പണികൾ ഒതുക്കി ബെഡ്റൂമിലേക്ക് എത്തുമ്പോഴേക്കും അയാൾ ഉറങ്ങിയിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ലിയ ജോർജ്

കുട്ടിക്കുപ്പായം

കോളിങ് ബെൽ അടിച്ചു ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതായപ്പോ ദേഷ്യം വന്ന അരുൺ പോക്കറ്റിൽ നിന്നും ഫോണെടുത്തു വിദ്യയെ ഡയൽ ചെയ്തു രണ്ടാമത്തെ റിങ്ങിൽ ആണ് വിദ്യക്ക് അരുൺ എത്തിയെന്നു മനസിലായതും വാതിൽ തുറന്നതും.

എത്ര നേരായി വിദ്യേ ഞാൻ ബെല്ലടിക്കുന്നു. നീ എന്ത് ചെയ്തോണ്ടിരിക്കാർന്നു?

സോറി ഏട്ട. ചെറിയൊരു തലവേദന കിടക്കായിരുന്നു.

ഇതിപ്പോ എന്നും ഉണ്ടല്ലൊ? അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ലായിരുന്നു .വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ നിനക്ക് ഇങ്ങനെ ഓരോന്ന് തോന്നും അവിടെ വേദന ഇവിടെ വേദന ഇനി വേദന ഇല്ലാത്ത എവിടേലും ഉണ്ടോ?

ഈ ലാപ്ടോപ്പും ഫോണും കൊണ്ട് ഒന്നു ചാർജിൽ ഇട്ടേ.എന്നിട്ട ടീവി ഒന്ന് ഓൺ ആക്കു.

കാലിലെ സോക്സ് ഊരി സോഫയുടെ താഴെക്കിട്ട് അയാൾ റിമോട്ടെടുത്തു സോഫസെറ്റിയിൽ കിടന്നു.

വേദന ഉള്ളോണ്ടല്ലേ ഏട്ട. എനിക്കിപ്പോ കള്ളം പറയണ്ട കാര്യം എന്താ? ചിലപ്പോൾ എല്ലാ പണിയും കഴിയുമ്പോ വല്ലപ്പോഴുമൊന്നു റസ്റ്റ്‌ എടുക്കും.

അതിനു ഞാൻ അല്ലെ ജോലിക്ക് പോണേ? എന്നിട്ട് റസ്റ്റ്‌ നിനക്കും. ഈ ഫ്ലാറ്റിൽ ഞാനും നീയും മാത്രല്ലേ ഉള്ളു എന്നിട്ടിവിടെ അതിനു മാത്രം പണി ഉണ്ടെന്നാണോ നീ പറയണേ . എന്റെ അമ്മയൊക്കെ വീട്ടിലെ പണിയും കഴിഞ്ഞ പശുവിനേം ആടിനേയും വരെ നോക്കുന്നത്.

ടീവീ ഓൺ ആക്കികൊടുത്തത്തിനു ശേഷം ഹാളിലെ പ്ലഗ് പോയിന്റിൽ അതൊക്കെ ചാർജ് ചെയ്യാൻ നടക്കുമ്പോ അരുണിന്റെ സംസാരം കേട്ട് വിദ്യക്ക് ഭ്രാന്ത് കയറി. എങ്കിലും അവളൊന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.

ചായ എവടെ വിദ്യേ? അപ്പോഴേക്കും അയാൾ ദേഷ്യപ്പെട്ടു

ഇപ്പോ എടുക്കാം.

ചായ ഉണ്ടാക്കികൊണ്ടു വന്നു അയാൾക്ക് കൊടുക്കുമ്പോ നീ കുടിച്ചോന്ന് അയാളൊരു വാക്ക് പോലും അവളോട് ചോദിച്ചില്ല.

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ എന്തൊരു സ്നേഹം ആയിരുന്നു. ഒരു കുഞ്ഞിക്കാൽ കാണാൻ വൈകിയതോടെ അയാൾക്ക് തന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടതായി അവൾക്ക് തോന്നി .കല്യാണം കഴിഞ്ഞ ഉടനെ കുഞ്ഞു വേണ്ടെന്നത് അയാളുടെ തീരുമാനം ആയിരുന്നു. പിന്നെയാഗ്രഹിച്ചപ്പോഴൊന്നും അതു നടന്നില്ല. പല ഹോസ്പിറ്റലുകളിലും ഡോക്ടർമാരെ മാറി മാറി കാണിച്ചിട്ടും വഴിപാടുകൾ നടത്തിയിട്ടും ഫലം കണ്ടില്ല . ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു പറഞ്ഞപ്പോൾ അയാളുടെ അമ്മയാണ് ആദ്യം എതിർത്തത്. പിന്നെ അയാൾക്കും അതിനോട് യോജിപ്പില്ലെന്നു തോന്നിയപ്പോൾ അവളാശ്രമം ഉപേക്ഷിച്ചു .

