രാവണത്രേയ, തുടർക്കഥ ഭാഗം 6 വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: മിഖായേൽ

അച്ചൂ…..

രാവണിന്റെ ആ അലർച്ച കേട്ടതും നാവ് കൊണ്ട് ചുഴറ്റി കവിളിൽ പതിഞ്ഞ പാട് നോക്കി നിന്ന അച്ചുവൊന്ന് ഞെട്ടി….അവൻ ഞെട്ടിപ്പിടഞ്ഞ് രാവണിനടുത്തേക്ക് ചെന്നു….

എന്താ രാവൺ….??? എന്തുപറ്റി…???

എന്തുപറ്റി പോലും…co driver സീറ്റിൽ നിനക്കിരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി… പറ്റില്ലെങ്കിൽ നീ തന്നെ ഡ്രൈവ് ചെയ്താ മതി…

പിന്നേ…ആ ഐഡിയ പൊന്നുമോൻ പള്ളീ ചെന്ന് പറഞ്ഞാ മതി… ഡ്രൈവ് ചെയ്യാൻ…അതും ഞാനേ..നടക്കും നടക്കും….

അച്ചു അത്രയും പറഞ്ഞ് രാവണിൽ നിന്നും അകന്ന് ബാക്ക് ഡോർ ഓപ്പൺ ചെയ്ത് കാറിലേക്ക് കയറി സീറ്റിലേക്ക് നീണ്ടു നിവർന്നങ്ങ് കിടന്നു….

നല്ല ക്ഷീണം രാവൺ…മനസറിഞ്ഞ് ഒന്നും കഴിയ്ക്കാഞ്ഞതിന്റെയാവും…. പിന്നെ നല്ല ഒന്നാന്തരം ഒരു ആക്സിഡന്റ് അല്ലേ ഉണ്ടായത്…ആ നിലത്ത് കിടന്ന് എന്ത് മാത്രം ഉരുണ്ടു..വയ്യ… പിന്നെ ആകെയുള്ള ആശ്വാസം….

അത്രയും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അച്ചു അവന്റെ കവിളിലെ പാടിലേക്ക് ഒന്ന് തടവി..

തൂവാനം…തൂവാ..തൂവാ…മഴൈ തുള്ളികളിൽ ഉന്നെകണ്ടേൻ….

അച്ചൂന്റെ കാളരാഗത്തിൽ ഒരു പ്രത്യേക ഭംഗിയില്ലായ്മയായിരുന്നു ആ പാട്ടിന്… അതുകേട്ട് ആകെ തരിച്ചു കയറി വന്നത് രാവണിനും..ആ കലി അവൻ സ്റ്റിയറിംഗിൽ അടിച്ചു തീർത്ത് കാറ് സ്റ്റാർട്ടാക്കി…. എല്ലാം കണ്ട് ചിരിയടക്കി ഇരിക്ക്യായിരുന്നു ത്രേയ…. ബാക്ക് സീറ്റിൽ കിടന്ന അച്ചു സീറ്റിലേക്ക് കമഴ്ന്ന് കിടന്ന് കാലിട്ടടിച്ച് ഹൻസികേടെ ബാക്കിയുള്ള പാട്ടുകൾ കൂടി പാടാൻ തുടങ്ങിയതും രാവൺ അവന്റെ play list ഓണാക്കി…. പിന്നെ കാറിൽ അച്ചുവും യഥാർത്ഥ ഗായകരും തമ്മിലുള്ള music competition തന്നെ നടന്നു…. ഇതിനെല്ലാം സാക്ഷിയായി മുഖവും വീർപ്പിച്ച് ഇരിക്ക്യായിരുന്നു രാവൺ…ത്രേയേടെ ഇടയ്ക്കിടേയുള്ള നോട്ടം അവനിലേക്ക് ചെന്നെത്തുന്നുണ്ടെന്ന് അവന് മനസിലാകുന്നുണ്ടായിരുന്നു….

ത്രേയേ… പിന്നെ ഒന്നും ചോദിക്കാൻ പറ്റീല്ല… എങ്ങനെയുണ്ട് ബാംഗ്ലൂർ ജീവിതമൊക്കെ…കളറാണോ..അതോ ഡാർക്കോ…??

ത്രേയയോട് ഒരു ചോദ്യവും ഉന്നയിച്ച് തലയ്ക്ക് കൈതാങ്ങി അവളേം നോക്കി കിടക്ക്വായിരുന്നു അച്ചു…

ബാംഗ്ലൂർ ലൈഫ് ഡാർക്കാവാനോ…never… complete കളറായിരുന്നു ഡാ അച്ചൂട്ടാ… എല്ലാം ചിരിയ്ക്കുന്ന മുഖങ്ങളല്ലേ….ഗൗരവമില്ല,ദേഷ്യമില്ല,കലിപ്പില്ല… complete +ve vibe മാത്രം….!!! സത്യം പറഞ്ഞാൽ ഒരുപാട് മിസ്സ് ചെയ്യുന്നു….

ത്രേയ അതും പറഞ്ഞ് ഇടംകണ്ണിട്ട് രാവണിനെ ഒന്ന് നോക്കി…ആ മുഖത്ത് അപ്പോഴും കട്ടകലിപ്പ് തന്നെയായിരുന്നു….അവസരം മുതലെടുത്ത് അച്ചു അടുത്ത question കൂടി എറിഞ്ഞു…

നിന്റെ boy friend എന്തു പറയുന്നു…സുഖാണോ…???

അച്ചു അതും പറഞ്ഞ് ഒരു ചിരിയടക്കി ത്രേയയേയും രാവണിനേം ഒന്ന് നോക്കി….ത്രേയയ്ക്ക് ആ ചോദ്യത്തിന്റെ പൊരുൾ മനസിലായിരുന്നു…. അതുകൊണ്ട് രാവൺ കാണാതെ അച്ചൂനെ നോക്കി അവളൊന്ന് സൈറ്റടിച്ച് കാണിച്ചു….

അതല്ലേടാ മണ്ടാ ഞാൻ നേരത്തെ പറഞ്ഞത് എനിക്ക് വല്ലാണ്ട് മിസ്സ് ചെയ്യുന്നൂന്ന്… അവനെ കാണാതിരുന്നിട്ട് എനിക്ക് ആകെ എന്തോ പോലെ… അവനെ പിരിഞ്ഞിട്ട് ഇതിപ്പോ ഏതാനും മണിക്കൂറുകളായതേയുള്ളൂ… പക്ഷേ ഒരു യുഗം പോലെ തോന്നുന്നു….

ത്രേയ അത്രയും പറയുമ്പോ മുഖത്ത് ഒരു ചിരി തെളിഞ്ഞെങ്കിലും അവളത് മനപൂർവ്വം മറച്ചു പിടിച്ച് ശോകം അഭിനയിച്ച് തകർത്തു…. ഇടയ്ക്കിടെ നോട്ടം രാവണിലേക്ക് പായിച്ചു കൊണ്ട് അവളാ സംസാരം തുടർന്നു…

അവൻ ശരിയ്ക്കും ഒരു നല്ല ക്യാരക്ടർ ആയിരുന്നെടാ…വളരെ വളരെ നല്ല ക്യാരക്ടർ… അതുപോലൊരാളെ ഞാൻ മുമ്പെങ്ങും കണ്ടിട്ടേയില്ല… എന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല…

അത്രയും കേട്ടതും സ്റ്റിയറിംഗിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവിടെ മുറുകാൻ തുടങ്ങി… കൈയ്യിലെ ഞരമ്പുകൾ വരിഞ്ഞു മുറുകുന്നതിനനുസൃതമായി കാറിന്റെ സ്പീഡും കൂടുന്നുണ്ടായിരുന്നു….ത്രേയേടെ നോട്ടം രാവണിലേക്ക് പോയതും അവന്റെ മുഖത്ത് നിന്നും അവൾക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു അവന്റെയുള്ളിലെ ദേഷ്യത്തിന്റെ തിരയിളക്കം..അവളതിനെ ഉള്ളിൽ നിറഞ്ഞു വന്ന കുസൃതിയോടെ ശരിയ്ക്കും ആസ്വദിയ്ക്കുന്നുണ്ടായിരുന്നു….രാവണിന്റെ ദേഷ്യം മുതലെടുത്ത് വീണ്ടും വീണ്ടും അവള് ബാംഗ്ലൂർ ലൈഫിനേയും ബോയ്ഫ്രണ്ടിനേയും പുകഴ്ത്തിയതും രാവൺ വണ്ടീടെ സ്പീഡ് കൂട്ടി കത്തിച്ചു വിടാൻ തുടങ്ങി….ചുറ്റിലുമുണ്ടായിരുന്ന കാഴ്ചകളെ അവ്യക്തമാക്കി കൊണ്ട് റോഡരികിലെ കരിയലയെ പറത്തി ആ കാറ് ചീറി പാഞ്ഞു… എല്ലാം കണ്ട് ത്രേയയും,അച്ചുവും തെല്ലൊരു പേടിയോടെ ഇരിക്ക്യായിരുന്നു…..

രാവൺ… ഒന്ന് പതിയെ പോ… പ്ലീസ്… എനിക്ക് കുറേക്കാലം കൂടി ജീവനോടെ ഇരിക്കണംന്നുണ്ട്… ഡാ…രാവൺ…

അച്ചു പരമാവധി അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ രാവൺ ഡ്രൈവിംഗ് തുടർന്നു… ഒടുവിൽ ആ കാറ് കാറ്റ് പോലെ പൂവള്ളി തറവാടിന്റെ മുന്നിൽ കൊണ്ടു നിർത്തിയതും അച്ചുവും ത്രേയയും ഒരുപോലെ മുന്നോട്ടാഞ്ഞ ശേഷം സീറ്റിലേക്ക് ഒരൂക്കോടെ ചെന്നിരുന്നു….കാറ് നിർത്തിയ ശേഷം അവരെ രണ്ടു പേരെയും mind ചെയ്യാതെ കൊടുങ്കാറ്റ് പോലെ രാവൺ അകത്തേക്കോരു പോക്കായിരുന്നു…രാവണിന്റെ ദേഷ്യം കണ്ട് അമ്പരന്നിരിക്ക്യായിരുന്നു ത്രേയയും അച്ചുവും… എങ്കിലും അവന്റെ മുഖത്തെ ദേഷ്യത്തിലും ത്രേയയുടെ മനസിൽ പ്രതീക്ഷയുടെ ഒരു ചെറു കണിക തെളിഞ്ഞു വന്നു…. മറ്റൊരാളെ പുകഴ്ത്തി പറയുമ്പോ രാവണിലുണ്ടാക്കുന്ന അസ്വസ്ഥത അവളോടുള്ള ഇഷ്ടത്തിന്റെ തെളിവാണ് എന്നവൾ മനസിൽ അടിവരയിട്ട് ഒന്ന് പുഞ്ചിരിച്ചു….

ത്രേയെ… നിനക്ക് സത്യത്തിൽ അങ്ങനെയൊരു ബോയ് ഫ്രണ്ട് ഉണ്ടോടീ…

അച്ചു ആ ചോദ്യവും ചോദിച്ച് ഡോറ് തുറന്ന് പുറത്തേക്കിറങ്ങി ഒരു മൂരി നിവർത്തി വിട്ടു… അപ്പോഴേക്കും ത്രേയയും കാറിൽ നിന്നും പുറത്തേക്കിറങ്ങി നിന്നിരുന്നു….അച്ചൂന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ച് കാണിച്ച് അവള് കാറിന്റെ ഡിക്കി തുറന്ന് അതിൽ നിന്നും ഓരോ ബാഗും പുറത്തേക്ക് എടുത്ത് വച്ചു…

ഡീ…ത്രേയേ…പറയെടീ.. നിനക്ക് ശരിയ്ക്കും…..വല്ല boyfriend ഉം ഉണ്ടോ…???

എടാ കഴുത അച്ചൂ…എന്റെ ജീവിതത്തിൽ ഇന്നേവരെ ഒരാണേ ഉണ്ടായിട്ടുള്ളൂ…അതെന്റെ രാവണാ…അവനെ മറന്ന് വേറെ ഏതെങ്കിലും കോന്തനുമായി ഞാൻ friendship ഉണ്ടാക്ക്വോ…???

ഹോ….അപ്പോ ഇല്ലല്ലേ… നീയൊക്കെ waste…ഒരു ദിവ്യ പ്രണയവും മണ്ണാങ്കട്ടയും….എന്റെയൊരഭിപ്രായത്തിൽ ഓരോ പ്രായത്തിലും കുറഞ്ഞത് അഞ്ച് പ്രണയമെങ്കിലും ഒരാൾക്കുണ്ടാവണം….അതും അഞ്ചും അഞ്ച് വഴിയിൽ…. ഒടുവിൽ എല്ലാത്തിനേയും കൊതിപ്പിച്ച് അതിലൊന്നും പെടാത്ത വേറൊരുത്തിയേ കെട്ടണം… എന്നിട്ടും പ്രണയം അവസാനിപ്പിക്കരുത്….

എന്താ വിവാഹം കഴിഞ്ഞ് ഭാര്യയെ പ്രണയിക്കണംന്നാണോ…???

ത്രേയേടെ ആ ചോദ്യം കേട്ട് അച്ചു നടുവിന് കൈതാങ്ങി അവളെ ഇരുത്തിയൊന്ന് നോക്കി…

പിന്നേ ഭാര്യേ പ്രണയിക്കാൻ…പ്ഫൂ…എന്റെ പട്ടി പ്രേമിക്കും…ഡീ ത്രേയേ ഈ ലോകത്ത് നിഷ്കർഷിക്കുന്ന പരമ പ്രധാനമായ ഒരു സത്യമുണ്ട് അതെന്താണെന്ന് നിനക്കറിയ്വോ…

ഇല്ല..എന്താ…???

