മോളെ കാണാൻ ഈ അമ്മ വരും, എന്റെ ഇളയ മകന് വേണ്ടി പെണ്ണ് ചോദിക്കാൻ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സജി തൈപ്പറമ്പ്

സെഡേഷന്റെ മയക്കത്തിൽ നിന്നുണർന്നപ്പോൾ രാധാമണിക്ക് യൂറിൻ ,പാസ്സ് ചെയ്യണമെന്ന് തോന്നി.

ഇടത് കൈ കുത്തി എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോഴാണ്, ട്രിപ്പിട്ടിരിക്കുന്ന കാര്യമോർത്തത്.

ആരുടെയെങ്കിലും സഹായമില്ലാതെ, തനിക്ക് ബാത്റൂമിലേക്ക് പോകാൻ കഴിയില്ലന്ന്, അവർക്ക് മനസ്സിലായി.

അവർ ചുറ്റിനും കണ്ണോടിച്ചു.

എല്ലാം ബഡ്ഡുകളിലേയും പേഷ്യന്റിനോടൊപ്പം ഒന്നും രണ്ടുo പേര് വെച്ചുണ്ട്.

രാധാമണിയുടെ ഒപ്പമുണ്ടായിരുന്ന മരുമകൾ രേണുക, രാവിലെ കുളിച്ച് നനച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയതാണ്, ഇത് വരെ തിരിച്ച് വന്നിട്ടില്ല.

ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നയാളാണെന്ന പരിഗണനപോലും, അവള് തനിക്ക് തന്നില്ലല്ലോ,

വ്യസനത്തോടെ ഓർത്ത് കൊണ്ട് രാധാമണി പതിയെ, എഴുന്നേല്ക്കാനായി ഒരു പാഴ്ശ്രമം നടത്തി നോക്കി.

“എന്താ അമ്മേ.. എന്തിനാ എഴുന്നേല്ക്കുന്നത്”

രാധാമണിയുടെ പ്രയത്നം കണ്ട്, ഒരു ക്ലീനിങ്ങ് സ്റ്റാഫ് അവരുടെ അടുത്തേക്ക് വന്നു.

“എനിക്കൊന്ന് മൂത്രപ്പുരയിൽ പോകണം മോളേ”

“അതിനെന്താ ഞാൻ സഹായിക്കാല്ലോ, ഞാനീ സിറിഞ്ചൊന്ന് റിമൂവ് ചെയ്യട്ടെ”

രാധാമണിയുടെ, ഇടതു കൈയ്യുടെ മടമ്പിൽ കുത്തിയിരുന്ന ട്രിപ്പ് സൂചി ഊരി, അവൾ സ്റ്റാന്റിൽ കൊളുത്തിയിട്ടു.

“മെല്ലെ എഴുന്നേറ്റ് എന്റെ തോളിൽ ഇടത് കൈ കൊണ്ട് ചുറ്റിപ്പിടിച്ച്, പതിയെ എന്നോടൊപ്പം നടന്ന് വന്നാൽ മതി”

അവളുടെ സ്നേഹവായ്പ് കണ്ട രാധാമണിക്ക്, അവളോട് ഒരുപാടിഷ്ടം തോന്നി.

“ബൈ സ്റ്റാന്റർ, ആരും വന്നില്ലേ?

തിരിച്ചവൾ രാധാമണിയെ ബെഡ്ഡിൽ കൊണ്ട് കിടത്തുമ്പോൾ അവരോട് ചോദിച്ചു.

“മരുമോൾ ഉണ്ടായിരുന്നു മോളെ, രാവിലെ വീട്ടിലേക്ക് പോയതാ ,ഇത് വരെ തിരിച്ചെത്തിയില്ല ,ചിലപ്പോൾ കിടന്ന് ഉറങ്ങിപ്പോയ് കാണുo”

മുൻ അനുഭവം വെച്ച് രാധാമണി പറഞ്ഞു.

“അയ്യോ! അപ്പോൾ ഉച്ചയ്ക്കത്തെ ഭക്ഷണം ഇത് വരെ കൊണ്ട് വന്നിട്ടില്ലല്ലോ.”

അവൾ ആകാംക്ഷയോടെ ചോദിച്ചു.

“അത് സാരമില്ല മോളെ ,ഇടയ്ക്കൊക്കെ വിശപ്പ് സഹിക്കുന്നത് നല്ലതാ”

“അത് പറഞ്ഞാൽ പറ്റില്ല, ഡോസ് കൂടിയ മരുന്ന് കഴിക്കുന്നതല്ലേ?ഞാനിപ്പോൾ വരാം”

അവൾ ഡ്യൂട്ടി റൂമിലേക്ക് പോയി ഒരു ലഞ്ച് ബോക്സുമായി വന്നു.

“ദാ തത്ക്കാലം ഇത് കഴിക്ക് കറികളൊക്കെ കുറവാ,”

“അയ്യോ അപ്പോൾ മോൾക്ക് കഴിക്കണ്ടേ?

“അത് സാരമില്ലമ്മേ ,ഞാൻ പേഷ്യന്റൊന്നുമല്ലല്ലോ? അല്ലേലും ,ഡ്യൂട്ടി കൂടുതലുള്ളപ്പോൾ ,ഞങ്ങൾ സമയത്ത് ഭക്ഷണം കഴിക്കാറൊന്നുമില്ല”

അത്രയും പറഞ്ഞിട്ടവൾ, മറ്റൊരു പേഷ്യന്റിന്റെ അരികിലേക്ക് നടന്ന് പോയി.

തേങ്ങയരച്ച ചമ്മന്തിയും, കടുക് മാങ്ങാ അച്ചാറും മാത്രമേ ഉണ്ടായിരുന്നുള്ളു എങ്കിലും രാധാമണിക്ക് ആ ഭക്ഷണം വല്ലാതെ രുചിച്ചു.

അവരത് ആസ്വദിച്ച് കഴിച്ചു.

“പാത്രമവിടെ വച്ചിട്ട്, ദാ ഇതിലേക്ക് കൈയ്യും വായും കഴുകിക്കോ”

അപ്പോഴേക്കും അവൾ ഒരു മഗ്ഗിൽ വെള്ളവും കൊണ്ട് വന്നിട്ട് ,കട്ടിലിന് താഴെ ഇരുന്ന കാലി ബക്കറ്റ് ചൂണ്ടി കൊണ്ട് രാധാമണിയോട് പറഞ്ഞു.

“അല്ല മോളുടെ പേരെന്താ, അത് ഞാനിത് വരെ ചോദിച്ചില്ലല്ലോ”

“എന്റെ പേര് വൈഷ്ണവി ,കുറച്ച് ദൂരെയാ വീട് ,വീട്ടിൽ സുഖമില്ലാത്ത ഒരച്ഛൻ മാത്രമേയുള്ളു ,അമ്മ ചെറുപ്പത്തിലേ മരിച്ച് പോയി”

അത് കേട്ടപ്പോൾ രാധാമണിക്ക് അവളോട് സഹതാപം തോന്നി.

“മോളുടെ കല്യാണം കഴിഞ്ഞില്ലേ?

“ഓഹ് ഇല്ലമ്മേ ,ഞാനൊരു ക്ളീനിങ്ങ് സ്റ്റാഫായി പോയില്ലേ? നക്കാപ്പിച്ച ശബ്ബളം വാങ്ങി ജോലി ചെയ്യുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക്, കല്യാണമൊന്നും അത്രയെളുപ്പം നടക്കില്ലമ്മേ”

നിരാശ പൂണ്ട അവളുടെ വാക്കുകൾ രാധാമണിയുടെ ഉള്ളിൽ ഒരു നോവായി പടർന്നു. തന്റെ മകൻ ഒരിക്കൽ പെണ്ണ് കാണാൻ പോയിട്ട് വന്നപ്പോൾ, ഒത്തിരി സന്തോഷത്തിലാണ് തന്നോട് വന്ന് പറഞ്ഞത്,

“അമ്മേ.. പെണ്ണ് നല്ല വെളുത്ത സുന്ദരിയാണമ്മേ..”

“ആണോ അത് കൊണ്ട് കാര്യമില്ലല്ലോ മോനേ.. അവള് ഏതോ ഹോസ്പിറ്റലിൽ അടിച്ച് വാരാൻ പോകുന്നവളല്ലേ ?അങ്ങനെയുള്ളവള്മാർക്ക്, തറവാട്ട് മഹിമയൊന്നും തൊട്ട് തീണ്ടീട്ടുണ്ടാവില്ല, നീ നമ്മുടെ യശോധരമ്മാവന്റെ മോള് രേണുകയെ കെട്ടിയാൽ മതി”

അന്ന് ,തന്റെ വാക്കിന് എതിർ വാക്ക് പറയാത്ത തന്റെ മോൻ, താൻ പറഞ്ഞത്, അക്ഷരംപ്രതി അനുസരിച്ചു.

പക്ഷേ, ഇപ്പോൾ തോന്നുന്നു, തറവാട്ട് മഹിമയെക്കാൾ വലുത് മനുഷ്യത്വമായിരുന്നു എന്ന്.

രാധാമണിയുടെ കൈയ്യിൽ , ട്രിപ്പ് സൂചി വീണ്ടും കണക്ട് ചെയ്തിട്ട്, വൈഷ്ണവി ഡ്യൂട്ടി റൂമിലേക്ക് പോയി.

“ചേച്ചീ.. ആ പതിനാലിലെ പേഷ്യന്റ് തിരക്കുന്നുണ്ട്”

ക്ഷീണം കൊണ്ട് ഒന്ന് മയങ്ങിപ്പോയ വൈഷ്ണവിയോട്, ഒരു യുവതി വന്ന് പറഞ്ഞു .