ആദ്യമൊക്കെ അമ്മ കൂടെ ഉണ്ടായിരുന്നു പിന്നീട് സഹോദരന്റെ വീട്ടിലേക്ക് മാറി. കുട്ടികൾ ഇല്ലാത്ത വീട് നരകമാണെന്നാണവർ പറയുന്നത്.അതുകൊണ്ട് അവരാ നരകം ഉപേക്ഷിച്ചു പോയി . കൂട്ടത്തിൽ മകനോടും കൂടെ വരാൻ പറഞ്ഞു. അന്നയാൾ കൂടെ പോയില്ലെങ്കിലും മനസ്സുകൊണ്ട് അയാളീ വീട്ടിലല്ല താമസിക്കുന്നതെന്നു വിദ്യക്കും തോന്നി തുടങ്ങി. അവർക്കിടയിലിപ്പോൾ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതായിട്ട് നാളേറെയായി. ജോലിയും പഠിത്തവുമൊക്കെ വിവാഹത്തോടെ പാതി വഴിയിൽ നിന്നതോടെ സൗഹൃദങ്ങളും നഷ്ടമായി വിദ്യക്ക്.അല്ലെങ്കിലും വിവാഹത്തോടെ ഭൂരിഭാഗം പേർക്കും അതൊക്കെ തീരാനഷ്ടമാണല്ലോ. സ്വന്തം വ്യക്തിത്വം പോലും നഷ്ടപെടുമ്പോൾ അതിനാരാണ് വില കല്പിക്കുന്നത്.

എന്നും വൈകീട്ട് കുളി കഴിഞ്ഞു അയാൾ അല്പസമയം പുറത്തുപോകും കൂട്ടുക്കാർക്കൊപ്പം ചർച്ചകൾക്കുള്ള സമയമാണത്. ഇടക്ക് വൈകി വരുമ്പോൾ എവിടെ നിന്നെങ്കിലും ഭക്ഷണവും കഴിച്ചു മദ്യസേവയും നടന്നിട്ടുണ്ടാകും. എങ്കിലും അയാൾ മദ്യത്തിനടിമയല്ല. കൃത്യമായ സമയം ഒന്നുമില്ല അയാൾക്കിഷ്ടമുള്ളപ്പോൾ തിരികെ വരും. അന്ന് വൈകീട്ട് അയാൾ കൂട്ടുകാരെ കാണാൻ പോയി പതിവിലും നേരത്തെ തിരികെ വന്നുകേറുമ്പോൾ താഴെ രണ്ടോ മൂന്നോ സ്ത്രീകൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട് പക്ഷെ ഒന്നും വ്യക്തമല്ല.അയാളത് ശ്രദ്ധിച്ചില്ല എന്നു വേണം പറയാൻ.

എന്താ ഏട്ട താഴെ വല്ലാത്ത ബഹളം.

ഞാൻ അതൊന്നും അന്വേഷിക്കാറില്ല. നാക്കിനു നീളമുള്ള കുറെ എണ്ണം ഉണ്ടല്ലൊ ഇവിടെ. നീയും അതിലൊന്നും തലയിടണ്ട എനിക്കതിഷ്ടമല്ല . ഈ ഫ്ലാറ്റിൽ ഇപ്പോ പ്രശ്നം ഇല്ലാത്ത ഒരു ദിവസവും ഇല്ല. എന്നും പാർക്കിങ്ങിൽ അലമ്പാണ്. അതും കണ്ടു ഓഫീസിൽ പോയ എന്റെ ഒരു ദിവസം പോക്കാണ്. ഈ കോൺട്രാക്ട് തീർന്നാലുടനെ വേറെ എവിടെയെങ്കിലും നോക്കാം. ഈ കിഡ്സ്‌ പ്ലേ ഏരിയ യും പാർക്കും സ്വിമ്മിംഗ് പൂളും ഒന്നും നമുക്ക് വേണ്ടല്ലോ. വെറുതെ കൂടിയ റെന്റും കൊടുത്തു ഇവിടെ നിൽക്കേണ്ട കാര്യം എന്താ . ഓഫീസിൽ എന്റെ കൂടെ വർക്ക്‌ ചെയുന്ന അഖിൽ കുറഞ്ഞ റെന്റിൽ ഒരു ഫ്ലാറ്റ് ശരിയാക്കാമെന്നു ഏറ്റിട്ടുണ്ട്. അതാകുമ്പോ ഞങ്ങടെ ഗാങ് നു രാത്രി ഒക്കെ ഒത്തു കൂടാൻ എളുപ്പം ആണെന്നെ.