ത്രേയ അതുകേട്ട് അല്പം ആകാംഷയോടെ അച്ചൂന്റെ വാക്കിന് കാതോർത്തു…

ജീവൻ പോയാലും പ്രേമിച്ച പെണ്ണിനെ കെട്ടരുത്…

അതുകേട്ട് ത്രേയ അവന് കലിപ്പിച്ചൊരു നോട്ടം കൊടുത്ത് വീണ്ടും ബാഗുകൾ ഓരോന്നും നിലത്തേക്ക് പെറുക്കി വച്ചു….

ഡീ സത്യാടീ ഞാൻ പറഞ്ഞത്…നഷ്ടപ്പെടാം… പക്ഷേ പ്രണയിക്കാതിരിക്കരുതെന്ന് ഏതോ ഒരു എഴുത്തുകാരി പറഞ്ഞിട്ടില്ലേ…അതാണ് എന്റെ പോളിസി…നഷ്ടപ്പെടുമെന്ന് തോന്നിയാലും നമ്മൾ പ്രണയിക്കണം.. എന്നിട്ട് ഒടുവിൽ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടണം…

ഹോ… എന്നിട്ട് ആ പെണ്ണിനേം കെട്ടീട്ട് നിനക്ക് വേറെ വല്ലവളുമാരെയും പ്രണയിക്കണംന്ന് ല്ലേ..

Yaa..എങ്ങനെ മനസിലായി…!!

അച്ചു മപ്പ്കടിച്ച് അതിന് സമ്മതം മൂളി ഒന്ന് തലയാട്ടിയതും ത്രേയ ഒരു ബാഗെടുത്ത് ദേഷ്യത്തിൽ അവന്റെ കാലിനിട്ട് ഒരേറങ്ങ് കാച്ചി…

ആആആ…ഡീ…കൂതറേ…എന്ത് പണിയാടീ നീയീ കാണിച്ചേ…എന്റെ കാല്..അമ്മേ…

അച്ചു ഉന്തിയുന്തി മുറ്റത്ത് നിന്ന് നിലവിളിയ്ക്കുന്നത് കേട്ടതും അകത്ത് നിന്നും രണ്ട് പേർ അതെല്ലാം കണ്ട് ചിരിയോടെ പുറത്തേക്കിറങ്ങി വന്നു…

അഗ്നീ…ടാ താടീ…

പുറത്തേക്ക് നടന്നു വന്ന അഗ്നിയേയും ശന്തനൂനേം കണ്ടതും ത്രേയ സന്തോഷത്തോടെ അവർക്കരികിലേക്ക് ഓടിയടുത്തു…നേരെ ചെന്ന് അഗ്നിയെ ഒരു കെട്ടിപ്പിടുത്തമായിരുന്നു… ഒരുപാട് നാളുകൾക്കു ശേഷം അവളെ കണ്ട സന്തോഷത്തിൽ അവനും അവളെ ഇറുകെ പുണർന്നു നിന്നു…അഗ്നിയിൽ ചേർന്ന് നിന്നപ്പോൾ അതുവരെയും മനസിൽ അടക്കി പിടിച്ച സങ്കടം കണ്ണിലൂടെ മഴയായി പെയ്തിറങ്ങിയിരുന്നു… കുറേനേരം അവളങ്ങനെ നിന്ന ശേഷം ആരും കാണാതെ കണ്ണ് തുടച്ചു കൊണ്ട് അവനിൽ നിന്നും പതിയെ അടർന്നു മാറി….

എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ…??

അഗ്നീടെ ആ ചോദ്യം കേട്ട് അവള് അച്ചൂനെയൊന്ന് തുറിച്ചു നോക്കി പേടിപ്പിച്ചു…

എന്താടി എന്നെ നോക്കിപേടിപ്പിക്കുന്നേ…എന്റെ കാല് തല്ലിയൊടിച്ചിട്ട് കണ്ണുരുട്ടി കാണിക്കുന്നോടി ദ്രോഹി….

അച്ചു അതും പറഞ്ഞ് വീണ്ടും കാല് തിരുമ്മി നിന്നതും ശന്തനു അവനെ കളിയാക്കി ചിരിച്ചു കൊണ്ട് അവനരികിലേക്ക് നടന്നു ചെന്നു…

എന്താ അച്ചൂട്ടാ നിനക്ക് ആകെയൊരു വാട്ടം പോലെ…ആകെ കലിപ്പിലാണല്ലോ..പോയ വഴിയ്ക്ക് പച്ചക്കിളികളെ ഒന്നും കിട്ടീല്ലേ…

ശന്തനു മൂക്കിൽ വിരൽ വച്ച് അങ്ങനെ ചോദിച്ചതും അച്ചൂന്റെ നോട്ടം ത്രേയയിലേക്ക് തിരിഞ്ഞു….

പച്ചക്കിളി… പറഞ്ഞു കൊടുക്കെടാ നിന്റെ പച്ചക്കിളീടെ കഥ…എന്റെ ശന്തനൂ ഇവനാ airport ൽ ഉണ്ടാക്കിയ കോലാഹലം എന്തൊക്കെയാണെന്നറിയ്വോ… ഒടുക്കം രാവൺ അവന്റെ ID കാർഡ് കാണിച്ചിട്ടാ ഈ തെണ്ടിയെ അവിടുന്ന് രക്ഷപ്പെടുത്തിയത്… ഇത്രേം വർഷായിട്ടും ഇവന്റെ ഈ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ…

ത്രേയേടെ ആ പറച്ചില് കേട്ട് അച്ചു ഒരവിഞ്ഞ ഇളി പാസാക്കി നിന്നു… ശന്തനുവും അഗ്നിയും അത് കേട്ട് അച്ചൂനെ തന്നെ തുറിച്ചു നോക്കി പേടിപ്പിക്ക്യായിരുന്നു…

അവന്റെ കാര്യം വിട്…സഹകരണ ബാങ്കിലെ ലോണും അവനും ഒരുപോലെയാ…നീ മാറ്ററിലേക്ക് വാ…. എങ്ങനെയുണ്ടായിരുന്നു രാവൺ…???

ശന്തനു അതും പറഞ്ഞ് ത്രേയയെ അടുത്ത് വിളിച്ച് നിർത്തി..

one minute മസിലളിയാ… ഇപ്പോ അങ്ങ് പ്രസ്താവിച്ച ഒരുകാര്യം ന്വാമിന് തിരിഞ്ഞില്ല… അതൊന്ന് explain ചെയ്തേ….

മുടന്തി മുടന്തി അച്ചു ശന്തനൂന് അടുത്തേക്ക് ചെന്നു നിന്നതും ശന്തനൂന്റെ മുഖത്ത് ഒരു സംശയഭാവം നിറഞ്ഞു….

ഏത് കാര്യം…??

അതുകേട്ട് അഗ്നിയുടേയും ത്രേയയുടേയും നെറ്റി ഒരുപോലെ ചുളിഞ്ഞു തുടങ്ങിയിരുന്നു…

ആ ലോണിന്റെ കാര്യമേ…

ഹാ…അതോ…അത് simple..സഹകരണ ബാങ്കിലെ ലോൺ പോലെ തന്നെയാ നിന്റെ കാര്യം എഴുതി തള്ളിയ കേസാണെന്ന്…. ശന്തനു അതും പറഞ്ഞ് അഗ്നിയുടെ പുറത്തേക്ക് അടിച്ച് പൊട്ടിച്ചിരിക്കാൻ തുടങ്ങി…

ഫ്രഷ്…ഫ്രഷ്…!!! ഫ്രഷേ…

തലയാട്ടിയുള്ള അച്ചൂന്റെ ആ പറച്ചില് കേട്ടാണ് ശന്തനൂന്റെ ചിരിയൊന്നടങ്ങിയത്…അവൻ മെല്ലെ തലയുയർത്തി നോക്കുമ്പോ അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്ക്വായിരുന്നു അഗ്നി…അതിന് കൂട്ടായി മുഖത്ത് കട്ടക്കലിപ്പ് വാരിവിതറി നിന്ന ത്രേയ കൂടിയായതും ശന്തനൂന്റെ മുഖത്തെ ചിരിയങ്ങ് മങ്ങി തുടങ്ങി…

ഒരേ വയറ്റിൽ ജനിച്ചു പോയവന്റെ ഊളച്ചെളികൾ സഹിക്ക വയ്യാതെയാ ഞാനീ നാട് പോലും വിട്ടത്…ഇനി നീ കൂടി എന്നെ വീണ്ടും നാട് കടത്താൻ ശ്രമിക്കരുത്…

അഗ്നി ആയുധം വച്ച് കീഴടങ്ങിയ മട്ടിൽ കേണപേക്ഷിക്കുന്നത് കേട്ട് ശന്തനു ഒരവിഞ്ഞ ചിരി മുഖത്ത് ഫിറ്റ് ചെയ്ത് എല്ലാവർക്കുമായി ഒരു സോറിയങ്ങ് പറഞ്ഞു… അവന്റെ മാപ്പപേക്ഷ സഭ സ്വീകരിച്ചു കൊണ്ട് എല്ലാവരുടേയും ശ്രദ്ധ ത്രേയയിലേക്ക് തിരിച്ചു…

ഡീ..പറയെടീ…എങ്ങനെയുണ്ടായിരുന്നു രാവൺ…

എങ്ങനെയുണ്ടാവാനാ…അവനൊന്നും എന്നോട് മിണ്ടീല്ല..ഞാനും ഒന്നും അവനോട് മിണ്ടീല്ല… പിന്നെ ഞങ്ങക്കിടയാൽ ആകെക്കിടന്ന് ചിലച്ചത് ദേ ഈ മൊതലാ…

ത്രേയ അതും പറഞ്ഞ് അച്ചൂനെ ഒന്ന് നോക്കിയതും അഗ്നി ഉള്ളിലെ ദേഷ്യമെല്ലാം മുഖത്ത് ആവാഹിച്ച് അച്ചൂനെ ഒന്നിരുത്തി നോക്കി…അതിൽ പാവം അച്ചു ദഹിച്ചു പോയിരുന്നു…. പിന്നെ അവന്റെ മുഖത്ത് വിരിഞ്ഞ ക്ഷമാപണങ്ങൾ കണ്ടപ്പോഴാണ് അഗ്നീടെ ദേഷ്യം ഒന്ന് കുറഞ്ഞത്….

ത്രേയ ഞാൻ വളരെ സീരിയസായ ഒരു കാര്യം പറയാൻ പോക്വാ.. അകത്ത് വച്ച് ഇതു പറയാംന്ന് വച്ചാ നൂറ് കാതുകളുണ്ടാവും നമ്മുടെ സംസാരം ശ്രവിക്കാനായി… അതുകൊണ്ട് നീ എല്ലാം അറിഞ്ഞ് വേണം ഈ പൂവള്ളിയിലേക്ക് കാലെടുത്ത് വയ്ക്കാൻ..

അഗ്നി വളരെ പതിഞ്ഞ സ്വരത്തിൽ അത്രയും പറഞ്ഞ് ചുറ്റുമൊന്ന് കണ്ണോടിച്ചു…

ത്രേയയും,ശന്തനുവും അച്ചുവും കൂടി അഗ്നീടെ സംസാരത്തിന് വേണ്ടി കാതോർത്തു നിൽക്ക്വായിരുന്നു…ചുറ്റിലും ആരുമില്ല എന്നുറപ്പ് വരുത്തി സുഗത് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി അഗ്നി അവർക്ക് മുന്നിൽ പറഞ്ഞു തുടങ്ങി…ഓരോ കാര്യങ്ങളും കേൾക്കും തോറും അത് കേട്ട് നിന്ന മൂവരുടേയും കണ്ണുകൾ ഞെട്ടലോടെ വിടർന്നു…ത്രേയയ്ക്ക് അതെല്ലാം അമ്പരപ്പിക്കുന്ന വാക്കുകളായിരുന്നു… ആരൊക്കെയോ ചേർന്ന് തന്നിൽ നിന്നും അകറ്റിയതാണ് രാവണിനെ… എന്നിട്ടിപ്പോ എന്തൊക്കെയോ ഗൂഢാലോചനകളിലൂടെ വീണ്ടും ചേർത്ത് വയ്ക്കാൻ നോക്കുന്നു…. ഇതിന്റെയൊക്കെ പിന്നിലെ തന്ത്രങ്ങൾ എന്താവും…. ഒരുപാട് ചോദ്യങ്ങൾ ഒന്നിച്ചുയർന്ന് അവളുടെ മനസിനെ മഥിക്കാൻ തുടങ്ങി…. അതുവരെയും ചിരിയോടെ നിന്ന അച്ചുവും ശന്തനുവും ആ വാർത്ത കേട്ട് ശരിയ്ക്കും ഞെട്ടിയിരുന്നു…അന്നു വരെയും വേദ്യയ്ക്ക് വേണ്ടി തീരുമാനിച്ചു വച്ചിരുന്ന രാവണിനെ പെട്ടെന്നെങ്ങനെ ത്രേയയ്ക്ക് വേണ്ടി ആലോചിച്ചു എന്ന സംശയം അവരിലും മുറുകി തുടങ്ങി…

ത്രേയ ഇതൊക്കെ സത്യമാണോ എന്ന് നിശ്ചയമില്ല..അച്ഛനാ എന്നോടിങ്ങനെ ഒരു കാര്യം പറഞ്ഞത്….അച്ഛൻ പറഞ്ഞിട്ടുള്ളതൊന്നും ഇതുവരെ തെറ്റീട്ടില്ല… അതുകൊണ്ട് എനിക്കിത് വിശ്വസിക്കാതിരിക്കാനും തോന്നീല്ല..

