ഞാൻ അന്ധമായി വിശ്വസിച്ച എന്റെ പ്രാണൻ ആയവൻ മറ്റൊരു പെണ്ണിനെ പുൽകി നിക്കുന്നു…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

കടപ്പാട്: തസ്യ ദേവ

ആർദ്രം

” ചിഞ്ചുവേ …നി അറിഞ്ഞോ ?”

അച്ചുവിന്റെ ചോദ്യത്തിന് എന്തെ എന്ന ഭാവത്തിൽ കയ്യിൽ ഇരുന്ന ചന്ദനം നെറ്റിയിൽ ചേർത്ത് കൊണ്ട് നോക്കി.

” മഹിയേട്ടൻ വന്നിട്ടുണ്ട്…” നെറ്റിയിൽ ചേർത്ത ചന്ദനത്തിന്റെ തണുപ്പിനെക്കാൾ കുളിരായിരുന്നു അവളുടെ വാക്കുകൾക്ക്.

” നിയ്യ്‌…നിയ്യ്‌ കണ്ടോ? എപ്പോയ വന്നത്?…ഇനിം ഇവിടെ ഉണ്ടാവുമോ?” വാക്കുകളിൽ ആകാംശയും സന്തോഷവും മറ്റെന്താല്ലാമോ വികാരങ്ങൾ ഒരുപോലെ നിറഞ്ഞു.

” ഞാൻ കണ്ടില്ല ,രാവിലെ ഏട്ടനെ വിളിക്കാൻ അരുണേട്ടൻ വന്നപ്പോൾ ആണ് പറഞ്ഞത്. ഇന്നലെ രാത്രിയിൽ എന്തോ ആണ് വന്നത്.ഇനി പോകുവോ എന്നോന്നും അറിയില്ല പക്ഷെ…ആളുടെ കല്യണം ഉടനെ കാണും..”

” ക്.. കല്യണമോ… നിന്നോട് ആരാ പറഞ്ഞത്?” ചോദിക്കുമ്പോൾ അറിയാതെ തൊണ്ടയിടറി …അരുതെന്ന് വിലക്കിയിട്ടും കണ്ണുകൾ നിറഞ്ഞു വന്നു.

” അത് കഴിഞ്ഞ ദിവസം അവിടുത്തെ ആയമ്മ ചിറ്റയെ കണ്ടപ്പോൾ പറഞ്ഞു. മഹിയേട്ടൻ ഉടനെ വരുമെന്നും വന്നാൽ ഉടനെ കല്യണം ഉണ്ടാവും എന്നും. ”

നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ അവളിൽ നിന്ന് മറയ്ക്കാൻ എന്നവണ്ണം വേഗം തന്നെ ഞാൻ അവിടെ നിന്ന് മുൻപോട്ട് നടന്നു.

” നിക്കേടി…ഞാനും ഉണ്ട്…എങ്ങോട്ടാ ഇത്ര ദൃതിക്ക്..” പുറകെ അവളുടെ ശബ്ദം കേട്ടിട്ടും നിൽക്കാതെ ചാലയ്ക്കലെ തെങ്ങിൻ തൊപ്പിനാരികെ ഉള്ള ചെമ്പരത്തി വേലി വകഞ്ഞു കയറി.

” ഏയ്…ചിഞ്ചു , നിയ്യ്‌ ഇതിലെ പോകുവാണോ…വാടി നമുക്ക് നേരെ പോകാം…പോകും വഴി മഹിയേട്ടനെ കണ്ടു മിണ്ടിട്ടു പോകാം… ഒത്തിരി നാൾ ആയില്ലേ കണ്ടിട്ട്.”

” ഇല്ലടി, വേഗം ചെല്ലാൻ അമ്മ പറഞ്ഞിട്ടുണ്ട്. അച്ചമ്മേടെ അടുക്കൽ പോകാൻ ഉള്ളത് ആണ്…” ഇതും പറഞ്ഞു തിരിഞ്ഞു നോക്കാതെ ചെമ്പരത്തി വേലിയേ പിന്നിലാക്കി മുന്നോട്ട് കാലുകൾ പറിച്ചു വെച്ചു.