അയാൾ എത്ര നിസാരമായി ചിരിച്ചു കൊണ്ടാണ് തന്റെ അവകാശങ്ങളെ നിഷേധിക്കുന്നതെന്നവളോർത്തു.അയാളുടെ ഇഷ്ടങ്ങൾക്ക് മാത്രമേ മുൻ‌തൂക്കം ഉള്ളു താൻ ഒരു ഭാര്യ ആണെന്നും തനിക്കും അവകാശങ്ങൾ ഉണ്ടെന്നും അയാൾ മറന്നിരിക്കുന്നു.

അന്ന് അടുക്കളയിലെ പണികൾ ഒതുക്കി ബെഡ്റൂമിലേക്ക് എത്തുമ്പോഴേക്കും അയാൾ ഉറങ്ങിയിരുന്നു. അയാളോടൊന്നു മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതെ ദിവസങ്ങളായി. നേരത്തെ എത്തിയിട്ടു പോലും ഒരുമിച്ചിരുന്നു ഒരു നേരത്തെ ആഹാരം കഴിക്കാൻ പറ്റാത്ത ദുർവിധി ഓർത്തു അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

കട്ടിലിന്റെ മറ്റൊരറ്റത്തു എതിർ ദിശയിലേക്ക് മുഖം തിരിച്ചു കിടന്നു അവൾ കണ്ണീർവാർത്തു. അയാളത് അറിഞ്ഞതുമില്ല. ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും കിടന്നു അവൾ നേരം വെളുപ്പിച്ചു.

പിറ്റേ ദിവസം അയാൾ രാവിലെ ഓഫീസിൽ പോകാൻ നേരമായിട്ടും അവൾ കിടക്കയിൽ നിന്നും എണീറ്റില്ല. അയാളുടെ കാര്യങ്ങൾ ഒന്നും ചെയ്തു കൊടുക്കാത്ത അമർഷത്തിന് വായിൽ തോന്നിയ ചീത്തയൊക്കെ വിളിച്ചു എന്തൊക്കെയോ ചെയ്തെന്നു വരുത്തി അയാൾ ഓഫീസിലേക്ക് ഇറങ്ങി. പക്ഷെ താഴെ എത്തുമ്പോഴേക്കും സെക്രെട്ടറിയും മറ്റു രണ്ടു ഫ്ലാറ്റുക്കാരും അയാളെ കാണാൻ താഴെ കാർ പാർക്കിങ് ഇൽ വെയിറ്റ് ചെയുന്നുണ്ടായിരുന്നു.

കാറിൽ കയറാൻ ഒരുങ്ങിയ അരുണിനടുത്തേക്ക് സെക്രട്ടറി ആണ് ആദ്യം വന്നത്

മിസ്റ്റർ അരുൺ വിരോധമില്ലെങ്കിൽ നമുക്കൊന്ന് സംസാരിക്കണം ഇപ്പോൾ .

സോറി, ഐ ആം ആൾറെഡി ലേറ്റ് ടുഡേ.

അങ്ങനെ പറഞ്ഞാൽ പറ്റില്ല.വളരെ ഇമ്പോർട്ടന്റ് ആയ കാര്യമാണ് നമുക്ക് ഓഫീസിൽ ഇരുന്ന് സംസാരിക്കാം.

എല്ലാരും ഉണ്ടല്ലൊ വല്ല പിരിവിനും ആണെങ്കിൽ എന്റെ ഭാര്യ ഫ്ലാറ്റിൽ ഉണ്ട്. അവളോട്‌ കാര്യം പറഞ്ഞാൽ മതി. അതുമല്ലെങ്കിൽ ഈവെനിംഗ് നമുക്ക് കാണാമെന്നേ.