സത്യമാകും അഗ്നീ…സുഗതങ്കിൾ കേട്ടതെല്ലാം സത്യമാകും….വല്യച്ഛനും പ്രഭയങ്കിളും ഇങ്ങനെയൊരു പ്ലാൻ തീരുമാനിച്ചിട്ടുണ്ടാവും… അതിന് പിന്നിൽ ഒരു ഹിഡൻ അജണ്ടയും ഉണ്ടാവും…അതിൽ സംശയിക്കേണ്ട… കാരണം ഈ പൂവള്ളി തറവാട്ടിലെ പലരുടേയും ഇത്തരം തീരുമാനങ്ങൾ ആണ് എന്നെ എന്റെ രാവണിൽ നിന്നും അകറ്റിയത്…. ഇനിയും അതുപോലെ എന്നെന്നേക്കുമായി ഒരു വേർപാടിന് വേണ്ടിയാവും ചിലപ്പോ…

നീയെന്തൊക്കെയാ ത്രേയ ഈ പറയുന്നത്…പൂവള്ളിയിലെ ആരാ നിന്നേം രാവണിനേം തമ്മിൽ പിരിച്ചത്…അതിന്റെ കാരണമെന്താ…???

അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയയുടെ മനസ് പഴയ കാലങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തി…നിത്യയുടെ മരണവും അത് ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അവളുടെ അവസ്ഥയും അവളുടെ കണ്ണുകളിലൂടെ മിന്നിമറഞ്ഞു പോയി… അവൾടെ ഉറക്കെയുള്ള നിലവിളികൾ പൂവള്ളിയുടെ നാലു കോണിലും തട്ടിത്തെറിച്ചു പായുന്നുണ്ടായിരുന്നു…. തന്റെ ശബ്ദം കേട്ട് പരിഭ്രമത്തോടെ ഓടിയടുത്ത രാവണിന്റെ മുഖം അവൾ ഞൊടിയിട നേരത്തിൽ ഓർത്തെടുത്തു… തനിക്ക് വേണ്ടി മാത്രം നിലകൊണ്ട രാവണിന്റെ മുഖം….

പക്ഷേ എല്ലാം തകിടം മറിച്ചത് ആ ഫോൺ കോൾ ആയിരുന്നു… തന്റെ ജീവിതത്തെ ഇല്ലാതാക്കിയ ആ ഫോൺ കോൾ…അവളുടെ രാവണിനെ അവളുടെ മുന്നിൽ ശത്രുവാക്കി മാറ്റിയ ആ ഫോൺ കോൾ…. വൈദേഹിയുടെ കൈപിടിച്ച് സ്വന്തം റൂമിലേക്ക് കയറിയ ത്രേയയെ വരവേറ്റത് പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന ആ ഫോൺ കോളായിരുന്നു…. നിത്യയുടെ ശവശരീരം നേരിൽ കണ്ട നടുക്കത്തിൽ ത്രേയയുടെ മനസ് ശരിയ്ക്കും പതറി തുടങ്ങിയിരുന്നു…ഇരുട്ടിനെ ഭയന്ന് കട്ടിലിന്റെ ചാരുപടിയിലേക്ക് ചുരുങ്ങി കൂടിയ അവളെ വൈദേഹിയായിരുന്നു ചേർത്തിരുത്തി സമാധാനിപ്പിച്ചത്…അവളുടെ ചങ്കിലെ പിടപ്പിന് നേരിയ ശമനം ഉണ്ടായപ്പോഴാണ് വേദേഹി അവളിൽ നിന്നും അടർന്നു മാറി റൂം വിട്ടിറങ്ങിയത്…ആ ഞൊടിയിട നേരത്തിൽ തന്നെ തേടിയെത്തിയ ആ ഫോൺ കോൾ ആരുടേതായിരുന്നു എന്ന് ഇപ്പോഴും അവൾക് വ്യക്തമല്ലാത്ത വസ്തുതയാണ്…. പക്ഷേ തനിക്ക് ഒരുപാട് പരിചിതമായ ആ ശബ്ദവും,അതിൽ നിറഞ്ഞു നിന്ന പകയും ഇപ്പോഴും അവളുടെ ഹൃദയ താളങ്ങളെപ്പോലും തെറ്റിക്കുന്നു…അതിന്റെ ഉറവിടം തേടിയുള്ള യാത്രയും ആ ഫോൺ കോളിന്റെ ഉദ്ദേശവും അവൾക് കൊടുത്തത് വലിയ നഷ്ടങ്ങളായിരുന്നു…. എല്ലാമോർത്ത് ഒരു നടുക്കത്തോടെ നിന്ന ത്രേയയെ അഗ്നി തട്ടിവിളിച്ചതും സ്വപ്നത്തിൽ നിന്നെന്നോണം അവൾ ഞെട്ടിയുണർന്നു…

ഡീ…നീ ഏത് ലോകത്താ… ഞാൻ പറഞ്ഞത് വല്ലതും നീ കേൾക്കുന്നുണ്ടോ…

ത്രേയ അതുകേട്ട് അഗ്നിയെ തന്നെ ഒന്ന് നോക്കി… അപ്പോഴാണ് അവർക്കിടയിലേക്ക് പുഞ്ചിരിയോടെ ഒരു മുഖം കടന്നു വന്നത്…അവരെ കണ്ടതും ത്രേയയുടെ മുഖം ആനന്ദത്തോടെ വിടർന്നു…എല്ലാവരിൽ നിന്നും അകന്നു മാറി അവളോടിച്ചെന്ന് അവരെ വാരിപ്പുണർന്നു….

ആയമ്മേ….എത്ര നാളായി കണ്ടിട്ട്….

കൊച്ചുകുട്ടികളുടെ കുറുമ്പ് പറച്ചിൽ പോലെ അവൾ പരിഭവങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയതും അഗ്നിയും ശന്തനുവും അച്ചുവുമെല്ലാം ഒരു തരം വാത്സല്യത്തോടെ ആ കാഴ്ച കണ്ടുനിന്നു…. എന്നാൽ അതുവരെയും അവിടെ നടമാടിയ എല്ലാ സ്നേഹ പ്രകടനങ്ങൾക്കും സാക്ഷിയായി ബാൽക്കണിയിൽ ഒരു മുഖം കൂടിയുണ്ടായിരുന്നു…ത്രേയ വന്നു ചേർന്ന ആ സൗഹൃദ വലയത്തിൽ നിന്നും സ്വയം ഒഴിഞ്ഞു മാറി നിന്ന രാവണിന്റെ കണ്ണുകളായിരുന്നു അത്…. എല്ലാവരും ഒന്നിച്ച് ചേരുമ്പോഴുള്ള കുസൃതികളും കുറുമ്പുകളും ഓർത്തെടുത്ത് ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു നിന്ന രാവൺ പഴയ കാലത്തിലെ ദുരനുഭവങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചെടുക്കും തോറും ആ പുഞ്ചിരിയെ ഒരു കനലായി മാറ്റാൻ തുടങ്ങി…. വർധിച്ചു വന്ന ദേഷ്യം ബാൽക്കണിയുടെ തടിപ്പടിയിൽ അടിച്ചു തീർത്ത് അവൻ അകത്തേക്ക് കയറിപ്പോയി….

അപ്പോഴേക്കും വൈദേഹി ത്രേയയെ കൂട്ടി അകത്തേക്ക് നടന്നു തുടങ്ങിയിരുന്നു… വർഷങ്ങൾക്കു ശേഷം പൂവള്ളിയിൽ കാലു കുത്തുമ്പോ ത്രേയയുടെ മനസിൽ ആ പഴയ കാല ജീവിതങ്ങൾ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു… അതിന്റെ ഓരോ കോണിലും ഓടിനടന്നതും,കളിച്ചതും, എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ അവൾക് വ്യക്തമായിരുന്നു….വൈദേഹിയുടെ സ്നേഹത്തിനും വാത്സല്യം കലർന്ന വിളിയ്ക്കും ഒരു മാറ്റവും വന്നിരുന്നില്ല….

ത്രേയയെ കൈപിടിച്ചു നടത്തി അവർ അവളെ ഹാളിലെ എല്ലാവരും കൂടിയിരുന്ന പൊതുസഭയ്ക്ക് മുന്നിലേക്ക് കൊണ്ട് നിർത്തി…വൈദിയും,പ്രഭയും,സുഗതും,ഊർമ്മിളയും, വസുന്ധരയും,വേദ്യയും,നിർമ്മാല്യയും(നിമ്മി) അങ്ങനെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും അവിടെയുണ്ടായിരുന്നു….ത്രേയയെ കണ്ട മുഖങ്ങളിലൊന്നും കാര്യമായ സന്തോഷമോ,അതിരു കവിഞ്ഞ അത്ഭുതമോ ഒന്നും ഉണ്ടായിരുന്നില്ല…. എല്ലാവരും അവളെ ഒന്ന് നോക്കിയ ശേഷം അവരവരുടെ ജോലികളിലേക്ക് തന്നെ തിരിഞ്ഞു….സുഗത് മാത്രം സന്തോഷത്തോടെ ത്രേയയ്ക്ക് മുന്നിലേക്ക് നടന്നടുത്തു….സുഗതിനെ കണ്ടതും ത്രേയ അയാളുടെ കാലിൽ തൊട്ടുതൊഴുത് നമസ്കരിച്ചെഴുന്നേറ്റു….ആ ഒരൊറ്റ രംഗം കണ്ടതും വേദ്യ അതിനെയൊന്ന് പുച്ഛിച്ച് റിമോർട്ടിൽ ടി.വി ചാനൽ മാറ്റിയിരുന്നു….നിമ്മിയുടെ മുഖത്ത് മാത്രം ത്രേയയെ കണ്ടപ്പോൾ ചെറിയൊരു പുഞ്ചിരി തത്തിക്കളിച്ചു… എല്ലാവരും ചുറ്റിലും കൂടിയിരുന്നത് കാരണം അവൾക്കാ സന്തോഷം ഒന്ന് പ്രകടമാക്കാൻ കഴിഞ്ഞില്ല എന്നു മാത്രം….

കാൽതൊട്ട് തൊഴുത് നിന്ന ത്രേയയെ ഒരച്ഛന്റെ വാത്സല്യത്തോടെയാണ് സുഗത് എഴുന്നേൽപ്പിച്ചത്… നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുനീരൊപ്പി അവളെ ചേർത്ത് പിടിച്ച് അയാൾ ആശ്വസിപ്പിച്ചു….അഗ്നിയ്ക്കും അച്ചൂനും ഒരുപോലെ സന്തോഷം പകരുന്ന കാഴ്ചയായിരുന്നു അത്….

എന്തിനാ മോള് വിഷമിക്കുന്നേ..ഏ… പെൺകുട്ടികൾ കരയുന്നതേ സുഗതങ്കിളിന് ഇഷ്ടമല്ല…അപ്പോ ആൺകുട്ടിയായ എന്റെ പെൺകുട്ടി കരയുന്നത് അങ്കിളിന് ഇഷ്ട്ടാക്വോ..ങേ…

ത്രേയേടെ താടിയിൽ പിടിച്ചു കൊണ്ട് സുഗതങ്ങനെ പറഞ്ഞതും ഉള്ളില് നിറഞ്ഞ സങ്കടത്തിനെ പാടെ തുടച്ചു മാറ്റി അവളൊന്ന് ചിരിച്ചു….അത് കണ്ടപ്പോ വൈദേഹിയുടെ മുഖത്തും ഒരു ചിരി നിറഞ്ഞിരുന്നു….

ത്രേയ…നീ എപ്പോഴാ എത്തിയത്…

പത്രത്താളുകൾ മറിച്ചു നോക്കി അതിൽ ശ്രദ്ധ കൊടുത്തു കൊണ്ടുള്ള വൈദീടെ ആ ചോദ്യം കേട്ട് ത്രേയ അതിന് മറുപടി നല്കി നിന്നു….സുഗതിൽ നിന്നും അടർന്നു മാറി അവൾ നേരെ ചെന്ന് വൈദിയുടേയും പ്രഭയുടേയും കാലുകളിൽ തൊട്ടൊന്ന് നമസ്കരിച്ചു….ആ കാഴ്ച കണ്ടുകൊണ്ടാണ് രാവൺ സ്റ്റെയർ ഇറങ്ങി താഴേക്കു വന്നത്…വൈദിയുടെ പാദങ്ങളിൽ കൈതൊട്ടുയർന്ന ത്രേയ പ്രഭയുടെ പാദങ്ങളിൽ സ്പർശിച്ചതും ഒരൂക്കോടെ അയാൾ കാൽ വലിച്ചെടുത്തിരുന്നു….

ശ്ശേ…എന്താ കൊച്ചേ നീ ഈ കാണിക്കുന്നേ… ഇതുപോലെയുള്ള കപട പ്രവർത്തികൾ എനിക്ക് തീരെ ഇഷ്ടമല്ല….കാല് പിടിയ്ക്കുന്നവരുടെ അടുത്ത ലക്ഷ്യം തല കൊയ്യുക എന്നതാണ്… അതുകൊണ്ട് ഇത്തരം പ്രഹസനങ്ങൾ ഇനി വേണ്ട….