അവൾ വേഗം അങ്ങോട്ടേക്ക് ചെന്നു .

“എന്ത് പറ്റിയമ്മേ ?

“മോളേ.. എന്റെ മരുമോളുടെ നമ്പരിലേക്കൊന്ന് വിളിക്കാമോ? നമ്പര് ഞാൻ പറഞ്ഞ് തരാം, കുറച്ച് അത്യാവശ്യമാ”

“എന്താ അമ്മേ.. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്നോട് പറയു”

“അത് മോളേ എനിക്കൊരബദ്ധം പറ്റി ,ഇത് വരെ സംഭവിക്കാത്തതാ”

“എന്ത് പറ്റിയെന്ന് പറയു”

“മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ, മോളെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ,ഞാൻ പിടിച്ച് വയ്ക്കാൻ നോക്കിയതാ, പക്ഷേ അറിയാതെ മൂത്രം പോയി ,ഞാൻ ആകെ നനഞ്ഞ് നാറിയിരിക്കുവാ”

വല്ലാത്ത ജാള്യതയോടെ അവർ പറഞ്ഞു.

“ഓഹ്, അത്രേയുള്ളോ, അതിനിവിടെ ഞാനില്ലേ?

അവൾ പെട്ടെന്ന് പോയി സ്ക്രീൻ ബോർഡ് കൊണ്ട് വന്ന് ബെഡ്ഡിന്റെ ചുറ്റിനും മറച്ചു.

എന്നിട്ട് രാധാമണിയുടെ നനഞ്ഞ വസ്ത്രങ്ങളും, ബഡ്ഷീറ്റുമൊക്കെ മാറ്റിയിട്ട്, വേറെ വസ്ത്രങ്ങൾ അവരെ അണിയിച്ചു.

പിന്നീട് രാധാമണിയുമായി ബാത്‌റൂമിൽ പോയി,മേല് കഴുകി തുടച്ച് കൊടുത്തിട്ട് ബഡ്ഡിൽ കൊണ്ട് കിടത്തി.

“എന്തിനാ മോളെന്നോട്, ഇത്രയധികം സ്നേഹം കാണിക്കുന്നത് ,അതിന് തക്ക എന്ത് നന്മയാ ഞാൻ നിന്നോട് ചെയ്തത്”

അവള് തന്നോട് കാണിക്കുന്ന ആത്മാർത്ഥത കണ്ടപ്പോൾ ,രാധാമണിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരിയാണമ്മേ .. എന്റെ ജോലി ക്ളീനിങ്ങാണ് ,ഇതൊക്കെ എന്റെ ഡ്യൂട്ടിയുടെ ഭാഗമല്ലെന്നെനിക്കറിയാം ,പക്ഷേ ,എനിക്ക് അമ്മയെ കണ്ടപ്പോൾ ,എന്റെ അമ്മയെയാണ് ഓർമ്മ വന്നത് ,അവരാണ് ഈ ബഡ്ഡിൽ കിടക്കുന്നതെങ്കിൽ, ഞാൻ ഇതൊക്കെ ചെയ്യേണ്ടത് തന്നെയല്ലേ? ഞാൻ അത്രേ കരുതിയുള്ളു ,അമ്മ അതൊന്നുമോർത്ത് വറീഡാവണ്ട”

“മോളോട് ഞാൻ ഒരു കാര്യം പറയട്ടെ ,മോൾക്ക് എന്നെ എന്നും ഇങ്ങനെ നോക്കാൻ പറ്റുമോ?

“എന്താ അമ്മേ, ഇങ്ങനൊക്കെ പറയുന്നത്, അതിന് അമ്മ കുറച്ച് ദിവസം കഴിഞ്ഞ് ഡിസ്ചാർജ്ജായി പോകില്ലേ”

“പോയാലും മോളെ കാണാൻ ഈ അമ്മ വരും, എന്റെ ഇളയ മകന് വേണ്ടി പെണ്ണ് ചോദിക്കാൻ, അവനിപ്പോൾ ദുബായിലാ ,പേര് കേട്ട തറവാട്ടിൽ നിന്നും ,അവന് വലിയ വലിയ ആലോചനകളൊക്കെ വരുന്നുണ്ട്, പക്ഷേ, എന്റെ മോനെ പൊന്ന് പോലെ നോക്കാൻ നീ മതി, മോൾക്ക് എതിർപ്പൊന്നുമില്ലല്ലോ”

“അത് അമ്മേ .. അച്ഛനാണ് എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ,അച്ഛൻ പറഞ്ഞാൽ, എനിക്കും മറുവാക്കില്ലമ്മേ”

അത്രയും പറഞ്ഞ് നാണിച്ച് തല താഴ്ത്തി, അവൾ ഡ്യൂട്ടി റൂമിലേക്ക് പോകുന്നത്, രാധാമണി നിർവൃതിയോടെ നോക്കി നിന്നു .

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *