ഇത്രയും സ്നേഹിച്ചിട്ട് എന്തിനാണ് നിങ്ങൾ പിരിഞ്ഞത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: അമ്മു സന്തോഷ്

“അരുണിന് ഇടയ്ക്ക് ധാരാളം ചായ കുടിക്കുന്ന ശീലമുണ്ട് അത് നന്നല്ല എന്നൊന്ന് ഓർമ്മിപ്പിക്കണം. പിന്നേ.. ബുക്ക്‌ ഷെൽഫിൽ രണ്ടാമൂഴം എന്ന പുസ്തകത്തിനകത്ത് പണ്ട് അരുൺ എനിക്ക് തന്ന ഒരു മയിൽ‌പീലി ഉണ്ട്. പ്രസവിച്ചോന്നു ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. എടുക്കാൻ മറന്നു പോയി… അത് എടുത്തു കളയരുത് ട്ടോ….”

ജാനകി പല്ലവിയുടെ കയ്യിൽ മുറുകെ പിടിച്ചു.. ആദ്യകാഴ്ചയിൽ തന്നെ പല്ലവിയെ അവൾക്കിഷ്ടമായി.

“എന്നോട് വെറുപ്പൊന്നും തോന്നരുത് എന്ന് അപേക്ഷിക്കാനാണ് പോകും മുന്നേ ഒന്ന് കാണണം എന്ന് പറഞ്ഞത്. ഞാൻ ഉപേക്ഷിച്ചു പോകുന്ന ഇടത്തേക്ക് വരുന്ന ആളല്ലേ?…” പല്ലവി മെല്ലെ ചോദിച്ചു

ജാനകി ആ മുഖത്ത് ഒന്ന് തൊട്ടു.

“അരുണിന് ആസ്തമ ഉണ്ടാകും വിന്ററിൽ മാത്രം. അലമാരയുടെ ഏറ്റവും അടിയിലെ തട്ടിൽ ഒരു വൂളൻ പുതപ്പ് ഉണ്ട്. അപ്പൊ മാത്രം എടുക്കുന്നത്. എത്ര വഴക്കുണ്ടാക്കിയാലും ആ സമയങ്ങളിൽ പിണങ്ങി മാറിക്കിടക്കരുത്.. പിന്നെ .അരുണിന് നീല നിറമാണ് കൂടുതൽ ഇഷ്ടം.. നീല നിറത്തിലുള്ള സാരികൾ വലിയ ഇഷ്ടമാണ്.” അവൾ ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

“ഭക്ഷണത്തിനു കറികളിൽ ഉപ്പും പുളിയും മുളകും മാത്രം അരയ്ക്കുന്ന ചമ്മന്തി.. അത് വലിയ ഇഷ്ടാണ്. ഭക്ഷണം എന്ത് കൊടുത്താലും കഴിക്കും ട്ടോ.. പാവമാണ്.പിന്നെ വളരെ നേരെത്തെ എണീൽക്കും.. പ്രഭാതങ്ങൾ കാണാൻ ഒത്തിരി ഇഷ്ടം.. സന്ധ്യകളും. മഴ, കടൽ.. യാത്രകൾ ഒക്കെ ഒത്തിരി ഇഷ്ടമാണ്…” അവൾ എന്തൊ ഓർത്ത് പുഞ്ചിരിച്ചു

“ജാനകി എപ്പോഴും അവന്റെ കൂടെ ഉണ്ടാവണേ”

അവൾ അപേക്ഷപോലെ പറഞ്ഞ് സ്നേഹത്തോടെ ജാനകിയുടെ കൈകളിൽ അമർത്തി പിടിച്ചു .

“ഇത്രയും സ്നേഹിച്ചിട്ട് എന്തിനാണ് നിങ്ങൾ പിരിഞ്ഞത്?” ജാനകി ഇടറിയ ശബ്ദത്തിൽ ചോദിച്ചു.

“ചോദ്യത്തിലുണ്ട് ഉത്തരം” പല്ലവി മെല്ലെ പുഞ്ചിരിച്ചു.

ഫ്ലൈറ്റ് അന്നൗൺസ്‌മെന്റ് മുഴങ്ങിയപ്പോൾ അവൾ എഴുനേറ്റു.

“സമയം ആയി.. നമ്മൾ ഇനി കാണില്ലായിരിക്കും. അരുണെന്തു ചെയ്താലും അവനെ ഉപേക്ഷിച്ചു പോകല്ലേ” അവൾ ജാനകിയെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഫ്ലൈറ്റിൽ സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരിക്കുമ്പോഴും പല്ലവിയുടെ ബാഗിൽ ആ മെഡിക്കൽ റിപ്പോർട്ട്‌കളെല്ലാം ഭദ്രമായുണ്ടായിരുന്നു. ഒരിക്കലും ഭേദമാകില്ല എന്ന് മെഡിക്കൽ സയൻസ് ആവർത്തിച്ച ആ രോഗത്തെ വഹിച്ചു കൊണ്ട് വേറെ ഒരു രാജ്യത്തേക്ക് പോകാനുള്ള കാരണവും അതായിരുന്നു.. അരുണിനോടുള്ള സ്നേഹം.. അത് മാത്രം.

“നീ എന്താണ് നോക്കുന്നത്?”

“ഈ പുസ്തകത്തിൽ ഒരു മയിൽ‌പീലി”

അരുൺ പതിയെ അത് ഒന്ന് തൊട്ട് നോക്കി

“അതവിടെ വെച്ചേക്ക്.. അതവളുടെയാണ്… അവളുടെ ഒരേ ഒരോർമ്മ…” അവൻ ഭാവഭേദമൊന്നുമില്ലാതെ പറഞ്ഞു.

“അരുണിന് എങ്ങനെയാണ് ഇതിനു സാധിക്കുന്നത്? ഇത്രയും നിർവികാരമായിട്ട് ?”

“പെണ്ണിന്റെ മനസ്സല്ല ആണിന്റെ…” അവൻ അകലേക്ക്‌ നോക്കി

“എനിക്കൊരു ചായ വേണം” അവൻ കൂട്ടിച്ചേർത്തു.

“ഇപ്പൊ തരാം” അവൾ അടുക്കളയിലേക്ക് പോയപ്പോൾ അവൻ ആ പുസ്തകം പൊടുന്നനെ നെഞ്ചിൽ ചേർത്ത് പിടിച്ചു. ആ കണ്ണുകൾ തുളുമ്പി.

“അറിഞ്ഞില്ല.. എന്നോട് പറഞ്ഞില്ല”

അവൻ പിറുപിറുത്തു

“നിന്നേ എനിക്കിഷ്ടമല്ല…I hate you..ഈ hate you” അവൻ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു കൊണ്ട് കണ്ണീരോടെ ആ മയിൽ‌പീലിയിൽ ചുണ്ടമർത്തി …

“ഒരു വാക്ക്… ഒറ്റ വാക്ക് പറഞ്ഞൂടായിരുന്നോ?” അവനതിനോട് ചോദിച്ചു..

ജാനകിയുടെ കാലൊച്ച കേട്ടപ്പോൾ പുസ്തകം ഷെൽഫിൽ വെച്ച് കണ്ണട മുഖത്ത് ഒന്നുടെ ശരിയാക്കി വെച്ച് അവൻ മുറിയടച്ചു പുറത്തേക്ക് ചെന്നു.

അതേ പെണ്ണിന്റെ മനസ്സല്ല ആണിന്…

കഥ ഇഷ്ടമായെങ്കിൽ ലൈക്ക് ഷെയർ ചെയ്യൂ, അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് മെസേജ് ആയി അയക്കുക… കൂടുതൽ കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന: അമ്മു സന്തോഷ്

Leave a Reply

Your email address will not be published. Required fields are marked *