പ്രഭേടെ ഉറച്ച ശബ്ദം അവിടമാകെ മുഴങ്ങിയതും ഒരൊറ്റ നിമിഷം കൊണ്ട് എല്ലാവർക്കും മുന്നിൽ അപമാനിതയാകും പോലെ തോന്നി അവൾക്ക്… പ്രഭയുടെ ആ നിലപാട് കണ്ടതും രാവണിന്റെ കൈകൾ ഒരുനിമിഷം ദേഷ്യത്തോടെ സ്റ്റെയറിന്റെ കൈപ്പിടിയിൽ മുറുകി…പുറമേ എത്ര അകറ്റി നിർത്തിയിട്ടും അവൻ പോലുമറിയാതെ ത്രേയയോടുള്ള അവന്റെയുള്ളിലെ ഇഷ്ടം മെല്ലെ പുറത്തേക്ക് പ്രകടമാവുകയായിരുന്നു….സ്ഥലകാല ബോധം വീണ്ടെടുത്തപ്പോൾ ദേഷ്യത്തോടെ മുറുകിയിരുന്ന ആ കൈകൾ അവൻ മെല്ലെ അയച്ചെടുത്ത് വീണ്ടും പടികൾ ഇറങ്ങി….

രാവൺ നീ എവിടേക്കാ മോനേ…

വൈദിയുടെ സ്നേഹത്തിൽ ചാലിച്ച ആ വിളി കേട്ട് രാവൺ നടത്തം ഒന്ന് നിർത്തി…അഗ്നിയും അച്ചുവും ശന്തനുവും ആ പെർഫോമൻസ് കണ്ട് ഒരുപോലെ കലിയടക്കി നിൽക്ക്വായിരുന്നു….

ഞാൻ പുറത്തേക്ക് ഒന്നിറങ്ങ്വാ…ഒരത്യാവശ്യമുണ്ട്…

മോന് ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരഞ്ച് മിനിട്ട് എന്റെ റൂമിലേക്കൊന്ന് വരണം..ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്….

രാവണതുകേട്ട് കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ച ശേഷം അതിന് സമ്മതമെന്നോണം തലയാട്ടി…ആ ഒരു സമ്മതം കേട്ട മാത്രയിൽ തന്നെ വൈദിയും അയാൾക്കൊപ്പം പ്രഭയും അയാളുടെ റൂമിലേക്ക് നടന്നു തുടങ്ങി….വീണു കിട്ടിയ അവസരത്തിൽ ത്രേയയ്ക്ക് ഒരു ഗംഭീര സ്വീകരണമൊരുക്കാൻ എന്തൊക്കെയോ പ്ലാനുകൾ വേദ്യ മനസിൽ കണക്കു കൂട്ടിയിരുന്നു… അതിന്റെ സന്തോഷം മുഖത്ത് വിരിയിച്ച് സോഫയിൽ നിന്നും അവൾ ചാടിയെഴുന്നേറ്റ് രാവണിന്റെ കൈയ്യിലേക്ക് ചുറ്റിപ്പിടിച്ച് നിന്നു….

ഹേമന്തേട്ടാ…. ഞാനും വരട്ടേ പുറത്തേക്ക്…ഒരു ചെറിയ shopping ന്…

അത്രയും നേരം ത്രേയയ്ക്ക് ഏറ്റ അപമാനത്തിനേക്കാളും വലിയ പ്രഹരമായിരുന്നു വേദ്യയുടെ കൊഞ്ചിയുള്ള ആ പറച്ചിൽ…കണ്ണിലൂടെ തീപാറുന്ന നോട്ടം പായിച്ചു കൊണ്ട് അവള് രാവണിന്റെ കൈയ്യിൽ മുറുകിയിരുന്ന വേദ്യയുടെ കൈയ്യിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു….. ചുറ്റിലും നടക്കുന്ന ഒന്നിലും ശ്രദ്ധ കൊടുക്കാതെ അവളുടെ നോട്ടം അവിടേക്ക് തന്നെ ഒതുങ്ങി…ത്രേയയുടെ കലിപ്പ് മനസിലാക്കും പോലെ ത്രിമൂർത്തികൾ ത്രേയയുടെ ഇരുവശങ്ങളിലുമായി അണിനിരന്നു…. എല്ലാ മുഖങ്ങളിലും കട്ടക്കലിപ്പ് തന്നെ…

യാദൃശ്ചികമായി തന്റെ കൈത്തണ്ടയിൽ മുറുകിയ വേദ്യയുടെ കരങ്ങളെ ശ്രദ്ധിച്ച രാവൺ ഞൊടിയിടയിൽ നോട്ടം ത്രേയയിലേക്ക് പായിച്ചു…. അവളുടെ മുഖത്ത് നിറഞ്ഞ അസ്വസ്ഥതയുടെ കാരണം അവള് പറയാതെ തന്നെ അവന് മനസിലാക്കാൻ കഴിയുമായിരുന്നു….കാറിൽ വച്ചുണ്ടായ സംഭാഷണം ഒന്നോർത്തെടുത്ത രാവൺ ത്രേയയുടെ മുഖത്തേക്ക് നോക്കി തന്നെ വേദ്യയുടെ തോളിലേക്ക് കൈ ചേർത്ത് അവളെ അവനോട് ചേർത്തു നിർത്തി….

ഡീ…പൊട്ടീ…ഇക്കണക്കിന് നീയെങ്ങനെയാ അവന്റെ മനസിലേക്ക് വീണ്ടും കയറിക്കൂടുന്നേ…

അച്ചു പതിഞ്ഞ സ്വരത്തിൽ ത്രേയേടെ ചെവിക്കിട്ട് പണി കൊടുക്കാൻ തുടങ്ങി…

ഡാ മണ്ടൂ…അവനെന്നെ ഇപ്പോഴും ഇഷ്ടാ ഡാ.. ഞാൻ കാറില് വച്ച് പറഞ്ഞതിന്റെ കലിപ്പാ അത്…ദേ ആ മുഖം നോക്കിയേ…

ത്രേയ അതും പറഞ്ഞ് ചിരി കടിച്ചു പിടിച്ചു നിന്നു… അതുകേട്ട് കാരണം ഒന്നും അറിഞ്ഞില്ലെങ്കിലും അഗ്നീടെ മുഖത്തും ഒരു ചിരി പൊട്ടി…

കാറില് എന്താടീ ഉണ്ടായേ…??? explain ഡീ.. explain…

ശന്തനു അടക്കം പറഞ്ഞു കൊണ്ട് ഒരു സമാധാനവുമില്ലാതെ ത്രേയേ ഞോണ്ടിതുടങ്ങി…. അവന്റെ ആ ചോദ്യത്തിന് അഗ്നിയും ശരിവെച്ചു മൂളി…

ദേ…അച്ചൂട്ടനോട് ചോദിക്ക് അവൻ പറയും… ഞാൻ ആ വേദ്യതമ്പുരാട്ടീടെ expression ഒന്ന് ആസ്വദിക്കട്ടേ…

ത്രേയ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ രാവണിന്റേയും വേദ്യയുടേയും ചെയ്തികൾ നോക്കി നിന്നു…രാവൺ വേദ്യയെ ചേർത്ത് നിർത്തിയിരിക്കുന്നത് കണക്കിന് ആസ്വദിച്ച് നിൽക്ക്വായിരുന്നു ഊർമ്മിള…എന്നാൽ അതൊട്ടും ദഹിക്കാതെ രാവണിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ത്രേയേം വലിച്ചു കൊണ്ട് വൈദേഹി റൂമിലേക്ക് നടന്നു…..

ത്രേയേടെ മുഖത്ത് നിറഞ്ഞ ചിരിയുടെ അർത്ഥം മനസ്സിലാവാതെ അവള് പോയ വഴിയേ ലുക്ക് വിട്ടു നിന്ന രാവണെ വേദ്യ ഒന്നുലച്ച് വിളിച്ചു….

ഹേമന്തേട്ടാ…ഇത് ഏത് ലോകത്താ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ…??

വേദ്യേടെ ആ സ്വരം കേട്ടതും അവളുടെ തോളിൽ അമർന്നിരുന്ന രാവണിന്റെ കൈകൾ അവൻ പിന്വലിച്ചെടുത്ത് വൈദീടെ റൂമിലേക്ക് നടക്കാൻ ഭാവിച്ചു…. പെട്ടെന്ന് പിന്നിൽ നിന്നും വേദ്യ വീണ്ടും അവന്റെ കൈയ്യിൽ പിടിമുറുക്കി…

ഹേമന്തേട്ടാ വരുമോ ഇല്ലയോ… പറഞ്ഞിട്ട് പോ…

ഒരു കൊഞ്ചലോടെ അവളങ്ങനെ പറഞ്ഞതും രാവൺ അവളുടെ കൈയ്യിനെ ബലമായി അവന്റെ കൈതണ്ടയിൽ നിന്നും അടർത്തി മാറ്റിയെടുത്തു…

നിനക്ക് shopping ന് പോകണമെങ്കിൽ അതായിക്കൂടെ…എന്തിനാ എന്നെ വിളിക്കുന്നേ… നിന്റെയൊക്കെ വാക്കിന് തുള്ളി നടക്കാനുള്ള പ്രായവുമല്ല സമയവുമല്ല ഇത്..അവൾടെ ഒരു shopping…

കലിപ്പിൽ അത്രയും പറഞ്ഞ് രാവൺ വൈദീടെ റൂം ലക്ഷ്യമാക്കി നടന്നു….വേദ്യയ്ക്കും ഊർമ്മിളയ്ക്കുമേറ്റ വലിയൊരു പ്രഹരമായിരുന്നു രാവണിന്റെ ആ പറച്ചിൽ….അതിൽ നാണക്കേടോടെ വിരലുഴിഞ്ഞ് നിന്ന വേദ്യയ്ക്കരികിലേക്ക് ത്രിമൂർത്തകൾ ഓരോരുത്തരായി അണിനിരന്നു….

ഹേമന്തേട്ടന്….. ഇപ്പോ…. നിന്റെ കൂടെ വരാൻ താൽപര്യം…. തീരെ ഇല്ല മോളേ…കാരണം ഹേമന്തേട്ടന്റെ ആ പഴയ ആൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു…ഇനി ഹേമന്തേട്ടന്റെ ചിന്തയും പ്രവർത്തിയും എല്ലാം ആ ആളിലേക്ക് മാത്രമായിരിക്കും… അതുകൊണ്ട് ഊർമ്മിളാന്റിയോട് പറ ഈ ക്ഷീണം തീർക്കാൻ ഒരു ഗ്ലാസ് ബൂസ്റ്റ് കലക്കിയെടുക്കാൻ….

അച്ചു അത്രയും പറഞ്ഞ് ഒന്ന് ചിരിച്ചിട്ട് അവന്റെ റൂമിലേക്ക് നടന്നതും പിറകേ കൂടിയ ബാക്കി രണ്ടു മുഖങ്ങളും ഒരു പുഞ്ചിരി കൊടുത്ത് വേദ്യയെ കടന്നു പോയി…. അതെല്ലാം കണ്ട് മുഷ്ടി ചുരുട്ടി സർവ്വത്ര കലിതുള്ളി നിൽക്ക്വായിരുന്നു വേദ്യ… _______________________________________

വൈദീടെ റൂമിന് മുന്നിലെത്തിയ രാവൺ ഡോറിൽ ഒന്ന് knock ചെയ്ത് അനുവാദം വാങ്ങി ആ റൂമിലേക്ക് കയറി….

ഹാ..രാവൺ..മോനേ…വാ…ഇരിയ്ക്ക്…

റൂമിലെ സോഫയിൽ അടുത്തടുത്തായി ഇരിക്ക്യായിരുന്നു വൈദിയും പ്രഭയും… വൈദിയുടെ പറച്ചില് കേട്ട് രാവൺ അവർക്ക് അഭിമുഖമായി ചെന്നിരുന്നു…

എന്താ വൈദിയങ്കിൾ…എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്…

ന്മ്മ…അത് വളരെ വളരെ സീരിയസായ ഒരു കാര്യമാണ്…മോനതിന് പെട്ടെന്നൊരു സമ്മതം മൂളാനുള്ള ചാൻസില്ല…കാരണം മോന് അത്രയും വെറുപ്പുള്ള ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്….

രാവണതു കേട്ട് സംശയത്തോടെ നെറ്റി ചുളിച്ച് വൈദിയെ ഒന്ന് നോക്കി…

ഞങ്ങളിന്ന് രാജാറാം ജീയെ കാണാൻ പോയിരുന്നു….വേറെ ഒന്നിനുമല്ല…മോന്റെയും വേദ്യമോളുടേയും വിവാഹത്തിന് മുഹൂർത്തം കുറിയ്ക്കാൻ തന്നെ….

വൈദീടെ വാക്കുകൾ കേട്ട് രാവണിന്റെ മനസ് ആകെ കലങ്ങി മറിയാൻ തുടങ്ങി… കലുഷിതമായ മനസ്സോടെ അവൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റു…

വിവാഹം…എന്താ ഇത്ര പെട്ടെന്ന്…

പെട്ടെന്നോ.. രണ്ടാൾക്കും വിവാഹം കഴിയ്ക്കേണ്ട പ്രായമൊക്കെ ആയി…. വൈദീടെയും പ്രഭയുടേയും മുഖത്തെ ചിരി കണ്ട് രാവണിന്റെ മുഖം മങ്ങി തുടങ്ങി…അവന്റെ മനസിലപ്പോ ആദ്യം തെളിഞ്ഞു വന്ന മുഖം ത്രേയയുടേതായിരുന്നു… തനിക്ക് മേൽ ഒരു വലിയ ചതി കരുതി വച്ചിരുന്ന ത്രേയയെ അവൻ ഓർത്തെടുക്കും തോറും മനസ് പല ചിന്തകളുടേയും വേലിയേറ്റത്തിൽ ഉഴലുകയായിരുന്നു…മുഖത്തൊരു പുഞ്ചിരിയുടെ ശേഷിപ്പുമായി വൈദി ബാക്കി കാര്യങ്ങൾ കൂടി പറഞ്ഞു തുടങ്ങി….