വേണ്ട എന്നു വെച്ചിട്ടും കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഏങ്ങൽ കടിച്ചമർത്താൻ നോക്കുന്നത് കൊണ്ടാവും ചുണ്ടുകൾ വിറകൊണ്ടു.

മഹിയേട്ടൻ, ചാലയ്ക്കൽ ശിവദാസിന്റെയും യമുനയുടെയും മകൻ മഹാദേവൻ എന്ന എല്ലാവരുടെയും മഹി. കുട്ടിയുടുപ്പിട്ടു നടന്ന പ്രായത്തിൽ തന്നെ മഹിയേട്ടന്റെ വാലായി നടക്കാൻ ആയിരുന്നു തനിക്ക് ഇഷ്ടം. ചാലയ്ക്കലെ അകന്ന ബന്ധുവായിരുന്നു എന്റെ മുത്തശ്ശൻ. എന്നാലും അവരുടെ അടുത്ത ബടുക്കളേക്കാൾ ശിവച്ചനും അമ്മക്കും ഇഷ്ടം ന്റെ വീട്ടുകാരെ ആയിരുന്നു.

മഹിയേട്ടനും അച്ചുവിന്റെ ഏട്ടൻ ഉദയിയും എന്റെ വല്യെട്ടൻ അരുണും ഉറ്റമിത്രങ്ങൾ ആണ്. മൂന്നുപേരും ഒരേ മനസും മൂന്ന് ശരീരവും ആയിരുന്നു. മൂന്ന് പേരുടെയും വാലിൽ തൂങ്ങി അച്ചുവും ഞാനും ഉണ്ടാവും. ഉദയേട്ടൻ പണ്ടേ പട്ടാളക്കാരൻ ആകാൻ നടക്കുക ആയിരുന്നു ..ആൾ പ്ലസ്ടു കഴിഞ്ഞതും തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ പോയി. അരുണേട്ടനും മഹിയേട്ടനും നാടും വീടും വായനശാലയും ഫുട്‌ബോൾ ക്ലബ്ബും ആയി കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നു.

അരുണേട്ടൻ അധികം ആരോടും സംസാരിക്കില്ല. അത്യാവശ്യം ഉണ്ടേൽ അത് പറയും അതിപ്പോൾ കൂട്ടുകാരോട് ആണേലും അങ്ങിനെ തന്നെ എന്നാൽ കലിപ്പൻ ആണൊന്ന് ചോദിച്ചാൽ അല്ല. എല്ലാരോടും ഒരു പുഞ്ചിരി നൽകി കടന്നു പോകുന്ന ആൾ. പക്ഷെ മഹിയേട്ടൻ പേര് പോലെ ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാധിയും ആയിരുന്നു.

എന്നും എനിക്കും അച്ചുവിനും നിഴൽ പോലെ ഇവർ രണ്ടും ഉണ്ടായിരുന്നു. എന്റെയും അച്ചുവിന്റെയും സംസാരങ്ങളിൽ എന്നും ഇവർ രണ്ടും നിറഞ്ഞു നിന്നു. ഉദയേട്ടൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് തന്നെ ആളെ കുറിച്ചു പറയാൻ അധികം വിശേഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ എന്നു മുതൽ ആണ് മഹിയേട്ടൻ തനിക്ക് പ്രിയപ്പെട്ടവൻ ആയത്. അതേ, ഏട്ടന്മാർ രണ്ടും എഞ്ചിനീയറിംഗ് ചെയ്യാൻ ഹോസ്റ്റലിൽ നിൽക്കാൻ തീരുമാനിച്ചു. പിന്നീട് ഉള്ള നാളുകൾ ശൂന്യത ആയിരുന്നു. ആദ്യം കരുതിയത് വല്യെട്ടൻ ഇല്ലാത്തത് കൊണ്ടാണ് എന്ന്. അങ്ങിനെ ഒരു ദിവസം അച്ഛച്ഛനു തീരെ മേല എന്നു പറഞ്ഞു അരുണേട്ടൻ വീട്ടിലേക്ക് വന്നു . ഏട്ടനെ കണ്ടപ്പോൾ സന്തോഷം ആയി എങ്കിലും ഏട്ടന്റെ ഒപ്പം കാത്തിരുന്ന മുഖം കാണാഞ്ഞത് കൊണ്ട് അറിയാതെ ഹൃദയത്തിൽ വല്ലാതെ നോ വുണർന്നു. പിറ്റേ ആഴ്ച്ച മഹിയെട്ടനെ കാണും വരെ ഹൃദയത്തിൽ കല്ലുകൾ കയറ്റി വെച്ച നോവായിരുന്നു.

