മോളിവിടെ തന്നെയിരിക്കണേ ആരു വന്ന് ചോദിച്ചാലും വാതിൽ തുറക്കണ്ടാട്ടോ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Agniv Dev

“ലീലേ… എടി ലീലേ.. ഇങ്ങോട്ടെറങ്ങി വാടീ”

ഓല കൊണ്ട് കെട്ടി മറച്ച വാതിലിന് പുറത്തേക്ക് അഞ്ചാറ് വയസ് പ്രായമുള്ളൊരു പെൺകുട്ടി വന്നു.

“അമ്മ ന്നെ ന്തിനാ വിളിച്ചേ…”

“അന്റെ ചന്തം കാണാൻ… നീയവിടെ ആരടെ പിണ്ഡം വയ്ക്കുവാരുന്നെടി”

“ഞാനവിടെ പടം വരയ്ക്കുവായിരുന്നു.”

“ഓൾടൊരു പടം വര.. വൈന്നേരം ഇവിടാളോള് വരുമ്പോ അന്നെയിവിടെ സഹായത്തിനു കാണണമെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്യോടി… ഓളും ഓൾടൊരു പഠിപ്പും.. ആ ദാസൻ മാഷൊറ്റൊരുത്തൻ കാരണാണ്”

“കൊച്ചല്ലേ ദാക്ഷായണി അതിനെന്തറിയാ… ഇയ്യ് രണ്ട് താറാവ് മുട്ട പുഴുങ്ങിയതിങ്ങട് എടുത്തോ..”

കയ്യിലിരുന്ന കുപ്പി വായിലേക്ക് കമിഴ്ത്തി മുൻപിലിരുന്ന കൊമ്പൻ മീശക്കാരൻ പറഞ്ഞു.

“ഇങ്ങളൊന്ന് മിണ്ടാണ്ടിരിക്ക് കാർന്നോരെ.. ഓൾടെ തല വെട്ടം കണ്ടപ്പോ തൊടങ്ങീതാ ന്റെ കഷ്ടക്കാലം… അന്ന് കളഞ്ഞാ മതിയാരുന്നു.. എത്രങ്ങാനും ആണുങ്ങൾ വന്നിരുന്ന വീടാ.. പെറ്റേൽ പിന്നെ ഒരുത്തനും വേണ്ട.. ശവങ്ങൾ… അവന്മാർക്കൊക്കെ കിളുന്ത് പെണ്ണുങ്ങളെ മതി..”

“ഇയ്യെന്തിനാ വിഷമിക്കണേ ഞങ്ങളൊക്കെയില്ലേ…”

കൊമ്പൻ മീശക്കാരൻ നരവീണ് തുടങ്ങിയ താടിയൊന്ന് തടവി ചുണ്ട് നനച്ചു.

“പൂരം കണ്ട് നിൽക്കാണ്ട് ഈ പാത്രങ്ങളൊക്കെ കൊണ്ടോയി കഴുകി വക്കെടി…”

അവിടിരുന്നവർ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ ചൂണ്ടിയാണ് അവരത് പറഞ്ഞത്…

വീടിനോട് ചേർന്ന് തന്നെ ഓരോലപ്പുര കൂടി കയറ്റിയുണ്ട്.. ആൾക്കാർക്കിരിക്കാൻ രണ്ട് മൂന്ന് പഴയ മേശയും ബെഞ്ചും…

ലീലയവിടെ കേറി ചെല്ലുമ്പോൾ നാലഞ്ച് പേര് കുടിക്കുന്നും കഴിക്കുന്നുമുണ്ട്.. ചാവുമലയിൽ ഏറ്റവുമധികം തിരക്കുള്ള സ്ഥലം തന്നെയായിരുന്നു ദാക്ഷായണിയുടെ ഷാപ്പ്..

സ്വന്തം കൈ കൊണ്ട് ദാക്ഷായണിയുണ്ടാക്കുന്ന സ്വയമ്പൻ വാറ്റിനും … പിന്നെ ഇറുകിയൊരു ബ്ലൗസും കൈലിമുണ്ടുമുടുത്തു നടക്കുന്ന ദാക്ഷായണിക്കും ചാവുമലയിൽ നല്ല ആരാധകരാണെന്ന് വേണം പറയാൻ..

പാത്രമെടുത്തു തിരികെ നടക്കുമ്പോഴാണ് വീണ്ടും വിളി കേട്ടത്

“അവിടെ നിന്നേടി…”

“ന്താ അമ്മേ..”

ദാക്ഷായണി വേഗത്തിൽ നടന്ന് വന്ന് വിയോർത്തൊലിച്ച ബ്ലൗസിന്റെ ഇടയിൽ നിന്നൊരു കെട്ട് നോട്ടെടുത്തു അവളുടെ കയ്യിൽ കൊടുത്തു.

“ഇതാ ഇരുമ്പ് പെട്ടിയിൽ കൊണ്ടോയി വച്ചേക്ക് ഉം പൊക്കോ…”

സകലരുടെയും കണ്ണ് അവളുടെ ശരീരത്തിൽ തന്നെയായിരുന്നു.

“അപ്പോ ഞാനെത്ര തരണം ദാക്ഷായണ്യേ…”

കൊമ്പൻ മീശക്കാരൻ ചോദിച്ചു

“എന്തൊക്കെയാ..”

“മൂന്ന് കുപ്പിയും രണ്ട് താറാമുട്ടയും..”

“ഒരു മുന്നൂറ്റൻപത് വച്ചോ..”

അയാൾ രണ്ടായിരത്തിന്റെ നോട്ടെടുത്തു അവളുടെ കയ്യിലേക്ക് വച്ചു.

“ഇതെന്താ…”

“ബാക്കി വച്ചോ.. ഞാൻ രാത്രി വരാ”

“ഉം പതിനൊന്ന് വരെ ഞാൻ നോക്കും… അതിലും വൈകിയാൽ വാതിൽ തുറക്കൂല..”

അവൾ ഭാവവ്യത്യാസമില്ലാതെ അയാളോട് പറഞ്ഞു.

തിരികെ അയാളും സമ്മതമെന്ന നിലയിൽ തലയാട്ടി പുറത്തേക്ക് നടന്നു.

പാത്രങ്ങളെല്ലാം കഴുകി വച്ച് വീടിന്റെ പുറകിലേക്കാണ് ലീല നടന്നത്… പഴകിയൊരു ഷിമ്മീസായിരുന്നു അവളുടെ വേഷം

വീടിനു പുറകിലൊരു പറങ്കി മാവിൻ തോട്ടമുണ്ട്.. നിറയെ ചുവന്നു പഴുത്ത കശുമാങ്ങകളും… മറ്റൊരാവസരത്തിലായിരുന്നെങ്കിൽ അതിലൊന്നെങ്കിലും കഴിച്ചേ ലീല പോവുമായിരുന്നുള്ളു.. ഇന്നെന്തോ അവളുടെ മനസ് വല്ലാതെ നോവുന്നുണ്ടായിരുന്നു.

പറങ്കി മാവും കഴിഞ്ഞാൽ ചെറിയൊരു തോടുണ്ട്.. സങ്കടം വരുമ്പോഴേല്ലാം അവളവിടെയാ പോയിരിക്കാ…

കൈ നന്നായി വേദനിക്കുന്നുണ്ട് ഇന്നലെ രാത്രി പഠിക്കാൻ മണ്ണെണ്ണ വിളക്കെടുത്തതിന് അമ്മയൊരുപാട് തല്ലി… എന്താണെന്നറിയില്ല… അമ്മക്ക് ന്നോട് എപ്പഴും ദേഷ്യാ.. ചിഞ്ചുവിന്റെയൊക്കെ അമ്മയ്ക്ക് അവളെ ഒരുപാട് ഇഷ്ടാ ഉമ്മയൊക്കെ തന്നെന്നു ക്ലാസിൽ വന്ന് പറയുമ്പോൾ ലീലയും കേട്ടിരിക്കും… ഉമ്മ തന്നില്ലെങ്കിലും വേണ്ട.. അമ്മയെന്നെങ്കിലും തന്നോടൊന്ന് സ്നേഹത്തോടെ സംസാരിച്ചാൽ മതിയെന്നായിരുന്നു ലീലക്ക്.