രാജാറാം ജീയെ കണ്ട് നിങ്ങളുടെ ജാതകപ്പൊരുത്തം ഒന്ന് നോക്കി…പൊരുത്തങ്ങൾ ഉത്തമമാണ്… പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്…

വൈദി ആദ്യം പറഞ്ഞ കാര്യം കേട്ട് രാവണിന്റെ മുഖമൊന്ന് മങ്ങിയെങ്കിലും രണ്ടാമത്തെ വാർത്ത അവന്റെ മുഖത്തൊരു തിളക്കം വിരിയിച്ചു…

എന്താ വൈദിയങ്കിൾ…എന്താ problem…???

അത് പിന്നെ..പ്രശ്നം മോന്റെ ജാതകത്തിലാണ്… എന്നു വെച്ചാൽ…മോൻ ആദ്യം വിവാഹം ചെയ്യുന്ന പെൺകുട്ടി ജാതകവശാൽ മരണമടയും എന്നാണ് രാജാറാം ജീ പറഞ്ഞത്…മോന്റെ ജാതകത്തിൽ അങ്ങനെയൊരു ദോഷം കാണുന്നുണ്ട്… അതുകൊണ്ട് നമുക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ കണ്ടെത്തി വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ വളരെ ലളിതമായ ചടങ്ങുകളോടെ ഒരു വിവാഹം നടത്താനാണ് രാജാറാം ജീ നിർദ്ദേശമിട്ടത്…ജാതകദോഷം അവളിൽ അതേപടി ഫലിച്ച് ആ പെൺകുട്ടി മരണപ്പെട്ടാൽ വളരെ ആഘോഷമായി നമുക്ക് മോന്റെയും വേദ്യയുടേയും വിവാഹം നടത്താം….

വൈദീടെയും പ്രഭയുടേയും മുഖത്തെ പുഞ്ചിരി രാവണിന് തീരെ ദഹിച്ചില്ല…അവൻ ഇരുവർക്കും മുഖം നല്കാതെ തിരിഞ്ഞു നിന്നു…ആ അവസരം മുതലെടുത്ത് കൊണ്ട് വൈദി ചില കണക്കുകൂട്ടലുകളോടെ രാവണിന്റെ തോളിലേക്ക് കൈ ചേർത്തു…

മോനിതിന് എതിർപ്പ് പ്രകടിപ്പിക്കരുത്…കാരണം എന്നായാലും നിനക്കും എന്റെ മോൾക്കും ഒരു ജീവിതം വേണം…നീ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ല എന്നാണ് അവള് പറയുന്നത്.. അതിനി എത്ര വർഷങ്ങൾ കാത്തിരുന്നാലും അവൾ നിന്നെ മാത്രമേ മനസാൽ സ്വീകരിക്കൂ…അത് മോൻ മനസിലാക്കണം…

വൈദീടെ ആ പറച്ചില് കേട്ട് രാവൺ തിരിഞ്ഞയാളിലേക്ക് നോട്ടം പായിച്ചു…

അങ്കിൾ എന്തൊക്കെയാ ഈ പറയുന്നത്… നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ…ജാതകവും ചില അന്ധവിശ്വാസങ്ങളും… കുറേനാൾ മുമ്പ് പറഞ്ഞു എന്നിൽ ഏതോ ആത്മാവ് കുടിയിരിപ്പുണ്ടെന്ന്…ഇപ്പോൾ പറയുന്നു എന്റെ ജാതകം ദോഷം കാരണം ഞാൻ വിവാഹം ചെയ്യുന്ന പെൺകുട്ടി മരണമടയുംന്ന്…ഇനിയുമുണ്ടോ ഇതുപോലെയുള്ള വിശ്വാസങ്ങൾ….

മോനേ രാവൺ നീ ദേഷ്യപ്പെടാനല്ല വൈദി പറഞ്ഞത്…ഇത് സത്യമായ കാര്യമാ… മോന്റെ ജാതകത്തിൽ അങ്ങനെയൊരു ദോഷമുണ്ട്…അതിനെ മറികടക്കാൻ നീ ആദ്യം ഒരു വിവാഹം കഴിയ്ക്കണം….

എന്നിട്ട്…

പ്രഭേടെ ആ പറച്ചില് കേട്ട് രാവൺ അല്പം ഗൗരവത്തോടെ ചോദിച്ചു…അതിന് മറുപടി നല്കാനായി വൈദി രാവണിനെ അനുനയിപ്പിച്ച് ചേർത്ത് നിർത്തി…

മോനേ രാവൺ…നിനക്കറിയാല്ലോ…നിനക്ക് ദോഷം വരുന്ന ഒരുകാര്യവും ഈ വൈദിയങ്കിളിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലാന്ന്… അതുകൊണ്ട് ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്…മോനതിന് സമ്മതം മൂളിയാൽ മാത്രം മതി… ബാക്കി കാര്യങ്ങളെല്ലാം ഞാനേറ്റു…

അങ്കിളെന്താ ഉദ്ദേശിക്കുന്നത്… രാവൺ സംശയഭാവത്തോടെ വൈദിയ്ക്ക് നേരെ തിരിഞ്ഞു…

ഉദ്ദേശം വേറെയൊന്നുമല്ല…നാളെ കഴിഞ്ഞ് മറ്റന്നാൾ ഒരു മുഹൂർത്തമുണ്ട്… അന്നേദിവസം ഈ തറവാട്ട് മുറ്റത്ത് ചെറിയ ഒരുക്കങ്ങളോടെ ഒരു വിവാഹം… അതിന് വേണ്ടി മോനൊന്ന് നിന്നു തരണംന്ന് മാത്രം….

എന്തൊക്കെ stupidity ആണ് വൈദി അങ്കിൾ ഇത്…?? മറ്റന്നാൾ എന്റെ വിവാഹമോ… എല്ലാം നിങ്ങള് മുൻകൂട്ടി അങ്ങ് തീരുമാനിച്ചാൽ മതിയോ.. ഇതൊന്നും ഞാനറിയേണ്ടേ…അതോ ഇതൊന്നും അറിയാൻ ഞാൻ ബാധ്യസ്ഥനല്ലേ….

അങ്ങനെയല്ല മോനേ..മോനെല്ലാം അറിയണം… അതിന് വേണ്ടിയല്ലേ അങ്കിളിപ്പോ എല്ലാം മോനോട് പറഞ്ഞത്…

ആയിക്കോട്ടെ… അങ്കിൾ എല്ലാം എന്നോട് പറഞ്ഞു… പക്ഷേ ഇതെല്ലാം ഒരു simple matter ആണെന്നാണോ നിങ്ങളുടെ രണ്ടാളുടേയും വിചാരം…. അതുമാത്രമല്ല നിങ്ങള് പറയുന്ന ഈ വിശ്വാസങ്ങൾ ഒരുകാലത്ത് യാഥാർത്ഥ്യമാവുകയാണെങ്കിൽ അതിന് ബലി കൊടുക്കാൻ ഒരു പെൺകുട്ടി വേണ്ടേ… ഇക്കാലത്ത് അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ ധൈര്യപ്പെടുന്ന ആരെങ്കിലും ഈ ലോകത്ത് ഉണ്ടാകുമോ….അതോ അതിനു വേണ്ടിയുള്ള പെണ്ണിനേം നിങ്ങള് കണ്ടു വച്ചിട്ടുണ്ടോ….??

രാവൺ അല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി…

ഉണ്ടല്ലോ…ആ ആളെയും ഞങ്ങള് കണ്ടു വച്ചിട്ടുണ്ട്.. വൈദി അത്രയും പറഞ്ഞൊന്ന് പുഞ്ചിരിച്ചു…ആ പുഞ്ചിരി രാവണിന്റെ മുഖത്ത് ഞൊടിയിട നേരം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ നിറച്ചു…

ആളിനെ കണ്ടു വച്ചെന്നോ…??ആരെ… അതിന് തയ്യാറായ പെൺകുട്ടി ആരാ…???

രാവണിന്റെ ആ ചോദ്യം വൈദി രാവണിൽ നിന്നും ഒരടി മുന്നോട്ട് നടന്നു….

ആളെ നിനക്ക് നന്നായി അറിയാം…നിന്റെയുള്ളിൽ നുരഞ്ഞു പൊന്തി വരുന്ന ദേഷ്യത്തെയും പകയേയും ഈ ഒരൊറ്റ വിവാഹത്തിലൂടെ ഇല്ലാതാക്കാൻ പറ്റും രാവൺ.. അതിന് വളരെ യോഗ്യയായ ഒരു പെൺകുട്ടിയെ തന്നെയാണ് ഞങ്ങള് ഇരുവരും ചേർന്ന് നിനക്ക് വേണ്ടി കണ്ടെത്തിയിരിക്കുന്നത്….. ഒരുപക്ഷേ അവളുടെ മരണം ചിലപ്പോൾ നിന്റെ മനസിലെ കനലണച്ചേക്കാം…

അങ്കിൾ പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് ശരിയ്ക്കും മനസിലാകുന്നില്ല….

കൂടുതലായി മനസിലാക്കാൻ ഒന്നുമില്ല മോനേ… മറ്റന്നാൾ നടക്കുന്ന വിവാഹത്തിൽ വരൻ നീയും വധു വേണുവിന്റെ മകൾ ത്രേയമ്പക എന്ന ത്രേയയും….

No……

വൈദി പറഞ്ഞ വാക്കുകൾ മുഴുവനാക്കും മുമ്പേ രാവണിന്റെ ശബ്ദം അവിടമാകെ മുഴുങ്ങി കേട്ടു…അവന്റെ കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി വരിഞ്ഞു മുറുകി…. ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു നിന്ന രാവണിന്റെ മാറ്റം കണ്ട് വൈദിയും പ്രഭയും ഒരുപോലെ ഞെട്ടി നിന്നു…

മോനേ രാവൺ… എനിക്കറിയാം നിനക്ക് ഇതൊരിക്കലും ഉൾക്കൊള്ളാൻ കഴിയില്ലെന്ന്…കാരണം നീ അത്രത്തോളം അവളെ വെറുക്കുന്നുണ്ട്…അതെനിക്കറിയാം… പക്ഷേ ഇതിന് മോൻ സമ്മതിക്കണം.. കൂടിപ്പോയാൽ ആറു മാസം അത്രയും നാൾ വരെ മാത്രം മോനവളെ സഹിച്ചാൽ മതി അതിനുള്ളിൽ അവൾ മരണമടയും….അപകടമരണമോ,ആത്മഹത്യയോ അങ്ങനെ എന്തുവേണമെങ്കിലും…..

Just stop it…മതി…

വൈദിയുടെ സംസാരം പൂർത്തിയാക്കാൻ ഇടകൊടുക്കാതെ രാവണിന്റെ അലർച്ച അവിടമാകെ അലയടിച്ചു…വൈദി പറഞ്ഞ എല്ലാ കാര്യങ്ങളും ദേഷ്യത്തിലുപരി ഒരുൾപ്പിടപ്പോടെയാണ് അവൻ കേട്ടു നിന്നത്….

..അവന്റെ ഹൃദയതാളത്തിന്റെ വേഗത കൂടുന്നത് ഒരുതരം പരിഭ്രാന്തിയോടെ അവനറിഞ്ഞു…വൈദിയ്ക്കും പ്രഭയ്ക്കും മുഖം കൊടുക്കാതെ രാവൺ മുഖം തിരിച്ചു നിന്നു…ആ നില്പിലും അവന്റെ മുഖം ദേഷ്യത്തിൽ കത്തിയെരിയുകയായിരുന്നു…

മോനേ രാവൺ… നിന്റെയുള്ളിലെ കോപത്തിന്റെ അഗ്നി എത്രമാത്രം ആണെന്ന് ഞങ്ങൾക്കറിയാം.. അതിന് ഇനിയെങ്കിലും ഒരു ശമനം വേണ്ടേ…

വൈദീടെ ആ പറച്ചില് കേട്ട് രാവൺ ദേഷ്യത്തിൽ തലതിരിച്ചു…

എനിക്ക് അവളോടുള്ള ദേഷ്യം തീർക്കാനുള്ള മാർഗ്ഗമാണോ അവൾടെ മരണം… ഇതൊരിക്കലും നടക്കാൻ പോകുന്നില്ല…ആരും ഇതിന്റെ പേരിൽ എന്നെ നിർബന്ധിക്കാനും വരണ്ട..

രാവൺ അത്രയും പറഞ്ഞ് റൂം വിട്ടിറങ്ങാൻ ഭാവിച്ചതും പ്രഭ കരുത്തോടെ അവന്റെ കരങ്ങളിൽ പിടിമുറുക്കി അവനെ അവിടെ തന്നെ തടഞ്ഞു വച്ചു…

രാവൺ….നീ എന്തിന് വേണ്ടിയാ ഈ ദേഷ്യപ്പെടുന്നേ… ആർക്കുവേണ്ടി…അവൾക്കോ… ഇനിയും മതിയായില്ലേ നിനക്ക്….അതോ പണ്ടത്തെ അനുഭവങ്ങളെല്ലാം എന്റെ മോൻ മറന്നു തുടങ്ങിയോ…???

രാവണിനെ തനിക്ക് നേരെ തിരിച്ചു നിർത്തി പ്രഭയങ്ങനെ പറഞ്ഞതും രാവണിന്റെ ദേഷ്യത്തിന് നേരിയ തോതിൽ ഒരു കുറവ് വന്നു…അവനയാളെ ദയനീയമായി ഒന്ന് നോക്കി…

എനിക്ക് പറ്റില്ല അച്ഛാ…അവള് എന്നിൽ ഏൽപ്പിച്ച ദുഃഖങ്ങൾ വളരെ വലുതാണ്… ഞാൻ സമ്മതിക്കുന്നു…. പക്ഷേ എന്തിന്റെ പേരിലായാലും ശത്രുവിന്റെ പോലും മരണം ഞാൻ ആഗ്രഹിക്കുന്നില്ല…മരണം ഒന്നിന്റേയും ശാശ്വത പരിഹാരമല്ല എന്ന് വിശ്വസിക്കുന്നയാളാ ഞാൻ.. അതുകൊണ്ട് നിങ്ങളീ പറയുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളാനോ നടപ്പിലാക്കാനോ എനിക്കാവില്ല…

അതെന്താ രാവൺ…. വർഷങ്ങൾക്കു ശേഷം ത്രേയയെ കണ്ടപ്പോ നിനക്ക് മനംമാറ്റം ഉണ്ടായോ… ഇക്കണക്കിന് പോയാൽ ഇനി നാളെ നീ എന്റെ മോളെ വേണ്ടാന്ന് പറയുമല്ലോ….

വൈദിയങ്കിൾ നിങ്ങള് രണ്ടാളും എഴുതാപ്പുറം വായിക്ക്വാണ്……ത്രേയ എന്നെ സംബന്ധിച്ച് ഒരടഞ്ഞ അധ്യായമാണ്…അതിനെ ഇനി ഒരിക്കലും തുറന്നു വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല… ഒരിക്കൽ കൂടി അവളെ മനസിലേറ്റാൻ എനിക്ക് ഒരിക്കലും കഴിയില്ല…അത് നിങ്ങൾക്ക് രണ്ടാൾക്കും അറിയാം… പിന്നെ ഇങ്ങനെയൊരു ചോദ്യത്തിന്റെ പ്രസക്തി എന്താ….

ഞാൻ പറഞ്ഞല്ലോ രാവൺ.. എനിക്ക് എന്റെ മകളുടെ കണ്ണീര് കാണാൻ കഴിയില്ല…നീയുമായി ഒരു ജീവിതം കാത്തിരിക്കുന്ന അവൾക് മുന്നിൽ മറ്റൊരാളെ കൊണ്ട് നിർത്തിയാൽ അവളൊരിക്കലും അയാളെ അംഗീകാരിക്കില്ല….

ഓക്കെ…അവളംഗീകരിച്ചില്ലെങ്കിൽ ഞാനവളെ തന്നെ വിവാഹം കഴിയ്ക്കാം വൈദിയങ്കിൾ…അവളെന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ പറയുന്ന അന്ധവിശ്വാസങ്ങളെ തള്ളി കളഞ്ഞിട്ട് അവള് വരട്ടേ…..

രാവണിന്റെ സ്വരത്തിൽ തെളിഞ്ഞു വന്ന വ്യത്യാസം കേട്ട് വൈദി പ്രഭയെ ഒന്ന് തുറിച്ചു നോക്കി…..അത് കാണേണ്ട താമസം മനസിലെന്തൊക്കെയോ കണക്ക് കൂട്ടി പ്രഭ രാവണിനടുത്തേക്ക് നടന്നു ചെന്നു…

രാവൺ….നീ ആരോട് എന്താ പറയുന്നതെന്ന ബോധമുണ്ടോ…???അവൾ…ആ ത്രേയ കാരണം തകർച്ചയിലേക്ക് കൂപ്പ് കുത്തിയ നിന്നെ ഇന്നീ കാണുന്ന രാവണാക്കി മാറ്റിയത് വൈദിയാ…അത് മറക്കരുത് നീ….

പ്രഭയുടെ ദേഷ്യം കലർന്ന വാക്കുകൾ കേട്ട് വൈദി അയാളുടെ സംസാരത്തെ തടഞ്ഞു…വൈദിയുടെ തലച്ചോറിൽ തെളിഞ്ഞു വന്ന ചതിപ്രയോഗങ്ങൾ രാവണിലേക്ക് പയറ്റാൻ തന്നെ അയാൾ തീരുമാനിച്ചു….

മോനേ രാവൺ…നിനക്കിപ്പോ കാര്യമായ നഷ്ടങ്ങൾ ഒന്നും തന്നെയില്ല…. നിന്റെ പേരിൽ ചുമത്തപ്പെട്ട കൊലക്കുറ്റം എന്നെന്നേക്കുമായി ഇല്ലാതെയായി, സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കാൻ പാകത്തിനൊരു ജോലിയായി,പൂവള്ളി തറവാടിന്റെ പ്രൗഢിയായി… അപ്പോഴും നഷ്ടങ്ങളെല്ലാം എനിക്ക് മാത്രം…എന്റെ നിത്യ മോള്….

വൈദി അത്രയും പറഞ്ഞ് ഒന്ന് വിതുമ്പി കരഞ്ഞു…കണ്ണിൽ നിന്നും പൊഴിഞ്ഞുവീണ കണ്ണീരൊപ്പി അയാൾ വീണ്ടും രാവണിനരികിലേക്ക് ചെന്നു നിന്നു….

എന്റെ നിത്യമോള് എന്നെ വിട്ട് പോയപ്പോ ത്രേയ ആയിരം തവണ പറഞ്ഞില്ലേ അത് ചെയ്തത് നീയാണെന്ന്… എന്നിട്ട് പോലും ഞാൻ നിന്നെ വിശ്വസിച്ചു കൊണ്ട് നിനക്കൊപ്പമാ നിന്നത്….എന്തിന് വേണ്ടി… എനിക്ക് അന്നേ തള്ളിക്കളയാമായിരുന്നില്ലേ നിന്നെ….തെറ്റുകാരനായി ജയിലിലടയ്ക്കാമായിരുന്നില്ലേ…. പക്ഷേ ഞാനത് ചെയ്തില്ല..കാരണം മറ്റാരേക്കാളും എനിക്ക് നിന്നിൽ പൂർണ വിശ്വാസമുണ്ടായിരുന്നു…എന്റെ മോൾക്ക് നീയായി ഒരിക്കലും അങ്ങനെയൊരു ദുർവിധി നല്കില്ല എന്നെനിക്കുറപ്പായിരുന്നു….ആ എന്നെ നിനക്ക് ഒരു തവണയെങ്കിലും ഒന്ന് മനസിലാക്കി കൂടെ മോനേ….ഒരച്ഛന്റെ അപേക്ഷയായി കണ്ടൂടെ നിനക്കിതിനെ…

വൈദി അത്രയും പറഞ്ഞ് രാവണിന്റെ ഇരു കൈകളും ചേർത്ത് പിടിച്ചു….കണ്ണീര് തളം കെട്ടി നിന്ന കണ്ണുകളോടെ വൈദി അവന് മുന്നിൽ യാചിക്കുകയായിരുന്നു….വൈദിയുടെ വാക്കുകൾ കേട്ടെങ്കിലും അറിഞ്ഞു കൊണ്ട് ത്രേയയെ ഒരപകടത്തിലേക്ക് തള്ളി വിടാൻ അവന്റെ മനസ് മടിച്ചു….

വൈദിയങ്കിൾ എനിക്ക് വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്നെനിക്ക് കൃത്യമായി അറിയാം.. അതൊന്നും മനസിലാക്കാതെ പറയുകയല്ല…ത്രേയ എന്റെ ശത്രുവാകാം… പക്ഷേ അവള് ഈ തറവാട്ടിലെ ഒരംഗമാണ്…വേണുമാമേടെ മോളാണ്.. അതെല്ലാം മറന്നു കൊണ്ട് അവൾടെ മരണത്തിന് കൂട്ട് നിൽക്ക്വാന്ന് വച്ചാൽ… എന്നോട് ക്ഷമിക്കണം വൈദിയങ്കിൾ എനിക്കതിന് കഴിയില്ല…

രാവൺ അത്രയും പറഞ്ഞ് വൈദീടെ കൈ തന്റെ കൈയെയിൽ നിന്നും അടർത്തി മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങി….

രാവൺ….നീയൊന്ന് നിന്നേ…!!!

പ്രഭേടെ ഗൗരവമേറിയ ശബ്ദം കേട്ട് രാവൺ നടത്തം നിർത്തി തിരിഞ്ഞു പോലും നോക്കാതെ അതേപടി അവിടെ തന്നെ നിന്നു….

നീ മാത്രം തീരുമാനിക്കേണ്ട കാര്യമല്ല ഇതൊന്നും….നിന്റെ അച്ഛനായ എനിക്കും ഇതിൽ അഭിപ്രായം പറയാനും തീരുമാനമെടുക്കാനുമുള്ള അധികാരമുണ്ട്…. ഞാൻ വൈദിയ്ക്ക് വാക്ക് കൊടുത്തതാണ്… അതുകൊണ്ട് നിനക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല…. മറ്റന്നാൾ ഈ മുറ്റത്ത് വച്ച് നിന്റെ വിവാഹം നടക്കും…ത്രേയയുമൊപ്പം… തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ അവൾടെ കഴുത്തിൽ താലി കെട്ടും…

പ്രഭേടെ വാക്കുകൾ കേട്ട് രാവൺ ഒരുതരം ഞെട്ടലോടെ അയാൾക്ക് നേരെ തിരിഞ്ഞു…

അച്ഛനിതെന്തൊക്കെയാ ഈ പറയുന്നേ…അച്ഛനെല്ലാം തീരുമാനിച്ച് വാക്കുറപ്പിച്ചെന്നോ…ആരോട് ചോദിച്ചിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്…എന്റെ വിവാഹക്കാര്യം തീരുമാനിയ്ക്കുമ്പോ at least അതെന്നെ അറിയിക്കേണ്ട ഒരു മര്യാദയെങ്കിലും വേണ്ടേ….

രാവണിന്റെ വാക്കുകൾ കേട്ട് പ്രഭയൊന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ ചേർത്തുപിടിച്ചു…

എന്റെ മോൻ അച്ഛനെ മര്യാദയും മര്യാദകേടുമൊന്നും പഠിപ്പിക്കേണ്ട…നിന്നേപ്പോലെ വളർത്തിക്കൊണ്ടു വന്നതാ ഞാൻ നിന്റെ ചേട്ടൻ ഹരിയേയും… എന്റെ നിർദേശ പ്രകാരം തന്നെയാ അവൻ പ്രിയയെ വിവാഹം ചെയ്തത്…അന്ന് അവന്റെ ഭാഗത്ത് നിന്നും എതിർപ്പിന്റെ ഒരു സ്വരം എനിക്ക് മുന്നിൽ മുഴങ്ങിയിട്ടില്ല…അതുപോലെ മതി നീയും…. അച്ഛൻ ഇക്കാര്യം അങ്ങുറപ്പിക്ക്വാ…ഇപ്പോ എന്റെ മോൻ താൽപര്യമില്ലാതെ ത്രേയയുടെ കഴുത്തിൽ ഒരു താലി കെട്ടുന്നു…അവളുടെ മരണശേഷം നിനക്ക് മനസിന് ഇണങ്ങിയ വേദ്യയുമായുള്ള വിവാഹം…

ഇത് നടക്കാൻ പോകുന്നില്ലച്ഛാ..അച്ഛനെന്ത് പറഞ്ഞാലും എനിക്ക് പറ്റില്ല… ഞാൻ മൂലം ഈ കുടുംബത്തിൽ ഒരു മരണം…..അതുണ്ടാവാൻ ഞാനനുവദിക്കില്ല…

നീ എന്താ രാവൺ ഈ പറയുന്നത്…നീ മൂലം അവൾക്ക് മരണം സംഭവിക്കാൻ അനുവദിക്കില്ലെന്നോ… ഇപ്പോഴും നിന്റെ മനസിൽ അവളോടുള്ള ഇഷ്ടമാണോ…. ആണെങ്കിൽ അത് വേണ്ട….ഇനിയും ആ വഴിയ്ക്കുള്ള യാത്ര വേണ്ട രാവൺ…

ഞാൻ പറഞ്ഞല്ലോ അച്ഛാ…ഞാനവളെ ഇഷ്ടപ്പെടുന്നില്ല..ഇനി ഇഷ്ടപ്പെടാനും കഴിയില്ല… അവളെക്കുറിച്ചോർക്കുമ്പോൾ വെറുപ്പും അറപ്പും മാത്രമാണ് എനിക്ക്…. പക്ഷേ അതിന്റെയൊക്കെ പേരിൽ അവളെ മരണത്തിലേക്ക് തള്ളി വിടുകാന്ന് വച്ചാൽ…. അതെനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയില്ല….

രാവണങ്ങനെ പറഞ്ഞതും വൈദി പുതിയ പദ്ധതികൾ മനസിൽ കരുതി അവനടുത്തേക്ക് നടന്നു ചെന്നു….

മോനേ രാവൺ… നിന്റെ മനസ് എനിക്കിപ്പോൾ വ്യക്തമാണ്…കാരണം ആരുടേയും തകർച്ച ആഗ്രഹിക്കുന്ന ഒരു മനസല്ല നിന്റേത്… എനിക്ക് അതിൽ അഭിമാനം മാത്രമേയുള്ളൂ… പക്ഷേ ഇനിയും അവളോട് അനുകമ്പ പുലർത്തിയിട്ട് കാര്യമില്ല മോനേ… സമൂഹത്തിന് മുന്നിൽ തെറ്റുകാരനായി മുദ്രകുത്തപ്പെട്ട ആ ഭൂതകാലം നീ ഒന്ന് ചിന്തിച്ചു നോക്കിക്കേ…. എല്ലാവർക്കും മുന്നിൽ അപമാനിതനായി തലകുനിച്ച് നിൽക്കേണ്ടി വന്ന ആ കറുത്ത ദിനങ്ങൾ നീ മറന്നു തുടങ്ങിയോ… അതിനെല്ലാം കാരണക്കാരിയായവളാണ് ത്രേയ… അവളുടെ സർവ്വനാശം നിന്നിലൂടെ തന്നെ ഉണ്ടാവണം…അത് ദൈവം നിശ്ചയമാണ് മോനേ… അതിന്റെ അടയാളങ്ങളാണ് ഇതെല്ലാം… അതിന് നീയായിട്ട് എതിര് പറയരുത്…

അങ്കിൾ നിങ്ങൾ പറയുന്നതൊക്കെ….

വൈദിയ്ക്ക് മുന്നിൽ ഒരുതവണ കൂടി തന്റെ അഭിപ്രായം വ്യക്തമാക്കാൻ തുനിഞ്ഞ രാവണിന്റെ സംസാരം വൈദി തടഞ്ഞു വച്ചു…

വേണ്ട മോനേ…ഇനി നീ ഒരെതിർപ്പും പറയണ്ട… ഞങ്ങൾ തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കും.. തീരുമാനിച്ച മുഹൂർത്തത്തിൽ തന്നെ നീ ത്രേയയുടെ കഴുത്തിൽ താലി കെട്ടും രാവൺ… പക്ഷേ സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ പാടില്ല എന്നു മാത്രം…. അതുണ്ടാവില്ല എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം… എങ്കിലും പറഞ്ഞൂന്നേയുള്ളൂ…..

നിങ്ങളെന്തൊക്കെയാ അങ്കിൾ ഈ പറയുന്നത്…ഇത് നടക്കാൻ പാടില്ല… ഒരിക്കലും… രാവണത്രയും പറഞ്ഞ് വൈദിയെ വിട്ടകന്നു നടക്കാൻ ഭാവിച്ചു…

രാവൺ..നീ എതിർപ്പ് പ്രകടിപ്പിക്കുന്ന ഇക്കാര്യത്തിന് ത്രേയ സമ്മതം പറഞ്ഞാലോ…

വൈദീടെ ആ പറച്ചില് കേട്ട് രാവൺ നടത്തം നിർത്തി അയാളെയൊന്ന് തിരിഞ്ഞു നോക്കി.. സംശയഭാവത്തിൽ അവന്റെ നെറ്റി ചുളിഞ്ഞതു കണ്ട് വൈദി ഒരു പുഞ്ചിരിയോടെ അവനടുത്തേക്ക് നടന്നു ചെന്നു….

എന്താ രാവൺ…ത്രേയ ഇക്കാര്യത്തിന് സമ്മതം മൂളിയാൽ നിന്റെ ഇപ്പോഴുള്ള ഈ പ്രോബ്ലം തീരുമോ…

നിങ്ങളിതൊക്കെ അവളെ അറിയിച്ചോ….???

അറിയിച്ചില്ല.. പക്ഷേ അവളെ അറിയിക്കാൻ ഒരാളെ ചുമതലപ്പെടുത്തി…മറ്റാരെയുമല്ല നിന്റെ അമ്മയെത്തന്നെ.. അവൾടെ ആയമ്മ എല്ലാ കാര്യങ്ങളും ഇപ്പോൾ അവളെ അറിയിച്ചിട്ടുണ്ടാവും… ഓ….സോറി ഒരു ചെറിയ correction ഉണ്ട്….എല്ലാകാര്യവും അല്ല..നീയുമായി വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന പെൺകുട്ടി അതവളാണെന്ന കാര്യം…. കാരണം നിന്റമ്മയ്ക്കും അതിൽ കൂടുതലായി ഒന്നും അറിയില്ലല്ലോ…

വൈദി അതും പറഞ്ഞൊന്ന് ചിരിച്ചതും പ്രഭേടെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…രാവണിന് അതെല്ലാം കേട്ടപ്പോ സങ്കടത്തേക്കാളുപരി ദേഷ്യമാണ് തോന്നിയത്….. അവർക്കു മുന്നിൽ വീണ്ടും തന്റെ അഭിപ്രായങ്ങൾ പറഞ്ഞ് മുഷിയാതെ അവനാ റൂം വിട്ട് പുറത്തേക്ക് നടന്നു…..

രാവണിന്റെ ആ പോക്ക് കണ്ട് പ്രഭയുടെ മുഖത്ത് ഒരു പരിഭ്രമം നിഴലിച്ചെങ്കിലും വൈദിയുടെ മുഖത്ത് തെളിഞ്ഞു നിന്ന ആത്മവിശ്വാസവും പുഞ്ചിരിയും കണ്ട് പ്രഭയും അതിൽ നിന്നും ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു…. ________________________________________ ഈ സമയം വൈദേഹിയുടെ റൂമിൽ ത്രേയയോട് വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഇരിക്ക്യായിരുന്നു വൈദേഹി… വർഷങ്ങൾക്കു ശേഷം ത്രയയെ അടുത്ത് കിട്ടിയ സന്തോഷമായിരുന്നു അവരുടെ മുഖത്ത്…. പണ്ടത്തെപ്പോലെ അവളെ തനിക്ക് മുന്നിലേക്കിരുത്തി അവളുടെ മുടിയിഴകളെ വിടർത്തിയിടുന്ന തിരക്കിലായിരുന്നു അവർ…അതിനിടയിൽ ത്രേയ വാതോരാതെ വിശേഷങ്ങൾ പറഞ്ഞിരിക്ക്യായിരുന്നു….

ആയമ്മേ ഞാൻ ഇവിടുന്ന് പോയതിന് ശേഷം ആയമ്മയ്ക്ക് ശരിയ്ക്കും എന്നെ മിസ് ചെയ്തിരുന്നോ…. സത്യം മാത്രമേ പറയാവൂ…

ത്രേയ ഒരു കുസൃതി ചിരിയുടെ ചോദിച്ചതു കേട്ട് വൈദേഹി ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി പരിഭവത്തോടെ അവളെയൊന്ന് നോക്കി…

ആയമ്മ എന്റെ മോളോട് എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ…

വൈദേഹീടെ ആ ചോദ്യം കേട്ടതും ത്രേയ അവർക്ക് നേരെ മുഖം തിരിച്ച് ഒരു കൊഞ്ചലോടെ അവരുടെ കവിളിനെ പിച്ചിയെടുത്തു…

അച്ചൊടാ…എന്റായമ്മയ്ക്ക് സങ്കടായോ..ഇനി ഞാനങ്ങനെ ചോദിക്കില്ലാട്ടോ…എനിക്കറിയാം എന്റായമ്മയ്ക്ക് എന്നെ ഒരുപാട് മിസ് ചെയ്തിട്ടുണ്ടെന്ന്… എങ്കിലും വെറുതെ ഒന്നറിഞ്ഞിരിക്കാൻ ചോദിച്ചതല്ലേ….

ന്മ്മ… അതൊക്കെ പോട്ടെ…എന്റെ മോൾക്ക് സുഖായിരുന്നോ അവിടെ…. ഇടയ്ക്കിടെയുള്ള ഫോൺ വിളി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ….

ത്രേയ അതുകേട്ട് അവരുടെ കൈ പതിയെ ചുണ്ടോട് ചേർത്ത് ഒന്ന് മുത്തി മെല്ലെ അവരുടെ മടിയിലേക്ക് ചാഞ്ഞു കിടന്നു….

ഒരുപാട് വർഷങ്ങൾക്കു ശേഷം എന്നെയിങ്ങനെ മോളേന്ന് വിളിച്ച് ഒരന്വേഷണം കേൾക്കുന്നത് ഇതാദ്യായിട്ടാ ആയമ്മേ….മനസ് നിറഞ്ഞു എന്റെ… അവളത് പറയുമ്പോ കൺകോണിനെ നനച്ചുകൊണ്ട് ഒരു തുള്ളി കണ്ണീര് അടർന്നു വീണിരുന്നു… പക്ഷേ വൈദേഹി കാണാതെ സമർത്ഥമായി അവളതിനെ മറച്ചു പിടിച്ചു കിടന്നു…

എന്താ എന്റെ മോൾക്ക് പറ്റിയത്… എന്തിനായിരുന്നു അങ്ങനെയൊരു ഒളിച്ചോട്ടം…ഈ നാടിനേയും വീടിനേയും വീട്ടുകാരേം എല്ലാം ഉപേക്ഷിച്ച് വർഷങ്ങൾ നീണ്ട ഏകാന്ത വാസം… എന്തിനായിരുന്നു എല്ലാം….

വേണമായിരുന്നു ആയമ്മേ… ചെയ്തു പോയ തെറ്റിനൊരു പരിഹാരമെന്നോണം മനസിൽ ആദ്യമെത്തിയത് ഇങ്ങനെയൊരു നാടുവിടീൽ ആയിരുന്നു….രാവൺ ജയിലിൽ നിന്നിറങ്ങീട്ടും സത്യങ്ങളെല്ലാം അവനെ ബോധിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു..എന്നെ കേൾക്കാൻ ഒരിക്കലും അവൻ തയ്യാറായിരുന്നില്ല…. എന്റെ രാവൺ എന്നെ അകറ്റി നിർത്തുന്നതും,ദേഷ്യം കാട്ടുന്നതും സഹിക്കാൻ കഴിയില്ലായിരുന്നു ആയമ്മേ…. എങ്കിലും ഞാനിവിടെ പിടിച്ചു നിന്നത് അവനിവിടെ എനിക്കൊപ്പം ഉണ്ടല്ലോ എന്ന ധൈര്യത്തിലായിരുന്നു… പക്ഷേ രാവൺ കൂടി എന്നെ വിട്ടകന്നു പോയപ്പോ ആകെയൊരു ശൂന്യതയായി മനസ് മുഴുവൻ…. എല്ലാവരിൽ നിന്നും തീർത്തും ഒറ്റപ്പെട്ടതു പോലെയായി….അതാ ഞാൻ….

അപ്പോ ആയമ്മേ മറന്നോ എന്റെ കുട്ടി…

വൈദേഹി അവളുടെ നെറ്റിയിലൂടെ തലോടി അങ്ങനെ ചോദിച്ചതും ത്രേയ ആ കൈയ്യിനെ പൊതിഞ്ഞു പിടിച്ചു…

ആയമ്മേ മറക്കാനോ…ത്രേയ ഈ ജന്മം മറക്കില്ല എന്റായമ്മേ… എന്റെ സ്വന്തം അമ്മയെ നേരിട്ട് കാണാനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നില്ല… പക്ഷേ ആ കുറവ് നികത്തി എനിക്കൊരു വളർത്തമ്മേ തന്നു…അതാണ് എന്റായമ്മ… സത്യം പറഞ്ഞാൽ അമ്മ എന്ന വാക്കിന് എന്റെ മനസിലുള്ള മുഖം എന്റെ ഈ ചുന്ദരി ആയമ്മേടതാ….

ത്രേയ അതും പറഞ്ഞ് കിടന്ന കിടപ്പിൽ തന്നെ ഇരുകൈകളും കൊണ്ട് അവരുടെ ഇരുകവിളിനേയും മുറുകെ പിടിച്ചു…

ഡീ പെണ്ണേ…വിട്ടേ… എനിക്ക് വേദനിക്കുന്നൂ..ഔ…

വൈദേഹീടെ ആ പറച്ചില് കേട്ട് ഒന്ന് ചിരിയ്ക്ക്യ കൂടി ചെയ്തിട്ടാണ് ത്രേയ ആ കൈകൾ കവിളിൽ നിന്നും പിന്വലിച്ചത്…

ഹോ എന്റെ കവിള് പിച്ചിയെടുത്ത് കളഞ്ഞല്ലോ എന്റെ കുട്ടീ നീ….കല്യാണം തീരുമാനിച്ചു വച്ചിരിക്കുന്ന പെണ്ണാ…. ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാ വിചാരം….

വൈദേഹി പറഞ്ഞത് കേട്ടതും ത്രേയേടെ മുഖത്തെ ചിരിയൊന്ന് മങ്ങി…പെട്ടന്നവൾ അഗ്നി പറഞ്ഞ കാര്യങ്ങൾ ഒന്ന് മനസ്സിലോർത്തു…

എന്താ ആയമ്മ പറഞ്ഞത്…കല്യാണം തീരുമാനിച്ചൂന്നോ…ആരുടെ… ത്രേയേടെ ആ ചോദ്യം കേട്ട് വൈദേഹി അവളെ ഒന്ന് എഴുന്നേൽപ്പിച്ചിരുത്തി…

വേറെ ആരുടേയാ…എന്റെ ത്രേയമോൾടെ… ഇതിൽ ഏറ്റവും വലിയ കാര്യം എന്താണെന്ന് ചോദിച്ചാൽ ഞാൻ ഒരേ സമയം പെണ്ണിന്റെ അമ്മയും, അമ്മായിയമ്മയും ആകുന്ന ഒരു വിവാഹമാണ് ഇവിടെ നടക്കാൻ പോകുന്നത്….

കാര്യങ്ങൾ മുൻകൂട്ടി ത്രേയയ്ക്ക് വ്യക്തമായിരുന്നു എങ്കിലും അതിന് പിന്നിലെ നിഗൂഢ രഹസ്യങ്ങൾ അറിയാൻ അവൾക് ആകാംഷയായി….