ദാർഷ്ട്യത്തോടെ ഉള്ള അയാളുടെ സംസാരം അവർക്കാർക്കും ഇഷ്ടപ്പെട്ടില്ല.

നിങ്ങളെ കാത്തിരിക്കാൻ ഇവിടെ ആർക്കും സമയമില്ല. പല തവണ പറയണമെന്ന് കരുതിയതാണ്. ഒരു മീറ്റിങ്നും താങ്കൾ വരാറില്ല ഭാര്യയെയും അതിനനുവദിക്കില്ല. ഇപ്പോൾ താങ്കൾ വന്നേ മതിയാകു.

നിർവഹമില്ലാതെ അരുൺ അവർക്കൊപ്പം നടന്നു. ഉള്ളിലുള്ള ദേഷ്യം പുറത്തേക്ക് പ്രകടിപ്പിച്ചു കൊണ്ടു തന്നെ അയാൾ പിറുപിറുത്തു.പണിയും കൂലിയുമില്ലാത്തവരെ പോലെയല്ല ഞാൻ ഒന്നിനും പറഞ്ഞ മനസ്സിലാകില്ല .

ഓഫീസിൽ എത്തിയ സെക്രട്ടറി ഒരാളെ മാത്രം ഉള്ളിൽ കയറ്റി കൂടെ ഉള്ളവരോട് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു.

അരുൺ ഞങ്ങൾ പറയുന്നത് താങ്കൾ എങ്ങനെ എടുക്കുമെന്നറിയില്ല എങ്കിലും പറയാതിരിക്കാൻ വയ്യ.

ഇന്നെന്നെ പറയ് സാറെ! വെറുതെ ആളെ മെനക്കെടുത്തല്ലേ.

ഇങ്ങനെ തിരക്ക് കൂട്ടല്ലേ. ഞങ്ങൾക്ക് പണിയൊക്കെ ഉണ്ട് നോക്കു അരുണിന് വേണ്ടി ഹാഫ് ഡേ ലീവ് എടുത്തതാണ് ഞങ്ങൾ. പണ്ടൊന്നും അരുൺ ഇങ്ങനെ ആയിരുന്നില്ലല്ലോ. നമ്മളൊക്കെ എത്ര നല്ല സ്നേഹത്തിലും ഒരുമയിലും ഒക്കെ ആയിരുന്നു ഇവിടെ കൂട്ടായി പ്രവർത്തിച്ചു കൊണ്ടിരുന്നത്. ഇടക്കതൊക്കെ കൈമോശം വന്നില്ലേ.വിരോധമില്ലെങ്കിൽ അരുണിന്റെ ഓഫീസിൽ വിളിച്ചു വൈകുമെന്ന് അറിയിച്ചോളൂ.

പറയാൻ പോകുന്നത് എന്തോ ഗൗരവമുള്ള വിഷയം ആണെന്ന് അരുണിനും തോന്നി. അയാൾ അക്ഷമനായി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു മാനേജർക്ക് ഒരു വോയിസ്‌ മെസ്സേജ് അയച്ചു.

അരുണിന്റെ ദാമ്പത്യ ജീവിതത്തെ പറ്റി ചോദിക്കുന്നില്ല . എത്ര നാളായി വിദ്യയെ ഞങ്ങൾ ശരിക്കുമൊന്നു കണ്ടിട്ട്, സംസാരിച്ചിട്ട്? അതൊക്കെ പോട്ടെ നിങ്ങൾ എത്ര നാളായി ഒരുമിച്ചൊന്നു പുറത്തേക്ക് പോയിട്ട്? ഇടക്കൊക്കെ ബാൽക്കണിയിലെങ്കിലും വിദ്യയെ കണ്ടിരുന്നു ഇപ്പോ അതും ഇല്ലലോ? നോക്കണ്ട അതെന്റെ ഭാര്യ പറഞ്ഞതാണ്. ഈ സ്ത്രീകൾക്ക് വല്ലാത്ത നിരീക്ഷണം ആണെന്നെ.

അരുണിന് ചെറുതായൊന്നു ദേഷ്യം വന്നു. അതിലൊക്കെ എന്തിനാ സാറെ നിങ്ങൾ ഇടപെടുന്നത്?

