കല്യാണരാത്രി കാലിൽ ഇട്ടുകൊടുക്കാൻ എന്ന് കരുതി കൊലുസ് കാണിച്ചപ്പോൾ അവൾക്ക് ചിരി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Divya Anu Anthikad

ഒരു വെള്ളികൊലുസിനിത്ര പ്രശ്നം ഉണ്ടാക്കാൻ ഉണ്ടോ ?

“ഉണ്ടോ എന്നോ ?ഉണ്ട് എനിക്ക് നിന്റെ കാലിൽ വെള്ളികൊലുസ് കിലുങ്ങുന്നത് കാണുകേം കേൾക്കുകേം വേണം .അത് നിനക്കിപ്പോളും മനസ്സിലായില്ലേ ?ശരിയാണ് നീ സ്വർണ്ണ പാദസ്വരം ഇട്ട് വന്നതാണ് ,ഞാനത് നശിപ്പിച്ചിട്ടൊന്നും ഇല്ലല്ലോ അല്ലേ ?”

ഇതിപ്പോ മൂന്നാമത്തെ ഞാൻ നിനക്ക് വാങ്ങി തരണേ അതും ഒരു കൊല്ലത്തിനിടക്ക് .നിനക്ക് ഡിസൈൻ പിടിക്കുന്നില്ല എന്ന് കരുതിയല്ലേ ഞാൻ ഇത് മാറ്റിത്തന്നെ എന്നിട്ടും …

ഇനി ഞാൻ ഒന്നും പറയുന്നില്ല .നിർബന്ധിക്കുന്നുമില്ല .ഇഷ്ട്ടം പോലെ നീ ചെയ്‌തോ .

“പക്ഷേ പിറ്റേന്ന് മുതൽ അയാൾ ഹാളിലേക്ക് കിടത്തം മാറ്റിയിരുന്നു .അവൾക്കത് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല എന്തിനാണ് ഇത്ര ചെറിയ കാര്യത്തിന് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്ന് !!

കാപ്പീം പലഹാരോം കഴിച്ചെന്നു വരുത്തും ,ഉച്ചക്ക് ഊണ് ഓഫീസ് ക്യാന്റീനിൽ നിന്ന് ആക്കി മാറ്റി .അവൾക്കൊരേ സമയം ചിരിയും കരച്ചിലും വന്നു .ഇതെന്തു കൂത്ത് .ആരോടെങ്കിലും പറയാൻ പറ്റോ !പറഞ്ഞാൽ ആളോള് ചിരിക്കില്ലേ !ഒരുകണക്കിന് തറവാട്ടിൽ നിന്ന് മാറി ഓഫീസ് ആവശ്യത്തിന് വേറെ വീടെടുത്ത് താമസം ആക്കിയത് എത്ര നന്നായി .അല്ലേ ആളോള് പറയില്ലേ ഇതൊക്കെ കാണുമ്പോ ഞാൻ എന്തോ ചെയ്തിട്ടോ ,പറഞ്ഞിട്ടോ ആണ് ഇങ്ങനൊക്കെ എന്ന് !!

എന്തായാലും ഇതെവിടെ വരെ പോവുന്നു എന്ന് നോക്കാം അല്ല പിന്നെ …

“സത്യത്തിൽ ഞാനൊരു സ്വപ്നജീവി ആണെന്ന് അവൾ കരുതുന്നുണ്ടാകാം .ആകട്ടെ ..അവൾക്കറിയില്ല വെള്ളി പാദസ്വരം കാലിൽ കിടക്കുന്നതിന്റെ അഴക് .കല്യാണത്തിനൊരാഴ്ച്ച മുന്നേ ഒരെണ്ണം വാങ്ങി വച്ചതും ആദ്യദിവസം അവളുടെ കാലിൽ അണിയിക്കാൻ ആഗ്രഹിച്ചതും അത്ര വലിയ തെറ്റൊന്നുമല്ല .കല്യാണരാത്രി കാലിൽ ഇട്ടുകൊടുക്കാൻ എന്ന് കരുതി കൊലുസ് കാണിച്ചപ്പോൾ അവൾക്ക് ചിരി .എന്നിട്ട് ഒരു പറച്ചിലും “ഞാൻ ഓർമ്മ വച്ചെപ്പിന്നെ വെള്ളി ഇട്ടിട്ടില്ല എനിക്ക് ഇഷ്ടമല്ല എന്ന് ” എന്നിട്ടും ഒരാഴ്ച്ച കഷ്ടി ഇട്ടെന്ന് വരുത്തി . ഈ ഒരു കൊല്ലത്തിനിടക്ക് പിറന്നാൾ വന്നപ്പോളും ,കല്യാണ നിശ്ചയം നടത്തിയ ദിവസം വന്നപ്പോഴും ഞാൻ കൊടുത്തത് വെള്ളി കൊലുസാണ് .അതിലേതെങ്കിലും ഒന്ന് അവൾക്ക് ഇട്ടൂടെ .അപ്പൊ വാശി .ഇനി ഇത് വിട്ട് കൊടുക്കാൻ പറ്റില്ല .അവൾ ഇടണം ഇട്ടേ പറ്റു ”

ഒരു ദിവസം രണ്ട് ദിവസം അങ്ങിനെ ഒരാഴ്ച്ച കടന്നുപോയി .പരസ്പരം മിണ്ടാട്ടം തന്നെ കുറഞ്ഞു തുടങ്ങിയ പോലെ .രണ്ടുപേർക്കും മിണ്ടണം എന്നുണ്ട് പക്ഷേ വാശി ..

“പക്ഷേ അന്ന് രാത്രിയിൽ പതുക്കെ അയാൾ അവളുടെ അടുത്ത് ചെന്നിരുന്നു .അവളുടെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു .അയാളവളുടെ തല തെല്ലൊരു ബലത്തോടെ തന്റെ നെഞ്ചിലേക്ക് ചാരി വച്ചിട്ട് പറഞ്ഞു .എടൊ എനിക്ക് സ്കൂളിൽ പഠിക്കുമ്പോ ഒരു പെൺകുട്ടിയെ ഭയങ്കര ഇഷ്ട്ടമായിരുന്നു .തല നിറയെ മുടിയും കാലിൽ വെള്ളികൊലുസൊക്കെ ഇട്ട ഒരു പെൺകുട്ടി .എന്റെ ഇഷ്ടം ഞാൻ അവളോടെന്നല്ല ആരോടും ഇത് വരെ പറഞ്ഞിട്ടില്ലായിരുന്നു .അതിനൊന്നും ഉള്ള സാഹചര്യം ,ധൈര്യം ഒന്നുമില്ലായിരുന്നു .പക്ഷേ അന്ന് തൊട്ട് തുടങ്ങിയതാ വെള്ളി പാദസ്വരത്തോടുള്ള ഇഷ്ടം .തനിക്ക് ഒട്ടും ഇഷ്ടമല്ലെങ്കിൽ ഇടണ്ട ഞാൻ ഇനി പറയില്ല .വാ നമുക്കൊന്ന് പുറത്തു പോയി വരാം ..”

അവൾ കണ്ണ് തുടച്ചു അകത്തേക്ക് പോയി വസ്ത്രം മാറി വരുമ്പോൾ കേട്ടു ആ ശബ്ദം കൊലുസിന്റെ ….അവൾ അടുത്ത് വന്ന് മുഖത്തൊന്നു നുള്ളിയിട്ടു പറഞ്ഞു ദാണ്ടെ ഞാൻ ഇട്ടുട്ടോ .ഇനി ഇതൂരില്ല ഉറപ്പ് .സന്തോഷം ആയില്ലേ “??

“അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു സന്തോഷം ആയില്ലെന്നോ ഒത്തിരി ആയെടോ .വാ വന്നു വണ്ടിയിൽ കേറൂ .”

അവൾ പുറകിൽ അയാളെ ചുറ്റി പിടിച്ച് ഒരാഴ്ച്ച മിണ്ടാതായതിന്റെ ,ഭക്ഷണം കഴിക്കാതായതിന്റെയൊക്കെ പരാതി പറഞ്ഞുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു .

“അയാൾ പക്ഷേ ഉള്ളിൽ ചിരിച്ചുകൊണ്ട് ആലോചിച്ചു .എടി മോളെ സെന്റിമെൻസിൽ സ്നേഹിക്കാത്ത പെണ്ണുണ്ടോ .നിന്നെ കൊണ്ട് പാദസ്വരം ഇടീക്കാൻ ഒരു കാമുകിയെ സൃഷ്ട്ടിച്ചു അവൾക്ക് കിലുങ്ങുന്ന ഒരു കൊലുസും കൊടുത്തു .സംഗതി ക്ളീൻ അഞ്ചു മിനിറ്റിൽ എന്റെ പെണ്ണിന്റെ കാലിൽ കിലുക്കം വന്നു അത്ര തന്നെ ….”

രചന: Divya Anu Anthikad

Leave a Reply

Your email address will not be published. Required fields are marked *