അവൾ പതിയെ തോട്ട് വക്കിലെ ചെറിയൊരു കല്ലിലേക്കിരുന്ന് കാൽ പതിയെ വെള്ളത്തിലേക്കിട്ടു

നല്ല തണുത്ത വെള്ളം… അവൾ പതിയെ കാൽ വച്ചു വെള്ളം തട്ടി തെറുപ്പിച്ചു കൊണ്ടേയിരുന്നു.. കാലിലെ ചരടിന്റെ നിറമെല്ലാം മങ്ങി തുടങ്ങിയിട്ടുണ്ട്… എല്ലാരുടെയും കാലിലെ വെല്ലിക്കൊലുസ് കൊണ്ട് മോഹം തോന്നി അവളൊരുവട്ടം ദാക്ഷായണിയോട് കൊലുസിന്റെ കാര്യം സൂചിപ്പിച്ചു.. അന്ന് ആ വീട് തല തിരിച്ചു വച്ചില്ലെന്നേയുള്ളു.. പൈസയില്ലത്രേ

ആ പറഞ്ഞത് ലീല വിശ്വസിച്ചിട്ടില്ലായിരുന്നു… ഇരുമ്പ് പെട്ടി നിറയാൻ പാകത്തിന് നോട്ട് കൂമ്പാരം ലീല കണ്ടിട്ടുണ്ടല്ലോ..

പിന്നെ ചില രാത്രികളിൽ വേറെ മാമന്മാർ വരും.. മിക്കവാറും ലീലയുറങ്ങി കാണും… ചിലപ്പോഴൊക്കെ അമ്മ പതിയെ എഴുനേറ്റ് പോവുന്നതും.. അപ്പുറത്തെ റൂമിലെ അടക്കിപ്പിടിച്ച ശബ്ദങ്ങളും ലീല കേൾക്കാറുണ്ട്.. പോവാൻ നേരം അയാൾ കയ്യിലേക്ക് വച്ചു കൊടുക്കുന്ന നോട്ട് കെട്ടുകളിൽ അമ്മ ആർത്തിയോടെ നോക്കുന്നതും അരണ്ട വെളിച്ചത്തിൽ ലീല കാണാറുണ്ടായിരുന്നു.

ഈ മാമന്മാരെന്തിനാ രാത്രി വരുന്നതെന്നും അമ്മയ്ക്ക് പൈസ കൊടുക്കുന്നതെന്നും ലീലക്ക് സംശയമുണ്ടായിരുന്നെങ്കിലും അമ്മയുടെ ചൂരൽ കഷായത്തെ പറ്റി നല്ല ബോധ്യമുള്ളത് കൊണ്ട് അവൾ ചോദിക്കാൻ മിനക്കെടാടില്ല..

സ്കൂളിൽ ചെല്ലുമ്പോ എല്ലാവരും തന്നെ നോക്കി പലതും അടക്കം പറയുന്നതും ഒഴിഞ്ഞു മാറുന്നതും ലീല കാണുന്നുണ്ടായിരുന്നു.. അവളോടാരും അടുക്കാൻ ചെന്നില്ല…അവൾ തിരിച്ചും.

ഉസ്‌കൂളിനടുത്തു ചായക്കട നടത്തണയാൾ ഒരു വട്ടം പറയണ കേട്ട്

“അവളാ ചാവുമലയിലെ ദാക്ഷായണിടെ മോളാ”

“ഏത് ആ പോക്ക് കേസിന്റെയോ”

“ആഹ് അവളുടെ തന്നെ”

“അതിനീ കൊച്ചെന്ത് പിഴച്ചു ചേട്ടാ”

“ഓഹ് തള്ളേടെ അല്ലേ മോള്..”

പോക്ക് കേസെന്താണെന്ന് ലീലക്ക് മനസിലായില്ല.. എന്തായാലും അമ്മയെ പറ്റി നല്ലതൊന്നുമല്ലെന്ന് അവൾക്കറിയാമായിരുന്നു.

