. പതിയെ ഞാൻ തിണ്ണയിൽ വെച്ച ബാഗിൽ തല ചായ്ച്ചു കിടക്കുമ്പോൾ മനസ്സ് പതിയെ പുറകോട്ട് പോകുന്നുണ്ടായിരുന്നു.

“മനു കുട്ടാ … അമ്മ മോന് ഒരു കുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്. ”

“ഏത് കുട്ടി ”

“അതൊക്കെയുണ്ട്. അവളുടെ ഫോട്ടോ അമ്മയുടെ ഡയറിയിലുണ്ട്. നീ നാട്ടിൽ വരുമ്പോ ഞാൻ കാണിച്ചു തരാം”

“അമ്മേ എനിക്കിപ്പോ കല്യാണം വേണ്ട”

” എനിക്കും ആഗ്രഹമുണ്ട് നിന്റെ മക്കളെ താലോലിക്കാൻ ” അപ്പോഴേക്കും അച്ഛൻ ഫോൺ വാങ്ങിയിരുന്നു.

” നീയിങ്ങോട്ട് വാടാ മോനെ ബാക്കി നീ വന്നിട്ട് നോക്കാം ” പതിയെ ഉറക്കത്തിലേക്ക് ഞാൻ വഴുതി വീഴുമ്പോഴും ആ ഡയറി ഞാൻ നെഞ്ചോടു ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.

രാവിലെ ടൗണിൽ പോയി വണ്ടി ശരിയാക്കാനുള്ള ആളുമായി തിരിച്ചെത്തിയപ്പോഴാണ് ഒരു ഇരുമ്പു പെട്ടിയുമായി തല കുനിച്ച് ദേവു ആ വീട്ടിൽ നിന്നും പടിയിറങ്ങി വരുന്നത് കണ്ടത്.

“ദേവു .താൻ ഇനി എങ്ങോട്ടു പോകും”

” അറിയില്ല ”

“എന്റെ അമ്മ എനിക്കായി കണ്ടു വെച്ച ഒരു പെൺകുട്ടിയുണ്ട്, താൻ കണ്ടിട്ടുണ്ടോ ” പതിയെ ആ പഴയ ഡയറി തുറന്ന് ആ ഫോട്ടോ ഞാൻ അവൾക്കു നേരെ നീട്ടി.ആ ഫോട്ടോയിലെ മുഖം അത് അവളുടേതായിരുന്നു. ആശ്ചര്യത്തോടെ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

” ജീവിതത്തിലു തനിച്ചായവരാ നമ്മൾ. ഇനി നമ്മൾക്ക് പരസ്പരം കൂട്ടായിരിക്കാം ” ഇത്രയും പറഞ്ഞ് ഞാൻ ആ കൈയ്യിൽ അമർത്തി പിടിക്കുന്നുണ്ടായിരുന്നു.

“ദേവൂനെ രക്ഷിക്കാൻ രാജകുമാരൻ വന്നോ അച്ഛാ ”

അമിമോളുടെ ചോദ്യമാണ് എന്നെ പഴയ ഓർമകളിൽ നിന്നുണർത്തിയത്.

” വന്നല്ലോ മോളേ .ആ രാജകുമാരനും രാജകുമാരിക്കും ഒരു മാലാഖക്കുട്ടിയുമുണ്ട്. അത് ആരാന്നറിയോ. എന്റെ ആമി മോളാ” അപ്പോഴും ആ കുഞ്ഞു കണ്ണുകളിൽ കൗതുകം നിറയുന്നുണ്ടയിരുന്നു. ഇതെല്ലാം കേട്ടു ചിരിച്ചു കൊണ്ട് എന്റെ തൊട്ടപ്പുറത്തായി അവളുണ്ടായിരുന്നു ഈ രാജകുമാരൻ തേടിവന്ന രാജകുമാരി എന്റെ ദേവു.

ഒരിക്കൽ തനിച്ചായി പോകുമ്പോൾ നിങ്ങളെ തേടിയും ഒരു രാജകുമാരനോ രാജകുമാരിയോ വന്നേക്കാം. അത് ചിലരുടെ വിശ്വാസമാകാം എന്നാൽ ചിലർക്കത് പ്രതീക്ഷയാണ്.

രചന: Akhil Krishna

Leave a Reply

Your email address will not be published. Required fields are marked *