അന്ന് മഹിയേട്ടനെ കാണേ ഓടിച്ചെന്നു ആ മാറിൽ വീണു ” ഇനിയും എന്നെ തനിച്ചാക്കി പോകരുതേ…” എന്നു കരഞ്ഞു പറയുവാൻ തോന്നി. അന്നേറ്റവും സന്തോഷം തോന്നിയത് ഏട്ടൻ ഇനി ഒരുമാസം അവധി കഴിഞ്ഞേ പോകുന്നുള്ളൂ എന്നു കേട്ടപ്പോൾ ആണ്.

വീണ്ടും ഏട്ടന്മാരുടെ വാലായി തുങ്ങി. അമ്പലവും പാടവും തോപ്പും എല്ലാം ആയി ഒരുമിച്ചു നടന്നു. അപ്പോഴൊക്കെഴും അന്തി ചോപ്പുകളെ കുശുമ്പോടെ നോക്കി..

“കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ” എന്നു കുറുമ്പോടെ പരിഭവം പറഞ്ഞു. വെള്ളകീറും മുൻപേ ഉണർന്നു പുതിയ പകലിൽ പ്രിയപ്പെട്ടവനോട് ചേർന്ന് പുതിയ ഓർമ്മകൾക്കായി അക്ഷമയോടെ കാത്തിരുന്നു.

ആലിൻ തിട്ടയിൽ ഇരുന്ന് കമന്റ് പറഞ്ഞവരെ അടിച്ചു കൂട്ടി എന്നെയും ചേർത്ത് നടക്കുമ്പോൾ അന്നാദ്യമായി ആ ഹൃദയമിടിപ്പിൽ ഒരു ജന്മം കാതോർത്തു കിടക്കാൻ തോന്നി.

ഓരോ നിമിഷവും ഏട്ടനോടുള്ള പ്രണയം ഹൃദയത്തിൽ കുമിഞ്ഞു കൂടി ഇനിയും എനിക്കാ പ്രണയത്തെ തടഞ്ഞു നിർത്താൻ ആവില്ല എന്ന ബോധ്യം വന്നു തുടങ്ങി.

പഠിത്തം കഴിഞ്ഞു ഏട്ടൻ ഡൽഹിയിലേക്ക് ജോലിക്കായി പോകുവാണെന്നറിഞ്ഞു ഹൃദയം നുറുങ്ങി. അന്ന് രാത്രി നിദ്രയെ അകറ്റി കണ്ണുകൾ തലയിണ നനയിച്ചു.

ഇനിയെങ്കിലും പ്രണയത്താൽ നിറഞ്ഞ എന്റെ ഹൃദയം ഏട്ടൻ പോകും മുൻപ് ആ മുൻപിൽ തുറക്കണം എന്ന തീരുമാനത്തിൽ ചാലയ്ക്കൽ തറവാട്ടിലേക്ക് ചെന്നു. യമുനാമ്മയോട് പറഞ്ഞിട്ട് ഏട്ടന്റെ അരികിലേക്ക് ചെന്നു. വർധിച്ച ഹൃദയമിടിപ്പും ഏട്ടന്റെ മറുപടിയെ കുറിച്ചുള്ള ആശങ്കയും ഇനിയും പറയാതിരുന്നാൽ എനിക്ക് എന്നെ തന്നെ നഷ്ടമാകും എന്ന അവസ്ഥയും എന്നിൽ വല്ലാത്ത അവസ്‌ഥ നിറച്ചു. കുറെയേറെ നേരം ആ വാതിൽക്കൽ ശ ങ്കയോടെ നിന്ന ശേഷം ധൈര്യം സംഭരിച്ചു വാതിൽ മെല്ലെ തുറന്നു. ആ ശ ങ്കയോടെയും സം ഭ്രമത്തോടെയും മുന്നിലേക്ക് നോക്കിയ എന്റെ മുന്നിൽ തെളിഞ്ഞ കാഴ്ച്ച എന്നെ വല്ലാത്ത നോവ് നിറച്ചു. കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്തു കൊണ്ടേയിരുന്നു.

എന്റേതെന്നു ഞാൻ അന്ധമായി വിശ്വസിച്ച എന്റെ പ്രാണൻ ആയവൻ മറ്റൊരു പെണ്ണിനെ പുൽകി നിക്കുന്നു. പൊട്ടിവന്ന നൊമ്പരത്തെ രണ്ടു കൈകൾ കൊണ്ടും അമർത്തി അവിടെ നിന്നും ഓടി മാറി. എന്റെ മുറിയിൽ കയറി വാതിൽ അടച്ചു ആർത്താർത്തു കരഞ്ഞു…ഹൃദയം പൊട്ടി ചോര കിനിയും പോലെ ഉറക്കെ ഉറക്കെ കരഞ്ഞു. ഏട്ടൻ പോയതോ അവിടെ ചെന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല.

ഹൃദയം നഷ്ടപ്പെട്ടവൾക്ക് വേറെയെന്ത് സംഭവിച്ചാൽ എന്ത്. പിന്നീട് എന്റെ സംസാരം കുറഞ്ഞു കളിചിരികൾ കുറഞ്ഞു. ഡിഗ്രിക്ക് നല്ല മാർക്ക് വാങ്ങിയിട്ടും മുന്നോട്ട് പഠിക്കാൻ എല്ലവരും നിർബന്ധിച്ചപ്പോഴും ഞാനും എന്റെ മുറിയും എന്റെ മഹദേവന്റെ തിരുനടയും എന്നൊരു ലോകം ഞാൻ സ്വയം മെനഞ്ഞെടുത്തു. അവിടേക്ക് ഇടക്കിടക്ക് അച്ചു മാത്രം എത്തി നോക്കി. എങ്കിലും അവളെ വിരുന്നുകരിയാക്കി ഇടക്ക് മാത്രം സ്വാഗതം ചെയ്തു…

ഇടക്കെപ്പോയൊക്കെയോ മഹിയേട്ടൻ നാട്ടിൽ വന്നു പോയി. അരുനേട്ടനെ തിരക്കി വീട്ടിൽ വന്നാൽ പോലും ആ കണ്മുന്പിൽ ചെന്നില്ല.

” ചിഞ്ചു എവിടെ …?” എന്ന ചോദ്യത്തെ ഇരു കൈകളും കൊണ്ട് ചെവികൾ പൊത്തി അകറ്റി നിർത്തി. ആ ശബ്ദം കേൾക്കുമ്പോൾ എല്ലാം അന്ന് ഏട്ടൻ തന്റെ നെഞ്ചോട് ചേർത്ത് നിർത്തിയ പെണ്ണിനെ ഓർമ്മവരും.

ഓർമ്മകളെ ഹൃദയത്തിൽ താഴിട്ടു പൂട്ടി അവയിലെ കനലുകൾ എനിക്ക് മാത്രമുള്ള സമ്പാദ്യം ആയി. ആ കനലിൽ എനിക്ക് ചുറ്റുമുള്ളവർ നോവാതിരിക്കാൻ ഞാൻ ആർക്ക് മുൻപിൽ ഒന്നും അറിയിച്ചില്ല.

എത്ര അറിയേണ്ട എന്നാഗ്രഹിച്ചിട്ടും ഇടക്കിടക്ക് അച്ചുവിന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും നാവിൽ നിന്ന് ഏട്ടനെ കേട്ടുകൊണ്ടേയിരുന്നു.

“അവൻ കല്യണത്തിന് ഒന്നും സമ്മതിക്കുന്നില്ല…” എന്ന ആയമ്മയുടെ വാക്കുകൾ എനിക്ക് കാത്തിരിക്കാൻ ഉളള സൂചന ആയിരുന്നെങ്കിൽ എന്നു വെറുതെ മോഹിച്ചു.

നീറുന്ന ഓർമ്മകളെ പുൽകി തെങ്ങിൻ തൊപ്പിന്റെ ഒത്തനടുവിൽ എത്തിയിരുന്നു. ഇനിയുള്ള കുഞ്ഞു കനാൽ കടന്നാൽ ഞങ്ങടെ പറമ്പായി. ഒട്ടൊരു നെടുവീർപ്പോടെ ഓർമ്മകളുടെ കനലുകളെ മാറ്റിവെച്ചു വീട്ടിലേക്ക് നടന്നു.

ഒരിക്കൽ ഉൾവലിഞ്ഞു പോയ എന്റെ ചിരികൾ വീണ്ടും ദൂരേക്ക് മറഞ്ഞു. കാരണം ഓരോ ദിവസവും എന്റെ വീട്ടിൽ ഉള്ളവർക്ക് പറയുവാൻ ഉണ്ടായിരുന്നത് മഹിയേട്ടന്റെ വിവാഹത്തെ കുറിച്ചായിരുന്നു. ആയമ്മയുടെ കണ്ണുനീരിന് മുൻപിൽ ഏട്ടൻ സമ്മതം മൂളി പോലും.

ഇതിനിടയിൽ ഏട്ടൻ പലപ്പോഴും വീട്ടിൽ വന്നു പോയി . ഏട്ടന്റെ നിഴൽ വെട്ടം കാണുമ്പോൾ തന്നെ ഞാൻ മറഞ്ഞു നിന്നു.

പക്ഷെ അന്ന് അച്ചുവും ആയി ദീപാരാധന തൊഴുത് വരുമ്പോൾ വഴിൽ വെച്ചു കണ്ടു നാളുകൾക്ക് ശേഷം ആ മുഖം…താടിയും മീശയും ഒത്ത ശരീരവും ആയി ഒന്നു കൂടെ സുന്ദരൻ ആയിട്ടുണ്ട്. അടച്ചു വെച്ച പ്രണയം ആ കണ്ണുകളിൽ നോക്കവേ എന്നിൽ നിന്ന് ലാവാ പോലെ പുറത്തേക്ക് ഒഴുകുന്നത് ഞാൻ അറിഞ്ഞു. വേഗം തന്നെ ഞാൻ എന്റെ കണ്ണുകൾ പിൻവലിച്ചു.

അച്ചുവും ഏട്ടനും എന്തെല്ലാമോ സംസാരിച്ചു. എന്നോട് ചോദിച്ചതിനൊക്കെയും ഒരു ചിരിയിലും ഒരു മൂലളിലും മറുപടി ഒതുക്കി. ഞങ്ങളോട് യാത്ര പറഞ്ഞു പോകുമ്പോൾ ഇത്ര മാത്രം പറഞ്ഞു

” രണ്ടു പേരും കല്യണത്തിന് നേരത്തെ അങ്ങ് വന്നേക്കണം…ഇല്ലേൽ ഞാൻ ഒരു വരവ് അങ്ങ് വരും…” ഇതും പറഞ്ഞു ചിരിയോടെ ഞങ്ങളെ നോക്കി മീശ പിരിച്ചു ആൾ ഞങ്ങളെ കടന്നു പോയി.

പിന്നീട് അച്ചുവിന്റെ വക കല്യാണ വിശേഷം ആയിരുന്നു.

” നിനക്ക് അറിയോ…ഏട്ടൻ ഇത് വരെ കല്യണത്തിന് സമ്മതിക്കതെ ഇരുന്നത് എന്താണെന്ന്…?”

ഞാനും സംശയത്തോടെ ആ മുഖത്തേക്ക് നോക്കി.

” അതുണ്ടല്ലോ ആ പെണ്ണിന്റെ ഏട്ടനോട് പറഞ്ഞു ആളുടെ സമ്മതം വാങ്ങാൻ ആണത്രേ മഹിയേട്ടൻ താമസിച്ചത്. ഇപ്പോൾ എല്ലാം ശെരിയായി പോലും…കുറെ നാളുകൾ ആയുള്ള ഇഷ്ടം ആണത്രേ…ആർക്കും അറിവുണ്ടായില്ല…കള്ളൻ നമ്മളോട് പോലും പറഞ്ഞില്ലല്ലോ…ആഹ്…എന്തായാലും കല്യണം കഴിഞ്ഞു വരുമ്പോൾ നമുക്ക് കഥകൾ എല്ലാം ചോദിച്ചറിയാം….”

പിന്നെയും അവൾ എന്തെല്ലാമോ പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഇതൊന്നും കേട്ടില്ല… വീണ്ടും എന്റെ ഉള്ളിൽ പരസ്പരം പുണർന്നു എല്ലാം മറന്നു നിക്കുന്ന രണ്ടു രുപങ്ങൾ തെളിഞ്ഞു വന്നുകൊണ്ടേയിരുന്നു.

വീണ്ടും വീണ്ടും ഞാൻ എന്നിലേക്ക് ചുരുങ്ങി. പുറത്തേക്ക് പോയാൽ മഹിയേട്ടനെ കാണേണ്ടി വരും എന്നത് കൊണ്ട് തന്നെ ഞാൻ എന്റെ മുറിയിൽ മാത്രം ഇരുട്ടി വെളുപ്പിച്ചു.

ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടേയിരുന്നു..

💔💔💔💔💔💔💔💔💔💔

ഇന്നാണ് മഹിയേട്ടന്റെ വിവാഹം.ഒരുപാട് തവണ ഒഴിയാൻ തുടങ്ങിയെങ്കിലും സാധിച്ചില്ല. ഞാൻ ദിനവും കുമ്പിട്ടു നിന്ന ദേവിയുടെ മുൻപിൽ വെച്ചു എനിക്ക് പ്രാണൻ ആയവൻ ഇന്ന് എന്റെ ആരും അല്ലാതെ ആവുന്നു. അല്ലേലും എന്നേലും എന്റെ ആയിരുന്നുവോ… ഇല്ല ഒരിക്കലും ആയിരുന്നില്ല…എല്ലാം എന്റെ മിഥ്യാധാരണകൾ മാത്രം ആയിരുന്നു. എന്നിൽ മാത്രം പടർന്നു പന്തലിച്ചു കരിഞ്ഞു പോയ സ്വപ്നം.

അച്ചുവിന്റെ വിളിയാണ് ഏതോ ലോകത്തിൽ നിന്ന് എന്നെ തിരികെ കൊണ്ടുവന്നത്…

” കെട്ടിമേളം ..കെട്ടിമേളം…” ആരുടെയോ ശബ്ദം…

ആരൊക്കെയോ കുരവയിട്ടു ചുറ്റും പൂക്കൾ അനുഗ്രഹം ചൊരിഞ്ഞു നവാദമ്പതികളുടെ മേൽ പതിച്ചു….ഞാനും അവർക്കായി അനുഗ്രഹം നൽകി.

എന്നുള്ളിൽ ഇന്നോളം ഞാൻ ആരും അറിയാതെ കാത്തുവെച്ച പ്രണയം അതിന്റെ യഥാർത ഉടമയ്ക്ക് സ്വന്തം ആയി. അപ്പോൾ ഞാനും എന്റെ പ്രണയവും എന്തായിരുന്നു….

പുറത്തു പെയ്ത് തുടങ്ങിയ മഴയെ പുതുജോടിക്കുള്ള അനുഗ്രഹം ആയി ആരൊക്കെയോ പറഞ്ഞു . എന്നാൽ ആ നൂൽത്തുള്ളികൾ എന്റെ കനലുകളെ ഏറ്റുവാങ്ങാൻ വന്നവർ ആയി മാറി… നിറഞ്ഞ മിഴികളെ കൂട്ടിപ്പിടിച്ചു ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു…

” സ്വന്തമാവില്ലെന്നറിഞ്ഞിട്ടും എന്തിനോ വേണ്ടി ഞാൻ നിന്നെ മോഹിച്ചു പോയി…..”

ചില പ്രണയങ്ങൾ അങ്ങിനെയാണ് എത്ര നെഞ്ചോട് ചേർത്ത് വെച്ചാലും സ്വന്തമാകാതെ പോകുന്നവ…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

കടപ്പാട്: തസ്യ ദേവ

Leave a Reply

Your email address will not be published. Required fields are marked *