അന്നും ഒരു ഞായറാഴ്ച ആയിരുന്നു….. പക്ഷേ പതിവ് പോലെ അന്ന് കുളിച്ചുമാറ്റുകയോ ഫോണിനരുകിൽ ചെന്ന് നിൽക്കുകയോ ചെയ്തില്ല…..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

“ഇന്നും വിളിച്ചില്ല അല്ലേ….???” മഠത്തിലെ സിസ്റ്ററത് ചോദിക്കുമ്പോൾ കൺകോണിൽ നനവ് പടർന്നു….. പതിവ് പോലെ വേദനയോടെ ഇല്ലെന്ന് തലയനക്കി…… കൂട്ടുകാരെല്ലാം വലിയ സന്തോഷത്തിലാണ്….. ആഴ്ചയിലെ ഈയൊരു ദിവസത്തിനായാണ് പലരും ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്…..

പക്ഷേ ഈയൊരു ദിവസമാണ് താൻ ഏറ്റവും അധികം വേദനിക്കാറ്….. കരയാതെ മുറി വരെ എങ്ങനെയൊക്കെയോ നടന്നു തീർത്തു….. ഒരുമുറിക്കുള്ളിൽ തന്നെ നാലും അഞ്ചും കട്ടിലുണ്ട്….. ഓരോരുത്തർക്കും ഓരോ കുഞ്ഞ് മേശയും… മരുന്നുകളും മറ്റു സാധനങ്ങളും ഇട്ടുവയ്ക്കാനായിട്ടാണത്….. പ്രയാസപ്പെട്ട് കുനിഞ്ഞ് പിന്നി തുടങ്ങിയ ബാഗിൽ നിന്നും അറതുറന്ന് പഴയൊരു ഫോട്ടോ കയ്യിലേക്ക് എടുത്തുപിടിച്ചു….. അതും മങ്ങി തുടങ്ങിയിരുന്നു….. പതിയെ അതിനു മേലൂടെ വിരലുകൾ ഓടിച്ചു…. കുസൃതിച്ചിരിയോടെ മീശപിരിച്ച് തന്നെയും ചേർത്ത് പിടിച്ചിരിക്കുന്ന കരുത്തുറ്റ പുരുഷനിലേക്ക് പ്രണയത്തോടെ നോക്കി…..

“ആൻസിയെ എനിക്ക് കെട്ടിയാൽ കൊള്ളാമെന്നുണ്ട്….. എന്റെ കൊച്ചുങ്ങൾക്ക് ഒരു അമ്മയെ വേണം എനിക്കൊരു കെട്യോളേം അതിന് ആൻസി തന്നെയാ നല്ലത്….. മദറിന് സമ്മതമാണെങ്കിൽ എനിക്ക് അവളെ കെട്ടിച്ചു തരണം….”

“അപ്പൊ അവൾടെ സമ്മതം വേണ്ടേ സാമിച്ചാ…??” മദർ സുപ്പീരിയർ അയാളെ കൂർപ്പിച്ചുനോക്കി…..

“അവൾക്കെന്നാ ഇഷ്ടക്കേട്….? അവൾക്ക് എന്നേം എന്റെ കൊച്ചുങ്ങളേം ഇഷ്ടാ അല്യോടി കൊച്ചേ….??” അയാളുടെ ഉറച്ച പൗരുഷമാർന്ന ശബ്ദം കേട്ട് തൂണിന് മറവിലേക്ക് നാണത്തോടെ രണ്ട് മിഴികൾ ഓടിയൊളിച്ചു…. അന്ന് തുടങ്ങിയ പ്രണയം…. അയാൾക്കും അയാളുടെ മൂന്ന് കുഞ്ഞുങ്ങൾക്കുമൊപ്പം മുപ്പത്തിയഞ്ചു വർഷങ്ങൾ….. എല്ലാം സുഖമുള്ള സ്നേഹത്തിന്റെ നനുത്ത ഓർമ്മകൾ മാത്രമായിരിക്കുന്നു….

ഒരുവർഷം കടന്നിരിക്കുന്നു വീണ്ടും ഈ അനാഥത്വത്തിലേക്ക് തിരികെ വന്നിട്ട്….. അയാളുടെ മരണശേഷം ‘അച്ഛന്റെ ഭാര്യ’ എന്ന പേര് പോറ്റിവളർത്തിയ മക്കൾ ചാർത്തി തന്നപ്പോഴാണ് ആദ്യമായി ഹൃദയം നിലച്ചത്……

“എടിയേ ഞാൻ ചത്താലും ഡേവിഡും സേവ്യറും നിന്നെ പൊന്നുപോലെ നോക്കിക്കോളും… എന്റെ കൊച്ചുങ്ങൾ ആയതുകൊണ്ട് പറയുവല്ല… നല്ലമക്കളാടി…. പിന്നെ ജോൺ… അവനെ നീ നോക്കണ്ട അവന് അവന്റെ കാര്യങ്ങൾ മാത്രേ ഉള്ളൂ….” മഠത്തിന്റെ തന്നെ വൃദ്ധസദനത്തിനു മുൻപിൽ മുപ്പത്തിയഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും ‘തന്നെ’ അനാഥയാക്കിക്കൊണ്ട് മക്കൾ മൂന്ന് പേരും കയ്യൊഴിഞ്ഞ് ഇട്ടേച്ച് പോകുമ്പോൾ സാമിച്ചൻ അവസാനനാളുകളിൽ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ….

“വിളിക്കണേ മക്കളേ അമ്മച്ചി കാത്തിരിക്കും….. കൊച്ചുമക്കളെ കാണാൻ അമ്മച്ചിക്ക് കൊതി തോന്നും തിരക്കില്ലാത്തപ്പോ അമ്മച്ചിയെ കൊണ്ടുവന്ന് കാണിച്ചുതരണേ…..” ഇഴഞ്ഞുനീങ്ങുന്ന വണ്ടിക്കൊപ്പം നടന്നുകൊണ്ട് ഗ്ലാസ്സിനുള്ളിലൂടെ തലയിട്ട് പറഞ്ഞു…. അവസാനമായി അവരെ കണ്ടതും… അവസാനമായി അവരോട് സംസാരിച്ചതും അന്നായിരുന്നു…… പിന്നെ എല്ലാ ആഴ്ചയിലും ഈ കാത്തിരിപ്പുണ്ട്….. ഡേവിഡോ സേവ്യറോ ജോണോ ആരെങ്കിലും അമ്മച്ചിക്ക് സുഖമാണോ എന്ന് ചോദിച്ച് എപ്പോഴെങ്കിലും വിളിക്കുമെന്ന്……

ആഴ്ചയിലെ ഞായറാഴ്ചകൾ പ്രായാധക്യം കാരണം ഒഴിവാക്കിയ അച്ഛനെയും അമ്മയെയും വന്ന് കാണാനും വിളിക്കാനും മക്കൾക്ക് അനുവാദം നൽകിയിരിക്കുന്ന ദിവസമാണ്….. അന്ന് എല്ലാവരും നേരത്തെ കുളിച്ചൊരുങ്ങും, രാവിലെതൊട്ട് ഫോണിനരുകിൽ വട്ടം കൂടി നില്കും…. ഓരോ തവണ ഫോൺ റിങ് ചെയ്യുമ്പോഴും ഓരോ മുഖവും പ്രതീക്ഷയോടെ തിളങ്ങും….. ചിലരുടെ മക്കൾ സാരിയും കമ്പിളിപ്പുതപ്പും മിഠായികളുമായി കാണാൻ വരും….. കൂടെ നിന്ന് ഫോട്ടോകൾ എടുക്കും…. അപ്പോഴെല്ലാം കൊതിയോടെ നോക്കി നിൽക്കുക മാത്രം ചെയ്യും…. ഓരോ കുഞ്ഞുങ്ങളെയും കാണുമ്പോൾ ഡേവിഡിന്റേയും സേവ്യറിന്റെയും ജോണിന്റെയും മക്കളുടെ കുഞ്ഞുമുഖം മനസിലേക്ക് ഓടിപിടച്ചെത്തും…..

കുഞ്ഞുങ്ങളെല്ലാം വലുതായിട്ടുണ്ടാകും…. താൻ അവിടെ നിന്നും വരുമ്പോൾ സേവ്യറിന്റെ പെണ്ണിന് മൂന്നാമതും വയറ്റിൽ ഉണ്ടായിരുന്നു….. അതൊരു കുഞ്ഞു മാലാഖയായിരിക്കും….. ഓരോന്നോർത്ത്, ഓർമ്മകൾ മാത്രമായി ഓരോ ഞായറാഴ്ചകളും കടന്നുപോകും…… ഇടയ്ക്ക് ഉറക്കത്തിൽ ഡേവിഡും സേവ്യറും ജോണും ഭാര്യമാരെയും കുഞ്ഞുങ്ങളെയും കൂട്ടി ‘അമ്മച്ചീ’ എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ഓടി വരുന്നത് സ്വപ്നം കാണും….. എന്നും ആ ഒരു സ്വപ്നം മാത്രം കാണിച്ചു തരാനവർ കർത്താവിനോട് പ്രാർത്ഥിക്കും…. സ്വപ്നത്തിലെങ്കിലും തന്റെ മക്കളെയും കൊച്ചുമക്കളെയും കാണാനുള്ള മോഹമായിരുന്നു ആ അമ്മയിൽ…..

കിടക്കയിൽ ഇരുന്ന് തല ചുമരിലേക്ക് ചാരിവച്ച് ജനൽവഴി പുറം കാഴ്ചകളിലേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു…. അവിടെ ആരൊക്കെയോ അവരുടെ അമ്മയെയും അച്ഛനെയുമൊക്കെ കാണാൻ വന്നിട്ടുണ്ട്…… അവരുടെയെല്ലാം ചിരികളികൾ നോക്കി നിസ്സംഗതയോടെ ഇരുന്നു…… പ്രതീക്ഷ നഷ്ടപെട്ട ഒരമ്മയുടെ വേദന……. ഏറെനേരത്തിനു ശേഷം പഴക്കം ചെന്ന് കീറിപ്പറിഞ്ഞ ബാഗിൽ എന്തോ ആവേശത്തോടെ പരതി…. കയ്യിൽ കിട്ടിയ കഷ്ണിച്ച കടലാസുമായി മദറിനരുകിലേക്ക് നടന്നു…..

“ഞാൻ… ഞാനൊന്ന് വീട്ടിലേക്ക് വിളിച്ചോട്ടെ…???” ഫോണിനുമേൽ കൈവെച്ച് മോഹത്തോടെ മദറിന്റെ മുഖത്തേക്ക് നോക്കി…….

നമ്പർ ഉണ്ടായിട്ടാണോ ഇതുവരെ വീട്ടിലേക്ക് വിളിക്കാതെ ഇരുന്നത്…..??

“തീരെ പഴയ നമ്പറാ വിളിച്ചാൽ കിട്ടുമോന്ന് അറിയില്ല. മക്കളെ കാണാൻ വല്ലാതെ കൊതി തോന്നുന്നു…..” മദറിന്റെ മറുചോദ്യത്തിന് വേദനയോടെ മറുപടി കൊടുത്തു……. കടലാസിലെ നമ്പർ വിറവലോടെ കുത്തി ഫോൺ ചെവിയിലേക്ക് പിടിക്കുമ്പോൾ ആദ്യം അതൊന്ന് അടിഞ്ഞു കേൾക്കേണമേ എന്ന പ്രാർത്ഥനയായിരുന്നു…. പിന്നെ മറുപുറം ആരെങ്കിലും ആ ഫോണൊന്ന് എടുക്കണമേ എന്നും…….

“ഹലോ….” അപ്പുറത്ത് നിന്നും മക്കളിൽ ഒരുവന്റെ ശബ്ദം കാതിലേക്ക് തുളച്ചുകയറി….. നെഞ്ച് നീറി….. പറയാൻ കരുതിവച്ച വാക്കുകൾ തൊണ്ടക്കുഴിയിൽ കുടുങ്ങി കിടന്നു…… ഇനിയും മിണ്ടാതെ ഇരുന്നാൽ ഫോൺ വച്ചിട്ടുപോകും എന്ന് തോന്നിയതുകൊണ്ടാകാം നാവൊന്ന് ഉയർന്നത്…..

Leave a Reply

Your email address will not be published. Required fields are marked *