ഇത്ര ചിരിക്കാൻ എന്നോർത്ത് ഞാൻ അവളെ നോക്കിയതും അവളെന്നെ നോക്കിയതും ഒരുമിച്ചായിരുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രജിത ശ്രീ

കാത്തിരുന്ന പെണ്ണ്….

മേളം മുറുകുമ്പോൾ അതാ ആൾക്കൂട്ടതിനിടയിൽ നിന്നും ഒരു പെൺകുട്ടി തള്ളിവിട്ടപോലെ തുള്ളി മുന്നോട്ട് തെറിച്ചു വരുന്നു. ആരെയും നോക്കാതെ അവൾ മേളത്തിനൊപ്പം ഡാൻസ് ചെയ്ത് എന്റെ അടുത്തെത്തി.

ഞാനവളെ അടിമുടിയൊന്നു നോക്കി. കാണാൻ ഇരുനിറമാണേലും മുടിയുണ്ട്…പിന്നെ നല്ല ചിരി… ഐശ്വര്യമുള്ള മുഖം… കാത്തിരുന്ന പെണ്ണ്..

” പെണ്ണ് കൊള്ളാം..” ഞാൻ മനസ്സിൽ പറഞ്ഞു.

പക്ഷെ ഇങ്ങനെ തുള്ളുകളിക്കുന്ന പെണ്ണിനെ ഞാനെങ്ങനെ പ്രേമിക്കും.

പെട്ടന്ന് തുള്ളി തുള്ളി അവൾ എന്റെ മുഖത്തേയ്ക്കു നോക്കി. എന്റെ നോട്ടം കണ്ടാണോ എന്തോ അവൾ വീണ്ടും എന്നെ തിരിഞ്ഞു നോക്കി

ഞാൻ മുഖം മാറ്റി.. ലുക്ക്‌ വേറെ എങ്ങോട്ടൊക്കെയോ ആക്കി.

അപ്പോഴതാ കണ്ടവന്മാരെല്ലാം അവളുടെ സൗന്ദര്യം ആസ്വദിക്കുന്നു..

“ഹും.. നാണംകെട്ടവന്മാർ.. ഇവനൊന്നും അമ്മേം പെങ്ങന്മാരുമില്ലേ.. ഇവനൊക്കെ ഇതെന്തിന്റെ കേടാ..” എന്റെ മനസ്സിലെ പുരുഷു ഉണർന്നു.

ഞാൻ കൂടി നിന്നവരെ ദൂരേക്ക് നീക്കി നീക്കി നിർത്തി. ക്ഷേത്ര കമ്മറ്റി അംഗമായതുകൊണ്ട് കൂടിനിന്നവർ പറഞ്ഞത് മുറപോലെ അനുസരിച്ചു.

ഉത്സവമായതു കൊണ്ട് നല്ല തിരക്കായിരുന്നു. പത്തു ദിവസത്തെ ഉത്സവമാണ്. അമ്മയും വീട്ടുകാര് മുഴുവനും സദാസമയവും അമ്പലത്തിൽ തന്നെ. കണ്ടപാടെ കണ്ണിലുടക്കിയ പെണ്ണിന്റെ ഊരും പേരും ഒക്കെ ഒന്നറിയണമെന്നുള്ള ആഗ്രഹം ഏതൊരു ആണിനേം പോലെ എനിക്കും ഉണ്ടായി.

“എന്നെ തെറ്റുപറയാൻ പറ്റുവോ..?

ഞാൻ നൈസായി അവളുടെ കൂടെ നടക്കുന്ന ചെറുതൊന്നിനെ കറക്കി കുപ്പിലാക്കി.

അതിനോട് ഇതൊക്കെ പറയാൻ പറ്റുവോ…

ഞാൻ അതുക്കും മേലെ പോയി.

ചെറുതിന്റെ അമ്മയെ കണ്ടുപിടിച്ചു. “രാഗിണി ചേച്ചി ”

“എന്നെ തെറ്റിദ്ധരിക്കരുത്. സത്യമായും എനിക്ക് അവരുമായി ഒരിടപാടുമില്ല.”!

അങ്ങനെ രാഗിണി ചേച്ചി വഴി ഞാൻ അവളുടെ പേരും വീടും ഒക്കെ അറിഞ്ഞു.

പേരെന്താന്നല്ലേ..

“ശ്രീപ്രിയ.. ”

വീട് എന്റെ വീടിന്റെ അടുത്തുനിന്നു കുറച്ചുപോയാൽ മതി.. പഴയ എക്സ് മിലിറ്ററി വേണു ചേട്ടന്റെ മോളാണ്.. വേണുച്ചേട്ടനുമായി എനിക്ക് നല്ല പരിചയവുമുണ്ട്.

“എന്റെ മനസ്സിൽ പത്തുപതിനാല് ലഡ്ഡു ഒരുമിച്ചു പൊട്ടി. !!

“ഇതുപോലെരണം അടുത്തുണ്ടായിട്ട് ഞാൻ നേരത്തെ കണ്ടില്ലല്ലോ.. ”

അതല്ലെ നിങ്ങൾ ചിന്തിച്ചത്…

അതെന്താന്നുവച്ചാൽ.. ശല്യം കൊണ്ടാണോ എന്തോ എന്നെ വീട്ടുകാർ കൊച്ചിലെ പിടിച്ചു പട്ടാളത്തിൽ ചേർത്തു..പിന്നെ നാട്ടിൽ വരുമ്പോൾ എല്ലാവരും ” ദേ.. പട്ടാളക്കാരൻ പോകുന്നു.. പട്ടാളക്കാരൻ പോകുന്നു ന്നു പറഞ്ഞു പറഞ്ഞു ഒരു പെണ്ണിനെയും മാന്യമായി നോക്കാൻ പറ്റാത്ത അവസ്ഥയായി. ”

അങ്ങനെ ഇതുവരെ കണ്ടിട്ടില്ലാത്ത അവളുടെ വീട് തേടി ഞാൻ കയ്യാലപ്പുറവും ഇടവഴിയും കയറിയിറങ്ങി. അവളുടെ വീട്ടിൽ ചെന്നു.

വേണു ചേട്ടൻ മുറ്റത്ത് അല്ലറ ചില്ലറ മിനുക്കുപണിയിലാണ്. ക്ലീനിങ് എന്നു വേണമെങ്കിൽ പറയാം.

വെളുപ്പിക്കാൻ ആ നരുന്തും കൂടെയുണ്ട്.

എന്നെ കണ്ടതും വന്നത് ഇഷ്ടപെടാത്ത ഒരു നോട്ടം സമ്മാനിച്ച് അവൾ അകത്തേയ്ക്കു കയറിപ്പോയി.

“ആഹാ മോൻ എന്നു വന്നു നാട്ടിൽ.. ”

“കഴിഞ്ഞ ആഴ്ച വന്നു…നമ്മുടെ നാട്ടിലെ ഉത്സവം കൂടാൻ പറ്റിയില്ലേ പിന്നെന്ത് ആഘോഷമാ വേണുച്ചേട്ടാ.. ”

“അതെ മോനെ.. പണ്ട് ഞാനും പട്ടാളത്തിൽ ആയിരുന്നപ്പോൾ.. “!

വേണുച്ചേട്ടൻ തുടങ്ങിയപ്പോഴേയ്ക്കും…. ഞാൻ ഒരു “പഴയ മുനിയെ “എടുത്തു മുന്നിൽ വച്ചു.

“ചേട്ടനിപ്പോ ഇതൊക്കെ നിർത്തിക്കാണും അല്ലെ. ”

“ഏയ്.. ഞാനോ.. ”

അതെ.. ഇവനെ (പഴയ മുനി )ഇവിടെവച്ചു പെരുമാറാൻ പറ്റില്ല.. വേണുച്ചേട്ടന്റെ തീരുമാനപ്രകാരം സംഗതി പാടത്തേയ്ക്ക് സെറ്റപ്പ് ആക്കി.

നല്ല ലൈറ്റായിട്ട് തണുത്ത കാറ്റും നേരിയ മഴയും.. സംഭവം പൊളിച്ചു.. വേണുച്ചേട്ടന്റെ കണ്ണിപ്പോൾ ചെന്താമര പോലെ വിരിഞ്ഞു. “മതി മോനെ ഇനിയായാൽ വീട്ടിൽ കേറാൻ പറ്റത്തില്ല.” വേണുച്ചേട്ടൻ ഒരടി പോലും പതറാതെ പോകുന്ന കണ്ടപ്പോൾ എനിക്ക് തോന്നി

“ഇപ്പൊ കേന്ദ്രഗവണ്മെന്റ് പറ്റിക്കാനും തുടങ്ങിയോ.”!

കുപ്പിയുടെ മൂടി തുറന്നു ഞാനൊന്നു മണപ്പിച്ചു നോക്കി…

“ഹോ അപാരം.. “!

വേണുച്ചേട്ടൻ പോകുന്ന കണ്ടപ്പോഴാണ് ഞാൻ

ഓർത്തത് ” പെണ്ണ് ചോദിക്കാനല്ലേ ഞാൻ വന്നത്..”

“ഇനിയിപ്പോ നാളെയാകാം.. അങ്ങനെ… നാളെ നാളെ നീളെ നീളെയായി ലീവ് തീരാൻ ഇനി 3 ദിവസമേയുള്ളു.

ഞാൻ ഓർത്തു..

“അമ്മയെ കൂട്ടി പോയാലോ.. “ഒരു പെണ്ണുകാണൽ..”

ന്തായാലും അമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു..

കാര്യങ്ങളെല്ലാം അമ്മ സമാധാനത്തോടെ

കേട്ടിട്ടു ” ലാസ്റ്റ് പറഞ്ഞ ഒരു വാക്ക്.. ”

“നീ നിന്റെ പെങ്ങളെ ആദ്യം കെട്ടിക്കാൻ..

നിന്റെ കല്യാണപ്രായം ആകുമ്പോൾ “ലെ പെണ്ണ് ” അവിടെയുണ്ടെങ്കിൽ നമുക്ക് ആലോചിക്കാം .!!

“ഹോ.. കണ്ണു നിറഞ്ഞുപോയി.. !!!

അങ്ങനെ പോകുന്ന ദിവസത്തിന്റെ തലേന്ന്..

അമ്മ കൈവിട്ടസ്ഥിക്ക് ഇനിയിപ്പോ കള്ളക്കണ്ണൻ തന്നേ ആശ്രയം..

രാവിലെതന്നേ ക്ഷേത്രത്തിൽ കണ്ണന്റെ മുൻപിൽ ഹാജരായി..

പുള്ളിയോട് വള്ളിപുള്ളി തെറ്റാതെ കാര്യങ്ങൾ അവതരിപ്പിച്ചു.. എന്റെ പെങ്ങടെ കല്യാണം നടക്കുന്നവരെ അവളെ ഒന്ന് നോക്കിക്കോണേ… അതിനുള്ള കൈക്കൂലി ന്താന്നു വച്ചാൽ അങ്ങുതന്നേക്കാം.. ഒരു പട്ടാളക്കാരൻ കൈക്കൂലി തരാൻ പാടില്ലാത്തതാണ്. പിന്നെ പോട്ടെ…

ഇതൊക്കെ സംസാരിച്ചുകൊണ്ടു നിൽക്കുമ്പോൾ അതാ ലവൾ..

ഞാൻ കണ്ണനെ ഒന്ന് നോക്കി… അവളെ കണ്ട സന്തോഷത്തിൽ പുറത്തിറങ്ങിയതും അടുത്തുനിന്ന അമ്മൂമ്മ ഒറ്റനിലവിളി..

“അയ്യോ…. ഈ കാലമാടൻ എന്റെ കാലുചവിട്ടി ഓടിച്ചു.. “!!

ഞാൻ അമ്മൂമ്മയെ നോക്കണോ അവളെ നോക്കണോ.. “ന്തായാലും അമ്മൂമ്മ മനുഷ്യനെ നാണംകെടുത്തി.. ”

“ശോ.. അവളുടെ മുഖത്ത് ഞാൻ ഒളിഞ്ഞു നോക്കി.. അവൾ പൊട്ടിച്ചിരിക്കുന്നു..

ഇവൾക്കെന്താ ഇത്ര ചിരിക്കാൻ എന്നോർത്ത് ഞാൻ അവളെ നോക്കിയതും അവളെന്നെ നോക്കിയതും ഒരുമിച്ചായിരുന്നു..

.ഇനിയിപ്പോ അങ്ങ് ചോദിച്ചേയ്ക്കാം. ഒന്നുമില്ലേ രണ്ടിലൊന്നറിയാല്ലോ.. മനസ്സിൽ ഒരു പേടിയുണ്ടോ.. ഒന്നൂടെ ആലോചിച്ചു.. ഉണ്ടോ..

ഏയ്…

ഇനിയവൾ ഇഷ്ടമല്ല ന്നു പറയുമോ..

“ന്നാൽ… നാണംകെട്ടത് തന്നേ.. ”

ദൂരേയ്ക്ക് നോക്കിയപ്പോൾ അവളിങ്‌ അടുത്തുവന്നു…

ന്ത്‌ പറയണമെന്നറിയാതെ ഞാൻ ആകെ കുഴഞ്ഞു.. മഴയാണേൽ തകർക്കുന്നുമുണ്ട്. അവൾ അടുത്തുവന്നപ്പോൾ ഞാൻ എന്തോ പറയാനായി വാ തുറന്നതും..

“അമ്മേ” ന്നൊരു വിളി..

ഞാൻ പെട്ടന്നവളുടെ കയ്യിൽ മുറുകെ പിടിച്ചു…

സംഗതി മനസ്സിലായില്ലല്ലേ..

അവളുടെ കാലൊന്നു ചവിട്ടി തെന്നി. അവൾ വെള്ളത്തിൽ പോകാൻ പോയപ്പോൾ ഞാൻ കേറി കയ്യിൽ പിടിച്ചു..

നൈസായി അവളെന്നെ നോക്കി ചിരിച്ചു.. ഞാൻ അവളെ നോക്കി ഒന്ന് മീശപിരിച്ചു.. കൂടെ ഒരു കള്ളചിരിയും പാസ്സാക്കി.

അന്നുതന്നെ അവളോട് ഇഷ്ടവും പറഞ്ഞു അടുത്ത വരവിൽ പെങ്ങടെ കല്യാണം നനടത്താനായി വീണ്ടും ഞാൻ നാടുവിട്ടു…

” പട്ടാളത്തിൽ തിരിച്ചുപോയിന്നു.. ”

** കാത്തിരുന്നു കാത്തിരുന്നു നിങ്ങളുടെയൊക്കെ പ്രാർത്ഥനയാണോ എന്തോ എനിക്ക് ലീവ് കിട്ടി…

ഇതാ കുഞ്ഞിരാമായണം സിനിമയിലെ വിനീത് ശ്രീനിവാസൻ വരുന്നപോലെ എന്റെ അടുത്ത വരവായി..

നാട്ടിലെ ഇടവഴികളിലൂടെ ഓട്ടോ യിലാണ് യാത്ര..

“അയ്യേ..ഓട്ടോയോ “!! ന്ന് ഓർത്ത് നെറ്റിചുളിക്കണ്ട.. എന്റെ അച്ഛന്റെ സ്വന്തം ഉടമസ്ഥയിലുള്ള വാഹനമാണ്.

“വീട്ടിൽ സ്വന്തമായി വാഹനമുള്ളപ്പോൾ മറ്റൊരുത്തന്റെ വാഹനത്തിൽ ഞാനെന്തിന് കേറണം.

അങ്ങനെ ഇങ്ങനെ നാട്ടിലെ ഇടവഴികയറി കുണ്ടും കുഴിയിലും കുലുങ്ങി കുലുങ്ങി പോകുമ്പോൾ മനസ്സിൽ നിറയെ കല്യാണ സ്വപ്നമാണ്.. എന്റെയല്ല അനിയത്തിയുടെ..

വീടെത്തി.. സാധനങ്ങൾ ഒരു ലോഡിങ്ങുകാരനെയും ഈ പരിസരത്ത് അടുപ്പിക്കില്ലെന്നുള്ള ഭാവേന അച്ഛൻ ഇറക്കി വയ്ക്കുന്നു.

ഞാൻ പെട്ടിയുടെ പിടിയിൽ പിടിച്ചു പൊക്കാനായി..

“വേണ്ട.. മോൻ എടുക്കണ്ട ഞാൻ എടുക്കാം. ”

“ഓഹ്.. ന്നാ പിന്നെ കാര്യങ്ങൾ നടക്കട്ടെ.” ഞാൻ വീട്ടിലേയ്ക്കു കയറി.

അമ്മയാണേൽ അടുക്കളയിൽ നിന്ന് ഓടി വന്നു. മോനെ കണ്ടതും കേട്ടിപിടിച്ചു ഉമ്മവച്ചു കണ്ണൊന്നു നിറഞ്ഞു.. അതുകണ്ട എന്റെയും..

പട്ടാളത്തിൽ പോയി ന്ന് പറഞ്ഞിട്ട് ഒരുകാര്യവുമില്ല ഞാൻ പാവം ഒരു ലോലഹൃദയനാണ്..

ഇവിടെ വേറൊരു സാധനമുണ്ടായിരുന്നല്ലോ…

ഞാൻ നേരെ അവളുടെ മുറിയിൽ ചെന്നു.

ഓഹോ ഫോണിൽ കുത്തി കുത്തി ഉറങ്ങിപോയതാണല്ലേ..

“ശല്യം ചെയ്യേണ്ട എവിടെയാ അടിവീഴുന്നെ ന്നറിയില്ല. ഉറക്കത്തിൽ ബോധമില്ലാഴിക ഒരു തെറ്റല്ലല്ലോ.. ”

അങ്ങനെ ഞാൻ പിറ്റേന്ന് മുതൽ പെങ്ങളെ കെട്ടിക്കൽ ദൗത്യവുമായി കണ്ട ബ്രോക്കർ, മാട്രിമോണിയൽ., പരിചയം എല്ലാ വഴിക്കും ചെക്കനെ തപ്പൽ ഊർജിതമായി നടത്തി ..

അവളാണേൽ ആലോചനയെല്ലാം വേണ്ട വേണ്ട എന്ന് പറഞ്ഞിരിക്കുന്നു.. ഒടുവിൽ എല്ലാം ഒത്തുവന്ന ഒരു കല്യാണാലോചന വന്നപ്പോൾ അവൾക്ക് പറയാത്ത കുറ്റങ്ങളൊന്നുമില്ല..

“എന്താവും കാരണം… ! ഞാൻ രാത്രിയും പകലും ആലോചിച്ചു.. പുകവലിച്ചാലോചിക്കുന്നു.. വെള്ളമടിച്ചാലോചിക്കുന്നു… ഇതൊന്നും പോരാഞ്ഞിട്ട് അവസാനം രാത്രിയിൽ 3 മണി ആയപ്പോൾ ഒരു ചെറിയ ബോധോദയം…

“ലവളോട് ചോദിക്കാം..”

ഞാൻ ഫോൺ വിളിച്ചു..

“ഡീ പെണ്ണെ.. ഒരു പെൺകുട്ടി വരുന്ന കല്യാണാലോചനയെല്ലാം വേണ്ടാന്ന് പറയുന്നെങ്കിൽ എന്താകും കാരണം.”.

ലവൾക്ക് സംഗതി കത്തി..

“നിങ്ങളുടെ പെങ്ങളുടെ ഫോൺ ഒന്ന് സേർച്ച്‌ ചെയ്തുനോക്ക്. ന്നിട്ട് ആളെ കണ്ടുപിടിച്ചു കെട്ടിക്ക്. അല്ല പിന്നെ രാത്രി മനുഷ്യന്റെ ഉറക്കം കളയാനായി.”!

. അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു.

ഞാനപ്പോൾ ഓർത്തത് എന്താന്നല്ലേ..

” ഇതുവരെ “തേനേ.. പൊന്നെ.. ” ന്നുവിളിച്ചു സംസാരിച്ച അവളാണോ ഈ സംസാരിച്ചത്… രാത്രിയിൽ ഇവളുടെ സ്വഭാവം ഇങ്ങനാണോ.. ഈശ്വരാ.. !

ആ അതെന്തെലുമാകട്ടെ..

അങ്ങനെ പിറ്റേന്ന് മുതൽ ഞാൻ അനിയത്തിയുടെ പുറകെയായി. അവൾ ബാത്‌റൂമിൽ കയറിയ തക്കം നോക്കി അറിയാവുന്ന പാസ്സ്‌വേർഡ്‌ എല്ലാം പരീക്ഷിച്ചു.. രക്ഷയില്ല അവളുടെ കുളി കഴിഞ്ഞു.

ശോ.. ഞാൻ അടുത്ത ദിവസം അവളുടെ നിഴലായി പുറകെ നടന്നു. അവൾ ഫോണിനിട്ടേയ്ക്കുന്ന പാസ്സ്‌വേർഡ്‌ കണ്ടുപിടിച്ചു.

ഇനി അവൾ കുളിക്കാൻ പോകണം..

ഓക്കേ..

അവൾ കുളിക്കാൻ കയറിയ തക്കം നോക്കി ഞാൻ ഫോൺ ഓപ്പൺ ചെയ്തു. ചാറ്റ് ലിസ്റ്റ് ഓരോന്നായി വായിച്ചു നോക്കി..

ആഹാ.. ശെരിയാക്കി തരാമെടാ മരമാക്രി നിന്നെ..

ഞാൻ അവളുടെ വാട്സ് ആപ് ഹാക്ക് ചെയ്തു എന്നിട്ട് ഒന്നുമറിയാത്ത പോലെ ഫോൺ വച്ചിട്ട് പുറത്തിറങ്ങി. പതിവുപോലെ അവൾ,”മെസ്സേജ് ടൈപ്പിംഗ്‌” ന്ന് കാണിക്കുമ്പോൾ ഞാൻ ഓൺലൈനിൽ കുത്തിയിരിക്കും. പിന്നെയൊരു ഇരിപ്പാണ്. രാത്രി ഉറക്കമില്ലാതായി. പകലുപോലും കിടന്നുറങ്ങാത്ത അവളെ കണ്ടു ഞാൻ ആലോചിച്ചു ഇനി അവളുതന്നെയല്ലേ ചാറ്റുന്നത്. ഹോ അവളുടെ മെസ്സേജ് കണ്ടാൽ കൂടെപിറന്ന എന്നോട് ഒരിക്കലെങ്കിലും ഒരിറ്റുസ്‌നേഹം.. അത് വരില്ല. എന്റെ കണ്ണുനിറഞ്ഞുപോയി. അതെന്തായാലും ഞാൻ ആരും കാണാതെ തൂത്തുകളഞ്ഞു. പിന്നെ അവളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആദ്യം” കുട്ടി മിണ്ടണില്ല “ന്ന് പറഞ്ഞെങ്കിലും പിന്നെ കുട്ടി മിണ്ടിക്കൊണ്ടേയിരുന്നു . ഞാൻ പാവം മിണ്ടിയില്ല “ന്താന്നല്ലേ.. ”

അവൾക് അവനെ മതീന്ന്.

ന്തായിരുന്നു എന്റെ മനസ്സിന്റെ മോഹം ഗവണ്മെന്റ് ജോലി, വീട്, ചെക്കന് കാണാൻ ലുക്ക്‌ എല്ലാമായി…. അവന് ജോലി പ്രൈവറ്റ് സ്ഥാപനത്തിൽ. വീട് ഇനി വെക്കണോ വേണ്ടയോ എന്ന് അവൻ ചിന്തിച്ചിട്ടുപോലുമില്ല പിന്നെ സൗന്ദര്യം.. അതെന്താണോ ഈ കാണാൻ ഇത്തിരി ഭംഗി ഉണ്ടായിപോകുമ്പോഴേ പെൺപിള്ളാരുടെ ഒരു ശപഥമാണ് കറുത്ത ചെക്കൻ. അങ്ങനെ പവനായി ശ വമായി.. എന്തായാലും എതിർക്കാൻ പോയാൽ അവളിറങ്ങിപോയി അവസാനം എന്റെ കല്യാണാലോചനയും പൊട്ടും. വേണ്ട. അവന്റെ പ്രൊഫൈൽ ഒന്നൂടെ നോക്കി.

ന്തുചെയ്യാനാ “അളിയാ “ന്ന് വിളിക്കാനാ യോഗം… ! കല്യാണം അങ്ങനെ എന്റെയും അനിയത്തിയുടേം ഒരു പന്തലിൽ പൊടിപൊടിച്ചു. അങ്ങനെ അവളും ഹാപ്പി ഞാനും ഹാപ്പി.

“ഇനിയിപ്പോ ന്താ.. എല്ലാവരും ഇവിടെ..”

കഥയൊക്കെ കഴിഞ്ഞില്ലേ ഇനി എന്റെ പെണ്ണിനോട് ചിലതു രഹസ്യമായി പറയാനുണ്ട്…

അത് നിങ്ങളോട് പറയില്ല പ്ലീസ് നിർബന്ധിക്കരുത്.

Nb. കുറവുകൾ പറയാൻ മടിക്കരുതേ…. ഇഷ്ടമായോ ലൈക്ക് ഷെയർ ചെയ്യണേ…

രചന: രജിത ശ്രീ

Leave a Reply

Your email address will not be published. Required fields are marked *