ഒരു മാഗി ഫാമിലിപാക്കറ്റ് കഥ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: josmin panwar.

“നമുക്കിന്നൊരു സിനിമാ കാണാൻ പോകാം “കാതുക്കളെ വിശ്വസിക്കാനാവാതെ തിരിഞ്ഞു നോക്കിയപ്പോൾ കള്ളച്ചിരിയുമായി അമ്മ.

“കുടുക്ക പൊട്ടിച്ചു ”

ആഹാ അതാണ് കാര്യം… ആറാം ക്‌ളാസിലെ ഓണപ്പരീക്ഷക്കും ക്രിസ്മസ് പരീക്ഷക്കും ക്ലാസ്സിലെ രണ്ടാംസ്ഥാനത്തിനുള്ള വെള്ളിമെഡൽ വാങ്ങിയപ്പോൾ അമ്മ പറഞ്ഞു വെച്ചിരുന്നതാണ് കുടുക്ക പൊട്ടിക്കുമ്പോൾ എന്തെങ്കിലും വാങ്ങി തരാമെന്ന്.. ഏഴാം ക്ലാസ് പഠനം പകുതിയായപ്പോഴാണ് ഇരുപത്തഞ്ചു പൈസേം അമ്പത് പൈസേം കൂട്ടിവെച്ച കുടുക്ക നിറയുന്നത്. അത് പൊട്ടിക്കുമ്പോൾ ഹോട്ടലിൽ നിന്നും പൊറോട്ടയും സാമ്പാറുമോ മസാലദോശയോ കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു… പക്ഷെ ഇത്…😲തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ലോട്ടറി തന്നെ.. തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് അന്നൊക്കെ സ്വപ്നങ്ങളിൽ പോലും ഇല്ലാത്ത കാര്യമാണ്. കുളിച്ചൊരുങ്ങി ഉള്ളതിൽ ഏറ്റവും നല്ല ഉടുപ്പിട്ട് അമ്മയുടെ കൂടെ ഇറങ്ങി.. കവലയിലെ കടയിൽ നിന്നും ചില്ലറമാറി രണ്ട് മൂന്ന് നോട്ടുകൾ അമ്മ പേഴ്സിൽ ഭദ്രമായി വെച്ചു.. തുടങ്ങനാട് നിന്നും പാലാ വരെ ഒരു ബസ് യാത്ര, തിയേറ്ററിൽ ഒരു സിനിമ, ഇത്രയും ദൂരെ പോകുന്നത് കൊണ്ട് ഒരു ചായയും എന്തെങ്കിലും പലഹാരവും വാങ്ങി തരാതിരിക്കില്ല..ഹോ😍…..ഇത്രയും സന്തോഷകരമായ ദിവസങ്ങൾ എന്നുമുണ്ടായിരുന്നെങ്കിൽ……..

അങ്ങനെ പാലാ എത്തി.. രണ്ടുപേരും നടന്നു തിയേറ്ററിൽ ചെന്നു 😁ജയറാമും ശോഭനയും തകർത്തഭിനയിച്ച ചിത്രം ‘സൂപ്പർ മാൻ ‘ കൺകുളിർക്കേ കണ്ടു.. അടുത്ത വീടുകളിലെ tv യിൽ ഞായറാഴ്ചകളിലെ 4മണി സിനിമകൾ മാത്രം കണ്ടിട്ടുള്ള ഞാൻ ബിഗ് സ്ക്രീനിന്റെ മായികലോകത്ത് അന്തം വിട്ട് നിന്നു… അന്നൊക്കെ ഏതെങ്കിലും കഥ വായിച്ചാലോ സിനിമ കണ്ടാലോ പിന്നെ കുറച്ചു നാളേക്ക് അതിലെ നായികയായി സ്വയംമാറുന്ന വളരെ ‘സാധാരണമായ’ അസ്സുഖത്തിനുടമയായിരുന്നു ഞാൻ..😌പതിവ് തെറ്റിക്കാതെ പോലീസ് ഓഫിസറായ ശോഭനയുടെ കഥാപാത്രത്തെ ഉള്ളിൽ ആവാഹിച്ചു കൊണ്ട് സിനിമ കഴിഞ്ഞു ഞാൻ അമ്മയുടെ കൂടെ പുറത്തേക്കിറങ്ങി ബസ് സ്റ്റാന്റിലേക്ക് നടന്നു തുടങ്ങി. മുന്നോട്ട് നടക്കുന്നതിനിടയിൽ അമ്മ പുറകോട്ട് തിരിഞ്ഞു നിന്ന് ‘പോലീസ് ശോഭന’യെ തോണ്ടി വിളിച്ചു “ഡീ ദെങ്ങോട്ട്‌ നോക്കിക്കേ “തിരിഞ്ഞു നോക്കിയപ്പോൾ റോഡ് സൈഡിൽ ഒരു വലിയ കെട്ടിടം.അതിന് മുകളിൽ ഒരു കൂറ്റൻ ബോർഡ് “സൂപ്പർ മാർക്കറ്റ് “ആഹാ… കൊള്ളാം.. ഒരന്തസൊക്കെയുണ്ട്… ‘നമുക്കൊന്ന് കയറി നോക്കിയാലോ ‘എന്ന ചോദ്യത്തിന് ‘പൈസയുണ്ടോ ‘എന്ന എന്റെ മറുചോദ്യമായിരുന്നു ഉത്തരം…..

“നീയൊന്നും വാങ്ങിത്തരാൻ പറയാണ്ടിരുന്നാ മതി.. അവിടെ കയറി എല്ലാമൊന്നു കണ്ടിട്ട് ഇറങ്ങുമ്പോ നമ്മക്ക് ചായ കുടിക്കാം “അല്ലെങ്കിലും വീട്ടിലെ അവസ്ഥഅറിയാവുന്ന കൊണ്ട് ഒന്നിനും വാശിപിടിക്കാറില്ല..പിടിച്ചിട്ട് കാര്യമില്ല അത്ര തന്നെ..എന്തായാലും ഒരു “സൂപ്പർ മാർക്കറ്റ് “ഇതിന് മുൻപ് കണ്ടിട്ടില്ല.. ഇന്നതൊന്ന് കണ്ടു കളയാം.. ഞങ്ങൾ രണ്ടും അങ്ങോട്ട് നടന്നു.

ഹമ്പടാ.. സൂപ്പർ മാർക്കറ്റ് ബഹുകേമം തന്നെ… റാക്കുകളിൽ ഇനം തിരിച്ചു വരിയായി അടുക്കി വെച്ചിരിക്കുന്ന പലതരം സാധനങ്ങൾ.. എല്ലാം അടുത്തു നിന്നും കാണാം, തൊട്ട് നോക്കാം.. അമ്മ ഇടയ്ക്കു എന്തൊക്കെയോ എടുത്ത് വില നോക്കി തിരിച്ച് വെച്ചു. നാട്ടിലെ പലചരക്കു കടയിൽ കാണാത്ത ഒരുപാട് സാധനങ്ങൾ ഉണ്ടെങ്കിലും നേരത്തെ ഡീൽ ഉള്ളത് കൊണ്ട് മനസ്സ് കല്ലാക്കി നടന്നിരുന്ന ഞാൻ പെട്ടെന്ന് നിന്നു.. ഒരു വലിയ റാക്ക് മുഴുവൻ നിരത്തി വെച്ചിരിക്കുന്ന മഞ്ഞപാക്കറ്റ് എന്നെ നോക്കി ചിരിക്കുന്നു…😁😁ഇത് 🤔🤔🤔ഇതതല്ലേ.,..? എന്റെ മനസ് അടുത്ത വീട്ടിലെ tv യിലേക്ക് ഊളിയിട്ടു.ഞായറാഴ്ച സിനിമകൾക്കിടയിൽ കാണിക്കുന്ന കാണിക്കു ന്ന പരസ്യം.,.”മാഗി, മാഗി, മാഗി “എന്ന് പാടിക്കൊണ്ട് സുന്ദരക്കുട്ടപ്പന്മാരായ പിള്ളേർ ആസ്വദിച്ചു കഴിക്കുന്ന സാധനം അല്ലെയിത്..? Tv യിൽ മാത്രം കണ്ടിട്ടുള്ള മാഗി ആദ്യമായി അടുത്തു കണ്ടപ്പോൾ എന്റെ മനസിലെ കല്ല്‌ നിമിഷാർഥത്തിൽ ഉരുകി പോയി.. മാഗിയെ അവഗണിക്കാനാവാതെ, മുന്നോട്ടു നടക്കാനാവാതെ ഞാൻ അവിടെ തന്നെ നിന്നു.. കാര്യം മനസിലായ അമ്മ ആ പാക്കറ്റ് എടുത്ത് നോക്കി മുപ്പത്തിനാല് രൂപ 😒(വില കൃത്യമായി ഇപ്പൊ ഓർക്കുന്നില്ല.)ഫാമിലി പാക്കറ്റ് ആണ്..”നിനക്കിത് ഉണ്ടാക്കാനറിയോ? ഇതിന് വേറെ ഇതൊക്കെ വേണം?ഇത് വാങ്ങിയാ ചായ കുടിക്കാൻ പൈസയുണ്ടാവില്ല..അമ്മ ഒറ്റ ശ്വാസത്തിൽ പറഞ്ഞു..

“എനിക്കറിയാം ഉണ്ടാക്കാൻ.. തക്കാളിയും കാരറ്റും വീട്ടിലുണ്ടല്ലോ കുറച്ചു അത് കൂടി വാങ്ങിയാൽ…..”ഞാൻ പച്ചക്കറി വെച്ചിരിക്കുന്ന ഭാഗത്തേക്ക് കൈ ചൂണ്ടി. “എന്നതാ കൊച്ചേ ക്യാപ്‌സിക്കമാണോ ” എന്ന് ചോദിച്ചുകൊണ്ട് “അവിടുന്ന് ഒരു ചേട്ടൻ ഓടിവന്നു..” ഹെമ്മേ”അത് കേട്ട് ഞങ്ങൾ രണ്ട് പേരും ഞടുങ്ങി….. “ക്യാപ്‌സിക്കം “😐പേര് കേട്ടാൽ തന്നെ അറിയാം ഏതോ വെല്യ പാർട്ടിയാണ് ഞങ്ങടെ പോക്കറ്റ് താങ്ങില്ല.. ഞങ്ങൾ ഒരു പോലെ പറഞ്ഞു “വേണ്ടാ… വേണ്ട “അമ്മ ഒരു പടി കൂട്ടിപറഞ്ഞു… “ഇത് വീട്ടിൽ ഇരിപ്പുണ്ട് 😜””നമുക്ക് പച്ചമുളകിട്ട് അഡ്ജസ്റ്റ് ചെയ്യാം “ഞാൻ മനസ്സ് കൊണ്ട് സന്ദേശം കൈമാറി.ചേട്ടൻ വന്നവഴി തിരിച്ചു പോയി… അടുത്തതായി ഒരു കുട്ടയിൽ വാടി കിടന്ന മല്ലിയിലയിലേക്കായി എന്റെ നോട്ടം.. “ഇതിന് മൂട്ടയുടെ മണമാടി “ഇത്തവണ എനിക്ക് ചെറുതായി ദേഷ്യം വന്നു.. മാഗി ഉണ്ടാക്കിയാൽ ഇടാൻ ചൊമന്ന ബൗളോ കുത്തികഴിക്കാൻ ഫോർക്കോ ഇല്ലാ…😭മല്ലിയില ഇട്ട് “അലങ്കരിക്കുക” കൂടി ചെയ്യാതിരുന്നാൽ……. എന്തൊരു ജീവിതമാണിത് 😐എന്റെ മുഖം കണ്ടിട്ടോ എന്തോ പരീക്ഷണത്തിനു നിൽക്കാതെ അമ്മ രണ്ട് തണ്ട് മല്ലിയില കൂടി എടുത്ത് കയ്യിൽ വെച്ചു.അങ്ങനെ വൃത്തിയായി പൊതിഞ്ഞ മാഗി ഫാമിലി പാക്കറ്റും രണ്ട് തണ്ട് മല്ലിയിലയും ഒരു കവറിലാക്കി സൂപ്പർ മാർക്കറ്റിൽ നിന്നും പുറത്തിറങ്ങുമ്പോൾ പാലാ നഗരത്തിനു മുൻപത്തെകാൾ തിളക്കമുണ്ടെന്നു എനിക്ക് തോന്നി.. പോലീസ് ശോഭന എന്നിൽ നിന്നും ഓടിയൊളിച്ചിരുന്നു.. എതിരെ വരുന്നവരൊക്കെ എന്നെ പോലെ തന്നെ അതീവസന്തുഷ്ടരാണെന്നു തോന്നി.. എങ്ങും മന്ദസ്മിതം തൂകുന്ന മനുഷ്യർ..😍😍

