പരസ്പരം സ്നേഹിച്ചും താങ്ങായും തണലായും പുതിയൊരു ജീവിതം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: രേഷ്ജ അഖിലേഷ്

വിവാഹം പ്രമാണിച്ച് വിരുന്നെത്തിയവരെല്ലാം പിരിഞ്ഞു പോയിരുന്നു. അധികം പേരൊന്നുമില്ല. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ഒരു ചെറിയ സൽക്കാരമായിരുന്നു ഇന്നലെ ഉണ്ടായിരുന്നത്.

“രാധികേ നിന്റെ ഒരേയൊരു മകന്റെ കല്യാണത്തിന് ഞങ്ങളെ ഒന്ന് ക്ഷണിച്ചതുപോലുമില്ലല്ലോ”

എന്ന പരിഭവം എന്തായാലും കേൾക്കാനിടയില്ല. നാട്ടുകാരെയും വീട്ടുകാരെയും എല്ലാം ക്ഷണിച്ച് ആഘോഷമാക്കേണ്ട ഒരു വിവാഹം.ലോകം മുഴുവൻ പടർന്നു ഈ മഹാമാരി കാരണം എത്ര ലളിതമായാണ് നടത്തിയത്! ശരത്തിന്റെ പ്രകൃതം പോല ലാളിത്യത്തോടെ തന്നെ അവന്റെ വിവാഹവും കഴിഞ്ഞു. ഓരോന്ന് ഓർത്തു കൊണ്ട് അവർ മയങ്ങിപ്പോയി.

“അമ്മേ ” ശരത്തിന്റ പെണ്ണാണ് വിളിക്കുന്നത്. ഗായത്രി. രാധിക നല്ല മയക്കത്തിലാണ്. ക്ഷീണം കൊണ്ടുറങ്ങിപ്പോയ തന്റെ അമ്മായിയെ സ്നേഹത്തോടെ നോക്കി അവൾ ഒരു നിമിഷം നിന്നുപോയി. ഇളം നീലക്കരയുള്ള സെറ്റുമ്മുണ്ടുടുത്ത്, നെറ്റിയിൽ ഒരു ഭസ്മക്കുറി മാത്രം. കൈയ്യിലും കഴുത്തിലുമെല്ലാം ലളിതമായി മാത്രം ആഭരണങ്ങൾ. ഉള്ളതിനേക്കാൾ കൂടതൽ പ്രായം തോന്നും കണ്ടാൽ. സുമംഗലി ആയിട്ടു ക്കൂടി സീമന്തരേഖയിൽ കുങ്കുമത്തിന്റെ നിറമില്ല.ശരിയാണ് അത് വെറും അലങ്കാരം മാത്രമെന്ന് ബോധ്യമായതിനാലാകാം ആ സീമന്ത രേഖ വര്ഷങ്ങളായി വിവർണ്ണമായി കിടക്കുന്നത്.ശാന്തമായുറങ്ങുന്ന രാധികയെ സ്നേഹപൂർവ്വം ഗായത്രി വിളിച്ചുണർത്തി.

“അമ്മേ,.. അമ്മേയെന്താ മുറിയിൽ പോയി കിടക്കാത്തത് ”

“അറിയാതെ ഉറങ്ങിപ്പോയതാ മോളെ.”

“ഞാൻ ചായ കൊണ്ടു വരട്ടെ അമ്മേ”

“ഒരു ചായ ഇപ്പൊ അത്യാവശ്യ… മോളു കൊണ്ടു വാ ഞാൻ കുടിയ്ക്കാം”.

രാധിക അങ്ങനെ പറഞ്ഞതും ഗായത്രി അടുക്കളയിലേയ്ക് നടന്നു. രാധികയുടെ സ്നേഹത്തോടെയുള്ള സമീപനം ഗായത്രിയ്ക്കു അത്ഭുതമായിരുന്നു. ആവിപറക്കുന്ന ചായ ഗായത്രി രാധികയ്‌ക്കു നൽകി. ചായ നുണഞ്ഞു കൊണ്ട് രാധിക ചിന്തയിലാണ്ടു പോയി.

“കൊള്ളാം. നല്ല ചായ. ഗായത്രി അവളുടെ അമ്മ നിർമ്മല യെപ്പോലെയല്ല.സ്വഭാവവും നിർമ്മലയുടെതല്ല. അതു ബോധ്യമായതുകൊണ്ട് തന്നെയാണല്ലോ താൻ ഈ വിവാഹത്തിന് സമ്മതം മൂളിയതും.”

“ഭർത്താവുണ്ടായിട്ടും വിധവയെപ്പോലെ കഴിയേണ്ടിവന്ന തന്റെ വിധിയിൽ ഏറിയ പങ്കും അവളുടേതായിരുന്നു. രഘുവേട്ടന് നിർമ്മലയെപ്പോലെ പോലെ ഒരു അനിയത്തി ഇല്ലായിരുന്നുവെങ്കിൽ താൻ ജീവിതത്തിൽ ഇത്രത്തോളം ഒറ്റപ്പെടുകയില്ലായിരുന്നു. കുടുംബസ്നേഹിയായിരുന്നു രഘുവേട്ടൻ. അമ്മയെയും അനിയത്തിയെയും സ്നേഹിക്കുന്നതിനിടയിൽ ഭാര്യയെ അവഗണിച്ച കുടുംബസ്നേഹി.നാട്ടുനടപ്പനുസരിച്ച് അത്യാവശ്യം സ്ത്രീധനമെല്ലാം ആയിട്ടു തന്നെയല്ലേ താൻ ആ വീട്ടിൽ വലതുകാൽ വെച്ച് കയറിയത്!എന്നിട്ടും… അവരെ സ്നേഹിക്കുന്നതിൽ താൻ ഒരിക്കലും അസൂയാലുവായിരുന്നില്ല. എങ്കിലും രഘുവേട്ടന്റ സ്നേഹം ഞാൻ പങ്കിട്ടെടുക്കുന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് നിർമ്മലയ്ക് ഒരു വിവാഹലോചന വരുന്നത്. സമ്പന്ന കുടുംബം.സ്ത്രീധനമായി അവർ ആവശ്യപ്പെടുന്നത് ഏതുവിധേനയും നൽകാൻ രഘുവേട്ടൻ തയ്യാറായിരുന്നു. അങ്ങനെ വിവാഹം നടന്നു. നിർമ്മലയ്ക്ക് നൽകിയ സ്വർണ്ണത്തിൽ പകുതിയും തന്റെതായിരുന്നു. അതെടുത്തു രഘുവേട്ടന്റെ അമ്മ നൽകുമ്പോൾ തന്റെ സമ്മതം ചോദിച്ചിരുന്നില്ല. തനിക്കതിൽ പരാതിയും ഇല്ലായിരുന്നു. കല്യാണം ഭംഗിയായി നടന്നു. ഒരാഴ്ച്ച കഴിഞ്ഞ് നിർമ്മലയും ഭർത്താവും ആദ്യമായി വീട്ടിലേയ്ക് വന്നു. വന്നയുടൻ നിർമ്മല രഘുവേട്ടനെ കെട്ടിപ്പിടിച്ച് വലിയ കരച്ചിലായിരുന്നു. കുറച്ചു ദിവസം കാണാതെയിരുന്നതിന്റെയാകാം എന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്നതൊക്ക അപ്രതീക്ഷിതായിരുന്നു.താൻ എന്തോ വലിയ തെറ്റ് ചെയ്തപോലെ തന്നെ ഗർഭിണിയാണെന്ന ചിന്ത പോലുമില്ലാതെ പ്രഹരിക്കുകയായിരുന്നു. തന്റെ സ്വർണ്ണമാണ് നിർമ്മല സ്ത്രീധനമായി കൊണ്ടുപോയതെന്ന് നിർമ്മലയുടെ ഭർത്താവിന്റെ വീട്ടുകാർ അറിഞ്ഞുവെന്ന്. അതു തിരിച്ചു നൽകേണ്ടി വരുമെന്ന് അവർ ഭയന്നു. മാത്രമല്ല അതിന്റെ പേരിൽ അവളെ പരിഹസിച്ചു അപമാനിച്ചുവത്രേ കൂടി ചെയ്തുവത്രേ. തന്റെ സ്വർണ്ണം താൻ തിരിച്ചു കിട്ടാൻ താൻ ആണിത്തൊക്കെ അവരെ അറിയിച്ചതെന്നാണ് നിർമ്മല വാദിച്ചത്. ചെയ്യാത്ത കാര്യത്തിന്റെ പേരിൽ പ്രഹരമേറ്റതും പോരാഞ്ഞിട്ട് അവൾ തന്നെ ശിക്ഷയും വിധിച്ചു. വീട് വിട്ടു പോകാൻ. ഔദാര്യം പോലെ തന്റെ സ്വർണ്ണം തിരികെ ഏൽപ്പിച്ചു. അന്നിറങ്ങിയതാണ് അവിടെ നിന്ന്. ഭാര്യയെ സംരക്ഷിക്കാൻ അയാളും താൽപ്പര്യം കാണിച്ചില്ല.സ്വന്തം വീട്ടുകാർക്കും ശല്ല്യമാവാൻ താല്പര്യം ഇല്ലായിരുന്നു. അറിയാവുന്ന തൊഴിലൊക്കെ ചെയ്ത് കൊണ്ട് അവർക്ക് മുൻപിൽ തന്നെ കഴിഞ്ഞു. ശരത്തിനു അഞ്ചു വയസ്സാക്കും വരെ. പിന്നീടാണ് ഈ നാട്ടിലേയ്ക് വന്നത്. പ്ലസ്ടു കഴിഞ്ഞപ്പോൾ പഠിപ്പു നിർത്തിയതാണവൻ. പഠിക്കാൻ കഴിവില്ലാത്തത് കൊണ്ടല്ല. അമ്മയെ കഷ്ടപ്പെടുത്താൻ അവൻ തയ്യാറല്ലായിരുന്നു. അവൻ കഠിനാധ്വാനം കൊണ്ട് നല്ലൊരു നിലയിലെത്തിയപ്പോഴാണ് അവനൊരു തുണ വേണമെന്ന് തോന്നിയതും ഗായത്രിയെ പെണ്ണുകാണാൻ ചെല്ലുന്നതും. ”

“അമ്മേ… അമ്മേ… അമ്മയെന്താ ഈ ആലോചിക്കുന്നേ…? ശരത് അരികിൽ വന്നിരുന്നതു പോലും രാധിക അറിഞ്ഞിരുന്നില്ല. രാധിക മൗനം വെടിഞ്ഞില്ല. ഒന്നു പുഞ്ചിരിച്ചു.

“എനിക്കറിയാം അമ്മേ. അമ്മ പഴയതൊക്കെ ആലോചിക്കുവാണല്ലേ?ഇനിയും അതൊക്ക മറന്നേക്കൂ അമ്മേ. ”

ആളറിയാതെയാണ് ഗായത്രിയുടെ വീട്ടിൽ ചെന്നു കയറിയത്. അവിടുള്ളവരെ കണ്ടപ്പോൾ ഒന്ന് അമ്പരന്നുവെങ്കിലും ജീവിതത്തിൽ ജയിച്ചു നിൽക്കുന്ന രാധികയ്ക്ക് പിന്മാറാൻ തോന്നിയില്ല. നിർമ്മലയുടെ മോളാണെന്നറിഞ്ഞിട്ടും ഗായത്രിയെ തന്റെ മരുമകളാക്കാൻ രാധികയ്ക്കു വിരോധമുണ്ടായില്ല. ഗായത്രിയ്ക് പത്തു വയസ്സുള്ളപ്പോൾ അവളുടെ അച്ഛൻ രോഗബാധിതനായി മരിച്ചു പോയെന്നും. ഭാഗം കിട്ടിയ സ്വത്തെല്ലാം ചികിത്സയ്ക്കായ് തന്നെ ചിലവായിപ്പോയെന്നും പിന്നീട് വളരെ കഷ്ട്ടപ്പെട്ടാണ് ഇതുവരെ ജീവിച്ചതെന്നുമെല്ലാം നിർമ്മല കണ്ണീരോടെ പറഞ്ഞു. ഗായത്രിയ്ക്കു ഇതിലും നല്ലൊരു ബന്ധം കിട്ടില്ലായെന്ന് നിർമ്മലയ്ക്കു അറിയാമായിരുന്നു. തന്റെ മകന് ഒരു ഭാര്യയെ ആണ് വേണ്ടതെന്നും സ്ത്രീധനം മോഹിക്കുന്നില്ലായെന്നും പറഞ്ഞ രാധികയുടെ കാൽക്കൽ വീണ് നിർമ്മല പണ്ട് ചെയ്തതിനെല്ലാം ക്ഷമ ചോദിച്ചു. ക്ഷമ ചോദിക്കുവാനോ മകനെയും ഭാര്യയെയും അഭിമുഖീകരിക്കാനോ കഴിയാതെ മറ്റൊരു ആത്മാവ് ജീവനോടെ തലതാഴ്ത്തി നിന്നു. അറ്റ് പോയ കണ്ണികൾ കൂട്ടിയിണക്കി നോക്കാൻ ആ അമ്മയും മകനും താല്പര്യപ്പെട്ടില്ല. പുതിയൊരു അതിഥിയെ മാത്രം സ്വീകരിക്കാൻ മാത്രം അവരുടെ ഹൃദയം പാകപ്പെടുത്തി. തന്റെ അമ്മ കാരണം,ഒറ്റപ്പെട്ടുപോയ ആ അമ്മയുടെയും മകന്റെയും ജീവിതത്തിൽ കണ്ണീരിന്റെ നാനവൊരിക്കലും പടർത്തില്ലെന്ന് മനസ്സിൽ പ്രതിജ്ഞഎടുത്താണ് ഗായത്രി ശരത്തിന്റെ വധുവായത്.

“മറക്കാൻ കഴിയാത്ത പലതും ഉണ്ട്‌ മോനെ… മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ അതു കാണും. പക്ഷേ നമ്മുടെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ പഴയതൊന്നും ബാധിക്കില്ല. ” ശരത്തിനെയും ഗായത്രിയെയും ചേർത്തു പിടിക്കവേ അവരുടെ കണ്ണിൽ ഒരു നക്ഷത്രതിളക്കമായിരുന്നു.

അങ്ങനെ അവർ മൂവരും തുടങ്ങുകയാണ്… പരസ്പരം സ്നേഹിച്ചും താങ്ങായും തണലായും പുതിയൊരു ജീവിതം. ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: രേഷ്ജ അഖിലേഷ്

Leave a Reply

Your email address will not be published. Required fields are marked *