അരുൺ അതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ ആയിരിക്കാം. പക്ഷെ അത് മറ്റുള്ളവരിലേക്ക് എങ്ങനെ എത്തി എന്നറിയണമെങ്കിൽ താൻ തന്റെ ഭാര്യയെ അറിയണം. അവരനുഭവിക്കുന്ന ഫ്രസ്സ്‌ട്രെഷനെ പറ്റി അറിയണം. അതൊക്കെ താൻ അറിയുന്നുണ്ടോ?

അരുൺ സംശയഭാവത്തിൽ അവരെ രണ്ടുപേരെയും നോക്കി

താൻ ഇന്നലെ വൈകുന്നേരം ഫ്ലാറ്റിലേക്ക് കയറി പോകുമ്പോ 3 സ്ത്രീകൾ ഫസ്റ്റ് ഫ്ലോറിൽ നില്കുന്നത് കണ്ടിരുന്നോ? അതിലൊന്നു ഈ നിൽക്കുന്ന ടോമിന്റെ ഭാര്യയും പിന്നെ നിങ്ങളുടെ അടുത്ത ഫ്ലാറ്റിലെ സുജിത്രയും മറ്റൊന്ന് എന്റെ ഭാര്യയും ആയിരുന്നു.അവരെന്താണ് സംസാരിച്ചിരുന്നത് എന്നു കേട്ടോ? അതൊക്കെ താൻ എന്തിനു ശ്രദ്ധിക്കണം അല്ലേ? ഇന്നലെ മാത്രം അല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ പലരുടെയും സംസാര വിഷയം അതായിരുന്നു.

അരുൺ ആകെ അസ്വസ്ഥതനായി. എനിക്ക്…..നിങ്ങൾ എന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലാകുന്നില്ല.

അരുൺ കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഈ നിൽക്കുന്ന ടോമിന്റെ ഒന്നര വയസുള്ള മോളുടെ ചില കുഞ്ഞുടുപ്പുകൾ കാണാതെ ആയി. സ്വഭാവികമായും തുണി വിരിച്ചിട്ടപ്പോൾ കാറ്റത്തു പറന്നു പോയതാകമെന്നേ ഇവർ കരുതിയുള്ളൂ. പക്ഷെ പോകെ പോകെ അതിന്റെ എണ്ണവും കൂടി. ഇതേ അനുഭവം ഉണ്ടായ 3 ഡി യിലെ സുചിത്രയും ടോമിന്റെ ഭാര്യയും അവിചാരിതമായി സംസാരിച്ചപ്പോഴാണ് ഇവർക്ക് പന്തികേട് തോന്നിയത്. കുട്ടികളെ അപായപെടുത്തുന്ന സംഘം വല്ലതും ആണോയെന്നുപോലും ഇവർ സംശയിച്ചു അങ്ങനെ ആണ് ഇത് ഓഫീസിൽ എത്തിയത്.

അരുൺ ആകെ വിയർത്തു കുളിച്ചു. സർ ഇതിൽ എനിക്കെന്ത് ബന്ധം?

ഈ സിസിടീവി ഫൂട്ടേജെസ് ഒന്നു നോക്കു.

അതു കണ്ട അരുൺ ഞെട്ടി പോയി. ടെറസിൽ തുണി വിരിച്ചു ഇറങ്ങുന്ന വിദ്യ ആ സമയത്ത് അവിടെ കാണുന്ന കുഞ്ഞുടുപ്പുകൾ തൊട്ട് നോക്കുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അതിൽ ചിലതൊക്കെ പെറുക്കി എടുത്ത് ഇറുകെ പിടിച്ചു കരയുകയും ചിലത് എടുത്തു കൊണ്ട് പോകുകയും ചെയ്യുന്നു.

ആ ലാസ്റ്റ് വിഷ്വൽസിൽ ടെറസിൽ നിന്നും താഴേക്ക് നോക്കുന്ന വിദ്യയെ കാണുന്നുണ്ടോ? പെട്ടെന്നു ആരോ വന്നത് കൊണ്ട് മാത്രം അവർ തിരിച്ചു നടക്കുന്നു.