സ്കൂൾ മുഴുക്കനെ അങ്ങനൊരു സംസാരമുണ്ടായിരുന്നു.. പക്ഷേ ദാസൻ മാഷങ്ങനെ അല്ലാട്ടോ… അവളോട് സ്നേഹത്തിലാണ് സംസാരിക്കാറ്.

ചാവുമലയിൽ പോയി അമ്മയുമായി തർക്കിച്ചാണ് ദാസൻ മാഷ് തന്നെ സ്കൂളിൽ ചേർത്തത്.. സമ്മതിച്ചില്ലെങ്കിൽ വാറ്റിന്റെ കാര്യം പറഞ്ഞു പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അമ്മയൊന്നോതുങ്ങിയത്.

അങ്ങനെ ലീലയും സ്കൂളില് പോവാൻ തുടങ്ങി..

ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോഴാ ഇത് വരെയില്ലാത്ത വേറൊരു പ്രശ്നം തലക്ക് മുകളിൽ വന്നേ..

രജിസ്റ്ററിലെഴുതാൻ അച്ഛന്റെ പേര് ചോദിച്ചപ്പോൾ അറിയില്ല അമ്മയോട് ചോദിച്ചിട്ട് പറയാമെന്നു പറഞ്ഞ ലീലയെ അത്ഭുത ജീവിയെ പോലെയാണ് മറ്റുള്ളവർ നോക്കിയത്.

വീട്ടിലെത്തി അമ്മയോട് ചോദിച്ചപ്പോൾ നിന്നെ പിഴച്ചു പെറ്റതാണെന്ന് മാത്രമായിരുന്നു മറുപടി… ഇനി അമ്മയ്ക്കും അറിയില്ലായിരിക്കുമോ..!

എന്തായാലും അതിൽ പിന്നെ സ്കൂളിലാരും വേറെ ചോദ്യങ്ങളൊന്നും ചോദിച്ചില്ല… ദാസൻ മാഷുണ്ടായിരുന്നു ഒപ്പം… മാഷ് പുതിയ ബുക്ക്‌ വാങ്ങി തന്നു പെൻസിൽ വാങ്ങി തന്നു ബാഗ് വാങ്ങിത്തന്നു… എല്ലാവരും അച്ഛനെ പറ്റി പറയുമ്പോൾ ദാസൻ മാഷിനെയാണ് അവൾക്ക് ഓർമ വരിക.

“ലീലേ… എടീ ലീലേ…”

അമ്മ വീട്ടിൽനിന്ന് കാറി പൊളിക്കുന്നുണ്ട്.. ഇനിയും ചെന്നില്ലെങ്കിൽ അമ്മായിങ്ങോട്ടറങ്ങി വരും… പറങ്കി മാവിൻ കൊമ്പ് കൊണ്ടായിരിക്കും പിന്നെയടി.

*****

രാത്രി നേരത്തെ അത്താഴം കഴിച്ച് ലീല ഉറങ്ങാൻ കിടന്നു. അമ്മ കണ്ണാടിക് മുൻപിലാണ്.. എന്തൊക്കെയോ മുഖത്ത് വാരി തേക്കുന്നുണ്ട്.. മുറി മുഴുവൻ എന്തൊക്കയോ കുത്തുന്ന മണം.. ലീലക്കീ മണം ഇഷ്ടമല്ല… പുതച്ചിരുന്ന പുതപ്പ് തല വഴി മൂടി അവളുറങ്ങാൻ കിടന്നു.

രാത്രിയിലെപ്പോഴോ കൊമ്പൻ മീശക്കാരൻ വന്നതും…. പുലർച്ചെക്ക് മുൻപേ എഴുനേറ്റ് പോയതും അവളറിഞ്ഞില്ല.

പതിവിന് വിപരീതമായി അടുക്കളയിൽ നിന്ന് തട്ടും മുട്ടും ശബ്ദങ്ങളും കേട്ടാണ് ലീലയുണർന്നത്.. നല്ല ആവി പറക്കുന്ന കോഴിക്കറിയുടെ മണം അവളുടെ മൂക്കിലേക്കടിച്ചു കയറി

സംശയിച്ചു സംശയിച്ചു അടുക്കള വാതിൽക്കൽ എത്തിയപ്പോഴേക്കും അടുത്ത ചോദ്യം വന്നു

“മോളേണീറ്റോ.. പോ പോയി പല്ല് തേച്ചു വാ.. അമ്മ കഴിക്കാൻ തരാം.”

സ്വപ്നമാണോയെന്നറിയാൻ അവൾ രണ്ട് തവണ കൈയിൽ പിച്ചി നോക്കി ഓർമ വച്ചതിൽ പിന്നെ അമ്മയവളെ ആദ്യമായിട്ടായിരിക്കും ഇത്ര സ്നേഹത്തോടെ വിളിക്കുന്നത്.

അവൾ പിന്നാമ്പുറത്തേക്കൊടി പോയി.. ചെമ്പിൽ നിറച്ചു വച്ച വെള്ളമെടുത്ത് പതിയെ പതിയെ ഉമിക്കരി ചേർത്തു പല്ല് തേക്കാൻ തുടങ്ങി.. ദാസൻ മാഷ് പറഞ്ഞിട്ടുണ്ട്.. നല്ല വൃത്തിയായി സമയമെടുത്തു പല്ലൊക്കെ തേക്കണമെന്ന്.

പല്ല് തേച്ചു അകത്തേക്ക് ചെന്നതും അവൾക്ക് മുൻപിൽ ചൂട് ദോശയും കോഴിക്കറിയും പാൽച്ചായയും നിരന്നിരുന്നു.

സാധാരണ ദിവസങ്ങളിൽ കഞ്ഞിയാണ്.. അതും കറിയൊന്നും ഉണ്ടാവാറില്ല.. ചില ദിവസങ്ങളിൽ പപ്പടം ചുട്ട് തരും… അത്ര മാത്രം..

കൊതിയോടെ അവളത് കഴിക്കാൻ തുടങ്ങി..

“മോൾക്കിനി വേണോ..?”

അവൾ വേണമെന്ന് തലയാട്ടി..

ദാക്ഷായണി ബാക്കിയുണ്ടായിരുന്ന ദോശയും കുറച്ചു കറിയും അവളുടെ പ്ലേറ്റിലേക്കിട്ടു.

കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിറഞ്ഞ മനസോടെ ലീല അമ്മയെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

“മോള് ഇവിടെയിരുന്നു കഴിച്ചോട്ടോ അമ്മയീ ഡ്രെസ്സൊന്ന് മാറിക്കോട്ടെ..”

ലീലയെ തനിയെ കഴിക്കാൻ വിട്ട് ദാക്ഷായണി വസ്ത്രം മാറാൻ എഴുനേറ്റ് പോയി..

തിളങ്ങുന്നൊരു പുതു പുത്തൻ സാരിയായിരുന്നു അവളുടെ വേഷം.. സാധാരണ വീട്ടിൽ മുണ്ടും ബ്ലൗസ്സുമാണ് വേഷം.. അതല്ല പുറത്തു പോവുകയാണെങ്കിലും അമ്മ ഇത് പോലെ പുത്തൻ സാരിയൊന്നുമുടുത്തു ലീല മുൻപ് കണ്ടിട്ടില്ലായിരുന്നു.

അവൾ ദൃതിയിൽ മുടി ചീകിയൊതുക്കി കണ്ണിൽ കണ്മഷിയെഴുതുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ലീലയെ കാണുന്നത്

“അടുത്തൊട്ട് വാ..”

ലീല അവൾക്കരികിലേക്ക് നടന്ന് ചെന്നു.

“മോൾക്ക് കണ്ണെഴുതണോ..”

അവൾ സംശയത്തോടെ തലയാട്ടി..

ദാക്ഷായണി ലീലക്ക് മുൻപിൽ മുട്ട് കുത്തിയിരുന്ന് ഭംഗിയിൽ കണ്ണെഴുതി കൊടുത്തു.

“സുന്ദരിയായല്ലോ ന്റെ മോള്….”

ലീലക്കപ്പോഴും അത്ഭുതമായിരുന്നു… ഈയൊരു അമ്മ അവൾക്ക് അന്യയായിരുന്നു.

“അമ്മയും സുന്ദരിയാ…”

“അച്ചോടാ.. ”

“അമ്മേ…”

“ഉം”

“അമ്മേ…”

“ഉം പറയടാ കണ്ണാ…”

“ഞാനമ്മക്കൊരുമ്മ തരട്ടെ…”

ലീല പ്രതീക്ഷയോടെ ചോദിച്ചതും ദാക്ഷായണി അവൾക്ക് നേരെ കവിൾ കാണിച്ചു.

“കെട്ടി പിടിച്ച് ഉമ്മാ.. ന്റെ ചുന്ദരി അമ്മയാ..”

ലീല ജീവിതത്തിലേദ്യമായിട്ടായിരിക്കും അത്രയും സന്തോഷിക്കുന്നത്.

ഇരുവരുടെയും കളി ചിരികൾക്കിടയിലാണ് മുറ്റത്തു നിന്നൊരു ചുമ കേട്ടത്..

അമ്മ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതും പ്രതീക്ഷിച്ചതെന്തോ കണ്ട പോലെ മുഖം തെളിയുന്നതും ലീല ശ്രദ്ധിച്ചു.

“ന്താ മ്മേ…”

” ഒന്നൂല്യ മോള് വാ…”

ഉടുത്തിരുന്ന സാരി ശരിയാക്കി അവൾ മുറിയില് നിന്ന് കാശ് വച്ചിരുന്ന ഇരുമ്പ് പെട്ടിയുമായി പുറത്തേക്ക് നടന്നു

ഇന്നലെ ഷാപ്പിൽ കണ്ട അതെ കൊമ്പൻ മീശക്കാരൻ ആയിരുന്നു പുറത്തു.. അയാൾ ലീലയെ നോക്കിയൊന്ന് ചിരിച്ചു അവൾ തിരിച്ചും.

മോളെ.. അമ്മയീ മാമന്റെ കൂടെ പോയിട്ട് വരാട്ടോ.. മോളിവിടെ തന്നെയിരിക്കണേ.. ആരു വന്ന് ചോദിച്ചാലും വാതിൽ തുറക്കണ്ടാട്ടോ.. കഴിക്കാനുള്ളതെല്ലാം അവിടെടുത്തു വച്ചിട്ടുണ്ട്… മറക്കാതെ കഴിക്കണം ട്ടോ.. അപ്പൊ അമ്മ പോയി വരട്ടെ..”

എന്താണ് നടക്കുന്നതെന്നോ.. അമ്മയെങ്ങോട്ടാണ് പോവുന്നതെന്നോ അവൾക്ക് മനസിലായില്ല.. പെട്ടെന്നു വരുമെങ്കിൽ അമ്മയെന്തിനാ പുത്തൻ സാരിയുമുടുത്തെ.. പോരാത്തതിന് പണപ്പെട്ടിയും കൊണ്ട് പോവുന്നു..

നടക്കുന്നതെന്താണെന്ന് മനസിലാവും മുൻപേ അമ്മ കൊമ്പൻ മീശക്കാരന്റെ കൈ പിടിച്ചു വേലിക്ക് പുറത്തെത്തിയിരുന്നു.

ഉച്ചക്ക് ലീലയൊന്നും കഴിച്ചില്ല.. രാവിലെ പതിവില്ലാതെ കൂടുതൽ കഴിച്ചതിനാൽ അവൾക്ക് വിശക്കുന്നാണ്ടായിരുന്നില്ല..

വൈകുന്നേരമായതോടെ ലീല അമ്മയെയും കാത്തിരിക്കാൻ തുടങ്ങി.. എവിടെ പോയാലും അമ്മായീ നേരത്തു തിരികെ വരാരുണ്ട്.. ഷാപ്പ് തുറക്കുന്ന നേരമാണ്..

മൂന്നാല് പേര് ഷാപ്പിന് ചുറ്റും വട്ടം കറങ്ങുന്നതും നിരാശയോടെ തിരികെ പോവുന്നതും ജനലിലൂടെ ലീല കണ്ടിരുന്നു.

സമയം പൊയ്ക്കൊണ്ടേയിരുന്നു.. ചാവുമലയിൽ സൂര്യനസ്തമിച്ചു… കൈ പൊ ള്ളിയെങ്കിലും രണ്ട് മൂന്ന് തവണ ശ്രമിച്ച് ലീല മണ്ണെണ്ണ വിളക്ക് കൊളുത്തി..

വീടിന് ചുറ്റും ആരോ നടക്കുന്ന ശബ്ദം കേട്ടതും അവൾ കിടുകിടാ വിറയ്ക്കാൻ തുടങ്ങി …

അവസാനം വാതിലിൽ മുട്ടിയ ദാസൻ മാഷിന്റെ ശബ്ദമാണ് അവൾക്കാശ്വാസം നൽകിയത്…

അവൾ മാഷെയെന്ന് വിളിച്ചു കൊണ്ട് ഓടി പോയി അയാളെ കെട്ടി പിടിച്ചു.

“അമ്മ… അമ്മയെ കാണാനില്ല മാഷേ.. രാവിലെ… രാവിലെ പോയതാ…” അവളെങ്ങനെയൊക്കയോ പറഞ്ഞൊപ്പിച്ചു.

വാറ്റ് ദാക്ഷായണി ഏതോ കിളവന്റെ കൂടെ ഒളിച്ചോടിയ വിവരം ലീലയറിഞ്ഞില്ലെങ്കിലും ദാസൻ മാഷറിഞ്ഞിരുന്നു.

“അമ്മ ഇത്തിരി ദൂരെയാണല്ലോ മോളെ.. കുറച്ചു ദിവസം കഴിഞ്ഞേ വരൂ.. അത് വരെ മോളെ മാഷിന്റെ കൂടെ നിർത്താമോ ന്നു അമ്മ ചോദിച്ചിരുന്നു.. അതാ മാഷ് ഓടി വന്നത്.”

“അപ്പൊ അമ്മയിന്ന് വരില്ലല്ലേ ”

ചോദ്യത്തിനൊപ്പം ലീലയുടെ മുഖവും വാടിയിരുന്നു..

“മോള് എടുക്കാനുള്ളതൊക്കെ എടുത്തോട്ടൊ.. ഡ്രെസ്സും ബാഗും ഒക്കെ എടുത്തോ…”

“അതെന്തിനാ മാഷേ.. അമ്മ വന്നാ ഞാനിങ്ങോട്ട് തന്നെ വരില്ലേ.. പിന്നെന്തിനാ…”

“അപ്പൊ മോൾക്ക് സ്കൂളിൽ പോണ്ടേ..”

രാത്രിക്ക് രാത്രി തന്നെ ദാസൻ മാഷ് ലീലയെയും കൊണ്ട് വീട് പിടിച്ചു.

അവളോടാമ്മയെ പറ്റിയൊന്നും ചോദിക്കരുതെന്ന് അയാളദ്യമേ ഭാര്യയെ ചട്ടം കെട്ടിയിരുന്നു..

രാത്രിയിൽ മാഷിനും വീട്ടുകാർക്കുമൊപ്പമിരുന്ന് ലീലയും ഭക്ഷണം കഴിച്ചു.

മാഷിന്റെ തൊട്ടടുത്ത മുറിയിൽ തന്നെയാണ് ലീല കിടന്നതും..

ഉറക്കത്തിലെപ്പോഴോ.. അമ്മ വിളമ്പി തരുന്നതും ഉമ്മ കൊടുത്തതുമെല്ലാം ഓർത്ത് ആ കുഞ്ഞുചുണ്ടിലൊരു പുഞ്ചിരി വിടർന്നു.. അമ്മ മറ്റൊരാൾക്കൊപ്പം പുതിയൊരു ജീവിതം തേടി യാത്രയായതറിയാതെ…ലൈക്ക് കമന്റ് ചെയ്യണേ…

രചന: Agniv Dev

Leave a Reply

Your email address will not be published. Required fields are marked *