അവളെ സംരക്ഷിച്ചു കൊണ്ടിരുന്ന അയാളുടെ കൈ വലയങ്ങൾ പതിയെ അഴിഞ്ഞു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: പാർവതി പാറു

പ്ലസ് ടു വിന്റെ തുല്യതാ ക്ലാസ്സിനു പോയപ്പോൾ ആണ് അവളെ ആദ്യമായി പരിചയപ്പെടുന്നത്, കാണാൻ നല്ല സുന്ദരി കുട്ടി, ഒരു 23 നോടടുത്ത് പ്രായം, അവളുടെ വിവാഹം കഴിഞ്ഞിട്ടില്ല,

വിവാഹിതരും അല്ലാത്തവരും എല്ലാം കൂടി ചേർന്നതാണ് തുല്യതാ ക്ലാസ്, പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വേണ്ടി ഒരു അവസരം കൂടി, പകുതിയിലേറെപ്പേരും വിവാഹിതരാണ്, അവളെ കാണുമ്പോൾ എനിക്ക് കുശുമ്പ് തോന്നാറുണ്ട്, നേരത്തെ ചാടിക്കേറി വിവാഹം കഴിക്കേണ്ട ആയിരുന്നു അവൾക്കു എന്തു സന്തോഷമാണ്, വീട്ടിൽ അമ്മയും അച്ഛനും ഒരു ചേട്ടനും ആയി അവളിന്നും അവരുടെ ഇടയിൽ തീരെ ഒരു കൊച്ചുകുട്ടിയെപ്പോലെ ജീവിക്കുന്നു,

നേരെ മറിച്ചാണ് എന്റെ കാര്യം, നന്നേ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞു, പത്തൊമ്പതാമത്തെ വയസ്സിൽ തന്നെ അമ്മയായി, സ്നേഹിച്ചു വിവാഹം കഴിച്ചതുകൊണ്ട് വീട്ടുകാരോ കുടുംബക്കാർ ആരോ ആരുമില്ല, എല്ലാം സ്വയം അനുഭവിക്കുകയാണ്, എന്റെ അവസ്ഥ മനസ്സിലാക്കി ഞാൻ അവളോട് പറയുമായിരുന്നു, ലവ് മാരേജ് ആണെങ്കിലും വീട്ടുകാരറിയാതെ ഒന്നും ചെയ്യരുത്, ഒറ്റപ്പെട്ടു പോകും എന്നൊക്കെ, അനുഭവമാണല്ലോ ഗുരു!!

കൂടെ പഠിച്ചിരുന്ന, മൂന്നുനാലു പേരും കൂടി കൂട്ടായി, നല്ല കട്ട ഫ്രണ്ട്സ്, വീണ്ടും തിരിച്ചു കിട്ടിയ ആ സ്കൂൾ ലൈഫ്, ഞങ്ങൾക്ക് ഒരുപാട് സന്തോഷം ആയിരുന്നു…എത്ര കൂട്ടുകാർ ഉണ്ടെങ്കിലും കൂട്ടത്തിൽ എനിക്ക് അവളെ ആയിരുന്നു ഇഷ്ടം, എന്റെ ശ്രീയെ ശ്രീദേവി എന്നാണ് അവളുടെ പേര്, ഞങ്ങളെല്ലാം അവളെ ശ്രീ എന്ന് വിളിക്കും. പേരുപോലെ തന്നെ അതിസുന്ദരിയായിരുന്നു അവൾ, നല്ല വലിയ കണ്ണും മനോഹരമായ മുഖത്തോടു കൂടിയവൾ, അവളെപ്പറ്റി ഇത്രയേറെ പറയുവാൻ എന്താണെന്ന് ചോദിച്ചാൽ, ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല ഇത്രയേറെ കുടുംബത്തെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ‘അമ്മ ‘എന്നു പറഞ്ഞാൽ മരിക്കും അവൾ, അതുപോലെതന്നെ ആരുടെയെങ്കിലും സങ്കടമോ വിഷമമോ കേട്ടാൽ പിന്നെ അവൾക്ക് ആയിരിക്കും അതിലിരട്ടി വിഷമം, ഒരായിരം തവണ അവൾ പറയും “അയ്യോ കഷ്ടം, പാവം ” എന്നൊക്കെ, അത്രയ്ക്ക് പാവം ആയിരുന്നു എന്റെ ശ്രീ,

ഇടയ്ക്കെപ്പോഴോ മനസ്സിൽ ഒരു ചെറു പ്രണയം ഉണ്ടായിരുന്നെങ്കിലും അവന്റെ അതിരു കവിഞ്ഞ സംശയവും വഴക്കും അവർക്കിടയിൽ കൂടിയപ്പോൾ അവന്റെ സ്നേഹം സത്യമല്ലെന്ന് ഞങ്ങൾക്ക് തെളിയിക്കേണ്ടി വന്നു, അവളത് പതിയെ തിരിച്ചറിഞ്ഞു, ആയിടയ്ക്കാണ് വീട്ടുകാർ അവൾക്ക് വിവാഹാലോചനകൾ നടത്തി തുടങ്ങിയത്, ഞായറാഴ്ച മാത്രമുള്ള ക്ലാസ്സിന് വരാറുള്ള അവൾ ഇടയ്ക്ക് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു, കിട്ടുന്ന പൈസ ഒരു രൂപ പോലും കളയാതെ സ്വന്തം ആവശ്യങ്ങൾക്ക് പോലും എടുക്കാതെ അമ്മയെ ഏൽപ്പിക്കുന്നത് പതിവായിരുന്നു, അവളെപ്പറ്റി ഒരു വാക്ക് പോലും കുറ്റം പറയാൻ അമ്മയ്ക്കും കഴിയുമായിരുന്നില്ല, അങ്ങനെയിരിക്കെ ഒരു ഗവൺമെന്റ് ജോലിക്കാരനും ആയി അവളുടെ വിവാഹം ഉറപ്പിച്ചു, അവളേക്കാൾ 14 വയസ്സു കൂടുതലായിരുന്നു അയാൾക്ക്, എങ്കിലും ഗവൺമെന്റ് ജോലി ഉള്ളതുകൊണ്ട് പെട്ടെന്നുതന്നെ ആ വിവാഹം ഉറപ്പിച്ചു, അവളും സന്തോഷവതിയായിരുന്നു, വിവാഹ നിശ്ചയത്തിനു ശേഷം അയാളുമായി അവൾ വളരെ പെട്ടെന്ന് അടുത്തു, അവൾ എപ്പോഴും ഞങ്ങളോട് പറയുമായിരുന്നു അയാളുടെ കാര്യങ്ങൾ, അവളെ പോലെ തന്നെ ഒരു നല്ല മനസ്സിന് ഉടമയായിരുന്നു അയാൾ, ഒരുപാട് കെയർ ചെയ്യുമായിരുന്നു അവളെ…. ഫ്രണ്ട്സ് എന്ന നിലയിൽ ഞങ്ങൾക്കും അയാളെ ഇഷ്ടമായി, ഇടയ്ക്കെപ്പോഴോ സ്കൂളിൽ വെച്ച് ഞങ്ങളും കണ്ടു സംസാരിച്ചിരുന്നു അയാളോട്, ഒരു പാവം മനുഷ്യൻ, അവർക്കു ചേരുന്ന ഒരുത്തൻ എന്ന് ഞങ്ങളും വിധിയെഴുതി,

വൈകാതെ അവളുടെ വിവാഹം എത്തി, ഒരേ പോലെ ഇരിക്കുന്ന വസ്ത്രം ധരിച്ച് ഞങ്ങളിൽ കഴിയുംവിധം അവളുടെ വിവാഹത്തിൽ വെറൈറ്റി ഉണ്ടാക്കി, ആർഭാടമായി തന്നെ അവളുടെ വിവാഹം നടന്നു, വിവാഹശേഷവും അവൾ വളരെ ഏറെ സന്തോഷവതിയായിരുന്നു, അയാൾക്ക് കൊണ്ടുപോകാൻ കഴിയുന്ന സ്ഥലത്തെല്ലാം അവളും അയാളുമായി യാത്ര ചെയ്തു, അവളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ എല്ലാം അവൾ ഞങ്ങളുമായി ഷെയർ ചെയ്യുമായിരുന്നു, അവളുടെ വിവാഹജീവിതം സന്തോഷം ആയതിൽ ഞങ്ങളും ആശ്വസിച്ചു,

വൈകാതെ, വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപ് അവൾ ഗർഭിണിയുമായി, അതും പറഞ്ഞ് ഞങ്ങൾ അവളെ ഒരുപാട് കളിയാക്കുമായിരുന്നു,” ഇനിയും സമയം ഉണ്ടായിരുന്നല്ലോ ഇത്ര പെട്ടെന്ന് ഒന്നും വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു കൊണ്ട് ”

എങ്കിലും പെട്ടെന്ന് ഒരു കുഞ്ഞിനെ കിട്ടിയതിൽ അവളും അവളുടെ ഭർത്താവും ഒരുപാട് സന്തോഷിക്കുന്നുണ്ടായിരുന്നു, അവളെ അതീവശ്രദ്ധയോടെ അയാൾ നോക്കുന്നത് കണ്ട് ഞാൻ പലപ്പോഴും അതിശയിച്ചിട്ടുണ്ട്, ഇതുപോലെയൊക്കെ ഒരു ഭർത്താവിന് സ്നേഹിക്കാൻ കഴിയുമോ എന്നോർത്ത്, അങ്ങനെ മാസങ്ങൾ കഴിഞ്ഞു,

ഇടയ്ക്കിടെ അയാൾക്കൊരു വയറുവേദന ഉണ്ടാകുമായിരുന്നു, അവളോടുള്ള സന്തോഷ നിമിഷങ്ങൾ അയാൾ അതിനെ അത്ര കാര്യമാക്കിയില്ല, വേദനസംഹാരികൾ കഴിച്ചുകൊണ്ട് അയാള് വേദനയെ മറക്കാൻ ശ്രമിച്ചു, പക്ഷേ ഒരു ദിവസം തീരെ സഹിക്കാൻ വയ്യാതെ വന്നപ്പോൾ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കാണിച്ചു, അപ്പോഴാണ് അറിയാൻ കഴിഞ്ഞത് ആ സത്യം, അയാൾക്ക് കരളിൽ കാൻസറായിരുന്നു, അറിയാൻ ഏറെ വൈകി പോയെന്ന് ഡോക്ടർ പറഞ്ഞു, അപ്പോഴേക്കും അവൾ 7 മാസം ഗർഭിണി,

അവളെ സംരക്ഷിച്ചു കൊണ്ടിരുന്ന അയാളുടെ കൈ വലയങ്ങൾ പതിയെ അഴിഞ്ഞു, അയാൾ ചികിൽസക്കായി ഹോസ്പിറ്റലിൽ ആയി, അവളെ എന്തുപറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ഞങ്ങളും,അയാൾ ഫസ്റ്റ് കീമോ കഴിഞ്ഞു, അവളെ കാണാൻ ഏറെ കൊതിയോടെ വീട്ടിൽ വന്നു, അവൾ അന്ന് അയാളുടെ വീട്ടിൽ ഇല്ലായിരുന്നു, അമ്മയ്ക്കൊപ്പം സ്വന്തം വീട്ടിൽ പോയിരുന്ന അവൾ, രാവിലെ വരുന്നതും കാത്ത് ഉറങ്ങാൻ കിടന്നതായിരുന്നു അയാൾ, പക്ഷേ ആ ഉറക്കം വിട്ട് എഴുന്നേൽക്കാൻ അയാൾക്ക് കഴിഞ്ഞില്ല….., രംഗബോധമില്ലാത്ത, അയാളെ ദൈവം കൂട്ടിക്കൊണ്ടുപോയി, ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കായ്….,തന്റെ ജീവനെ കാണാനെത്തിയ ആ പൂർണ്ണ ഗർഭിണിയ്ക്ക് തന്റെ പ്രിയതമന്റെ ജീവനറ്റ ശരീരമായിരുന്നു വരവേറ്റത്, തന്റെ കുഞ്ഞിനെ ഒരു നോക്കു പോലും കാണാതെ വിധിയെ തോൽപ്പിക്കാൻ ആകാതെ ഉണരാത്ത ഉറക്കത്തിലേക്ക് അയാൾ പോയി,

പൂർണ്ണഗർഭിണിയായ അവൾ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ ചുറ്റുമുള്ളവർ വിഷമിച്ചു, അത്രയേറെ സ്നേഹിച്ചിരുന്നു അവർ തമ്മിൽ, അവളുടെ മനോനില തെറ്റി പോകുമോ എന്നു വരെ ഞങ്ങൾ ഒരുപാട് പേടിച്ചു, അവളുടെ മുഖത്തേക്ക് നോക്കാൻ പോലും ഉള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല, അവളെ കാണനോ അവളെ ആശ്വസിപ്പിക്കാനോ എനിക്ക് കഴിയുമായിരുന്നില്ല, എനിക്കെന്നല്ല ആർക്കും കഴിയുമായിരുന്നില്ല, എന്ത് ആശ്വാസവാക്കുകൾ പറഞ്ഞാലും അവൾക്കു നഷ്ടപ്പെട്ടത് തീർത്താൽ തീരാത്ത നഷ്ടം തന്നെയായിരുന്നു, ഞാൻ അവൾക്കരികിൽ പോകാൻ മടിച്ചു,

എന്റെ പ്രിയ കൂട്ടുകാരിയെ അവളുടെ അവസ്ഥയിൽ, ആശ്വസിപ്പിക്കാൻ കഴിയാത്ത ഞാൻ അവളുടെ കൂട്ടുകാരി ആണ് എന്നുപറയുന്നതിൽ ഞാനിപ്പോൾ ലജ്ജിക്കുന്നു, പക്ഷേ എന്തുപറയണമെന്നറിയാതെ, എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ, മറ്റെല്ലാവരും കൂടെ ഉണ്ടായിരുന്നിട്ടും അവൾക്കരികിൽ അന്നു പോകാൻ ഞാൻ മടിച്ചു എനിക്ക് സഹിക്കുമായിരുന്നില്ല അവളുടെ കണ്ണുനീർ കാണുവാൻ,

വൈകാതെ അവൾ ഒരു പെൺകുഞ്ഞിനു ജൻമം നൽകി, അവന്റെ ആഗ്രഹം പോലെ തന്നെ, അവർക്ക് ഒരു പെൺകുഞ്ഞിനെ തന്നെ കിട്ടി, അയാളെ പറിച്ചു വെച്ച പോലെ ഉള്ള ഒരു കുഞ്ഞ്, ഒരു സുന്ദരി പെൺകുട്ടി, കൂട്ടുകാരുടെ കയ്യിൽ നിന്നും ആ കുട്ടിയുടെ ഫോട്ടോ കണ്ടു, എന്നിട്ടും അവളെ കാണാൻ പോകാൻ എനിക്ക് കഴിഞ്ഞില്ല, എന്തു പറഞ്ഞു അവൾക്കു മുമ്പിൽ ചെല്ലും?, അവളോട് എന്തു പറഞ്ഞു സംസാരിക്കും?, എങ്കിലും മറ്റു കൂട്ടുകാർ വഴി അവളുടെ വിശേഷങ്ങൾ ഞാൻ തിരക്കുമായിരുന്നു, ഇന്ന് അവൾ നിലനിൽക്കുന്നത് അവളുടെ ആ പൊന്നോമന കാരണമാണ്,, അവൾക്കു വേണ്ടിയാണ് അവൾ തളരാതെ നിൽക്കുന്നത്, കാരണം അവൾക്കറിയാം, അവൾ ഇല്ലെങ്കിൽ ആ കുരുന്നിന് ഈ ഭൂമിയിൽ സ്വന്തമായി ആരുമില്ലെന്ന്,,,

(എന്റെ പ്രിയ കൂട്ടുകാരിയെ ഇന്നും സ്നേഹത്തോടെ ഓർത്തുപോയി, അതുകൊണ്ടുമാത്രം എഴുതിയതാണ്, ഒരിക്കലും ഇതുപോലുള്ള അവസ്ഥ ഭൂമിയിൽ ഒരു പെണ്ണിനും വരാതെ ഇരിക്കട്ടെ, ചുറ്റും സ്നേഹത്തോടെ ചേർത്തു നിർത്തുവാൻ, ആരെല്ലാം ഉണ്ടെങ്കിലും, ഒരു നിമിഷത്തേക്കെങ്കിലും തന്നെ ആത്മാർത്ഥമായി സ്നേഹിച്ചവനെ മറക്കുവാൻ ലോകത്ത് ഒരാൾക്കും കഴിയില്ല, ആ നോവുകൾ ഒരായിരം തവണ മരിച്ചു ജീവിക്കുന്നത് പോലെ തന്നെയാണ്,എന്റെ പ്രിയ കൂട്ടുകാരി ഇന്നും ഞാൻ നിന്നെ ഓർക്കുന്നു സ്നേഹത്തോടെ തന്നെ,❤)

രചന: പാർവതി പാറു

Leave a Reply

Your email address will not be published. Required fields are marked *