സ്റ്റാൻഡിലെത്തി ബസ് നോക്കി നിൽക്കുമ്പോൾ അമ്മ വീണ്ടും തോണ്ടുന്നു. “നാരങ്ങാവെള്ളം വേണോ “… ശ്ശെടാ സർപ്രൈസുകൾക്ക് അവസാനമില്ലെന്നോ..”ആയിക്കോട്ടെ “ഞാൻ ചിരിച്ചു. എതിരെയുള്ള കടയിൽ കയറി രണ്ട് നാരങ്ങാവെള്ളം പറഞ്ഞു.. അകത്തുള്ള ബഞ്ചുകളിലൊന്നിൽ ഞങ്ങൾ ഇരുന്നു.. സൈഡിലെ അലമാരയിൽ പലഹാരങ്ങൾ ഉണ്ട്.. അതൊക്കെ ഇടയ്ക്കു കഴിക്കാൻ കിട്ടുന്നതാണ് അതിലുമൊക്കെ എത്രയോ വിശേഷപ്പെട്ട ഒന്നാണ് ഇപ്പൊ കയ്യിലുള്ളത് എന്നോർത്തു മനസ്സിൽ ഉയർന്നു വന്ന കൊതി അടക്കി.നാരങ്ങാവെള്ളം വന്നു. നല്ല തണുതണുപ്പൻ 😋മുഴുവനും തീർത്തു ഗ്ലാസ് മേശയിലേക്ക് വെച്ചതും അമ്മ ചാടിയെഴുന്നേറ്റു..”ആണ്ടേ ബസ് വന്നു.”ഞാൻ മുന്നിലോടി. കടയിലെ കാശ് കൊടുത്തു അമ്മ വന്നപ്പോഴേക്കും ഞാൻ കാലിയായ ഒരു സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.. ബസ് മുന്നോട്ട് എടുത്തു. അമ്മ മയക്കത്തിലേക്കും ഞാൻ ദിവാസ്വപ്നത്തിലേക്കും വഴുതി വീണു.

ചൊമന്ന ബൗളുകളിൽ നിന്നും ഫോർക്കിൽ കുത്തിയെടുത്ത് മാഗി കഴിക്കുന്ന കുട്ടികൾക്കിപ്പോ എന്റെ മുഖമാണ്.. വെളുത്ത ഞാഞ്ഞൂലുകളെ പോലെയിരിക്കുന്ന മാഗി നൂഡിൽസിന് എന്ത് രുചിയാണാവോ…കണ്ണടച്ച് ഇതിന് മുൻപ് കഴിച്ചിട്ടുള്ള മുന്തിയ ഭക്ഷണങ്ങളുടെ രുചി ഞാനോർത്തു.ഐസ്ക്രീംമും കേക്കും കഴിച്ചിട്ടുണ്ട്.. ചോക്ലേറ്റിന് മധുരമാണെന്ന് കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇത് അതിലും ഭയങ്കരമായ എന്തോ രുചിയാകും.’ഇന്നലെ വൈകിട്ട് കാപ്പിക്കു മാഗ്ഗി നൂഡിൽസ് ആയിരുന്നു😌 ‘എന്ന് തികച്ചും സാധാരണ സംഭവം പോലെ നാളെ സ്കൂളിലും അയല്പക്കത്തുമുള്ള കൂട്ടുകാരോട് പറയണം. വിശ്വസിക്കാതിരിക്കാൻ വഴിയില്ല.ആരെങ്കിലും ചോദ്യം ചെയ്താൽ തെളിവിനായി ഈ മഞ്ഞ പാക്കറ്റ് ഇന്ന് തന്നെ ബാഗിന്റെ കള്ളിയിൽ സൂക്ഷിച്ചു വെക്കാം… ഹോ… വേഗം വീട്ടിലെത്തിയിരുന്നെങ്കിൽ… തക്കാളിയും കാരറ്റും പച്ചമുളകുമിട്ട് മാഗി വേവിച്ചു വാങ്ങി അവസാനം മല്ലിയിലയിട്ട്…… ങേഹ്… മല്ലിയില..ഇനിയതിന് ശെരിക്കും മൂട്ടയുടെ മണമാണോ..🤔🤔ഒരില എടുത്ത് മണത്ത് നോക്കാം. ഞാൻ അമ്മയെ തോണ്ടി വിളിച്ചു.. “ആ മാഗിയുടെ കൂടിങ്ങു തന്നേക്ക്. ഞാൻ പിടിച്ചോളാം “മയക്കത്തിലായിരുന്ന അമ്മ ഞെട്ടിയുണർന്നു എന്റെ നേരെ കണ്ണ് മിഴിച്ചു..”കൂടോ…. അത് നീയല്ലേ പിടിച്ചത് ”

അമ്മ സീറ്റിനടിയിലും വശത്തും പരതി…എന്നെ നോക്കി ചോദിച്ചു “ചായക്കടേന്നു എടുത്തില്ലേ ” എന്റെ ലോകം നിശ്ചലമായി കഴിഞ്ഞിരുന്നു….ബസിൽ കയറാൻ ഉള്ള വെപ്രാളത്തിനു ഇടയിൽ അമൂല്യമായ മാഗി പാക്കറ്റ് കടയിൽ മറന്ന്പോയെന്നു ഞാൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു..തിരിച്ചു പോയി വരാൻ വണ്ടിക്കൂലി ഉണ്ടാവില്ലെന്ന് ഉറപ്പാണ്.എന്റെ പിഴ…. എന്റെ പിഴ… എന്റെ വലിയ പിഴ….ശബ്ദം പുറത്തേക്കു വരാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

മകളെ സന്തോഷിപ്പിക്കാൻ കാത്ത് കാത്തിരുന്നൊരു ദിവസത്തിന്റെ അവസാനം എന്റെ കണ്ണീർ വീഴുന്നത് കണ്ടോ എന്തോ അമ്മ ചാടിഎണീറ്റ് വിളിച്ചു പറഞ്ഞു. “വണ്ടി നിർത്ത്.. ഞങ്ങൾ സ്റ്റാൻഡിൽ ഒരു സാധനം മറന്നു വെച്ചു.”വണ്ടി നിർത്തി, ഞങ്ങൾ ഇറങ്ങി എതിരെ വന്ന മറ്റൊരു ബസിൽ കയറി സ്റ്റാൻഡിലേക്ക് തിരിച്ചു.ശ്രദ്ധക്കുറവിനെ ശപിച്ചുകൊണ്ട് ഇരുപത്തഞ്ച് പൈസ ലൂർദ്മാതാവിന് നേർന്നു പ്രതീക്ഷയോടെ ഞാനിരുന്നു.

നാരങ്ങാവെള്ളം കുടിച്ച കടയുടെ മുന്നിൽ ചെന്ന് അമ്മ പറഞ്ഞു “ഞങ്ങൾ ഇവിടൊരു പൊതി മറന്ന് വെച്ചു.. അര മണിക്കൂറെ ആയുള്ളൂ.. നിങ്ങൾക്കത് കിട്ടിയോ..” “അയ്യോ ഞങ്ങൾക്ക് ഒന്നും കിട്ടിയില്ലല്ലോ “കടക്കാരൻ കൈ മലർത്തി.. “അയ്നാത്ത് മാഗി നൂഡിൽസായിരുന്ന് “ഇടറിയ ശബ്ദത്തിൽ ഞാൻ വിളിച്ചു പറഞ്ഞു. “നൂഡിൽസ് “കഴിക്കുന്ന ‘അപ്പാവിപരിഷ്കാരിയുടെ ‘മുഖം കണ്ട് കടക്കാരൻ പറഞ്ഞു “എവിടേയാ ഇരുന്നത്.. കേറി നോക്ക് ”

അത് കേട്ടതും ഞാൻ അകത്തേക്കു ഓടി.. ഞങ്ങൾ ഇരുന്ന ബഞ്ച് ശൂന്യമായിരുന്നു.. അത് വരെ ഉണ്ടായിരുന്ന പ്രതീക്ഷകൾ തെറ്റിയ എനിക്ക് ഒരു പോത്തിനെപ്പോലെ “മ്മേ “എന്ന് അലറിക്കരയാൻ തോന്നി..ജീവച്ഛവം പോലെ നിൽക്കുന്ന എന്നെ കണ്ട് അമ്മ പറഞ്ഞു.”സാരമില്ല. പോയത് പോട്ടെ.. ഇനി പൈസയുണ്ടാകുമ്പോ വേറെ വാങ്ങിക്കാം നമുക്ക്..”ബസ്റ്റാന്റിൽ നിന്ന ഓരോരുത്തരുടെയും ബാഗുകളെയും സഞ്ചികളെയുംഞാൻ സംശയത്തോടെ നോക്കി..കൈയിൽ വന്നിട്ട് പോയ ആ അമൂല്യവസ്തു അവരിലാരോ ഒളിപ്പിച്ചിട്ടുണ്ടാകാം.. ദയയില്ലാത്ത മനുഷ്യർ.. ഹാ… ക്രൂരമായ ലോകത്തെ ശപിച്ചു കൊണ്ട് ഞാൻ അമ്മയോടൊപ്പം വീട്ടിലേക്കുള്ള ബസിൽ കയറി. സീറ്റിൽ ചാരിക്കിടന്നു കരച്ചിലടക്കാൻ പാട് പെടുമ്പോൾ “മാഗി, മാഗി, മാഗി,”എന്ന പരസ്യവും നൂഡിൽസ് ആസ്വദിച്ചു കഴിക്കുന്ന കുട്ടികളും മാത്രമായിരുന്നു മനസ്സിൽ…പക്ഷെ അവർക്ക് എന്റെ മുഖമേ അല്ലായിരുന്നു…..😊

(‘മാഗി എഫക്റ്റി’ൽ ഇറങ്ങിപ്പോയ ‘പോലീസ് ശോഭന’ പിറ്റേന്ന് തിരിച്ചു വന്നതോടെ തല്ക്കാലം ഞാൻ മാഗിയെ മറന്നെങ്കിലും പ്രപഞ്ചത്തിലെ പോരാളി മറന്നില്ല. അഞ്ചും പത്തും കൂട്ടുവെച്ചു ഒരു ചെറിയ മാഗി പാക്കറ്റ് വാങ്ങി വെളിച്ചെണ്ണയൊഴിച്ച് കടുകും കാന്താരിമുളകും താളിച്ചു വീട്ടിലെ സകല മസാലയും വാരിയിട്ട് വേവിച്ചു കറിവേപ്പില കൊണ്ട് “അലങ്കരിച്ച “ഓരൊന്നര വെറൈറ്റി 😝മാഗി സ്കൂൾ വിട്ട് വന്നയൊരു വൈകുന്നേരം എന്നെ കാത്തിരുപ്പുണ്ടായിരുന്നു.😁. എന്നാലും വർഷങ്ങളോളം എന്റെ നഷ്ടങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം അലങ്കരിച്ചിരുന്നു ആ” മാഗി നൂഡിൽസ് ഫാമിലി പാക്കറ്റ് “😂) രചന: josmin panwar.

Leave a Reply

Your email address will not be published. Required fields are marked *