പുറകിൽ നിന്ന് പതുക്കെ എന്റെ കാതുകൾക്ക് അരികിലേക്കായി ഒരു നിശ്വാസം വരുന്നത് ഞാനറിയുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: ഷെരിഫ് ഗുഡല്ലൂർ

“ഞാനൊരു കാര്യം ചോദിച്ചാ സമ്മതിക്ക്വൊ”

യൂണിവേഴ്സിറ്റി കോളേജിലെ പ്രസിദ്ധമായ ഐനി മരച്ചോട്ടിൽ എന്റെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് അവൾ ചോദിച്ചു..

” മ്മ്മ് പറ ”

ഏറെനേരം നിശബ്ദമായി ഇരുന്നതിനാലാവണം അടഞ്ഞുപോയിരുന്ന തൊണ്ട ഒന്നനക്കികൊണ്ട് ചെറിയ ശബ്ദത്തിൽ ഞാൻ മറുപടി കൊടുത്തു..

” ങ്ങക്ക് ആദ്യം ണ്ടാവണ മോൾക്ക് ന്റെ പേരിട്ട് വിളിക്ക്വൊ”..

എന്റെ കണ്ണിൽ അതുവരെ തളം കെട്ടി വീർപ്പുമുട്ടുകയായിരുന്ന കണ്ണുനീർ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചതിനാലാവണം സ്വതന്ത്രയായി അവളുടെ ഇടതു കവിളിലേക്കു ഊർന്നിറങ്ങി.. ഈ ചോദ്യം അവളെന്നോട് ഇത് രണ്ടാമത്തെ പ്രവിശ്യമാണ് ചോദിക്കുന്നത്.. ആദ്യത്തെ പ്രാവിശ്യം ഈ ചോദ്യം ഒരു ദിവ്യ പ്രണയത്തിനു വിത്തിട്ടെങ്കിൽ ഇന്ന് അതേ ചോദ്യം തന്നെ ആ പ്രണയത്തിന്റെ ശവമഞ്ചത്തിലെ അവസാന ആണിയാവുന്നത് വേദനയോടെ എന്റെ ഉള്ളറിഞ്ഞു..

എന്റെ മനസ്സ് രണ്ടുവർഷം പിന്നോട്ട് , ജൂൺ 16ന്റെ ആ തണുത്ത പ്രഭാതത്തിലേക്ക് പോയി.. അതെ അന്നാണ് എന്റെ ആമിയെ ഞാൻ ആദ്യായിട്ട് കാണുന്നത്..

അന്ന് കോളേജിലെ ഏറ്റവും രസിക ഗ്രൂപ്പായ ഞങ്ങളുടെ ‘ഫൈവ് സ്റ്റാർ’ ഗ്യാങ് നേരത്തെതന്നെ കോളേജ് ഗേറ്റിനു പുറത്തുള്ള അരമതിലിൽ സ്ഥാനം പിടിച്ചിരുന്നു..

ഇന്നലെവരെ ആ മതിൽ first years ആയിരുന്ന ഞങ്ങൾക്ക് അപ്രാപ്യ മായിരുന്നു..

“ചെറിയ കുട്ട്യോളൊക്കെ ക്ലാസ്സിൽ പോയിരിക്കെടാ”

എന്ന സീനിയേഴ്സിന്റെ ആക്രോശത്തിനു മുമ്പിൽ കീഴടങ്ങാൻ മാത്രം വിധിക്കപ്പെട്ടിരുന്ന ഞങ്ങളെ സുന്ദരികളായ കോളേജ് കുമാരികളുടെ വശ്യമായ വരവും പോക്കും ഏറ്റവും വ്യക്തമായി കാണാവുന്ന ആ “വ്യൂ പോയിന്റ്” എന്നും മോഹിപ്പിച്ചിരുന്നു.. ആദ്യ വർഷക്കാരായ ശിശുക്കൾ എന്ന പാരതന്ത്ര്യം വിട്ടു സീനിയേഴ്സ് എന്ന സ്വാതന്ത്ര്യത്തിലേക്ക് ഇന്ന് ഞങ്ങൾ കാലെടുത്തു വെക്കുകയാണ്.. ആ അരമതിലിൽ ഇരുന്നു പെൺകുട്ടികളെയും ആദ്യവർഷക്കാരെയുമൊക്കെ “ചളിയടിച്ചു” പേടിപ്പിക്കാനുള്ള പ്രായപൂർത്തി ഞങ്ങൾക്ക് കൈവന്ന ആ ദിവസം ആദ്യ വർഷക്കാരിലെ സുന്ദരകളെയും കാത്തു ഞങ്ങളങ്ങനെ പ്രസിദ്ധമായ ആ അര മതിലിൽ ഇരുന്നു..

കളിച്ചും ചിരിച്ചും വരുന്ന ആദ്യവർഷ പയ്യൻസുകളെ

“ഡാ ഡാ..കൊഞ്ചിക്കൊഴിയാണ്ടു ക്ലാസ്സീ പോടാ”

എന്നുപറഞ്ഞോണ്ടു തനി മാടമ്പി സ്റ്റൈലിൽ വിരട്ടി ഷൈൻ ചെയ്യുന്നതിനിടെ ഒരു ബസ് വന്നു നിന്നു.. ഞങ്ങൾ അഞ്ചുപേരും അലെർട് ആയി.. കാരണം ബസ്സിൽ മുഴുവനും പെൺകുട്ടികളാ.. ബസ്സിന്റെ പടിയിലേക്ക് കണ്ണുപായിച്ചു അഞ്ചുപേരും നിശബ്ദരായി.. ഡോർ തുറന്ന് ആദ്യത്തെ ആൾ പുറത്തേക്കിറങ്ങി..

സ്കൈ ബ്ലൂ ചുരിതാറിട്ട നെറ്റിയിൽ ചന്ദനക്കുറിവച്ച നല്ല വെളുത്ത നിറമുള്ള ഒരു സുന്ദരിക്കുട്ടി.. അവളിറങ്ങിയതും ഞങ്ങളുടെ കൂട്ടത്തിലെ വിഷ്ണു ഞങ്ങക്കെല്ലാം ഹസ്തദാനം തന്നുകൊണ്ടു പറഞ്ഞു

“അളിയാ നിങ്ങടെ നാലുപേരുടെയും പെങ്ങളുട്ടി എത്തി.. ”

മിണ്ടാതെ നിക്കെടാ പന്നി എന്നും പറഞ്ഞുകൊണ്ട് ഞങ്ങൾ അടുത്ത ആൾക്കായി കണ്ണുകൾ കൂർപ്പിച്ചു..

പിന്നീട് ഇറങ്ങിയ കാണാൻ ചേലുള്ള പെൺകുട്ടികളിൽ മൂന്നുപേർ കൂടെ എനിക്ക് പെങ്ങന്മാരായി..

പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കയ്യിൽ പൂവുമായി പോവുകയായിരുന്ന ഒരു ഒന്നാംവർഷക്കാരനെ റാഗ് ചെയ്യുന്ന ജോലിയിൽ വ്യാപൃതനായിരുന്ന എന്നെ

” ധാ ഷെരീഫിന്റെ ആളെത്തീ”

എന്ന എന്റെ അളിയന്മാരുടെ ആരവമാണ് ബസ്സിലേക്ക് നോക്കാൻ പ്രേരിപ്പിച്ചത്.. തൂവെള്ള നിറത്തിലുള്ള ഒരു അഴകാർന്ന വസ്ത്രത്തിൽ., സുവർണ്ണ കരയുള്ള ഷാൾ തലയിൽഇട്ട് ഭംഗിയായി കരിമഷിയിട്ട കണ്ണുകളുമായി താടിക്ക് താഴെ കണ്ണുതട്ടാതിരിക്കാനെന്നവണ്ണം ഒരു കുഞ്ഞു മറുകുള്ള ഒരു “ഉമ്മച്ചികുട്ടി” ബസ്സിറങ്ങി നടന്നു വരണൂ..

ഈ പ്രാന്തന്മാർ നാലുംകൂടെ എന്നോട് അവളെനോക്കികൊണ്ട്

“അളിയോയ്‌ ദേ ഞങ്ങളീ പെങ്ങളെ നിനക്ക് നിക്കാഹാഹാ.. പൊന്നുപോലെ നോക്കണേ മുത്തേ”

എന്നൊക്കെ പറയുന്നുണ്ടായിരുന്നു.. ഇതൊക്കെ കേൾക്കുന്നത് കൊണ്ടോ എന്തോ അവിടുന്നിങ്ങോട്ട് ഗേറ്റ് എത്തുവോളം അവളെന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു..

പഴയ തേന്മാവിൻ കൊമ്പത്ത് സിനിമയിൽ ശോഭന മ്മടെ ലാലേട്ടനെ നോക്കുന്നപോലെ..

ചുറ്റും കരിമഷിയിട്ട ആ ഇളം ചാര കണ്ണുകൾ കൊണ്ട് അവളെന്നെ നോക്കുന്നത് ചാട്ടൂളിപോലെ നേരെ എന്റെ നെഞ്ചിലേക്കാ തറച്ചു കയറുന്നത്.. ഹോ.. വല്ലാത്ത നോട്ടം.. അവളുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേക കാന്തിക ശക്തി ഉള്ളപോലെ എനിക്ക് തോന്നി..

എന്റെ കൂട്ടുകാർ എന്തൊക്കയോ അവളോടൊക്കെ പറയുന്നുണ്ടായിരുന്നു..

പക്ഷെ എനിക്കൊന്നും പറയാനാവണില്യ.. എന്തിനേറെ ഒന്ന് ചലിക്കാൻ പോലും ആവണില്യ..

പൊടുന്നനെ കോളേജ് ബെൽ നീട്ടി അടിച്ചു.. ഇനി ഗ്രൗണ്ടിൽ ഒരര മണിക്കൂറോളം നീളുന്ന നവാഗത സ്വാഗത പരിപാടിയാണ്.. പക്ഷെ ചെറിയൊരു ചാറ്റൽ മഴ ഉള്ളതിനാൽ ആ പരിപാടി മെയിൻ ഹാളിലേക്ക് മാറ്റി.. ഞങ്ങളെല്ലാം ഹാളിൽ പോയി സ്ഥലം പിടിച്ചു..

പരിപാടി കത്തിക്കയറുകയാണ്.. റാഗിങ്ങും പഠനവും ഡ്രെസ്സ്‌കോഡും പഞ്ചാരയടിയും എല്ലാം ഉൾപ്പെടുത്തി വൈസ് പ്രിൻസി ജഗൻ സർ പ്രസംഗം തകർക്കുകയാണ്..

പെട്ടെന്നാണ് എന്റെ പുറകിൽ നിന്ന് പതുക്കെ എന്റെ കാതുകൾക്ക് അരികിലേക്കായി ഒരു നിശ്വാസം വരുന്നത് ഞാനറിയുന്നത്..തിരിഞ്ഞു നോക്കുന്നതിനു മുമ്പ് തന്നെ ചെറിയ ശബ്ദത്തിൽ ഒരു കിളിക്കൊഞ്ചലും..

“അതേയ് ഇക്ക് ജീവനോടെ ഒരു ഉപ്പൻഡ്.. ആങ്ങളാരു കൈപിടിച്ച് നിക്കാഹ് നടത്താൻ ഞാൻ അനാഥയൊന്നുമല്ല ട്ടോ.”

ഞാൻ പുറകിലേക്ക് നോക്കി.. അതേ കണ്ണുകൾ, പക്ഷെ അതിലിപ്പോ ആ പഴയ രൂക്ഷത ഇല്ല.. പകരം വശ്യമായൊരു പുഞ്ചിരി.. ഞാനും ഒന്ന് പുഞ്ചിരിച്ചു.. അതോടെ ഞങ്ങൾ വല്യ കൂട്ടായി.. കാണാനും സംസാരിക്കാനും ഒന്നിച്ചു ബസ്സ് കാത്തുനിക്കാനും എല്ലാം ഞങ്ങൾ സമയം കണ്ടെത്തി.. പെട്ടെന്നുതന്നെ ഞങ്ങൾ മനസ്സുകൊണ്ട് അടുത്തു.. പരസ്പരം പറഞ്ഞില്ലേലും പ്രണയമെന്ന നിർവ്വജനീയമായ ആ അനുഭൂതി ഞങ്ങളെയും കീഴടക്കുകയായിരുന്നു..

ഒരിക്കൽ ഒരു സെമസ്റ്റർ എക്സാം നടക്കുന്ന നാൾ.. ഞാനവളെയും കാത്ത് വഴിയിൽ നിൽക്കുകയാണ്.. ബസ്സ് വന്നു., എന്തോ ഒരു പുസ്തകവും കയ്യിൽ പിടിച്ചോണ്ട് അവളിറങ്ങി വരുന്നു.. അടുത്തെത്തിയതും ഞാൻ ആ പുസ്തകത്തിലേക്ക് നോക്കി..

‘മുസ്ലിം കുട്ടികളുടെ പേരുകൾ’ ,.

“എന്താടീ ഇപ്പഴേ നീ കുട്ട്യോൾക്ക് പേരൊക്കെ നോക്കി വെക്കുവാണോ”

ഞാൻ അവളോട് ചോദിച്ചു..

“ഹേയ് ഇല്ലടാ ബുദൂസേ ഇതെന്റെ മാമന്റെ മോൾക്കാ.. അവളു പ്രസവിച്ചു.. പെണ്കുട്ടിയാ.. എന്നോട് ഒരു പേര് കണ്ടുപിടിക്കാൻ പറഞ്ഞു ശല്യപെടുത്തുകയാ.. വരുന്ന വഴിക്ക് വാങ്ങിയതാ ഈ ബുക്ക്”..

അവള് കുറച്ചൊരു ഗ്യാപ് വിട്ടതിനു ശേഷം എന്റെ വിരലിൽ നഖം താഴ്ത്തിക്കൊണ്ടായിരുന്നു ഈ ചോദ്യം ആദ്യായിട്ടു ചോദിച്ചത്..

“ഡാ പൊട്ടൂ.. നിനക്കുണ്ടാവണ ആദ്യത്തെ പെൺകുട്ടിക്ക് എന്റെ ഓർമ്മക്ക് എന്റെ പേരിട്വോ “..

അവള് പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ എന്റെ മറുപടി വന്നു.. “ഒരിക്കലുമില്ല”..

ഒന്നൂടി എന്റെ വിരലിലേക്ക് നഖം ആഴ്ത്തികൊണ്ട് അവള് കുണുങ്ങിക്കൊണ്ടു ചോദിച്ചു

“അതെന്താടാ എന്റെപേര് അത്രക്ക് മോശാ “..

ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല എനിക്ക് മറുപടിക്കായി.. അവളുടെ കൈ കോർത്ത് പിടിച്ചു ഞാൻ പറഞ്ഞു

” ലോകത്തു ഏതു ഉമ്മാക്കും മോൾക്കും ആണെടീ ഒരേ പേരുള്ളത്”..

രണ്ടു സെക്കന്റ് അവൾ സ്തബ്ധയായി നിന്നു.. എന്നിട്ട് എന്നോട് ചോദിച്ചു..

“ഡാ ന്താ നീ ഇപ്പൊ പറഞ്ഞേ”..

ക്ലാസ്സിൽ പോയി ആലോചിക്കെടി പൊട്ടിപെണ്ണേ എന്നും പറഞ്ഞുകൊണ്ട് അവളുടെ കൈവിട്ടുകൊണ്ടു ഞാൻ വേഗം നടന്നുനീങ്ങി.. കുറച്ചുദൂരം നടന്നതിന് ശേഷം ഒന്ന് തിരിഞ്ഞു നോക്കുമ്പോഴും അവളവിടെത്തന്നെ നിക്കുവായിരുന്നു.. അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിർവൃതിയിൽ ഞാൻ ക്ലാസ്സിലേക്ക് കയറി..

പിന്നീടങ്ങോട്ടുള്ള നാളുകൾ ഭ്രാന്തമായ ഒരു പ്രണയകാലം ആയിരുന്നു.. പ്രണയവും വീട്ടിലെ കണ്ടുപിടിക്കലും പഴയൊരു വാക്കുകൊടുക്കലിന്റെ പേരിലുള്ള അവളുടെ വീട്ടുകാരുടെ സമ്മർദ്ദവും സമ്മതിക്കാത്തതിനാൽ അവളുടെ പഠിപ്പ് നിർത്തലും ആ ത്മ ഹ ത്യാ ഭീ ഷണിയും എന്നിട്ടും വഴങ്ങാതിരുന്നപ്പോൾ എന്റെ വീട്ടിലേക്കുള്ള അവളുടെ ഉപ്പന്റെയും ഉമ്മന്റേയും വരവും അവരുടെ നിസ്സഹായാവസ്ഥയുടെ തുറന്നുപറച്ചിലും അവസാനം എന്റെ ഉപ്പയെകൊണ്ട് അവൾക്കു ഉപദേശം കൊടുക്കലും ഉപ്പാന്റെ ഉറപ്പുവാങ്ങിയതിനു ശേഷം അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയുള്ള അവളുടെ സെമസ്റ്റർ എക്സാം എഴുതാനുള്ള വരവുമൊക്കെയായി സംഭവ ബഹുലമായ രണ്ടുവർഷത്തെ ജീവിതത്തിനു ഫുൾ സ്റ്റോപ്പ് ഇട്ടുകൊണ്ടാണ് രണ്ടാം വട്ടം അവളീ ചോദ്യം എന്നോട് ചോദിച്ചത്..

“ങ്ങള മോൾക്ക് ഇന്റെ പേരിട്വോ” ന്ന്

അവക്ക് അന്ന് ഒരു ഉത്തരവും ഞാൻ നൽകിയില്ല.. കരഞ്ഞുകലങ്ങിയ ചാര കണ്ണുകളുമായി ഓടിയകലുന്ന അവളെയും നോക്കി ഞാൻ സ്‌തബ്ധനായി നിന്നു.. പണ്ട് അവളെന്നെ നോക്കി നിന്ന അതെ സ്ഥലത്തു..

പക്ഷെ അന്ന് ഞാൻ തിരിഞ്ഞു നോക്കിയപോലൊരു നോട്ടം മാത്രം അവളെന്നെ നോക്കിയില്ല..

കാലചക്രം പിന്നെയും ഉരുണ്ടു.. ആറു വർഷങ്ങൾ മിന്നായം പോലെ തെന്നി നീങ്ങി.. സുൽത്താൻ ബത്തേരിയിലെ വിനായക ഹോസ്പിറ്റലിന്റെ ലേബർ റൂമിലെ വാതിലിനു മുമ്പിൽ നഖം കടിച്ചു അക്ഷമനായി നിൽക്കുന്ന എന്റെ മുമ്പിൽ വാതിൽ തുറന്നു പുഞ്ചിരിക്കുന്ന മുഖവുമായി പുറത്തേക്കു വന്ന ഉമാ ഡോക്ടർ തോളത്തു തട്ടിയിട്ട് പറഞ്ഞു

“ഷെരീ ഇയാളൊരു അച്ഛനായി ട്ടോ.. ഒരു സുന്ദരി കുട്ടീടെ അച്ഛൻ. അകത്തുപോയി കണ്ടോളൂ”

ഡോക്ടർക്കു നന്ദിപോലും പറയാൻ മറന്നു അകത്തേക്കോടിയ എന്റെ കയ്യിൽ റോസ് കളർ ടർക്കിയിൽ പൊതിഞ്ഞു മിനി സിസ്റ്റർ തന്ന എന്റെ മോളെ ചുണ്ടോടടുപ്പിച്ചു ഞാൻ മൂന്നു വട്ടം വിളിച്ചു..

“ആമീ.. ആമീ.. ആമീ”,.

ഇന്നിപ്പോ എന്റെ മോളെ എനിക്ക് ആ പേരിട്ട് വിളിക്കാം.. ചരിത്രം മാറ്റിമറിക്കാനൊന്നും നിൽക്കേണ്ട.. കാരണം അവളുടെ ഉമ്മാക്ക് പേര് ആമി എന്നല്ലല്ലോ…

ശുഭം..

രചന: ഷെരിഫ് ഗുഡല്ലൂർ

Leave a Reply

Your email address will not be published. Required fields are marked *