ബന്ധുവിന്റെ കല്യാണത്തിനാണ് ഇക്കാടെ വീട്ടുകാർ എന്നെ കണ്ട് ഇഷ്ടപ്പെട്ടു കല്യാണആലോചനയുമായി വന്നത്…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: സിദ്ധിഖ് മർഹബ

ദൃഡനിശ്ചയം

ഒരകന്ന ബന്ധുവിന്റെ കല്യാണത്തിനാണ് ഇക്കാടെ വീട്ടുകാർ എന്നെ കണ്ട് ഇഷ്ടപ്പെട്ടു കല്യാണആലോചനയുമായി വന്നത്. അന്ന് ഞാൻ ബിടെക് നാലാം സെമസ്റ്റർ പഠിക്കുന്നു… രണ്ടുവർഷംകൂടി പഠിപ്പ് ബാക്കിയുണ്ട്.. കൂടാതെ “പെരുമ്പാവൂരിൽ നിന്നൊരു ബന്ധം അതു വേണ്ട…”വാപ്പി പറഞ്ഞു… അറുത്തുമുറിച്ചു ഒരു കാര്യം വേണ്ടാന്ന് പറയണ്ടല്ലോന്ന് ഓർത്താണ് രണ്ടുകൊല്ലത്തെ പഠിത്തം കഴിയാതെ ഒരാലോചനയും ഇല്ലെന്ന് തീർത്തുപറഞ്ഞത്…

രണ്ടല്ല മൂന്നുകൊല്ലമായാലും അവർക്കിത് തന്നെ നടത്തണം വെയിറ്റ് ചെയ്‌തോളാം കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചു വെക്കലോ.. അതൊന്നും പഠിപ്പിന് തടസ്സമാവില്ലല്ലോ… ചെക്കന്റെ വീട്ടുകാർ വിടുന്ന ലക്ഷണമില്ല… അങ്ങനെയാണ് വാപ്പി പലരേയും കൊണ്ട് അന്വേഷിപ്പിച്ചത്.. പയ്യനെയും കുടുംബത്തെയുമൊക്കെ നാട്ടുകാർക്ക് നല്ല മതിപ്പാണ്.. വാപ്പാക്ക് പ്ലൈവുഡ്കമ്പനിയാണ്.ഈ മകനാണ് മേൽനോട്ടം മൂത്ത ഒരു പെങ്ങളുടെ വിവാഹം കഴിഞ്ഞു ഇനി ഇളയ ഒരുപെങ്ങളും ഉണ്ട്.. മൂന്നു മക്കൾ “ഒറ്റമോൻ…നാലുതലമുറക്കുള്ളത് ഉണ്ടാക്കിയിട്ടുണ്ട് വല്യ ആർത്തിയുള്ള കൂട്ടരല്ല…” നാട്ടുകാരുടെ കമന്റ്.ഇവിടെ ഞങ്ങൾ രണ്ടു പെണ്മക്കളാണ് അനിയത്തി എട്ടാംക്ലാസ്സിൽ.. വാപ്പി ഗവണ്മെന്റ് സർവീസ് ജോലിക്കാരനാണ് ഉമ്മി പ്രവറ്റ്സ്കൂൾ ടീച്ചറും… സമ്പാദ്യം എന്നുപറഞ്ഞാൽ ഞങ്ങളെ പഠിപ്പിച്ചു.. സ്കൂൾവിദ്യാഭ്യാസം മാത്രമല്ല മതവിദ്യാഭ്യാസവും.. അടക്കവും ഒതുക്കവും…. ആറുസെന്റ് സ്ഥലവും വീടുമാണ് ഉണ്ടായിരുന്നത് കഴിഞ്ഞവർഷമാണ് ഒരമ്പത് സെന്റ് സ്ഥലം വാങ്ങിയത് അതിൽ നിന്നും കുറച്ചു തേങ്ങയും മാങ്ങയുമൊക്കെ കിട്ടും…അവരുടെ കാലശേഷം ഇത്‌ ഞങ്ങൾ പെണ്മക്കൾക്കുള്ളതാണ്, ഇപ്പൊ പത്തുലക്ഷം രൂപയും അമ്പത് പവനും വാപ്പി ഒപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞു… അവർക്ക് നൂറു സമ്മതം “ഞങ്ങൾക്ക് പൊന്നും പണവുമൊന്നുമല്ല വേണ്ടത് ഇവളെ മതി ഈ മൊഞ്ചത്തിയെ”..തേനൂറുന്ന സംസാരം…

പഠനം കഴിയാൻ കാത്തുനിന്നു വിവാഹം നല്ല രീതിയിൽ ആളുകളെ കൂട്ടിത്തന്നെ നടത്തി..ഒരു കൊല്ലത്തോളം പോക്കും വരവും ആഘോഷവുമൊക്കെയായി അങ്ങനെ പോയി.വിവാഹവാർഷികത്തിന്റെ ഒരാഴ്ച്ചമുൻപ് ഞാൻ ഉമ്മയായി ഒരാളുടെയല്ല ഇരട്ടക്കുട്ടികളുടെ രണ്ടാൺമക്കൾ… പിന്നെ ജീവിതം തിരക്കേറി.. ഇവന്മാരെ ഒന്നു വലുതാക്കിയെടുക്കണ്ടേ…ചെറിയ ചെറിയ പ്രേശ്നങ്ങളൊക്കെ സാധാരണ വീടുകളിൽ ഉള്ളപോലെ ആരോടും പറയാതെ ഉള്ളിലൊതുക്കി… അമ്മായിയമ്മ യഥാർത്ഥ അമ്മായിടെ സ്വഭാവം പുറത്തെടുത്തു തുടങ്ങി തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റങ്ങളും മക്കളെ നോക്കുന്നതിലൊക്കെയുള്ള പോരായ്മകളുമെല്ലാം ഇക്കാനോട് പറഞ്ഞുകൊടുക്കാൻതുടങ്ങി ജോലിത്തിരക്കിനിടയിൽ വരുന്ന ഇക്കാ സത്യമറിയാതെ എന്നോട് വഴക്കിടലും പതിവായി…

കുഞ്ഞുങ്ങളുടെ കാര്യങ്ങൾക്കിടയിൽ മറ്റൊന്നും ഞാൻ ശ്രർദ്ധിച്ചിരുന്നില്ല.. പഴയപോലെ വീട്ടിൽ പോകാനും സമ്മതിക്കാറില്ല.. അവിടെച്ചെന്നാൽ കുട്ടികളെ മര്യാദക്ക് നോക്കില്ല അതാണ് കാരണം പറയുന്നത്… എല്ലാം സഹിച്ചും ക്ഷെമിച്ചും മൂന്നുകൊല്ലം കൂടി കടന്നുപോയി… ഇരട്ടകളായ കൊണ്ട് ഒരാൾക്ക് പനിവന്നാൽ മറ്റേയാൾക്കും വരും… ഒരാൾ കരഞ്ഞാൽ മറ്റവനും കരയും. കരച്ചിലൊഴിഞ്ഞിട്ട് സമയമില്ല. ഇക്ക വീട്ടിലുള്ളപ്പോൾ മാത്രെ അമ്മായിയമ്മ കുട്ടികളെ മൈന്റ് ചെയ്യൂ.. ഇല്ലാത്തപ്പോൾ തിരിഞ്ഞുനോക്കില്ല… ഇക്കാടെ മുൻപിൽ നല്ലപിള്ള ചമയാൻ നല്ല മിടുക്കാണ്… മൂന്നു വയസ്സായി അവന്മാർക്ക്…ഓടാനും ചാടാനും തുടങ്ങി… ഒരാൾ എടുക്കുന്ന സാധനം തന്നെ മറ്റയാൾക്കും വേണം… ഒന്നിനെ സമാധാനിപ്പിച്ചുകഴിയുമ്പോ മറ്റത് തുടങ്ങും … തൊമ്മനാഴിയുമ്പോ ചാണ്ടി മുറുകും എന്ന അവസ്ഥ.. അതിനിടയിൽ വീട്ടിലെ പണികളും നോക്കണം.. അത്യാവശ്യ മുറ്റമടിക്കാനും പാത്രം കഴുകാനും ഒരു സ്ത്രീ വരുന്നുണ്ട് ഒരുമണിക്കൂർ ഒപ്പിച്ചു അവർപോകും…

കഴിഞ്ഞ വർഷം ലോക്ക്ഡൌൺ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങൾ വഷളാവാൻ തുടങ്ങിയത്.. പ്ലൈവുഡ് കമ്പനി പൂട്ടി പണിക്കാരൊക്കെ നാട്ടിൽപോയി വാപ്പായും മോനും ഫുൾ ടൈം വീട്ടിലുണ്ട്..തൽക്കാല വരുമാനം നിലച്ചു.. ബാങ്കിലുള്ളതൊന്നും തൊടില്ല.. എന്റെ വീട്ടിലെ അമ്പത് സെന്റിന്റെ ഷെയർ കിട്ടണം.. അമ്മായിയമ്മയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് മോൻ ആജ്ഞാപിക്കും.. വാപ്പ പോരുന്നത് പോരട്ടെ എന്ന മട്ടിൽ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല…

“ഇപ്പൊ അവിടുന്ന് ഒരു രൂപ കിട്ടില്ല.. നോട്ടടിയൊന്നുമല്ല അവിടെ പണി ” ഞാനും വിട്ടു കൊടുത്തില്ല.. “എന്നാ പട്ടിണികിടക്കേണ്ടിവരും തള്ളേം മക്കളും” “…അമ്മായിയമ്മയാണ് കല്പന “അങ്ങനെ പട്ടിണിയായെങ്കിൽ സഹിക്കാൻ ഞാനും തയ്യാറാ” “പോയി കാശും കൊണ്ടു വാടീ” എന്നായി ഇക്ക… ഇക്കായും കൂടെ ഇങ്ങനെ സംസാരിക്കാൻ തുടങ്ങിയപ്പോ എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല… ഞാൻ പോയി എന്റെ അത്യാവശ്യ ഡ്രസ്സൊക്കെ എടുത്ത് മക്കളേം കൊണ്ട് പോകാൻ റെഡിയായി വീട്ടിലേക്ക് ആക്കിത്തരാൻ പറഞ്ഞു.. “അങ്ങനെ നീയിപ്പോ പുള്ളങ്ങളേം കൊണ്ട് പോവണ്ട തനിച്ചല്ലേ ഇങ്ങോട്ടുവന്നത് പോ പോയി ഞ്ഞം ഞ്ഞം നുള്ള വകയുമായി വാ… മക്കളേ അവർ എടുത്തുപിടിച്ചു… മക്കളില്ലാതെ എങ്ങനെ പോകും?.. ഞാൻ തോറ്റുപോയെന്ന് എനിക്ക് മനസ്സിലായി… എല്ലാ വീട്ടിലെയും അവന്മാരുടെ പണിയിതാണ് ഒരുമ്മയുടെ ദൗർബല്യം മുതലെടുക്കുക… മക്കളെ വിട്ടുകൊടുക്കാതിരിക്കുക..അതു വഴി സകലതും നേടുക.. ഇവരും ആ വഴി കണ്ടെത്തിയിരിക്കുന്നു…എല്ലാം കൈവിട്ട ഞാൻ നേരെ മുറിയിലേക്ക് പോയി കമിഴ്ന്നടിച്ചുകിടന്നു കരഞ്ഞു …കണ്ണുനീർ വീണ് കിടക്ക കുതിർന്നു…

എന്തോ ഒരു പ്രത്യേക വാശി എന്നിൽ വീണ്ടുകിട്ടിയിരുന്നു… കല്യാണം കഴിഞ്ഞതും രണ്ടുമക്കൾ ഉണ്ടായതൊന്നും എന്റെ തെറ്റല്ലല്ലോ… അങ്ങനെ ആ രാത്രിയും കടന്നുപോയി…രാത്രിയിലെ ഇരുട്ടിലുള്ള പരവേശങ്ങൾക്കൊന്നും ഒരു കുറവും വരുത്തില്ല… പിറ്റേദിവസവും പഴേപടി ആവർത്തിക്കാൻ തുടങ്ങി… പണമില്ലാത്തത്കൊണ്ട് പലചരക്കുസാധനങ്ങളൊന്നും വാങ്ങുന്നില്ല… ഒരു ബിസ്‌ക്കറ്റ് പോലും ഇവിടില്ല….വാപ്പായും മോനും വണ്ടിയുമായി പുറത്തുപോയി വാങ്ങിത്തിന്നും.. തലേദിവസത്തെ ചോറ് വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത് അതിലേക്ക് ഇത്തിരി വെളിച്ചെണ്ണയും ഉപ്പും ഇട്ട് മക്കൾക്ക്‌ വാരിക്കൊടുക്കുന്നതിനിടയിൽ ഞാനും കഴിച്ചു… അപ്പോഴാണ് പുറത്തു ഇക്കാടെ ബുള്ളറ്റ് വന്നു നിക്കുന്ന സൗണ്ട് കേട്ടത്..

വണ്ടിയുടെ ശബ്ദം കേട്ട അമ്മായിയമ്മ അകത്തെമുറിയിൽനിന്നും വിളിച്ചു ചോദിച്ചു… “എന്തായി തീരുമാനം വല്ലോം ആയോ ഉള്ള രണ്ടു പറ്റുണ്ടാർന്നത് അകത്താക്കി… ഇനി ഉച്ചക്ക് എന്ത് ഞണ്ണുമോ ആവോ..? ഇതു കേടുവന്ന ഇക്ക എന്നെ ഒന്നു നോക്കി… ആ നോട്ടത്തിൽ നിന്നും എനിക്ക് എല്ലാം മനസ്സിലായി… ഇനിയിവിടെ നിന്നാൽ സംഗതി വഷളാകും….മുറിയിൽ കയറി ഫോണെടുത്തു കാൾ ചെയിതു.. മക്കളുടെ മുഖം കഴുകി, കിട്ടിയ ഡ്രസ്സ്‌ ഉടുപ്പിച്ചു… കരുതിവെച്ച ബാഗും എടുത്തു തോളിൽ തൂക്കി..

“ഞാനിറങ്ങുവാട്ടോ..” “എങ്ങോട്ടാ… “? “പണം വേണ്ടേ… അതുകൊണ്ടുവരാൻ ” “അപ്പൊ കാര്യങ്ങളൊക്കെ അറിയാം.. ല്ലേ “…ഇക്കായാണ് എല്ലാം പറയുന്നത് “പിന്നേ എല്ലാം അറിയാം ഞാനും ചോറു തിന്നു തന്നെയാ വളർന്നത് ” അപ്പോഴേക്കും ഗേറ്റിൽ യൂബർ ടാക്സി ഹോണടിച്ചു… “ഓ… കരുതിക്കൂട്ടിതന്നെയാണല്ലോ… എന്നാ പൊന്നുമോള് പോയിട്ടുവാ… എന്റെ പുള്ളങ്ങള് ഇവിടെ നിന്നോളും ” അയാൾ രണ്ടുപേരെയും അകത്താക്കി വാതിലടച്ചു… ടാക്സി ഹോൺ വീണ്ടും മുഴങ്ങി… പുറമേ മക്കളുടെ കരച്ചിലും.. മനസ്സില്ലയില്ലാ മനസ്സോടെ ടാക്സിയിൽ നേരെ വീട്ടിലേക്ക്… അതും ഒറ്റക്ക്…

“ഉമ്മാ അവൾ പോയി കാശുമായി വരട്ടെ.. ഞാൻ ഇവന്മാരെ ഒന്നു കറക്കീട്ടു വരാം കാറിൽ… രാത്രിയായിട്ടും അവളുടെ ഒരു വിവരവും ഇല്ല.. മക്കൾ കരഞ്ഞു തുടങ്ങി ഉമ്മയും വാപ്പായും മോനും മാറി മാറി എടുത്ത് ഒരു വിധം നേരം വെളുപ്പിച്ചു… ഇന്നലെ വൈകിട്ട് മുതൽ അവളുടെ ഫോണിലേക്ക് വിളിക്കുന്നു… “താങ്കൾ വിളിക്കുന്ന നമ്പർ സ്വിച്ചോഫ് ചെയ്തിരിക്കുന്നു “എന്ന് ആവർത്തിക്കുന്നു…

ആദ്യ കുറച്ചു ദിവസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു മക്കൾ കൂടെയില്ലാഞ്ഞിട്ട്… പിന്നെയത് ശീലമായി.. ഉമ്മ മ രിച്ചുപോയിട്ടും മക്കൾ ജീവിക്കുന്നില്ലേ… അല്ലാഹുവാണല്ലോ എല്ലാം പരിപാലിക്കുന്നവൻ…സ്വയം സമാധാനിച്ചു.. എന്നെകൊണ്ട്പറ്റാവുന്നത്രേം അയാളുടെ മക്കളേ ഞാൻ നോക്കി.. എന്റെ നെഞ്ചിലെ അമൃത് മാത്രമല്ല ചോരയും നീരും വരെ ഞാൻ ചുരത്തിക്കൊടുത്തിട്ടുണ്ട്… എനിക്കിനി അയാളെ വേണ്ട.. അയാളുടെ മക്കളെ കേസുപറഞ്ഞു നേടിയാൽ തന്നെ പറക്കാൻ ചിറകു വെക്കുമ്പോൾ അവർ വന്നുകൊണ്ടുപോകും… എന്തിനാണീ നാടകീയ രംഗങ്ങൾ… അയാളുടെ മക്കളെ അവർ വളർത്തട്ടെ… മനസ്സുറച്ചു തീരുമാനമെടുത്തു… ഡൈവേഴ്‌സിന് നോട്ടീസും അയച്ചു….

അപ്പ്രതീക്ഷിതമായി കിട്ടിയ ഡൈവേഴ്‌സ് നോട്ടീസ് കണ്ട് അവൻ ഞെട്ടി… അപ്പോഴേക്കും ഒരു ഉമ്മയുടെ വില എന്തെന്ന് അവനും ഉമ്മയും വാപ്പായും പഠിച്ചിരുന്നു… ഉമ്മയില്ലാതെ രണ്ടു മാസത്തോളം മക്കളെ നോക്കിയപ്പോൾ മൂന്നുപേരുടെയും കളസം കീ റി… മൂന്നുപേരും പുറത്തുപോയിട്ട് മാസങ്ങളായി… പോകുമ്പോൾ എല്ലാരും ഒന്നിച്ചു പോണം… മക്കളാണെങ്കിൽ പിടിച്ചാൽ കിട്ടില്ല… വാശിയും കരച്ചിലും ഓട്ടവും… പക്ഷേ അവർ ഉമ്മയെ മറന്നു തുടങ്ങിയിരിക്കുന്നു….

ലോക്ക് ഡൌൺന് ഇളവുകൾ വന്നു കമ്പനി തുറക്കണം… ഉമ്മാനേം കൊണ്ട് ഒറ്റക്ക് മക്കളെ നോക്കാൻ പറ്റില്ല… അവൾ വരുന്ന ലക്ഷണമില്ല.. ഡൈവേഴ്‌സ് നോട്ടീസും കിട്ടി.. രണ്ടു ചെറിയ മക്കളുള്ളത് കൊണ്ട് വേറൊരു പെണ്ണുകെട്ടാനും പറ്റില്ല… ഇത്രേം ചെറിയ രണ്ടു പിള്ളേരേം കെട്ടിയോനേം കുടുംബത്തിനേം നോക്കാൻ തറവാട്ടിൽ പിറന്നവരാരും പെണ്ണിനെ കൊടുക്കില്ല…പഴയ ബന്ധം വേർപെടുത്തിയ കാരണങ്ങൾ കൂടി അറിഞ്ഞാൽ അവന് ഇനിയൊരു പെണ്ണ് കിട്ടില്ല… ഒരു ഒത്തു തീർപ്പിനു ശ്രമിക്കുക മാത്രമേ ഇനി മുന്നിലുള്ള വഴിയുള്ളൂ….

പള്ളിക്കമ്മിറ്റിയും അടുത്ത ബന്ധുക്കളുമായും ഒരു സംഘമാളുകൾ വീട്ടിൽ വന്നു… ഒരു പിടിവാശിയും അവർക്കില്ല, ഒരു ഡിമാൻഡും അവർക്കില്ല. എങ്ങിനെയെങ്കിലും അവളെ അങ്ങോട്ടു കൊണ്ടുപോണം… ഒരു മുതലോ പണമോ ഒന്നും വേണ്ട… മകന്റെ മക്കളുടെ ഉമ്മയെ തിരിച്ചുകിട്ടിയാൽ മാത്രം മതി…

“നിങ്ങൾക്ക് ഡിമാൻഡ് ഇല്ലെങ്കിൽ എനിക്കുണ്ട് ഡിമാൻഡ്… ഒരുപാട് ആലോചനകൾക്കു ശേഷമെടുത്ത തീരുമാനമാണ്… ഇതൊരു പെണ്ണിന്റെ ജീവിതമാണ് അതിൽ തൊട്ടുകളിക്കാൻ ആർക്കും അനുവാദമില്ല.. എന്റെ ഭർത്താവിനേം മക്കളേം നോക്കാനുള്ള ബാധ്യത എന്റേതാണ്… അതു ഞാൻ നിറവേറ്റും. പക്ഷേ ഇനി ഞാൻ ആ വീട്ടിലേക്കില്ല.. വേറൊരു വീടോ ഫ്ലാറ്റോ വാങ്ങിച്ചിട്ട് എന്നെ വിളിച്ചോ ഞാൻ വരും… ആണുങ്ങളായാൽ മീശ മാത്രം പോര.. എത്രയോ ആണുങ്ങൾ മീശയില്ലാത്തവരുണ്ട്… അവരൊക്കെ അന്തസ്സായി കുടുമ്പം പോറ്റുന്നുണ്ട്. നട്ടെല്ല് വേണം നട്ടെല്ല്… സ്വന്തം ഭാര്യയെയും മക്കളെയും നോക്കാനും സംരക്ഷിക്കാനും വേണ്ടത് അതാണ്… ഇതുപോലുള്ള കൊറേ അവന്മാരുണ്ട്.. ഒരു അമ്മയുടെ ദൗർബല്യമാണ് മക്കൾ.. എന്നും കരുതി… മക്കളെ ഉണ്ടാക്കി അവളുടെ വീട്ടിൽ വളത്താൻ കൊടുത്തിട്ട് വേറെ പെണ്ണുംകെട്ടി സുഖമായി ജീവിച്ച് .. ഈ മക്കൾ വളർന്നു പറക്കാൻ പ്രായമാകുമ്പോൾ അവകാശോം പറഞ്ഞു വരുന്നവന്മാർ… നിനക്കൊക്കെ മറുപടി ഇതേയുള്ളൂ… മക്കളെ നീതന്നെയങ് വളർത്തിനോക്ക്….അപ്പൊ മനസ്സിലാകും വെഷമം…” പ ല്ലുഞെ രിച്ചുകൊണ്ടവൾ പറഞ്ഞുനിർത്തി…

പള്ളിക്കമ്മിറ്റിക്കാരും ബന്ധുക്കളും ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടിരുന്നു… പുതിയ എഗ്രിമെന്റിൽ ഒപ്പുവച്ചു…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: സിദ്ധിഖ് മർഹബ

Leave a Reply

Your email address will not be published. Required fields are marked *