പിന്നീട് ടോം ആണ് സംസാരിച്ചു തുടങ്ങിയത് സീ മിസ്റ്റർ അരുൺ ഞങ്ങൾക്ക് ഇത് ഒരു പ്രശ്നം ആക്കണമെന്നു താല്പര്യമൊന്നും ഇല്ല. 10 വർഷം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങൾക്ക് ഒരു മോളുണ്ടായത്. നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന ചിന്തയാണ് തെറ്റ്. വിശ്വാസങ്ങൾ എന്തായാലും അതു മാറ്റി എഴുതാൻ ദൈവത്തിനു ഒരു സെക്കന്റ്‌ മതി. ആരു കൂടെ നിന്നില്ലെങ്കിലും ഭർത്താവാണ് ഈ സമയത്ത് കൂടെ ഉണ്ടാകേണ്ടത്. ആരുടെ കുറ്റവും കുറവും ആയികൊള്ളട്ടെ, പൊതു ജനം പലവിധമാണ്.ആര് എന്ത് പറഞാലും ജീവിതം നിങ്ങളുടേതാണ് . വിദ്യയുടെ രോഗാവസ്ഥ എന്തുമായിക്കൊള്ളട്ടെ ഏർലി സ്റ്റേജ് ആയത് കൊണ്ടു കൗൺസിലിംഗ് നിങ്ങൾ രണ്ടു പേർക്കും ആവശ്യമാണ് ഒറ്റപെടലിന്റെ പീക്കിൽ ആണയാൾ. വൈകിയാൽ വിദ്യയെ ചിലപ്പോ തനിക്ക് തിരിച്ചു കിട്ടിയെന്നു വരില്ല.

അരുൺ അവിടെ ഇരുന്ന് പരിസരം മറന്നു പൊട്ടി കരഞ്ഞു. സെക്രട്ടറി അയാളെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. വൈകി പോയിട്ടില്ല അരുൺ വിദ്യയുടെ അടുത്തേക്ക് ചെല്ലു. ഒരു കുഞ്ഞിനെ പോലെ അവളെ കെയർ ചെയ്യു. നിങ്ങൾക്ക് വേണ്ട എന്ത് സഹായവും ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. അരുൺ മെല്ലെ എണീറ്റ് തിരികെ ഫ്ലാറ്റിലേക്ക് നടന്നു. ലിഫ്റ്റിനു പകരം അയാൾ പടികൾ കയറി.ഓരോ പടികൾ കയറുമ്പോഴും അയാൾ വിയർത്തു കുളിച്ചു, പഴയ സംഭവങ്ങൾ ഓരോന്നായി അയാൾ ഓർത്തെടുത്തു. പണ്ടൊക്കെ കുട്ടികളെ പോലെ മത്സരിച്ചു ഓടി കയറിയിരുന്ന പടികൾ അയാൾക്ക്‌ കയറാനാകുന്നില്ലെന്ന സത്യം അയാളെ കൂടുതൽ തളർത്തി.

പണ്ട് പുറത്തു പോകുമ്പോൾ ആവശ്യമില്ലെങ്കിലും കുട്ടികളുടെ സെക്ഷനിൽ കേറി കുട്ടിയുടപ്പുകൾ നോക്കുന്ന വിദ്യയെ അയാൾ ഓർത്തു.അന്നും പരിസരം നോക്കാതെ വിദ്യയെ അപമാനിച്ചിട്ടുണ്ട്. മറ്റുള്ളവരിൽ നിന്നും വിദ്യയെ അകറ്റിയതും ഇന്നത്തെ അവസ്ഥക്ക് കാരണവുമായ തനിക്കാണ് ചികിത്സ വേണ്ടി വരിക എന്ന ബോധ്യത്തോടെ അയാൾ ഒരുവിധത്തിൽ കോണിപടികൾ ഓടിക്കയറി . തിരിച്ചു ഫ്ലാറ്റിന്റെ മുന്നിലെത്തി കോളിങ് ബെൽ മുഴങ്ങിയപ്പോൾ ദിവസവും എന്തിനെന്നില്ലാതെ വിദ്യയോട് പറയാറുള്ള കുത്തുവാക്കുകളും അയാളുടെ ചെവിയിൽ മുഴങ്ങി കൊണ്ടേയിരുന്നു. പക്ഷെ അയാൾ ഒന്നുറപ്പിച്ചിരുന്നു ഒരു വിധിക്കും അവളെ വിട്ടു കൊടുക്കില്ലെന്നു……….

ലൈക്ക് കമന്റ് ചെയ്യണേ…

രചന: ലിയ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *