നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു….

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Arjun KP Cheruvathoor

ശീതൾ നിഖിലിനെ തള്ളിമാറ്റാൻ ശ്രമിക്കുംതോറും അവൻ അവളിലേക്ക് കൂടുതൽ ആക്രൃഷ്ടനാവുകയായിരുന്നു, സർവ്വ ശക്തിയും കൈകളിലേക്ക് ആവാഹിച്ച് അവനെ എതിർക്കാൻ ശ്രമിച്ചതും അവന്റെ ചുണ്ടുകൾ അവളുടെ കാതുകളിലേക്ക് അടുത്തുവന്നു..

നിന്റെ പൂർവ്വ ചരിത്രം അറിഞ്ഞിട്ടും നിന്നെ ഞാൻ കെട്ടാൻ തീരുമാനിച്ചത് നിന്നോടുള്ള ദിവ്യ പ്രേമം കെണ്ടോ.., അമ്മാവനോടുള്ള കടപ്പാടുകൊണ്ടോ ആണെന്ന് നീ കരുതിയിട്ടുണ്ടെങ്കിൽ നിനക്ക് തെറ്റി…

ഈ തറവാടുസ്വത്തും വെണ്ണക്കുടം പോലുള്ള നിന്റെ ശരീരവും കണ്ടിട്ടുതന്നെയാണെടീ കണ്ട നസ്രാണിയോടൊപ്പം ഇറങ്ങിപ്പോവാനൊരുങ്ങിയ നിന്നെ ഞാൻ കെട്ടാമെന്നേറ്റത്, നീയിവിടെക്കിടന്ന് അലറിവിളിച്ചാലും ആരും കേൾക്കാൻ പോകുന്നില്ല..

കേട്ടോടീ പുന്നാരമോളേ….

വാക്കുകൾകൊണ്ട് അവളെ കീഴ്പ്പെടുത്തി ആ എട്ടുകെട്ട് വീടിന്റെ മുകളിലെ വടക്കേ അറ്റത്തെ മുറിവിട്ട് നിഖിൽ പുറത്തിറങ്ങുമ്പോൾ അങ്കം ജയിച്ച ചേകവന്റെ ഭാവമായിരുന്നു അവന്റെ മുഖത്ത്, മുറിക്കകത്ത് ഒരു മൂലയിൽ തലയിണയും പൊത്തിപ്പിടിച്ച് കരയുകയായിരുന്നു ശീതൾ..,

മോളേ…. മോളേ ശീതൂ…. അമ്മയുടെ വിളി കേട്ടില്ലയെന്ന് നടിക്കാൻ ഏറെ ശ്രമിച്ചെങ്കിലും, അമ്മ മുകളിലേക്ക് കയറിവരുമെന്ന ഘട്ടമായപ്പോഴാണവൾ തലയിണയിൽനിന്നും മുഖമുയർത്തിയത്, തലയിണയിൽ ചുണ്ടുപതിഞ്ഞിടത്ത് ചോര പടർന്നിരുന്നു, തലയിണ കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് കണ്ണുതുടച്ച് മുഖത്തൊരു ചിരിയുടെ മുഖംമൂടിയും ഘടിപ്പിച്ചവൾ താഴേക്കിറങ്ങിച്ചെന്നു..,

നീയെന്താ മോളേ മുകളിൽതന്നെയിരിക്കുന്നേ… നിഖിലേട്ടൻ വന്നത് അറിഞ്ഞില്ലേ നീ..

അവളെ മുറിയിൽ പോയി കണ്ടിട്ടാണമ്മായീ ഞാൻ വന്നത്, അവൾ എന്തോ വായനയിലായിരുന്നു, ശല്യം ചെയ്യണ്ടയെന്നുകരുതി ഞാനിങ്ങിറങ്ങി പോന്നു..

വിനയവിനീതനായി അമ്മായിയെ നോക്കി നിഖിലത് പറഞ്ഞ് നിർത്തുമ്പോഴും അവന്റെ മുഖത്ത് ആ വിജയീഭാവം ഉണ്ടായിരുന്നു..

ഞാനറിഞ്ഞില്ലമ്മേ… ഒറ്റവാക്കിലവൾ മറുപടിയൊതുക്കി,, അവനോടുള്ള അടങ്ങാത്ത ദേഷ്യത്തിന്റെ കനൽനാളം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു…

അമ്മായീ… കല്ല്യാണത്തിനുള്ള സ്വർണ്ണവും ഡ്രസ്സുമെല്ലാം എടുക്കാൻ ഈ വരുന്ന തിങ്കളാഴ്ച പോയാലോന്നാ വിജാരിക്ക്യണേ.. അക്കാര്യം പറയാനാ ഞാൻ വന്നത്, അമ്മാവൻ വരുമ്പോൾ പറഞ്ഞാമതി, ഞാനെന്നാൽ ഇറങ്ങുവാ…

ആ ശരി മോനേ അങ്ങനാവട്ടേ…

എടീ ഒരുമ്പെട്ടോളേ… നിനക്കവനോട് മര്യാദക്ക് ഒന്ന് മിണ്ടിയാലെന്താ…. നീയാ സണ്ണിയുമായി അടുപ്പത്തിലാണെന്ന് ഈ നാട്ടിലെ സകലർക്കും അറിയാം.. വീട്ടുകാരും നാട്ടുകാരും എതിർത്തിട്ടും അവനീ കല്ല്യാണത്തിന് സമ്മതിച്ചത് അവന് നിന്റെ അച്ഛനോടുള്ള കടപ്പാടുകൊണ്ടാണ്, അത് നീ മറക്കണ്ട…

അതെങ്ങനാ…. ഉള്ളിലിപ്പളും ആ നസ്രാണിച്ചെക്കൻ തന്നെയാവും അല്ലേ….

ദേ മര്യാദക്ക് ഞങ്ങൾ പറയുന്നതും അനുസരിച്ച് ജീവിച്ചാൽ നിനക്ക് കൊള്ളാം,, അല്ലെങ്കിൽ അച്ഛനും അമ്മയും നിന്റെ കൺമുമ്പിൽ എരിഞ്ഞ് തീരും നോക്കിക്കോ,

അമ്മ അസഭ്യവർഷം കഴിഞ്ഞ് അടുക്കളപ്പുറത്തേക്ക് കടന്നതും ശീതൾ കരഞ്ഞുകൊണ്ട് മുറിയിലേക്കോടി..

കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചവൾ ഡയറിയെടുത്ത് നെഞ്ചോടടുപ്പിച്ച് വച്ചു, ഓരോ ഏടിലും വിരലോടിച്ച് മറിച്ച് ഡയറിയുടെ ഇടയിൽനിന്നൊരു ഫോട്ടോ എടുത്തവൾ തുരുതുരെ ചുംബിച്ചു,

അവൾ പ്രാണനായ് കരുതുന്ന അവളുടെ സണ്ണിച്ചായന്റെ ഫോട്ടോയായിരുന്നു അത്, വളരെ ചെറുപ്പത്തിലേ തുടങ്ങിയ ബന്ധമായിരുന്നു അവരുടേത്,

സ്കൂളിലെ സകലകലാ വല്ലഭനോടുള്ള ആരാധന ചങ്ങാത്തത്തിനും തുടർന്ന് പ്രണയത്തിനും വഴിമാറുകയായിരുന്നു,

നാട്ടിലെ പ്രമുഖമായ വലിയവീട്ടിൽ തറവാട്ടിലെ കൊച്ചുമകളെ ജാതിയുടേയും മതത്തിന്റേയും അതിർവരമ്പുകൾ കടന്ന് സ്വന്തമാക്കാനുള്ള പിൻബലം പണമാണ് എന്ന തിരിച്ചറിവാണ് സണ്ണിയെ സിലോണിലേക്ക് കപ്പൽ കയറാൻ നിർബന്ധിതനാക്കിയത്, അപ്പോഴും ഇരുകരകളിലിരുന്ന് അവർ ഹൃദയങ്ങളെ കത്തുകളുടെ രൂപത്തിൽ ദൂതയക്കുമായിരുന്നു,,

അവൾക്ക് അവസ്സാനമായ് കിട്ടിയ അവന്റെ കത്തിന്റെ അവസ്സാന വരികളിൽ അവൾ കണ്ണോടിച്ചു,

ശീതൂ… ഞാൻ വരുന്നു.. നിന്റെ കാത്തിരിപ്പും പ്രാർത്ഥനകളും ഫലം കാണുകയാണ് ശീതൂ.. എത്രയും പെട്ടന്ന് ഞാൻ എത്തും നിന്നെ സ്വന്തമാക്കാൻ…

ഈ കത്തിന്റെ ബലത്തിലാണവൾ അതീവ്വ രഹസ്യമായിരുന്ന അവരുടെ ബന്ധം വീട്ടിലറിയിച്ചത്, പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പേ അച്ഛന്റെ തഴമ്പിച്ച കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു, പിന്നീടങ്ങോട്ട് തടവറ വാസമായിരുന്നു ശീതളിന്,

തഴമ്പിച്ച കവിളും, കല്ലിച്ച മനസ്സുമായവൾ ആ എട്ടുകെട്ട് വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി, അതിനിടയിൽ അടിച്ചുതളിക്കാരി കാർത്തു വഴി നസ്രാണിച്ചെക്കനുമായുള്ള അവളുടെ അടുപ്പം കാറ്റിനേക്കാൾ വേഗത്തിൽ നാട്ടിൽ പരന്നു, അതോടെ അവളെ മറ്റൊരു വിവാഹം കഴിപ്പിച്ച് അഭിമാനം നിലനിർത്താനുള്ള വീട്ടുകാരുടെ നീക്കവും അവതാളത്തിലായി, വരുന്ന ആലോചനകളെല്ലാം ഈ പേരിൽ ഒഴിഞ്ഞ് പോയ്ക്കൊണ്ടിരിക്കുന്ന സമയത്താണ് നിഖിൽ അമ്മാവനോട് ശീതളിനെ വിവാഹം കഴിക്കാൻ താൽപര്യമറിയിച്ചത്,

ചെറുപ്പം മുതലേ വലിയവീട്ടിൽ നിന്ന് പഠിച്ച് വളർന്ന അവനെ വടക്കേ തൊടി പണയപ്പെടുത്തി പേർഷ്യക്ക് അയച്ചതും ശീതളിന്റെ അച്ഛൻ തന്നെ ആയിരുന്നു.. അവൻ ഇങ്ങനൊരു ആഗ്രഹം പറഞ്ഞത് വീണുകിട്ടിയ നിധിയായ് കണ്ട് അവർ ആ വിവാഹത്തിന് പൂർണ്ണ സമ്മതം അറിയിച്ചു,

എതിർക്കാൻ ശ്രമിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയ ശീതൾ എല്ലാത്തിനും മൗനം പാലിച്ചതിന് പിന്നിൽ സണ്ണി വരുമെന്നുള്ള പൂർണ്ണ വിശ്വാസമായിരുന്നു..

കല്ല്യാണത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് വലിയവീട്ടിൽ തറവാടിന്റെ പടിപ്പുരക്കുള്ളിൽ,

നിലവിളക്കും, താലവുമേന്തിയ പെൺകുട്ടികൾക്കിടയിലൂടെ ശീതൾ മണ്ഡപത്തിലേക്ക് നടന്നുവരികയാണ്, ചുറ്റിലും ചില പെണ്ണുങ്ങൾ അടക്കം പറഞ്ഞ് ഒതുക്കം ചിരിക്കുന്നുണ്ട്, ശീതളിന്റെ കണ്ണുകൾ ചുറ്റിലുമെന്തോ പരതുകയാണ്.. കാതുകൾ എന്തിനോ കൊതിക്കുകയാണ്…

മണ്ഡപത്തിലിരുന്നും അവൾ ചുറ്റിലും പരതുകയായിരുന്നു, ഏതു നിമിഷവും ആൾക്കൂട്ടത്തിനിടയിൽ നിന്നും സണ്ണിയുടെ ചാടിവീഴൽ പ്രതീക്ഷിച്ചാണവൾ ഇരിക്കുന്നത്,

പക്ഷേ സംഭവിച്ചത് അവളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു, നിഖിലിന്റെ താലി അവളുടെ കഴുത്തിൽ വീണിരുന്നു, പ്രതീക്ഷവറ്റിയ മരപ്പാവയെപ്പോലവൾ മണ്ഡപത്തിൽ തളർന്നിരുന്നു..

തന്റെ മനസ്സിന്റേയും ശരീരത്തിന്റേയും അവകാശി നിഖിൽ അല്ല എന്നവൾക്ക് പൂർണ്ണ ബോധ്യമുണ്ടായിരുന്നു, അവൻ കെട്ടിയ താലിയേക്കാൾ തന്റെ കഴുത്തിനലങ്കാരം ഒരു മുഴം കയറിനാണെന്ന് ആ രാത്രിയവൾ തീരുമാനിച്ചുറപ്പിച്ചു,,.

അത്തറും പൂശി മണിയറയുടെ വാതിൽ ത ള്ളിത്തുറന്നുവന്ന നിഖിൽ കണ്ടത് തൂ ങ്ങിയാടുന്ന ശീതളിനെയാണ്..

അവളുടെ പ്രാണനായ ഡയറി മേശപ്പുറത്ത് തുറന്നിരിക്കുന്നുണ്ടായിരുന്നു…

”’ജാ തിയുടേയും മ തത്തിന്റേയും അതിർവ്വരമ്പുകളില്ലാത്ത ആ ലോകത്ത് ഈ ശീതളിന് നിങ്ങൾ വിലക്കിയ നസ്രാണി തന്നെയായിരിക്കും ഇണ…..”’

മനുഷ്യനെ ജാതിയുടേയും മതത്തിന്റേയും വർണ്ണത്തിന്റേയും വേർതിരിവില്ലാതെ മനുഷ്യനായ് കാണുന്ന ഒരു നല്ലൊ നാളേക്കായ്…

ശുഭം….

രചന: Arjun KP Cheruvathoor

Leave a Reply

Your email address will not be published. Required fields are marked *