നഷ്ടമായതിനേകൾ മികച്ചതാണ് ഈ ലോകം നമുക്കായി കാത്തു വച്ചിരിക്കുന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ശ്രീജിത്ത് ജയൻ

കല്യാണം ഉറപ്പിച്ചിട്ട് ഇതുവരെ തന്നെ ഒരിക്കൽ പോലും വിളിച്ചു സംസാരിക്കാൻ ശ്രമിക്കാത്ത IPS കാരനായ ഭാവി ഭർത്താവിനെ കുറിച്ച് കീർത്തിയുടെ മനസ്സിൽ പല തരത്തിലുള്ള സംശയങ്ങളും ഉണ്ടായിരുന്നു.

“ഇങ്ങനെയുണ്ടോ ഒരു തിരക്ക് , ഞാൻ എങ്ങനെയാ അങ്ങോട്ട് വിളിച്ചു സംസാരിക്കുന്നത് ? പെണ്ണ് കാണാൻ വന്നപ്പോൾ പോലും എന്നോട് കാര്യമായി ഒന്നും സംസാരിച്ചില്ല .എന്തോ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് നീ കയറി വന്നത് .” കീർത്തി തന്റെ പരിഭവം കസിനായ അനുപമയോട് പങ്കുവച്ചു.

“ഡി പോത്തെ നീ അങ്ങോട്ട് വിളിച്ചു സംസാരിക്കാൻ ശ്രമിക്ക്. നിന്റെ പോലീസുകാരൻ കല്യാണം വേണ്ടെന്ന് പറഞ്ഞു നടക്കുകയായിരുന്നു എന്ന എനിക്ക് കിട്ടിയ റിപ്പോർട്ട് , അതായിരിക്കും ഇങ്ങോട്ട് കാൾ ഒന്നും വരാത്തത് .അല്ല നിനക്ക് പുള്ളിക്കാരന്റെ അനുജത്തിയെ പരിചയം ഉണ്ടോ ? ” അനുപമയുടെ ചോദ്യത്തിന് കീർത്തി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി .അൽപ നേരത്തെ ആലോചനക്ക് ശേഷം അനുപമ തുടർന്നു .

“ഉണ്ടായിരുന്നു എങ്കിൽ ആ വഴി എന്തെങ്കിലും ചെയ്യാമായിരുന്നു , ഇനി പറഞ്ഞിട്ട് കാര്യമില്ലലോ . എന്തായാലും നീ രണ്ടും കൽപ്പിച്ച് അങ്ങോട്ട് വിളിക്ക് , അതിന്റെ പേരിൽ കല്യാണം ഒന്നും മുടങ്ങാൻ പോവുന്നില്ല .”

“എന്റെ സംശയം പുള്ളിക്ക് വേറെ റിലേഷൻഷിപ്പ് വല്ലതും ഉണ്ടായിരുന്നോ എന്ന ? കല്യാണത്തിന്റെ തീയതി വരെ കുറിച്ചു , അവസാനം IPS വേറെ പെണ്ണിന്റെകൂടെ ഓടി പോവുമോ എന്ന എന്റെ പേടി.” കീർത്തി തടിയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

“അതിന് ചാൻസ് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത് .കാരണം വീട്ടുകാർ നിര്ബന്ധിച്ചിട്ടാണ് പുള്ളി പെണ്ണ് കാണാൻ വന്നത് പോലും , പ്രേമം വല്ലതും ഉണ്ടെങ്കിൽ ഈ ആലോചന ഇതുവരെ എത്തില്ലലോ ? പക്ഷെ പുള്ളിയെ ഏതോ ഒരുത്തി തേച്ചു വിട്ടതാണോ എന്ന എനിക്ക് സംശയം , കാര്യം അറിയണമെങ്കിൽ നീ പുള്ളിയോട് തുറന്ന് സംസാരിച്ചേ പറ്റു . നീ വിളിക്ക് ഞാനില്ല കൂടെ…”

അനുപമ പറയുന്നത് കേട്ട് മനസ്സിൽ എവിടെയോ ഒളിഞ്ഞിരുന്നിരുന്ന ഭയം പുറത്തേക്ക് വന്നു. വിറക്കുന്ന കൈകൾ കൊണ്ട് അവൾ തന്റെ ഭാവി ഭർത്താവായ ശ്രീഹരി IPS ന് ഫോണ് ചെയ്തു.

“ഹെലോ ശ്രീഹരി here….” ശ്രീഹരിയുടെ ശക്തമായ ശബ്‌ദം കേട്ടതും കീർത്തി സംഭരിച്ചു വച്ചിരുന്ന മുഴുവൻ ധൈര്യവും പോയി. താൻ സംസാരിക്കുന്നത് ഒരു പോലീസുകാരനോടാണ് എന്ന ചിന്ത ചോദിക്കാൻ അവൾ മനസ്സിൽ കരുതി വച്ചിരുന്ന ചോദ്യങ്ങളെ മുഴുവൻ തുടച്ചു നീക്കി .

“ഞാൻ കീർത്തിയാണ്……” വീണ്ടും ധൈര്യം സംഭരിച്ചു കൊണ്ട് അവൾ തന്നെ സ്വയം പരിച്ചപ്പെടുത്തി.

“എന്താ കാര്യം ?” ശ്രീഹരിയുടെ ഒരു തുള്ളി പോലും റൊമാൻസ് ഇല്ലാത്ത സ്വരം കേട്ട കീർത്തി ദേഷ്യത്തോടെ തനിക്ക് അരികിൽ ഇരുന്നിരുന്ന അനുപമയെ തുറിച്ചു നോക്കി .

“എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു ……നാളെ കാണാൻ പറ്റുമോ ?”

“നാളെ ,,,,,,,ഫൈൻ . നാളെ രാവിലെ 11 മണിക്ക് എന്റെ ഓഫീസ് ബിൾഡിങ്ങിലുള്ള കാന്റീനിൽ വന്നാൽ മതി.”

“Ok.” എന്ന് കീർത്തി പറയാൻ തുടങ്ങിയതും ശ്രീഹരി കാൾ കട്ട് ചെയ്തു.

“ഇത് എന്ത് ജന്മമാണ് , മനുഷ്യൻ തന്നെയാണോ ഇത് ? ഞാൻ കരുതി വല്ല പാർക്കിലോ കോഫീ ഷോപ്പിലോ വച്ചു കാണാമെന്ന് പറയുമെന്ന് , അവസാനം first date ന് സെലക്ട് ചെയ്ത സ്ഥലം കണ്ടില്ലേ , ഓഫീസിൽ കാന്റീൻ ……”

അനുപമ കീർത്തിയെ കളിയാക്കി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. കയ്യിൽ കിട്ടിയത് കൊണ്ട് അനുപമയുടെ തല തല്ലി പൊട്ടിക്കാൻ അവൾക്ക് തോന്നിയെങ്കിലും ശ്രീഹരിയോടുള്ള ദേഷ്യത്തിന് എന്തിന് അനുപമയെ വേദനിപ്പിക്കണം എന്ന് തോന്നിയതുകൊണ്ടാവാം കീർത്തി ശാന്തത പാലിച്ചു.

ശ്രീഹരിയുടെ തിരക്കുകളും മറ്റും അറിയുന്നത് കൊണ്ടുതന്നെ കീർത്തി പറഞ്ഞതിനും മുൻപേ അവിടെയെത്തി. പക്ഷെ പറഞ്ഞ സമയത്ത്‌ ശ്രീഹരി വന്നില്ല . തിരിച്ചുപോവാൻ ഒരുങ്ങിയപ്പോഴാണ് ശ്രീഹരി അവിടേക്ക് വന്നത്. കീർത്തിയെ ഒന്ന് നോക്കി ചിരിക്കുക പോലും ചെയ്യാതെ ശ്രീഹരി കീർത്തിയുടെ മുന്നിൽ വന്നിരുന്നു.

“എന്താ പറയാൻ ഉള്ളത് ?” ഒരു ഹായ് പോലും പറയാതെ ശ്രീഹരി നേരെ വിഷയത്തിലേക്ക് വന്നു. ശ്രീഹരിയുടെ പെരുമാറ്റം ദേഷ്യം കൂടപിറപ്പായ കീർത്തിക്ക് ഒട്ടും തന്നെ രസിച്ചില്ല.

“താൻ എന്തിനാ എന്നെ കേട്ടമെന്ന് എന്റെ വീട്ടുകാരോട് പറഞ്ഞത് ? സത്യത്തിൽ തനിക്ക് എന്താ കുഴപ്പം , വല്ല പ്രേമവും ഉണ്ടോ ,അല്ലെങ്കിൽ ശാരീരികമായി എന്തെങ്കിലും തകരാർ പറ്റിയിട്ടുണ്ടോ ?” കീർത്തി ശ്രീഹരിയെ ആക്ഷേപിക്കുന്നത് പോലെ ഉച്ചത്തിൽ ചോദിച്ചു. ഒരു പോലീസുകാരനെ അതും ഒരു IPS കാരനെ ഇങ്ങനെ ചീത്തപറയാൻ മാത്രം ഇവൾ ആരാ എന്ന ചിന്തയോടെ എല്ലാവരും ശ്രീഹരിയെയും കീർത്തിയെയും തുറിച്ചു നോക്കി.

“താൻ ഇരിക്ക് …..” ശ്രീഹരി ശാന്തമായ സ്വരത്തിൽ പറഞ്ഞു .

“എന്നോട് സംസാരിക്കുമ്പോൾ മാന്യനായി സംസാരിക്കണം ഇല്ലെങ്കിൽ …….” വളരെ താഴ്ന്ന സ്വരത്തിലാണ് ശ്രീഹരി പറഞ്ഞതെങ്കിലും അവന്റെ കണ്ണുകളിൽ ദേഷ്യം ആളി കത്തുന്നുണ്ടായിരുന്നു.

“സോറി സർ…” കീർത്തി തല താഴ്ത്തികൊണ്ട് പറഞ്ഞു.

“എന്നെ സർ എന്ന് വിളിക്കണം എന്നില്ല .താൻ ഊഹിച്ചത് ശരിയാണ് എനിക്കൊരു പ്രണയം ഉണ്ട്.” അത് കേട്ടതും തലയിൽ ചുറ്റികകൊണ്ട് അടിച്ചത് പോലെയാണ് കീർത്തിക്ക് തോന്നിയത് .

“പിന്നെ എന്തിനാ എന്നെവെറുതെ……” ദേഷ്യവും സങ്കടവും അടപ്പി പിടിച്ചുകൊണ്ട് കീർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

“പറയാം പക്ഷെ ഇവിടെ വച്ചു വേണ്ട….” ശ്രീഹരി കീർത്തിയെ ഓഫീസിൽ മുറിയിലേക്ക് ക്ഷണിച്ചു. ഒരു പോലീസുകാരൻ തന്റെ പ്രണയത്തെ കുറിച്ച് കല്യാണത്തിന് മുൻപ് തന്നോട് ഓഫീസ് മുറിയിൽ ഇരുന്നുകൊണ്ട് സംസാരിക്കാൻ പോവുന്നത് ഓർത്തു കീർത്തി ഉള്ളുകൊണ്ട് ചിരിച്ചു.

“കീർത്തി അതാണ് അവളുടെ പേര് …”

ശ്രീഹരി എന്താ തന്റെ പേര് തന്നെ പറയുന്നത് എന്ന സംശയം അവളിൽ നിറഞ്ഞു , അത് ശ്രീഹരിക്ക് അവളുടെ കണ്ണിൽ നിന്നും വായിച്ചെടുക്കാനും കഴിഞ്ഞു …

“അതേ , തന്റെ പേര് തന്നെയാണ് അവളുടെയും പേര് , കീർത്തി .എല്ലാവരും അടിച്ചു പൊളിക്കുന്ന സ്കൂൾ ആർട്ട്സ് ഡേക്ക് കൂവൻ തയാറായിയാണ് ഞാൻ ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നത് .സ്റ്റേജിൽ അപ്പോൾ ഒരു സുന്ദരി കുട്ടി പാട്ട് പാടുകയായിരുന്നു .അവളെക്കാൾ സൗന്ദര്യം ആ ശബ്ദത്തിന് ഉള്ളതായി അന്നെനിക്ക് തോന്നി. പിന്നെ ഞാൻ അവളെ പിന്തുടർന്നു. വർഷം ഒന്ന് കഴിഞ്ഞതിന് ശേഷമാണ് അവൾ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് .”

ശ്രീഹരിക്ക് തേപ്പ് കിട്ടിയത് ആവണെ എന്ന പ്രാർത്ഥനയോടെ കീർത്തി എല്ലാം കേട്ടിരുന്നു . (ഫ്ലാഷ് ബാക്ക് ) ****

SSLC അവസാന പരീക്ഷയും കഴിഞ്ഞ് നടന്ന് വരുന്ന ശ്രീവിദ്യയെ നോക്കി തന്റെ സൈക്കിളിൽ ചാരി നിൽക്കുകയായിരുന്നു ശ്രീഹരി.

“അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു . ഇനി വീട്ടിൽ ചെന്നിട്ട് വേണം ഒന്ന്‌ സമാധാനമായി കിടന്നുറങ്ങാൻ .” എന്ന് പറഞ്ഞുകൊണ്ട് ശ്രീവിദ്യ തന്റെ ബാഗ് ശ്രീഹരിയുടെ കയ്യിൽ കൊടുത്ത ശേഷം സൈക്കിളിന് പുറകിൽ കയറി ഇരുന്നു. പക്ഷെ അപ്പോഴും ശ്രീഹരി ക്ലാസ് റൂമിന് നേരെ നോക്കി നിൽക്കുകയായിരുന്നു.

“അല്ല ചേട്ടൻ ഞാൻ പറഞ്ഞത് വല്ലതും കേൾക്കുന്നുണ്ടോ ? കൊറേ നേരമായല്ലോ അങ്ങോട്ട് നോക്കി നിൽക്കുന്നു അവിടെ ആരാ ഉള്ളത് ?”

“എന്റെ പെണ്ണ്….”

“ഓ……അല്ല എന്താ പറഞ്ഞേ…..” താൻ കേട്ടത് ശരിയാണോ എന്ന് ഉറപ്പിക്കാൻ എന്നപോലെ വിദ്യ ചോദിച്ചു .അതിനുള്ള മറുപടിയായി ഹരി തനിക്ക് നേരെ നടന്ന് വരുന്ന കീർത്തിയെ ചൂണ്ടി കാണിച്ചു.

“നിനക്ക് അറിയില്ലേ കീർത്തിയെ ?”

“അതൊക്കെ അറിയല്ലാം , നിങ്ങൾ രണ്ടാളും ഇത് എന്ത് അറിഞ്ഞിട്ടാണ് , ഞാൻ എന്തായാലും ഇത് വീട്ടിൽ അറിയിക്കും.” ശ്രീവിദ്യ ബിഷണിയുടെ സ്വരത്തിൽ പറഞ്ഞു .

“പറഞ്ഞാൽ നിന്നെ ഞങ്ങൾ തട്ടും…”

“ഓഹ് അപ്പൊ അവിടെ വരെയായി കാര്യങ്ങൾ അല്ലെ , എന്ന ശരി ,ഞാൻ പോവുന്നു….” ബാഗുമായി പോവാൻ തുടങ്ങിയ വിദ്യയെ കീർത്തി തടഞ്ഞു .

“എന്തോ നിന്നോട് പറയണമെന്ന് തോന്നി , അതാ പറഞ്ഞത്. ഞാൻ കോളേജിൽ ചേർന്നാൽ പിന്നെ ഇവളെ കാണണോ സംസാരിക്കാനോ കഴിഞ്ഞെന്ന് വരില്ല , അത് കൊണ്ട് നീ ഞങ്ങളുടെ ഹംസം ആവണം .അത്കൊണ്ട് നിനക്കും ലാഭം ഉണ്ടാവുമെന്ന് കരുതിക്കോ.” ശ്രീഹരി വിദ്യയുടെ കണ്ണികളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .ശ്രീഹരിയെ പിണക്കുന്നത് നന്നല്ല എന്ന് തോന്നിയത് കൊണ്ടാവാം ശ്രീവിദ്യ അവരുടെ ബന്ധത്തിന് സമ്മതം മൂളി.

“ഞങ്ങൾ ഇന്ന് വൈകിട്ട് പോവും ചെന്നൈക്ക്”

“അവിടെ എന്താ ? ശ്രീഹരി സംശയത്തോടെ കീർത്തിയോട് ചോദിച്ചു . “അമ്മായി അവിടെ അല്ലെ , പിന്നെ അച്ഛന് x military officers ന്റെ എന്തോ പരിപാടിയും ഉണ്ട്.”

“അല്ല അപ്പൊ ഇനി എന്ന കാണാ ?”

“ഇനി സ്കൂൾ തുറക്കുന്നത് വരെ അവിടെ തന്നെയായിരിക്കും ……… ഇന്ന ഇത് വച്ചോ ശ്രീയേട്ടന്റെ birthday ക്ക് തരാൻ വേണ്ടി വാങ്ങിയതാണ്.” കീർത്തി തന്റെ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു പുതിയ ഹീറോ പേന ഹരിക്ക് സമ്മാനിച്ചു.

“എങ്ങനെയുണ്ട്..”

“കലക്കി , തന്റെ birthday നാളെയല്ലേ , ചെന്നൈയിൽ വന്ന് സമ്മാനം തരാനുള്ള കഴിവ് ഇപ്പോൾ എനിക്കില്ല , അത് കൊണ്ട് ഈ വാച് തന്റെ കയ്യിൽ കിടക്കട്ടെ .” ഹരി തന്റെ കയ്യിൽ കിടന്നിരുന്ന വാച് ഊരി കീർത്തിയുടെ കയ്യിൽ കെട്ടി കൊടുത്തു.

“അധികം വൈകിയാൽ പ്രശ്നമാവും , പറ്റുമ്പോൾ ഞാൻ വിളിക്കാം.”

“വേണ്ട റിസ്ക് എടുക്കാൻ നിൽക്കേണ്ട . പോയിട്ട് വാ.”

ഹരിയെ നോക്കി ചിരിച്ചുകൊണ്ട് കീർത്തി നടന്നു നീങ്ങി. (ഫ്ലാഷ് ബാക്ക് തീർന്നു) *****

“അവൾ ആ വഴി പോയിട്ടുണ്ടാവും അല്ലെ ?” കീർത്തി ശ്രീഹരിയെ പരിഹസിക്കുന്നത് പോലെ ചോദിച്ചു .പക്ഷെ അതിന് മറുപടിയായി ശ്രീഹരി നൽകിയത് ഒരു തീഷ്ണമായ നോട്ടം മാത്രമായിരുന്നു.

“I am sorry.” താൻ കുറച്ച് അതിരുകടന്ന് സംസാരിച്ചു എന്ന് തിരിച്ചറിഞ്ഞ കീർത്തി ശ്രീഹരിയോട് പറഞ്ഞു.

“ക്ഷേത്രത്തിൽ പോവാൻ മടി കാണിച്ചിരുന്ന ഞാൻ അടുത്ത ദിവസം രാവിലെ തന്നെ വീടിന് അടുത്തുള്ള ക്ഷേത്രത്തിൽ പോയി അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.പിന്നീടുള്ള ദിവസങ്ങൾ അവളുടെ അസാന്നിധ്യതാൽ ദുഃഖ പൂർണ്ണമായി എനിക്ക് തോന്നി. പുതിയ അധ്യയനവർഷം ആരംഭിച്ചപ്പോഴാണ് എനിക്ക് ആശ്വാസം തോന്നി , ഇനി മുതൽ ശ്രീവിദ്യയുടെ സഹായവും ഉണ്ടാവും എന്നതായിരുന്നു അതിൽ പ്രധാനം . കോളേജ് കഴിഞ്ഞു വീട്ടിൽ എത്തിയ ഞാൻ വിദ്യയോട് കീർത്തിയെ കുറിച്ച് ചോദിച്ചെങ്കിലും , അവൾ മനപ്പൂർവം അതിൽ നിന്നും ഒഴിഞ്ഞു മാറി .എന്താണ് അതിന് കാരണമെന്ന് എനിക്കറിയില്ലായിരുന്നു .കുറെ നേരം എന്റെ മുന്നിൽ പിടിച്ചു നിന്നെങ്കിലും അധികം വൈകാതെ അവൾ ആ സത്യം എന്നോട് പറഞ്ഞു. കീർത്തി ജീവനോടെ ഇല്ലെന്ന് .” ശ്രീഹരിയുടെ കണ്ണുകൾ നിറഞ്ഞു. അത്തരത്തിൽ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാതെ ഇരുന്നത് കൊണ്ടു തന്നെ ഒരു ഞെട്ടലാണ് കീർത്തിക്ക് ആദ്യം ഉണ്ടായത്.

“എങ്ങനെ , എന്തു പറ്റിയതാണ് ?” അവൾ ശ്രീഹരിയോട് ചോദിച്ചു.

“കാറിനാണ് കീർത്തി തന്റെ അച്ഛനമ്മമാർ ക്ക് ഒപ്പം ചെന്നൈയിലേക്ക് തിരിച്ചത് .സഹോദരിയുടെ ഭർത്താവിന് സമ്മാനിക്കുവാനായി അവളുടെ അച്ഛൻ തനിക്ക് കോട്ടയായി കിട്ടിയ മദ്യകുപ്പിയും കാറിൽ കരുതിയിരുന്നു. ഇറങ്ങാൻ വൈകിയത് കൊണ്ടുതന്നെ അവർ ബോഡർ കടന്നപ്പോൾ വല്ലാതെ ഇരുട്ടി . ഇരുവശത്തും കുറ്റിക്കാടുകൾ നിറഞ്ഞ റോഡിലൂടെ ആയിരുന്നു അവരുടെ യാത്ര . പുതിയ ദിവസം പിറന്ന് ഒരു മണിക്കൂർ തികയുന്നതിന് മുൻപ് അവർ യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽ പെട്ടു .ഒരു ചരക്ക് ലോറി അമിതവേഗത്തിൽ വന്ന് അവരുടെ കാറിന് പുറകിൽ ഇടിച്ചു. ഇടിയുടെ ഫലമായി കാർ തലകീഴായി മറിഞ്ഞ് റോഡിന് അരികിലുള്ള കുറ്റി കാട്ടിലേക്ക് തെറിച്ചു പോയി. തെറ്റ് തന്റെ ഭാഗത്താണ് എന്ന് മനസ്സിലായത് കൊണ്ടാവാം ലോറി ഡ്രൈവർ അവരെ രക്ഷിക്കാൻ ശ്രമിക്കാതെ അവിടെ നിന്നും രക്ഷപ്പെട്ടു .അടുത്ത ദിവസം പുലർച്ചെയാണ് കാർ അപകടത്തിൽ പെട്ട് കിടക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചത്. ഉടനെ തന്നെ രക്ഷ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും അപ്പോഴേക്കും സമയം വല്ലാതെ വൈകിപോയിരുന്നു. മദ്യകുപ്പികൾ പൊട്ടൻ സാധ്യത ഉള്ളത്കൊണ്ട് അവ പുറകിലെ സീറ്റിൽ ഇരുന്നിരുന്ന കീർത്തിയെയാണ് അവളുടെ അച്ഛൻ ഏല്പിച്ചിരുന്നത് .മടിയിലെ ബാഗിന് ഉള്ളിൽ ഉണ്ടായിരുന്ന കുപ്പികൾ അവളുടെ മരണത്തിന് കാരണമായി . ആഴത്തിൽ ഉണ്ടായ മുറിവിലൂടെ രക്തം വാർനിറങ്ങി. ജന്മ ദിവസത്തിന്റെ വാർഷികത്തിൽ അവൾ എന്നോടും ഈ ഭൂമിയോടും യാത്രപറഞ്ഞു. ഇവിടെ അവൾക്ക് വേണ്ടി ഞാൻ ദൈവത്തിന് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ അവിടെ തണുത്തുറഞ്ഞ ഒരു മൃതദേഹം മാത്രമായി അവൾ മാറിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. വിദ്യ പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ പഴയ പത്രം തപ്പിയെടുത്ത് ചരമ കോളം തുറന്ന് നോക്കി. അവളുടെ ജീവിതം വെറുമൊരു നാലു വരിയിൽ ഒതുക്കിയത് ഞാൻ തിരിച്ചറിഞ്ഞു. അവളുടെ ചിരി മായാത്ത ഒരു ഫോട്ടോ ആ വർത്തയോടൊപ്പം ഉണ്ടായിരുന്നു .കീർത്തിയുടെ അച്ഛനും അമ്മയും ചികിത്സയിൽ ആയിരുന്നത് കൊണ്ടാണ് ബോഡി നാട്ടിലേക്ക് കൊണ്ടു വരാതെ അവിടെ തന്നെ സംസ്‌കരിച്ചത് എന്ന് പിന്നീട് ഞാൻ അറിഞ്ഞു.” തന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ട് എന്ന് ശ്രീഹരി തിരിച്ചറിഞ്ഞു .ശ്രീഹരിയോട് എന്ത് പറയണമെന്ന് കീർത്തിക്ക് അറിയില്ലായിരുന്നു. അവൾ കസേരയിൽ നിന്നും ഹരിയുടെ അരികിലേക്ക് ചെന്നു.

“ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് എന്റെ അമ്മ എന്നെയും അച്ഛനെയും ഒറ്റക്കാക്കി പോയത്. അമ്മയെ ഓർത്ത് കരഞ്ഞു കൊണ്ടിരുന്ന എന്നോട് അച്ഛൻ അന്നൊരു കാര്യം പറഞ്ഞു , മരിച്ചവർ ഒരിക്കലും ഇഷ്ടപ്പെടുന്നവരുടെ കണ്ണുനീർ കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് .സർ അവളെ ഓർത്ത് കരയുന്നത് കാണാൻ അവളും ആഗ്രഹിക്കുന്നുണ്ടാവില്ല എന്ന് എന്റെ മനസ്സ് പറയുന്നു. മറക്കാൻ പറയില്ല ,കാരണം അതിന് ആത്മാർത്ഥമായി സ്നേഹിച്ച ഒരാണിനും കഴിയില്ല .പക്ഷെ ഒന്ന് മാത്രം കഴിയും , അവൾക്ക് വേണ്ടി ചിരിക്കാൻ , പുതിയൊരു ജീവിതത്തിലൂടെ…” ഇനി ഞാനുണ്ട് കൂടെ എന്ന് പറയാതെ പറയുന്നത് പോലെ അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ച ശേഷം ഓഫീസിൽ മുറിക്ക് പുറത്തേക്ക് നടന്നു.

“പിന്നെ കാത്തിരിക്കാൻ എനിക്ക് മടി ഒന്നുമില്ല , താലി കെട്ടിയത്തിന് ശേഷമായാലും …..ഞാൻ വരാം……” മുറിയുടെ വാതിൽ പാതി തുറന്ന് പിടിച്ചുകൊണ്ട് കീർത്തി ശ്രീഹരിയുടെ കണ്ണുകളിലേക്ക് നോക്കി.

പതിയെ ശ്രീഹരി പൂർണമായും കീർത്തിയുടെ നല്ല പതിയായി മാറി. ദൈവം തന്നിൽ നിന്നും അടർത്തി മാറ്റിയ തന്റെ സഖിയെ എല്ല അർത്ഥത്തിലും തിരിച്ചു നൽകിയെന്ന് അതേ ദൈവം ശ്രീഹരിയെകൊണ്ട് പറയിച്ചു .

“നഷ്ടമായതിനേകൾ മികച്ചതാണ് ഈ ലോകം നമുക്കായി കാത്തു വച്ചിരിക്കുന്നത്” ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ..

രചന : ശ്രീജിത്ത് ജയൻ

Leave a Reply

Your email address will not be published. Required fields are marked *