ആര് പറഞ്ഞു ഇക്കാര്യം… അല്ലെങ്കിൽ തന്നെ രാവണിതിനൊക്കെ സമ്മതിക്ക്വോ…

അത് കേട്ട് വൈദേഹി ത്രേയയുടെ കൈയ്യിലേക്ക് ചുറ്റിപ്പിടിച്ചിരുന്നു…

സമ്മതിയ്ക്കും… ഇല്ലെങ്കിൽ സമ്മതിപ്പിക്കും പ്രഭയങ്കിൾ…അങ്ങനെയാ പ്രഭയേട്ടൻ എന്നോട് പറഞ്ഞത്…കാര്യം രാവണിനെതിരെ മോള് സാക്ഷി പറഞ്ഞതിന്റെ ദേഷ്യം പ്രഭയേട്ടന് അന്നൊക്കെ മോളോടുണ്ടായിരുന്നെങ്കിലും ഇപ്പോ അങ്ങനെയല്ല…രാവണിന്റെ പെണ്ണായി മോള് വരാനാ അങ്കിളിന്റേം ആഗ്രഹം…ജാതകച്ചേർച്ചയും തീയതിയും എല്ലാം കുറിച്ചിട്ടുണ്ട്…. വലിയ കാലതാമസം ഒന്നുമില്ലാട്ടോ… കൂടിപ്പോയാൽ മണിക്കൂറുകളുടെ കാത്തിരിപ്പേ ഉണ്ടാവൂ…

ത്രേയ അതുകേട്ട് സംശയഭാവത്തോടെ അവർക്ക് നേരെ തിരിഞ്ഞു…

മണിക്കൂറുകളോ… അതെന്താ അങ്ങനെ…??

അതങ്ങനെയാണല്ലോ… വിവാഹം മറ്റന്നാൾ നടത്താനാ തീരുമാനിച്ചിരിക്കണേ….വലിയ ഒരുക്കങ്ങൾ ഉണ്ടാവാതെ എന്റെ മോൻ രാവൺ ഈ നിൽക്കുന്ന ത്രേയ എന്ന എന്റെ കുറുമ്പുകാരി പെണ്ണിന്റെ കഴുത്തിൽ താലികെട്ടും….

വൈദേഹീടെ ആ പറച്ചില് കേട്ടതും ത്രേയേടെ ചുണ്ടിൽ നാണത്തിന്റെ ചിരി വിരിഞ്ഞു…അവളേറെ ആഗ്രഹിച്ച ആ മുഹൂർത്തം സഫലമാകാൻ പോകുന്നപോൽ ഉള്ളം നാദസ്വരമേളം കൊണ്ട് നിറഞ്ഞു….നിറപറയും നിലവിളക്കും കൺമുന്നിൽ തെളിഞ്ഞു വന്നതും അവളുടെ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി പടർന്നു തുടങ്ങി…. ഒരുനിമിഷം അവള് മറ്റേതോ ലോകത്ത് സ്വയം ചിറക് വിടർത്തി പറക്കുകയായിരുന്നു….

ത്രേയക്കുട്ടീ…ഏത് ലോകത്താ…???

വൈദേഹി ഒന്നുലച്ച് കൊണ്ട് അവളെ വിളിച്ചുണർത്തിയതും സ്വപ്നത്തിൽ നിന്നോണം അവൾ ഞെട്ടിയുണർന്നു….അപ്പോഴും ചുണ്ടുകളിൽ നിറഞ്ഞു നിന്ന പുഞ്ചിരിയ്ക്ക് ഒരു കുറവും വന്നിരുന്നില്ല…ആ ചിരിയോടെ തന്നെ അവൾ വൈദേഹിയിൽ നിന്നും അടർന്നു മാറി മുറി വിട്ട് പുറത്തേക്കോടി…. ഒരായിരം കിനാവുകളെ മനസിൽ താലോലിച്ചു കൊണ്ട് ഓടിയകന്ന അവളെ ഒരു പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു വൈദേഹി…. പൂവള്ളി തറവാടിന്റെ ഓരോ കോണിലും വീണ്ടും ത്രേയയുടെ പാദസരക്കിലുക്കങ്ങളും,കുപ്പിവളച്ചിരിയും പ്രതിധ്വനി സൃഷ്ടിച്ചു….മനസ് നിറഞ്ഞ സന്തോഷത്തോടെ വൈദിയുടെ മുറികടന്നു സഞ്ചരിച്ച അവൾ മുറിയ്ക്കുള്ളിലെ സംസാരങ്ങൾ കേട്ട് അവിടെയൊന്ന് slow ചെയ്തു…

ഇരുവരുടേയും വായിൽ നിന്നും അവളുടേയും രാവണിന്റേയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….ചെവി കൂർപ്പിച്ചു കൊണ്ട് അവളതിന് കാര്യമായ ശ്രദ്ധ കൊടുത്തതും പതിയെ പതിയെ ആ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിയാൻ തുടങ്ങി…വൈദിയും പ്രഭയും ചേർന്നൊരുക്കിയ കല്യാണ നാടകത്തിൽ ഒരു ബലിമൃഗത്തിന്റെ റോളാണ് താൻ നിർവ്വഹിക്കേണ്ടതെന്ന സത്യം അവളൊരു തരം ഞെട്ടലോടെ തിരിച്ചറിഞ്ഞു….പൂവള്ളി തറവാട്ടിൽ നിന്നും വർഷങ്ങളായി താനേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ചതിപ്രയോഗങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നില്ല അതും എന്നോർത്ത് അവൾ പരിഹാസച്ചുവയോടെ ഒന്ന് പുഞ്ചിരിച്ചു… എല്ലാറ്റിനും അവസാനം കുറിയ്ക്കാൻ ഒരുപക്ഷേ ഈ അവസാന നാടകത്തിന് കഴിയുമെങ്കിൽ അതിനെ മനസാൽ സ്വീകരിക്കാം എന്ന് തന്നെ അവൾ മനസിൽ അടിവരയിട്ടുറപ്പിച്ചു…

ചതിപ്രയോഗങ്ങളുടെ പൂർണ രൂപം മനസിലാക്കി റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു….പൂവള്ളി ഒന്നാകെ തന്റെ മരണം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം അവളിൽ ബലപ്പെട്ടു… അവളുടെ പ്രീയപ്പെട്ടവരുടെ ഓരോരുത്തരുടേയും മുഖങ്ങൾ ഞൊടിയിട നേരത്തിനുള്ളിൽ അവളോർത്തെടുത്തു….ഏറ്റവും ഒടുവിൽ മനസിൽ പതിഞ്ഞു കിടന്ന വേണുവിന്റെ മുഖം ഓർക്കും തോറും അവളുടെയുള്ളിലെ സങ്കടങ്ങൾക്ക് അയവ് വന്നു തുടങ്ങി…കാരണം ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾക്ക് മുന്നിൽ പോലും പുഞ്ചിരിയോടെ പ്രതിരോധം തീർക്കണം എന്നായിരുന്നു അയാളവളെ പഠിപ്പിച്ചിരുന്നത്…കൺതടത്തിൽ തളം കെട്ടി നിന്ന കണ്ണീർ കണങ്ങളെ തുടച്ചെറിഞ്ഞ് ദൃഢമായ ചിന്തകളോടെ മനസിനെ പാകപ്പെടുത്തി അവൾ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി….

വർഷങ്ങൾക്കു ശേഷം അവൾ തന്റെ റൂമിനെ നേരിൽ കാണുകയായിരുന്നു…ആ സന്തോഷത്തിൽ തന്നെ അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു നിന്നു… പെട്ടെന്നാണ് വാതിലിൽ ഊക്കോടെ തട്ടിയിടിച്ചു കൊണ്ട് നിമ്മി അവിടേക്ക് വന്നു നിന്നത്…ആ ശബ്ദം കേട്ട് ത്രേയയുടെ നോട്ടം അവളിലേക്ക് പാഞ്ഞു…. ഊക്കോടെ വന്നു നിന്നത് കാരണം അവള് നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു….

എന്താടീ ഇത്…നീ എന്തിനാ ഇങ്ങനെ ഓടിവന്നത്…

ത്രേയ അവൾക്കരികിലേക്ക് നടന്നടുത്തു…

ഹത്… പിന്നെ ത്രേയേച്ചി… ഞാൻ… ഞാൻ ചേച്ചിയെ കാണാനായി ഓടി വന്നതാ…വേദ്യേച്ചി ആരെയോ ഫോൺ വിളിക്കാൻ ഉണ്ടെന്നു പറഞ്ഞ് ടെറസിലേക്ക് പോയി..ആ തക്കം നോക്കി ഓടി വന്നതാ…

നിമ്മീടെ വെപ്രാളവും കിതപ്പും കണ്ട് ത്രേയയ്ക്ക് ആകെ ചിരിവന്നു…അവളൊന്ന് ചിരിച്ചിട്ട് നിമ്മിയെ ചേർത്ത് പിടിച്ച് ബെഡിലേക്ക് കൊണ്ടിരുത്തി…

നീ ആദ്യം ഇവിടെ ഇരിക്ക്… എന്നിട്ട് പറയാം വിശേഷങ്ങളൊക്കെ… ന്മ്മ…

വിശേഷങ്ങൾ ഒരുപാടുണ്ട് ത്രേയേച്ചി… എല്ലാം പറഞ്ഞ് മുഴുവിക്കാനുള്ള സമയം കിട്ടില്ല…

അതെന്താടീ…???

വേദ്യേച്ചീടെ strict order ഉണ്ട്..

എന്തിന്…

ത്രേയേച്ചി വന്നാൽ no സംസാരം no കമ്പനി..ശത്രുരാജ്യമായി പ്രഖ്യാപിച്ചിരിക്ക്യാ…

ഹോ… നിന്റെ വേദ്യേച്ചിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലേ…

ത്രേയ അതും പറഞ്ഞൊന്ന് ചിരിച്ചിട്ട് ഒരു ചെയർ വലിച്ചിട്ട് നിമ്മിക്കരികിലേക്കിരുന്നു…

എങ്ങനെ മാറാനാ….ആ കുശുമ്പിനും പകയ്ക്കുമൊക്കെ എന്തെങ്കിലും കുറവ് വേണ്ടേ..അതില്ലാന്നേ…തനി രാക്ഷസിയാ…രാക്ഷസി…

ആഹാ..നല്ല ബെസ്റ്റ് അനിയത്തി…അനിയത്തിമാരായാൽ ഇങ്ങനെ വേണം…

ത്രേയ അതും പറഞ്ഞ് നിമ്മിയെ നോക്കിയൊന്ന് ചിരിച്ചു…

ഈ ബാഗുകൾ എവിടെയാ വയ്ക്കേണ്ടത്…!!!

പെട്ടന്നാണ് ത്രേയയുടെ ലഗ്ഗേജുകളെല്ലാം തൂക്കികൊണ്ട് കൺമണി റൂമിന് മുന്നിലേക്ക് വന്നു നിന്നത്….അവളെ കണ്ടതും നിമ്മിയിൽ നിന്നും നോട്ടം മാറ്റി ത്രേയ തിടുക്കപ്പെട്ട് അവൾക്കരികിലേക്ക് നടന്നു ചെന്നു….

അയ്യോ… ഇതൊക്കെ എന്തിനാ താനെടുത്തിട്ട് വന്നത്… ഞാൻ ചെയ്യാമായിരുന്നല്ലോ…

കൺമണിയുടെ കൈയ്യിൽ ഉണ്ടായിരുന്ന വലിയ രണ്ട് ബാഗുകൾ ത്രേയ തന്നെ വാങ്ങി റൂമിലേക്ക് നിരത്തി വെച്ചു….

അയ്യോ അതൊന്നും വേണ്ട മേഡം.. ഇതൊക്കെ എന്റെ ജോലീടെ ഭാഗമല്ലേ…

കൺമണീടെ സംസാരം കേട്ട് ത്രേയ അവളെ തന്നെ നോക്കി നിന്നു…

കുട്ടി ഇവിടെ പുതിയതാണോ.. വർഷങ്ങൾ ഒരുപാടായി ഞാനിവിടെ നിന്നും വിട്ടു നിന്നിട്ട് അതുകൊണ്ട് ഇവിടെയുള്ള ആരേം വലിയ പരിചയമൊന്നുമില്ല…

ത്രേയേടെ പറച്ചില് കേട്ട് കൺമണിയൊന്ന് പുഞ്ചിരിച്ചു…

മേഡത്തിന് എന്നെ അറിയാം…നമ്മള് പണ്ട് പരിചയക്കാരായിരുന്നു… ഞാൻ മായമ്മേടെ മോളാ…മിഴി…അല്ല കൺമണി….

കൺമണീടെ മുഖത്ത് വിരിഞ്ഞ ചിരിയും അവളുടെ ആ പറച്ചിലും കേട്ട് ആകെ അമ്പരന്നു നിൽക്ക്വായിരുന്നു ത്രേയ…ഒരു ഞെട്ടലോടെ വിടർന്ന കണ്ണുകളിൽ നിമിഷനേരം കൊണ്ട് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു…. ആ സന്തോഷത്തിൽ തന്നെ അവൾ കൺമണിയെ കെട്ടിപ്പിടിച്ചു….

കൺമണീ…നീ..

ത്രേയേടെ സന്തോഷം കൺമണിയിലും ആനന്ദം നിറച്ചു..അവളും ത്രേയയെ ചേർത്ത് പിടിച്ച് പുണർന്നു…. ദീർഘ നാളുകൾക്കു ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ഇരുവരും അടർന്നു മാറി നിന്നു…

കൺമണീ..നീ…നീ എങ്ങനെ ഇവിടെ…??

അതുകേട്ടതും കൺമണീടെ മുഖത്തെ ചിരി പതിയെ മങ്ങി തുടങ്ങി…

തുടരും

രചന: മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *