ആദ്യം തന്റെ പേരെഴുതിയ ആ മോതിരം എടുക്കണം ഓരോന്നാലോചിച്ച് അവൾ ചക്രം ചവിട്ടാൻ തുടങ്ങി…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Anu Knr

“അപ്പൂ നീ കുരുത്തക്കേട് കളിക്കാതെ ഇവിടെ വന്നിരുന്നേ ” മനു കോളർ കീറി എന്നു പറഞ്ഞ് മാറ്റിവെച്ച ഷർട്ട് എടുത്തു അവൾ പതിയെ തയ്ക്കാൻ തുടങ്ങി . ചിലതിന്റെയൊക്കെ ബട്ടൺസും പോയിട്ടുണ്ട് . ഓരോന്നോരോന്നായി അവൾ റെഡിആക്കാൻ തുടങ്ങി . മഴക്കാലമാണ് . അലക്കി ഉണങ്ങിക്കിട്ടാനുള്ള പ്രയാസവും ഉണ്ട് . അപ്പോൾ അത്യാവശ്യം എടുത്ത് ഉപയോഗിക്കാമല്ലോ .

“അപ്പൂ ഞാനങ്ങോട്ട് വന്നാൽ നല്ല അടിവെച്ചുതരും കെട്ടോ . ഇപ്പൊ മഴ വരും . മോനിങ്ങോട്ട് കേറിവന്നേ അമ്മ മോനൊരു കുപ്പായം തുന്നിതരാലോ ” അതും പറഞ്ഞ് അവൾ പഴയ കോട്ടൺ സാരി എടുത്ത് അളവ് മുറിക്കാൻ തുടങ്ങി . ഇപ്പൊ കൊറേ കാലമായിട്ട് തയ്യൽ ചെയ്യാത്തതുകൊണ്ട് അവൾ പതിയേ പഴയ തുണികളിൽ ഓരോന്ന് ചെയ്തു തുടങ്ങി . തയ്യൽ പഠിക്കുന്ന സമയത്ത് അമ്മയുടെ എന്തോരം സാരികളാണ് കൊണ്ടുപോയി കളഞ്ഞേക്കുന്നത് . എന്തൊക്കെ ആയാലും അന്നിതെങ്കിലും പഠിച്ചത് നന്നായി . കുറച്ച് നേരത്തെ പരിശ്രമത്തിനു ശേഷം അവളൊരു കുപ്പായം തുന്നിയെടുത്തു . ഇടയ്ക്ക് എന്തോ ഓർത്തിട്ടെന്നോണം അടുക്കളയിലേക്ക് ഓടി പോയി ചോറുവെന്തോ എന്നു നോക്കി . ഇല്ല കുറച്ചുകൂടി വേവാൻ ഉണ്ട് . അടുപ്പിലേ തീ ഒന്നൂടെ ഊതി കത്തിച്ച് ചുമച്ച്കൊണ്ടവൾ കറിക്കുള്ളത് അരിഞ്ഞിടാൻ തുടങ്ങി . ” അപ്പൂ ഇവിടെ വാ . മോനീ തക്കാളി കഴുകി തന്നേ അമ്മയ്ക്ക് ” 2 തക്കാളി പ്ലേറ്റിലെ വെള്ളത്തിൽ വെച്ചു കൊടുത്തു . എവിടെയാണെങ്കിലും മോൻ അവളുടെ കണ്ണെത്തുന്ന ദൂരത്ത് തന്നെ ഉണ്ടാവാൻ ഇങ്ങനുള്ള പൊടികൈകൾ അവളെന്നും ചെയ്യും .

” അമ്മേ അച്ചൻ ” ബൈക്കിന്റെ സൗണ്ട് കേട്ടുകൊണ്ട് അപ്പു എണീറ്റ് ഉമ്മറത്തേക്ക് ഒരോട്ടം വെച്ചു .

” വിശക്കുന്നു നീ ചോറെടുത്ത് വെക്ക് ” പോക്കറ്റിൽ കിടന്ന ചോക്ലേറ്റ് അപ്പുവിനു കൊടുത്ത് മനു കൈകഴുകാൻ തുടങ്ങി .

” കറി ആയില്ല ” അതും പറഞ്ഞ് അവൾ സമയം നോക്കി 12.5

ആയില്ലേ . ഇത്ര നേരായിട്ടാ . മനുഷ്യന് വിശന്ന് കണ്ണ് കാണുന്നില്ല . ഇത്രേം നേരം നീ ഇവിടുന്ന് എന്ത് പണിയാ എടുത്തെ ?

അത് പിന്നെ മുന്നത്തെ അരി പോലല്ല ഇതിന് വേവ് കൂടുതലാ .

എന്ത് വേവ് കൂടുതല് . നിന്നോടൊന്നും വർത്താനം പറഞ്ഞിട്ട് കാര്യമില്ല മോന്ത അടിച്ച് പറിക്കയാണ് വേണ്ടത് .

ഞാനറിഞ്ഞോ നിങ്ങളിത്രനേരത്തേ വരുന്നത് . ഇപ്പൊ ആകും . ഒരു 5 മിനുട്ട് മോനെ നോക്ക് . ഞാനപ്പൊഴേക്കും ആക്കാം .

കറി അടുപ്പത്തേക്ക് വെച്ച് അവൾ ചോറൂറ്റിയെടുത്ത് മാറ്റിവെക്കാൻ തുടങ്ങി . ഹാളിൽ ഒരു കസേര ഉടയും പോലൊരു സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു . 2 മീനെടുത്ത് വറുക്കാൻ വേണ്ടി ഗ്യാസ് തുറന്നു . മീൻ വേവുംബൊഴേക്കും ചോറെടുത്ത് പ്ലേറ്റിലാക്കി ആറാൻവെച്ചു. പതിയേ ഓരോന്നായി ടേബിളിലേക്ക് കൊണ്ടു വെക്കാൻ തുടങ്ങി .

” കറി ഇതേ ഉള്ളോ ?”

ആ . പിന്നെ രാവിലത്തെ ദോശയ്ക്ക് ഉണ്ടാക്കിയ ചട്നി ഉണ്ട് . അതും എടുക്കട്ടെ ?

മീനൊന്നും ഇല്ലേ ?

ഇപ്പൊ കൊണ്ടുവരാം . “ചൂട് ഉണ്ട് കെട്ടോ ” വറുത്ത മീൻ ടേബിളിൽ വെക്കുന്നതിനിടയിൽ അവൾ പറഞ്ഞു .

“എന്തെങ്കിലും തിന്നാൻ ഉണ്ടാക്കുംബോൾ മനുഷ്യൻമാർക്ക് തിന്നാൻ ഉണ്ടാക്കണം കെട്ടോ . സ്വന്തം കാര്യം മാത്രം നോക്കിയാൽ പോര ” ടേബിളിന്റെ സൈഡിലേക്ക് പ്ലേറ്റ് തള്ളിവിട്ട് കസേരയും പിന്നിലേക്ക് തള്ളിമാറ്റികൊണ്ട് അവൻ നടന്നു . അല്ലേലും ഇതിപ്പൊ ഒരു പതിവാണല്ലോ .” നീ വല്ലോം കഴിച്ചോ അഭീ , ഈ കറി കൊള്ളാം ” അങ്ങനൊക്കെ ഒരു വാക്ക് എത്രയോ തവണ കൊതിച്ചിട്ടുണ്ട് . അതൊക്കെ കുഴിച്ചുമൂടാനുള്ള ആഗ്രഹങ്ങളായി അവശേഷിക്കുവേ ഉള്ളൂ . ” അപ്പൂ മോനിങ്ങ് വന്നേ . അമ്മ ചോറ് വാരി തരാലോ ” “ദേ ചെക്കാ എന്റെ കൈയിലെങ്ങാനും കടിച്ചാലുണ്ടല്ലോ ”

” നീ എന്താ പൂച്ചകുട്ടിയോ മീൻ മാത്രം തിന്നാൻ . ചോറു മുഴുവൻ തിന്നാൽ മീൻ ഇനിയും തരാം ” ഓരോന്നു പറഞ്ഞും ടി വി നോക്കിയും അവനെ തീറ്റിപ്പിച്ചിട്ടാണ് അവളും കഴിച്ചത് .

” നീ അടങ്ങി കിടക്കണുണ്ടോ ? ”

“ഇല്ല ” കട്ടിലിൽ കിടന്നു മറിഞ്ഞുകൊണ്ടാണ് അപ്പു മറുപടി പറഞ്ഞത് .

“എന്നാ എനിക്ക് ഈ മോനെ മതി . ഇതാകുംബൊ അമ്മ പറയുന്നതെല്ലാം അനുസരിക്കും ” ബെഡിൽ കിടന്ന തലയിണ എടുത്ത് നെഞ്ചോട് ചേർത്ത് വെച്ച് അവൾ കിടന്നു . കുറച്ച്‌ നേരത്തെ നോട്ടത്തിനു ശേഷം അപ്പു ആ തലയിണയിൽ പിടിച്ച് വലിക്കാൻ തുടങ്ങി . ശക്തി കൂട്ടിയുള്ള പിടിവലിക്കൊടുവിൽ കിട്ടിയ തലയിണയ്ക്ക് 2 ചവിട്ടും കൊടുത്ത് അപ്പു പതിയെ അഭിയുടെ കൈക്കുള്ളിലേക്ക് കേറി നെഞ്ചിൽ എന്തോ തിരയാൻ തുടങ്ങി .

” അയ്യട ഇപ്പൊ ചോറു തിന്നല്ലെ ഉള്ളൂ . ”

“അമ്മേ ..”

“പോട ചെക്കാ . കണ്ണടച്ച് ഉറങ്ങിക്കൊ ”

“അമ്മേ ….. ” അല്ലേലും അവന്റെ മുന്നിൽ അവൾക്ക് അധികനേരം പിടിച്ചുനിൽക്കാൻ ആവാറില്ല . അവൾ മോന്റെ പുറത്ത് പതിയെ തട്ടികൊണ്ടിരുന്നു .

അടുത്ത വീടുകളിലെ അത്യാവശ്യം തുണികളൊക്കെ തയ്ക്കാൻ കിട്ടി തുടങ്ങിയതോടെ അവൾക്ക് അതൊരാശ്വാസമായിരുന്നു . അത്യാവശ്യം കൈയിൽ പൈസയൊക്കെ ആവാൻ തുടങ്ങി . ഒന്നുമില്ലേലും മീൻ കാരന്റെയും പാൽക്കാരന്റെയും പൈസ കൊടുക്കാൻ പറ്റുന്നുണ്ട് . ആഴ്ചകൾ കഴിയുന്നതിനനുസരിച്ച് കിട്ടുന്ന തുണികളുടെ എണ്ണം കൂടികൊണ്ടിരുന്നു . ഓരോ ആഴ്ചയും ഓരോ ബാധ്യതകളായി തീർത്തു കൊണ്ടേയിരുന്നു . കുടുംബശ്രീയിൽ നിന്നെടുത്ത ലിങ്കേജ് വായ്പയുടെ അടവ് മുടങ്ങാതെ നടക്കാൻ തുടങ്ങി . കുറച്ച് പൈസ എങ്ങനേലും ബാക്കി വെച്ചിട്ട് വേണം മനു ഏട്ടന്റെ മോതിരം ബേങ്കിൽ നിന്നെടുക്കാൻ . എടുക്കാൻ വേറെയും കൊറേ ഉണ്ട് ബാങ്കിൽ തന്റെ ഒരു മാല 3 വള മോന്റെ അരഞ്ഞാണം അങ്ങനെ ഓരോ പേരും പറഞ്ഞ് മനുഏട്ടൻ പണയം വെച്ചത് . ആദ്യം തന്റെ പേരെഴുതിയ ആ മോതിരം എടുക്കണം ഓരോന്നാലോചിച്ച് അവൾ ചക്രം ചവിട്ടാൻ തുടങ്ങി .

ദിവസങ്ങൾ കഴിയവേ മഴയത്ത് കളിച്ചിട്ടോ എന്താണാവോ അപ്പുവിനു ചെറിയൊരു പനിയുടെ ലക്ഷണം . ” മനു ഏട്ടാ മോനിന്നലെ രാത്രി പനിച്ചിട്ടുണ്ടാരുന്നു . ഡോക്റ്ററെ കാണാൻ പോകാൻ പൈസവേണം ”

നിന്റേലില്ലേ ? ചെക്കൻ മഴയത്ത് കളിച്ചിട്ടുണ്ടാകും അല്ലേ ?

എന്റേലെവിടുന്നാ പൈസ . ഇന്നലെ അല്ലേ ലിങ്കേജ് വായ്പ അടച്ചത് .

“കാണിച്ചിട്ട് എന്തെങ്കിലും ഉണ്ടെ വിളിക്ക് ” 500 രൂപ നീട്ടികൊണ്ട് മനു പറഞ്ഞു .

mm .

രാവിലെ തന്നെ വല്ലാത്തൊരു മഴ . “ഈ പെരുമഴയത്ത് എങ്ങനെ പോകാൻ ആ ” അവൾ ഫോണെടുത്തു വീട്ടിലേക്ക് വിളിച്ചു . ” ഹലോ അമ്മേ ”

ആ . എന്താണ് രാവിലെ തന്നെ . അവിടെ മഴയൊന്നും ഇല്ലേ ?

നല്ല മഴയാ പിന്നെ അപ്പൂന് ഒരു പനി അമ്മ ഒന്ന് ഇത്രടം വര്വോ?

പനിയോ ? ഇതെന്താ മഴ തുടങ്ങുംബോഴേക്കും ഒരു പനി . എന്നിട്ട് ഇപ്പൊ എങ്ങനുണ്ട് ?

പനിക്കണുണ്ട് . അമ്മ ഒന്നു വര്വോ?

ആ . ഞാൻ ആ സുധീടെ ഓട്ടോയും എടുത്ത് വരാം . നീ റെഡി ആയി നിന്നോ.

“ഞാൻ റെഡി ആയി . ” ഫോൺ കട്ട് ചെയ്ത് അവൾ വാതിൽ ലോക്ക് ചെയ്തു . ഇടയ്ക്ക് നെറ്റിയിൽ തലോടിയും ചേർത്തു പിടിച്ചും അവൾ അമ്മ വരുന്നതും നോക്കിയിരുന്നു .

“എപ്പൊഴാ പനി വന്നെ ?” കുറച്ച് നേരത്തെ പരിശോദനയ്ക്ക് ശേഷം ഡോക്റ്റർ ചോദിച്ചു .

” ഇന്നലെ രാത്രി ഉണ്ടായിരുന്നു . നന്നായി വിയർത്തിരുന്നു . ”

ആ . ഒരു ഇ സി ജി ക്ക് എഴുതീട്ടുണ്ട് . അതൊന്നെടുത്തിട്ട് വരൂ .

“എന്തിനാണാവോ ഇപ്പൊ ഒരു ഇ സി ജി ?”

” എങ്ങനെങ്കിലും പൈസ ഉണ്ടാക്കാൻ അല്ലാതെന്ത് . അല്ലെങ്കിലും ഈ പനിക്കൊക്കെ എന്തിനാ ഇ സി ജി ” അമ്മയും പിറുപിറുത്തു കൊണ്ട് ഇ സി ജി റൂമിന് പുറത്തിരുന്നു .

” ഇത് ഡോക്റ്ററെ കാണിച്ചോളൂ ” ഇ സി ജി റിപ്പോർട്ട് നീട്ടികൊണ്ട് നഴ്സ് പറഞ്ഞു . സൂഷ്മ പരിശോദനയ്ക്ക് ശേഷം ഡോക്റ്റർ മരുന്നു കുറിച്ചു . “പനി കുറഞ്ഞാൽ ഒന്നുകൂടി വരണം കെട്ടോ . ” കണ്ണട നേരെയാക്കി വെച്ച് അഭിയോടായി ഡോക്റ്റർ പറഞ്ഞു . പുറത്തിറങ്ങി ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി അടുത്തുള്ള ഹോട്ടലിൽ കേറി ചൂടു വെള്ളം വാങ്ങി അപ്പുവിനേ കൊണ്ട് ഗുളിക കുടിപ്പിച്ചു . ” അമ്മേ അപ്പൂന് ഷർട്ട് തയ്ക്കാൻ ഒരു തുണി വാങ്ങണം . എന്നിട്ട് പോവാം . ”

“എന്നാപ്പിന്നെ എനിക്കൊരു ബ്ലൗസിന്റെ തുണികൂടി എടുക്കാം . എന്തായാലും ഇനി മഴയല്ലെ വരുന്നേ ”

തുണി എടുത്തിട്ടാണ് അവർ വീട്ടിലേക്ക് പോയത് .

” അപ്പൂ എണീറ്റെ നമ്മളു വീട്ടിലെത്തി ”

നീ ചെക്കനെ ഉണർത്തണ്ട ഉറങ്ങിക്കോട്ടെ . മരുന്നിന്റെ ഷീണം ഉണ്ടാകും .

അമ്മ കേറുന്നില്ലേ ? ചോറ് കഴിച്ചിട്ട് പോയാൽ പോരെ ?

അതിനൊന്നും സമയമില്ല . നീ ചെക്കനെ കൊണ്ടുപോയി കിടത്ത് . ഞാൻ വീട്ടിലെത്തീട്ട് വിളിക്കാം .

ആ . ഓട്ടോ പൈസ ….

ഓട്ടോ പൈസയൊക്കെ എന്റേലുണ്ട് നീ പോ . അവൾ മോനെയും കൊണ്ട് ഉമ്മറത്തേക്ക് കേറി പേഴ്സിൽ നിന്നും താക്കോലെടുത്ത് വാതിൽ തുറന്ന് അകത്തേക്ക് കേറി . അപ്പുവിനെ കിടത്തി പുതപ്പെടുത്തു കഴുത്ത് വരേ പുതപ്പിച്ചു . നെറ്റിയിൽ തൊട്ടു നോക്കി . ചൂട് കുറഞ്ഞിട്ടില്ല . അവൾ ഫോണെടുത്തു

” ആ മനുഏട്ടാ ഞാൻ വീട്ടിലെത്തികെട്ടോ ”

ആ . ചെക്കന് എങ്ങനുണ്ട് ?

മരുന്ന് കൊടുത്തിട്ടുണ്ട് . ഉറങ്ങുവാ .

ആ . ഡോക്റ്റർ എന്താ പറഞ്ഞെ ?

ഇ സി ജി എടുപ്പിച്ചു പിന്നെ പനി കുറഞ്ഞാലും ഒന്നുടെ കാണാൻ പോകാൻ പറഞ്ഞിട്ടുണ്ട്.

ആ ഒക്കെ .

മനു ഏട്ടനെവിടെയാ ? കഴിച്ചോ ?

“കഴിച്ചില്ല . ഞാൻ വിളിക്കാം എന്നാൽ ” കാൾ കട്ടായി . ഫോൺ അവിടെ വെച്ചിട്ട് അവൾ അടുക്കളയിലേക്ക് നടന്നു . അരി കഴുകി അടുപ്പത്ത് വെച്ച് അവൾ തയ്യൽ മിഷ്യനടുത്തേക്ക് നടന്നു. ആദ്യം അപ്പുവിനു ഷർട്ട് തയ്ക്കണം . എന്നിട്ട് നാളെ അമ്മയുടെ ബ്ലൗസ് തയ്ക്കാം . ആലോചനകളിൽ മുഴുകി അവൾ തുണിയിൽ അളവെടുക്കാൻ തുടങ്ങി . ” നാശം പിടിച്ച വിറക് പുകയുന്നതല്ലാതെ കത്തുന്നില്ലല്ലോ ,, അടുപ്പിലേക്ക് ഊതികൊത്ത് പിറുപിറുത്തു .

” ഹലോ മനു ഏട്ടാ അപ്പൂന് പനി കുറഞ്ഞിട്ടില്ല കെട്ടോ . കുറച്ച് നേരത്തെ വരണം ” ഇടയ്ക്ക് അപ്പുവിന്റെ നെറ്റിയിൽ തലോടികൊണ്ട് അവൾ മനുവിനു ഫോൺ ചെയ്തു .

” മരുന്ന് കൊടുത്ത ഉടനെയൊന്നും പനി പോവില്ല . ഞാനെത്താൻ കുറച്ച് ലേറ്റാകും . എന്തെങ്കിലും ഉണ്ടേ വിളിച്ചാൽ മതി ”

“mm .” കാൾ കട്ട് ചെയ്തു അപ്പുവിനുള്ള ഷർട്ട് തയ്ക്കാൻ തുടങ്ങി . സന്ധ്യ ആയപ്പോൾ വിളക്ക് വെയ്ക്കാൻ വേണ്ടി എണീറ്റു . ഷർട്ട് ഇനിയും തയ്ച്ച് കഴിഞ്ഞില്ല . വിളക്ക് വെച്ചിട്ടാവാം ബാക്കി തയ്ക്കുന്നത് . സമയം കടന്നു പോയ്ക്കൊണ്ടിരുന്നു . അപ്പുവിനാണെങ്കിൽ പനി കുറഞ്ഞിട്ടും ഇല്ല . മനു എത്തീട്ടും ഇല്ല . വിളിക്കുംബൊഴൊക്കെ ബിസിയാക്കികൊണ്ടിരിക്കുന്നു . തയ്യൽ മിഷ്യന്റെ ചാക്രം ചവിട്ടുന്നതിനിടയിൽ എന്തോ ഒരു അപശബ്ദം പോലെ കേട്ടിട്ടാണ് അവൾ തയ്യൽ നിർത്തി അകത്തേക്ക് നടന്നത് . അപ്പു എണീറ്റോ ആവോ ? മോനുണർന്നിട്ടുണ്ടെങ്കിൽ പിന്നെ അവളെ കണ്ടില്ലെങ്കിൽ കരയാൻ തുടങ്ങും .

” അപ്പൂ എണീറ്റെ മോൻ . ഇതെന്തൊരുറക്കമാ ചെക്കാ ” ആകെ വിയർത്തിരിക്കുന്നു . മരുന്നിന്റെ ആവും . അവൾ മോനെ പിടിച്ചെഴുന്നേൽപിക്കാൻ ശ്രമിക്കുംബൊഴേക്കും അപ്പുവിന്റെ തല പിന്നിലേക്ക് മറിഞ്ഞിരുന്നു . വിറച്ചു പോയി അവൾ . ” അപ്പൂ … മോനേ ….. കണ്ണു തുറന്നേ . അമ്മയല്ലേ വിളിക്കുന്നേ കണ്ണു തുറക്ക് മോനേ ….” അവൾ നിലവിളിച്ചു കൊണ്ടാണ് ഫോൺ കൈയിലെടുത്തത് . മനുവിന്റെ നബറിൽ തുടരേ വിളിച്ചിട്ടും ബിസിയാക്കികൊണ്ടിരുന്നു . ” ഇല്ലടാ അമ്മേടെ മോനൊന്നൂല്ല ,, ഇടയ്ക്ക് പാതി തുറന്ന അപ്പുവിന്റെ കണ്ണിലേക്ക് ചുണ്ടമർത്തി ഉമ്മ വെച്ച് കൊണ്ട് അവൾ കുടയും പേഴ്സുമെടുത്ത് അപ്പുവിനെ ചുമലിലേക്ക് ചേർത്തുപിടിച്ച് റോഡിലേക്കോടി . ആശുപത്രി വരാന്തയിൽ നനഞ്ഞുകുതിർന്നു നിൽക്കുംബൊഴും അവൾ മനുവിനെ വിളിച്ചു . “ഈശ്വരാ ഒന്നു ഫോണെടുത്തിരുന്നെങ്കിൽ ” വിളിക്കാത്ത ദൈവങ്ങളില്ല .

” എന്താ പറ്റിയത് മോളെ നീ കരയാതെ കാര്യം പറ” അമ്മയെ കെട്ടിപിടിച്ചു ഒറ്റ കരച്ചിലായിരുന്നു അവൾ . ഓട്ടോ പൈസ കൊടുത്ത് അച്ചനും വന്നു .

” അമ്മേ അപ്പു …. ” ശബ്ദം തൊണ്ടയിൽ കുടുങ്ങി പോയി .

” അപ്പൂനൊന്നൂല്ല നീ സമാധാനപ്പെട് ” അവളെ പിടിച്ച് കസേരയിൽ ഇരുത്തി .

” കുറച്ച് നേരത്തേ ആയിരുന്നെങ്കിൽ ഞങ്ങൾ എങ്ങനെങ്കിലും എന്തെങ്കിലും ചെയ്യുമായിരുന്നു . ” കൺപോളകൾ മറിഞ്ഞ് അഭി കുഴഞ്ഞു വീഴുംബൊഴും ഡോക്റ്റർ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു . ” കുഞ്ഞിന്റെ ഹാർട്ട് വീക്കായിരുന്നു . അതുകൊണ്ടാണ് . കുറച്ച് നേരത്തെ എത്തിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമായിരുന്നു ”

ആരൊക്കെയോ ചേർന്ന് അഭിയേ ബെഡിലേക്ക് കിടത്തി . ഡ്രിപ്പിട്ടു .

……………………………

” അമ്മേ ഒരു 2 രൂപ തര്വോ അപ്പൂന്റെ കുപ്പായം തുന്നാൻ നൂൽ വാങ്ങിക്കാൻ വേണ്ടിയാ ” അകത്തു നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് അവൾ നൂലില്ലാത്ത മിഷ്യനിൽ ആഞ്ഞു ചവിട്ടി . ” ന്റെപ്പു തടിച്ചൂട്ടോ ” പാതിയാക്കി വെച്ചിരുന്ന ഷർടെടുത്ത് നോക്കി അവൾ പിറുപിറുത്തു .

” എന്റെ മോളീ മരുന്ന് കുടിച്ചേ ” കണ്ണുതുടച്ച് കൊണ്ട് അമ്മ ഗുളിക നീട്ടി പിടിച്ചു….

വർഷം 3 ആവുന്നു . അഭി ഇപ്പൊഴും കുപ്പായം തയ്ച്ച്കൊണ്ടിരിക്കുന്നു . അപ്പു പോയതറിയാതെ . ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Anu Knr

Leave a Reply

Your email address will not be published. Required fields are marked *